ഈ പുലരിയിൽ 1
രചന: Fousiya Yousuf
നടേശന്റെ താലിക്കു വേണ്ടി കാത്തുനിൽക്കുമ്പോൾ ,, അവളുടെ ഹൃദയം ശക്തിയിൽ മിടിക്കുന്നുണ്ടായിരുന്നു......
ശരീരം വിറക്കുന്നുണ്ടായിരുന്നു....
"" ചേച്ചീ... """ അല്ലി, അവളുടെ കൈകളിൽ മൃദുവായി തൊട്ടു.....
""ഞാൻ പറഞ്ഞതല്ലേ, എങ്ങോട്ടേലും പോയി രക്ഷപ്പെട്ടോളാൻ..... """ അല്ലി പതുക്കെ പറഞ്ഞു....
പുലരി, മറുപടിയൊന്നും പറഞ്ഞില്ല... അവളുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു....
""" ഇതെന്താ ഇത്രേം നേരം??
എനിക്ക് പോയിട്ട് പണിയുള്ളതാ... """ നടേശൻ ഒച്ചവച്ചു.....
"വിവാഹ ദിവസം വേറെ പണിയുണ്ടെന്ന് പറയുന്ന ലോകത്തിലെ ആദ്യത്തെ കല്യാണച്ചെക്കൻ, ഇയാളായിരിക്കും...." അല്ലി ഓർത്തു.
"" നീയൊന്ന് അടങ്ങെടാ ചെക്കാ... ഇതിനൊക്കെ ഒരു നേരോം കാലോം ഒക്കെ ണ്ട് "" നടേശന്റെ അമ്മ കെറുവിച്ചപ്പോ, ആൾക്കൂട്ടത്തിനിടയിൽ നിന്നും ഒരു പൊട്ടിച്ചിരിയുയർന്നു.....
"" സമയായി... കെട്ടിക്കോളൂ ""
കോവിലിനുള്ളിൽ നിന്നും ഇറങ്ങിവന്നുകൊണ്ടൊരു പൂജാരി, പൂജിച്ച താലിച്ചരട് നടേശനു നേരെ നീട്ടി....
അയാളതു വാങ്ങി, വിജയീഭാവത്തിൽ അവളെയൊന്നു നോക്കിയ ശേഷം, ആ മഞ്ഞച്ചരട് അവളുടെ കഴുത്തിൽ ചാർത്തിമുറുക്കി....
എല്ലാവരുടെയും മുഖത്ത് സന്തോഷം നിറഞ്ഞു നിന്നപ്പോൾ, ആ രണ്ടു മുഖങ്ങൾ മാത്രം വേദനയടക്കാൻ പാടുപെടുകയായിരുന്നു....
പുലരിയും അല്ലിയും!
"" എന്തോന്നാടി നിന്റെ മോന്തയിങ്ങനെ കേറ്റിപ്പിടിച്ചു വച്ചേക്കുന്നെ, നിന്നെ കൊല്ലാനൊന്നും അല്ലല്ലോ കൊണ്ടൊവുന്നത്... കൂടെ പൊറുപ്പിക്കാനല്ലേ """ ഗോമതി, അവളെ നോക്കി പല്ലിറുക്കി...
""" കൊല്ലാനാണോ വളർത്താനാണോ എന്നൊക്കെ കുറച്ചു കഴിഞ്ഞാലല്ലേ അറിയാൻ പറ്റുള്ളൂ ചെറിയമ്മേ"" അല്ലി, ഒരല്പം പേടിയോടെ തന്നെ പറഞ്ഞൊപ്പിച്ചു...
"""തർക്കുത്തരം പറയുന്നോടി അസത്തെ... ആളോള് ഇണ്ടന്നൊന്നും ഞാൻ നോക്കില്ല, ഒറ്റ വീക്ക് വെച്ചുതരും കേട്ടോടീ...""" ഗോമതിയുടെ വലംകൈ അല്ലിക്കു നേരെ നീണ്ടു വന്നപ്പോ, ആ കയ്യിൽ കയറിപ്പിടിച്ചു പുലരി...
