ഹൃദയത്തിൽ സൂക്ഷിക്കാൻ, Part 3

Valappottukal



രചന: Sajitha Harikrishnan

മുറിയിലെ ഏകാന്തതയിൽ ഇരുന്നു ഞാൻ ഏങ്ങലടിച്ചു കരഞ്ഞു. ദിവസങ്ങൾ കടന്നു പോയി. എല്ലാം നഷ്ട്ടപ്പെട്ടവളെപ്പോലെ ആയിരുന്നു എന്റെ പെരുമാറ്റം. ആ സങ്കടത്തിൽ നിന്നും കര കയറുവാൻ ഞാൻ ഒരുപാട് കഷ്ട്ടപ്പെട്ടു. ദിവസങ്ങൾ മാസങ്ങളായി...... പ്ലസ് ടു പരീക്ഷയുടെ തിരക്കിൽ ഞാൻ മുങ്ങിപ്പോയി. പരീക്ഷ നന്നായി എഴുതി. എൻട്രൻസും എഴുതി. ആദ്യത്തെ പത്തു റാങ്കിനുള്ളിൽ കയറിപ്പറ്റി. ചെന്നൈയിലെ ഏറ്റവും നല്ലൊരു കോളേജിൽ എം. ബി. ബി. എസ് നു അഡ്മിഷൻ നേടിയെടുത്തു. കോളേജിലേക്ക് പോകുന്നതിനു മുൻപ് ഒരു പത്തു ദിവസത്തേക്ക് ചേച്ചിയുടെ വീട്ടിൽ പോകാനുള്ള അനുവാദം നേടിയെടുത്തു. 
*****************************************
ഞാൻ ഉല്ലാസവതിയായിരുന്നു. കിച്ചു ഏട്ടന്റെ അടുത്തേക്ക് വീണ്ടും എത്തിയതിലുള്ള സന്തോഷം. അന്ന് മുഴുവൻ ഏട്ടന്റെ വരവിനായി ഞാൻ കാത്തിരുന്നു...... ഏട്ടൻ വന്നില്ല. ചിഞ്ചുവിന് എന്റെ മൗനത്തിന്റെ അർത്ഥം പിടികിട്ടിയോ? അവൾ എന്നെ ശ്രദ്ധിച്ചു തുടങ്ങി. 

നീയെന്താ മീനൂട്ടി.... ഒരു ഉഷാറില്ലാത്ത പോലെ? നിനക്ക് എന്തു പറ്റി?

ഒന്നുമില്ല ചിഞ്ചു.... ഇനി കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ എല്ലാരേയും വിട്ടു  ഞാൻ വേറൊരു നാട്ടിൽ പോകുവല്ലേ, അതോർത്തുള്ള സങ്കടമാ

അതു തന്നെയാണോ കാരണം? അതോ കിച്ചു ചേട്ടനെ കാണാത്തതാണോ?

ഞാനൊന്നു ഞെട്ടി. എന്റെ മൗനം കൊണ്ട് അവളുടെ ഊഹം ശരിയാണ് എന്നവൾക്ക് മനസ്സിലായി. 

നിനക്ക് കിച്ചു ചേട്ടനെ ഇഷ്ടമാണോ?

ഇഷ്ട്ടമാണോന്നോ, എനിക്കെന്റെ ജീവനാണ്. 

എനിക്കു മനസ്സിലായി നിന്റെ ഇഷ്ട്ടം. 

എന്നാലും ചിഞ്ചു ഞാൻ വന്നെന്നറിഞ്ഞിട്ടും ഏട്ടൻ എന്നെ കാണാനൊന്നു വന്നില്ലലോ 

അതിനു ചേട്ടനിവിടെ ഉണ്ടായിട്ടു വേണ്ടേ 

ഇവിടില്ലേ, എവിടെപ്പോയി 

ചേട്ടനിപ്പോ ഡൽഹിയിലാ. ജോലി കിട്ടി പോയി. ക്യാമ്പസ്‌ ഇന്റർവ്യൂ വഴി സെലക്ട്‌ ആയതാ. നീ നിന്റെ ഇഷ്ടം തുറന്നു പറയാൻ വേണ്ടിയാ ഞാൻ ചേട്ടനിവിടെ ഇല്ലാതിരുന്ന കാര്യം പറയാതിരുന്നത്. 

