ഒരു നിയോഗം പോലെ, ഭാഗം: 24 വായിക്കൂ...

Valappottukal


രചന: അശ്വതി


ഗിരിയുടെ കൂട്ടരിൽ ഒരാൾ അന്നയുടെ കൈ പിടിക്കാൻ വന്നതും എവിടുന്നോ ഒരു സാധനം പറന്നു വന്നു അവന്റെ തലയിൽ ഇടിച്ചു. ഒരു നിലവിളിയോടെ അവൻ നിലത്തേക്ക് വീണു. അവന്റെ ബോധം മറഞ്ഞിരുന്നു. ഒപ്പം അവന്റെ തലയിൽ നിന്നു ചോരയും ഒഴുകുന്നുണ്ടായിരുന്നു. അവന്റെ തലയിൽ വന്നിടിച്ച ഇഷ്ടിക അപ്പുറത്തായി വീണു കിടക്കുന്നുണ്ടായിരുന്നു. അന്നയും ഗിരിയും കൂടെ ഉള്ള എല്ലാവരും കുറച്ചു നേരത്തേക്ക് സ്തബ്ദരായി നിന്നു പോയി. പിന്നെ ഇഷ്ടിക വന്ന ഭാഗത്തേക്ക്‌ നോക്കി.. രണ്ടു കയ്യിലും ഓരോ ഇഷ്ട്ടികകളുമായി അവരെ തന്നെ നോക്കി നിൽക്കുന്നു വിഷ്ണുവും ശിവനും. അവർ അപ്പോൾ എങ്ങനെ അവിടെ എത്തി എന്ന് അറിയില്ലെങ്കിലും അവരെ കണ്ട നിമിഷം അന്നയ്ക്ക് എവിടുന്നോ കുറച്ചു ധൈര്യം വന്നു ചേർന്നു. പക്ഷെ അവരെ കണ്ട മാത്രയിൽ തന്നെ ഗിരിയുടെ പകുതി ജീവനും ഭയത്താൽ പോയിരുന്നു. ശിവന്റെ കയ്യിൽ എങ്ങാനും തന്നെ കിട്ടിയാൽ പിന്നെ ജീവൻ തിരിച്ചു കിട്ടിയാൽ ഭാഗ്യം എന്നെ പറയാൻ ഉള്ളു. അത് കൊണ്ട് തന്നെ മറ്റൊന്നും നോക്കാതെ അവൻ തിരിഞ്ഞോടി..


" ശിവാ.. ഗിരി.. "


ഗിരി ഓടി രക്ഷപെടാൻ ശ്രമിക്കുന്നത് കണ്ട വിഷ്ണു പറഞ്ഞു. ശിവനും അത് കണ്ടിരുന്നു. പക്ഷെ വിഷ്ണുവിനെ അവിടെ ഒറ്റക്കാക്കി എങ്ങനെ പോകും?


" നീ പൊക്കോ..അവനെ വിടരുത്.. ഇവന്മാരെ ഞാൻ നോക്കിക്കൊള്ളാം.. "


ശിവൻ പോകാതെ നിൽക്കുന്നത് കണ്ടു വിഷ്ണു പറഞ്ഞു.. അത് കേട്ടപ്പോൾ ശിവന് ധൈര്യമായി. ശിവൻ ഗിരിയുടെ പിറകെ പാഞ്ഞു..  വിഷ്ണു അന്നയുടെ അടുത്തേക്ക് നടന്നു. ഗിരി ഓടി രക്ഷപെട്ടതോടെ അവന്റെ കൂട്ടാളികൾ എന്ത് ചെയ്യണം എന്ന പരുങ്ങലിൽ ആയിരുന്നു. എന്നാലും വിഷ്ണുവിനെ എങ്ങനെയും പ്രതിരോധിക്കണം എന്നവർക്ക് അറിയാമായിരുന്നു. അത് കൊണ്ട് അതിൽ ഒരുത്തൻ അന്നയെ കയറി പിടിക്കാൻ തുടങ്ങി.. അവളെ വച്ചു അവനെ ഭീഷണിപ്പെടുത്താം എന്നായിരുന്നു അയാളുടെ കണക്കു കൂട്ടലുകൾ. എന്നാൽ അവളെ തൊടുന്നതിനു മുന്നേ തന്നെ അവന്റെ കയ്യിൽ ശക്തമായി ഇഷ്ടിക വന്നു പതിച്ചു. ഒരു അലർച്ചയോടെ തന്റെ കയ്യും പൊത്തിപിടിച്ചു അവൻ നിലത്തേക്ക് ഇരുന്നു. അതോടെ ബാക്കി ഉള്ളവരും നാല് ഭാഗത്തേക്ക്‌ മാറി നിന്നു. കത്തുന്ന കണ്ണുകളുമായി വിഷ്ണു അവരുടെ അടുത്തേക്ക് വന്നു..


