ആ സാരീ അങ്ങ് എടുക്ക് പെണ്ണേ, നിന്റെ നിറത്തിന്...

Valappottukal



രചന: മഞ്ജു ജയകൃഷ്ണൻ


"ആ  സാരീ അങ്ങ് എടുക്ക് പെണ്ണേ... നിന്റെ നിറത്തിന് നന്നായി ഇണങ്ങും "


ശാന്തിയേച്ചി  പറഞ്ഞെങ്കിലും  എന്റെ മനസ്സിൽ അതിന്റെ വില ആയിരുന്നു..


മൂവായിരം  രൂപ..


അതിന്  മോൾക്ക്‌  നല്ലൊരു  ചുരിദാർ  കിട്ടും കെട്ടിയവന്   ഒരു ഷർട്ടും...


 അച്ഛൻ മരിച്ചിട്ടു  ആശ്രിത  നിയമനം  വഴി  ആണ് എനിക്ക്  ജോലി കിട്ടുന്നത്..


 ഒരു കൂടപിറപ്പ് ഉണ്ടായിരുന്നത്  കൊണ്ട് അവനു  ആ  ജോലി കിട്ടട്ടെ എന്നോർത്തതായിരുന്നു ..ഗവണ്മെന്റ് ജോലി ആയത്  കൊണ്ട് അവനതിൽ നോട്ടം ഉണ്ടായിരുന്നു എങ്കിലും  അതിലും  കൂടുതൽ ശമ്പളം അവനു  നിലവിൽ  ഉള്ള ജോലിയിൽ കിട്ടുന്നതുകൊണ്ട്  അവൻ  പിന്മാറി..


"നീ  വേണോങ്കിൽ ആ  ജോലി എടുത്തോ?.."


എന്ന്  അവൻ  പറഞ്ഞപ്പോൾ സന്തോഷം വന്നു എങ്കിലും അതിനു പ്രത്യുപകാരം  ആയി അവൻ പൈസ  ചോദിച്ചപ്പോൾ 'വേണോ ' 'വേണ്ടയോ ' എന്ന് ഞാൻ ആലോചിച്ചു 


ജോലി കിട്ടി ഏതെങ്കിലും ചിട്ടി ചേർന്നു അതു  കൊടുക്കാം എന്ന് ഞാൻ കരുതി...


കെട്ട്യോൻ പറഞ്ഞു...


" ആദ്യം ജോലി കിട്ടട്ടെ.. പിന്നെ കൊടുക്കുന്നതും  അല്ലാത്തതും ഒക്കെ നമ്മുടെ ഇഷ്ടം അല്ലേ "


എന്ന് പറഞ്ഞെങ്കിലും കൂടപ്പിറപ്പിനെ  ചതിക്കാൻ  എനിക്ക് മനസ്സ് ഉണ്ടായില്ല


"അവനൊരു  തുക  കൊടുക്കണം..."


ഞാൻ മനസ്സിൽ ഉറപ്പിച്ചു...


.. വലിയ  പഠിപ്പൊന്നും ഇല്ലെങ്കിലും  പ്യൂൺ പോസ്റ്റ്‌ കിട്ടി..പക്ഷെ ആദ്യത്തെ പോസ്റ്റ്‌  ഒരുപാട് ദൂരെ  ആയിരുന്നു.കൊച്ചിന്റെ പഠിത്തവും  കെട്യോന്റെ ജോലിയും എല്ലാം കൊണ്ട്  ഞാൻ തനിച്ചു  ഏതെങ്കിലും ഹോസ്റ്റലിൽ  പോയി നിന്നോളാം എന്ന് പറഞ്ഞു ..


എന്റെ കൈ  എത്താതെ ഒരു കാര്യവും അനങ്ങാത്ത  വീട് ആണ്...ഇവർ  എങ്ങനെ കൈകാര്യം ചെയ്യുമെന്ന് ഞാൻ ഓർത്തു..