എനിക്കു ഉള്ളിൽ ഒരു പുകച്ചിൽ പോലെ ആയിരുന്നു. ഏട്ടൻ ഇല്ലാതെ അവിടെ നിൽക്കാൻ മനസ്സ് അനുവദിച്ചില്ല. പപ്പയോടു വീട്ടിലേക്കു വരണം എന്നു പറഞ്ഞു. പപ്പ കാർ അയക്കാം എന്നും പറഞ്ഞു. ഇപ്പോഴും എന്റെ ഇഷ്ട്ടം തുറന്നു പറയാൻ കഴിയാത്തതിൽ ഞാൻ ഒരുപാട് വേദനിച്ചു. ഞാൻ തിരിച്ചു പോകാനുള്ള ഒരുക്കങ്ങൾ തുടങ്ങി. 

നീ പോകാൻ തന്നെ തീരുമാനിച്ചോ മീനൂട്ടി 

മ്മ്.... ഏട്ടനില്ലാതെ എനിക്കിവിടെ നിൽക്കാൻ പറ്റുന്നില്ല ചിഞ്ചു. 

എന്നാൽ നീയൊന്നു എന്റെ കൂടെവരെ വാ. നമുക്ക് ഒരു സ്ഥലം വരെ പോയിട്ട് ഇപ്പൊ വരാം. 

എവിടേക്കാടാ 

നീ വാ.... അതൊക്കെ പിന്നെ പറയാം. 

അവൾ എന്നെയും കൊണ്ട് കിച്ചു ഏട്ടന്റെ വീട്ടിലേക്കാ പോയത്. അവിടെ ഏട്ടന്റെ മുറിയിലേക്ക് കൊണ്ടു പോയി. 

നീ ആ പുസ്തകത്തിന്റെ പേജ് ഒന്നു മറിച്ചു നോക്ക്. 

അവൾ എനിക്കൊരു പുസ്തകം ചൂണ്ടിക്കാട്ടി തന്നു. ഗോൾഡൻ കളർ ഉള്ള പേപ്പർ കൊണ്ടു പൊതിഞ്ഞൊരു പുസ്തകം. ഞാനതു മറിച്ചു നോക്കി. അതിനുള്ളിൽ ഒരു പെൺകുട്ടിയുടെ ചിത്രം വരച്ചു വച്ചിരിക്കുന്നു. അതെ, അതു ഞാൻ തന്നെയാ. അമ്പലത്തിൽ വച്ചു ഏട്ടനെ ഒളികണ്ണിട്ടു നോക്കുന്നത്. എത്ര കൃത്യമായി എന്നെ വരച്ചിരിക്കുന്നു. അടിയിൽ എന്തോ എഴുതിയിരിക്കുന്നു. എന്താ അതു..... ഞാൻ അതു വായിച്ചു. എന്റെ കണ്ണുകൾ വിടർന്നു. പിന്നെയും പിന്നെയും ഞാനതു വായിച്ചു. 
"എന്റെ മീനൂട്ടി, എന്റെ മാത്രം പെണ്ണ് ".  ചിഞ്ചുവിനെ ഞാൻ കെട്ടിപ്പിടിച്ചു. 

നീയന്നു പോയപ്പോൾ ചേട്ടൻ ഒരുപാട് വിഷമിച്ചു. എന്നോട് ചേട്ടന് നിന്നോടുള്ള ഇഷ്ടം തുറന്നു പറയുകയും ചെയ്തു. നിന്നെ സ്വന്തമാക്കാനാ ചേട്ടൻ ഈ ജോലി നേടിയെടുത്തത്. നിന്റെ ഉള്ളിലെ ഇഷ്ട്ടം അറിയതോണ്ടാ ഞാൻ പറയാതിരുന്നത്. 

