ജീവനെ പോലെ ശരത്തേട്ടൻ സ്നേഹിച്ചിട്ടും അത് തിരിച്ചറിഞ്ഞിട്ടും...

Valappottukal

റീ യൂണിയൻ ❤❤

രചന: ജിഫ്ന നിസാർ

ഒറ്റക്കായതു പോലെ........

ശരത്തേട്ടനോട് വഴക്കിട്ട ഏതോ ഒരു ദിവസം ഇട്ട വാട്സാപ്പ് സ്റ്റാറ്റസ് അങ്ങനെ ആയിരുന്നു....

മനസ്സിൽ തോന്നിയ ഫീൽ അതങ്ങനെ എഴുതി ഇടാനാണ് തോന്നിയത്....

അങ്ങനൊരു തോന്നൽ വേണ്ട... ഒറ്റക്കല്ല.. "

ഒത്തിരി പേരത് കണ്ടു പോയിട്ടും ഇങ്ങനൊരു മറുപടി തന്നത് അലൻ ആയിരുന്നു...

കോരി തരിച്ചു പോയ നിമിഷം...

കോളേജിൽ പഠിക്കുമ്പോൾ തന്റെ പ്രാണൻ ആയിരുന്നവൻ... ഡിഗ്രി കഴിഞ്ഞു കോളേജ് വിട്ട് പോരുമ്പോൾ അവനെയും ഉപേക്ഷിച്ചു പോന്നിരുന്നു..ഒരിക്കലും ഒന്നിക്കാൻ കഴിയില്ലെന്ന തിരിച്ചറിവോ... അതോ അന്നത്രയും സ്നേഹം മനസ്സിൽ ഇല്ലാഞ്ഞതോ...

എങ്കിലും മനസ്സിന്റെ ഒരു കോണിൽ എവിടെയോ ഓർക്കുമ്പോൾ തോന്നുന്നൊരു കുളിരായി അവൻ എന്നും ഉണ്ടായിരുന്നു..

പഠനത്തിന്റെ തീവ്രതയറിഞ്ഞ നാളുകളിൽ പിന്നെ വേറൊരു പ്രണയത്തിന് തല വെച്ച് കൊടുക്കാൻ സമയമില്ലായിരുന്നു...

അത് കൊണ്ട് തന്നെ MA ഉയർന്ന റാങ്ക് നേടിയാണ് പൂർത്തിയാക്കിയത്...

ജോലിക്ക് കയറിയ ആ വർഷം തന്നെ ആയിരുന്നു... ശരത്തേട്ടന്റെ ആലോചന വീട്ടിൽ പിടി മുറുക്കിയതും..

എല്ലാം കൊണ്ടും യോജിക്കുന്ന ചുറ്റുപാടും കുടുംബവും..
ഡോക്ടർ ആണ് ശരത് ചന്ദ്രൻ...

എത്ര പെട്ടന്നാണ് ആള് തന്റെ ജീവനായത്..

സന്തോഷം നിറഞ്ഞ ജീവിതം തന്നെ ആയിരുന്നു... മോള് ഇഷാനിയും ശരത്തേട്ടനുമായി പിന്നെ ലോകം...ജോലിയും.

അതിനിടയിൽ കൂടെ പഠിച്ചവർ ആരുമായും അത്ര ബന്ധം ഒന്നും ഇല്ലായിരുന്നു..

അതിന് മിനകേട്ടിട്ടില്ല എന്നത് തന്നെ ആയിരുന്നു കാരണം..

ഒരിക്കൽ സ്വന്തം വീടിന്റെ അടുത്തുള്ള ഒരു കല്യാണത്തിന് പോയപ്പോൾ... കൂടെ പഠിച്ച മീരയെ കാണാൻ ഇടയായി..

ഒത്തിരി സന്തോഷം നൽകിയ കൂടി കാഴ്ച..

കോളേജ് ടൈമിലെ പല കാര്യങ്ങളും പറഞ്ഞു ഒരുപാട് ചിരിച്ചു...

തിരിച്ചു പോരും മുന്നേ അവൾ നമ്പർ വാങ്ങിയിരുന്നു..

ബോംബെയിലെ ഏതോ കമ്പനിയിൽ മാനേജിങ് ഡയരക്ടർ ആയിരുന്നു മീര..

ഡിഗ്രി ഒരുമിച്ച് പഠിച്ചവരെല്ലാം കൂടി ഉള്ളൊരു ഗ്രൂപ്പ്‌ ഉണ്ടായിരുന്നു എന്ന് തന്നെ അറിഞ്ഞത് ആ ഗ്രൂപ്പിൽ അവൾ തന്നെ ആഡ് ചെയ്തപ്പോൾ ആയിരുന്നു...

കോളേജ് എന്നോർക്കുമ്പോൾ അന്നും ഇന്നും ആദ്യ ഓർമ... അതെന്നും അലൻ തന്നെ ആയിരുന്നു..

ഇഷ്ടത്തിന്റെ മായാത്തൊരു  തണുപ്പിൽ അവനങ്ങനെ മറവിക്ക് പിടി കൊടുക്കാതെ മുങ്ങി നിവർന്നു....

അത് കൊണ്ട് തന്നെ ആദ്യം ഗ്രൂപ്പിൽ ജോയിൻ ചെയ്യുമ്പോൾ നോക്കിയത് അവൻ അതിലുണ്ടോ എന്നതായിരുന്നു..

ഒറ്റ നമ്പറും സേവ് ചെയ്യാത്തത് കൊണ്ട് തന്നെ അതിലവൻ ഏതെന്ന് മനസ്സിലായില്ല..

Dp കൾ അരിച്ചു പൊറുക്കിയിട്ടും കാണാതെ മനസ്സിൽ നിറഞ്ഞ നിരാശ പണിപ്പെട്ട് അടക്കി..

പുതുതായി എത്തിയ തനിക്കവിടെ അന്ന് പറയാൻ വിശേഷങ്ങൾ ഏറെ ആയിരുന്നു..