സത്യത്തിൽ "ബുദ്ധിമുട്ട് " എനിക്ക് മാത്രം ആയിരുന്നു എന്നതായിരുന്നു സത്യം.. ഏട്ടനും മോളും പെട്ടെന്ന് സാഹചര്യങ്ങളോട് പൊരുത്തപ്പെട്ടു..ഏട്ടന്റെ അമ്മ കൂടി വന്നപ്പോൾ അവരുടെ കാര്യങ്ങൾക്ക് ഒരു കുറവും  ഉണ്ടായും ഇല്ല 


എനിക്ക് ഒരു ചായ  കുടിക്കുമ്പോൾ അവരുടെ ഓർമ്മ വരും.വൈകുന്നേരം മോളു സ്കൂളിൽ  നിന്നും വന്നിട്ടുണ്ടാകുമോ?

 വല്ലതും കഴിച്ചു  കാണുമോ?

അങ്ങനെ നൂറായിരം ചിന്തകൾ ..


രാത്രിയിൽ ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്നു നേരം വെളുപ്പിച്ചു...


രണ്ടുദിവസം അടുപ്പിച്ചു ലീവ് കിട്ടുമ്പോൾ ഞാൻ പെട്ടിയും കിടക്കയും  എടുത്ത് ഇറങ്ങും...


ഇത് സ്ഥിരം ആകിയപ്പോൾ  ഏട്ടൻ അത്  വിലക്കി..


"ഒന്നും മിച്ചം ഉണ്ടാവില്ല...നീ  ഇങ്ങനെ തുടങ്ങിയാൽ "


ഏട്ടന് അല്ലെങ്കിലും എപ്പോഴും  ലാഭക്കണക്ക് മാത്രമേ  ഉള്ളൂ.. സ്ത്രീധനം കുറഞ്ഞു പോയി എന്ന് പറഞ്ഞു വന്ന  നാൾ  മുതൽ തുടങ്ങിയത്  ആണ്..


ഒരിക്കൽ ചോറ്  ഉരുളയാക്കി  വായിൽ  വയ്ക്കാൻ തുടങ്ങുമ്പോൾ ആണ് പണി ഒന്നും ഇല്ലേലും 'ഉരുട്ടി വിഴുങ്ങിക്കോ ' എന്ന് ഏട്ടന്റെ വായിൽ  നിന്നും വരുന്നത്... വീട്ടിലെ പണി  ഒന്നും മിക്ക ഭർത്താക്കന്മാരുടെയും പോലെ ഏട്ടന്റെ കണ്ണിലും ഒന്നും അല്ലായിരുന്നു.


മോളും പറഞ്ഞു  "അമ്മ സാഹചര്യങ്ങൾക്ക് അനുസരിച്ചു പെരുമാറാൻ ".അതൂടെ  ആയപ്പോൾ ഉള്ളിലെ സങ്കടം കടിച്ചമർത്തി ഞാൻ ഹോസ്റ്റലിൽ തന്നെ തുടർന്നു....


ശമ്പളം കിട്ടിയാൽ മാത്രം അടുത്ത ആഴ്ച വീട്ടിൽ എത്തണം..അല്ലെങ്കിൽ കണ്ണു പൊട്ടുന്ന ചീത്തയും  ഓരോ ന്യായങ്ങളും ആണ് 


"കണ്ണിൽ കണ്ടതൊക്കെ വാങ്ങി നീ  എല്ലാം തീർക്കും "


എന്ന് കേൾക്കുമ്പോൾ ഞാൻ ഉള്ളിൽപുച്ഛത്തോടെ ചിരിക്കും 


ധാത്രിയുടെ  ഒരു ഷാംപൂ  പിന്നെ നടുവേദനക്കുള്ള മരുന്ന്..ഇതു  മാത്രം വാങ്ങുന്ന  ഞാൻ ആദ്യമൊക്കെ ഏട്ടൻ പറയുന്ന കേൾക്കുമ്പോൾ  നെഞ്ചു വിങ്ങിയിരുന്നു..പിന്നീടത്  പുച്ഛം ആയി മാറി 


ശമ്പളം കിട്ടിയാൽ ഉടനെ ആ  കാശ് കയ്യിൽ കിട്ടാനുള്ള അടവ് ആണെന്ന് മനസ്സിലാക്കിയതോടെ ഞാൻ ഒന്നും മിണ്ടിയില്ല...