" അന്ന.. ഇങ്ങോട്ട് മാറി നില്ക്കു.. "


മുഖം ദേഷ്യത്താൽ വലിഞ്ഞു മുറുകി ഇരിക്കുകയാണെങ്കിലും അവളോട് പറഞ്ഞപ്പോൾ അവന്റെ ശബ്ദം ശാന്തം ആയിരുന്നു. അവൻ പറഞ്ഞത് പോലെ അന്ന മാറി നിന്നു. ഒരു കയ്യിൽ ഇഷ്ടികയും പിടിച്ചു വിഷ്ണു അവരെ നാല് പേരെയും മാറി മാറി നോക്കി. ഇനി ഇവിടെ നിന്നാൽ ശരിയാവില്ല എന്ന് മനസിലായതും അവരും തിരിഞ്ഞോടാൻ തുടങ്ങി. അവന്മാരുടെ പിന്നാലെ ചെന്നു എന്തോ പൂർവ വൈരാഗ്യം തീർക്കുന്ന പോലെ അവന്മാരെ പെരുമാറുന്ന വിഷ്ണുവിനെ അന്ന കണ്ടു. അധികം വൈകാതെ ശിവനും തിരികെ വന്നു വിഷ്ണുവിനോടൊപ്പം കൂടി. അതോടെ കാര്യങ്ങൾ എളുപ്പമായി.  കുറച്ചു സമയം കൊണ്ട് തന്നെ അവർ രണ്ടാളും കൂടെ അവരെ എല്ലാവരെയും പിടിച്ചു കെട്ടി. അത് കഴിഞ്ഞപ്പോൾ അവരുടെ രണ്ടാളുടെയും നോട്ടം അന്നയുടെ നേർക്കായി..


" ഡീ.. ഇതാണോടി നിന്റെ നൈറ്റ്‌ സൈറ്റ് വർക്ക്‌? "


ശിവൻ അവളെ നോക്കി അലറി..


" ആള്ക്കാര് സ്മാർട്ട്‌ ആകാം.. പക്ഷെ ഓവർ സ്മാർട്ട്‌ ആകരുത്.. ആയാൽ ഇങ്ങനെ ഇരിക്കും.. "


അവൾക്കു നേരെ കൈ ചൂണ്ടി കൊണ്ട് ശിവൻ വീണ്ടും ദേഷ്യത്തോടെ പറഞ്ഞു. അന്ന തല കുനിച്ചു നിന്നത് അല്ലാതെ ഒന്നും പറഞ്ഞില്ല. ശിവനാണ് ദേഷ്യപ്പെടുന്നതെങ്കിലും അവൾക്കു വിഷ്ണുവിന്റെ മുഖത്ത് നോക്കാനായിരുന്നു ബുദ്ധിമുട്ട് തോന്നുന്നത്.


" ഡീ.. നിന്നോടാ ഞാനീ പറയുന്നത്.. എന്ത് കണ്ടിട്ടാടി ഒറ്റയ്ക്ക് ഈ രാത്രി നീ ഇവിടെ വന്നത്.. നിനക്ക് വല്ലതും വന്നു പോയിരുന്നെങ്കിൽ ഉത്തരവാദിത്തം ഞങ്ങൾക്കാണ്.. എത്ര പ്രാവശ്യം പറഞ്ഞതാ എന്തെങ്കിലും ഉണ്ടെങ്കിൽ ഞങ്ങളോട് വന്നു പറയണം എന്ന്.. "


ശിവന്റെ ദേഷ്യം മാറുന്ന മട്ടില്ല എന്ന് വിഷ്ണുവിന് മനസിലായി ..


" ടാ.. മതി..നിർത്തു.. നീ ഇവന്മാരെയും കൊണ്ട് സ്റ്റേഷനിലേക്ക് പൊക്കോ.. അന്നയെ ഞാൻ വീട്ടിൽ ആക്കിക്കൊള്ളാം"


വിഷ്ണു അവനോടു പറഞ്ഞു. ശിവൻ എന്തോ പിന്നെ ഒന്നും പറഞ്ഞില്ല. അവൻ ഫോൺ എടുത്തു സ്റ്റേഷനിലേക്ക് വിളിക്കുന്നത് വിഷ്ണു കണ്ടു. 