അവളെ ഞാൻ കെട്ടിപ്പിടിച്ചു തുരുതുരാ ഉമ്മ വയ്ച്ചു. 

വിടൂ മീനൂട്ടി...., എന്താ ഈ കാണിക്കണേ. ചേട്ടന്റെ അമ്മ കാണണ്ട കേട്ടോ 

എനിക്കു അപ്പോഴാ പരിസര ബോധം ഉണ്ടായത്. ഞാനാ പുസ്തത്തിന്റെ താളുകൾ മറിച്ചു. അതിൽ എഴുതിയിരിക്കുന്നത് വായിച്ചു. മുഴുവനും എന്നോടുള്ള പ്രണയം ആയിരുന്നു. "മീനൂട്ടി.... ഞാൻ നിനക്കായി കാത്തിരിക്കുന്നു. നിന്റെ ഇഷ്ട്ടം അറിയാൻ, അതറിയുമ്പോൾ നിന്നെ ചേർത്ത് പിടിച്ചു ആ കാതിൽ എന്റെ ഇഷ്ട്ടം മന്ത്രിക്കിവാൻ.... ആ കണ്ണുകളിൽ നോക്കി പെണ്ണേ നീ എന്റേതാണ് എന്നു ഉറപ്പോടെ പറയുവാൻ, ഞാൻ കാത്തിരിക്കുന്നു...... നീ വരില്ലേ..... ?"
ആ വരികൾക്കടിയിൽ ഞാൻ എന്റെ ഇഷ്ട്ടം കുറിച്ചു. 
ഏട്ടന്റെ വീട് വിട്ടു ഇറങ്ങുമ്പോൾ ഉള്ളിൽ ആഹ്ലാദമായിരുന്നു വീടെത്തിയതും മുറിയിൽ കയറി ഞാൻ തുള്ളിച്ചാടുകയായിരുന്നു. 
*******-**********--**********-*******--****
മീനൂട്ടി വന്നിട്ടുണ്ടെന്ന് അമ്മ ഫോണിലൂടെ പറഞ്ഞു അറിഞ്ഞാ, ഞാൻ കിട്ടാത്ത ലീവ് റിസ്ക് എടുത്തു വാങ്ങി വന്നത്. അവളെ കാണാൻ. ഞാൻ വന്നപ്പോഴേക്കും അവൾ പോയി. ചിഞ്ചുവും പോയി. ഇല്ലായിരുന്നെങ്കിൽ അവളെ പറഞ്ഞേപ്പിച്ച കാര്യം എന്തായെന്ന് അറിയാരുന്നു. മുറിയിലെ കസേരയിൽ ഞാൻ തളർന്നിരുന്നു
അമ്മയും അയലത്തെ ചേച്ചിമാരും പറഞ്ഞുള്ള അറിവിലാ അവളെ കാണാനുള്ള ആഗ്രഹം തോന്നിയത്. കണ്ടപ്പോൾ ഒറ്റ നോട്ടത്തിൽ തന്നെ അവളെന്റെ മനസ്സ് കീഴടക്കി. അവളെ ചൊടിപ്പിക്കാനാ കളിയാക്കിയത് പക്ഷെ എന്റെ കളിയാക്കൽ അവളൊരു വെല്ലുവിളിയായി ഏറ്റെടുത്തു ആ ഡ്രെസ്സിൽ മുന്നിൽ വന്നപ്പോൾ ഞാൻ ഉറപ്പിച്ചു ഇവളാ എന്റെ പെണ്ണെന്നു. ആ സ്വാതന്ത്ര്യത്തിലാ അവളെ ചൊടിപ്പിച്ചുകൊണ്ടിരുന്നത്. എന്റെ ഇഷ്ട്ടം പറയാൻ കാത്തിരുന്ന ദിവസം തന്നെ അവൾ പോയപ്പോൾ മനസ്സ് തളർന്നു. ഇന്ന് അവൾക്കായി ഓടി വന്നപ്പോൾ.......... ഞാൻ മനസ്സ് മരിച്ചവനെപ്പോലായി. മേശയിൽ മുഖം ചേർത്ത് കിടന്നു. മുറിയിൽ അവളുടെ പെർഫ്യൂമിന്റെ മണം പരക്കുന്നുവോ...? അതോ എന്റെ തോന്നലാണോ? ഞാൻ മുഖം ഉയർത്തി. ഏയ്‌ ഇപ്പോൾ ആ മണം ഇല്ല. മുഖം താഴ്ത്തിയപ്പോൾ വീണ്ടും ആ മണം. മേശപ്പുറത്തേക്കു നോക്കിയപ്പോൾ അവൾക്കായി ഞാൻ എഴുതിയ പുസ്തകം. പെട്ടെന്ന് പുസ്തകം മറിച്ചു നോക്കി. ഞാനെഴുതിയ വരികൾക്ക് താഴെ എന്തോ കുറിച്ചിരിക്കുന്നു. ഞാനതു വായിച്ചു. 

