വാതോരാതെ സംസാരിക്കുന്നവൾ ചെറിയ പ്രായത്തിലെ ഉറച്ച തീരുമാനമുള്ള മിടുക്കി .....

Valappottukal


പയസ്വിനി... 1

രചന: ബിജി

നഗരത്തിലെ തിരക്കുള്ള ചുറ്റുപാടിൽ നിന്ന് കുറച്ചു മാറിയാണ്
ഡോക്ടേഴ്സ് കോളനി......

ഒരേ പോലെയുള്ള മുപ്പതോളം വീടുകൾ .... ചുമപ്പും ... ഓഫ് വൈറ്റ് പെയിന്റുമാണ് എല്ലാ വീടിനും .....എല്ലാ വീടുകൾക്കും ചുറ്റും മതിലും ചെറിയ കോർട്ടിയാർഡും .... ചെറിയ ഗാർഡനുമൊക്കെയുണ്ട് .....


ഓരോ ഫാമിലിയിലും ഒരു ഡോക്ടറെങ്കിലും കാണും .....
അതുകൊണ്ടാണ് ഈ സ്ട്രീറ്റിന് ഡോക്ടേഴ്സ് കോളനി എന്നു വിളിക്കുന്നതു തന്നെ .....

ഇന്നത്തെ ഡ്യൂട്ടി കഴിഞ്ഞോ കൊച്ചേ.....

പുഷ്പൻ ചേട്ടനാണ്....
ഈ കോളനിയിലെ മുപ്പതോളം വീട്ടുകാർക്കും എന്തിനും ഒരു സഹായി ആണ് ... ആള് പഴയ മിലിട്ടറിയാണ് .....
താമസമൊക്കെ ഇവിടെ തന്നെ .....
ഇവിടെ തന്നെ താമാസിക്കുന്ന സദാശിവൻ ഡോക്ടർ തനിച്ചാണ് .... ഡോക്ടർക്കൊപ്പം ആളങ്ങ് കൂടി ...
പുള്ളിയുടെ ഭാഷയിൽ ഒറ്റത്തടി .... പരമസുഖം ....

" കഷ്ടാ പുഷ്പൻ ചേട്ടാ .... ആ ഹൃദയമില്ലാത്ത ഹൃദയ ഡോക്ടറിന്റെ വീടും അയാളുടെ അഹമ്മതിയും ..... വെറുതെയല്ല അങ്ങേരുടെ ഭാര്യ തേച്ചിട്ടു പോയേ..."


"നിങ്ങളൊറ്റ ആള് പറഞ്ഞിട്ടാ ..ആളുടെ വീട്ടില് തൂക്കലും തൊട്യ്ക്കലും ഏറ്റത്....
ഞാനെന്താ അങ്ങേരുടെ കെട്ടിയോളാണോ എന്നോട് മെക്കിട്ട് കേറാൻ ...."

"എന്റെ വായില് ഇരച്ചു വന്നതാ... വിമല ഡോക്ടറെ ഓർത്താ ഒന്നും മിണ്ടാത്തേ....."

"ഇനി എന്റെ മേലെ കേറിയാൽ അങ്ങേരുടെ നടുവുളുക്കും ....
പറഞ്ഞേക്കാം ...."

"മനുഷ്യന് അല്ലേത്തന്നെ നൂറായിരം പ്രശ്നങ്ങളാ തലയിൽ അതിന്റെ ഇടയിലാ അങ്ങേരുടെ കൂത്ത്....."

മറുപടി പോലും വേണ്ട ....
ഒറ്റപ്പോക്കാണ്

എന്തിനും ചടുലതയാ അവൾക്ക് .....
ധൃതിയിൽ നടന്നകലുകയാണ് ....


പുഷ്പൻ ഒന്നും മിണ്ടാതെ ആ പോക്കും നോക്കി ചെറു പുഞ്ചിരി പൊഴിച്ചു .....

നാലു വർഷം മുൻപ് തന്നെ കാണാൻ വന്ന പത്താം ക്ലാസുകാരിയെ ഓർമ്മിച്ചു പോയി ......

