തൂവൽ സ്പർശം, അവസാന ഭാഗം

Valappottukal


രചന: നൗഷിദ അസീസ്


നാളുകൾക്കു ശേഷം ഒരിക്കൽക്കൂടി ആ നാട്ടിലേക്ക്  ചെന്നിറങ്ങിയപ്പോൾ എന്തോ ഒരു ഭാരം മനസ്സിനെ വലിഞ്ഞു മുറുക്കുന്നപോലെ...,,മനസ്സുകൊണ്ട് അവിടുന്ന് ഉൾവലിയാൻ ആഗ്രഹിച്ചെങ്കിലും കണ്ണുകൾ രണ്ടും എന്തിനെന്നറിയാതെ  ചുറ്റിനും ഓടി നടന്നു.....

ഒരിക്കൽ പ്രണയംകൊണ്ട് പറുദീസ തീർത്ത  ആൽത്തറയും ആമ്പൽ കുളവും വഴി വക്കിലെ വാക മരവും എല്ലാം ഇന്ന് കാണുമ്പോൾ പാതിയിൽ മുറിഞ്ഞുപോയ പ്രണയത്തിന്റെ സ്മാരകമാണെന്ന് തോന്നി ...

വിടരും മുൻപേ കൊഴിഞ്ഞു പോയ വാകപ്പൂക്കൾ എന്നോട് സങ്കടം പറയുന്നതാണോ... അതോ പ്രണയംകൊണ്ട് മരിച്ചവളെ നോക്കി വിലപിക്കുന്നതാണോ...ഓരോന്ന് ഓർത്തുകൊണ്ട് കാറിന്റെ പിൻസീറ്റിലേക്ക് തലകൾ ചാരിവെച്ചു കണ്ണുകൾ അടച്ചങ്ങനെ കിടന്നു...  തറവാട്ടു മുറ്റത്ത് വണ്ടി ചെന്ന് നിന്നപ്പോഴാണ് പിന്നെ ഞാൻ അറിയുന്നത്....വണ്ടിയിൽ നിന്നും പുറത്തേക്ക് ഇറങ്ങി നോക്കിയതും 
ഓർമകളിലെ തലയെടുപ്പോടെ  ഉയർന്നു നിന്നിരുന്ന ആ നാലുകെട്ട് ഇത് തന്നെ ആയിരുന്നോ എന്ന് തോന്നിപോയി...

ഒരു നിമിഷം നിശ്ചലമായ കാലുകളെ  ഒന്നൂടെ ചലിപ്പിച്ചു ഞാൻ മുന്നിലേക്ക് നടന്നു...
 ഉമ്മറകോലായിൽ ഞങ്ങളെ കാത്തു നിൽക്കുന്ന മുഖങ്ങളത്രയും
എനിക്ക് ഒരുപാട് പരിചിതമായിരുന്നു,, ഒരാളുടെ ഒഴികെ   ....

""ഇത് """ഓപ്പോൾ  പരിചയപെടുത്താൻ തുടങ്ങിയതും ഞാൻ പരിചയപെടുത്തേണ്ടതില്ലെന്ന മട്ടിൽ കൈ ഒന്നുയുർത്തി..

പ്രിയ,,,,??.... സ്വപ്‌നങ്ങൾ കരിഞ്ഞുണങ്ങിയ ആ മുഖത്തേക്ക് നോക്കി ഞാൻ ഒന്ന് പുഞ്ചിരിച്ചുകൊണ്ട് ചോദിച്ചു.

""മ്മ് """എന്റെ മുഖത്തേക്ക് നോക്കാതെ തന്നെ അവളൊന്ന് മൂളി.
 
കണ്ണുകൾ അനുസരണയില്ലാതെ ഉമ്മറപടിയും കടന്ന് ഉള്ളിലേക്ക് പാഞ്ഞു,,, ആരെയോ തിരയുന്നപോലെ...അത് കണ്ടിട്ടാവണം ഓപ്പോൾ വേഗം തന്നെ എന്നെ അകത്തേക്ക് കൂട്ടികൊണ്ട് പോയത്....
അകത്തേക്ക് കയറുന്നതിനിടയിലെപ്പോഴോ വാതിൽ മറവിൽ നിന്ന് ഒളിഞ്ഞു നോക്കുന്ന ആ നാലു വയസ്സുകാരനെ ഞാനൊന്ന് കണ്ടു ..ഞാൻ നോക്കുന്നത് കണ്ടിട്ടാവണം ഒരു കുസൃതി ചിരിയോടെ അവൻ അവിടുന്ന് ഓടി മറഞ്ഞത്..

