രചന: Fousiya Yousuf
ആകെ ആസ്വസ്ഥമായിരുന്നു അവളുടെ മനസ്സ്....
എന്ത്... എങ്ങനെ... എന്നൊന്നും അറിയാതെ വ്രണപ്പെട്ട മനസ്സോടെ അവളങ്ങനെ നിന്നു....
'"" അവൻ കുടിച്ച് പൂസായിക്കാണും ല്ലേ...?
അതൊന്നും പുലരി കാര്യക്കണ്ട.... കുടിച്ച് വന്നാലും അവൻ ആള് ഉഷാറാ....
നിനക്ക് വേണ്ടതൊക്കെ അവൻ തന്നോളും.. """ വാസന്തിയുടെ അർഥം വച്ച ചിരിയും പറച്ചിലും അവളിൽ വെറുപ്പാണ് സൃഷ്ടിച്ചത്.....
"""ഓഹ്, ഇനിയിപ്പോ നിന്റെ സിർട്ടിഫിക്കറ്റ് കിട്ടാത്തേന്റെ കുറവേ ഉള്ളൂ....""" അവരോട് കെറുവിച്ചുകൊണ്ട്, തിത്തമ്മയും കടന്നു വന്നു....
പിന്നെ, തലനീട്ടി മുറിയിലേക്കൊന്ന് എത്തിനോക്കി..... ഉള്ളിൽ തോന്നിയ ജാള്യത മറച്ചുകൊണ്ട് അവരൊന്നു ചെറുങ്ങനെ ഇളിച്ചു കാട്ടി...
""" മോളെ കിട്ടിയേന്റെ സന്തോഷത്തിനു കുടിച്ചതാവും...
അല്ലാതെ, ഈ നേരത്തൊന്നും ഇത് പതിവുള്ളതല്ല..."" അവർ പറഞ്ഞപ്പോ, വാസന്തി അവരെയൊന്ന് ചൂഴ്ന്നു നോക്കുന്നത് കണ്ടു....
""" മോള് വാ....
ഇവടെതന്നെ നിക്കാതെ വീടൊക്കെ ഒന്നു വന്ന് കാണ്....
ഇനിമുതല് ഇതല്ലേ മോളടെ വീട് """ തന്റെ കയ്യിൽ പിടിച്ചു വലിക്കുന്ന തിത്തമ്മക്ക് പിന്നാലെ ഒരു മരപ്പാവ കണക്കെ അവളും നടന്നു....
കാണാൻ മാത്രമുള്ളതൊന്നും ഉണ്ടായിരുന്നില്ല ആ വീട്....
തന്റെ വീടിനോളം തന്നെ വലുപ്പമുള്ള ചെറിയൊരു വീട്....
ഇവിടെ പക്ഷെ, വൃത്തിയും വെടിപ്പും തൊട്ടു തീണ്ടിയിട്ടില്ലെന്നു മാത്രം!
"""ഇന്നാ ഇത് കുടിച്ചോ ""
തിത്തമ്മ നീട്ടിയ സ്റ്റീൽ ഗ്ലാസ്സിലെ കട്ടൻ ചായയെന്നു തോന്നിക്കുന്ന ദ്രാവകം ചുണ്ടോടാടുപ്പിച്ചതും, ഗ്ലാസിന്റെ മനം മടുപ്പിക്കുന്ന പച്ചമണം അവളിൽ ഓക്കാനമുണ്ടാക്കി.....
മറ്റുള്ളവർ കാണാതിരിക്കാൻ ശ്രദ്ധിച്ചെങ്കിലും, അവളുടെ ഭാവമാറ്റം കണ്ട് തിത്തമ്മയുടെ മുഖം കറുത്തു....
"""ഓഹ്, തമ്പ്രാട്ടിക്ക് ഞങ്ങടെ ചായ പിടിച്ചില്ലായിരിക്കും....
ഇവടെ ഇങ്ങനൊക്കെ പറ്റൂ... വേണേൽ തിന്നേം കുടിക്കേം ചെയ്താ മതി, അല്ലെങ്കി പട്ടിണി കിടക്കേണ്ടി വരും..""" പെട്ടന്നുള്ള അവരുടെ ഭാവപ്പകർച്ച അവളെ ഭയപ്പെടുത്തിയെങ്കിക്കും, അവൾ ഒന്നും മിണ്ടാതെ തല കുനിച്ചതേയുള്ളു.....
"""അതിന്റെ സ്വഭാവം ഇങ്ങനൊക്കെ തന്നാ.... വെറും മൂശേട്ട!