അനിയന് കൊടുക്കാൻ ഉള്ള  പൈസയുടെ കാര്യം പറയുമ്പോൾ  ഏട്ടൻ കടിച്ചു കീറാൻ  വരും..അതോടെ  അവനോടും  ഒന്നും മിണ്ടാതെ ആയി 


സാരീ  ഒക്കെ നരച്ചു  പിഞ്ചി തുടങ്ങിയിരുന്നു...ഒന്നു രണ്ടെണ്ണം പുതിയത് വാങ്ങണം  ഞാൻ ഓർത്തു....


സാരീ  ഒക്കെ സെലക്ട്‌ ചെയ്യാൻ കൂടെയുള്ള ശാന്തേച്ചിയെയും ഞാൻ കൂടെ  കൂട്ടി


ശാന്തിയേച്ചി സ്വന്തമായി വാങ്ങിക്കൂട്ടുന്നതല്ലാതെ  ആർക്കും ഒന്നും വാങ്ങുന്നുമില്ല..


"എന്തൊരു സാധനം..."


ഞാൻ മനസ്സിലോർത്തു....


തുണി  വാങ്ങിയിട്ട്  അത്  കുറച്ചുള്ള തുക ഏട്ടനോട്  പറയാം  എന്ന് ഞാൻ കരുതി..


പക്ഷെ തുണിക്കടയിൽ കേറിയപ്പോൾ സാരിയുടെ  വില കേട്ട് എന്റെ കണ്ണു തള്ളി..


എനിക്ക് മാത്രം എടുക്കാൻ ഒരു മടി...


ഒടുവിൽ ഏട്ടനും മോൾക്കും എടുത്ത് ഞാൻ പൊന്നു..


ശാന്തിയേച്ചി കുറേ വഴക്ക്  പറഞ്ഞു


"അവനവനു  വേണ്ടി ജീവിക്കേടീ  കുറച്ചെങ്കിലും "


ഞാൻ കുറേ അനുഭവിച്ചു  നേരെ ആയതാണ്..


അവരതു  പറഞ്ഞപ്പോൾ എന്റെ ഉള്ളിൽ തട്ടി എങ്കിലും ഞാൻ അതൊന്നും എന്നെ ബാധിക്കുന്നേ ഇല്ല എന്ന രീതിയിൽ നിന്നു....


വീട്ടിലെത്തി  ഉടുപ്പുകളൊക്കെ കൊടുത്തപ്പോൾ 


"നിനക്കൊന്നും  വാങ്ങിയില്ലേ "


എന്ന് പോലും ആരും  ചോദിച്ചില്ല..


പ്രവാസികളുടെ അവസ്ഥ പലരും  പറഞ്ഞു അറിയാം.


പക്ഷെ...


വിദേശത്ത്  പോകാതെ  പ്രവാസിയായ  എന്നെക്കുറിച്ചോർത്തു ഞാൻ സ്വയം ചിരിച്ചു..


ഇടക്കിടക്ക് വരുന്ന നടുവേദന വെറുമൊരു നടുവേദന അല്ലെന്ന് പരിശോധനയിൽ തിരിച്ചറിഞ്ഞു...


കാൻസർ  ആണെന്നറിഞ്ഞു ഞാൻ ബോധം കെട്ടു വീണു..


പാതിമയക്കത്തിൽ  ഞാൻ ചുറ്റും നിന്നവരുടെ  സംസാരം  കെട്ടു ആ  നിമിഷത്തിൽ  മരിച്ചു പോയാലോ എന്നോർത്തു...