"എന്റെ കിച്ചു ഏട്ടന്......., ഞാൻ വരും ഏട്ടന്റെ പെണ്ണായി ജീവിക്കാൻ. ഇനി എത്ര ജന്മം പിറവി എടുത്താലും ഏട്ടന്റെ പെണ്ണായി ജനിക്കണം എനിക്ക്. ആ മാറിലെ ചൂടിൽ മയങ്ങണം എന്റെ ശ്വാസം നില്ക്കുന്നതുവരെ
എനിക്കു ഇഷ്ട്ടമാണ് ഏട്ടനെ, എന്റെ ജീവനാണ്, എന്റെ ജീവിതമാണ്. "

ആ പുസ്തകം ഞാൻ നെഞ്ചോടു ചേർത്ത് പിടിച്ചു. അതിനുള്ളിൽ ഒരു തൂവാല. "I LOVE YOU KICHU ETTA" എന്നു തുന്നി ചേർത്തിരിക്കുന്നു. ഞാനാ തൂവാലയിൽ ചുംബിച്ചു അവളുടെ പെർഫ്യൂമിന്റെ. മണം. അവളുടെ ഓർമകളിൽ ഞാൻ കസേരയിൽ ചാരി ഇരുന്നു, മനസ്സ് നിറയെ എന്റെ മീനൂട്ടിയോടുള്ള സ്നേഹവുമായി............ 
*********---*********-*-***********-----*******
ചെന്നൈക്ക് പോകാനുള്ള തയ്യാറെടുപ്പുകൾ നടക്കുകയാണ്. പപ്പയും അമ്മയും കൂടെ വരുന്നുണ്ട്. 
ചെന്നൈയിൽ എത്തി പുതിയ അന്തരീക്ഷവുമായി പൊരുത്തപ്പെടാൻ കുറച്ചു സമയം വേണ്ടി വന്നു. ഓരോ വര്ഷങ്ങളായി കൊഴിഞ്ഞു വീണു. ഞാൻ പഠനകാര്യത്തിൽ ഒരു വിട്ടു വീഴ്ചയും ചെയ്തില്ല. മൂന്നാം വർഷം ഒരു മാസത്തെ വെക്കേഷനു ഞാൻ വീട്ടിൽ പോയി. എന്റെ വീട്ടിലെ അന്തരീക്ഷ വായു ശ്വസിച്ചപ്പോൾ എന്തെന്നില്ലാത്ത സുഖം തോന്നി. കട്ടിലിൽ കിച്ചു ഏട്ടന്റെ ഓർമയിൽ മുഴുകി കിടന്നപ്പോൾ പപ്പ മുറിയിലേക്ക് വന്നു. 

മീനൂട്ടി......... 

പപ്പാ........ 

