രചന : പ്രവീണ സുജിത്ത്
അന്നത്തെ ദിവസം കിട്ടിയ ബുക്സ് ഒക്കെ സ്റ്റോർ റൂമിലേക്ക് എടുത്തു വെക്കുക ആയിരുന്നു വിവേകും മാളവികയും.ഇന്നത്തെ ദിവസത്തെ കുറിച്ച് തന്നെ ആണ് അവർക്കിടയിലും സംസാരം.
'ഓഹ് എങ്ങനെ ആണല്ലേ ആ കുഞ്ഞിനെ ഇങ്ങനെ കൊണ്ട് വന്നു കളയാൻ പറ്റുന്നെ '. വിവേകിനു ഇപ്പോഴും ഞെട്ടൽ മാറിയിട്ടില്ല.
'മ്മ്മ് ആ ടോപ്പിക്ക് മതിടാ, എനിക്ക് എന്തോ പോലെ '. മാളവിക താല്പര്യം ഇല്ലായ്മ പ്രേകടിപ്പിച്ചു.
വിവേക് ഒന്ന് മൂളിക്കൊണ്ട് മുകളിലേക്ക് ബുക്ക് എടുത്തു കൊണ്ട് പോയി. ഇവരെ ശ്രെദ്ധിച്ചുകൊണ്ടിരുന്ന രണ്ട് കണ്ണുകൾ വിവേക് മുകളിലേക്ക് പോകുന്നത് പുഞ്ചിരിയോടെ നോക്കി നിന്നു. ബെഞ്ചിൽ നിന്നും ബുക്ക് എടുത്തു കൊണ്ടിരുന്ന മാളവിക പുറകിൽ അൽപെരുമാറ്റം കണ്ടു തിരിഞ്ഞ് നോക്കി. കൈ രണ്ടും നെഞ്ചിൽ കെട്ടി നവനീത് അവളെ നോക്കി കള്ള ചിരി ചിരിച്ചു. എന്ത് എന്ന് അവൾ പിരികം പൊക്കി ചോദിച്ചതും, അവൻ രണ്ട് കൈകളും അവൾക്ക് ഇരു വശവും ബെഞ്ചിൽ കുത്തി അവളിലേക്ക് നോക്കി തന്നെ നിന്നു.
' ഇങ്ങനെ ഇവിടെ വരുന്ന കുഞ്ഞുങ്ങൾക്ക് പേരിട്ടു ഇരുന്നാൽ മതിയോ നമുക്കും ഒരു കുഞ്ഞു ഒക്കെ വേണ്ടേ പേരിടാൻ'. അവൻ കുറുമ്പോടെ ചോദിച്ചു.
'ഇപ്പൊ തന്നെ വേണോ പേരിടൽ ഞാൻ ബുക്ക് കൊണ്ട് പോയി വെച്ചിട്ട് മതിയോ'.
'നിന്നെ ഇന്നൊന്നു കാണാൻ പോലും കിട്ടില്ലല്ലോ, ആരെങ്കിലും ഒക്കെ എപ്പോഴേലും കൂടെ ഇണ്ടാവും. ഞാൻ വിവേക് മുകളിൽ പോയ ഗ്യാപ് നോക്കി ഇരിക്കുവാരുന്നു '. നവനീത് പരിഭവം പറഞ്ഞു
'അതിനാണോ ഈ അറസ്റ്റ് ചെയ്തിരിക്കുന്നെ'.
മാളവിക നവനീതിനെ കളിയാക്കി ചോദിച്ചു.
അവൻ അവൾക്കരികിലേക്ക് കുറച്ചൂടെ ചേർന്ന് വന്നു.
'ദെയ് സുജാത ചേച്ചി '.മാളവിക പുറകിലേക്ക് നോക്കി പറഞ്ഞു.
പെട്ടെന്നു ഞെട്ടിയ നവനീത് തിരിഞ്ഞ് നോക്കി. ആ തക്കം നോക്കി മാളവിക പൊട്ടിച്ചിരിച്ചുകൊണ്ട് മുകളിലേക്ക് ഓടി.
'നിന്നെ എന്റെ കയ്യിൽ കിട്ടുടി കാന്താരി '. മുകളിലേക്ക് ഓടി പോയ അവളെ നോക്കി നവനീത് പറഞ്ഞു.
*------*-----*----*-------*----------*-------*-----*--------*-----*----*
'എന്റെ കാത്തു തനിക്ക് എന്താ വട്ടായോ, അവൻ കുപ്പിവളയുടെ കാര്യം ചോദിച്ചെന്നത് ശെരിയ അവൻ അത് ശ്രെദ്ധിച്ചോ എന്ന് എനിക്കും അപ്പൊ തോന്നി. ഇപ്പൊ ആരും കുപ്പിവള ഒന്നും ഇട്ട് കാണാറില്ലാത്തോണ്ട് ഞാനും അത് ശ്രെദ്ധിച്ചാരുന്നു. എന്നും വെച്ച് എനിക്കും ആ കൊച്ചിനോട് പ്രേമം ആണെന്ന് നീ പറയോ '. കിടക്കയിൽ അവനരികിൽ വന്നിരുന്ന കാർത്തികയോടായി അനൂപ് പറഞ്ഞു.