വിശേഷങ്ങൾ പറഞ്ഞും.. മറ്റുള്ളവരുടെ വിശേഷങ്ങൾ കേട്ടും അന്നുറങ്ങാൻ കിടക്കും വരെയും ശരത്തേട്ടനും ചെവി കേട്ട് കാണില്ല..

പറഞ്ഞിട്ടും പറഞ്ഞിട്ടും മതിയാവാത്ത പോലെ വീണ്ടും വീണ്ടും പറഞ്ഞു കൊണ്ടേ ഇരിക്കുന്ന തന്നെ അച്ഛനും മകളും കൂടി അന്നൊരുപാട് കളിയാക്കി...

മനസ്സിൽ വീണ്ടും ആ കോളേജ് വിദ്യാർത്ഥിനി ആയതു പോലെ...

പിറ്റേന്ന് മുതൽ അത്ര ആക്റ്റീവ് അല്ലേലും കൂടുതൽ സമയം ഗ്രൂപ്പിൽ തന്നെ ആയിരുന്നു..

ആ ഗ്രൂപ്പിൽ കണ്ണും മനസ്സും അപ്പോഴും തിരഞ്ഞത് അവനെ മാത്രം ആയിരുന്നു... അലനെ.

ആരോടും ചോദിക്കാനും വയ്യ...

അന്നത്തെ ആ ഇഷ്ടം ക്ലാസ് മൊത്തം അറിഞ്ഞിരുന്നു..

അത് കൊണ്ട് തന്നെ താൻ അലനെ അന്വേഷിചാൽ തീർച്ചയായും... കളിയാക്കി കൊല്ലും എല്ലാം കൂടി..

അതോർത്തു തന്നെ ചോദിച്ചില്ല..

എന്നെങ്കിലും തീർച്ചയായും... ഗ്രൂപ്പിൽ അവനുണ്ടങ്കിൽ താൻ ഇവിടുണ്ടെന്ന് അറിഞ്ഞാൽ അവൻ അറിയാതിരിക്കില്ല എന്ന് തന്നെ വിശ്വസിച്ചു...

ഒരാഴ്ച കൊണ്ട് പതിയെ പതിയെ ഗ്രൂപ്പിൽ നിന്നും വലിഞ്ഞു തുടങ്ങി എങ്കിലും... അലനെ കുറിച്ചുള്ള ഓർമകൾ മനസ്സിൽ നിറഞ്ഞു കൊണ്ടേ ഇരുന്നു...

അതിനിടയിൽ... ജീവിതം അതിന്റെ വഴിക് തന്നെ പോയി..
ഒന്നും രണ്ടും പറഞ്ഞിട്ട് വഴക്കുണ്ടാക്കാൻ താൻ ഭയങ്കര മിടുക്കി ആയിരുന്നു..

ഇടക്കുള്ള ആ വഴക്കുകളിൽ പോലും ഒരു രസം ഉണ്ടായിരുന്നു..സ്നേഹം ഉണ്ടായിരുന്നു.

അങ്ങനെയാണ് ആ ഒരു സ്റ്റാറ്റസിൽ എത്തിയത്...

പരിചയമുള്ളവരൊക്കെ പുച്ഛം ഇമോജി അയച്ചു പോയി...

അതും ഇടക്കുള്ള കലാപരിപാടി ആയിരുന്നു..

അങ്ങോട്ട്‌ ചൊറിഞ്ഞു വഴക്കുണ്ടാക്കിയ താൻ തന്നെ സെന്റിമെന്റൽ സ്റ്റാറ്റസ് ഇട്ടിട്ട് എന്നോട് ഇങ്ങോട്ട് വന്ന് മുട്ടൻ അടി കൂടിയ ഫീൽ ഉണ്ടാക്കി എടുക്കും..

വഴക്ക് തീരുന്ന ദിവസം അത് പറഞ്ഞിട്ട് ശരത്തേട്ടൻ ചിരിച്ചു മറിയും..

പരിജയമില്ലാത്തൊരു നമ്പറിൽ നിന്നായിരുന്നു ആ ആശ്വാസം വന്ന് ചേർന്നത്....

ആരാണ് എന്നത് ഒരു പിടിയും കിട്ടിയില്ല..

അത് കൊണ്ട് തന്നെയായിരുന്നു ആരാണ് എന്ന് ചോദിച്ചു കൊണ്ട് തിരിച്ചു മെസേജ് ഇട്ടത്...

"ശ്രീ എന്നെ മറന്നുവല്ലേ....."

തിരിച്ചൊരു പരിഭവം മറുപടി കിട്ടിയപ്പോഴും ആളെ മനസ്സിലായില്ല..

ശ്രീ......

ശ്രീ നന്ദ എന്ന തന്നെ നന്ദു എന്നല്ലാതെ ശ്രീ എന്ന് വിളിച്ചിരുന്ന ഒരേ ഒരാൾ..

അലൻ..... ആവേശത്തിൽ വിളിക്കുമ്പോൾ..... സ്വരത്തിനൊപ്പം ഹൃദയം കൂടി വിറച്ചു..

മറന്നിട്ടില്ല അല്ലേ... ഇപ്രാവശ്യം വോയിസ്‌ ആയിട്ടാണ് മെസേജ് എത്തിയത്...

ഒന്നും മിണ്ടാനാവാതെ നിന്ന് പോയിരുന്നു...

അതൊരു തുടക്കം മാത്രമായിരുന്നു..

ഗ്രൂപ്പിൽ വന്ന അന്ന് തന്നെ അലൻ അറിഞ്ഞിരുന്നു എന്നും തേടി വരുമോ എന്ന് നോക്കി കാത്തിരുന്നു എന്നും അവൻ പറയുമ്പോൾ നന്ദു ഒരുപാട് സന്തോഷിച്ചു..

അലൻ ദുബായിൽ ആണെന്നും... ഭാര്യയും മക്കളും അവനൊപ്പം തന്നെ ആണെന്നും... അവിടൊരു കമ്പനി സ്വന്തമായി തുടങ്ങി എന്നും എല്ലാം അവൻ പറയുമ്പോൾ.... എങ്ങു നിന്നോ ഒരു നിരാശയുടെ ചെറിയ നോവ് തന്നിലേക്ക് അരിച്ചു കയറുന്നുണ്ടോ...