" അന്ന.. വരൂ.. "


വിഷ്ണു അവളെ വിളിച്ചു. ആരുടേയും മുഖത്ത് നോക്കാതെ തന്നെ അവൾ അവന്റെ പിന്നാലെ ചെന്നു. സൈറ്റിൽ നിന്നിറങ്ങി റോഡിലേക്ക് കയറി കുറച്ചു ദൂരം അവർ നടന്നു. പിന്നെ വിഷ്ണു നിന്നു അവളെ തിരിഞ്ഞു നോക്കി..


" അന്നാ.. താൻ ഓക്കേ.. "


ആണോ എന്ന് ചോദിച്ചു തീരും മുന്നേ ഒരു കരച്ചിലോടെ അന്ന അവനെ കെട്ടിപിടിച്ചിരുന്നു. അവളുടെ ശരീരം വിറക്കുന്നുണ്ടായിരുന്നു. വിഷ്ണു ആദ്യം ഒന്ന് ഞെട്ടി എങ്കിലും പിന്നെ അവളെ ചേർത്ത് പിടിച്ചു പതിയെ അവളുടെ മുടിയിലൂടെ തഴുകി കൊടുത്തു കൊണ്ടിരുന്നു. കുറെ നേരം അവർ അങ്ങനെ തന്നെ നിന്നു. അത് കഴിഞ്ഞാണ് അന്നക്കു ബോധം വന്നത് താൻ വിഷ്ണുവിനെ കെട്ടിപിടിച്ചു നിൽക്കുകയാണെന്ന്. അപ്പോഴും അവൻ അവളുടെ മുടിയിലൂടെ മെല്ലെ തലോടുന്നുണ്ടായിരുന്നു. അവൾ അവന്റെ ദേഹത്ത് നിന്നു മാറി കണ്ണ് തുടച്ചു.


" ഓക്കേ ആണോ അന്ന? "


വിഷ്ണു വീണ്ടും ചോദിച്ചു. ഇത്തവണ അവൾ മെല്ലെ തലയാട്ടി..  കുറച്ചു നേരത്തേക്ക് അവർ രണ്ടാളും ഒന്നും മിണ്ടിയില്ല.


" എന്തിനാ താൻ ഒറ്റയ്ക്ക് പോയത്? എന്താ എന്നെ വിളിക്കാഞ്ഞത്? "


വിഷ്ണു അവളോട്‌ ചോദിച്ചു. ഈ ചോദ്യം അന്ന പ്രതീക്ഷിച്ചതും ആയിരുന്നു.  എന്തായാലും സത്യം പറയാം എന്നവൾ ഓർത്തു.


" വിഷ്ണു കുറച്ചു ദിവസമായി ഭയങ്കര ബിസി ആയിരുന്നല്ലോ? എന്നെ ഒന്ന് വിളിക്കാനോ എന്റെ മെസ്സേജിന് റിപ്ലൈ ചെയ്യാനോ പോലും വിഷ്ണുവിന് സമയം ഇല്ലായിരുന്നു. അപ്പോൾ ഞാൻ വിചാരിച്ചു.. "


എത്ര ശ്രമിച്ചിട്ടും തന്റെ വാക്കുകളിലെ സങ്കടം മറയ്ക്കാൻ അന്നയ്ക്ക് പറ്റുന്നുണ്ടായിരുന്നില്ല. വിഷ്ണുവിനും കുറ്റബോധം തോന്നി.. തന്റെ പ്രശ്നങ്ങൾക്കിടയിൽ അന്നയെ മൊത്തമായും താൻ അവോയ്ഡ് ചെയ്തു. പക്ഷെ അത് അവളെ ഇത്ര വലിയ ഒരു അപകടത്തിൽ കൊണ്ടെത്തിക്കുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചതല്ല.. അവൻ അന്നയുടെ കൈ തന്റെ കൈകളിൽ എടുത്തു..