'അങ്ങനല്ല അനൂപേട്ടാ അവന്റെ മുഖത്തു ഒരു തെളിച്ചം ഉണ്ടായിരുന്നു ഇന്ന്, കുറെ നാളായി ഇല്ലാത്ത ഒരു തിളക്കം '. കാർത്തിക വിശദീകരിച്ചു.
'ആ ബെസ്റ്റ് ഇത്രേം നാൾ അവൻ വിഷമിച്ചു നടക്കുന്നു എന്ന് പറഞ്ഞാരുന്നു. ഇപ്പൊ ഇതായിരിക്കും '. അവൻ കുറച്ച് കനപ്പിച്ചു പറഞ്ഞു.
ഇനി സംസാരിക്കുന്നത് നല്ലതല്ലെന്നു തോന്നിയ കാർത്തിക ലൈറ്റ് ഓഫ് ആക്കി അവനരികിൽ വന്നു കിടന്നു.പതുക്കെ അവൾ ഉറങ്ങി. പക്ഷേ,അനൂപ് അവൾ പറഞ്ഞത് ആലോചിച്ചു കിടക്കുക ആയിരുന്നു....
*-----------*---------*-------*-------*------*-------*--------*------*----*
'ഇന്നലെ ആശ്രയത്തിൽ ആ കുഞ്ഞിനെ കിട്ടിയ ന്യൂസ് പത്രത്തിൽ ഉണ്ട്'. കാർത്തിക് ആണ് ന്യൂസ് പേപ്പർ എല്ലാരേം കാണിച്ചു നടന്നത്.
'അവർക്ക് ഇൻസ്റ്റാഗ്രാം പേജ് ഉണ്ട്, ഞാൻ നോക്കിയിരുന്നു നമ്മൾ ഇന്നലെ ഗിഫ്റ്റ് കൊടുത്തത് ഒക്കെ പോസ്റ്റ് ചെയ്തിട്ടുണ്ട് നമ്മുടെ ഫോട്ടോ ഒന്നുല്ല '. കാർത്തിക് ഫോൺ എടുത്തു കാണിച്ചു.
'അത് ഇന്നലെ അവർ പറഞ്ഞിരുന്നു'. അനൂപ് ലാഘവത്തോടെ പറഞ്ഞു.
ആരും ഇതൊന്നും അത്ര കാര്യം ആക്കിയെടുത്തില്ലെങ്കിലും ആ ഇൻസ്റ്റാഗ്രാം പേജ് കിഷോറിന്റെ ഫോൺ സെർച്ച് ചെയ്തു കൊണ്ടിരിക്കുകയായിരുന്നു. അത് മൊത്തം ഇരുന്നു പരതാണ്ട് തന്നെ അവൻ അന്വേഷിച്ച ആളെ അവൻ കണ്ടെത്തി.
'മാളവിക മാളു '
അവൻ അറിയാതെ അവന്റെ കണ്ണുകൾ തിളങ്ങുകയും ചുണ്ടിൽ ഒരു ചെറു പുഞ്ചിരി വിരിയുകയും ചെയ്തു.
ഫോൺ നോക്കി ചിരിച്ചു കൊണ്ടിരിക്കുന്ന കിഷോറിൽ തന്നെ ആയിരുന്നു അനൂപിന്റെയും കാർത്തികയുടെയും കണ്ണുകൾ. അനൂപ് പതുക്കെ ഫോൺ എടുത്തു കാർത്തിക്കിന് മെസ്സേജ് അയച്ചു.
'കിച്ചു, ഫോണിൽ എന്താ നോക്കുന്നത് എന്ന് അവൻ അറിയാതെ നോക്കാൻ '
ചാര പണി ചെയ്യാൻ തന്റെ കുഞ്ഞളിയൻ ബെസ്റ്റ് ആണെന്ന് അനൂപിന് അറിയാമായിരുന്നു. അനൂപിന്റെ മെസ്സേജ് വായിച്ചതും കാർത്തിക്ക് തംബ്സ് അപ്പ് കാണിച്ചു പതുക്കെ കിഷോറിനു പുറകിൽ ചെന്ന് ഫോണിൽ എന്താ നോക്കുന്നത് എന്ന് ഫോട്ടോ എടുത്തു. കാർത്തിക്കിന്റെ മുഖത്തും ഞെട്ടൽ ആയിരുന്നു. തന്റെ കിച്ചുവേട്ടൻ തന്നെ ആണോ എന്ന് അവൻ ഒന്നുടെ നോക്കി ഉറപ്പിച്ചു എന്നിട്ട് അനൂപിനും കാർത്തികയ്ക്കും ഫോണിൽ എടുത്ത ഫോട്ടോ കാണിച്ചു.
കാർത്തികയ്ക്ക് കേസ് ജയിച്ച വക്കിലിന്റെ ഭാവം ആയിരുന്നു.
'ഇപ്പൊ എന്തായി, ഞാൻ പറഞ്ഞപ്പോ എന്നെ കടിച്ചു കീറാൻ വന്നു '. അവൾ അനൂപിനോടായി പറഞ്ഞു.
അനൂപിനും കാർത്തിക്കിന്റെ അതെ അവസ്ഥ ആയിരുന്നു.
ഇതൊന്നും അറിയാതെ മാളവികയുടെ ഫോട്ടോയും നോക്കി കൊണ്ട് ഇരിക്കുകയായിരുന്നു കിഷോർ.
(തുടരും......)