രചന : കണ്ണന്റെ ഗോപിക "പ്രണയിനി"
അടുക്കളക്കാരി
**************
രാവിലെ അഞ്ചു മണിയുടെ അലാറം നിർത്താതെ അടിച്ചു. എല്ലാ ദിവസത്തെ പണിയുടെയും അലച്ചിലിന്റെയും ക്ഷീണം കാരണം അലാറം അടിക്കുന്നത് ഒന്നും കേട്ടില്ല.ഭർത്താവിൻറെ ശകാരം കേട്ടാണ് കണ്ണു തുറക്കുന്നത് .അലാറത്തിന്റെ സൗണ്ടിൽ ഉറക്കം നഷ്ടപ്പെട്ടതിന്റെ ഒച്ച എടുപ്പ് കഴിഞ്ഞ് അദ്ദേഹം തിരിഞ്ഞു കിടന്നുറങ്ങി.
ഞാൻ വേഗം എണീറ്റു അലാറം ഓഫ് ചെയ്തു അടുക്കളയിലേക്ക് നടന്നു .അടുപ്പ് കത്തിച്ചു അരിക്കുള്ള വെള്ളം വച്ചു ഞാൻ വേഗം പല്ല് തേച്ച് കുളിച്ച് വിളക്ക് വച്ചു. അതിനുശേഷം രാവിലത്തേക്കുള്ള ചായയും ഉച്ചകത്തേക്കുള്ള ഭക്ഷണവും എല്ലാവർക്കും വേണ്ടതെല്ലാം ഉണ്ടാക്കി മുറ്റമടിച്ചു വീടെല്ലാം വൃത്തിയാക്കി വന്നപ്പോഴേക്കും എനിക്ക് ജോലിക്ക് പോവാൻ വൈകി .
അതിൻറെ ഇടയിൽ മക്കളെ എണീപ്പിക്കലും ഫുഡ് കഴിപ്പിക്കലും കഴിഞ്ഞ് അവരെയും ഭർത്താവിനുള്ളതും കെട്ടിപ്പൊതിഞ്ഞ് കൊടുത്തു ഭർത്താവിനെയും വിട്ടതിനുശേഷം ആണ് എൻറെ കാര്യങ്ങൾ നോക്കാൻ പറ്റിയത്.മൂത്തവൾ പത്തിലും ഇളയവൻ എട്ടിലും ആണ് .എന്നാലും അവരെ എണിക്കലും അവരുടെ കാര്യങ്ങൾ എല്ലാം നോക്കലും എല്ലാം ഞാൻ തന്നെയാണ്.ഇപ്പോഴും ഒറ്റയ്ക്കൊന്നും അവരൊന്നും ചെയ്യില്ല.ജോലിക്ക് എത്തിയപ്പോഴേക്കും നന്നായി വൈകിയിരുന്നു .ഓഫീസിൽ എത്തി മാനേജറുടെ വായിൽ ഇരിക്കുന്നതും കേട്ട് ജോലിക്ക് കയറി .ഞാൻ ഈ ഓഫീസിൽ അക്കൗണ്ടൻറ് ആണ്. ഒരുപാട് ജോലിയുള്ളത് കാരണം വൈകുന്നേരം ആയത് അറിഞ്ഞില്ല.
ജോലി കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴേക്കും തല നന്നായി വേദന തുടങ്ങിയിരുന്നു. വന്നു കയറി അവർക്ക് ചായയും കൊടുത്തു മേല് കഴുകി വിളക്ക് കത്തിച്ചു വന്നപ്പോഴേക്കും അദ്ദേഹം എത്തി. പിന്നെ രാത്രിയിലേക്കുള്ള ഭക്ഷണം തയ്യാറാക്കി.