പണി വേണം ... അതിനൊത്ത കൂലിയും ....
മാന്യമായ എന്തും ചെയ്യും ....
കാലത്ത് എത്ര നേരത്തേ ആയാലും കുഴപ്പമില്ല ....വൈകിട്ട് അഞ്ചു മണിവരെയേ നില്ക്കു .....

കണ്ണിൽ തറപ്പിച്ച് നോക്കി പറയുന്ന പെൺകൊച്ച് .......

ഞാനവളെ തന്നെ നോക്കി നിന്നു ....

കറയും കരിമ്പനും നിറഞ്ഞ  ചന്ദനക്കളർ യൂണിഫോം ബ്ലൗസും ....
സാരി കൊണ്ടെന്തോ തുന്നിയതാണെന്നു തോന്നുന്നു .... മുട്ടിന് താഴെ എത്തുന്ന മഞ്ഞയിൽ ചുവന്ന ചെറിയ പൂക്കളുള്ള പാവാട
അടി വക്കെല്ലാം പിഞ്ചി കീറി ....

ആള് കാഴ്ചയിലൊക്കെ ജോറാ...
അതിലും മികച്ചത് അവളുടെ ആത്മവിശ്വാസമാ ....


ഒരു മിലിട്ടറിക്കാരനായതു കൊണ്ട് .......
ആ കരുത്ത് ഒറ്റ നോട്ടത്തിൽ തിരിച്ചറിയാൻ കഴിഞ്ഞു ...

ഇവിടെന്തു പണിയാ കുഞ്ഞേ ....
എന്നെക്കൊണ്ട് കഴിയും ...
മുറ്റമടിക്കാം ... പാത്രം കഴുകാം ... വീടൊക്കെ തുടച്ച് വൃത്തിയാക്കാം ...കൊച്ചു കുട്ടികളെ നോക്കാം ....
അത്യാവശ്യം പാചകവും വശമുണ്ട് ....
അവള് ഉത്സാഹത്തോടെ എണ്ണി എണ്ണിപ്പറയുകയാണ് ....

മോളേ നീ കുഞ്ഞാ....
പഠിക്കുന്ന കൊച്ചല്ലേ ....

മുഖമൊന്ന് പുശ്ചത്തോടെ കോട്ടി .....
പഠിപ്പ് ....
ജീവിക്കാൻ പഠിപ്പിന്റെ ആവശ്യമില്ല ....

അവളിൽ ഒരു മാത്ര നിറഞ്ഞ കരിനിഴൽ ... എത്ര പെട്ടെന്നാ അവൾ മറച്ചത് ....

ഒന്നിനുമവളെ തോല്പിക്കാൻ കഴിയില്ലെന്ന പോലെ ....



എഞ്ചുവടി മുത്തശ്‌ചനാ ചേട്ടനെ കാണാൻ പറഞ്ഞത് .....

പപ്പേട്ടനോ .....

കുഞ്ഞപ്പോ ആലംപാട്ട്കാരിയാണോ .....

മ് ... അതേ

പപ്പേട്ടന്റെ കൊച്ചുമകളാണോ ...

അല്ല ....

എന്റേതെന്ന് .....എനിക്കെന്ന് തോന്നുന്ന ചിലരിൽ ഒരാൾ ....

പറയുന്ന വാക്കുകളിലൊക്കെ പ്രായത്തിൽ കവിഞ്ഞ പക്വത....

പണി വേണം ചേട്ടാ .....
ജീവിക്കണം .....
അവളെന്തൊക്കെയോ കുഴഞ്ഞുമറിഞ്ഞ പ്രശ്നങ്ങളാൽ ചുറ്റിത്തിരിയുകയാണെന്ന് മനസ്സിലാവുന്നുണ്ട് .....

പക്ഷേ ചെറിയ കൊച്ച് ......
പപ്പേട്ടൻ ഈ കുഞ്ഞിനെ എന്റടുത്ത് വീട്ടിട്ടുണ്ടെങ്കിൽ ....
അത്രയും കാതലായ ബുദ്ധിമുട്ട് ഈ കുഞ്ഞ് അനുഭവിക്കുണ്ടാവും ....

ഇപ്പോ എന്താ ചെയ്യുക ......