വേറെ നിവർത്തിയില്ലാണ്ടാ ഞാനൊക്കെ ഇവടെ പിടിച്ചു നിക്കണത്..."" തിത്തമ്മ പോയ വഴി നോക്കി, വാസന്തി സ്വകാര്യം പോലെ പറഞ്ഞു....
അമ്മായിയമ്മയും മരുമകളും ഒരു കണ്ടത്തിൽ ചേരില്ലെന്ന് പുലരിക്ക് മനസ്സിലായി.....
കുടിയനായ നടേശനും, ഇവർക്കുമിടയിലുള്ള തന്റെ ജീവിതം നരക തുല്യമായിരിക്കുമെന്ന് അവൾ പേടിയോടെ ഓർത്തു....!
🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃
"""എന്നാലും ആ ഗോമതിക്കിത് എന്തിന്റെ സൂക്കേടായിരുന്നു... നല്ലൊരു കൊച്ചിനെകൊണ്ടന്ന് ഈ നരകത്തിലേക്ക് തള്ളിവിടാൻ"""
വടക്കിനികോലായിൽ ചിന്തവിഷ്ടയായിരുന്ന പുലരിയെ നോക്കി അയല്പക്കത്തെ പെണ്ണുങ്ങൾ അടക്കം പറഞ്ഞു.....
അവൾ, നിസ്സഹായതയോടെ അവരെ നോക്കി....
അവരുടെ കണ്ണുകളിലും തന്നോടുള്ള അലിവിന്റെ ഒരംശം അവൾ കണ്ടെത്തിയിരുന്നു....
"" നീയിവടെ വന്നിരിക്കാർന്നോ... വന്നേ, ചേട്ടൻ ചോദിക്കട്ടെ """ നടേശന്റെ ശബ്ദം കേട്ടതും അവൾ, പിടഞ്ഞെഴുനേറ്റു....
അയാളെ കണ്ടമാത്രയിൽ തന്നെ വേലിക്കൽ നിന്നിരുന്ന പെണ്ണുങ്ങളും സ്ഥലം വിട്ടിരുന്നു!
""" നീയിങ്ങനെ പണ്ടത്തെപ്പോലെ ഒഴിഞ്ഞുമാറി നടന്നാലെങ്ങനാ.... ഇപ്പോ നീയീ നടേശന്റെ പെണ്ണാണ് അത് മറക്കണ്ട!""" അയാളുടെ സ്വരത്തിനൽപ്പം ഗാംഭീര്യമുണ്ടായിരുന്നു....
""മിഴിച്ചു നിക്കാതെ നടക്കെടീ മുറിയിലേക്ക്....
മോൾടെ പേടിയൊക്കെ ഞാൻ ഇന്നത്തോടെ തീർത്തു തരാം...""" അയാളുടെ ആജ്ഞക്കുമുന്നിൽ മുട്ടു മടക്കിക്കൊണ്ട് അവൾ മുറിക്കകത്തേക്ക് നടന്നു.....
""" എടാ.. നീയിങ്ങനെ വെട്ടുപോത്തിനെ പോലെ പെരുമാറാതെ കുറച്ചു മയത്തിലൊക്കെ അതിനോട് പെരുമാറ്.....
പയ്യെ തിന്നാൽ പനയും തിന്നാം....
അല്ലേല് അവള് അവള്ടെ പാട്ടിനു പോകും... എല്ലാരും ഈ വാസന്തിയെ പോലെ ആയിരിക്കില്ല.. """ ഇത്തിരി ശൃംഗാരം കലർന്ന വാസന്തിയുടെ വാക്കുകൾക്ക്, അയാൾ ഒരു വഷളൻ ചിരിയുടെ മേമ്പൊടിയോടെ തലയനക്കുന്നത് കണ്ടു.... അതിന്റെ പൊരുൾ തേടിപ്പോകാൻ പുലരിക്ക് താല്പര്യമില്ലായിരുന്നു......
മുറിയിൽ കയറി, വാതിൽ കുറ്റിയിടുന്ന നടേശനേ കണ്ടതും, അവളുടെ അടിവയറ്റിൽ നിന്നും ഒരാന്തൽ മുകളിലേക്കുയർന്നു.....
""എന്നെ... എന്നെ ഒന്നും ചെയ്യരുത്..
എനിക്ക്... എനിക്ക് നിങ്ങളെ
പേടിയാ """" അവൾ തൊഴുകയ്യോടെ യാചിച്ചു
"""പേടിക്കണ്ട!