എന്നെ ഒന്ന് സഹായിക്കാൻ മൂത്തവളോട് പറഞ്ഞാൽ പത്താം ക്ലാസ് ആണ് പഠിക്കണം എന്ന് പറഞ്ഞ് അവൾ വേഗം റൂമിൽ കേറും അത് സ്ഥിരം ആയതു കാരണം ഞാനിപ്പോൾ അവളെ ഒന്നിനും നിർബന്ധിക്കില്ല .രാത്രി സമയമായപ്പോൾ എല്ലാവരും വന്നിരുന്നു ഫുഡ് കഴിച്ചിട്ട് പോയി .ഞാൻ കഴിക്കുന്നുണ്ടോ എന്ന് ആർക്കും അറിയില്ല .ആരോടും പരാതിയും പരിഭവം പറയാനും പോകാറില്ല .ഓരോ ദിവസവും ഇതുപോലെ തന്നെ മാറ്റങ്ങൾ ഒന്നുമില്ലാതെ തന്നെ പോയി.
ഒരു യന്ത്രം കണക്കെ ഞാനും.ഒരു ദിവസം വൈകുന്നേരം മകൾ വന്നിട്ട് പറഞ്ഞു നാളെ പിടിഎ മീറ്റിംഗ് ആണ് അച്ഛൻ നാളെ സ്കൂളിൽ വരണം.അദ്ദേഹം പറഞ്ഞു എനിക്ക് നാളെ മീറ്റിംഗ് ഉണ്ട് അതുകൊണ്ട് അമ്മയെ കൂട്ടിക്കോ .അത് കേട്ടതും മകൾ പറഞ്ഞു അമ്മയെ ഒന്നും കൊണ്ടുപോകാൻ പറ്റില്ല.
ഈ വേഷത്തിൽ ഒക്കെ അങ്ങോട്ട് ചെന്ന് എന്നെ എല്ലാവരും കളിയാക്കും.എൻറെ സുഹൃത്തുക്കളുടെ അമ്മമാരെല്ലാം വലിയ സ്റ്റൈൽ ആയിട്ടും ഒക്കെ വരുന്നേ. അതുകൊണ്ട് അമ്മേനെ കൊണ്ടുപോകാൻ പറ്റില്ല .അത് കേട്ടതും ഭർത്താവും ഇളയ ആളും ചിരിക്കുകയായിരുന്നു .
എൻറെ കണ്ണ് നിറഞ്ഞു.എല്ലാവർക്കും ആവശ്യത്തിന് വേണ്ടത് എല്ലാം ഉണ്ടാക്കി കൊടുത്തതിനും ചെയ്തുകൊടുത്തതിനും തനിക്ക് കിട്ടിയ സമ്മാനം.സ്വന്തം മക്കൾക്കും ഭർത്താവിനും വേണ്ടി ജീവിച്ചതിനുള്ള പ്രതിഫലം .അപ്പോൾ ഞാൻ ഓർത്തു അമ്മ പറഞ്ഞത് നീ അവർക്കുവേണ്ടി മാത്രം ജീവിച്ചാൽ അവർ നാളെ മറ്റൊരു ലൈഫിലേക്ക് പോകും അവർക്ക് നാളെ നീ ഒരു ബാധ്യതയാകും. നിനക്ക് വേണ്ടി ഇപ്പോഴെങ്കിലും ജീവിച്ചില്ലെങ്കിൽ ലാസ്റ്റ് നിനക്ക് ആരും ഉണ്ടാവില്ല അത് എപ്പോഴും ഓർമ്മയിൽ വേണം.എല്ലാം കേട്ടതോടെ ഞാൻ ഒരു തീരുമാനത്തിലെത്തി ഇനിയെങ്കിലും എനിക്ക് വേണ്ടി ജീവിക്കാൻ .
എൻറെ ഇഷ്ടങ്ങൾ നടത്താൻ.എല്ലാം തീരുമാനിച്ചുറപ്പിച്ചാണ് അന്ന് ഞാൻ കിടന്നത് .പിറ്റേന്ന് രാവിലെ പതിവുപോലെ അലാറം അടിച്ചു പക്ഷേ ഞാൻ എണീറ്റില്ല .ഭർത്താവ് കുറെ വിളിക്കുക ചെയ്തു. പക്ഷേ ഞാൻ അനങ്ങിയില്ല .വീണ്ടും മയങ്ങിപ്പോയി.എണീറ്റപ്പോൾ 7:30 കഴിഞ്ഞു.നോക്കിയപ്പോൾ ഭർത്താവ് പുറത്തിരിപ്പുണ്ട്.എന്നെ കണ്ടതും എന്താ എണീക്കാൻ വൈകിയത് എന്നുള്ള ഒരു ചോദ്യവും.
