എനിക്കൊരാൾ വേണം ഒരിക്കലും പ്രണയമാവില്ല എന്നുറപ്പുള്ളൊരാൾ എനിക്ക്...

Valappottukal


രചന: സമർ


🌹ജലരേഖകൾ🌹


"ഈ രാത്രി കൂടി എങ്ങനെ കടന്നുപോകുമെന്ന് എനിക്ക് അറിയില്ല ഓരോ നിമിഷവും യുഗങ്ങൾ പൊലെ തോന്നുന്നുണ്ട്..


എത്ര ദിവസമായിന്നറിയോ..?

ഉറങ്ങിയിട്ട്, ഭക്ഷണം കഴിച്ചിട്ട് 

എനിക്ക് അവനില്ലാതെ പറ്റുന്നില്ലെടാ.."


അവനിപ്പോൾ അവളെ വിളിച്ചോണ്ടിരിക്കുകയാവും..

ഒരാഴ്ച മുന്നേ മരണം വരെ കൂടെയുണ്ടാവും എന്ന് അമ്മയെ തൊട്ട് സത്യം ചെയ്തവനാണ് എന്നിട്ട്...


"നീ വെറുതെ ഓരോന്ന് ഊഹിച്ച് വിഷമിക്കാതെ, അങ്ങനൊന്നും ഉണ്ടാവില്ല"


ഞാൻ ഓരോന്ന് പറഞ്ഞ് അവളെ അശ്വസിപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു.

 

"എനിക്ക് സഹിക്കാൻ പറ്റുന്നില്ല

അവനല്ലേ എന്നെ ഇതിലേക്ക് വലിച്ചിട്ടത് എത്ര പറഞ്ഞതാ എനിക്ക് ഈ പ്രണയം പറ്റില്ലെന്ന് എന്നിട്ടും പറഞ്ഞ് പറഞ്ഞ്.. മനസ്സ് മാറ്റിയെടുത്ത്,, ഇപ്പോ ഞാൻ അവന്റെ സ്വന്തമാണ്, എവിടെയും പോകില്ല, കാൽക്കീഴിൽ കിടക്കും എന്ന് മനസിലാക്കിയപ്പോൾ ഞാൻ കൊള്ളാത്തവളായി, മോശം പെണ്ണാണ് എന്ന് "


കരയുന്നതിന്റെ ഇടവേളകളിൽ അവൾ പറഞ്ഞുകൊണ്ടിരുന്നു..


സ്വന്തമാക്കുമ്പോൾ തീർന്നുപോകുന്നതാണ് പ്രണയം എന്ന് ആരോ എഴുതിയത് ഞാൻ ഓർത്തു..


അല്ലെങ്കിലും രണ്ടുപേർ പ്രണയിക്കുമ്പോൾ അതിനിടയിലേക്ക് മൂന്നാമതൊരാളുടെ ഇഷ്ടം കടന്നെത്തുമ്പോൾ അവിടെ പ്രണയത്തിന്റെ തകർച്ച ആരംഭിക്കും. 


ഒരാഴ്ച മുന്നേ കണ്ടിരുന്ന ഉത്സാഹമുള്ള ചിരിക്കുന്ന എല്ലാരേയും ഉപദേശിച്ച് നേർവഴിക്ക് നടത്തുന്ന അവളുടെ വീഴ്ച എന്നെ ഞെട്ടിച്ചു.


ഒരിക്കലും ഒരു പ്രണയബന്ധത്തിൽ അവളെത്തില്ല എന്ന് എന്നോ ഓർത്തിരുന്നു.


അല്ലെങ്കിലും പ്രണയം അങ്ങനെയാണ് ആർക്കും ആരോടും എപ്പോഴും തോന്നാം.

 

എത്ര കണിശതയോട് കൂടിയാണ് പ്രണയിക്കുന്നവർ തനിക്ക് ഒരിക്കലും ചേരാത്ത ഒരാളെ തന്നെ കൃത്യമായി തിരഞ്ഞു പിടിക്കുന്നത് അവർക്കൊപ്പം പ്രണയത്തിൻ സ്വപ്നങ്ങൾ നെയ്യുന്നത്


പിന്നെ അവർ വേദനിപ്പിച്ചാലും എന്ത് തെറ്റ് ചെയ്താലും കുഴപ്പമില്ല സ്നേഹിക്കുന്നുണ്ടല്ലോ എന്ന് തോന്നുന്നത്..