പിന്നീട് അങ്ങോട്ട് മെസേജ്കളുടെ പൂരം തന്നെ ആയിരുന്നു...

ഗ്രൂപ്പിൽ നിന്നും മെല്ലെ വലിഞ്ഞു... അറിയാനും പറയാനും കാത്തിരുന്നവൻ ഒരു വിരൽ തുമ്പിനറ്റത്തല്ലേ...

ഓർമകളുടെ കുത്തൊഴുക്കിലേക്ക് വലിച്ചു കൊണ്ട് പോയി... ഓരോ മെസേജുകളും...

ചിലപ്പോൾ ഒക്കെയും ശരത്തേട്ടനെയും മോളെയും പോലും മറന്നു പോകുന്നത് പോലെ..
അന്നത്തെ അതേ പ്രണയിനി മാത്രമാവുന്ന നിമിഷങ്ങൾ...

രാവിലെ ആദ്യം എത്തുന്ന മെസേജ് അലന്റെയാവും.. ആ ദിവസം അവസാനിക്കുന്നതും അവന്റെ മെസേജ് കൊണ്ട് തന്നെ..

പണ്ടത്തെ അതേ കുറുമ്പും കുസൃതിയും അവനിൽ നിന്നും പോയിട്ടേ ഇല്ലായിരുന്നു..

പൊതുവെ ഇച്ചിരി ശാന്ത ഭാവമുള്ള ശരത്തേട്ടന്റെ നേരെ എതിർ സ്വഭാവം..
പിന്നെ പിന്നെ ശരത്തേട്ടന്റെ കുഞ്ഞു കുഞ്ഞു പോരായ്മകൾ അലന്റെ ഗുണങ്ങളുമായി കമ്പയർ ചെയ്യുന്ന തിരക്കിൽ ആയിരുന്നു....നന്ദു.
കോളേജിൽ ഉണ്ടായിരുന്ന തന്റെ ബെസ്റ്റ് ഫ്രണ്ട് എന്ന് പറഞ്ഞിട്ട് ശരത്തേട്ടനും പരിജയപെടുത്താൻ മറന്നില്ല അലനെ..

അനാവശ്യമായി ഒന്നും പറയാതെ... കഴിഞ്ഞ കാലത്തിന്റെ ഓർമ പെടുത്തൽ മാത്രം ആയി കൊണ്ട് തന്നെ അങ്ങനെ മുന്നോട്ട് പോയി...

അവനോട് സംസാരിക്കുന്ന ഓരോ നിമിഷവും ഉള്ളിൽ ഒരു നഷ്ടബോധം തളം കെട്ടിയെങ്കിലും.... അതൊരിക്കലും പറഞ്ഞില്ല..

ശരത്തേട്ടൻ നല്ലൊരു ഭർത്താവ് മാത്രമല്ല... നല്ലൊരു അച്ഛൻ കൂടി ആയിരുന്നു...

എന്നിട്ടും...

സന്തോഷം അതിന്റെ പരക്കോടിയിൽ എത്തിയത് ഗ്രൂപ്പിൽ നിന്നും അറിഞ്ഞൊരു വാർത്തയുടെ ബാക്കിയായിരുന്നു..

റീ യൂണിയൻ..

ഓർമകൾ പുതുക്കാൻ... ഒരിക്കൽ കൂടി കാണാൻ.. സൗഹൃദം ഒന്നൂടെ ഊട്ടി ഉറപ്പിക്കാൻ ഒന്നൂടെ ഒരുമിച്ച് കൂടുന്നു.. കോളേജിൽ.

ആ ആശയം ആദ്യം പറഞ്ഞ സനൽ ലാലിനോട് മനസ്സിൽ നന്ദി പറഞ്ഞിട്ട് ആദ്യം എത്തിയത് അലന്റെ പേജിലാണ്..

വരില്ലേ... എന്ന് ചോദിക്കുമ്പോൾ ഒന്ന് കാണാൻ അത്രയും മോഹിച്ചിരുന്നു എന്ന് തോന്നി..

"നോക്കട്ടെ എന്നവൻ പറയുമ്പോൾ ഹൃദയം നിരാശയുടെ പടു കുഴിയിലേക്ക് വീണു പോയിരുന്നു..

നീ തലേന്ന് തന്നെ പോകുമായിരിക്കും ല്ലേ നന്ദു എന്ന് ശരത്തേട്ടൻ കളിയാക്കി ചോദിക്കുമ്പോഴും... ആ നോക്കട്ടെ എന്നതിൽ ഉറച്ചു പോയിരുന്നു മനസ്സ് മുഴുവനും..

ഗ്രൂപ്പിൽ പിന്നെ കൂടി ചേരലിന്റെ പ്ലാൻ ഒരുകുന്ന തിരക്കിൽ ആയിരുന്നു..

റഷീദും സനലും ഗീതികയും മരിയയും എല്ലാത്തിനും വേണ്ടി ഓടി നടക്കുന്നുണ്ട്..

അവരാണ് കോർഡിനേറ്റ് ചെയ്യുന്നത്..

ഡ്രസ്സ്‌ കോടും.. ഫുഡും എല്ലാം അറേൻജ് ചെയ്ത് എല്ലാവരും ആ ദിവസം കാത്തിരിക്കുമ്പോൾ... താൻ നോക്കി നോക്കി ഇരുന്നത് അലന്റെ മറുപടി ആയിരുന്നു..

ഒരു ഉറപ്പും പറഞ്ഞിട്ടില്ല..

ഏതോ ബിസിനസ് ടൂറിന്റെ തിരക്കിൽ പെട്ടു പോയത് കൊണ്ട് വല്ലപ്പോഴും മാത്രം ഓൺലൈൻ ആവുന്നുള്ളു..