ഞാൻ പറഞ്ഞു ഉറങ്ങിപ്പോയി എനിക്ക് ഉറക്കം മതിയായില്ലായിരുന്നു.അതെന്താ പതിവില്ലാത്ത ഓരോ കാര്യങ്ങളൊക്കെ നീ ഇത്രയും നേരമല്ല ഉറങ്ങാറുള്ളൂ ഇന്നെന്താ ഉറങ്ങണമെന്ന് തോന്നി.ഞാൻ ഉറങ്ങി അത്രയേ ഉള്ളൂ എന്ന് ഞാനും പറഞ്ഞു. അപ്പോഴേക്കും മക്കൾ വന്നു. എന്താ അമ്മ ഇന്ന് ഞങ്ങളെ വിളിക്കാഞ്ഞേ. സമയം വൈകിയില്ലേ .ഫുഡ് ഉണ്ടാക്കിയില്ലല്ലോ.
ഞങ്ങൾ ഇനി എന്ത് കഴിക്കും .അമ്മ എന്താ ഒന്നും ഉണ്ടാക്കാഞ്ഞേ.അപ്പോൾ ഞാൻ പറഞ്ഞു ദിവസവും ഞാനല്ലേ ഇവിടെ രാവിലെ എണീറ്റ് ഭക്ഷണം ഉണ്ടാക്കാനും നിങ്ങളുടെ കാര്യങ്ങളും എല്ലാം നോക്കുന്നത്.ഇനി നിങ്ങൾ ഒറ്റയ്ക്ക് എല്ലാം ചെയ്യാൻ നോക്ക് .നാളെ ഞാൻ ഇല്ലെങ്കിൽ നിങ്ങൾക്ക് ജീവിക്കണ്ടേ.
അതിന് അമ്മ എവിടെ പോകുവാ ഇവിടെ തന്നെ ഉണ്ടല്ലോ പിന്നെന്താ .ഞാൻ ഉള്ളത് കൊണ്ടാണല്ലോ എപ്പോഴും എല്ലാവർക്കും എല്ലാം നടക്കുന്നത് .കുറച്ചുദിവസം ഞാൻ എൻറെ വീട്ടിൽ പോവുകയാണ് എനിക്കും എൻറെ കാര്യങ്ങൾ ഇടയ്ക്ക് നോക്കണ്ടേ.അതെന്താ പെട്ടെന്ന് അമ്മ വീട്ടിലേക്ക് പോകുന്നേ.ഞാൻ പറഞ്ഞു
മക്കൾക്ക് ഞാൻ സ്റ്റാറ്റസ് ഇല്ലാത്തവൾ ആണേലും എൻറെ അമ്മയ്ക്കും അച്ഛനും ഞാനെന്നും അവരുടെ നല്ല മകൾ ആണ്.എൻറെ ഈ സ്റ്റാറ്റസ് ഈ കോലവും ഒന്നും അവർക്ക് ഒരു പ്രശ്നമല്ല .എൻറെ മക്കളെ പോലെ ,ഇന്നലെയാണ് ഞാൻ അറിഞ്ഞത് എന്റെ മക്കൾക്ക് ഞാൻ ഒരു സ്റ്റാറ്റസും ഇല്ലാത്തവൾ ആയിരുന്നു എന്ന് ഭർത്താവിനും .അത് ആ പരിഹാസചിരിയിൽ ഉണ്ടായിരുന്നു, എന്നും നിങ്ങൾക്ക് വേണ്ടി മാത്രമേ ഞാൻ ജീവിച്ചിട്ടുള്ളൂ അതിന്റേതാണ് എനിക്ക് കിട്ടിയത്യെങ്കിലും എന്റെ ഇഷ്ടങ്ങൾക്ക് സ്വപ്നങ്ങൾക്കും വേണ്ടി എനിക്ക് ജീവിക്കണം .ഒന്നിച്ച് അടുക്കളയിൽ കയറാം എന്നുണ്ടെങ്കിൽ ഇവിടെ നന്നായി എല്ലാവർക്കും പോകാം.അതല്ലെങ്കിൽ ഞാൻ ഇവിടുന്ന് ഒഴിഞ്ഞു പോകാം.നിങ്ങളുടെ ഇഷ്ടത്തിന് ജീവിച്ചോളു.