""" വേണ്ട ചെറിയമ്മേ, അവളെ ഒന്നും ചെയ്യല്ലേ... അവള് അറിയാതെ പറഞ്ഞതാവും... """
കണ്ണിൽ നിന്നും ഇറ്റ് വീഴുന്ന കണ്ണുനീരിനെ മറുകൈ കൊണ്ട് അവൾ തുടച്ചു നീക്കുന്നുണ്ടായിരുന്നു...
""" എന്നാപ്പിന്നെ നമുക്ക് പോവാല്ലേ....? "" നടേശനവളെ ചേർത്തു പിടിച്ചു പറഞ്ഞപ്പോ, അവൾ അനിഷ്ടത്തോടെ മാറി നിൽക്കാൻ ശ്രമിച്ചു....
അവളുടെ ആ പെരുമാറ്റം വീക്ഷിച്ചുകൊണ്ട്, ഗോമതി അവളെ രൂക്ഷമായി നോക്കുന്നുണ്ടായിരുന്നു....
""" ഇനിയിപ്പോ യാത്ര പറച്ചിലൊന്നും വേണ്ട പെണ്ണേ... നേരം കളയാതെ വേഗം ചെല്ലാൻ നോക്ക്"" അവർ പറഞ്ഞു...
ആരോട് യാത്ര പറഞ്ഞില്ലെങ്കിലും, തന്റെ കൂടപ്പിറപ്പിനോട്... പൊന്നനിയത്തിയോട്.... എങ്ങനെ യാത്ര പറയാതിരിക്കും!
അവൾ, അല്ലിയെ നിറ മിഴികളോടെ നോക്കി.....
നിർവചിക്കാൻ പറ്റാത്ത വിധം വിരഹമായിരുന്നു അവളുടെ കണ്ണുകളിലും, പുലരി കണ്ടത്....
""" ചേച്ചീ... """
തേങ്ങലോടെ അല്ലി നെഞ്ചിലേക്ക് ചാഞ്ഞപ്പോ, നിയന്ത്രണം വിട്ട് അവളും കരഞ്ഞുപോയി....
""" മോളേ... ""
അവളുടെ മൂർദ്ധാവിൽ തുരുതുരെ ഉമ്മവെച്ചുകൊണ്ട് പുലരി, പൊട്ടിക്കരഞ്ഞു.....
തമ്മിൽ പിരിയേണ്ടിവരുന്ന രണ്ടു മനസ്സുകളുടെ നോവ് മാത്രമായിരുന്നില്ല ആ കണ്ണുനീർ.....
മറിച്ച്, മുന്നോട്ടുള്ള ജീവിതത്തിന്റെ പടുകുഴികളെ പറ്റിയുള്ള ആശങ്കകളും അതിൽ നിഴലിച്ചിരുന്നു.....
""" മതി മതി കരഞ്ഞത്.... അവനെ ദേഷ്യം പിടിപ്പിക്കാതെ ചെന്ന് വണ്ടീല് കേറാൻ നോക്ക് """
ഗോമതി, അല്ലിയിൽ നിന്നും പുലരിയെ മോചിപ്പിച്ചുകൊണ്ട് അവളെ കാറിനടുത്തേക്ക് ആനയിച്ചു....
""" എന്റെ കൊച്ചിനെ പൊന്നുപോലെ നോക്കിക്കോണേടാ നടേശാ....
പെറ്റത് ഞാനല്ലേലും, എന്റെ കൈവെള്ളേല് വെച്ച് വളർത്തീതാ ഞാനെന്റെ കൊച്ചുങ്ങളെ """ ഗോമതി, സാരിത്തലപ്പുകൊണ്ട് മൂക്കു പിഴിഞ്ഞു....