റീ യൂണിയൻ തീരുമാനിച്ച ദിവസം രാവിലെ.... മോളെ ഞാൻ നോക്കി കോളാം.. ഞാൻ ഇന്ന് ലീവ് എടുത്തു.. നീ പോയിട്ട് വാ "എന്ന് ശരത്തേട്ടൻ പറയുമ്പോൾ.... പോവാതിരിക്കാൻ പിന്നെ കാരണങ്ങൾ ഏതും ഇല്ലായിരുന്നു..

മനസ്സിൽ ഇത്തിരി പോലും ആഗ്രഹിക്കാതെ തന്നെ ഒരുങ്ങി ഇറങ്ങി..

സ്കൂട്ടിയിലാണ് പോയത്... ഒരു മണിക്കൂർ നേരത്തെ യാത്രയിൽ അത്രയും നിരാശയിൽ തന്നെ ആയിരുന്നു..

ഇന്നലെ രാവിലെ എപ്പഴോ ഓൺലൈൻ ആയതാണ് അലൻ...

കോളേജ് ആകെ അലങ്കരിച്ചു വെച്ചിരിക്കുന്നു..

പാട്ടും കൂത്തുമായി ഒരു ഉത്സവ ലഹരി..

തന്റെ മനസ്സിൽ മാത്രം... ആളൊഴിഞ്ഞ പൂരപറമ്പ് പോലെ....

കൂടെ പഠിച്ചവരും... പഠിപ്പിച്ചവരുമായി വിശേഷങ്ങൾ പങ്ക് വെച്ചു..

ഒന്നിച്ചു ഒരു ബെഞ്ചിൽ ഇരുന്നവരോടപ്പം ഒന്നൂടെ അവിടിരിക്കാൻ വല്ലാത്ത മോഹം..

പരിപാടി നടക്കുന്നതിനിടെ തന്നെ വരാന്തയിൽ കൂടി വെറുതെ നടക്കാൻ തോന്നി...

അലന്റെ കൈ പിടിച്ചു നടന്ന വഴിയിൽ കൂടി നടക്കുമ്പോൾ... താനൊരു ഭാര്യയാണെന്നും... അമ്മയാണെന്നും മനഃപൂർവം മറന്നു കളഞ്ഞു...

പെട്ടന്ന് തോന്നിയ ആവേശത്തിൽ തിരിഞ്ഞു നോക്കുമ്പോൾ... തന്നെ നോക്കി... വരാന്തയുടെ അങ്ങേ അറ്റത്തു കണ്ട രൂപം..

അത് അലൻ ആണെന്ന് തിരിച്ചറിഞ്ഞ... നിമിഷം കാലുകൾ റോക്കറ്റ് പോലെ ആയിരുന്നു..

ആ മുന്നിൽ എത്തി നിൽക്കുമ്പോൾ.... മുൻപത്തെ അതേ കള്ള ചിരിയോടെ അലൻ അവളെ നോക്കി..

ശ്വാസം വിലങ്ങി അവൾ ആ മുന്നിൽ നിന്നു..

ശ്രീ ക്കൊരു സർപ്രൈസ് തരാൻ വേണ്ടിയാണ് വരുന്ന കാര്യം പറയാഞ്ഞത് എന്നവൻ പറയുമ്പോൾ അവളുടെ മുഖം പരിഭവം കൊണ്ട് കൂർത്തു..

"ഒത്തിരി തിരക്കുള്ള ടൈം ആണ്... ഇപ്പൊ വന്നത് നിനക്ക് വേണ്ടി മാത്രമാണ്.. നിന്നെ ഒന്ന് കാണാൻ എന്ന് കൂടി പ്രേമപൂർവ്വം അവൻ പറയുമ്പോൾ... മറ്റേതോ ലോകത്ത് എത്തിയത് പോലെ..

തിരികെ ചെല്ലുന്നതും കാത്തു ഒരു ഭർത്താവ് ഉണ്ടെന്നും... അമ്മയെ തേടുന്ന ഒരു മൂന്ന് വയസുകാരി വീട്ടിൽ ഉണ്ടെന്നും മറന്നു...

ഒത്തിരി സ്വപ്നങ്ങൾ അന്ന് ഒരിക്കൽ കൂടി പൊടി തട്ടി എടുത്തു..
ഒരുമിച്ച് നടന്ന വഴികളിൽ കൂടി വീണ്ടും നടന്നു..അവന്റെ കൈ കോർത്തു പിടിച്ചു തന്നെ.

അന്ന് പിരിയുമ്പോൾ അതൊരു തുടക്കം മാത്രം ആയിരുന്നു...

തിരികെ മടങ്ങാൻ ആഗ്രഹിക്കുന്നില്ലാത്ത തുടക്കം മാത്രം..

വീണ്ടും കണ്ടു... കൊഴിഞ്ഞു പോയ പ്രണയം വീണ്ടും തളിർക്കാനും അതൊരു കാരണമായി..

ഹോസ്പിറ്റലിൽ നിന്നും വൈകി വരുമ്പോൾ ശരത്തേട്ടനോട് അത് ജോലി ആണെന്ന് അറിഞ്ഞിട്ടും വെറുതെ വഴക്ക് കൂടിയ നന്ദു പിന്നെ... വൈകി വരുന്നത് അറിയാതെ ആയി..

കുഞ്ഞിനെ പെട്ടന്നുറക്കി.... അലന്റെ സ്നേഹം നിറഞ്ഞ വിളിയിൽ ലയിച്ചു പോകും..

അവൻ മാത്രമായി പിന്നെ ലോകം..

ചെയ്യുന്നതിലെ തെറ്റിന് നേരെ മനഃപൂർവം കണ്ണടച്ച്...

എന്ത് പറ്റിയെന്റെ പെണ്ണിനെന്നു.... തന്റെ ഒഴിഞ്ഞു മാറ്റം തിരിച്ചറിഞ്ഞു സ്നേഹത്തോടെ തന്നെ ചോദിച്ച ശരത്തേട്ടനോട്... കാരണം ഏതും ഇല്ലാതെ വെറുതെ ദേഷ്യം കാണിച്ചു അകറ്റി... ആ അകൽച്ച.... പക്ഷേ അലനോടുള്ള അടുപ്പം ആയിരുന്നു..

