ഇനി ഒരു ജൻമം ഉണ്ടെങ്കിൽ എനിക്ക്‌ നന്ദേട്ടന്റെ ഭാര്യയാവണം...

Valappottukal



ഞാൻ മനസ്സുകൊണ്ട് ഒരു പുരുഷനാണ് സുധീ...

അതെ നിന്റെ പഴയ കളിക്കൂട്ടുകാരി ശ്രീ ബാലയ്ക്ക് ഇത് നിന്നോട് പറയാൻ  നീണ്ട പതിനേഴ് വർഷങ്ങൾ വേണ്ടി വന്നു .

നിന്റെ തോളിൽ കയ്യിട്ട് നടന്നപ്പോഴും,സ്കൂളിലേക്കുള്ള ചെമ്മൺ പാതയിലെ കുണ്ടുകളിൽ നിറഞ്ഞ കലക്ക വെള്ളത്തിലൂടെ ,നിന്നോടൊപ്പം സൈക്കിൾ വേഗത്തിൽ പായിച്ചു ,കുട്ടികളുടെ മേലെ അറിയാത്ത ഭാവത്തിൽ കലക്കവെള്ളം തെറിപ്പിച്ചു കണ്ണിറുക്കി ചിരിച്ചു പോകുമ്പോഴുമെല്ലാം  നിന്നെപ്പോലെ ഒരു ആൺകുട്ടിയുടെ മനസ്സായിരുന്നു എനിക്ക്‌  ...

നമ്മളെ  കണക്ക് പഠിപ്പിച്ചിരുന്ന ചിന്നമ്മ ടീച്ചറിന്റെ ഓലമെടഞ്ഞെ വേലിയുടെ ഓരത്തായി ഒരു പുളിമരം ഉണ്ടായിരുന്നത് നീ ഓർക്കുന്നില്ലേ ? എന്നും തളിരുകൾ ചൂടി നിത്യയൗവനം കാത്തു സൂക്ഷിച്ചിരുന്ന സുന്ദരി....ആ പുളിമരത്തിൽ കയറി എത്ര വട്ടമാണ് നമ്മൾ പുളികൾ പറിച്ചിട്ടുള്ളത് .

നിന്നെക്കാൾ ഒരുപാട് ഉയരത്തിലേക്ക് ഞാൻ കയറിപ്പോകുമ്പോൾ നീ പറയാറുണ്ട് ...

ബാല മതി ...ഇനി മുകളിലേക്ക് പോകണ്ട ...

അത് കേൾക്കാതെ പിന്നെയും ഞാൻ മുകളിലേക്ക് പോകുമ്പോൾ ദേഷ്യത്തിൽ നീ പറയും 
ഇതെന്തൊരു പെണ്ണ്  ....

അതെ പെണ്ണുടലിൽ ആൺമനസ്സുമായി ജീവിച്ച പെണ്ണ് .

എന്റെ മുടിമുറിച്ച ദിവസം നീയെന്നോട് മിണ്ടിയില്ല .
പാന്റും ഷർട്ടും ഇഷ്ടവേഷമായി തിരഞ്ഞെടുത്തപ്പോൾ അതൊട്ടും എനിക്കു ചേരില്ലന്നു നീ കളിയാക്കി .
അപ്പോഴൊക്കെ കാഴ്ചയിലും  ഞാൻ ഒരു ആൺകുട്ടി  ആകാൻ ശ്രമിക്കുകയായിരുന്നു.

പിന്നീട് നമ്മളൊന്നിച്ചുള്ള കലാലയ ജീവിതം .അത് ഓർമ്മയിൽ എന്നും ,നമ്മുടെ പുൽത്തകിടിയിൽ ആകെ ചുവന്നു തുടുത്തു നിൽക്കുന്ന വാകമരം പോലേ സുന്ദരമായിരുന്നു.ആ വാകമരത്തിന്റെ ചെഞ്ചോപ്പു തണലിൽ നിന്നെ ചാരിയിരുന്നു പുസ്തകങ്ങൾ വായിക്കുമ്പോൾ എന്റെ ഏറ്റവും നല്ല സൗഹൃദമായിരുന്നു നീ ...