" അന്ന.. ഞാൻ.. ഐ ആം റിയലി വെരി സോറി.. ഈ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഞാൻ ഞാനേ അല്ലായിരുന്നു എന്ന് പറയുന്നതാവും ശരി.. തന്റെ അടുത്തുന്നു മാത്രമല്ല.. എല്ലാവരുടെയും അടുത്തുന്നു മാറി നടക്കുകയായിരുന്നു.. എന്റെ അച്ഛന്റെയും കല്ലുവിന്റെയും അടുത്തുന്നു പോലും.. വല്ലാത്ത ഒരു മാനസിക സംഘർഷത്തിൽ ആയിരുന്നു ഈ കുറച്ചു ദിവസങ്ങളിൽ.. ക്ലിനികിൽ പേഷ്യന്റ്സിനെ പോലും ശരിക്കും ശ്രദ്ധിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല. അതിനിടയിൽ അറിയാതെ പറ്റി പോയതാണ്.. സോറി.. "


അവന്റെ ആത്മാർത്ഥത ആ വാക്കുകളിൽ നിന്നു അവൾക്കു മനസിലാവുന്നുണ്ടായിരുന്നു. പക്ഷെ ഇത്ര മാത്രം വിഷ്ണുവിനെ ഉലയ്ക്കാനും മാത്രം എന്താണ് സംഭവിച്ചിട്ടുണ്ടാവുക?


" വാട്ട്‌ ഹാപ്പൻഡ്? എന്താ വിഷ്ണു? "


അവൻ അവളെ ഒന്ന് നോക്കി.. എന്തോ അവളോട്‌ എല്ലാം പറയണമെന്ന് അവനു തോന്നി. അവൻ അവളോട്‌ എല്ലാം പറഞ്ഞു. ഷണ്മുഖൻ അവന്റെ മനസ്സിൽ കോരി ഇട്ട സംശയത്തിന്റെ കനൽ മുതൽ കഴിഞ്ഞ ദിവസം വിശ്വച്ഛനുമായി ഉണ്ടായ സംസാരം വരെ എല്ലാം.. എല്ലാം കേട്ടു ഞെട്ടി നിൽക്കുകയായിരുന്നു അന്നയും..


" അപ്പൊ കല്യാണി.. "


" ശിവന്റെ അമ്മാവന്റെ മകളാണ്.. "


" കല്ലുവിന് അറിയാമോ? "


" ഇല്ല.. എനിക്കും ശിവനും വിശ്വച്ഛനും.. പിന്നെ ഇപ്പോൾ അന്നയ്ക്കും മാത്രം.. അല്ലെങ്കിലും അവളോട്‌ ഞാൻ എന്താ പറയേണ്ടത്? " 


വിഷ്ണു വേദനയോടെ ചോദിച്ചു.. അവന്റെ അവസ്ഥ എത്ര മോശമാണെന്നു ഊഹിക്കാൻ പോലും പറ്റുന്നില്ലായിരുന്നെങ്കിലും ഇത്ര ദിവസം അവൻ തന്നെ അവോയ്ഡ് ചെയ്തത് എന്തു കൊണ്ടാണെന്ന് അവൾക്കു മനസിലാവുന്നുണ്ടായിരുന്നു. കഴിഞ്ഞ ഇരുപത്തി മൂന്നു വർഷമായി കൂടപ്പിറപ്പായി കണ്ടിരുന്നവൾ ഒരു ദിവസം അങ്ങനെ അല്ലയെന്നു അറിഞ്ഞാൽ ആരാണ് പതറി പോകാതെ ഇരിക്കുക? അവൻ എന്ത് കൊണ്ടാണ് തന്നെ അവോയ്ഡ് ചെയ്യുന്നതെന്ന് മനസിലാക്കാൻ താനും ശ്രമിച്ചില്ല.  കല്ലു ഒന്ന് രണ്ടു പ്രാവശ്യം സൂചിപ്പിച്ചിരുന്നു വിഷ്ണു എന്തോ വലിയ ടെൻഷനിൽ ആണെന്ന്.. എന്നിട്ടും.. ഒരു പക്ഷെ തനിക്കു കിഷോരിൽ നിന്നുണ്ടായ അനുഭവം വിഷ്ണുവിനെയും സംശയിക്കാൻ തന്നെ പ്രേരിപ്പിക്കുകയായിരുന്നു. അത് കാരണം ഇപ്പോൾ എന്തൊക്കെ പ്രശ്‌നങ്ങൾ. അവൾ അവന്റെ കയ്യിൽ അമർത്തി പിടിച്ചു..


" സോറി വിഷ്ണു.. ഞാനും തന്നെ മിസ് അണ്ടർസ്റ്റാൻഡ് ചെയ്തു.. "


അവൻ മെല്ലെ ചിരിച്ചു..


