രചന: സജി തൈപ്പറമ്പ് .
ആ ഭ്രാന്തനെ ഞാൻ പലയിടത്തും കണ്ടിട്ടുണ്ട്.
മിക്കപ്പോഴും ബസ്സ്റ്റോപ്പിലെ വെയിറ്റിങ്ങ് ഷെഡ്ഡിൽ അയാൾ ചിന്താമഗ്നനായി ഇരിക്കുന്നത് കാണാം
മുഷിഞ്ഞ് നാറുന്ന വസ്ത്രവും
നീണ്ട് തിങ്ങിയ ജഡപിടിച്ച മുടിയുമുള്ള അയാൾ വെയിറ്റിങ്ങ് ഷെഡ്ഡിലെ ബഞ്ചിൽ ഇരിക്കുമ്പോൾ ഞങ്ങൾ സ്ത്രീകൾക്കും കുട്ടികൾക്കും അയാളുടെ അടുത്ത് നില്ക്കാൻ അറപ്പും ,
ഭയവുമായിരുന്നു.
റോഡിലെ നിർമ്മാണ പ്രവർത്തനവും ട്രാഫിക് ബ്ളോക്കുമൊക്കെ എൻ്റെ ഡ്രൈവിങ്ങിനെ കൂടുതൽ ദുഷ്കരമാക്കിയത് കൊണ്ടാണ് ഞാൻ ബസ്സിൽ ഓഫീസിലേക്ക് പോകാൻ തുടങ്ങിയത്
കഴിഞ്ഞ ദിവസം ഓഫീസിൽ നിന്ന് മടങ്ങുമ്പോൾ അയാൾ നഗരത്തിലെ തിരക്കേറിയ തെരുവിലൂടെ വളരെ വേഗത്തിൽനടന്ന് പോകുന്നത് കണ്ടു
ഇത്രയും കീലോമീറ്ററൊക്കെ അയാൾ നടക്കുന്നുണ്ടല്ലോ എന്ന് ഞാൻ അത്ഭുതപ്പെട്ടു
ഇന്ന് ഹോളിഡേ ആയത് കൊണ്ട് ,രാവിലെ എഴുന്നേറ്റപ്പോൾ ഒരു സോളോ ഡ്രിപ്പ് പോയാലോന്ന് മനസ്സിലൊരു തോന്നൽ
പിന്നെ ഒന്നും ചിന്തിച്ചില്ല ,കുറച്ച് ദിവസമായി യാത്രയൊന്നും പോകാതെ പൊടിപിടിച്ച് പോർച്ചിൽ കിടന്ന ഹോണ്ട ജാസ് കാറിലേയ്ക്ക് ചെറിയൊരു ട്രാവൽ ബാഗുമെടുത്തിട്ട് ഞാൻ യാത്ര പോയി
ഹസ്ബൻ്റ് വിദേശത്തും മകൾ ഹോസ്റ്റലിൽ നിന്നും പഠിക്കുന്നത് കൊണ്ട് മിക്കപ്പോഴും എൻ്റെ യാത്രകളൊക്കെ തനിച്ചായിരുന്നു
വൺഡേ ട്രിപ്പായത് കൊണ്ട് അധികദൂരമൊന്നും പോകാതെ സാധാരണ പോകുന്ന കാഞ്ഞിരപ്പള്ളി നെടുംങ്കണ്ടം റൂട്ടിലൂടെയായിരുന്നു യാത്ര
ഇടയ്ക്ക് കണ്ട ഒന്ന് രണ്ട് വ്യൂ പോയിൻ്റുകളിൽ കാറ് നിർത്തി കുറച്ച് സമയം വിശ്രമിക്കുകയും സെൽഫി എടുക്കുകയുമൊക്കെ ചെയ്തു
ഇടയ്ക്ക് ഒന്ന് രണ്ട് പ്രാവശ്യം സ്ട്രീറ്റ് ഫുഡ് കഴിച്ചത് കൊണ്ട് വിശപ്പൊന്നും തോന്നിയില്ല, നാല് മണിയോടെ കോട വീഴാൻ തുടങ്ങിയപ്പോൾ മൊട്ടക്കുന്നിലെ പുൽത്തകിടിയിൽ ആലസ്യത്തോടെ കിടന്ന ഞാൻ കിടപ്പ് മതിയാക്കി പതിയെ എഴുന്നേറ്റു.