എനിക്ക് നിന്നോട് പ്രണയമില്ലെന്നു പറഞ്ഞപ്പോഴൊക്കെ, മറ്റെല്ലാവരെപോലെയും നീയും എന്നെ തെറ്റിദ്ധരിച്ചു . ഞാൻ കള്ളം പറയുകയാണെന്ന് നീ സമർത്ഥിച്ചു .
അങ്ങനെയുണ്ടായിരുന്നുവെങ്കിൽ വീട്ടുകാർ കല്യാണം ആലോചിച്ചു തുടങ്ങിയപ്പോൾ നിന്റെ പേരാണ് അവരും ആദ്യമേ പറഞ്ഞത് .അറിഞ്ഞുകൊണ്ട് നിന്നെ വഞ്ചിക്കുവാൻ എനിക്കു കഴിയില്ലായിരുന്നു സുധി . 

കല്യാണം വേണ്ടന്നുള്ള എന്റെ വാശി വീട്ടുകാർ പരാതിയും ഭീഷണിയും  സ്നേഹവും കൊണ്ട് തോൽപ്പിച്ചു .
യഥാർത്ഥത്തിൽ തോറ്റുപോയതു എന്റെ ഭർത്താവ് നന്ദനാണ്.കിടപ്പുമുറിയിലെ മങ്ങിയ  നീല വെളിച്ചത്തിൽ എത്രയോ വട്ടം അദ്ദേഹം അസംതൃപ്ത്തിയോടെ  തിരിഞ്ഞു കിടന്നിരിക്കുന്നു .

 ഇനിയും ഞാൻ പറയുന്നത് നിനക്ക് മനസ്സിലാകുന്നില്ലെങ്കിൽ ഞാൻ  ഒരു കാര്യം  പറയാം. എനിക്ക് എന്നെക്കുറിച്ചു തോന്നിയ സംശയങ്ങളെല്ലാം നീങ്ങിയ   ഒരു നിമിഷമുണ്ട്.
വൃശ്ചികത്തിൽ  പെയ്യ്ത ഒരു വേനൽ മഴയിൽ ....
പനീർ ചാമ്പയുടെ ഉതിർന്നു വീണ കായ്‌കൾ പെറുക്കി 
എന്റെ അടുത്തേക്ക് അവൾ ഓടി വന്നു....

ബാല ഇതു നീ എടുത്തോ ?

എന്റെ കൈകളിൽ പഴുത്ത കായ്കൾ  വെച്ചുകൊണ്ട്  അവൾ പറഞ്ഞു .
അപ്പോൾ അവളുടെ നീണ്ടു വളഞ്ഞ പീലിത്തുമ്പിൽ തുടിച്ചു നിന്ന നീര്മണിയെ ഞാൻ കൗതുകത്തോടെ നോക്കി നിന്നു... 
മഴ നുകർന്ന ആ പെൺകുട്ടിക്ക്  എന്തൊരു ചന്തമായിരുന്നു ...

പനീർചാമ്പക്കയെക്കാൾ തുടുത്തു നിന്ന അവളുടെ വിരളുകളുടെയറ്റം എന്റെ വിരലുകളിൽ മുട്ടിയപ്പോൾ എന്റെ മനസ്സിലെവിടെയോ അവൾ തൊട്ടതു പോലേ .....

നിലാവ് പരന്നൊഴുകുന്നപോലെ എന്റെ ഓർമ്മയിൽ എന്നും അവൾ നിറഞ്ഞു നിന്നിരുന്നു .അന്നൊക്കെ ഞാൻ ഒരു ആൺകുട്ടിയാണെന്ന് എനിക്ക്‌  പൂർണ്ണമായി ബോധ്യമായ നാളുകളായിരുന്നു  .എനിക്ക്‌ ഇതൊന്നും ആരോടും പറയാൻ വയ്യാത്ത അവസ്ഥ.

ശരീരംകൊണ്ട് പെണ്ണും മനസ്സ് കൊണ്ട് ആണുമായി ഞാൻ എന്നോട് തന്നെ യുദ്ധം ചെയ്യുന്നപോലെ.... പരിഹാസത്തിന്റെ വാൾ മുനകൾ ഭയന്ന് ഞാൻ ആരോടും ഒന്നും പറഞ്ഞില്ല.അല്ലെങ്കിൽ തന്നെ ആരെങ്കിലും വിശ്വസിക്കുമോ ?