ഓപ്പോളിന്റെ പിറകെ അടഞ്ഞു കിടക്കുന്ന തെക്കേ അറ്റത്തെ മുറി ലക്ഷ്യമാക്കി ഞാനും നടന്നു...

പുറത്ത് നിന്നും താഴിട്ട് പൂട്ടിയ ആ മുറിക്കുള്ളിലാണ് മാസങ്ങളായി ഉണ്ണിയേട്ടൻ ജീവിക്കുന്നത് എന്ന് കേട്ടപ്പോൾ ഉള്ളൊന്ന് പിടഞ്ഞു..

"" ഈ കതകൊന്ന് തുറക്കുമോ? "

ഞാൻ ഓപ്പോളിനെ നോക്കി ചോദിച്ചു.

""സാധാരണ ഭക്ഷണം കൊടുക്കാൻ അല്ലാതെ ആരും ആ റൂമിലേക്ക് കയറാറില്ല... കതക് തുറക്കുന്ന ശബ്ദം കേട്ടാൽ തന്നെ ആർത്തുവിളിച്ചോണ്ട് അവൻ ഞങ്ങൾക്കരികിലേക്ക്  പാഞ്ഞടുക്കും...ഒരുപക്ഷെ കുട്ടിയിപ്പോ അകത്തേക്ക് കയറിയാലും  അവന് മനസ്സിലായിക്കൊള്ളണം എന്നില്ല .. ഉപദ്രവിക്കാൻ ശ്രമിക്കും.അത്കൊണ്ട് അതികം അടുത്തേക്ക് ഒന്നും പോവണ്ട,ഒന്ന് കണ്ടിട്ട് വേഗം ഇറങ്ങിയേക്ക്.. ബാക്കിയെല്ലാം ഡോക്ടർ വന്നു സംസാരിച്ചതിന് ശേഷം തീരുമാനിക്കാം,,""കതക് പതുക്കെ തുറക്കുന്നതിനിടയിൽ ഓപ്പോൾ പറഞ്ഞു...

ഓപ്പോൾ അത്രയൊക്കെ പറഞ്ഞിട്ടും അകത്തേക്ക് കയറാൻ എനിക്ക് ഒട്ടും ഭയം തോന്നിയില്ല,, ഇരുട്ടിനാൽ മൂടപ്പെട്ട ആ കുഞ്ഞു മുറിക്കുള്ളിലേക്ക് ഞാൻ കാലെടുത്തു വച്ചതും അകത്തു നിന്നും പാഞ്ഞു വരുന്ന ആ രൂപം ഒരു നിമിഷം എന്റെ ശ്വാസത്തെ വരെ നിശ്ചലമാക്കി....എന്നാലും പിന്തിരിഞ്ഞു പോവാൻ മനസ്സ് കേട്ടില്ല... ഒരുനിമിഷം ഞാനെന്റെ  കണ്ണുകളെ ഇറുക്കി അടച്ചുകൊണ്ട് സകല ഊർജവും എടുത്തോണ്ട് ഉറക്കെ വിളിച്ചു,,

"""ഉണ്ണിയേട്ടാ......"""

ഞാൻ അത് വിളിച്ചതും അതുവരെ കേട്ട അട്ടഹാസം പൊടുന്നനെ നിലച്ചതുമെല്ലാം ഒരുമിച്ചായിരുന്നു... ഞാൻ പതുക്കെ കണ്ണുകൾ തുറന്നു..

മുന്നിൽ നിൽക്കുന്ന രൂപം ഒരു നോക്ക് കണ്ടതും ഞാൻ ഇരുകൈകളാൽ കണ്ണുകൾ പൊത്തിപിടിച്ചു നിലത്തേക്ക് ഇരുന്നു....ഉള്ളിൽ തികട്ടിവന്ന സങ്കടം കണ്ണുനീരാൽ പുറത്തേക്ക് വന്നു...