" സാരമില്ല.. ദൈവത്തെ ഓർത്തു ഇനി ഇങ്ങനത്തെ സഹസത്തിനൊന്നും മുതിരാതെ ഇരുന്നാൽ മതി.. "


അതിനു അവളും ചിരിച്ചു.. അവർ രണ്ടാളും മെല്ലെ വീട്ടിലേക്കു നടക്കാൻ തുടങ്ങി..


" അല്ല.. വിഷ്ണുവും ശിവനും എങ്ങനെ കൃത്യ സമയത്തു അവിടെ എത്തി? "


പെട്ടെന്ന് ഓർത്തു അന്ന ചോദിച്ചു..


" സത്യം പറഞ്ഞാൽ വിശ്വച്ഛന്റെ അടുത്തുന്നു സത്യങ്ങൾ oഒക്കെ അറിഞ്ഞു കഴിഞ്ഞപ്പോൾ മനസ്സിൽ കുറച്ചു സമാധാനം തോന്നിയിരുന്നു. തന്നെ കണ്ടിട്ടും സംസാരിച്ചിട്ടും കുറെ ദിവസം ആയല്ലോ എന്നോർത്ത് ക്ലിനികിൽ നിന്നിറങ്ങിയപ്പോൾ ഞാൻ തന്റെ ഫോണിൽ വിളിച്ചിരുന്നു. താൻ എടുത്തില്ല.. അത് കൊണ്ട് ഞാൻ ശിവനെ വിളിച്ചു നോക്കി.. അപ്പോൾ താൻ സൈറ്റിൽ നിന്നു എത്തിയിട്ടില്ലാന്ന് അവൻ പറഞ്ഞു.. അങ്ങനെ ഞാൻ സൈറ്റിൽ എത്തി.  അപ്പോഴാണ് താൻ സൈറ്റിന്റെ പുറകിലേക്ക് പോകുന്നത് കണ്ടത്.. സംശയം തോന്നി ഞാനും തന്റെ പിറകെ വന്നു.. ഒളിച്ചിരിക്കുന്നത് കണ്ടപ്പോൾ മനസിലായി എന്തോ plan ആണെന്ന്.  അന്ന അറിയാതെ ഞാനും തന്റെ അപ്പുറത്ത് കുറച്ചു മാറി ഉണ്ടായിരുന്നു. പിന്നെ ഞാൻ ശിവനെയും വിളിച്ചു കാര്യങ്ങൾ പറഞ്ഞിരുന്നു. അവൻ പോലീസ് ജീപ്പ് ഒക്കെ റെഡി ആയി വെയിറ്റ് ചെയ്യുന്നുണ്ടായിരുന്നു.. പിന്നെയാണ് ഇത് തന്നെ കുടുക്കാനുള്ള ട്രാപ് ആണെന്ന് എനിക്കും മനസിലായത്. പിന്നെ റിസ്ക് എടുക്കണ്ടാന്ന് കരുതി ഞാനും ശിവനും അകത്തേക്ക് വന്നു.  "


അവൾ അതിനു പിന്നെ ഒന്നും പറഞ്ഞില്ല.. താൻ അറിഞ്ഞില്ലെങ്കിലും തൊട്ടപ്പുറത്തു ആ സമയം അത്രയും അവൻ ഉണ്ടായിരുന്നു എന്നോർത്തപ്പോൾ ഒരു സമാധാനം. അവനും പിന്നെ ഒന്നും മിണ്ടിയില്ല. എങ്കിലും വീടെത്തുന്നത് വരെ മറന്നു പോയത് കൊണ്ടോ അതോ അറിഞ്ഞിട്ടും അറിയാത്ത പോലെ ഭാവിച്ചത് കൊണ്ടോ രണ്ടാളും കൈ കോർത്തു പിടിച്ചിരുന്നു.


അന്നയെ മാമംഗലത്തു കൊണ്ടാക്കി വിഷ്ണു ഏറെ വൈകി തന്റെ വീട്ടിൽ എത്തിയപ്പോൾ കാണുന്നത് സോഫയിൽ കിടന്നുറങ്ങുന്ന കല്യാണിയെ ആണ്.  കഴിക്കാനുള്ളതൊക്കെ ഡൈനിങ് ടേബിളിൽ എടുത്തു മൂടി വച്ചിട്ടുണ്ട്.  അവനു ഇന്ന് നേരത്തെ ശിവൻ പറഞ്ഞത് ഓർമ വന്നു.  കല്യാണിക്ക് നേരെ പിന്നെയും വധശ്രമം ഉണ്ടായതിനെ പറ്റി.. പാവം അവൾ തന്നോട് പോലും ഒന്നും പറഞ്ഞില്ല. കഴിഞ്ഞ കുറച്ചു ദിവസമായി തന്റെ അവളോടുള്ള പെരുമാറ്റം അവളെ ഒരുപാട് വേദനിപ്പിച്ചിട്ടുണ്ടാവും എന്നവൻ ഓർത്തു. അവൻ പതിയെ അവളുടെ മുടിയിലൂടെ തഴുകി.. അവൾ പെട്ടെന്ന് കണ്ണ് തുറന്നു..