മറ്റൊരു വാടക വീട് തേടി അവളെയും കൊണ്ട് അമ്മ  പോയപ്പോൾ ,അന്ന് രാത്രി ഉരുണ്ടുകൂടാനാവാതെ  രണ്ടു നീർമണികൾ കണ്ണിൽ  കടലുപോലെ പരന്നൊഴുകി.അവളുടെ പേര് പറയാൻ മറന്നു.
അവൾ മാളവിക .... 

ജീവിതത്തിൽ  ഒരേ ഒരു  തവണയേ ഞാൻ  ഒരു പെണ്ണാണെന്ന് മനസ്സ് പറഞ്ഞത് . 
ഒരു ജീവന്റെ തുടിപ്പ് എന്നിൽ ഉണ്ടായപ്പോൾ. 
പിന്നീട് കടുത്ത മാനസീക സംഘർഷങ്ങളുടെ ദിവസങ്ങളായിരുന്നു.ഒരു ദിവസം ഞാൻ രാവിലെ ഉണർന്നത് ചുവപ്പു വിരിപ്പിലായിരുന്നു.

അന്ന് ഞാൻ ഒരുപാട് കരഞ്ഞു .എന്റെ വിധിയോർത്ത്....

നന്ദനെ   ഓർക്കുമ്പോളാണ് വിഷമം വരിക .എന്തിനാണ്‌ ആ പാവത്തിനെ ഞാൻ ശിക്ഷിച്ചത്.അദ്ദേഹം പൊതുവെ ഒരു ശാന്തശീലനാണ് .അസഹിഷ്ണുതയുടെ ഒരു രാവിൽ അദ്ദേഹം സ്വയം മറന്നു പൊട്ടിത്തെറിച്ചു .അന്ന് ഞാൻ എല്ലാം നന്ദനോട് തുറന്നു പറഞ്ഞു .
അദ്ദേഹം ഏറെ ശാന്തനായി എന്റെ മുടിയിഴയിൽ തഴുകി 
കണ്ണീരുകൊണ്ട് മൂടിയ എന്റെ മുഖം കൈത്തലം  കൊണ്ട് തുടച്ചു. 
കിടപ്പു മുറിയിൽ ഞങ്ങൾക്കിടയിൽ ഞാൻ സൂക്ഷിച്ചിരുന്ന അകലം പിന്നീടൊരിക്കലും  അദ്ദേഹം മറികടന്നില്ല. .പിന്നെ എപ്പോഴോ  ആ വിടവിലൂടെ ആരോ അദ്ദേഹത്തിന്റെ മനസ്സിൽ കടന്നു.  
എനിക്കു വിഷമമില്ല... പകരം ഒരു ആശ്വാസം തോന്നുന്നു. എനിക്കു പകരം ഒരാൾ ....

ഇപ്പോൾ ഞാൻ തീർത്തും സ്വതന്ത്രയാണ്. തിരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്ര്യം എനിക്കുണ്ട്.
ഞാൻ ഇന്നലെ എന്റെ മുടി വെട്ടി ഒതുക്കി. 
എന്റെ ഭർത്താവ് അതിനെക്കുറിച്ച് ഒന്നും പരാതി പറഞ്ഞില്ല .
അവകാശത്തോടെ എന്തെങ്കിലും ഇപ്പോൾ എന്നോട്  പറയുവാൻ അദ്ദേഹത്തിന് ഭയമുള്ളതു പോലേ . 

ഇനിയെങ്കിലും എനിക്കു ഞാനായി ജീവിക്കണം .ഒരു തീർഥാടകന്റെ വേഷമല്ലേ എനിക്കു ചേരുക ?‌ സ്വയം തിരഞ്ഞൊരു യാത്ര .

ഇവിടെ അടുത്ത മുറിയിൽപ്പോലും   ആരാണ് താമസിക്കുന്നതെന്നറിയാതെ  തിങ്ങിക്കൂടി ജീവിക്കുന്നവരുടെയിടയിൽ എന്നെക്കുറിച്ചുള്ള ചോദ്യങ്ങൾ ഉയരാത്തത് നന്ദന് ആശ്വാസമാകും.
ഇനിയും അദ്ദേഹത്തെ വിഷമിപ്പിക്കുവാൻ വയ്യ.