മോളോട് ചോദിക്കാതെ പപ്പാ മോൾക്കൊരു ഗിഫ്റ്റ് സെലക്ട്‌ ചെയ്തു വച്ചിട്ടുണ്ട്. 

ഗിഫ്റ്റോ? എന്താ പപ്പാ ?

മോൾക്കൊരു കൂട്ട് വേണ്ടേ? പപ്പാ മോൾക്കൊരു കൂട്ട് കണ്ടെത്തിയിട്ടുണ്ട്. 

കൂട്ടോ? പപ്പാ എന്തൊക്കെയാ ഈ പറയണേ?

പറയാൻ പ്രത്യേകിച്ച് ഒന്നുമില്ല. പപ്പയുടെ ഫ്രണ്ട് രവി അങ്കിൾ ഇല്ലേ? അങ്കിളിന്റെ മകനുമായി മോൾടെ മാര്യേജ് പപ്പാ ഉറപ്പിച്ചു. മോൾ പോകുന്നതിനു മുൻപ് അതങ്ങു നടത്താൻ പപ്പാ തീരുമാനിച്ചു. മോൾടെ ഇഷ്ട്ടങ്ങൾ അറിഞ്ഞേ പപ്പാ ഇതുവരെ നിന്നിട്ടുള്ളു. അതുകൊണ്ടുതന്നെ പപ്പക്ക് തെറ്റ് പറ്റിയിട്ടില്ല. 

ഞാനെന്താ ഈശ്വരാ ഈ കേൾക്കുന്നത്. എന്റെ കല്യാണം ഉറപ്പിച്ചെന്നോ? എനിക്ക് തല കറങ്ങുന്നതുപോലെ തോന്നി. ഭൂമി പിളർന്നു ഞാൻ താഴേക്കു പോയിരുന്നെങ്കിൽ. എനിക്കു ഉറക്കെ നിലവിളിക്കാൻ തോന്നി. ഞാൻ ശക്തിയായി പപ്പയുടെ തീരുമാനത്തെ എതിർത്തു. 

ഇത്തവണ പപ്പാ എനിക്കായി തിരഞ്ഞെടുത്തത് എന്റെ മനസ്സറിഞ്ഞല്ല എനിക്കൊരിക്കലും ഈ കല്യാണത്തിന് സമ്മതിക്കാൻ കഴിയില്ല. ഞാൻ മറ്റൊരാളെ സ്നേഹിക്കുന്നു. 

പ്രണയമോ? അതൊക്കെ വെറും പാസ്സിങ് ഫാൻസി അല്ലേ മോളെ. മോളതങ്ങു മറന്നേക്കൂ.... പപ്പാ തിരഞ്ഞെടുത്ത ചെറുക്കൻ അമേരിക്കയിൽ ഡോക്ടർ ആണ്. നിന്റെ സ്റ്റഡീസ് കംപ്ലീറ്റ് ആയാൽ നിന്നെയും അങ്ങോട്ട്‌ കൊണ്ടു പോകും. നിങ്ങൾക്ക് അവിടെ സെറ്റിൽ ചെയ്യാം. 

പപ്പാ ഇനി ഏതു രാജകുമാരനെ കാണിച്ചാലും കിച്ചു ഏട്ടനെയല്ലാതെ വേറൊരാളെ സ്നേഹിക്കാനോ അക്‌സെപ്റ് ചെയ്യാനോ എനിക്കു കഴിയില്ല. 

ഓഹോ.... ആ ഒരു ഗതിക്കും വകയില്ലാത്തവനാണോ നിന്റെ മനസ്സിൽ. 

പപ്പാ സമ്പത്തിന്റെ അളവുകോൽ നോക്കിയല്ല ഞാൻ ഏട്ടനെ സ്നേഹിച്ചത്. എന്റെ സന്തോഷമാണ് പപ്പക്ക് വലുതെങ്കിൽ ഞങ്ങളെ ഒന്നിച്ചു ജീവിക്കാൻ അനുവദിക്കണം. 