വാഗമണ്ണിലെ തണുപ്പ് തളർത്തിയത് കൊണ്ടാവാം എൻ്റെ ഹോണ്ട ജാസ്സ് ചെറിയ സ്റ്റാർട്ടിങ്ങ് ട്രബിൾ കാണിച്ചു
നാലാമത്തെ പ്രയത്നത്തിൽ വിജയിച്ച ഞാൻ സമയം പാഴാക്കാതെ മലയിറങ്ങാൻ തുടങ്ങി
പകല് മങ്ങിത്തുടങ്ങി, കാഞ്ഞിരപ്പളളിയിലേക്ക് എത്താൻ ഒരു ഷോർട്ട്കട്ടുണ്ട് ,ഞാൻ ഇടയ്ക്ക് അതിലെ പോകാറുണ്ട് ,ഇരുള് വീഴുന്നതിന് മുമ്പ് ഹൈറേഞ്ച് താണ്ടാൻ ഞാൻ കാട്ട് വഴിയെ ആശ്രയിച്ചു
മഹാഗണിയും തേക്കും പെരുമരവുമൊക്കെ ഇടതൂർന്ന് നില്ക്കുന്ന കാട്ട് വഴിയിലൂടെയുള്ള യാത്ര ഒരു പ്രത്യേക ഫീലായിരുന്നു
ഏതാണ്ട് നാലഞ്ച് കിലോമീറ്റർ പിന്നിട്ടപ്പോൾ കാറിൻ്റെ മുൻഭാഗത്ത് നിന്ന് വെടി പൊട്ടുന്ന പോലൊരു ശബ്ദം കേട്ടതും കാറിൻ്റെ നിയന്ത്രണം നഷ്ടപ്പെട്ടു
കുറ്റിക്കാട്ടിലേയ്ക്ക് വഴുതിപോകാനൊരുങ്ങിയ ഹോണ്ട ജാസ്സിനെ എൻ്റെ വരുതിയിലാക്കി ഒരു വിധത്തിൽ ബ്രേക്കിട്ട് നിർത്തി.
ഡോറ് തുറന്ന് വെളിയിലിറങ്ങിയ ഞാൻ കണ്ടത്, മുന്നിലെ വലത് ടയർ വെടി തീർന്നതാണ്
ഈശ്വരാ,, ഇനിയെന്ത് ചെയ്യും?
എനിക്ക് പരിഭ്രാന്തിയായി, മാറ്റിയിടാനുള്ള സ്റ്റെപ്പിനി ഡിക്കിയിലിരിപ്പുണ്ട് ,പക്ഷേ എനിക്ക് എങ്ങനെയാണത് ചെയ്യുന്നതെന്നറിയില്ല
ഏത് നേരത്താണോ ഈ കാട്ട് വഴിയിലൂടെ കയറി വരാൻ തോന്നിയത് ? മെയിൻ റോഡായിരുന്നെങ്കിൽ സഹായിക്കാൻ ആരെങ്കിലുമൊക്കെ വരുമായിരുന്നു
എന്ത് ചെയ്യുമെന്നറിയാതെ ഞാനാകെ വിഷണ്ണയായി നില്ക്കുമ്പോഴാണ് കുറച്ച് ദൂരെ നിന്നും ഒരു ബൈക്കിൽ രണ്ട് യുവാക്കൾ കത്തിച്ച് വരുന്നത് കണ്ടത്
ഞാൻ പെട്ടെന്ന് അവരെ കൈകാണിച്ച് നിർത്തിയിട്ട് എന്നെയൊന്ന് ഹെൽപ് ചെയ്യാമോന്ന് ചോദിച്ചു
ഓഹ് വൈനോട്ട് ?
എന്നും പറഞ്ഞ് അവർ രണ്ട് പേരും ബൈക്കിൽ നിന്ന് ചാടിയിറങ്ങി,
അവരുടെ സംസാരത്തിലെ കുഴച്ചിലും നിലത്തുറയ്ക്കാത്ത കാലുകളും കണ്ടപ്പോഴാണ് രണ്ട് പേരും കുടിച്ചിട്ടുണ്ടെന്ന് എനിക്ക് മനസ്സിലായത്.