വഴക്കുകളും പിണക്കങ്ങളും കൂടി മടുത്ത് അവർ ഇറങ്ങിപ്പോകുമ്പോൾ ഹൃദയം കൊണ്ട് സ്നേഹിച്ച 

ഒരാൾ മാത്രം തകരുന്നു 

എത്ര അശ്വസിപ്പിച്ചാലും അതിന്റെ മുറിവുകൾ പിന്നെ മായില്ല. ഭൂമിയിലെ ഒരു സ്നേഹത്തിനും ആ മുറിവിന്റെ മരുന്നാകുവാനും പറ്റില്ല.


കരച്ചിലിനിടയിൽ അവൾ തുടർന്നു


"ഞാൻ മരിക്കും മുന്നേ വീടിന്റെ വിലാസം ഞാൻ അയച്ചുതരാം

നീ എന്നെ കാണാൻ വരണം


എന്റെ ചുറ്റിലും നിലവിളി ഉയരുന്നുണ്ടാവും.. നീ ഒന്നും ശ്രദ്ധിക്കരുത്,,


ആരാണെന്ന് അവർ ചോദിക്കും വേണ്ടപ്പെട്ടൊരാൾ എന്ന് മാത്രം പറയണം


എന്റെ മുറിയിലേക്ക് 

നീ വരണം അലമാരയുടെ അടിയിലായി എന്റെ ഡയറിയും ഫോണും സൂക്ഷിച്ചിട്ടുണ്ടാവും.


എന്റെ എല്ലാ രഹസ്യങ്ങളും എഴുത്തുകളും അതിലുണ്ടാകും 

നീയത് ആരുമറിയാതെ എടുക്കണം


ഫോൺ ഫേസ് ലോക്ക് ആണ് പിൻ നമ്പർ ഡയറിയുടെ താളുകളിൽ നിനക്ക് കിട്ടും ..


ഒക്കെയും നിന്നെ ഏൽപ്പിക്കുന്നു.

നിന്റെ ഇഷ്ടത്തിനനുസരിച്ച് ചെയ്തോ.


എത്ര നേരം അവളുടെ കരച്ചിലുകൾക്ക് കൂട്ടിരുന്നു എന്നറിഞ്ഞില്ല.


"മരണം ഒന്നിനും പരിഹാരമാവില്ല 

 ജീവിച്ചു കാണിക്കണം തോൽപിച്ചവർക്ക് മുന്നിൽ തല കുനിക്കരുത്..."


പതിവുപോലെ അന്നും അവളെ സമാധാനിപ്പിച്ച് ഉറക്കി.


 "നിനക്ക് തന്ന പ്രോമിസുകൾ ഒന്നും എനിക്ക് പാലിക്കാൻ പറ്റിയില്ലടാ .. പലപ്പോഴും നമ്മൾ മുന്നേ കണ്ടുമുട്ടിയെങ്കിൽ എന്നോർത്തിട്ടുണ്ട് എന്റെ പ്രണയം നീയായിരുന്നെങ്കിൽ..

പക്ഷെ നിനക്കൊരിക്കലും അതിനാവില്ലല്ലോ.


നീ എന്നും എന്റെ കൂടെ ഉണ്ടെന്നറിയാം.. എങ്കിലും ഞാൻ ഏറെ തനിച്ചാവുന്ന പോലെ.. ഇനിയെന്നും ഈ വേദന തിന്ന് ജീവിക്കാൻ വയ്യടാ .. എന്നെ കാണാൻ നീ വരുമോ എന്നറിയില്ല ..  പോകുന്നു!!!


രാവിലെ ഉറക്കം തെളിഞ്ഞ് മൊബൈൽ എടുത്തു നോക്കി അവളുടെ മെസ്സേജ് ഉണ്ടാരുന്നു.

പാതിരക്ക്‌ എപ്പോഴോ ഉറക്കം ഞെട്ടിയപ്പോൾ ആവും അവൾ പറഞ്ഞത് പൊലെ വീടിന്റെ വിലാസം  അയച്ചത്.