അത് കേട്ടതും ഭർത്താവ് ചാടി എണീറ്റ് പറഞ്ഞു നിന്നെ ഞാൻ കെട്ടിയത് എന്നെയും മക്കളെ നോക്കാനാണ് അല്ലാതെ നിന്റെ ഇഷ്ടത്തിന് നടക്കാനില്ല.അപ്പോൾ ഞാൻ ചോദിച്ചു അങ്ങനെ ഒരു കരാർ നിങ്ങൾ എന്നെ കല്യാണം കഴിച്ചപ്പോൾ പറഞ്ഞിരുന്നില്ലല്ലോ. അങ്ങനെ പറഞ്ഞിരുന്നെങ്കിൽ ഒരിക്കലും ഈ കല്യാണത്തിന് ഞാൻ സമ്മതിക്കില്ലായിരുന്നു.എല്ലാം നോക്കി കണ്ടു നടന്നതിനുള്ള എനിക്ക് കിട്ടി ഇനി എന്തായാലും എനിക്ക് നന്നായി ജീവിക്കണം.
എൻറെ ഇഷ്ടങ്ങൾ നടത്തണം.അത് പറ്റില്ലെങ്കിൽ നിങ്ങൾ പറയുകയാണെങ്കിൽ ഞാൻ ഈ നിമിഷം ഇവിടുന്നു ഇറങ്ങിക്കോളാം. അദ്ദേഹം പറഞ്ഞു എങ്കിൽ നീ നിമിഷം എവിടുന്നു ഇറങ്ങിക്കോളു എൻറെ മക്കളുടെ കാര്യം ഞാൻ നോക്കിക്കോളാം. അങ്ങനെയെങ്കിൽ അങ്ങനെ ആകട്ടെ ഞാനിപ്പോ തന്നെ പോകുന്നു . ഞാൻ ഡ്രസ്സുകൾ എല്ലാം എടുത്ത് അവിടെ നിന്നും ഇറങ്ങി.
എൻറെ വീട്ടിൽ ചെന്നപ്പോൾ അമ്മയുടെ മുഖത്ത് വല്ലാത്ത അമ്പരപ്പും സന്തോഷവും കണ്ടു. അത് അങ്ങനെയല്ലേ വരൂ വല്ലപ്പോഴും ഒരു ദിവസം വന്ന് രാവിലെ വന്ന് വൈകുന്നേരം പോകുന്ന മകൾ ബാഗും എടുത്ത് വരുന്നത് കണ്ടാൽ അമ്പരക്കാതിരിക്കുന്നതെങ്ങനെ. ഞാൻ ഓടിച്ചെന്ന് അമ്മയെ കെട്ടിപ്പിടിച്ചു. അച്ഛൻ അടുത്ത് ഇരിപ്പുണ്ടായിരുന്നു. ആ കണ്ണിനും സന്തോഷത്തിന്റെ കണ്ണുനീർ കാണാം. അമ്മ ചോദിച്ചു എന്തുപറ്റി ഒറ്റയ്ക്ക് വന്നത് .ഞാൻ പറഞ്ഞു ഒന്നു ഞാൻ അകത്ത് കേറട്ടെ എന്നിട്ട് വിശദമായി പറയാം. ഞാൻ എന്നിട്ട് നേരെ റൂമിലേക്ക് പോയി .ഒരുപാട് നാളുകൾക്ക് ശേഷം എൻറെ റൂമിൽ എത്തിയപ്പോൾ ഒരുപാട് സന്തോഷം തോന്നി.
