രചന: Sajitha Harikrishnan
കിച്ചു ഏട്ടന്റെ കയ്യും പിടിച്ചു മതി മറന്നു നടന്നപ്പോൾ വീടെത്തിയതൊന്നും അറിഞ്ഞില്ല. കയ്യിലെ പിടി വിടാതെ മുറുകെപ്പിടിച്ചു നിന്നു.
അതെ, ഈ കൈ ഒന്നു വിട്ടിരുന്നെങ്കിൽ നന്നായിരുന്നു. വീടെത്തിയതൊന്നും അറിഞ്ഞില്ലേ തമ്പുരാട്ടി?
പരിസരബോധം വന്ന ഞാൻ പെട്ടന്ന് കയ്യിലെ പിടി വിട്ടു.
ദിവാസ്വപ്നം കാണുവായിരുന്നോ തമ്പുരാട്ടി?
അത്... ഞാൻ....
എനിക്കു പറയാൻ വാക്കുകളൊന്നും കിട്ടീല.
മതി മതി.. വിക്കണ്ട
മറുപടിയായി ഒരു ചമ്മിയ ചിരി നൽകാൻ മാത്രേ എനിക്കു കഴിഞ്ഞുള്ളു.
വീണേച്ചിയേയ്.... നിങ്ങളുടെ പെങ്കുട്ട്യോളെ ഭദ്രമായിട്ടു വീട്ടിൽ എത്തിച്ചിട്ടുണ്ട് കേട്ടോ. ഞാൻ വീട്ടിലോട്ടു പോകുവാണേ.....
കിച്ചൂ ചോറ് കഴിച്ചിട്ടു പോകാം.
വേണ്ട ചേച്ചി അമ്മ കാത്തിരിക്കും ഞാൻ പോണു.
ശരിയെടാ...
പടിക്കെട്ടിറങ്ങി പോകുന്ന കിച്ചു ഏട്ടനേയും നോക്കി ഞാൻ ഉമ്മറത്ത് നിന്നു. അവസാന പടി ഇറങ്ങിയപ്പോൾ കിച്ചു ഏട്ടൻ തിരിഞ്ഞു നോക്കി. ആ കണ്ണുകളെ നേരിടാനാവാതെ ഞാൻ മുഖം കുനിച്ചു.
*******************************************
മുറിയിൽ ആലോചനയിൽ മുഴുകി ഇരുന്ന എന്നെ ചിഞ്ചുവിന്റെ ശബ്ദമാ ഉണർത്തിയത്.
മീനൂട്ടി.... കിച്ചു ചേട്ടൻ മീൻ പിടിക്കാൻ പോകുന്നൂന്നു. നീ കാണാൻ വരുന്നുണ്ടോ?
മീൻ പിടിക്കാനോ? എവിടന്നു? നിന്റെ ചേട്ടൻ കടലിൽ പോകുവാണോ മീൻ പിടിക്കാൻ?
ഓഞ്ഞ കോമഡി അടിക്കാതെ നീ വരുന്നുണ്ടെങ്കിൽ വാ.
(കിച്ചു ഏട്ടനാ മറുപടി പറഞ്ഞത്)
ആ.... എന്താ സംഭവം എന്നു ഞാനും അറിയട്ടെ. ഞാനും വരുന്നുണ്ട്.
എന്നാൽ ഒരു തോർത്ത് കൂടി എടുത്തോളൂ..
തോർത്ത് എന്തിനാ ? കുളിക്കാൻ പോകുവാണോ?
അല്ല കുളിപ്പിക്കാൻ പോകുവാ നിന്നെ. ഞാൻ കുളിപ്പിച്ചാലെങ്കിലും നീ കുളിക്കൊന്നു അറിയണമല്ലോ.
അയ്യടാ..... പൂതി മനസ്സിൽ വച്ചാൽ മതി.
മണ്ടി..... തോർത്ത് വച്ചാ മീൻ പിടിക്കുന്നത്.
തോർത്ത് വച്ചോ? അതെങ്ങനാ?
അത് കാണാനല്ലേ പോണത്. നീ വാ.
ഞങ്ങൾ മൂവർ സംഘം തോർത്തുമായി തോട്ടിലേക്ക് പോയി. ചിഞ്ചുവും ഏട്ടനും തോട്ടിൽ ഇറങ്ങി. ഞാൻ കരയിൽ നിന്നും അവരെ വാച്ചു ചെയ്തു. തോർത്ത് വച്ചു മീൻ പിടിക്കുന്നത് കണ്ടപ്പോൾ എനിക്കു അത്ഭുതം തോന്നി. പട്ടണത്തിന്റെ തിരക്കിനിടയിൽ വളർന്ന എനിക്ക് ഇതൊക്കെ പുതിയ അനുഭവങ്ങൾ ആയിരുന്നു.