അത് കണ്ടപ്പോ, അല്ലിക്ക് അവരോട് പുച്ഛമാണ് തോന്നിയത്.....
അറുക്കാൻ വേണ്ടി തന്റെ മാടിനെ, കാശപ്പുകാരന് വിൽക്കുന്ന യചമാനന്റെ മുഖമാണ് ചെറിയമ്മക്കെന്ന് അവൾക്കു തോന്നിപ്പോയി.....
🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂
"" ഇവടെ നിലവിളക്കൊന്നും ഇരിപ്പില്ല.. നീയിങ്ങട് കേറിപ്പോരെ "" അകത്തേക്ക് കയറാൻ കാത്തു നിന്ന പുലരിയെ നോക്കി പറഞ്ഞുകൊണ്ട് നടേശന്റെ അമ്മ, തിത്തമ്മ ഉള്ളിലേക്ക് കയറിപ്പോയി....
അവൾക്കാകെ വല്ലായ്മ തോന്നി....
വിവാഹവും കുടുംബ ജീവിതമൊന്നും സ്വപ്നം കണ്ടിരുന്നില്ലെങ്കിലും, വിവാഹ ദിവസത്തെ കുറിച്ച് കേട്ടറിഞ്ഞ കഥകളൊന്നും ഇങ്ങനെയായിരുന്നില്ലെന്ന് അവളോർത്തു.....
""" എന്നാലേ, മോള് ചെല്ല്....
ചേട്ടൻ പോയിട്ട് വേഗം വരാട്ടോ "" നടേശൻ, അവളെ നോക്കി ഒന്നു കണ്ണിറുക്കിക്കൊണ്ട് പടി കടന്നു പോയി....
""" പറഞ്ഞു കേട്ടതിനേക്കാളും സുന്ദരിയാണല്ലോ.... വെറുതെയല്ല, നടേശൻ നിന്നെ തന്നെ കെട്ടണം എന്നു പറഞ്ഞ് മുറവിളി കൂട്ടീത് ല്ലേ "" പുലരിയെ നോക്കി അത് പറഞ്ഞത് നടേശന്റെ ചേട്ടത്തി, വാസന്തിയായിരുന്നു....!
ഭർത്താവ് മരിച്ചെങ്കിലും, അവരും കുഞ്ഞും അവിടെ തന്നെയായിരുന്നു താമസം....
""" മതിയെടി അതിനെ നോക്കി കണ്ണുവെച്ചത്.... ആ കൊച്ചുപോയി വേഷൊക്കെ ഒന്നു മാറ്റിക്കോട്ടെ "" തിത്തമ്മ, മുറുക്കി ചുവപ്പിച്ചുകൊണ്ട് അവർക്കരികിലേക്ക് വന്നു....
"""ഓഹ്, ഞാനൊന്ന് നോക്കീന്നു വച്ച് നിങ്ങടെ മരുമോൾക്കൊന്നും സംഭവിക്കാനൊന്നും പോണില്ല!
അല്ലെങ്കി തന്നെ, ഇതിൽ കൂടുതൽ ഇവൾക്കിനി എന്ത് സംഭവിക്കാനാ... നിങ്ങടെ കയ്യിലല്ലേ കിട്ടീക്കണത് "" അമ്മായിയമ്മയെ നോക്കി ചിറി കോട്ടിക്കൊണ്ട് വാസന്തി, അപ്പുറത്തേക്ക് പോയി....
പുലരിയുടെ ഹൃദയത്തിൽ, ഭയമെന്ന വികാരം വീണ്ടും ഫണം വിടർത്തിയാടി....
എരിതീയിൽ നിന്നും, വറ ചട്ടിയിലേക്കാണ് താൻ എത്തിപ്പെട്ടിരിക്കുന്നതെന്ന് അവളുറപ്പിച്ചു....
""" ആ പെണ്ണ് പറയണതൊന്നും മോള് കാര്യാക്കണ്ടാട്ടോ... അതൊരു എരണംകെട്ട ജാതിയാ....