എത്രനേരം ആ ഇരിപ്പ് തുടർന്നെന്ന് എനിക്ക് അറിയില്ല... പക്ഷെ ഒന്നുമാത്രം അറിയാം ഉള്ളിലെ കാർമേഘം പെയ്തൊഴിയും വരെ അതങ്ങനെ തുടർന്നിരുന്നു...
""മാളൂ.... അകത്തേക്ക് വരാനുള്ള ഭയം കൊണ്ടാവണം ഓപ്പോൾ പുറത്ത് നിന്നും വിളിച്ചോണ്ടിരുന്നത്.....
കണ്ണുനീരിന്റെ അവസാന തുള്ളിയും കൈകളാൽ തുടച്ചു നീക്കികൊണ്ട് കണ്ണുകൾ തുറന്നപ്പോൾ തന്നെ കണ്ടു എന്നെ തന്നെ നോക്കിയിരിക്കുന്ന ആ ശോഷിച്ച രൂപം... പണ്ടത്തെ പോലെ ആ കണ്ണുകളിൽ തിളക്കമില്ല... കോതി മിനുക്കിയ മുടിയുടെയും കുറ്റിത്താടിയുടെയും സ്ഥാനത്ത് ഇന്ന് ജഡ വന്നു കൂടിയിരിക്കുന്നു... അഴുക്കു പുരണ്ട വസ്ത്രങ്ങളിൽ അങ്ങിങ്ങായി ചോരപ്പാടുകൾ ഉണങ്ങി പിടിച്ചിട്ടുണ്ട്,,വീണ്ടും ഒന്നൂടെ നോക്കിയപ്പോൾ മനസ്സിലായി സ്വയം മുറിവേൽപ്പിച്ചതിന്റ അടയാളങ്ങളാണെന്ന്..

""ഉണ്ണിയേട്ടാ..... പതിഞ്ഞ സ്വരത്തിൽ ഞാൻ ഒന്നുകൂടെ വിളിച്ചു...

എന്റെ വിളികേട്ടതും ഉണ്ണിയേട്ടൻ ചെവികൾ പൊത്തിയടച്ചു മുറിയുടെ ഒരു മൂലയിലേക്ക് ഓടി ഒളിക്കാൻ ശ്രമിച്ചു ..

ഞാൻ പതുക്കെ എണീറ്റ് അവിടേക്ക് നടന്നു,, എന്തോ കണ്ടു ഭയപ്പെട്ടപോലെ ഒരു മൂലയിൽ ചുമരിനോട് മുഖം തിരിഞ്ഞു നിൽക്കുന്ന ഉണ്ണിയേട്ടനെ  ഞാൻ ഇരുകൈകളാൽ പിടിച്ചു എനിക്ക് അഭിമുഖമാക്കി നിർത്തി... പൊടുന്നനെ ആ കരങ്ങൾ എന്നെ വലിഞ്ഞു മുറുക്കി... കഴുത്തിലൂടെ നനവ് ഒലിച്ചിറങ്ങിയതും മനസ്സിലായി ആ കണ്ണുകൾ നിറഞ്ഞൊഴുകുന്നതാണെന്ന്..

"മാളൂ,,,, ആ ചുണ്ടുകൾ മന്ത്രിക്കുന്നത് എനിക്ക് കേൾക്കാമായിരുന്നു...

രാത്രിയിലെ ഭക്ഷണം എന്നെ ഏൽപ്പിച്ചു പോവുമ്പോൾ ഓപ്പോളിന്റെ കണ്ണുകളിൽ വല്ലാത്തൊരു കുറ്റബോധം നിഴലിച്ചിരുന്നു...

""പ്രിയ എവിടെ..?തിരിഞ്ഞു നടക്കാൻ തുടങ്ങിയ ഓപ്പോളിനെ പിടിച്ചു നിർത്തികൊണ്ട് ഞാൻ ചോദിച്ചു..,,

""അവള്,,,, അവളും മോനും അവര്ടെ ഇല്ലത്തേക്ക് പോയി,, ഞാനാ പറഞ്ഞത് കുറച്ചീസം അവിടെ പോയി നിന്നോളാൻ,,, ഇങ്ങനെ ഒരവസ്ഥയിൽ അവളെ ഇവിടെ നിർത്താൻ മനസ്സ് അനുവദിച്ചീല,,.. ഒരു നെടുവീർപ്പോടെ ഓപ്പോൾ പറഞ്ഞു തീർത്തു...