അവനെ ഒന്ന് നോക്കി അവളുടെ കണ്ണുകൾ ക്ലോക്കിലേക്ക് നീണ്ടു..


" ഏട്ടനെന്താ ഇത്ര വൈകിയേ? "


" കുറച്ചു ജോലി ഉണ്ടായിരുന്നു.. പിന്നെ ശിവനെ കണ്ടു.. അവനോടു ഓരോന്ന് സംസാരിച്ചു സമയം പോയത് അറിഞ്ഞില്ല.. "


" കൊള്ളാം.. നട്ടപാതിരായ്ക്കാണോ രണ്ടാളുടെയും സംസാരം? എന്നിട്ട് കഴിച്ചിട്ടാണോ വന്നത്? "


" ഏയ്.. ഇല്ല.. "


" എന്നാൽ കഴിക്കു.. "


അവൾ ഡൈനിങ് ടേബിളിന്റെ അടുത്തേക്ക് നടന്നു..


" കല്ലു.. "


അവൻ വിളിച്ചപ്പോൾ അവൾ തിരിഞ്ഞു നോക്കി..


" എന്താ ഏട്ടാ? "


" സോറി.. കുറച്ചു ദിവസമായി എനിക്ക് നിന്നോട് മര്യാദക്ക് സംസാരിക്കാൻ പോലും പറ്റുന്നുണ്ടായിരുന്നില്ല.. ഓരോരോ തിരക്കുകൾ.. "


അവൾ ചിരിച്ചു..


" സാരോല്ല്യാ. ജോലി തിരക്കല്ലേ? ശിവേട്ടൻ പറഞ്ഞിരുന്നു.. ഏട്ടൻ വാ.. കഴിക്കാം.. "


അവന്റെ പ്ലേറ്റ് എടുത്തു വച്ചു കൊണ്ട് അവൾ പറഞ്ഞു.. അന്ന് രാത്രി കിടക്കുമ്പോൾ വിഷ്ണുവിന് ഒരു സമാധാനമൊക്കെ തോന്നുന്നുണ്ടായിരുന്നു. സൈറ്റിലെ പ്രശ്‌നമൊക്കെ ഏകദേശം കഴിഞ്ഞു എന്ന് പറയാം. ഗിരിയെ കൊണ്ട് ബാക്കി കാര്യങ്ങൾ ശിവൻ പറയിപ്പിച്ചോളും.  പിന്നെ ഉള്ളത് മഹേന്ദ്രൻ ആണ്.  വിശ്വച്ഛൻ പറയുന്നത് മഹേന്ദ്രന് കല്ലു മകളാണ് എന്നറിയുക പോലും ഇല്ലായെന്നാണ്.. പക്ഷെ പിന്നെ ആരാണ് കല്ലുവിനെ ഉപദ്രവിക്കാൻ നോക്കുന്നത് ? അതിനും കൂടി ഇനി ഉത്തരം കിട്ടണം.. ഓരോന്ന് ഓർത്തു വിഷ്ണു ഉറക്കത്തിലേക്കു വഴുതി വീണു.