പോകാൻ വേറെ ഇടല്ല്യാന്നും പറഞ്ഞ്, ഇവടെ തന്നെ കടിച്ച് തൂങ്ങി കെടക്കാണ് നാശം!""" അവരുടെ സംഭാഷണങ്ങളിൽ നിന്നുതന്നെ രണ്ടു പേരും തമ്മിലുള്ള ഐക്യത്തിന്റെ അനുപാതം അവൾക്ക് ഊഹിക്കാവുന്നതേ ഉണ്ടായിരുന്നുള്ളൂ....
""" ദാ.. അതാണ് നിങ്ങടെ മുറി... മോള് ചെന്ന് ഉടുപ്പൊക്കെ മാറീട്ട് വാ"" ഒരു കുടുസ്സ് മുറി ചൂണ്ടിക്കൊണ്ട് തിത്തമ്മ പറഞ്ഞതും, അവൾ അനുസരണയുള്ള കുട്ടിയായി അവിടേക്കു നടന്നു....
മുറിയിൽ കടന്നതേ, മദ്യത്തിന്റെയും പാൻമസാലയുടെയും സമ്മിശ്ര ഗന്ധം അവളുടെ മൂക്കിനെ അലോസരപ്പെടുത്തി....
മൂക്കും വായും പതിയെ അടക്കിപ്പിടിച്ചു അവൾ അവിടമാകെ കണ്ണോടിച്ചു.....
അടുക്കും ചിട്ടയുമില്ലാത്ത, വൃത്തിഹീനമായ ആ മുറി നടേശന്റെ ജീവിതത്തിന്റെ നേർ കാഴ്ചയായി അവൾക്കു തോന്നി....!!
🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂
""" ഇന്നാ, ഇത് ഇട്ടുനോക്കീട്ട് പാകം നോക്ക്... എന്തേലും കുഴപ്പം ഉണ്ടെങ്കി ആ ലളിതേനെക്കൊണ്ട് ശരിയാക്കിക്കാം ""
ചെറിയമ്മ നീട്ടിയ കവറിലേക്കും, അവരുടെ മുഖത്തേക്കും പുലരി മാറി മാറി നോക്കി....
"" ഇതെന്താ ചെറിയമ്മേ?? """
""" നിനക്ക് കല്യാണത്തിന് ഉടുക്കാനുള്ള സാരിയും ബ്ലൗസും...
മറ്റന്നാളാണ് നീയും നടേശനും തമ്മിലുള്ള കല്യാണം!
നമ്മടെ കോവിലിൽ വച്ച്... """
അവൾ ഞെട്ടിത്തരിച്ചുപോയി!
താൻപോലുമറിയാതെ ചെറിയമ്മ തന്റെ കല്യാണം നിശ്ചയിച്ചിരിക്കുന്നു!
അതും, മുഴു കുടിയനും താന്തോന്നിയുമായ നടേശനെ കൊണ്ട്...
"" വേണ്ട ചെറിയമ്മേ... എനിക്കീ കല്യാണം വേണ്ട.... എന്നെ അയാളെക്കൊണ്ട് കേട്ടിക്കണ്ട... എനിക്കയാളെ പേടിയാ ചെറിയമ്മേ "" തിരിഞ്ഞു നടക്കാൻ തുടങ്ങിയ ഗോമതിയെ തടുത്തു പിടിച്ചുകൊണ്ടു പുലരി യാചിച്ചു...
"" വേണ്ടാന്നോ?
എന്താടീ അവനൊരു കുഴപ്പം??
ആണുങ്ങളായാൽ ഇത്തിരി കുടിച്ചെന്നും വലിച്ചെന്നും ഒക്കെ ഇരിക്കും....
മര്യാദക്ക് ഞാൻ പറയുന്നത് അനുസരിച്ചോ... ഇല്ലെങ്കിൽ അറിയാലോ എന്നെ...