നീ ഇങ്ങനെ കരയിൽ ഇരുന്നു കാണാതെ ഞങ്ങളോടൊപ്പം കൂടെടി..
എനിക്കു വെള്ളത്തിൽ ഇറങ്ങാൻ പേടിയാ കിച്ചു ഏട്ടാ നല്ല ഒഴുക്ക് ഇല്ലേ
ഞങ്ങളും ഇതിനുള്ളിൽ അല്ലേ നിൽക്കുന്നത് ഞങ്ങളെ സ്രാവ് ഒന്നും എടുത്തോണ്ട് പോയില്ലല്ലോ?
അയ്യോടാ.... ഭയങ്കര തമാശ ഞാനിപ്പോ ചിരിച്ചു ചാവും.
നിന്നു ഓവർ ആക്ടിങ് കാണിക്കാതെ ഇങ്ങോട്ട് ഇറങ്ങി വാടി പൊട്ടിക്കളി...
എനിക്കു പേടി ആയിട്ടാ കിച്ചു ഏട്ടാ......
ഞാനല്ലേ വിളിക്കുന്നത്. വാ നല്ല രസമാ....
ഏട്ടനെ വിശ്വസിച്ചു ഞാൻ തോട്ടിലേക്ക് ഇറങ്ങി. പേടിച്ചു വിറച്ച ഇറങ്ങിയത്. വെള്ളത്തിൽ ഇറങ്ങി അവരോടൊപ്പം കൂടിയപ്പോൾ നല്ല രസമായിരുന്നു. ഞാൻ തോട്ടിലെ വെള്ളം കോരി അവരുടെ ദേഹത്തു ഒക്കെ തെറിപ്പിച്ചുകൊണ്ടിരുന്നു. കിച്ചു ഏട്ടനു നല്ല ദേഷ്യം വരുന്നുണ്ടായിരുന്നു.
മീനൂട്ടി..... കളി നിർത്തു. എനിക്കു നല്ല ദേഷ്യം വരുന്നുണ്ടേ......
ഓ ഇയാൾക്ക് ദേഷ്യം വന്നാൽ എനിക്കെന്താ?
ഞാൻ കുറച്ചുകൂടി വെള്ളം കോരി ഏട്ടന്റെ പുറത്തു ഒഴിച്ചു. ഏട്ടൻ ദേഷ്യം വന്നു എന്നെ അടിക്കാൻ കൈ ഓങ്ങി. അടി കൊള്ളാതെ ഇരിക്കാൻ ഞാൻ പുറകോട്ടു ആഞ്ഞതും തോട്ടിലേക്ക് വീണു. ആഴമുള്ള സ്ഥലത്തേക്ക് ആണ് വീണത്. എനിക്കു ശ്വാസം മുട്ടി. കുറേ വെള്ളം കുടിച്ചു. പിന്നൊന്നും ഓർമയില്ല. കണ്ണ് തുറക്കുമ്പോൾ ദേഹം മുഴുവൻ നനഞ്ഞു ഒട്ടി, കരഞ്ഞു കലങ്ങിയ കണ്ണുകളുമായിരിക്കുന്ന കിച്ചു ഏട്ടനെയാണ് കണ്ടത്.
ദേ നോക്കിയേ കിച്ചു ചേട്ടാ മീനൂട്ടി കണ്ണു തുറന്നു.
കിച്ചു ഏട്ടൻ എന്റെ മുഖത്തു സങ്കടത്തോടെ നോക്കി.
സോറി മീനൂട്ടി..... ഞാൻ കാരണമാ നീ......
പറഞ്ഞു മുഴുവിപ്പിക്കും മുന്നേ കിച്ചു ഏട്ടന്റെ വായ ഞാൻ പൊത്തിപിടിച്ചു.
ഏട്ടൻ കാരണമല്ല. ഞാൻ അല്ലേ കുരുത്തക്കേട് കാട്ടിയത്.
ഒരുപാട് വെള്ളം കുടിച്ചോ എന്റെ കുട്ടി.
പിന്നേ....... ഒരു വാട്ടർ ടാങ്ക് നിറക്കാനുള്ള വെള്ളം ഇപ്പൊ എന്റെ ഉളിൽ ഉണ്ട്. ഇനി മീനൊന്നും പിടിക്കേണ്ട ഏട്ടാ. എന്റെ വയറു നിറയെ മീനാ....... നമുക്ക് ഒരാഴ്ച്ചതേക്ക് കറി വയ്ക്കാനുള്ളതായിട്ടുണ്ട്.
ഈ പെണ്ണിന്റോരു കാര്യം. വയ്യാതെ ഇരുന്നാലും വായാടിതരത്തിനു ഒരു കുറവും ഇല്ല. എഴുന്നേൽക്കു, വാ പോകാം. നടക്കാൻ പറ്റോ നിനക്ക് ?