ഓരോ ഉരുള ചോറും വായിലേക്ക് വെച്ചുകൊടുക്കുമ്പോൾ അനുസരണയുള്ള ഒരു കുട്ടിയെപ്പോലെ ഉണ്ണിയേട്ടൻ അത് മുഴുവനും കഴിച്ചു തീർത്തു...

 എന്റെ മടിയിൽ തലചായ്ച്ചുകൊണ്ട് ചുരുണ്ടുകൂടി കിടക്കുന്ന ഉണ്ണിയേട്ടനെ കണ്ടപ്പോൾ ഒരു കുഞ്ഞിനോടെന്നപോലെ വാത്സല്യം തോന്നിപോയി... ഞാൻ ആ മുടികളിൽ പതിയെ തലോടി കൊടുത്തു.. ഇടക്കെപ്പോഴോ ആ കണ്ണുകളിൽ ഉറക്കം വിരുന്നു വന്നു.....

ദിവസങ്ങൾ കടന്നുപോകവേ ഉണ്ണിയേട്ടനിൽ വലിയ മാറ്റങ്ങൾ വന്നു തുടങ്ങി, പിന്നീട് ഇരുട്ട് നിറഞ്ഞ മുറിയിൽ നിന്നും പതിയെ പുറത്തേക്കിറങ്ങി .,, ജഡ പിടിച്ച മുടിയും താടിയും എല്ലാം വെട്ടി വൃത്തിയാക്കി,കൃത്യമായ ഭക്ഷണവും മരുന്നുമെല്ലാം ആ ശരീരത്തിനും മനസ്സിനും വലിയ മാറ്റങ്ങൾ കൊണ്ട് വന്നു...

 ചികിത്സയുടെ അവസാനഘട്ടം എന്നപോലെ ഉണ്ണിയേട്ടനെയും കൊണ്ട് ഹോസ്പിറ്റലിലേക്ക് ചെല്ലുമ്പോൾ  മനസ്സിന് വലിയ ആശ്വാസം തോന്നി..

""വരൂ,,,ഇരിക്കൂ,,,, ഡോക്ടറുടെ മുറി തുറന്ന് അകത്തേക്ക് കയറിയ ഞങ്ങളെ നോക്കികൊണ്ട് ഡോക്ടർ പറഞ്ഞു..

"മാളവിക.....അല്ലെ,,,ഡോക്ടർ ആമുഖമെന്നോണം ചോദിച്ചു പിന്നീട് എന്നെ നോക്കികൊണ്ട് സംസാരിക്കാൻ തുടങ്ങി

""സത്യത്തിൽ ഉണ്ണിയുടെ മാറ്റം അവിശ്വസനീയം ആണ്,, ഇത്രയും കുറഞ്ഞ ദിവസങ്ങൾ കൊണ്ട് അയാളിൽ ഇത്രയൊക്കെ മാറ്റങ്ങൾ വരുത്താൻ സാധിച്ചെങ്കിൽ അതിനെ അപ്പ്രിഷേറ്റ് ചെയ്തേ മതിയാവുള്ളൂ..""

ഡോക്ടർ പറഞ്ഞതിന് മറുപടി ഞാനൊരു പുഞ്ചിരിയിൽ ഒതുക്കി..

പിന്നീട് ഡോക്ടർ ഓപ്പോളിന് നേരെ തിരിഞ്ഞുകൊണ്ട് സംസാരം തുടർന്നു..
"സീ  മിസ് മായാ ദേവി,,, ഉണ്ണിയുടെ ശരീരം മരുന്നുകളോടൊക്കെ വലിയ രീതിയിൽ പ്രതികരിച്ചു തുടങ്ങിയിരിക്കുന്നു.. അത് തന്നെയായിരുന്നു നമ്മുടെ ആവശ്യവും ,,, ഇനി അവനെ രണ്ടു ദിവസം ഇവിടെ നിർത്തണം,, ഈ രണ്ടു ദിവസത്തെ ചികിത്സയോട് കൂടെ നിങ്ങൾക്ക് ഞാൻ അവനെ തിരിച്ചു തരും..തീർത്തും പുതിയൊരാൾ ആയിട്ട്..""