എനിക്കു എന്റെ സ്റ്റാറ്റസ് ആണ് വലുത്. എന്റെ സമ്പാദ്യം കൂട്ടുവാൻ ഈ മാര്യേജ് അത്യാവശ്യമാണ്. എന്റെ വാക്ക് ധിക്കരിച്ചു അവനോടൊപ്പം ഇറങ്ങിപ്പോകാനാ നിന്റെ പ്ലാൻ എങ്കിൽ അവൻ ഈ ഭൂമിയിൽ ഇനി വേണ്ടാന്ന് ഞാനങ്ങു തീരുമാനിക്കും. 

ഹും...... പപ്പക്ക് തെറ്റി. ഞാൻ ഇറങ്ങി വന്നാലും പപ്പയുടെയും അമ്മയുടെയും സമ്മതവും അനുഗ്രഹവും ഇല്ലാതെ ഏട്ടൻ എന്നെ സ്വീകരിക്കില്ല.അത്ര വലുതാണ് ആ മനസ്സ്. പണത്തിന്റെ തൂക്കത്തിനനുസരിച്ചു പപ്പക്ക് ആയിരം മരുമക്കളെ കിട്ടുമായിരിക്കും പക്ഷെ ഏട്ടനെപ്പോലെ ഒരു മകനെ പപ്പക്ക് കിട്ടില്ല.പണത്തിന്റെയും സ്റ്റാറ്റസിന്റെയും പേരും പറഞ്ഞു പപ്പാ ഒരു നല്ല മകനെയാ വേണ്ടാന്ന് വയ്ക്കുന്നത്. കൂടെ പപ്പയുടെ മോളുടെ സന്തോഷവും. 

എന്റെ തീരുമാനത്തിനനുസരിച്ചു നീ നിന്നാൽ മാത്രം മതി നിന്റെ സന്തോഷം നിനക്ക് കിട്ടും. അതല്ല മറ്റെന്തെങ്കിലും വഴിയിൽ എന്നെ നാണം കെടുത്താനാണെങ്കിൽ പപ്പയുടെയും അമ്മയുടെയും ശവം മോളു കാണേണ്ടി വരും. 

വേണ്ട, നിങ്ങൾക്കൊന്നും നഷ്ട്ടപ്പെടേണ്ട. ഇത്രയും നാൾ എന്നെ വളർത്തി വലുതാക്കിയതിനു നിങ്ങളുടെ ജീവിതം നഷ്ട്ടപ്പെടുത്തേണ്ട  നിങ്ങളുടെ ഇഷ്ടത്തിന് ഞാൻ നിന്ന് തന്നോളാം. ഏട്ടന് ആരെക്കാളും എന്നെ മനസ്സിലാവും. മീനൂട്ടി ഇവിടെ മരിക്കുകയാണ്. ഇനി വെറും ജീവശ്ശവമാണ് ഞാൻ. നിങ്ങൾ തിരിക്കുന്ന കീയ്ക്ക് ഒത്തു തുള്ളുന്ന പാവ.എന്റെ ഇഷ്ടങ്ങളും സ്വപ്നങ്ങളും ഞാനിവിടെ കുഴിച്ചു മൂടുന്നു. 