ചേട്ടൻ ഒന്നും ചെയ്യില്ല... വെറുതെയിങ്ങനെ നോക്കി ഇരിക്കത്തേയുള്ളു..."" എന്നുപറഞ്ഞു അയാൾ അവളിൽ തന്നെ മിഴികളുറപ്പിച്ചു കട്ടിലിൽ കയറിയിരുന്നു...
അയാളുടെ, തന്നെ ഒന്നാകെ ഉഴിഞ്ഞുകൊണ്ടുള്ള നോട്ടം പോലും അവളിൽ അവജ്ഞയുളവാക്കി....
അവൾ മുഖം തിരിച്ചു കളഞ്ഞു....
"""ദാ, ഇതാണെനിക്ക് പറ്റാത്തത്...
ഞാനെപ്പോ നോക്കിയാലും പുലരി മുഖം വെട്ടിച്ചുകളയും....
ഞാനെന്താ അത്രയ്ക്ക് കാണാൻ കൊള്ളാത്തവനാണോ?""" അവന്റെ ആ ചോദ്യത്തിനും അവൾ മൗനം പാലിച്ചു...
"""ഞാനെന്തേലും ചോദിച്ചാ അതിന് കൃത്യമായി ഉത്തരം പറഞ്ഞിരിക്കണം അതെനിക്ക് നിർബന്ധാ....
പറയെടി, നിനക്കെന്താ എന്നെ കാണുമ്പോ മാത്രം ഇത്രയ്ക്ക് പുച്ഛം? പറയാൻ...""" അതൊരു അലർച്ചയായിരുന്നു..
""അത്... എനിക്ക്, എനിക്ക് നിങ്ങളെ ഇഷ്ടല്ല!""" പേടിയോടെ അവൾ പറഞ്ഞു.
""" ഇഷ്ടല്ലെന്നോ?
പിന്നെ ആരോടാടീ നിനക്ക് ഇഷ്ടം?? നിന്റെ ആ മാറ്റവനോടോ..?? ആ ഗിരിയോട്...
എനിക്കറിയാം നീയും അവനുമായിട്ടുള്ള എടപാടൊക്കെ...
എന്നാലേ അത് ഇന്നത്തോടെ നിർത്തിക്കോണം... നീയിപ്പോ എന്റെ പെണ്ണാ.... ഞാൻ താലി കെട്ടിയ എന്റെ പെണ്ണ്!"" നടേശൻ, ദേഷ്യത്തോടെ കട്ടിലിൽ നിന്നും ചാടിയെണീറ്റു...
അയാളുടെ ചുവന്ന കണ്ണുകൾ കാണെ, അവളിൽ ഭയം ഇരട്ടിച്ചു....
"""മര്യാദക്ക് ഞാൻ പറയുന്നത് കേട്ട്, അടങ്ങിയൊതുങ്ങി എനിക്ക് വഴിപ്പെട്ട് ഇവടെ കഴിഞ്ഞോണം...
ഇല്ലെങ്കി....,,, കൊന്ന് കെട്ടിത്തൂക്കും ഞാൻ, പുല്ലേ..."""
അവൾക്കു നേരെ വിരലോങ്ങിക്കൊണ്ട് അത് പറയുമ്പോഴും അയാളുടെ കണ്ണുകൾ അവളെ അടിമുടി വീക്ഷിക്കുന്നുണ്ടായിരുന്നു....
നടേശൻ പുറത്തു കടന്നപ്പോഴാണ്, പുലരിക്ക് തെല്ലൊരു ആശ്വാസം തോന്നിയത്....
"""എന്തോന്നാടാ ഇവടെ?"" തിത്തമ്മ ചോദിക്കുന്നത് കേട്ടു..
"""നിങ്ങള് നിങ്ങടെ പാട് നോക്ക് തള്ളേ... മനുഷ്യനിവടെ ഭ്രാന്തടുത്ത നിൽക്കുമ്പഴാ...""" നടേശൻ കയർത്തു
""ആഹ്, ഇങ്ങനാണെങ്കി നിന്റെ ഭ്രാന്ത് വല്ലാതെ മൂക്കും!
നിന്റെ പെണ്ണുമ്പിള്ളക്ക് ഇവിടൊന്നും തീരെ ബോധിച്ചിട്ടില്ല...
കുടിക്കാനിത്തിരി വെള്ളം കൊടുത്തപ്പോ അവക്കത് പിടിച്ചില്ല.. പുറത്തേക്കോരൊറ്റ തുപ്പൽ!