"" ഡോക്ടർ പറഞ്ഞു വരുന്നത്?? ഡോക്ടർ പറഞ്ഞതിന്റെ പൊരുൾ അറിയാനെന്നോണം ഓപ്പോൾ ചോദിച്ചു...
" അതായത്,, ഈ രണ്ട് ദിവസത്തെ ചികിത്സ എന്ന് പറയുന്നത് വെറും മരുന്നുകൾ കൊണ്ടല്ല മറിച്ച് ഒരിക്കൽ മുറിവേറ്റ ആ മനസ്സിനെ തന്നെ മായ്ച്ചു കളഞ്ഞു പകരം പുതിയൊരാൾ ആയി പുനർ ജനിപ്പിക്കുക എന്നതാണ്... കുറച്ചൂടെ വ്യക്തമായി പറഞ്ഞാൽ ഈ രണ്ടു ദിവസംകൊണ്ട് ഉണ്ണി പഴയതെല്ലാം മറക്കും,, എല്ലാവരെയും.. കഴിഞ്ഞ കാലത്തിന്റെ ഓർമ്മകൾ ഇല്ലാത്ത ഒരു മനുഷ്യനായി അവൻ മാറും,,തീർത്തും പുതിയൊരാളായി നിങ്ങളിലേക്ക് ഞാൻ അവനെ തരും..""
ഡോക്ടർ പറഞ്ഞത് എന്താണെന്ന് എനിക്ക് മനസ്സിലാക്കാൻ അതികം സമയം വേണ്ടി വന്നില്ല ,,, അതെ എന്നെയും എന്റെ ഓർമകളെയും ആ മനസ്സിൽ നിന്നും എന്നെന്നേക്കുമായി പറിച്ചു മാറ്റാൻ പോവുന്നു ...ഇനി ഉണ്ണിയേട്ടനെ ഞാൻ കാണുമ്പോൾ ആ മനുഷ്യന് തീർത്തും അപരിചിതയായ ഒരാളായിരിക്കും ഞാനും എന്ന് സാരം.. ഒരു തരം കുടി ഒഴിപ്പിക്കൽ.

ഒന്നോർത്തപ്പോൾ ഒരുകണക്കിന് ഇത് തന്നെയാണ് നല്ലതെന്ന് തോന്നി .,,, വീണ്ടും എന്റെ ഓർമ്മകൾ ആ മനസ്സിന്റെ താളം തെറ്റിക്കുന്നതിനെക്കാൾ എന്തുകൊണ്ടും നല്ലത്...

ഡോക്ടറുടെ മുറിയിൽ നിന്നും പുറത്തിറങ്ങിയതിൽ പിന്നെ ഓപ്പോളും ഞാനും തമ്മിൽ പരസ്പരം ഒന്നും സംസാരിച്ചില്ല  ... എന്റെ കൈകളിൽ കൈകോർത്തുകൊണ്ട് ഉണ്ണിയേട്ടൻ ഡോക്ടർ പറഞ്ഞ മുറിയിലേക്ക് നടന്നു... അതിനുള്ളിലേക്കുള്ള പ്രവേശനം എനിക്ക് വിലക്കിയത്കൊണ്ടാണ് ഞാനാ കൈകളുടെ പിടുത്തം ബലമായി വിടുവിച്ചുകൊണ്ട് തിരിഞ്ഞു നടന്നത്.,, എന്റെ കൂടെ ഓടാൻ ശ്രമിച്ച ഉണ്ണിയേട്ടനെ കുറച്ചു നേഴ്‌സുമാർ ചേർന്ന് പിടിച്ചു വച്ചു....
""മാളൂ,,,,.കരഞ്ഞുകൊണ്ടുള്ള ആ നില വിളി കേൾക്കാതിരിക്കാൻ ഞാൻ എന്റെ കാതുകൾ പൊത്തിയടച്ചു...

