രചന: നൗഷിദ അസീസ്
തൂവൽ സ്പർശം...
""മാളു ഒന്ന് എന്റെ കൂടെ വരണം, പറ്റില്ല എന്ന് മാത്രം പറയരുത്.. എന്റെ അപേക്ഷയാണ്,, ഞാൻ വേണേ ആ കാലിൽ വീഴാം,,""
ലേബർ റൂമിലെ തിരക്കിനിടയിലാണ് തന്നെ അത്യാവശ്യമായി കാണാൻ ഒരാൾ വന്നിട്ടുണ്ട് എന്നും പറഞ്ഞു ജിനി സിസ്റ്റർ വന്നത്...
സിസ്റ്ററിനെ കുറച്ചു നേരത്തേക്ക് തന്റെ ഡ്യൂട്ടി ഏല്പിച്ചു പുറത്തേക്ക് പോകുമ്പോഴും മനസ്സിൽ ആരെന്നോ എന്തെന്നോ ഒരു ചിന്തയും വന്നിരുന്നില്ല....
പക്ഷെ ദൂരെ നിന്നും ഓപ്പോളിനെ കണ്ടപ്പോൾ തന്നെ ഹൃദയം വല്ലാതെ പിടക്കാൻ തുടങ്ങി....
പ്രൗഡിയോടെ മാത്രം കണ്ടിരുന്ന ആ രൂപം ആകെ മാറിയിരിക്കുന്നു... കണ്ണുകളിൽ തളം കെട്ടികിടക്കുന്ന വായിച്ചെടുക്കാൻ കഴിയാത്ത എന്തോ ഒരു വികാരത...
താൻ അടുത്തേക്ക് ചെന്നതും കൈകൂപ്പിക്കൊണ്ട് അവര് കരയാൻ തുടങ്ങി... പത്തു വർഷങ്ങൾക്ക് മുൻപ് അവസാനമായി ഞാൻ അവരെ കാണുമ്പോഴും ഇതുപോലെ എന്റെ മുന്നിൽ കൈകൂപ്പി നിന്നതാണ് മനസ്സിലേക്ക് ഓർമ വന്നത്...
""മാളവിക ഒരു കാര്യം മനസ്സിലാക്കണം ഞങ്ങളെ ഇല്ലത്ത് ഇന്നുവരെ ഇങ്ങനൊരു ബന്ധം ണ്ടായിട്ടില്ല,, ഇനിയിപ്പോ ണ്ടായാൽ തന്നെ ഞങ്ങള് അതൊന്നും നടത്തി കൊടുക്കാനും പോണില്ല.. ഉണ്ണിക്ക് നല്ലൊരു കൂട്ടരുമായി സമ്മന്തം വന്നിട്ടുണ്ട്,, പക്ഷെ അവന്റെ ഉള്ളില് നിന്നോട് അടങ്ങാത്ത പ്രണയമല്ലേ..
പിന്നെ നല്ലത് എന്തേലും തലേൽ കേറുമോ? നിന്നെ പോലെ ഒരു കുട്ടിക്ക് സ്വപ്നം കാണാൻ പറ്റുന്നതാണോ ഞങ്ങളെ പോലൊരു തറവാട്ടുകാര്,, വല്യ വീട്ടിലെ ആൺ കുട്ട്യോളെ കറക്കി എടുക്കാൻ നടക്കാണ് അവനാന്റെ നിലക്കും വിലക്കും അനുസരിച്ചതെ ആഗ്രഹിക്കാവു,,,
അവരുടെ വാക്കുകൾ കാര മുള്ളുകണക്കെ ഹൃദയത്തിൽ കുത്തി ഇറങ്ങിയെങ്കിലും ഉണ്ണിയേട്ടനെ മറക്കാൻ കഴിയില്ല എന്ന് തന്നെ തറപ്പിച്ചു പറഞ്ഞു...