വിളിച്ചപ്പോൾ ഫോൺ ഓഫ്‌ ആയിരുന്നു 


***********

ട്രെയിൻ പാളങ്ങളെ വകഞ്ഞുമാറ്റി കുതിച്ചുകൊണ്ടിരുന്നു

നിറയെ സീറ്റുകൾ ഉണ്ടായിട്ടും എനിക്ക് ഇരിക്കുവാൻ തോന്നിയില്ല.


 ട്രെയിനിനു ചിറകുകൾ മുളച്ചെങ്കിൽ എന്നും പറന്ന് പോയി അവൾക്ക് അരികിൽ

എത്താൻ പറ്റിയെങ്കിൽ എന്നും ആഗ്രഹിച്ചു..


ഓരോ സ്റ്റോപ്പുകളും ഓരോ ദിവസങ്ങളുടെ ദൈർഘ്യം എടുക്കുന്നുണ്ടെന്നു തോന്നി.


ജനശതാബ്‌ദി എറണാകുളം എത്തുമ്പോൾ ഉച്ച രണ്ടിനോട്‌ അടുത്തു ട്രെയിൻ ഇറങ്ങി ഓടുകയായിരുന്നു ടാക്സി ബുക്ക്‌ ചെയ്യുമ്പോൾ എങ്ങോട്ട് പോകണം എന്നുള്ള കൺഫ്യൂഷൻ ആയിരുന്നു..


അവൾ പറഞ്ഞു തന്നഅവളുടെ വീടെന്ന ലക്ഷ്യത്തിലേക്ക് പോകാൻ എന്തോ ഭയം തോന്നിത്തുടങ്ങി.


പറഞ്ഞത് പൊലെ ചെയ്തല്ലോ  പെണ്ണെ നീ എന്ന് മനസ്സിൽ ആരോ പരിഭവിച്ചുകൊണ്ടിരുന്നു 


എത്തുമ്പോൾ വീട് അടച്ചിട്ടിരുന്നു. ചുറ്റുപാടും നോക്കി.. ചോദിക്കാൻ ആരെയും കാണുന്നുമില്ല. എന്ത് സംഭവിച്ചു എന്ന് മനസ്സിലാകുന്നില്ല ഇനി അവളുടെ തറവാട്ടിലേക്ക് കൊണ്ടുപോയിരിക്കുമോ..? ആരോട് ചോദിക്കും


ഓഫിസ് നമ്പറിലേക്ക് വിളിച്ചു ചോദിച്ചു ആൾ ഇന്ന് അവിടെ എത്തിയിട്ടില്ലെന്ന് അറിയിച്ചു. ഇനി എന്ത് ചെയ്യണമെന്നറിയാതെ നിസ്സഹായനായി ഞാനവിടെ നിന്നു.


***********

വീടിന്റെ ഗേറ്റ് കടന്ന് ഒരു വണ്ടി വന്നെന്റെ മുന്നിൽ നിർത്തി 

അവളുടെ അമ്മയും പിറകെ അവളും ഇറങ്ങി. 


മനസ്സ് ഒന്ന് ദീർഘമായി നിശ്വസിച്ചു..ഭാഗ്യം ഒന്നും പറ്റിയില്ലല്ലോ എന്നോർത്ത് 


ഇതാര് ഇതുവരെ കാണാത്തൊരാൾ എന്ന് അമ്മ നോക്കുന്നുണ്ടായിരുന്നു.


അവളെന്നെ അവർക്ക് പരിചയപ്പെടുത്തി അവളെക്കുറിച്ചുള്ള പരിഭവങ്ങൾ അവർ ഒളിച്ചില്ല കണ്ണുനിറച്ച് അവർ ഉള്ളിലേക്ക് കയറിപ്പോയി .. 


ഞാനവളെ നോക്കി.. 


"നീ നോക്കി പേടിപ്പിക്കേണ്ട.. മരിക്കണമെന്ന് തീരുമാനിച്ച് തന്നെയാണ് നിനക്ക് മെസ്സേജ് അയച്ചത്.. അത്ര വേദന തോന്നിയിരുന്നു.എത്ര പറഞ്ഞിട്ടും മനസ്സിന് മനസ്സിലായിരുന്നുന്നില്ല..