*****************************************************


മാധവൻ ഉറക്കമില്ലാതെ വീടിനു മുന്നിലൂടെ ഉലാത്തി കൊണ്ടിരുന്നു. ആ കല്യാണിയെ എന്നെന്നേക്കുമായി തീർത്തു കളയാൻ തയ്യാറാക്കിയ plan ആണ് തകർന്നടിഞ്ഞത്.  അതും ആരോ ഒറ്റിയത് കൊണ്ട്.. ആരായിരിക്കും അത്? മഹി ആണെന്ന് അയാൾക്ക്‌ തോന്നി.. ആ പെണ്ണിനെ കൊല്ലുന്നതിനോട് മഹിക്ക് അല്ലെങ്കിലേ വലിയ താല്പര്യം ഇല്ലായിരുന്നല്ലോ? പക്ഷെ അവൾ ജീവിച്ചിരുന്നാൽ തന്റെ plan ഒന്നും നടക്കില്ല.. ഇനി എന്തുണ്ടെങ്കിലും വേറെ ആരും അറിയേണ്ട. മേലെപാട്ടെ ബാക്കി സ്വത്തും കൂടി ഏതെങ്കിലും വഴിക്കു മഹിയുടെയും രമയുടെയും കയ്യിൽ വന്നാലേ തനിക്കും രാജീവനും എന്തെങ്കിലും ഉപകാരം ഉള്ളു. പണ്ട് തൊട്ടേ മാധവനു തന്റെ മകനോടാണ് പ്രിയം.. മകളെ എന്തെങ്കിലും ആവശ്യത്തിന് മാത്രമായാണ് അയാൾ കണ്ടിട്ടുള്ളത്.  പക്ഷെ അച്ഛന്റെ സ്നേഹത്തിൽ മതി മറന്നു ജീവിക്കുന്ന രമക്ക് അയാളുടെ ഉദ്ദേശം ഇത് വരെ മനസിലായിട്ടില്ല എന്ന് മാത്രം. പക്ഷെ രമയുടെ കയ്യിൽ നിന്നു എത്രയൊക്കെ പൈസ ഊറ്റി രാജീവന് കൊടുത്താലും അതൊക്കെ രാജീവൻ ധൂർത്തടിച്ചു കളയും. ഇതിപ്പോൾ കടവും, കടത്തിന്മേൽ കടവും ആണ്. എപ്പോഴാണ് ജപ്തിക്കായി ആൾക്കാർ വരിക എന്നറിയില്ല.. വട്ടി പലിശക്ക് പണം വാങ്ങിയത് തിരിച്ചു അടക്കാത്തതിന്റെ ഭീഷണി വേറെ. രാജീവന്റെ ഭാര്യ അത്യാവശ്യം സാമ്പത്തികം ഉള്ള കുടുംബത്തിലെ ആണ്. അവളുടെ വീട്ടിൽ നിന്നു കിട്ടിയ ഷെയറും സ്വർണവുമെല്ലാം അവൻ ധൂർത്തടിച്ചു കളഞ്ഞത കാരണം അവന്റെ ഭാര്യ അവനുമായി പിണങ്ങി കുട്ടികളുമായി കുറെ നാളായി അവരുടെ വീട്ടിലാണ്. അതോടെ രാജീവൻ കൂടുതൽ നശിച്ചു. തന്റെ മകനെ ധൂർത്തിൽ നിന്നും പിന്തിരിപ്പിക്കുന്നതിനു പകരം അവനു പിന്നെയും പൈസ ഉണ്ടാക്കി കൊടുക്കാനാണ് അയാൾ ശ്രമിച്ചിരുന്നത്. ഈ പ്രശ്‌നങ്ങൾ ഒക്കെ തീരണം എങ്കിൽ കുറച്ചധികം പൈസ വേണ്ടി വരും.. മഹിക്ക് ഇപ്പോൾ ഹോസ്പിറ്റൽ പണിയുന്നതിൽ ഷെയർ ഉള്ളത് കൊണ്ട് അധികം പൈസ കയ്യിൽ ഇല്ല.. മേലെപ്പട്ടെ ബാക്കി കിടക്കുന്ന സ്വത്താണ് ഇനി ആകെ ഉള്ള പ്രതീക്ഷ. ഏകദേശം അഞ്ചു കോടിയോളം വരും അതെന്നാണ് കേൾക്കുന്നത്. അത് രമയുടെ കയ്യിൽ വന്നേ പറ്റൂ. അങ്ങനെ ആയാൽ പിന്നെ അവളെ പറഞ്ഞു പറ്റിച്ചു അത് ഇങ്ങു വാങ്ങിച്ചെടുക്കാം.. അവൾ ഒരു മന്ദബുദ്ധിയാണ്. ശിവനും സ്വാതിയും കല്യാണം കഴിച്ചാൽ പിന്നെ അത് എങ്ങനെ പോയാലും  സ്വാതിയുടേത് ആവും. പക്ഷെ അപ്പോഴും പ്രശ്നം ഉണ്ട്.. ആ സ്വത്തു തന്റെ വീട്ടിലേക്കു കൊടുക്കാൻ ശിവൻ സ്വാതിയെ അനുവദിച്ചില്ലെങ്കിലോ? അത് കൊണ്ട് ആ കുടുംബം മൊത്തം ഇല്ലാതാകുന്നതാണ് നല്ലത്.. വിശ്വനും, അരുന്ധതിയും ശിവനും കല്യാണിയും എല്ലാം ഇല്ലാതായാൽ പിന്നെ സ്വത്തു മഹിക്ക് തന്നെ.. മഹിയുടെ കയ്യിൽ നിന്നു അതെങ്ങനെ മേടിച്ചെടുക്കണം എന്ന് അയാൾക്ക്‌ നല്ല ബോധ്യം ഉണ്ടായിരുന്നു.