ഡീ..... ഉറക്കെയാരോ തട്ടി വിളിക്കുമ്പോൾ ശ്രീ നന്ദ ഞെട്ടി കൊണ്ട് ചുറ്റും നോക്കി..

ഇപ്പോഴും സ്റ്റേഷനിൽ തന്നെയാണ്..

കാണാനില്ലെന്ന ശരത്തേട്ടന്റെ പരാതിയിൽ പോലീസ് കണ്ടെത്തുമ്പോൾ... അലനൊപ്പമായിരുന്നു..

മുന്നിലുള്ള ബെഞ്ചിൽ ശരത്തേട്ടൻ മോളെയും നെഞ്ചിൽ ചേർത്ത് തളർന്നു തൂങ്ങിയുള്ള ആ ഇരുപ്പ് കാണുമ്പോൾ ഹൃദയം പൊടിഞ്ഞു പോകും പോലെ..

ശ്രീ നന്ദ... അലന്റെ നേരെ നോക്കി..

പ്രതേകിച്ചു ഭാവമാറ്റം ഒന്നും തന്നെ ഇല്ല..

കൊണ്ട് പോകുമ്പോൾ ഉള്ള പ്രണയം നിറഞ്ഞ മുഖവുമില്ല അപ്പോഴാവന്..

ദൈവമേ... ഇത്രെയും മോശകാരി ആവാൻ തനിക്ക് എങ്ങനെ കഴിഞ്ഞു..

ജീവനെ പോലെ ശരത്തേട്ടൻ സ്നേഹിച്ചിട്ടും അത് തിരിച്ചറിഞ്ഞിട്ടും... ആ മനുഷ്യനെ ഉപേക്ഷിച്ചു പോകാൻ എങ്ങനെ തോന്നി..

മോളുടെ കരഞ്ഞു കലങ്ങിയ കണ്ണുകളെ നേരിടാൻ ആവാതെ ശ്രീ നന്ദ തല താഴ്ത്തി പിടിച്ചു..

അവരെത്തി സാറേ എന്നുള്ള ശബ്ദമാണ് വീണ്ടും തല ഉയർത്തി നോക്കിയത്..

തളർന്നു തൂങ്ങിയ ഒരു കുഞ്ഞിനെ തോളിൽ കിടത്തി... മുഷിഞ്ഞൊരു സാരി വാരി ചുറ്റി... കൈ വിരലിൽ മറ്റൊരു കുഞ്ഞിനേയും കൊണ്ട് അകത്തേക്ക് വന്ന സ്ത്രീയിൽ കണ്ണുകൾ കൊരുത്തു..

അലന്റെ മുഖം വല്ലാതെ വിളറി വെളുത്തു പോയിരുന്നു..

ദുബായ് സിറ്റിയിൽ അവനൊപ്പം ജീവിതം അടിച്ചു പൊളിക്കുന്നു എന്ന് അവൻ വീമ്പു പറയാറുള്ള... അവന്റെ ഭാര്യയാണ് ആ കോലത്തിൽ മുന്നിൽ നിൽക്കുന്നത് എന്ന തിരിച്ചറിവ് ശ്രീ നന്ദയെ എരിയിച്ചു കളയാൻ പാകത്തിന് ഉള്ളതായിരുന്നു...

"എന്റെ കുഞ്ഞിന് വയ്യ സാറേ.. ഞാൻ ഹോസ്പിറ്റലിൽ ആയിരുന്നു ഇവിടുന്ന് വിളിക്കുമ്പോൾ... പനി കൂടിയിട്ട് ന്യൂമോണിയ പിടിച്ചു പോയി... അഡ്മിറ്റ്‌ ചെയ്യാതെ വേറെ വഴിയൊന്നും ഇനിയില്ലെന്ന് പറഞ്ഞു..."

അങ്ങേയറ്റം നിസ്സഹായമായൊരു അമ്മ ഭാവം...

മറ്റൊരുത്തിയുടെ കൂടെ ഒളിച്ചോടി.... അത് പിടിക്കപെട്ട ഭർത്താവിന്റെ കാര്യം അവരോർക്കുന്നേ ഇല്ലാത്ത പോലെ..

"ഇയാൾ നിങ്ങളുടെ ഭർത്താവ് അല്ലേ..."

എസ് ഐ... റഫീഖ് അലിയുടെ ചോദ്യം...

പുച്ഛത്തോടെ അവരാ സൈഡിലേക്ക് നോക്കുന്നുണ്ട്.. ശേഷം നോട്ടം സഹതാപത്തോടെ തന്റെ നേരെ നീളുന്നത് തൊലി ഉരിയുന്ന ഫീലോടെ നന്ദു കണ്ടിരുന്നു..

"താലി കെട്ടിയത് കൊണ്ട് മാത്രം ഭർത്താവ് ആകുമെങ്കിൽ... രണ്ട് മക്കളെ എന്റെ കയ്യിൽ ഏല്പിച്ചത് കൊണ്ട് ഭർത്താവ് ആകുമെങ്കിൽ... അലൻ എന്റെ ഭർത്താവ് ആണ്... ആണെന്നല്ല സാറേ.. ആയിരുന്നു.. ഇപ്പൊ എനിക്കെന്റെ മക്കൾ മാത്രം ഒള്ളൂ... എനിക്കൊരു ചെറിയ ജോലി ഉള്ളത് കൊണ്ട് ജീവിച്ചു പോകുന്നു... ഇയാളെന്ന ഒരാളെ കുറിച്ച് ഞാനിപ്പോ ഓർക്കാറേ ഇല്ല "

ലവലേശം കണ്ണീർ പോലും പൊടിയാതെ... അലന്റെ ഭാര്യ... സുജയുടെ വെളിപ്പെടുത്തൽ..

ജീവൻ ഒന്ന് പോയി കിട്ടിയിരുന്നെങ്കിൽ എന്നാണ് നന്ദു ഓർത്തത്..