പുതുക്കല്ലേന്നു കരുതീട്ടാ... അല്ലെങ്കി, ഈ തിത്തമ്മേടെ തനി കൊണം അവളാറിഞ്ഞേനെ.."" അവർ ശുണ്ഠിയെടുത്തു...
പുലരി, അവളെല്ലാം അകത്തുനിന്ന് കേട്ടതെയുള്ളൂ... പുറത്തേക്ക് വന്നില്ല.. വരാനുള്ള ധൈര്യം അവളിലുണ്ടായിരുന്നില്ല!
ബൈക്കിന്റെ ശബ്ദം കേട്ടപ്പോ, അവൾ ജനാലഴികളിലൂടെ പുറത്തേക്കു നോക്കി....
നടേശൻ പടികടന്നു പോകുന്നത് കണ്ടപ്പോൾ, ഉള്ളിലെവിടെയോ ഒരു തണുപ്പ് അനുഭവപ്പെടും പോലെ അവൾക്കു തോന്നി...
🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃
""" നടേശനേ, ഇന്നാട്ടിക്ക് വച്ച് ചുണയുള്ളോനാ...
അവനെപ്പോലൊരുത്തനെ ഭർത്താവായി കിട്ടാൻ ഭാഗ്യം ചെയ്യണം കൊച്ചേ....
അവന്റെ ഏട്ടനൊരുത്തൻ ഉണ്ടാരുന്നു, ന്റെ കെട്യോൻ!
ഒരു വകക്ക് കൊള്ളില്ല.... ഏതു നേരോം കെടന്ന് ഉറങ്ങാന്നല്ലാതെ ഒരു പണിക്കും പോവുകേല....
അങ്ങേരു ചത്തു.... എന്നാലും അന്നും ഇന്നും ഇവനൊരുത്തനാ എനിക്കും കുഞ്ഞിനും ചെലവിന് തരുന്നേ....
കള്ള് കുടിയൊക്കെ ആണുങ്ങക്ക് പറഞ്ഞിട്ടുള്ളതാ... അതത്ര വല്യേ തെറ്റായിട്ടൊന്നും കണക്കാക്കണ്ട!"""
വാസന്തിയുടെ സുവിശേഷങ്ങളൊന്നും, പുലരിക്ക് ഉൾകൊള്ളാനാകുമായിരുന്നില്ല.....
"""ചേട്ടനെങ്ങനാ മരിച്ചേ?""" പുലരി, പതിഞ്ഞ സ്വരത്തിൽ ചോദിച്ചു..
""ഒരു ദിവസം രാത്രി ചോറും തിന്ന് കിടന്നുറങ്ങീതാ... പിറ്റേന്ന് നേരം വെളുത്തിട്ടും എണീറ്റില്ല!
അറ്റാക്കാന്നാ എല്ലാരും പറഞ്ഞേ """ അത് പറയുമ്പോഴും അവരിൽ യാതൊരു വികാരവും ഉടലെടുക്കാതിരുന്നത് അവളെ അത്ഭുതപ്പെടുത്തി....
""" നീയെന്നു വച്ചാ അവനു ജീവനാ... കെട്ടുന്നെങ്കി നിന്നെ മാത്രെ കെട്ടൂന്ന് അവനു വാശിയായിരുന്നു....
അതോണ്ട് നീയവനോട് എതിർപ്പൊന്നും കാണിക്കണ്ടാട്ടോ...
സ്നേഹിക്കാൻ മാത്രല്ല, ഇടഞ്ഞാ ഇല്ലാതാക്കാനും അവനറിയാം... """ അവർ പറഞ്ഞു
"" എനിക്ക്... എനിക്ക് കാണുന്നതേ പേടിയാ....
ന്റെ സമ്മതം നോക്കാതേണു ചെറിയമ്മ ഞങ്ങടെ കല്യാണം നടത്തീത്....
ഇഷ്ടല്ലാന്ന് കരഞ്ഞു പറഞ്ഞതാ ഞാൻ.. കേട്ടില്ല...
പിന്നെങ്ങനാ നിക്ക് സ്നേഹിക്കാൻ കഴിയാ..... എനിക്ക് വീട്ടീ പോയാ മതി... """ അവൾ കൊച്ചു കുഞ്ഞിനെപോലെ കരഞ്ഞു തുടങ്ങിയിരുന്നു....
വാസന്തി ഒന്നും പറഞ്ഞില്ല... എങ്കിലും, അവരുടെ മുഖത്ത് അവളോടൊരു അനിഷ്ടം കണ്ടുതുടങ്ങി....