അമ്മായിയമ്മ ഏട്ടനോട് പറയുകയാണ്


"ക്യാൻസർ  ആണ്.. രക്ഷപെടില്ല... ചികിത്സ ഒക്കെ കൊണ്ട് കുറച്ചു നാൾ  കൂടി ജീവിക്കും... നോക്കാനും പിടിക്കാനും ആർക്കാ നേരം... കയ്യിലുള്ള കാശ് മൊത്തം തീർന്നും  കിട്ടും.. ഉടനെ അങ്ങ് പോയാൽ  ജോലി നിനക്കോ മോൾക്കോ കിട്ടും "


വേറെ ആശുപത്രിയിൽ കൊണ്ടുപോയിക്കോളാം എന്ന് പറഞ്ഞു എന്നെ ഡിസ്ചാർജ് ചെയ്തു വീട്ടിലേക്ക് കൊണ്ടു പൊന്നു..


"മോള് നന്നായി പ്രാർത്ഥിക്ക് അമ്മ കഷ്ടപ്പെടാതെ  വേഗം പോകാൻ..."


എന്ന് ഏട്ടൻ പറയുമ്പോൾ  എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി...


 ഒന്ന് രക്ഷപ്പെടുമോ എന്ന് പോലും നോക്കാതെ ഞാൻ ചാകാൻ  നോക്കിയിരിക്കുന്ന സ്വന്തം ഭർത്താവിനെ  കണ്ടപ്പോൾ എനിക്ക് കാറിത്തുപ്പാൻ തോന്നി...


എന്റെ മോള്......


അവളെങ്കിലും എന്നെ ഒന്ന് മനസ്സിലാക്കിയിരുന്നു എങ്കിൽ..


അവൾക്ക് വേണ്ടി കൂടിയായിരുന്നല്ലോ  ജീവിതം...


"എനിക്കെന്റെ അമ്മയെ വേണോന്നു " പറയാൻ പാടില്ലേ...


അവളോട്‌ ചോദിക്കാൻ പലവുരു ആലോചിച്ചു എങ്കിലും യാചിച്ചു  സ്നേഹം വാങ്ങിയിട്ട് എന്ത് പ്രയോജനം 


എല്ലാം അറിഞ്ഞു അനിയൻ കാണാൻ  വന്നു... എന്തോ എല്ലാം അവനോട് പറഞ്ഞു  കുറേ കരഞ്ഞു.. ഒന്നും മിണ്ടാതെ അവൻ  ഇറങ്ങിയപ്പോൾ പറയേണ്ട എന്ന് തോന്നി..


"ഈയിടെ  എന്തോ ആരെയും മനസ്സിലാവുന്നില്ല "


പക്ഷെ എന്നെ ഞെട്ടിച്ചു കൊണ്ട് അവൻ  വന്നത് ആംബുലൻസും കൊണ്ടായിരുന്നു...


ഏട്ടന്റെ  കുത്തിനു പിടിച്ചു പറഞ്ഞു..

 "കൂടപ്പിറപ്പാടാ ...അങ്ങനെ ചാകാൻ  വിട്ടു കൊടുക്കില്ല "


എല്ലാം അറിഞ്ഞു  ശാന്തെച്ചിയും എന്റെ അരികിലെത്തി...


അങ്ങനെ ചികിത്സക്കൊടുവിൽ ഞാൻ ക്യാൻസറിനെ തോൽപ്പിച്ചു..


ഏട്ടൻ മനം  മാറി  വന്നെങ്കിലും ഞാൻ  അടുപ്പിച്ചില്ല..മരിക്കാൻ നോക്കിയിരുന്ന ആളോടൊപ്പം  ജീവിക്കാൻ  അത്ര മണ്ടി ആകേണ്ട  എന്ന് തീരുമാനിച്ചു 


അധികം താമസിയാതെ  വിവാഹമോചനത്തിന് അപേക്ഷിച്ചു...കൊടുത്ത സ്ത്രീധനത്തുക ഉൾപ്പെടെ ഞാൻ തിരികെ  മേടിച്ചു 


 Nb: ജീവിതം നമ്മൾ ജീവിക്കേണ്ടത് നമുക്ക് കൂടി ജീവിക്കുന്നവർക്ക് വേണ്ടി ആണ്.. സ്വയം ഉരുകി ഇല്ലാതായിട്ട് ആർക്ക് എന്ത് പ്രയോജനം

To Top