ഇത് വയ്യാവേലിയാകുമോ എന്ന് ചിന്തിച്ച് നില്ക്കുമ്പോൾ ഒരുത്തൻ എൻ്റെ തോളിൽ തട്ടിയിട്ട് ഡിക്കി തുറക്കാൻ പറഞ്ഞു
മനസ്സില്ലാ മനസ്സോടെ കാറിൽ നിന്നും കീ ഊരിയെടുത്ത് ഞാൻ ഡിക്കി തുറന്ന് കൊടുത്തു
ചേച്ചീ ഇനി അതീന്ന് സ്പാനറും ജാക്കി ലിവറും എടുത്ത് താ
ഞാൻ ജാക്കിയെടുക്കാനായി ഡിക്കിക്കുള്ളിലേയ്ക്ക് കുനിഞ്ഞതും കൂടെ നിന്നവൻ എൻ്റെ പിന്നിൽ വന്നിട്ട്, രണ്ട് കൈകൾ കൊണ്ടും എൻ്റെ നിതംബത്തിൽ അമർത്തിയൊരു പിടുത്തം
നടുങ്ങിപ്പോയ ഞാൻ ചാടി നിവർന്നിട്ട് അവൻ്റെ കരണക്കുറ്റി നോക്കി ഒന്ന് പൊട്ടിച്ചു
ആങ്ഹാ അത് കൊള്ളാമല്ലോ? വഴിയേ പോയ ഞങ്ങളെ തടഞ്ഞ് സഹായം ചോദിച്ചിട്ട്, നീ ഞങ്ങളെ തല്ലുന്നോ ?എന്നാൽ പിന്നെ നിന്നെയീ കൊടുങ്കാട്ടിൽ വച്ച് റേപ്പ് ചെയ്തിട്ടേ ബാക്കി കാര്യമുള്ളു
തല്ല് കൊണ്ടവൻ എന്നെ കടന്ന് പിടിച്ചപ്പോൾ കൂടെ നിന്നവൻ എൻ്റെ കൈകൾ പുറകിലേയ്ക്ക് പിടിച്ചിട്ട് എൻ്റെ സാരിത്തുമ്പ് കൊണ്ട് കൈ രണ്ടും,ചേർത്ത് കെട്ടി
ഞാൻ സകല ശക്തിയുമെടുത്ത് കുതറി ,പക്ഷേ അരോഗദൃഡഗാത്രരായ
അവരോട് മല്ലിട്ട് ജയിക്കാനാവാതെ എൻ്റെ ശരീരം കുഴഞ്ഞ് പോയി
എല്ലാം തീർന്നു ,എന്നെയവർ പിച്ചിച്ചീന്തുമെന്നുറപ്പായി ,
അവരുടെ കാമാസക്തിക്കൊടുവിൽ ജീവൻ്റെ തുടിപ്പ് മാത്രമുള്ള ചോര പൊടിയുന്ന എൻ്റെ നഗ്നശരീരം ഏതെങ്കിലും കാട്ടരുവിയിൽ അവർ ഉപേക്ഷിക്കും
നാളത്തെ പത്രമാധ്യമങ്ങളിലത് ഹോട്ട് ന്യൂസായി വരുന്നത് എൻ്റെ മകളും ഭർത്താവും ഞെട്ടലോടെ കാണും
എൻ്റെ കണ്ണിൽ ഇരുട്ട് കയറുന്നത് പോലെ തോന്നി ,പൊടുന്നനെ എന്നെ മുറുകെ പിടിച്ചവൻ ആരോ എടുത്തെറിഞ്ഞത് പോലെ ദൂരേയ്ക്ക് തെറിച്ച് പോയി
എൻ്റെ രക്ഷയ്ക്കെത്തിയ ആ പ്രാകൃത വേഷക്കാരനെ കണ്ട് ഞാൻ പകച്ച് നിന്നു, അത് അയാളായിരുന്നു ആ ഭ്രാന്തൻ ,
എന്നെ പിന്നിൽ നിന്ന് പൂട്ടിയ രണ്ടാമൻ്റെ കഴുത്തിൽ പിടിച്ച് ഞെരിച്ചിട്ട് ആ ഭ്രാന്തൻ
പുറംകാല് കൊണ്ട് ഒറ്റതൊഴിക്ക് അവനെ ദൂരേക്ക് വലിച്ചെറിയുന്നത് ആശ്ചര്യത്തോടെ ഞാൻ നോക്കി നിന്നു.