കുളിച്ച് ഫ്രഷ് ആയി വന്നപ്പോഴേക്കും അമ്മ ചായ എല്ലാം എടുത്തു വച്ചായിരുന്നു അതും കഴിച്ച് അച്ഛനോട് അമ്മയോടും വിശേഷങ്ങളും ചോദിച്ചു കുറെ നേരം സംസാരിച്ചിരുന്നു ഞാൻ അവരുടെ മാത്രം മകൾ ആവുകയായിരുന്നു. അതിനുശേഷം എല്ലാം ഞാൻ അച്ഛനോട് അമ്മയോട് തുറന്നു പറഞ്ഞു. അപ്പോൾ അമ്മ പറഞ്ഞു ഞാൻ ഇത് നിന്നോട് നേരത്തെ പറയാറുള്ളത് അല്ലേ .ഭർത്താവും മക്കളും കർത്തവ്യങ്ങളും എല്ലാം നിറവേറ്റണം. എന്നാൽ അതിനിടയിൽ നിന്റെ ഇഷ്ടങ്ങൾ മറക്കരുത്. അതെനിക്ക് മനസ്സിലായി അമ്മ അതുകൊണ്ടാണ് ഞാൻ ഇപ്പോൾ ഇങ്ങനെ ഒരു തീരുമാനം എടുത്തത് .നോക്കട്ടെ ഞാനില്ലാതെ എത്ര നാൾ അവർ ഇങ്ങനെ ജീവിക്കും എന്ന്. അതിന് അവർക്ക് എല്ലായിപ്പോഴും പറ്റും എന്നാണെങ്കിൽ ഞാൻ ഇനി ഒരു ശല്യത്തിന് അവരുടെ അടുത്തേക്ക് പോകില്ല... അവളുടെ വിചാരം അവൾ പോയാൽ ഞങ്ങൾ ജീവിക്കില്ലെന്ന് കാണിച്ചുകൊടുക്കണം. അവളുടെ അഹങ്കാരം തീരുമ്പോൾ തന്നെ വന്നു കൊള്ളും. മൂത്തവൾ ചോദിച്ചു അച്ചാ രാവിലെയും ഉച്ചയ്ക്ക് എന്ത് കഴിക്കും സ്കൂളിൽ പോകാൻ വൈകിയല്ലോ .നമുക്കിന്ന് പുറത്തൊന്നും ഫുഡ് കഴിക്കാം. നാളെ നമുക്ക് ഫുഡ് ഉണ്ടാക്കാം .മക്കൾ ശരി എന്നും പറഞ്ഞു കൊണ്ട് റെഡിയാവാൻ പോയി.
അന്നത്തെ ദിവസം അങ്ങനെ പോയി. പിറ്റേന്ന് മുതൽ അയാൾ രാവിലെ എണീറ്റ് വീട്ടിലെ പണികൾ നോക്കാൻ തുടങ്ങി. രാവിലെ എണീറ്റ് ദോശമാവ് എടുത്ത് ദോശയും ചമ്മന്തിയും ഉണ്ടാക്കി ചോറിന് തോരനും ചാർകറിയും ഒക്കെ ഉണ്ടാക്കിയപ്പോഴേക്കും ഓഫീസിൽ പോകാനുള്ള സമയം വൈകി. മക്കൾക്ക് ഭക്ഷണം കൊടുത്തപ്പോൾ അവർക്ക് അത് ഇഷ്ടമായില്ല അമ്മയുണ്ടാക്കുന്ന അത്ര രുചി പോരാ എന്ന് പറഞ്ഞു കഴിക്കാതെ പോയി. അന്ന് ഒരു ദിവസം കൊണ്ട് തന്നെ അയാൾ വല്ലാതെ മടുത്തു പോയിരുന്നു. രണ്ടുമൂന്നു ദിവസത്തിനുള്ളിൽ തന്നെ അയാൾക്കും മക്കൾക്കും ഭാര്യയുടെയും അമ്മയുടെയും വില മനസ്സിലായി. അടുത്ത ദിവസം തന്നെ അവർ അമ്മ വീട്ടിലേക്ക് പോയി അവിടെ ചെന്നപ്പോൾ അച്ഛനോട് അമ്മയോടും പൊട്ടിച്ചിരിച്ചുകൊണ്ട് സംസാരിച്ചു കളിച്ചിരിക്കുന്ന അമ്മയെ കണ്ട് അവർ അത്ഭുതപ്പെട്ടു .