 ഉണ്ണിയേട്ടൻ ആ മുറിക്കുള്ളിലേക്ക് കയറിയിട്ട് ഇന്നേക്ക് രണ്ട് നാൾ പൂർത്തിയായിരിക്കുന്നു.,, ഇനി തിരിച്ചിറങ്ങുമ്പോൾ ഈ ലോകവും ഇവിടുള്ള മനുഷ്യരുമെല്ലാം ഉണ്ണിയേട്ടന് പുതിയതായിരിക്കും.. അമ്മയുടെ ഗർഭ പാത്രത്തിൽ നിന്നും പുറത്ത് വന്ന കുഞ്ഞിനെപോലെ..ഉണ്ണിയേട്ടന്റെ വരവും കാത്ത് പുറത്ത് എല്ലാവരും ഉണ്ട്.. അവർക്കിടയിൽ ഞാൻ തീർത്തും ഒരന്യയായിരിക്കുന്നപോലെ..
കുറച്ചു നേരത്തേക്ക് അവിടുന്നൽപ്പം മാറി നിൽക്കാം എന്ന് കരുതിയാണ് ക്യാന്റീനിൽ പോയിരുന്നത്...ഡോക്ടർ പറഞ്ഞ സമയം അനുസരിച് അര മണിക്കൂറിനുള്ളിൽ ഉണ്ണിയേട്ടനെ പുറത്തേക്കിറക്കും.. വാച്ചിലെ സമയം നോക്കി ഞാൻ പതിയെ അവിടുന്ന് എണീറ്റ് ഹോസ്പിറ്റലിനുള്ളിലേക്ക് കടന്നു...

""അതെ,, ഓപ്പോളിന് ഞാൻ പറഞ്ഞതിന്റെ ഗൗരവം മനസ്സിലായിക്കാണുമല്ലോ,,, കണ്ണ് തുറക്കുമ്പോൾ ഉണ്ണി അവളെ കാണാൻ പാടില്ല..,,, ഡോക്ടർ പറയുന്നത് ഒന്നും നോക്കണ്ട,, ഇനി ഒരിക്കലും അവളുടെ മുഖമോ ചിന്തകളോ ഉണ്ണീടെ മനസ്സിലേക്ക് വരാൻ പാടില്ല,, അതിന് എന്താ വേണ്ടത് എന്ന് ഓപ്പോളിന് ഞാൻ പറഞ്ഞു തരണോ...

 തന്നെക്കുറിച്ചുള്ള അവിടുത്തെ സംസാരം കേട്ടതും ഒരു നിമിഷം ഞാൻ ആ ചുവരുകൾക്ക് മറവിൽ തന്നെ തരിച്ചു നിന്നുപോയി... ഒരിക്കൽ കൂടെ ഒഴിഞ്ഞു പോവണം എന്ന വാക്കുകൾ കേൾക്കാൻ മനസ്സിന് ശക്തിയില്ലാത്തത് കൊണ്ടാവും ആരുടെയും സമ്മതത്തിന് കാത്തു നിൽക്കാതെ അവിടുന്ന്  തിരിഞ്ഞു നടന്നത്... 

ഈ മനുഷ്യരോക്കെ എന്തൊരു സ്വാർത്ഥരാണല്ലേ....ചീറിപ്പായുന്ന ട്രെയിനിലെ ജനൽകമ്പികളിൽ പിടിച്ചുകൊണ്ടു ഞാൻ   ആരോടെന്നില്ലാതെ പറഞ്ഞു ... ഓർമ്മകൾ പുറകിലേക്ക് പാഞ്ഞു.....മാറി മാറി വരുന്ന കാഴ്ചകളിലൂടെ ഞാനെന്റെ യാത്ര തുടർന്നു.

""ഉണ്ണി ഇത്,,,,,,,, ഡോക്ടർ തനിക്ക് ചുറ്റും നിൽക്കുന്ന ഓരോ മനുഷ്യരെയും ഉണ്ണിക്ക് പരിചയപ്പെടുത്തി കൊടുത്തു... അയാൾ ആകാംക്ഷയോടെ അവരെയെല്ലാം നോക്കികൊണ്ടിരുന്നു....പരിചയപ്പെടുത്തലുകൾക്കൊടുവിൽ അയാൾ വിദൂരതയിലേക്ക് നോക്കി ഉരുവിട്ടു

"" മാളൂ.... "".. ശുഭം
To Top