രണ്ടിനെയും ഞാൻ ജീവനോടെ വച്ചേക്കത്തില്ല!""
അവളെ തള്ളി മാറ്റിക്കൊണ്ട് ഗോമതി, മുറിക്കു പുറത്തേക്കിറങ്ങി....
"" മുത്തപ്പാ, എന്തൊരു പരീക്ഷണാ ഇത്... ഇതുവരെ തന്നതൊന്നും മതിയായില്ലേ നിനക്ക്?
ഇനിയും എന്തിനാ ഞങ്ങളെ ഇങ്ങനെ
കൊല്ലാകൊല ചെയ്യണേ... "" അവൾ വിതുമ്പലോടെ നിലത്തേക്ക് തളർന്നിരുന്നു....
"""ചേച്ചീ... ചേച്ചി രക്ഷപെട്ടോ..
അയാൾടെ താലി സ്വീകരിച്ചാ പിന്നെ ചേച്ചിക്കൊരു നല്ല ജീവിതം ണ്ടാവില്ല...
അയാള് ചെലപ്പോ ചേച്ചീനെ കൊല്ലാൻ വരെ മടിക്കില്ല്യ....
ഒരായുസ്സിനുള്ളതൊക്കെ നമ്മള് അനുഭവിച്ചു കഴിഞ്ഞില്ല്യേ... ഇനീം അതിനു നിന്ന് കൊടുക്കണ്ട...""
അല്ലി പറയുന്നതിനൊന്നും പുലരി, മറുപടി പറഞ്ഞില്ല....
""" ആ വർഷോപ്പിലെ ഗിരിയേട്ടന് ചേച്ചീനെ വല്ല്യേ ഇഷ്ട്ടല്ലേ....
ചേച്ചിയൊന്നു മൂളാൻ കാത്തിരിക്കല്ലേ ആ ഏട്ടൻ....
അയാള് നല്ല ആളാ... ചേച്ചീനെ നല്ലോണം നോക്കും...
ചേച്ചി ആൾടെ കൂടെ പൊയ്ക്കോ... """
അല്ലിയുടെ കണ്ണുകളും പുലരിക്കൊപ്പം പെയ്യുന്നുണ്ടായിരുന്നു......
""" വേണ്ട മോളേ....
ഗിരി നല്ല ആളായിരിക്കും പക്ഷെ,, എന്റെ മോളെ കുരുതി കൊടുത്തിട്ട് ചേച്ചിക്കൊരു ജീവിതൊന്നും വേണ്ട... അത്, ചേച്ചി സ്വപ്നം കണ്ടിട്ടും ഇല്ല്യ...
ചേച്ചിക്ക് ദൈവം വച്ചത് ഇതായിരിക്കും.... അത് അനുഭവിക്കെന്നെ!
മറുത്ത് എന്തെങ്കിലും ചിന്തിച്ചാ, അത് നമ്മടെ നാശത്തിനാ....
ചേച്ചിക്ക് എന്തും വന്നോട്ടെ പക്ഷെ,, എന്റെ മോൾക്ക് എന്തേലും സംഭവിച്ചാ, ചേച്ചിക്കത് സഹിക്കാൻ പറ്റില്ല്യ മോളേ.... """ അല്ലിയെ ചേർത്തണച്ചുകൊണ്ട് അവൾ പൊട്ടിക്കരഞ്ഞു.....
""" നമ്മടെ അമ്മയല്ലാത്തോണ്ടല്ലേ ചെറിയമ്മ നമ്മളോട് ഇങ്ങനൊക്കെ കാണിക്കണേ....
മനസ്സറിഞ്ഞു സ്നേഹം തരാൻ പെറ്റമ്മയ്ക്ക് മാത്രേ കഴിയൂ, ല്ലേ ചേച്ചീ....""" അല്ലിയുടെ ചോദ്യത്തിന് എന്ത് ഉത്തരം നൽകണമെന്ന് അറിയാതെ പുലരി വിഷമിച്ചു....