എനിക്കു തീരെ വയ്യ ഏട്ടാ.... നടക്കാൻ ഒട്ടും വയ്യ. ഏട്ടനു വിരോധം ഇല്ലെങ്കിൽ എന്നെ എടുത്തോണ്ട് പോകോ?
ഡീ..... കാന്താരി.... ഒരുപാട് അഭിനയിക്കല്ലേ
ഞാൻ ഒരു വിധം നടന്നു വീടെത്തി. എന്റെ കോലം കണ്ടു വീണ ചേച്ചി കരച്ചിലും പിഴിചിലും തുടങ്ങി. അവരെ സമാധാനിപ്പിച്ചു ഞാൻ ഡ്രസ്സ് മാറാൻ പോയി. ഡ്രസ്സ് മാറി വന്നപ്പോൾ ഒരു കുറ്റവാളിയെപോലെ മുഖം കുനിച്ചു ഇരിക്കുവാ കിച്ചു ഏട്ടൻ. എനിക്കു അത് കണ്ടപ്പോൾ ചിരി വന്നു.
അതെ നിങ്ങളുടെയൊക്കെ മുഖഭാവം കണ്ടാൽ ഞാൻ തട്ടിപ്പോയ പോലുണ്ടല്ലോ.
നിനക്ക് ഇതൊക്കെ തമാശ. നിന്റെ പപ്പ അറിഞ്ഞാൽ ഉള്ള പുകില് പറയണ്ടല്ലോ.
നമ്മൾ ആരെങ്കിലും പറഞ്ഞാൽ അല്ലേ ചേച്ചി പപ്പ അറിയുള്ളു. ആരും പറയണ്ട അപ്പോൾ പ്രോബ്ലം സോൾവ് ആയില്ലേ?
എല്ലാവരെയും സമാധാനിപ്പിക്കാൻ ഞാൻ ഒരുപാട് പാടു പെട്ടു. കിച്ചു ഏട്ടന്റെ വിഷമം മാറിയില്ല എന്നു ആ മുഖം കണ്ടാലറിയാം.
പിന്നെയും ദിവസങ്ങൾ കടന്നു പോയി. ഓരോ ദിവസം കഴിയുംതോറും ഞാൻ കിച്ചു ഏട്ടനിലേക്ക് കൂടുതൽ അടുത്ത് കൊണ്ടിരുന്നു. 20 ദിവസത്തെ അവധിക്കു നിൽക്കുവാൻ വന്ന ഞാൻ പപ്പയുടെ കാലു പിടിച്ചു കെഞ്ചി 10 ദിവസം കൂടി നീട്ടി വാങ്ങി. ഞങ്ങൾക്കിടയിൽ ആരും അറിയാതെ ഒരിഷ്ടം ഉടൽ എടുത്ത പോലെ. കണ്ണുകൾ കൊണ്ട് ഞാനെന്റെ ഇഷ്ടം കൈമാറിയതല്ലാതെ, ഉള്ളിലെ ഇഷ്ടം തുറന്നു പറഞ്ഞില്ല.
********************************************
ഡാ....... നിന്നെ നിന്റെ പപ്പ വിളിക്കുന്നു.
പപ്പയോ..... ഫോൺ വിളിക്കുകയാണോ ചിഞ്ചു?
അല്ല. പപ്പ വന്നിട്ടുണ്ട് നിന്നെ കൊണ്ടു പോകാൻ.
പപ്പ വന്നെന്നോ ? എവിടെ ?
ഉമ്മറത്തു ഇരിപ്പുണ്ട്.
ഞാൻ ഉമ്മറത്തേക്ക് ഓടി. അതെ, പപ്പ വന്നു. എന്നെ കൊണ്ടു പോകാൻ. ഈശ്വരാ...... ഇത്ര പെട്ടന്നോ. കിച്ചു ഏട്ടനെ കണ്ടു കൊതി തീർന്നില്ല. അപ്പോഴേക്കും........ ഞാൻ പപ്പയുടെ മുന്നിൽ പോയി നിന്നു.
പപ്പയോടു ഞാൻ പത്തു ദിവസം കൂടി നിന്നോട്ടെ എന്ന് അനുവാദം ചോദിച്ചതല്ലേ ?
സമ്മതിച്ചിട്ടു ഇപ്പൊ എന്നെ പറ്റിച്ചു അല്ലേ?
നിന്റെ അമ്മ എനിക്കു കിടക്കപ്പോറുതി തരണ്ടേ? നീ പോയി റെഡി ആവു.
പപ്പാ....... ഞാൻ........
ഒന്നും പറയണ്ട. പോയി റെഡി ആകു.