വിശ്വസിച്ച് ഏല്പ്പിക്കാൻ പറ്റിയ ഇടം വേണം .....

ഇന്നത്തെ കാലത്ത് ആരെയാ വിശ്വസിക്കുക .....?

അതിന്റെ നില്പ്പും ഭാവവും കണ്ടാൽ ഒഴിവാക്കി വിടാനും തോന്നില്ല ....
പ്രത്യേകിച്ച് പപ്പേട്ടനും ഇടപെട്ട കേസാണ് .....

റിട്ടയേർഡ് DMO വിമലാദേവിയെ കുറിച്ച് ചിന്തിച്ചത് ......

ആളിവിടെ തനിച്ചാണ് ..... മോനൊന്നുള്ളത് വിദേശത്ത് എവിടെയോ ആണ് .....
ആൾക്ക് പകല് കൂട്ടിന് ആള് വേണം ... രാത്രിയിൽ നില്ക്കുവാണേലും കുഴപ്പമില്ല ....

പകല്  ദേവകി വന്ന് മുറ്റം അടിക്കുകയും ... കറിക്ക് നുറുക്കാനും തേങ്ങ ചിരകാനും .... കൂടും .....

ദേവകി കോളനിയിലെ ആസ്ഥാന വേലക്കാരി പട്ടം നേടിയപോലൊക്കെയാ ....
അത്യാവശ്യം എല്ലാ വീടുകളിലും .... ഓടി നടന്ന് പണി എടുക്കും .... കൂടുതൽ പണിയുണ്ടേൽ മരുമകളേയും കൂട്ടിയിട്ടു വരും ....

ആർത്തിക്കാരിയാണ് .......

മറ്റൊരു പണിക്കാരി കോളനിയിൽ കാലു കുത്താൻ ദേവകി സമ്മതിക്കില്ല ....

ഏകദേശം എല്ലാ വീടുകളിലേയും സംസാരങ്ങളിൽ നിന്ന് തനിക്കാവശ്യമുള്ളത് മാത്രം പിടിച്ചെടുത്ത് ... മറ്റു വീടുകളിൽ വിതരണം ചെയ്യുന്ന മഹനീയ കലയും പുള്ളിക്കാരിക്ക് നല്ല വശമാണ് .....

ഏഷണിയും ആർത്തിയും കാരണം മിക്ക വീട്ടുകാരും ഇവരെ വെറുത്തിരിക്കുകയാണ് ....
ഗതികേടു കൊണ്ട് അടുപ്പിക്കുന്നതാണ് .....

അതിനിടയിലേക്കാണ് അവൾ ചെന്നെത്തിയത് .....

വിമല ഡോക്ടർക്ക് ഒരു പാട് ഇഷ്ടമായിരുന്നു .....

നല്ല കുറുമ്പുള്ള ....
വാതോരാതെ സംസാരിക്കുന്നവൾ .....
ചെറിയ പ്രായത്തിലെ ഉറച്ച തീരുമാനമുള്ള മിടുക്കി .....

പുഷ്പന്റെ ഓർമ്മകൾ എവിടെയൊക്കെയോ കറങ്ങി നടന്നതും ...
അവൾ ആലംപാട്ടെ ചെറിയ കവലയിൽ എത്തിയിരുന്നു ...

യാതൊരു വികസനവും തൊട്ടു തീണ്ടാത്ത പ്രദേശമാണ് ..... രണ്ടു കിലോമീറ്റർക്ക് അപ്പുറം ടൗൺ ആയതു കൊണ്ടാവാം .... വലിയ കടകളോ ...... സർക്കാരിന്റെ സ്ഥാപനങ്ങളോ ഇല്ലാത്തത് ....

ഉള്ളത് ഒരു LP സ്കൂളാണ് ... അഞ്ചു വരെ പഠിക്കാം പിന്നെ പഠിക്കണേൽ .... ടൗൺ തന്നെ രക്ഷ....

പിന്നൊരു പ്രാഥമിക ആരോഗ്യ കേന്ദ്രവും ഉണ്ട് .......

."അതേ ..... പയസി
ഒന്നു നില്ക്കാമോ .....