"" പെറ്റ അമ്മയ്ക്ക് സമം പെറ്റമ്മ മാത്രേ ഉള്ളു മോളേ... """
അവൾ, അല്ലിയെ നെഞ്ചോട് ചേർത്ത്പിടിച്ചു....
ഒരിക്കലും വറ്റാത്ത അവരുടെ കണ്ണുനീർ, അപ്പോഴും ഭൂമിയെ തൊട്ടുകൊണ്ടിരുന്നു!
🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂
"" എന്താണ് വല്യൊരു ആലോചന? """
നടേശന്റെ കുഴഞ്ഞ ശബ്ദവും അതിനോടൊപ്പം വമിച്ച മദ്യത്തിന്റെ ദുർഗന്ധവും പുലരിയെ ചിന്തകളിൽ നിന്നുണർത്തി....
അവളെണീറ്റ് വേഗം രണ്ടടി പുറകോട്ടു മാറി....
""" എന്തിനാ എന്നെ കാണുമ്പോ ഇങ്ങനെ പേടിച്ചു മാറണത്....
ഇങ്ങടുത്ത് വാ... ചേട്ടൻ നന്നായിട്ടൊന്നു കാണട്ടെ """ മുഖത്ത് കിളിർത്തു നിൽക്കുന്ന കുറ്റി രോമങ്ങളെ തടവിക്കൊണ്ട്, വഷളൻ ചിരിയുമായി അയാൾ,,, അവൾക്കരികിലേക്ക് പതിയെ അടിവച്ചു വന്നു....
പിന്നോട്ട് മാറാൻ സ്ഥാലമില്ലാതെ അവൾ ഭിത്തിയോട് ചേർന്ന് തറഞ്ഞു നിന്നു....
അവളുടെ തൊണ്ട വരണ്ടുണങ്ങി...
ശരീരം വിറയൽകൊണ്ടു....
""" ചേട്ടൻ കുടിച്ചു വന്നോണ്ടാണോ ഇത്ര പേടി?
മനപ്പൂർവല്ല... ഒരു സന്തോഷത്തിന്!
ഇന്നത്തെ ദിവസം സന്തോഷിച്ചില്ലെങ്കിപിന്നെ വേറെ എന്നാണ് ചേട്ടൻ സന്തോഷിക്കേണ്ടത്.....
എന്റെ ഒരുപാട് നാളത്തെ മോഹം ഞാൻ നേടിയെടുത്ത ദിവസല്ലേ ഇന്ന്... """ അത് പറയുമ്പോ അയാളുടെ ചൊടികളിൽ വശ്യമായൊരു പുഞ്ചിരി വിടരുന്നുണ്ടായിരുന്നു.....
തൊട്ടു മുന്നിൽ തന്നിൽ മാത്രം മിഴികൾ പായിച്ചു നിൽക്കുന്നവനെ കാണെ, അവളുടെ ഹൃദയം ദ്രുത വേഗത്തിൽ മിടിച്ചുകൊണ്ടിരുന്നു....
അവന്റെ ശ്വാസഗതിയിലൂടെ പുറത്തു വരുന്ന റാക്കിന്റെ മണം അവളിൽ മനംപുരട്ടലുണ്ടാക്കി....
അവൾ കണ്ണുകൾ ഇറുകെയടച്ചു......
അയാളുടെ ചുംബനം അവളുടെ അധരങ്ങളെ പുൽക്കാനാഞ്ഞതും,, വെറുപ്പോടെ പുലരി അയാളെ തള്ളിമാറ്റി....
നടേശൻ, മലർന്നടിച്ച് കിടക്കയിലേക്ക് വീണു...
മദ്യത്തിന്റെ ലഹരിയിലായിരിക്കണം അയാൾക്കു പിന്നെ ബോധം വന്നില്ല!
തെല്ലൊരാശ്വാസത്തോടെ അവൾ വേഗം മുറിയുടെ പുറത്തേക്കിറങ്ങി....