അയാളുടെ കരത്തിൻ്റെ ശക്തി അറിഞ്ഞത് കൊണ്ടാവാം അവര് പിന്നെ ഒരു നിമിഷം പോലും പാഴാക്കാതെ ബൈക്കിൽ കയറി ജീവനും കൊണ്ട് പാഞ്ഞ്പോയി
എന്നെ നോക്കി ഒന്ന് പല്ലിളിച്ചിട്ട് ഒന്നും മിണ്ടാതെ കാറിനരികിലൂടെ നടന്ന് പോയ ആ ഭ്രാന്തൻ, പെട്ടെന്ന് പിടിച്ച് കെട്ടിയത് പോലെ നിന്നു
എന്തോ കണ്ടിട്ടെന്ന പോലെ പൊടുന്നനെ പിന്നിലേയ്ക്ക് നടന്ന് വന്ന അയാൾ ,മുന്നിലെ വെടി തീർന്ന ടയറിൻ്റെയടുത്ത് ചെന്ന് ഉറ്റ് നോക്കിയതിന് ശേഷം ,കാറിൻ്റെ പുറകിലേയ്ക്ക് വന്നു
പിന്നെ എല്ലാം പെട്ടെന്നായിരുന്നു
ഒരു റോബോട്ടിൻ്റെ ചടുലതയോടെ അയാൾ ഡിക്കിയിൽ നിന്നും ജാക്കിയും മറ്റുമെടുത്ത് വെടി തീർന്ന ടയറ് മാറ്റിയിട്ട് മിനിറ്റുകൾ കൊണ്ട് സ്റ്റെപ്പിനിയിട്ടു
പഞ്ചറായ ടയറും ഡിക്കിയിൽ നിന്നെടുത്ത ടൂൾസുകളും തിരികെ വച്ച് ഡിക്കിയടച്ച് താക്കോൽ എൻ്റെ നേരെ നീട്ടുമ്പോൾ അവിശ്വസനീയതയോടെ ഞാൻ അയാളെ നോക്കി നില്ക്കുകയായിരുന്നു
ഇയാൾ സത്യത്തിൽ ഭ്രാന്തനാണോ ?(ഭാന്തുള്ള ഒരാൾക്ക് ഇങ്ങനെ വിവേകത്തോടെ പ്രവർത്തിക്കാനാകുമോ ?
ഒന്ന് നില്ക്കു ,,
തിരിച്ച് നടക്കാൻ ഒരുങ്ങിയ അയാളെ ഞാൻ പിന്നിൽ നിന്ന് വിളിച്ചു
സത്യത്തിൽ നിങ്ങളാരാണ് എന്തിനാണ് നിങ്ങൾ ഇങ്ങനെ ഭ്രാന്തനെപ്പോലെ നടക്കുന്നത്
നിങ്ങളുടെ വീട് എവിടെയാണ്
എത്ര ദൂരത്താണെങ്കിലും ഞാൻ നിങ്ങളെ വീട്ടിലെത്തിക്കാം
ഒരു പക്ഷേ സ്വബോധം നഷ്ടപ്പെട്ട ഏതെങ്കിലും സമയത്ത് വീട് വിട്ടിറങ്ങിയതാണെങ്കിലോ? തിരിച്ച് പോകാനുള്ള ബുദ്ധിമുട്ട് കൊണ്ട് പോകാത്തതാണെങ്കിലോ ?അങ്ങനെ നൂറായിരം സംശയങ്ങളെ മനസ്സിൽ നിന്ന് ഒഴിപ്പിക്കാനായി
ജിജ്ഞാസയോടെ ഞാൻ അയാളോട് ചോദിച്ചു.