എന്തൊക്കെയോ ചിന്തിച്ചു കൂട്ടി നടന്നവളെ  പിന്നിൽ നിന്ന് വിളിക്കുന്ന ആളെയും നോക്കി നിന്നു ......

ഇതിപ്പോ എന്താവോ .....

ശ്രീകുമാർ ....

ഇങ്ങേരായതു കൊണ്ടു മാത്രമാ നിന്നത് ......

ആള് കഠിനാധ്വാനിയാണ് ......
വല്യ പഠിപ്പൊന്നും ഇല്ല ....
അഞ്ചാം തരം എത്തിയതോടെ നിർത്തി ....

ചെറിയൊരു സംരഭകനാണ് ......

വീട്ടിലേക്കാവശ്യമുള്ള ഭക്ഷ്യ വസ്തുക്കൾ മായമില്ലാതെ അമിത ലാഭം കൊയ്യാതെ ....
വീട്ടിൽ തന്നെ തയ്യാറാക്കി ആവശ്യാനുസരണം വിപണനം ചെയ്യുകയാണ് ......

ആട്ടിയെടുത്ത ശുദ്ധമായ വെളിച്ചെണ്ണ......

മുളകുപൊടി .... മല്ലിപ്പൊടി .... തുടങ്ങിയ പൊടി വകകൾ ....

സ്പെഷ്യൽ അച്ചാറുകൾ .....

ചമ്മന്തിപ്പൊടി .....
ഉണങ്ങിയ ഇറച്ചിക്കൊക്കെ വല്യ ഡിമാൻഡാണ്

പലഹാരങ്ങളൊക്കെ ഓർഡർ അനുസരിച്ച് ചെയ്യും

ഓണം സീസൺ ആയപ്പോഴേക്കും ഉപ്പേരിയും ... ചക്കര വരട്ടി ....
മുറുക്ക് ....പക്കാവട .... അവുലോസ് പൊടിക്കൊക്കെ ഭയങ്കര ചിലവാണ്


"എന്താ കാര്യം ..... 
കുറച്ചധികം ഗൗരവത്തിലാ അവളുടെ ചോദ്യവും പറച്ചിലും

രാത്രി കുറച്ച് പണിയുണ്ട് ഒരു മൂന്ന് മണിക്കൂർ വരും.....
ചേച്ചിമാരും അയൽ വക്കത്തുള്ളവരുമൊക്കെയുണ്ട് ....
ഓണം സീസണായോണ്ട് കുറച്ചധികം ഓർഡറുണ്ട് ......
കുറച്ച് ദിവസത്തേക്കു രാത്രി വരാമോ......

സൗമ്യതയിലാ കുമാറിന്റെ സംസാരം ......

ഇങ്ങേർക്കീ കാടും പടലും ഒന്നു ഒതുക്കി കൂടെ .....
ഇങ്ങേരുടെ കണ്ണൊക്കെ എവിടെയാണോ ...?
ചിന്തിച്ചു പോയവൾ ....
നെറ്റി മറഞ്ഞ് കിടക്കുന്ന മുടി .....
അതേ പോലെ താടിയും വളർന്നിട്ടുണ്ട് ....

അവൻ പറയുന്നതൊക്കെ കേട്ടിട്ടും അവൾ അനങ്ങാതെ നില്പാണ് .....

വന്നേക്കാം .....

ഞൊടിയിൽ അതും പറഞ്ഞ് അവൾ നടന്നു .....

അവൾ പോകുന്നത് നോക്കി ഒട്ടു നേരം അവൻ നിന്നു ....

കവലയിൽ നിന്ന് ഒരു കിലോമീറ്ററോളം നടപ്പുണ്ട് പയസിക്ക്  എസ്റ്റേറ്റ് ലയത്തിലേക്ക് ....

നൂറു കണക്കിന് ഷീറ്റ് മേഞ്ഞ വീടുകൾ അടുപ്പു നിരത്തിയിട്ട പോലെ അടുത്തടുത്താണ് .....

ആരുടേയും സ്വന്തമല്ല ഈ ഭൂമി .....