നീ പറഞ്ഞതൊക്കെയും പലവട്ടം ഞാൻ ആലോചിച്ചു. എത്രയോ ദിവസങ്ങൾ നിന്റെ തിരക്കിലും നേരവും കാലവും ഒന്നും നോക്കാതെ എല്ലാം വിട്ട് നീ എനിക്ക് കൂട്ടിരുന്നു എന്റെ കണ്ണീരുകൾ നീ തുടച്ചു എന്റെ വിഷമങ്ങൾ ഇല്ലാതാക്കാൻ നീയേറെ പണിപ്പെട്ടു..


നീ പറഞ്ഞത് ശരിയാണ് നമ്മുടെ സന്തോഷവും സങ്കടങ്ങളും വിഷമങ്ങളും വേദനകളും ഒക്കെ നമ്മളെ മാത്രം ബാധിക്കുന്നതാണ് .


മറ്റൊരാളിലേക്ക് നമ്മളെ പകുത്തുകൊടുക്കുമ്പോൾ അവർ നമ്മളെ എന്നും  സ്നേഹത്താൽ പൊതിഞ്ഞു പിടിക്കുമെന്നും എല്ലാം മനസ്സിലാക്കി ചേർത്ത് നിർത്തുമെന്നും കരുതും.

എല്ലാവരും അവരവരുടെ കാര്യത്തിൽ സ്വാർത്ഥരാണ് ആരും സ്വന്തം സന്തോഷങ്ങൾ ത്യജിച്ച് സ്നേഹിക്കുന്നവരെ സന്തോഷത്തിൽ മൂടാൻ നിൽക്കാൻ മാത്രം വിഡ്ഢികളാവില്ലല്ലോ.

 

പ്രണയം പലപ്പോഴും അങ്ങനെയാണ്


നമുക്ക് ഒരിക്കലും പറ്റാത്ത, ഒട്ടും ചേരാത്ത ഒരാളിലേക്കാണ് എപ്പോഴും എത്തിക്കുക.. അവിടെ നിന്ന് ശ്വാസം മുട്ടി വിഷമിച്ച് പലവട്ടം മനസ്സ് മരിച്ചു തുടങ്ങും എന്നാലും ഇറങ്ങിപ്പോകാൻ ശ്രമിച്ചാലും അവരില്ലെങ്കിൽ മരിച്ചുപോകുമെന്ന് തോന്നും ഉള്ളിൽ വിഷമിച്ച് വേദനിച്ച് മാനസികമായി തളരും..


അവർക്കുവേണ്ടി കരഞ്ഞു കണ്ണുനീർ വറ്റും അവർ അതൊന്നുമറിയാതെ അവരുടെ സന്തോഷങ്ങൾ തിരഞ്ഞുകൊണ്ടിരിക്കും നമ്മൾ അവർക്കായി വിഷമിച്ചും പട്ടിണികിടന്നും ഇല്ലാത്ത അസുഖങ്ങൾ വരുത്തിവെക്കും


പലപ്പോഴും ഇറങ്ങിപ്പോകണമെന്ന് തോന്നും എന്നാൽ പറ്റില്ലെടാ.. ഒരാൾക്കു മനസ്സ് കൊടുത്താൽ തിരിച്ചിട്ടറങ്ങി പോകാൻ തോന്നില്ല.. അതു മാത്രമാണ് എന്റെ സ്നേഹമെന്നും അതില്ലെങ്കിൽ ശ്വാസം മുട്ടിമരിക്കുമെന്നും തോന്നും, 

അതവർ കൃത്യമായി മനസിലാക്കിയാവും വിഷമിപ്പിക്കുന്നത്.


ആരോടെങ്കിലും പറയാൻ പറ്റോ ഈ പ്രായത്തിൽ എന്തിന്റെ കുറവായിട്ടാണ് ഇങ്ങനൊരു ബന്ധത്തിൽ പെട്ടതെന്നു ചോദിക്കില്ലേ.. നല്ലൊരു ജീവിതം ജോലി വീട് കുടുംബം കുട്ടികൾ സുഖസൗകര്യങ്ങൾ എല്ലാമുണ്ട്, എങ്കിലും മനസ്സിന്റെ ഒറ്റപെടലുകൾ ആർക്കും മനസ്സിലാവില്ല ഇതൊന്നും.