അദ്ദേഹത്തിന്റെ  ഒരു കാവി മുണ്ട് കടമെടുക്കണം. 
പകരം എന്റെ ആഭരണപ്പെട്ടിയുടെ  താക്കോൽ അദ്ദേഹത്തിന്റെ തലയിണയുടെ താഴെ ഞാൻ ഉപേക്ഷിക്കും.

അത് അവൾക്കുള്ളതാണ്  ....എന്റെ കുറവ് അദ്ദേഹത്തിന് പരിഹരിച്ചു കൊടുത്തതിനുള്ള സമ്മാനം.അവളുടെ പേര് എനിക്കറിയില്ല സുധീ  ....വീട്ടുസാധനങ്ങൾ വാങ്ങുവാൻ  പുറത്തു പോയ ഒരു ദിവസം ഞാൻ അവളെ കണ്ടിരുന്നു  നന്ദേട്ടനോടൊപ്പം  ,ഒരു കോഫി ഷോപ്പിൽ, കടുത്ത പച്ച സാരിയിൽ പൂത്ത ഒരു പനിനീർ ചെമ്പകം പോലേ സുന്ദരിയായിരുന്നു അവൾ .

 ഞാൻ മാറി നിന്ന് എത്ര നേരമാണ് അവരെ നോക്കി നിന്നതെന്നറിയാമോ സുധീ ...?ഞാൻ ആ സ്ത്രീയിൽ എന്നെക്കാണാൻ ശ്രമിക്കുകയായിരുന്നു. നന്ദേട്ടന് നന്നായി ചേരും. നന്ദേട്ടനും എന്താണ് ഒരു കുറവ് .നല്ല ജോലി ,ചുറ്റുപാട്, കാഴ്ചയിലും സ്വഭാവത്തിലും പെരുമാറ്റത്തിലും  ആർക്കും ഒരു കുറവും കണ്ടുപിടിക്കാനുണ്ടാവില്ല .ആരും അറിയാത്ത ഒരു കുറവേ അദ്ദേഹത്തിന് ഉണ്ടായിരുന്നുള്ളു ...ഞാൻ...

ഈ നാടകം അവസാനിപ്പിച്ച് ഞാൻ  യാത്ര തുടരുകയാണ്. ആ യാത്രയിൽ എവിടെയെങ്കിലും വെച്ച് മാളവികയെ കാണുമായിരിക്കും ....
വെയിലിന്റെ അഗ്നി നാവുകൾ പൂത്തു നിൽക്കുന്ന 
പാടത്ത് ,വാടിചുവന്ന്  അവൾ പുതു നാമ്പുകൾ നടുകയായിരിക്കും.....
അതുമല്ലെങ്കിൽ  അവളുടെ അമ്മയെപ്പോലെ മീൻകുട്ട  തലയിൽ ചുമന്ന്  ഒരോ വീട്ടുപടിക്കലും  ചെന്ന് നിൽക്കുന്നുണ്ടാകും......
അവൾക്ക് എത്ര വേഷപ്പകർച്ച  വന്നിട്ടുണ്ടെങ്കിലും 
എനിക്കു അവളെ മനസ്സിലാകും. 
എന്നെ തിരിച്ചറിയാൻ സഹായിച്ചവൾ ....
ഞാൻ ഒരു ആൺകുട്ടിയാണെന്ന്  മനസ്സിൽ അടയാളപ്പെടുത്തിയവൾ  ....
അത്രമേൽ ആഴത്തിൽ ഞാൻ അവളെ സ്നേഹിക്കുന്നുണ്ട്....
ഒന്നേയുള്ളു ആഗ്രഹം അവളെ ചേർത്തണച്ചു ഒന്ന് ചുംബിക്കണം ....എന്റെ ഉള്ളിൽ എരിയുന്ന അഗ്നിക്ക് ഒരു ശമനം കിട്ടട്ടെ ...
അല്ലെങ്കിൽ വേണ്ട ....ഓർമ്മയിൽ ആ നെരിപ്പോട് എന്നും അങ്ങനെ കത്തി നിൽക്കട്ടെ ...

ഞാൻ നേരത്തെ തന്നെ ഒരു തീരുമാനം എടുക്കേണ്ടതായിരുന്നു.മറ്റുള്ളവർ  എന്തുവിചാരിക്കും എന്ന്‌ കരുതി ഞാൻ ജീവിക്കുവാൻ മറന്നു പോയി.അങ്ങനെ ഒരു തീരുമാനം എടുത്തിരുന്നെങ്കിൽ നന്ദേട്ടനെക്കുറിച്ചുള്ള കുറ്റബോധം ഒഴിവാക്കാമായിരുന്നു. 