കുറച്ചു കാലം മുൻപുവരെ ഈ വീടുകൾക്ക് ...... ചുറ്റും റബ്ബർ മരങ്ങൾ മാത്രമായിരുന്നു ......
റബ്ബർ എസ്റ്റേറ്റ് ആയിരുന്നു .....
അവിടെ ജോലി ചെയ്തിരുന്ന തൊഴിലാളികൾക്കും കുടുംബത്തിനും താമസിക്കാനായി നിർമ്മിച്ചതാണ് ഈ വീടുകൾ ....

കുറച്ചു കാലം ആയി റബ്ബർ മരങ്ങളൊക്കെ വെട്ടി ഇപ്പോ ചുറ്റും തരിശു ഭൂമിയാണ് .....

ഇതിനിടയിൽ സർക്കാരിൽ നിന്നുള്ള അറിയിപ്പും കിട്ടി .....
സർക്കാർ വക സ്ഥലത്തു നിന്നും കുടിയൊഴിയണമെന്ന് ....
എങ്ങോട്ടു പോകും ....
സെക്രട്ടറിയേറ്റു ധർണ്ണയും മന്ത്രിക്കു നിവേദനങ്ങളുമായി പരക്കംപാച്ചിൽ ....

തല്ക്കാലം സ്റ്റേയും ആയി നീങ്ങുകയാണ് .....

എങ്കിലും ഏതു നിമിഷവും ജനിച്ചു വീണ മണ്ണിൽ നിന്ന് ഇറങ്ങണമെന്നുള്ള പേടിയും ആയി നീറുകയാണ് ഓരോ കൂരയിലുള്ളവരും ...

ലയത്തിലുള്ളവരൊക്കെ കൂലിപ്പണിക്കാരാണ് അന്നന്ന് കഷ്ടപ്പെട്ടു അതിൽ നിന്നു കിട്ടുന്നവരുമാനം കൊണ്ട് ജീവിക്കുന്നവർ .....

ചില വീടുകളിൽ നിന്നൊക്കെ കുട്ടികളുടെ ചിരിയുമൊക്കെ പുറത്തേക്ക് വരുന്നുണ്ട് .....


"രാസാത്തി ഉന്നെ കാണാതാ നെഞ്ചു
കാത്താടി പൊലാടുത്..."


ഷൺമുഖൻ ചേട്ടന്റെ പാട്ടുകച്ചേരി തുടങ്ങിയല്ലോ ....
അവളുടെ ചുണ്ടിൽ ചിരി വിരിഞ്ഞു ...

സ്വന്തം വീടിന്റെ ഇറയത്തേക്ക് നീങ്ങി ......

മുന്നിൽ ബൾബാന്നും ഇട്ടിട്ടില്ല .....

എന്തോ നിഴലനങ്ങിയതും ഒന്നു ഭയന്നു .....

സൂക്ഷിച്ചു നോക്കി .....
അമ്മയാണ് .....

താൻ വന്നതൊന്നും അറിഞ്ഞിട്ടില്ല ...

ഇരുട്ടിനെ ഇമ ചിമ്മാതെ നോക്കുകയാണ് .....

അമ്മേ .....
അമ്മേ ..... വിളിച്ചിട്ടൊരനക്കവും ഇല്ല ....

തട്ടി വിളിച്ചതും ഉറക്കെ ചിരിച്ചോണ്ട് ചാടി എഴുന്നേറ്റ് ഉള്ളിലേക്ക് പോയി .....

സ്ഥിരം കാഴ്ചകളും അനുഭവങ്ങളും ....

ജനിച്ച നാൾ മുതൽ പഴകിയത് .....
അതുകൊണ്ട് പ്രത്യേകിച്ച് ഒന്നും തോന്നിയില്ല -

ഇനി ചേച്ചി എവിടെയാണാവോ ....?

ചെറിയ ഇറയവും .... ഒറ്റ കിടപ്പുമുറിയും  ചായ്പ്പും ...  ഷീറ്റ് മറച്ച മറപ്പുരയും ഉള്ള പരിമിതമായ സൗകര്യമുള്ള കൂരയാണ് ......

പ്രീയേച്ചി .....
ലൈറ്റൊന്നും ഇടാതെ എവിടെ ഇരിക്കുവാ ......