 ഇന്ന് എന്റെ എല്ലാ അവസ്ഥകളും നിനക്കറിയാം നീയെനിക്കൊപ്പം എന്റെ സങ്കടങ്ങൾക്കൊപ്പം നിന്നു എന്റെ കരച്ചിലുകൾക്ക് കൂട്ടിരുന്നു. എന്താണ് പ്രണയമെന്നും എന്താണ് സ്നേഹമെന്നും പലവട്ടം പറഞ്ഞ് മനസിലാക്കിത്തന്നു..


ഞാൻ എന്താണെന്നും എന്റെ വ്യക്തിത്തം എന്തെന്നും എനിക്കിന്നറിയാം നീയെന്നെ അത് മനസ്സിലാക്കിത്തന്നു.


പ്രണയത്തിൽ എന്നും ഞാനവന്റെ അടിമയെ പൊലെ ആയിരുന്നു എന്നും അവന്റ തെറിയും വഴക്കുകളും കേട്ടാലും കാൽക്കീഴിൽ കിടക്കുന്ന അനുസരണയുള്ള പട്ടിയെപ്പോലെ എന്റെ അഭിമാനം പണയപ്പെടുത്തി എന്റേതാണെന്ന് പറഞ്ഞ് അവനോട് കരഞ്ഞുവിളിച്ചു നിന്നു.


ഇന്നെനിക്കറിയാൻ പറ്റുന്നുണ്ട് എന്നെ.. ഞാൻ ആരെന്നും


എന്റെ സന്തോഷങ്ങൾ, എന്റെ മാത്രം ഉത്തരവാദിത്തമാണ് അത് മറ്റൊരാളിൽ തേടി നടന്നതും, എന്റെത് ഒരു മനോഹര പ്രണയമാണെന്നും ഈ ലോകം അവസാനിക്കും വരെ അതിനു മാറ്റമുണ്ടാകില്ലെന്നും കരുതിയ മണ്ടത്തരങ്ങൾ ഞാൻ തിരുത്തുന്നു.


ഇനിയെങ്കിലും എനിക്ക് മാത്രമായി ജീവിക്കണം ഏറെ ഓടിത്തളർന്നു." 


ഓഹോ നല്ല കാര്യം. ഇപ്പോഴെങ്കിലും നല്ല ബുദ്ധി തോന്നിയല്ലോ..?


 നീയെങ്ങനെ ഹോസ്പിറ്റൽ ആയി..?


"മരിക്കണം എന്നു കരുതി, ബാത്‌റൂമിൽ കയറി ഷവർ തുറന്ന് വെച്ച്  ഏറെ കരഞ്ഞു.. കൊറേ ദിവസമായില്ലേ പട്ടിണി കിടക്കുന്നു എപ്പോഴാണ് തളർന്നു വീണത് എന്നറിയില്ല ബോധം വന്നപ്പോൾ ആശുപത്രിയിൽ ട്രിപ്പൊക്കെ ഇട്ട് കിടക്കുന്നു.


ആ അവസ്ഥയിലും എനിക്ക് ചിരി വന്നു.


"പിന്നൊരു കാര്യം"


അവൾ അടുത്ത് വിളിച്ച് സ്വകാര്യം പൊലെ പറഞ്ഞു..


"എന്റെ രഹസ്യങ്ങൾ ഒക്കെ മനസ്സിലാക്കി എന്നെയും വിട്ട് പോകാമെന്നു കരുതിയാൽ നിന്നെ ഞാൻ കൊല്ലും.. 


എന്റെ വിഷമങ്ങൾ പറയാനും കരഞ്ഞു തീർക്കാനും എനിക്കൊരാൾ വേണം ഒരിക്കലും പ്രണയമാവില്ല എന്നുറപ്പുള്ളൊരാൾ എനിക്ക് നീയതാണ്."


"ഓഹോ എങ്കിൽ വാ പോകാം.."


അമ്മയോട് പറഞ്ഞ് ഞാൻ അവളെയും കൂട്ടി തൊട്ടടുത്ത കോഫീഹൗസ് ലക്ഷ്യമാക്കി വണ്ടിയെടുത്തു..


നമ്മൾ ഒരിക്കൽ കാണുമെന്നും അന്ന് കോഫി ഹൌസിൽ നിന്നും ഒരു ചായയും കട്ലറ്റും വാങ്ങിത്തരണമെന്നും അവളോട് പറഞ്ഞ വാക്കുകൾ ഓർമിപ്പിച്ചുകൊണ്ട്. 


രചന: സമർ

To Top