""" നിനക്ക് പോണം എന്നു പറയുമ്പോ കൊണ്ടു വിടാനല്ല, ഞാൻ നിന്നെ ഇങ്ങോട്ട് കെട്ടിയെടുത്തത്.....
ഇവടെ... ഇവടെ നിക്കാനാ...
ഈ നടേശന്റെ ഭാര്യയായിട്ട്.....
അവൾക്കിഷ്ടല്ലാത്രേ എന്നെ...
ത്ഫൂ... ശവം! """
കട്ടിലപ്പടിയിൽ ആടിയാടി നിൽക്കുന്നവനെ കാണെ, അവൾ പേടിയോടെ വാസന്തിയോട് ചേർന്നു നിന്നു.....
അയാളുടെ കാലുകൾ നിലത്തുറച്ചിരുന്നില്ല......
കണ്ണുകൾ, മുമ്പത്തേതിനേക്കാൾ ചുവന്ന് കലങ്ങിയിരുന്നു......
വാക്കുകൾ കുഴഞ്ഞു പോയിരുന്നു....
അകത്തേക്ക് കടക്കാൻ ഭാവിച്ചതും നടേശൻ വീഴാനഞ്ഞു.....
""" നോക്കി നിക്കാതെ അവനെ കൊണ്ടോയി ആ മുറീല് കെടത്ത് കൊച്ചേ... """ വാസന്തി അവളോട് പറഞ്ഞു....
"""വേണ്ട, എന്നെ ഒരുത്തിയും പിടിക്കണ്ട!
കുടിച്ചാ വഴീല് വീണു കെടക്കുന്നോനല്ല ഈ നടേശൻ....."" കാലുകൾ നിലത്തുറപ്പിച്ചുകൊണ്ട് അയാൾ വീണ്ടും എഴുനേറ്റു നിൽക്കാനൊരു ശ്രമം നടത്തി.....
വേച്ചുവേച്ചു ഒരുതരത്തിൽ മുറിയിലേക്കെത്തിപ്പെട്ടെങ്കിലും, പാതിവഴിയിൽ ഉടുമുണ്ട് അഴിഞ്ഞു വീണിരുന്നു....
വീണുകിടന്ന മുണ്ടെടുത്ത മനസ്സില്ലമനസ്സോടെ അവൾ മുറിയിലേക്ക് ചെന്നു....
""" മു... മുണ്ട് "" അവൾ വിറയലോടെ അയാൾക്കു നേരെ നീട്ടി....
""മുണ്ട് വേണ്ട!
ഞാനിന്ന് ഇങ്ങനാ കെടക്കാൻ പോണത്... നിനക്കെന്തേലും ബുദ്ധിമുട്ടുണ്ടോടീ..""
അവൾ തല കുനിച്ചു നിന്നതേയുള്ളൂ...
""" നിന്നെ വളച്ചൊടിച്ച് എന്റെ വരുതീലാക്കാൻ എനിക്കറിയാൻ പാടില്ലാഞ്ഞിട്ടല്ല....
നിനക്കിനി എന്ത് സംഭവിച്ചാലും ഒരു പട്ടിയും തിരിഞ്ഞു നോക്കില്ലെടി പുല്ലേ...
കാരണം എന്താന്നറിയോ, നിന്നെ നിന്റെ ആ ചെറിയമ്മതള്ള എനിക്ക് വിറ്റതാടീ.... ഒന്നും രണ്ടുമല്ല, രൂപ അമ്പതിനായിരാ ഞാനവർക്ക് ചൊള പോലെ എണ്ണിക്കൊടുത്തത്....
സംശയണ്ടേൽ ചോദിച്ചു നോക്കെടീ നിന്റെ തള്ളയോട് """ പുലരിയെ നോക്കി പുച്ഛത്തോടെ ചിരിച്ചുകൊണ്ട്, അയാൾ കട്ടിലിലേക്ക് മലർന്നു വീണു....
പുലരി, തരിച്ചു നിൽക്കുകയായിരുന്നു!
അമ്പതിനായിരം രൂപക്ക്, വില്ക്കപ്പെട്ടൊരു വിൽപ്പനച്ചരക്ക് മാത്രമാണ് താനെന്ന് അവൾ തിരിച്ചറിഞ്ഞിരിക്കുന്നു!!
അവളുടെ കണ്ണിൽ നിന്നും ഇറ്റിവീണ നീർതുള്ളികൾക്കന്നേരം ചോരയുടെ മണമായിരുന്നു.....
സൂര്യന്റെ താപമായിരുന്നു.....!!!