മറക്കാൻ വേണ്ടീട്ടാണേൽ ഇങ്ങനെ ഹൃദയം കൊടുത്ത് പ്രണയിക്കണോ??
എന്റെ കണ്ണിലെ അഗ്നി കണ്ടിട്ടാവണം അവര് കൈകൂപ്പി എന്നോട് യാചിച്ചത്,, ഉണ്ണിയേട്ടനെ ഞാൻ സ്വന്തമാകുന്ന നിമിഷം അവര് മരിച്ചു കളയും എന്ന് ഭീഷണി പെടുത്തിയത് .. നിലയില്ല കഴത്തിലേക്ക് എന്നെ തള്ളിവിട്ടിട്ട് അവരന്ന് എന്റെ മുന്നിലൂടെ നടന്നു നീങ്ങുമ്പോൾ കണ്ണുനീർ തുള്ളികൾ എന്റെ കാഴ്ചയെ മറയ്ക്കുന്നുണ്ടായിരുന്നു... ഞാൻ കാരണം ഉണ്ണിയേട്ടന്റെ പ്രിയപ്പെട്ടതൊക്കെ നഷ്ട്ടപെട്ടു പോകുന്നതിനേക്കാൾ ഞാൻ സ്വയം പിരിഞ്ഞു പോകുന്നതാണ് നല്ലതെന്ന് തോന്നി ... ആർക്കൊക്കെയോ വേണ്ടി ഞാൻ എന്നെ തന്നെ നഷ്ട്ടപെടുത്തി ....
എന്റെ പെട്ടെന്നുള്ള അകൽച്ചയും ഉണ്ണിയേട്ടന് മുന്നിൽ നിന്നുള്ള ഒളിച്ചോട്ടവും എല്ലാം ആ മനസ്സിനെ വല്ലാതെ മുറിപ്പെടുത്തി.. മാളു ഉണ്ണിയെ വഞ്ചിച്ചുപോയതാണെന്ന് ഇല്ലത്തുള്ളവർ പാടി നടന്നു ,, ആദ്യമൊന്നും വിശ്വസിക്കാതിരുന്ന ഉണ്ണിയേട്ടനെ എല്ലാവരും ഇല്ലാകഥകൾ പലതും പറഞ്ഞു വിശ്വസിപ്പിച്ചു..പ്രണയത്തിന്റെ ഇളം ചുവപ്പിൽ നിന്നും അടങ്ങാത്ത പകയുടെ കടും ചുമപ്പിലേക്ക് കാലം ആ മനുഷ്യനെ കൊണ്ടെത്തിച്ചു...
എന്നോടുള്ള അടങ്ങാത്ത പകകൊണ്ടാവും അതികം വൈകാതെ പ്രിയ ഉണ്ണിയേട്ടന്റെ പാതി ആയതും,അപ്പൂസ് അവരുടെ ജീവിതത്തിലേക്ക് വന്നതും എല്ലാം... അന്ന് ഉണ്ണിയേട്ടനിൽ നിന്നും ഒളിച്ചോടാൻ കണ്ടുപിടിച്ച വഴിമാത്രമായിരുന്നു
ബി എസ് സി നഴ്സിംഗ്,, അന്ന് അതും പറഞ്ഞാണ് കർണാടകയിലേക്ക് പറിച്ചു നട്ടതെങ്കിലും ഇന്ന് അത് എനിക്ക് വല്ലാത്തൊരു ഊർജം കൂടെ ആണ് ജീവിക്കാൻ.
""ഓപ്പോൾ,, ""ഞാൻ പതിയെ വിളിച്ചു..
ഒലിച്ചിറങ്ങുന്ന കണ്ണീർ തുള്ളികൾ സാരി തലപ്പുകൊണ്ട് ഒപ്പിയെടുത്തു അവര് എനിക്കുമുന്നിൽ കൈകൂപ്പി നിന്നു..