എല്ലാമറിഞ്ഞ്‌ എന്നെ സ്നേഹിക്കാനും ഒരു പെൺകുട്ടിവരുമായിരുന്നില്ലേ ?അതൊരു ചോദ്യമായി തന്നെ നിൽക്കട്ടെ .

ഒരു ആഗ്രഹമുണ്ട് . ....തിരിച്ചു കൊടുക്കാൻ പറ്റാത്ത സ്നേഹം ആ കടം വീട്ടണം . ഇനി ഒരു ജൻമം ഉണ്ടെങ്കിൽ എനിക്ക്‌  നന്ദേട്ടന്റെ ഭാര്യയാവണം .നന്ദേട്ടന്റെ കുട്ടികളുടെ അമ്മയാവണം,ഒരുപാട് ഒരുപാട് സ്നേഹിക്കണം....

മനുഷ്യർ എന്തൊക്കെ നിസാര കാര്യങ്ങൾക്കു വേണ്ടിയാണ് വിഷമിക്കുന്നത് ...പിരിയുന്നത് ...ആകുലപ്പെടുന്നത് ...?

ഒരു പെണ്ണുടലിൽ പെണ്ണായി ഒരു ആണുടലിൽ ആണായി ജനിക്കുവാൻ കഴിയുന്നത് തന്നെ എത്ര ഭാഗ്യം അല്ലെ സുധീ....?ഞാൻ ഇങ്ങനെ ജനിച്ചത് എന്റെ കുറ്റം കൊണ്ടാണോ ? കല്ലുകൾ  ഇല്ലാത്ത ഒരു നാട് 
ഉണ്ടാവുമോ ?ഒരിക്കലെങ്കിലും ഞാൻ  ഒരു പുരുഷനാണെന്ന് എനിക്കൊന്നു  വിളിച്ചു പറയുവാൻ ?എന്നിട്ട് സ്വതന്ത്രമായി  ഒരു തണുത്ത ശ്വാസം എനിക്കുള്ളിലേക്ക് വലിച്ചെടുക്കണം ...എന്നെ അതൊന്നു  തണുപ്പിക്കട്ടെ  ....ഇത്രയും കാലം ഞാൻ ശ്വസിച്ചത് അ-ഗ്നിയാണ് എന്റെ മനസ്സ് ഉരുക്കിയ അഗ്നി ...

സുധിയെ ഞാൻ വഞ്ചിച്ചിട്ടില്ല.എന്റെ കളിക്കൂട്ടുകാരനെ ഞാൻ വഞ്ചിച്ചിട്ടില്ല ....അത് മാത്രമാണ് ആശ്വാസം. ഭാര്യയോടും മക്കളോടുമൊത്ത് സുധി എന്നും സന്തോഷത്തോടെ ആയിരിക്കട്ടെ 

തല്ക്കാലം നിർത്തുന്നു ,വീണ്ടും എന്നെങ്കിലും കാണാമെന്ന പ്രതീക്ഷയോടെ, 
നിന്റെ കളിക്കൂട്ടുകാരി 
ശ്രീ ബാല 

കണ്ണീരുണങ്ങിപ്പിടിച്ച ആ കത്ത് തന്റെ നെഞ്ചോട് ചേർത്തു പിടിച്ച് സുധി ചാരുകസേരയിൽ കണ്ണടച്ച്  കിടന്നു .പിന്നീട് ആരോടെന്നില്ലാതെ അയാൾ പറഞ്ഞു .
പാവം അവൾ ....അല്ല അവൻ ....കാലത്തിന്റെ പൂർണ്ണത എത്താത്ത  കളിപ്പാട്ടങ്ങൾ...!

അത്പറയുമ്പോൾ  ഇത്രയും കാലം ശ്രീ ബാലയോട് തോന്നിയ കടുത്ത വെറുപ്പ് അരിച്ചുമാറ്റിയ ഒരു നീർമണി അയാളുടെ ഇടതു കണ്ണോരം ഒഴുകിയെത്തിയിരുന്നു...


ലൈക്ക് കമന്റ് ചെയ്യണേ...



രചന: നിവിയ റോയ്
To Top