എല്ലാം നേടിയെടുത്തവനെപ്പോലെ പപ്പാ മുറിവിട്ടു പോയി. വേച്ചു വീഴാതിരിക്കാൻ ഞാൻ കട്ടിലിന്റെ കാലിൽ മുറുകെ പിടിച്ചു. ഞാൻ വാവിട്ടു കരഞ്ഞു. എന്തിനാ ദേവി..... എന്നോടി ചതി ചെയ്തത്. കരഞ്ഞു തളർന്നു വീണു ഞാൻ. ദിവസങ്ങൾ കഴിഞ്ഞു പോയി. എല്ലാവരും കല്യാണ തിരക്കിലാണ്. ഞാൻ ആ മുറി വിട്ടു പുറത്തിറങ്ങിയില്ല. അമ്മ ഇടയ്ക്കിടെ മുറിയിൽ വരും. എന്റെ ദയനീയ ഭാവം കാണുമ്പോൾ കരഞ്ഞുകൊണ്ട് മുറിവിട്ടു പോകും. ഡ്രെസ്സും ഒർണമെന്റ്സും ഒന്നും എടുക്കാൻ ഞാൻ പോയില്ല. എല്ലാം പപ്പയുടെ ഇഷ്ടത്തിന് വിട്ടു. എന്നെ കാണാനും കല്യാണത്തിന് പങ്കെടുക്കുവാനും വീണേച്ചിയും ശ്രീയേട്ടനും ചിഞ്ചുവും ഒക്കെ വന്നു. അവർ എന്നെ സമാധാനിപ്പിക്കാൻ ഒരു പാഴ്ശ്രമം നടത്തി. ആരുടേയും വാക്കുകൾക്കു ഞാൻ ചെവി കൊടുത്തില്ല. ഒരു പാവയെപ്പോലെ എല്ലാം കേട്ടുകൊണ്ടിരുന്നു. 
ബ്യൂട്ടീഷൻ വന്നു എന്നെ അണിയിച്ചൊരുക്കി. ഞാൻ കണ്ണാടിയിൽ നോക്കിയപ്പോൾ അവിടെ എന്നെ കാണാൻ കഴിഞ്ഞില്ല. ഒരു മരപ്പാവയെപ്പോലെ തോന്നി. അനങ്ങുന്നൊരു മരപ്പാവ. പപ്പാ വന്നെന്റെ കൈ പിടിച്ചു മണ്ഡപത്തിലേക്ക് കൊണ്ടു പോയി. എന്റെ നെഞ്ച് പിടച്ചു തുടങ്ങി. അവിടെന്നു എങ്ങോട്ടെങ്കിലും ഇറങ്ങി ഓടുവാൻ എന്റെ മനസ്സ് കൊതിച്ചു. പക്ഷെ എന്റെ കാലുകൾക്കു കരുത്തില്ല. ഇനിയുള്ള ജീവിതത്തിൽ എല്ലാം സഹിക്കാനും ക്ഷമിക്കാനും ഉള്ള കരുത്തു എനിക്കു തരണേ ഈശ്വരാ.... എന്റെ ഏട്ടന് ഈ പ്രതിസന്ധി നേരിടാനുള്ള കരുത്തു കൊടുക്കണേ....    ഞാൻ മനം ഉരുകി പ്രാർത്ഥിച്ചുകൊണ്ട് മണ്ഡപത്തിലേക്ക് കയറി......... 

അമ്മേ..... അമ്മ ഇവിടെ എന്തെടുക്കുവാ?

എന്റെ മോളുടെ ശബ്ദം എന്നെ വർത്തമാന കാലത്തിലേക്ക് കൊണ്ടുവന്നു. 

ആഹാ അമ്മയുടെ ലച്ചു മോളു വന്നോ 

എന്താടോ ഇവിടെ ഒറ്റയ്ക്കിരുന്നതു ? ഇന്ന് ഹോസ്പിറ്റലിൽ പോയില്ലേ?

ഏയ്‌ ഇല്ല. ഇന്ന് ലീവ് എടുത്തു. വെറുതെ ഇവിടിരുന്നു കാറ്റ് കൊള്ളുകയായിരുന്നു. 