ദൈവമേ.... സ്വന്തം കുഞ്ഞുങ്ങളെ പുല്ല് പോലെ വലിച്ചെറിഞ്ഞ ഇവനാണോ... തന്റെ മോൾക്കൊരു പനി വന്ന ദിവസം... ഉറക്കം പോലും ഇല്ലാതെ ഓരോ മണിക്കൂറിലും മെസേജ് അയച്ചു വിവരം അന്വേഷിച്ചു നോക്കിയിരുന്നത്..

ചെറിയൊരു പനിയല്ലേ നന്ദൂ... സാരമില്ല എന്ന് പറഞ്ഞിട്ട് ജോലിക്ക് പോയ ശരത്തേട്ടനോട് അന്ന് തോന്നിയ നീരസം ഇന്ന് ലജ്ജിപ്പിക്കുന്നു... 

സ്വന്തം ഭാര്യ ജീവിച്ചിരിപ്പുണ്ടോ എന്ന് പോലും അന്വേഷിച്ചു നോക്കാത്തവനാണോ.... രാത്രി ഡ്യൂട്ടി കഴിഞ്ഞു ശരത്തേട്ടൻ വരാൻ വൈകുന്ന ദിവസങ്ങൾ തന്റെ സുരക്ഷയോർത്തു... വേവലാതി പൂണ്ടത്...

നന്ദു കുറ്റബോധത്തിന്റെ നീറുന്ന ഭാവത്തിൽ.... ശരത്തിന്റെ നേരെ നോക്കി..

എത്ര തിരക്കുകൾ ഉണ്ടേലും തന്നെ കേൾക്കാൻ ആ മനുഷ്യൻ സമയം കണ്ടെത്തിയിരുന്നു...

ഏതു വേദനയും മാറ്റാൻ പാകത്തിന് മാറാൻ കഴിയുന്ന ഈ സ്നേഹമാണല്ലോ പുല്ല് പോലെ തട്ടി തെറിപ്പിച്ചത്...

കണ്ണീർ അനുവാദമില്ലാതെ... കുതിചൊഴുകി കൊണ്ടിരിക്കുന്നു...

ധൃതി പിടിച്ചു കയറി വരുന്ന സ്വന്തം അച്ഛനും... കുട്ടേട്ടനും.അമ്മ കരഞ്ഞു തളർന്നു വീട്ടിൽ ഉണ്ടാവും...

ദേഷ്യം കൊണ്ട് വിറക്കുന്നുണ്ട് ഓരോരുത്തരും...

നന്ദു ആ നോട്ടം നേരിടാൻ ആവാത്ത പോലെ തല കുനിച്ചു...

"അപ്പൊ എല്ലാവരും എത്തിയല്ലോ... നിങ്ങളുടെ പരാതിയുടെ അടിസ്ഥാനത്തിൽ.... വയനാട് നിന്നാണ്.. ഇവരെ ഞങ്ങൾ കണ്ടെത്തിയത് "

അലനെയും തന്നെയും ചൂണ്ടി.... റഫീഖ് അലി പറയുമ്പോൾ അലന് പക്ഷേ കൂസൽ ഒന്നുമില്ല...

നന്ദു ചൂളി ചുരുങ്ങി നിന്നു...

"അലൻ... അഞ്ചു വർഷം മുന്നേയാണ് സുജയെ വിവാഹം കഴിക്കുന്നത്.. അതും പ്രണയിച്ചു തന്നെ... പക്ഷേ ഒട്ടനേകം കേസുകൾ ഇയാളിൽ ഉണ്ട്... റിട്ടൻ പരാതി ഇല്ലാത്തതിനാൽ... ഇത് വരെയും... പിടിക്കപ്പെട്ടിട്ടില്ല... ശെരിയല്ലേ "

റഫീഖ് ചോദിച്ചു..

അലൻ ഉണ്ടന്നോ ഇല്ലന്നോ പറയാൻ ആവാതെ നിൽക്കുമ്പോൾ... നന്ദു പുതിയ സത്യങ്ങൾക്ക് മുന്നിൽ വിറങ്ങലിച്ചു നിന്ന് പോയിരുന്നു...

"കോളേജെന്നും ഗ്രൂപ്പ്‌ എന്നും പറഞ്ഞു ജീവിതം തുലക്കാൻ നടക്കുമ്പോൾ... ഇതൊന്നും നിങ്ങൾക്കൊരു പ്രശ്നം അല്ലായിരിക്കാം.. പക്ഷേ... സ്വന്തം മക്കളുടെ മുഖത്തേക്ക് ഒന്ന് നോക്ക് രണ്ടാളും.. പറ്റുന്നുണ്ടോ... പതറാതെ നോക്കാൻ.."

റഫീഖ് ദേഷ്യത്തോടെ അവരോടു ചോദിച്ചു...

"കോളേജിൽ നടന്നതൊക്കെ അവിടെ തന്നെ ഉപേക്ഷിച്ചു പോന്നിട്ടല്ലേ വീണ്ടും ഒരു ബന്ധം തേടിയത്... ഇത് വരെയുംസ്വന്തം പാർട്നറിൽനിന്നും കിട്ടി കൊണ്ടിരുന്നതല്ലാതെ വേറെ എന്തെങ്കിലും എക്സ്ട്രാ ആയിട്ട് കിട്ടും ഇമ്മാതിരി റിലേഷൻ കൊണ്ടെന്ന് ആരാണ് നിങ്ങളെ പഠിപ്പിച്ചു തന്നത്.. നേടിയ വിദ്യാഭ്യാസം... വെറും ജോലിക്ക് വേണ്ടി മാത്രം ഉള്ളാതായിരുന്നുവല്ലേ രണ്ടാൾക്കും..."

വീണ്ടും റഫീഖ് പുച്ഛത്തോടെ ചോദിച്ചു...നന്ദു തല ഉയർത്തി നോക്കുന്നെ ഇല്ലായിരുന്നു..