തങ്ങളുടെ അടുത്ത് ഇതുവരെ അങ്ങനെ ചിരിച്ചു സംസാരിക്കുകയോ അടുത്ത് വന്നിരിക്കുകയോ ചെയ്തിട്ടില്ലെന്നും അതിനുള്ള അവസരം തങ്ങൾ ആയിട്ട് ഉണ്ടാക്കിയിട്ടില്ലെന്ന് ഓർത്തു. വണ്ടി കണ്ടതും അവർ പുറത്തു നിന്നു എണീറ്റു. അച്ഛനും അമ്മയും സ്നേഹത്തോടെ തന്നേ പെരുമാറി. ഞാൻ അവളോടു സംസാരിച്ചു തെറ്റുകൾ എല്ലാം ഏറ്റുപറഞ്ഞു. ഇനി അവളുടെ കൂടെ എല്ലാകാര്യത്തിലും കൂടെ ഉണ്ടാകുമെന്ന് വാക്കു കൊടുത്തു. ആദ്യം അവൾ എതിർത്തെങ്കിലും മക്കൾ കൂടി വാശി പിടിച്ചതോടെ അവൾ വരാമെന്ന് സമ്മതിച്ചു. അച്ഛനോടും അമ്മയോടും യാത്ര പറഞ്ഞു വൈകുന്നേരം തന്നെ വീട്ടിലേക്കു മടങ്ങി. രാത്രിയിലേത് എല്ലാവരും ചേർന്നു ഉണ്ടാക്കി ഒന്നിച്ചിരുന്ന് കഴിച്ചു. പിന്നീടുള്ള ദിവസങ്ങളിൽ എല്ലാവരും ഒന്നിച്ചുകൂടി ഭക്ഷണം ഉണ്ടാക്കി അന്നത്തെ വിശേഷങ്ങൾ എല്ലാം പറഞ്ഞും കളിച്ചു ചിരിച്ചും ആ വീട് കുഞ്ഞു സ്വർഗ്ഗം ആക്കി മാറ്റി. ഇതിനിടെ ഞാൻ എന്റെ ജോലി രാജി വെച്ചു എൻറെ സ്വപ്നമായ ഒരു ഡാൻസ് സ്കൂൾ തുടങ്ങി കൂടെ സപ്പോർട്ട് ആയിട്ടു എന്റെ ഭർത്താവും മക്കളും ഉണ്ട്.
ഇപ്പോൾ അത്യാവശ്യം അറിയപ്പെടുന്ന ഒരു നൃത്താധ്യാപിക ആയി ഞാൻ മാറി. അങ്ങനെ വിശേഷങ്ങൾ പറഞ്ഞോണ്ടിരിക്കുമ്പോൾ ആണ് മൂത്തവൾ വീണ്ടും പിടിഎ മീറ്റിംഗിനെ കുറിച്ചു പറഞ്ഞത്. അവൾ പറഞ്ഞു അമ്മ തന്നേ വന്നാ മതിയെന്ന്. ഞാൻ ഒഴിഞ്ഞു മാറാൻ നോക്കി എങ്കിലും അവൾ സമ്മതിക്കാതെ വാശി പിടിച്ചു അദ്ദേഹം കൂടി പറഞ്ഞതോടെ വരാമെന്ന് സമ്മതിച്ചു. പിറ്റെന്നു അവൾടെ കൂടെ സ്കൂളിൽ ചെന്നപ്പോൾ തൊട്ടു അവൾടെ കൂട്ടുകാർക്കും പാരെൻ്റ്സിനു൦ പരിചയപ്പെടുത്തി കൊടുക്കലാരുന്നു അവൾടെ പണി.
അപ്പോൾ ഞാൻ ആലോചിച്ചു അന്നു അങ്ങനെ ഒരു തീരുമാനം ഞാൻ എടുത്തില്ലാരുന്നേൽ ഇന്നും ഒരു വിലയുംഇല്ലാതെ ഒരു അടുക്കളക്കാരി മാത്രമായി ഞാൻ മാറിയേനെ..... ശുഭം......