പഴയത് പോലെ എന്നെ
നോക്കിയൊന്ന് പല്ലിളിച്ചിട്ട്,
ഷർട്ടിൻ്റെ പോക്കറ്റിൽ നിന്നൊരു ഫോട്ടോ എടുത്ത് അയാൾ എൻ്റെ മുഖത്തിന് നേരെ പിടിച്ചു
സ്കൂൾ യൂണിഫോമിട്ട മിടുക്കിയായ ഒരു പെൺകുട്ടിയുടെ ഫോട്ടോ ആയിരുന്നത്,
പ്ളസ് ടുകാരിയുടെ പ്രായമവൾക്കുണ്ടന്ന് എനിക്ക് തോന്നി,
എൻ്റെ മോളാ ,, രണ്ട് വർഷമായി ഇവള് സ്കൂളിലേയ്ക്ക് പോയിട്ട്,
ഇത് വരെ തിരിച്ച് വന്നിട്ടില്ല ,നിങ്ങളിവളെ കാണുവാണെങ്കിൽ എന്നെയൊന്ന് അറിയിക്കണേ
അത് കേട്ട് ഞാൻ പെട്ടെന്ന് അവളുടെ ഫോട്ടോ എൻ്റെ മൊബൈലിലേയ്ക്ക് ആഡ് ചെയ്തു
ഫോട്ടോ പോക്കറ്റിലിട്ട് കൊണ്ട് അയാൾ പൊടുന്നനെ തിരിഞ്ഞ് ദൂരേയ്ക്ക് നടന്ന് മറഞ്ഞു
പിന്നീട് ഞാൻ വീട് വരെ കാറ് ഡ്രൈവ് ചെയ്തത് അയാളുടെ മകളെ കുറിച്ച് ചിന്തിച്ച് കൊണ്ടാണ്
അയാളെയും ആ മകളെയും കുറിച്ച് കൂടുതലറിയാൻ വേണ്ടി ഞാനവളുടെ ഫോട്ടോ എൻ്റെ ഫ്രണ്ട്സ് ഗ്രൂപ്പിൽ സെൻഡ് ചെയ്തു
അന്ന് വൈകുന്നേരത്തോടെ ഗ്രൂപ്പിലെ എൻ്റെ പോലീലുകാരി കൂടിയായ കൂട്ടുകാരി റിയ, എന്നെ ഫോണിൽ വിളിച്ചു
അവള് പറഞ്ഞ അയാളുടെ ചരിത്രം കേട്ട് ഞാൻ വേദനയോടെ ഇരുന്ന് പോയി.
ഭാര്യ മരിച്ച് പോയ അയാൾക്ക് ആകെ ഉണ്ടായിരുന്നത് പ്ളസ് ടുവിന് പഠിക്കുന്ന ഈ മകളായിരുന്നു
പെയിൻ്റിങ്ങ് തൊഴിലാളിയായ അയാൾ എന്നും സൈക്കിളിലാണ്, തൻ്റെ മകളെ സ്കൂളിലേയ്ക്ക് കൊണ്ട് വിടുന്നതും, തിരിച്ച് വിളിച്ച് കൊണ്ട് പോയിരുന്നതും
ഒരു ദിവസം വൈകുന്നേരം മകളെ വിളിക്കാൻ സ്കൂളിലേയ്ക്ക് ചെന്നപ്പോഴാണ് അവളെ കാണാനില്ലെന്ന് അയാളറിയുന്നത്
തകർന്ന് പോയ അയാൾ പോലീസിൽ പരാതി നല്കി
അതിൻ്റെ പിറ്റേ ദിവസം മകളെ കാമുകനോടൊപ്പം കണ്ടെത്തിയ പോലീസ് ,അയാളെ സ്‌റ്റേഷനിലേയ്ക്ക് വിളിപ്പിച്ചു
പക്ഷേ,മകൾക്ക് കാമുകനോടൊപ്പം പോയാൽ മതിയെന്നറിഞ്ഞ ആ മനുഷ്യൻ ഒന്നും മിണ്ടാതെ സ്റ്റേഷനിൽ നിന്നിറങ്ങിപ്പോവുകയായിരുന്നു
പിന്നീട് അയാൾ സ്വന്തം
വീട്ടിലേയ്ക്ക് പോയിട്ടില്ല
തെരുവിൽ തന്നെ അലഞ്ഞ് തിരിഞ്ഞ് നടന്നു, ആരോടും മിണ്ടാതെയായി ,കുളിക്കാനും വസ്ത്രങ്ങൾ മാറിയുടുക്കാനും മറന്നു ,പക്ഷേ ഒന്ന് മാത്രം അയാൾക്ക് മറക്കാൻ കഴിഞ്ഞില്ല
തൻ്റെ മകളെ
അവൾ തിരികെയെത്തുമെന്ന പ്രതീക്ഷയിലാണ് എല്ലാ ദിവസവും സ്കൂളിനടുത്തുള്ള വെയിറ്റിങ്ങ് ഷെഡ്ഡിൽ അയാൾ കാത്തിരിക്കുന്നത് ,
സ്വാർത്ഥമതിയായ ആ മകൾക്കറിയില്ലല്ലോ,
അമ്മയായും അച്ഛനായും സുഹൃത്തായും ആ അച്ഛൻ പകർന്നാടിയ വേഷങ്ങൾക്ക് പകരമാവാൻ ഒരു കാമുകനും കഴിയില്ലന്ന് .