വിവേകം തൊട്ട് തീണ്ടിയിട്ടില്ലാത്ത.... നിങ്ങളോട് സംസാരിക്കാൻ എനിക്ക് സമയമില്ല... തീരുമാനം എടുക്കാനുള്ള പൂർണ ഉത്തരവാദിത്തം ഞാൻ നിങ്ങളുടെ പാർട്ണർസിനെ ഏല്പിക്കുന്നു "

റഫീഖ് പറയുമ്പോൾ... നന്ദു കണ്ണുകൾ ഇറുക്കി അടച്ചു..

ഒരിക്കലും ശരത്തേട്ടൻ ക്ഷമിക്കില്ല.. മറ്റെന്ത് സഹിച്ചാലും ഈ കാര്യം ആരും സഹിക്കില്ല... ക്ഷമിക്കില്ല... സ്വന്തം മോളെ പോലും ഉപേക്ഷിച്ചു പോകാൻ മാത്രം ദുഷ്ടയായ തനിക്കിനി മരണം മാത്രം അഭയം...അലനെന്നു കേൾക്കുമ്പോൾ കോരി തരിച്ചിരുന്ന ശ്രീ ഇന്നിപ്പോൾ ഇല്ല... നന്ദു കൂടി മരിക്കാൻ പോകുന്നു.

അതിൽ കുറഞ്ഞ ശിക്ഷയില്ല..

മുന്നിൽ വന്നിട്ട്... ശരത് നിൽക്കുമ്പോൾ അവൾക്ക് വിറച്ചിട്ട് നിൽക്കാൻ പോലും ആവുന്നില്ല..

നൊന്തു പെറ്റ സ്വന്തം കുഞ്ഞിനെ ഉപേക്ഷിച്ചു പോകുമ്പോൾ പോലും തോന്നാത്ത പേടി...

നിനക്കിപ്പോഴും അവനൊപ്പം പോകാൻ തോന്നുന്നുണ്ടോ ശ്രീ നന്ദ "

പരുകനായ സ്വരം... ശരത്തേട്ടൻ ചോദിക്കുന്നു.. അവൾക്ക് ശ്വാസം വിലങ്ങി..

വേണ്ടന്ന് തല ഉയർത്തി നോക്കാതെ തന്നെ തലയാട്ടി കാണിക്കുമ്പോൾ കണ്ണീർ തെറിച്ചവന്റെ മേൽ വീണിരുന്നു..

"എനിക്ക് നിന്നോട് ക്ഷമിക്കാൻ ആവുമോ എന്നറിയില്ല... പക്ഷേ എന്റെ കുഞ്ഞിന് നീ അമ്മയല്ലാതെ ആവുന്നില്ലല്ലോ... അവളെ ഉപേക്ഷിച്ചു പോകാൻ തീരുമാനം എടുത്ത നിമിഷം തന്നെ ആ സ്ഥാനം മരിച്ചു പോയെങ്കിൽ കൂടിയും അവൾക്കറിയില്ല.... ഒന്നും..."

ശരത് അവളെ നോക്കി..

"എന്റെ വീട്ടിൽ തന്നെ നിനക്കിനിയും തുടരണം എന്നുണ്ടങ്കിൽ എനിക്കൊപ്പം വരാം.. എന്റെ മകൾക്കൊരു അമ്മയായി മാത്രം... കൂടുതൽ ഒന്നും പ്രതീക്ഷിക്കരുത് എന്നോർമിപ്പിക്കുന്നു "

ശരത് പറയുമ്പോൾ നന്ദു അവന്റെ കാലിൽ കെട്ടിപിടിച്ചു കൊണ്ട് നിലത്തേക്കിരുന്നു...കരഞ്ഞു.

കണ്ണുകൾ  അടച്ചു കൊണ്ട്... ശരത് മകളെ ഇറുക്കി പിടിച്ചു നിന്ന നിമിഷം.

മോനെ... അത് വേണോ ടാ.. ഇവൾ കുറച്ച് അനുഭവിക്കാൻ ഉണ്ട്... "

നന്ദുവിന്റെ അച്ഛൻ നന്ദുവിനെ കലിപ്പോടെ നോക്കി കൊണ്ട് പറയുമ്പോൾ ശരത് വിളറിയ ചിരിയോടെ അയാളെ നോക്കി..

"എന്തിനാ അച്ഛാ... ചെയ്തു പോയത് എത്ര വലിയൊരു തെറ്റാണ് എന്നവൾ ഓരോ നിമിഷവും തിരിച്ചറിയണം.. അതിന് ആ കണ്മുന്നിൽ തന്നെ ഞാനും എന്റെ മോളും ഉണ്ടാവണം... അതാണ്‌ ഞാൻ അവൾക്ക് വിധിച്ച ശിക്ഷ...പക്ഷേ ഒന്നറിയാൻ എനിക്ക് ആഗ്രഹമുണ്ട്.. എനിക്കെന്ത് കുറവുണ്ടായിട്ടാണ് മറ്റൊരു ബന്ധം ഇവൾ തേടി പോയതെന്ന് മാത്രം പറഞ്ഞു തരിക നീ "ശരത് നന്ദുവിനെ നോക്കി.. കുറവ് അവനല്ലല്ലോ... അവൾക്കല്ലേ... ജീവിക്കാൻ അറിയില്ലെന്ന വലിയൊരു കുറവ്..

അലൻ അപ്പോഴും അതൊന്നും തന്നെ ബാധിക്കില്ല എന്നുള്ള മട്ടിലാണ് നിൽപ്പ്..

"ഇവനെയൊക്കെ അടിച്ചു കൊല്ലണം.. കുടുംബം കലക്കി "

അവളുടെ ഏട്ടൻ പല്ല് ഞെരിച്ചു കൊണ്ട് അലനെ നോക്കി.. അവൻ തിരിച്ചും..

"അവനെ മാത്രം പോരല്ലോ കുട്ടാ.. നിന്റെ അനിയത്തി കൂടി മറു സൈഡിൽ ഇല്ലേ.. അപ്പൊ ശിക്ഷ രണ്ടാൾക്കും വേണ്ടേ..."

ശരത് ചോദിക്കുമ്പോൾ കുട്ടന്റെ വീര്യം ചോർന്നു പോയത് പോലെ.. പിന്നെ മിണ്ടിയില്ല..