ഇത് എന്റെ ഭർത്താവ്. പേര് സുധീഷ് കൃഷ്ണൻ. ഞങ്ങൾക്കൊരു മോളാണ് ലക്ഷിക സുധീഷ്. ഞങ്ങൾ ലച്ചു എന്നു വിളിക്കും. സുധീഷ് കൃഷ്ണൻ എന്നു പറഞ്ഞാൽ നിങ്ങൾക്ക് മനസ്സിലാവില്ല. കിച്ചു ഏട്ടൻ...., എന്റെ കിച്ചു ഏട്ടൻ. 
അതെ, അന്ന് മണ്ഡപത്തിൽ കരഞ്ഞു വീർത്ത മുഖവുമായി ഞാൻ ഇരുന്നപ്പോൾ എന്താ എന്റെ പെണ്ണിന്റെ മുഖം വീർത്തിരിക്കുന്നത് എന്നൊരു ചോദ്യം ഞാൻ കേട്ടു. തിരിഞ്ഞു നോക്കിയപ്പോൾ കല്യാണ ചെറുക്കാനായി കിച്ചു ഏട്ടൻ ഇരിക്കുന്നു. എന്റെ അമ്പരപ്പ് കണ്ടു ആളു പൊട്ടിച്ചിരിച്ചു. ഞാൻ പപ്പയെ നോക്കി ഒരു കള്ള ചിരിയുമായി പപ്പാ എന്നെ നോക്കി. എന്നിട്ട് എന്റെ ചെവിയിൽ പറഞ്ഞു 

ഈ പപ്പക്ക് മോളുടെ സന്തോഷം തന്നെയാ എന്തിനേക്കാളും വലുത്. പിന്നെ എന്റെ മോളായി പപ്പക്ക് കണ്ടുപിടിച്ചു തന്ന മകനല്ലേ, കൈ വിട്ടു കളയണ്ടാന്നു കരുതി. 

എനിക്കു സന്തോഷവും സങ്കടവും എല്ലാം ഒന്നിച്ചു വന്നു. 

ഇനി കിച്ചു ഏട്ടന്റെ മീനൂട്ടി കരയരുത്. ഒരുപാട് കരഞ്ഞില്ലേ. 

ഞാൻ പുഞ്ചിരിച്ചു. മനസ്സ് നിറഞ്ഞുള്ള ചിരി. മഞ്ഞ ചരടിൽ കോർത്തൊരു താലി ഏട്ടൻ എന്റെ കഴുത്തിൽ ചാർത്തി.എന്റെ നെറുകയിൽ ഒരു നുള്ള് സിന്ദൂരവും തൊട്ടു. പപ്പാ എന്റെ കൈ പിടിച്ചു ഏട്ടന് കൊടുത്തു. 

എന്താ എന്റെ മീനൂട്ടി ആലോചിക്കണത്?

ഒന്നൂല്ല കിച്ചു ഏട്ടാ.നമ്മുടെ പഴയ കാലം ഞാൻ ഓർക്കുകയായിരുന്നു.

കിച്ചു ഏട്ടൻ എന്നെ നെഞ്ചോടു ചേർത്ത് പിടിച്ചു എന്റെ നെറുകയിലെ സിന്ദൂരപ്പൊട്ടിൽ ഒരു സ്നേഹ ചുംബനം നൽകി. 

അയ്യേ..... ഈ അച്ഛനും അമ്മയ്ക്കും എപ്പോഴും റൊമാൻസ് തന്നെയാ. 

ആണോടി കുറുമ്പി....... എന്നാ കാര്യമായിപ്പോയി കേട്ടോ ?

എന്നും പറഞ്ഞു കിച്ചു ഏട്ടൻ എന്നെ കുറച്ചൂടെ മുറുകെ കെട്ടിപ്പിടിച്ചു. എന്റെ കിച്ചു ഏട്ടനെയും ഏട്ടന്റെ സ്നേഹത്തേയും  എനിക്കു തന്ന ദൈവത്തോട് നന്ദി പറഞ്ഞുകൊണ്ട് ഏട്ടന്റെ നെഞ്ചിലെ ചൂടിൽ ഞാൻ മുഖം ചേർത്ത് നിന്നു......
(അവസാനിച്ചു )

ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കണേ... ഷെയർ ചെയ്യണേ...


കൂടുതൽ കഥകൾക്ക് ഈ പേജ് ഫോളോ ചെയ്യൂ....
To Top