ഒരിക്കൽ എന്നിൽ നിന്നും പിടിച്ചു പറിച്ചോണ്ട് പോയ ഉണ്ണിയേട്ടനെ ഞാൻ അവർക്ക് വീണ്ടും തിരിച്ചു കൊടുക്കണം,, എന്തൊരു വിചിത്രമായ ആവിശ്യം,,, അവരുടെ അപേക്ഷ എന്തിനെന്നുള്ള പോലെ ഞാൻ നെറ്റിച്ചുളിച്ചത് കൊണ്ടാവും അവര് കാര്യങ്ങൾ വ്യക്തമാക്കി തന്നു...
ഉണ്ണിയേട്ടൻ പ്രിയയെ വിവാഹം കഴിച്ചെങ്കിലും ഒരു ഭാര്യ എന്ന പരിഗണനയോ സ്നേഹമോ ഒരിക്കൽ പോലും അവൾക്ക് കൊടിത്തിരുന്നില്ല,, ഒരു ശരീരം മാത്രമായിരുന്നു ഉണ്ണിക്ക് അവൾ,, സ്നേഹം കൊണ്ട് മുറിവേറ്റവന് പിന്നെ ആരെയും സ്നേഹിക്കാൻ കഴിയില്ല എന്ന സത്യം തിരിച്ചറിയാൻ എല്ലാവരും തുടങ്ങുമ്പോയെക്കും നാളുകൾ ഒരുപാട് കഴിഞ്ഞിരുന്നു...
അപ്പൂസിന്റെ വരവിന് ശേഷവും ഉണ്ണിയുടെ സ്വഭാവത്തിൽ ഒരു മാറ്റവും വന്നില്ല,, അത്കൊണ്ട് തന്നെ അവർക്കിടയിലുള്ള പ്രശ്നങ്ങളും കൂടി കൂടി വന്നു,, എന്നത്തേയും പോലെ പരസ്പരം കലഹിച്ചു റൂമിന് പുറത്തേക്ക് വന്ന പ്രിയ മുന്നിൽ എല്ലാം കേട്ടുകൊണ്ട് പുറത്ത് നിന്നിരുന്ന ഓപ്പോളിനെ കണ്ടതും സകല നിയന്ത്രണങ്ങളും
നഷ്ടപ്പെട്ട് ആക്രോഷിച്ചു
""" നിങ്ങൾ ഒരൊറ്റ ഒരുത്തിയാണ് എന്റെ ജീവിതം ഇങ്ങനെ ആക്കിയത്, ഇല്ലത്തിന്റ മഹിമക്ക് കോട്ടം തട്ടുമെന്ന് പറഞ്ഞു ഒരു പാവം പെണ്ണിന്റ ജീവിതം ചവിട്ടി തേച്ചു കളഞ്ഞതിന് ദൈവം തന്ന ശിക്ഷയാണ് ഇത്,, ആ പെണ്ണിന്റെ കണ്ണീരിന് കണക്ക് പറയാതെ ആരും മരിച്ചു പോവില്ല,, എല്ലാ സത്യങ്ങളും അറിഞ്ഞിട്ടും അതൊക്കെ ഒളിപ്പിച്ചു വെച്ച് ഉണ്ണിയേട്ടന്റെ ജീവിതത്തിലേക്ക് കയറിപറ്റിയതിന് ദൈവം എനിക്ക് തന്നതാ ഇത്,, വിധി,,
"""നിയന്ത്രങ്ങൾ നഷ്ട്ടപെട്ട് പ്രിയ വിളിച്ചു പറഞ്ഞതത്രയും ഓപ്പോളിനെ പോലെ മുറിക്കകത്തു നിന്നും മറ്റൊരാൾ കൂടെ കേൾക്കുന്നുണ്ടെന്നുള്ളത് പ്രിയ ഓർത്തില്ല,,,,
""മാളുവിനെ നിങ്ങൾ എന്നിൽ നിന്നും മനപ്പൂർവം അകറ്റിയതാണോ??""മുറിയിൽ നിന്നും ഒരു ഭ്രാന്തനെ പോലെ ഇറങ്ങി വന്നുകൊണ്ട് ഓപ്പോളിന്റെ തോളിൽ പിടിച്ചു കുലുക്കികൊണ്ട് ഉണ്ണി ചോദിച്ചു..