"ഗ്രൂപ്പ്‌ എന്നും അഫയർ എന്നും പറഞ്ഞിട്ട് നടക്കുമ്പോൾ... നീ ഒക്കെ മറന്നു പോകുന്നൊരു സത്യം ഉണ്ട് ശ്രീ നന്ദ... കുടുംബം എന്നത്... ഇവനൊക്കെ നിന്നെ ഒന്ന് ചേർത്ത് പിടിക്കാൻ രാത്രിയുടെ മറവിലെ സാധിക്കൂ... അല്ലെങ്കിൽ മൊബൈൽ ഫോണിന്റെ ഇത്തിരി വെട്ടത്തിൽ.ആൾക്കൂട്ടത്തിൽ ഉപേക്ഷിച്ചു കളയാൻ യാതൊരു മടിയും ഉണ്ടാവില്ല.. തേനേ എന്നും പാലെ എന്നും നിന്നെ സ്നേഹിച്ചു വിളിച്ചവൻ താലി കെട്ടിയ പെണ്ണിന്റെ അവസ്ഥ നീ ഒന്ന് നോക്ക്... കണ്ണ് തുറന്നു കൊണ്ട്... ഇനി ഈ കാഴ്ച നീ മരണം വരെയും മറന്നു പോകരുത് "

ശരത് പറഞ്ഞു..

ഒരക്ഷരം മിണ്ടാതെ അവൾ നിന്നു...
"എന്ത് പ്രകോഭനം ഉണ്ടായാലും പ്രലോഭനം ഉണ്ടായാലും.. ഒരിക്കൽ ഉപേക്ഷിച്ചു പോന്നതിനെ വീണ്ടും ചേർത്ത് വെക്കുമ്പോൾ ഓർക്കണം... അന്ന് ഒരുമിക്കാതിരിക്കാൻ നൂറായിരുന്നു കാരണങ്ങളെങ്കിൽ... ഇന്നത് ആയിരക്കണക്കിന് ആണെന്ന്... സോഷ്യൽ മിഡിയയുടെ അതി പ്രസരമുള്ള ഇന്നത്തെ ലോകത്ത് വീണ്ടും ഒരാളെ കണ്ടു മുട്ടുന്നത് നിയോഗമൊന്നും അല്ല.. ജീവിതത്തിനൊപ്പം ജീവൻ കൂടി നഷ്ടപെടുത്താൻ എത്രയോ പേർക്ക് കാരണമായിട്ടുണ്ട് ഇത്തരം കണ്ട് മുട്ടലുകൾ.

. ശരത് പറയുമ്പോൾ ആരും ഒന്നും മിണ്ടുന്നില്ല...
എനിക്ക് വേണമെങ്കിൽ നിന്നെ ഉപേക്ഷിച്ചു പോകാം.. ആരും തടയില്ല..
നിന്നോടുള്ള സ്നേഹം കൊണ്ടല്ല ഞാൻ കൂടെ കൂട്ടുന്നത്.... ഇവിടെ നിന്നിറങ്ങിയാൽ നിനക്ക് മുന്നിൽ മരണം മാത്രമാവും ഒരു പോംവഴി... പിന്നീടാങ്ങോട്ട് എന്റെ സമാധാനം കൂടി നഷ്ടപെടുത്തുന്ന തീരുമാനം... അത് കൊണ്ട് മാത്രം ഞാൻ കൂടെ കൂട്ടുന്നു... എല്ലാം മനസ്സിൽ ഒതുക്കുന്നു.. ഇനി ഇതാരും അറിയില്ല..."

ശരത് പറയുമ്പോൾ...

ഞാൻ പോകട്ടെ സാറേ... എന്റെ മോൾക്ക് പനി കൂടുന്നുണ്ട് "

മക്കൾ മാത്രം ആണ് ലോകം എന്നത് പോലെ.... പറഞ്ഞിട്ട് മറുപടി പോലും കാത്തു നിൽക്കാതെ സുജ ഇറങ്ങി നടന്നു കഴിഞ്ഞു..നന്ദു അലന്റെ നേരെ തുറിച്ചു നോക്കി..
സ്നേഹപുഴ ആയിരുന്നവൻ.... മരുഭൂമി പോലെ വറ്റി വരണ്ട് കിടക്കുന്നത് കണ്ടു കൊണ്ട് തന്നെ....

ശരത്തിനൊപ്പം വേച്ചു കൊണ്ടവൾ ഇറങ്ങി നടന്നു...

ശുഭം....

ശുഭമാവില്ല ഇനി അങ്ങോട്ട്‌ ആ ജീവിതങ്ങൾ.
എത്രയോ ഉദാഹരണങ്ങൾ.... ശരത്തിന്റെ തീരുമാനം തെറ്റാണെന്ന് നിങ്ങൾക്ക് തോന്നാം... നിസ്സാഹയരായ എത്രയോ ശരത്മാരും സുജ മാരും ഇപ്പഴും ഉണ്ട്... ഇനിയും ഉണ്ടാവും...
സംഘർഷം നിറഞ്ഞ ഈ ജീവിതത്തിൽ... ഗ്രൂപ്പ്‌... കൂട്ടുകാർ എല്ലാം നല്ലത് തന്നെ. നല്ലതിനാണെങ്കിൽ മാത്രം.പക്ഷേ ഒരിക്കൽ ഉപേക്ഷിച്ചു കളഞ്ഞത് വീണ്ടും ഹൃദയത്തോട് ചേർക്കും മുന്നേ ആയിരമല്ല... പതിനായിരം തവണ ഓർക്കുക.
കുറവുകൾ ഇല്ലാത്തവരായി ലോകത്തിലെ ആരും ഇല്ലെന്ന് 🥰

മൊബൈൽ ഫോണിന്റെ ചതുരവെളിച്ചം നമ്മുടെ ജീവിതത്തിന്റെ വെളിച്ചം ഇല്ലാതെയാക്കരുത്... നമ്മൾ തന്നെ കാരണമാവരുത്...
To Top