എനിക്കു വല്ലാത്ത സങ്കടം തോന്നി. കരച്ചിൽ അടക്കാൻ ഞാൻ പാട് പെട്ടു. കിച്ചു ഏട്ടനെ കാണാതെ ഞാൻ പോകേണ്ടി വരോ? എനിക്കു ആവലാതി ആയി. എന്താ ചെയ്യേണ്ടത്? അപ്പോഴാ ചിഞ്ചുവിനെക്കുറിച്ച് ഓർത്തത്.
ചിഞ്ചു.... ഞാൻ പോകുവാന്നു നീയൊന്നു ചെന്ന് കിച്ചു ഏട്ടനോട് പറയോ?
ചേട്ടൻ ഇപ്പൊ അവിടെ കാണുമോ എന്നു അറിയില്ല. എന്തായാലും ഞാൻ പോയി നോക്കട്ടെ.
അതും പറഞ്ഞു അവൾ കിച്ചു ഏട്ടന്റെ വീട്ടിലേക്കു ഓടി. ഞാൻ വളരെ പതിയെ റെഡി ആയി.
മീനൂട്ടി, പെട്ടന്ന് ഇറങ്ങുന്നുണ്ടോ നീ
സമയം താമസിച്ചതിന്റെ ദേഷ്യം മുഴുവൻ പപ്പയുടെ ആ വാക്കുകളിൽ ഉണ്ടായിരുന്നു. ഇനി നിന്നാൽ ശരിയാവില്ല. പപ്പയുടെന്നു വഴക്ക് കേൾക്കും. ഞാൻ പോകാൻ ഇറങ്ങി. ഈ ചിഞ്ചു ഇത് എവിടെ പോയേക്കുവാ അവളെ കാണാതെ, ഏട്ടന്റെ വിവരങ്ങൾ ഒന്നും അറിയാതെ മനസ്സ് വിങ്ങി. എല്ലാവരോടും യാത്ര പറഞ്ഞു ഇറങ്ങി.
ചിഞ്ചു അതാ ഓടിക്കിതച്ചു വരുന്നു.പുറകെ കിച്ചു ഏട്ടനും ഉണ്ട്. അപ്പോഴാ എനിക്കു ശ്വാസം നേരെ വീണത്. ഞാൻ ഓടി അവരുടെ അടുത്ത് ചെന്നു. ചിഞ്ചുവിനെ കെട്ടിപ്പിടിച്ചു. പുറകിൽ നിന്ന കിച്ചു ഏട്ടന്റെ കയ്യിൽ ആരും കാണാതെ കൈ കോർത്തു പിടിച്ചു. രണ്ടു പേരോടും യാത്ര പറഞ്ഞു. പോകുന്നെനു മുൻപ് കിച്ചു ഏട്ടനെ എന്റെ ഇഷ്ടം അറിയിക്കണം എന്നുണ്ടായിരുന്നു.നടന്നില്ല... ഞാൻ പോകുന്നതിന്റെ സങ്കടം ആ മുഖത്തു കാണാൻ ഉണ്ട്. ഞാൻ കാറിൽ കയറി. വിൻഡോയിലൂടെ പുറത്തേക്കു തല ഇട്ടു കിച്ചു ഏട്ടനെ നോക്കി ഒന്നുകൂടി യാത്ര പറഞ്ഞു. ഏട്ടൻ കണ്ണു തുടക്കുന്നുണ്ടായിരുന്നു. മനസ്സിൽ ഒരു വിങ്ങലായിരുന്നു. ഇനി ഇങ്ങോട്ട് വരാൻ കഴിയോന്നറിയില്ല. എന്റെ ഇഷ്ടം എനിക്കു എന്നെന്നേക്കുമായി നഷ്ട്ടമാവോ ദേവി..... ഇത്രയും ദിവസം കിട്ടിയിട്ടും എന്റെ ഇഷ്ടം തുറന്നു പറയാൻ കഴിഞ്ഞില്ല. ഞാൻ കരുതുന്ന അർത്ഥത്തിൽ ഉള്ള ഇഷ്ടമാണോ ഏട്ടനെന്നു എനിക്കു ഉറപ്പില്ലായിരുന്നു. അതുകൊണ്ട് ഇഷ്ടം തുറന്നു പറയാനും പേടി ആയിരുന്നു. എന്റെ മനസ്സ് കിച്ചു ഏട്ടന്റടുത്തു ഉപേക്ഷിച്ചാ ഞാൻ പോണത്. ഇനി കണ്ടുമുട്ടാൻ കഴിയൊന്നു ഉറപ്പില്ലാതെ..... വീട് ലക്ഷ്യമാക്കി കാർ പാഞ്ഞുകൊണ്ടിരുന്നു. വിങ്ങുന്ന മനസ്സുമായി കാറിനുള്ളിൽ ഞാനും.......