ചായ്പ്പിലേക്ക് എത്തിനോക്കി ......

മെലിഞ്ഞ് എല്ലുന്തിയ ഒരു രൂപം ....

ഒരു വിവാഹത്തിന്റെ അവശേഷിപ്പ് ....

ആരോടൊക്കെയോ ദേഷ്യം തോന്നിയവൾക്ക് ....

എസ്റ്റേറ്റിലെ ടാപ്പിങ് ആയിരുന്നു അച്ഛൻ സുദർശന്....
എസ്റ്റേറ്റിലെ ഫാക്ടറിക്കകത്തായിരുന്നു അമ്മയ്ക്ക് ജോലി....
അവിടെ വച്ചുടലെടുത്ത ബന്ധം
അച്ഛൻ അമ്മയെ കൂട്ടിട്ട് വന്നു ....
തമിഴത്തിയാണ് അമ്മ വരദ .....

അച്ഛമ്മയ്ക്കും അച്ഛച്ചനും കണ്ടു കൂടായിരുന്നു അമ്മയെ ....

സഹികെടുമ്പോ അമ്മയും തിരിച്ചു പറയും  .....
ഇതിനിടയിൽ ചേച്ചി ജനിച്ചു ...
പ്രീയംവദ.....
ജനിച്ചപ്പോൾ മുതൽ ചേച്ചിക്ക് സുഖമില്ല ....
എന്നും അസുഖങ്ങളാണ് .....
വീട്ടിൽ അച്‌ഛമ്മയുടെ പോരുവിളി ഒത്താശയ്ക്ക് അച്ഛച്ചനും

ചേച്ചിയുടെ അസുഖവും വീട്ടിലെ പോരും അമ്മയും ഒരു വഴിക്കായി ....

വെച്ചുണ്ടാക്കി അവരെ തീറ്റിക്കണം പക്ഷേ അമ്മയെ ഒരു വറ്റിറക്കാൻ സമ്മതിക്കില്ല ....

ഇതിനൊക്കെ ഇടയിൽ അച്ഛന് എസ്റ്റേറ്റിലെ പണിയും പോയി ....
വീട് കൊടും പട്ടിണിയിലേക്ക് .....

പുറത്ത് കൂലിപ്പണിക്ക് പോയി തുടങ്ങി അച്ഛൻ

വല്ലപ്പോഴും അല്പ്പം കുടിച്ചിരുന്ന അച്ഛൻ പിന്നീട് നാലു കാലിലായി  .....

എന്നും വഴക്കും തല്ലും ......
പട്ടിണിയും വേദനയും ....

ആൾക്കാരുടെ കളിയാക്കലുകൾ ...

ഓർമ്മകൾ ......

മരവിപ്പ് മാത്രം ....
തളർന്നിരുന്നാൽ ...... താനൊരാളെ ആശ്രയിച്ച് ...
മാനസിക രോഗിയായ അമ്മയും ....
ജീവിതം തകർന്ന് ...... മനസ്സും മുരടിച്ച ചേച്ചിയും ....

തനിക്കുമില്ലേ ലക്ഷ്യങ്ങൾ .....
ഒന്നൊന്നായി നേടി എടുക്കണ്ടേ ....
ഈ ജീവിതം ഇങ്ങനെ പുഴുത്തു നാറ്റം വമിക്കും പോലെ ജീവിച്ചാ മതിയോ ....

എനിക്കു മുന്നോട്ട് പോകണം .....
മുന്നോട്ട് ......
പയസ്സിക്ക് തളർന്നിരിക്കാൻ ആവില്ല .....

                        തുടരും
                        ബിജി .....

കഥ തുടങ്ങിയിട്ടേയില്ല .... ഒന്നു ഇൻട്രോ പറഞ്ഞു അത്രയേ ഉള്ളു .... കുറച്ച് വലിച്ചു നീട്ടലുള്ള കഥയാ.... മെല്ലെ പോകത്തേയുള്ളു ....
പയസ്വനിയോടൊപ്പം കൂടുമല്ലോ ....
റിവ്യൂ അറിഞ്ഞാലേ എഴുതാനുള്ള മൂഡ് ഉണ്ടാവൂ ......
To Top