***************************************************


പിറ്റേന്ന് രാവിലെ തൃക്കുന്നപുഴയിൽ പുതിയൊരാൾ വന്നിറങ്ങി.  ബ്രോക്കർ ബാബു.. ഷണ്മുഖനെ അന്വേഷിച്ചു വന്നതായിരുന്നു അയാൾ. കുറെ വര്ഷങ്ങളായി കൊട്ടേഷൻ കാരുമായുള്ള പരിചയം കാരണം പോലീസിലും ചില സുഹൃത്ത്ബന്ധങ്ങൾ ബാബുവിന് ഉണ്ടായിരുന്നു. അങ്ങനെയൊരു സുഹൃത്ത്‌ വഴി ഷണ്മുഖന്റെ ഫോണിന്റെ ലൊക്കേഷൻ വിവരങ്ങൾ അയാൾ എടുപ്പിച്ചിരുന്നു.  അപ്പോൾ അത് രണ്ടു മൂന്നു ദിവസങ്ങൾക്കു മുന്നേ കുറച്ചു നേരത്തേക്ക് ഓൺ ആയിരുന്നതായി അറിയാൻ കഴിഞ്ഞിട്ടുണ്ട്. ഓൺ ആയപ്പോൾ ഉള്ള ടവർ ലൊക്കേഷൻ അയാൾ ബാബുവുമായി ഷെയർ ചെയ്തിരുന്നു. അതിന്റെ അടുത്ത് എവിടെയെങ്കിലും ആവും ഷണ്മുഖനെ ശിവൻ ഒളിപ്പിച്ചു താമസിപ്പിച്ചിരിക്കുന്നത്. ടവർ ലൊക്കേഷൻ കണ്ടെത്തി അതിനു ചുറ്റുമുള്ള സ്ഥലങ്ങളിൽ ബാബു അന്വേഷണം ആരംഭിച്ചു. എന്തായാലും ഏതെങ്കിലും ഒറ്റപെട്ട സ്ഥലത്തു ആയിരിക്കും ഷണ്മുഖൻ ഉണ്ടാവുക.  സംശയം തോന്നാത്ത രീതിയിൽ ഇവിടെ അടുത്ത് ഏതെങ്കിലും ഒറ്റപെട്ട കെട്ടിടങ്ങൾ ഉണ്ടോ എന്ന് വഴിയിൽ കണ്ട കുറച്ചു ആളുകളോട് അയാൾ തിരക്കി. അങ്ങനെ ഒരാൾ ആണ് മാമംഗലത്തുകാരുടെ പറമ്പിനു ഉള്ളിലുള്ള ഉപയോഗശൂന്യമായ ആ കെട്ടിടത്തെ പറ്റി പറഞ്ഞത്. മാമംഗലം.. ശിവന്റെ തറവാട്.. അപ്പോൾ അത് തന്നെ ആയിരിക്കണം സ്ഥലം.. അയാൾ തന്റെ അരയിൽ കത്തി ഉണ്ടെന്നു ഉറപ്പു വരുത്തി.. ഷണ്മുഖനെ കണ്ടെത്തിയാൽ അയാളെ എങ്ങനെയും വകവരുത്തുക.. എന്നിട്ട് ആ പഴി ശിവന്റെ തലയിൽ ഇടുക. ഈ പറമ്പ് മമംഗലത്തു കാരുടെ ആയതു കൊണ്ട് ശിവനെ കുറ്റകാരൻ ആക്കാൻ എളുപ്പമാണ്..  ബാബു അയാൾ പറഞ്ഞു കൊടുത്ത വഴിയേ നടക്കാൻ ആരംഭിച്ചു.


തുടരും..


( മോളുടെ പരീക്ഷ നടക്കുവാണ്.. വേഗം എഴുതിയതാണ്.. തിരുത്തിയില്ല.. പിന്നെ കുറച്ചു പാർട്ട്‌ കൂടിയേ ഉണ്ടാവൂ.. തീരാറായിട്ടുണ്ട്.. അഭിപ്രായം പറയാൻ മടിക്കല്ലേ.. )

To Top