മൗനം തളം കെട്ടി നിന്ന ആ നാലുകെട്ടിനുള്ളിൽ നിന്നും ഒരു പൊട്ടികരച്ചിൽ പുറത്തേക്ക് വന്നു അത് നാലുകെട്ടും കഴിഞ്ഞ് അന്തരീക്ഷമാകെ വിറകൊള്ളിച്ചു.
""ആരാണ് മാളു,,,?? ഡോക്ടർ ചോദിച്ചതും എല്ലാവരും തല താഴ്ത്തി നിന്നു .."" ആരാണെന്ന് പറയു,, ഉണ്ണിയുടെ ഭാര്യ ആണോ??ഡോക്ടർ ചോദ്യം ആവർത്തിച്ചു
" അല്ല,,, ഓപ്പോൾ നേർത്ത സ്വരത്തിൽ പറഞ്ഞു
"പിന്നെ??
"ഒരുകാലത്ത് അവന്റെ എല്ലാമായിരുന്നവൾ, കൂട്ടത്തിലെ കാർന്നവരാണ് ഇപ്രാവശ്യം മറുപടി പറഞ്ഞത്,, ഉണ്ണിയുടെയും മാളുവിന്റെ യും കഥകൾ കേട്ട ഡോക്ടർ ആണ് നിർദ്ദേശിച്ചത് ഉണ്ണിയുടെ കൈവിട്ടു പോയ മനസ്സിനെ തിരിച്ചു കൊണ്ട് വരാൻ ഒരു മരുന്നിനും കഴിയില്ല എന്ന്,,, മനസ്സ് എങ്ങനെ നഷ്ട്ടമായോ അതിൽ നിന്ന് തന്നെ ചികിത്സ തുടങ്ങണം എന്ന്,,,
""ഉണ്ണി,,,യേട്ടൻ???""നാളുകൾക്കു ശേഷം നാവിൽ ആ പേര് വീണ്ടും വന്നു...
" മെന്റൽ ഹോസ്പിറ്റലിൽ ഒരു മാസത്തോളം കിടത്തി,, ചിലപ്പോഴൊക്കെ വല്ലാതെ നിയന്ത്രണം തെറ്റും അപ്പോൾ ഷോക്ക് കൊടുക്കേണ്ടി വരും,, പിന്നെ മരുന്നുകൾ ഒന്നും മനസ്സിനെ നിയന്ത്രിക്കാൻ പറ്റാതെ വന്നപ്പോൾ ഇല്ലത്തേക് തന്നെ കൂട്ടി കൊണ്ട് വന്നു.. എത്രാന്ന് വെച്ചാ,,,,അവസാനം ഡോക്ടറ് പറഞ്ഞതാ ഇങ്ങനെ ഒരു വഴി,, അല്ലേൽ എനിക്കെന്റെ ഉണ്ണിയെ,,,ഓപ്പോളിന്റെ വാക്കുകൾ പാതിയിൽ മുറിഞ്ഞു...
ഒരിക്കൽ എന്നെ ജീവനോടെ കൊന്നുകളഞ്ഞ സ്ത്രീ,,,,,, ഇപ്പോൾ യാതൊരു മടിയും ഇല്ലാതെ മുന്നിൽ വന്ന് യാചിക്കുന്നു....
ഒരു നിമിഷം പിന്തിരിഞ്ഞു നടന്നാലോ എന്ന് ചിന്തിച്ചെങ്കിലും ഉള്ളിൽ അത്രമേൽ ആഴത്തിൽ വരച്ചിട്ട ആ മുഖം തെളിഞ്ഞു വന്നപ്പോൾ എനിക്ക് പിന്മാറാൻ സാധിച്ചില്ല,,,