രചന: Sajitha Harikrishnan
Part 1
വീട്ടിലെ ജോലി ഒക്കെ ഒതുക്കി ഒരു മാസികയും കയ്യിൽ പിടിച്ചു ബാൽക്കണിയിൽ വന്നിരിക്കുകയാണ് ഞാൻ. ബാൽക്കണിയിൽ കാറ്റുകൊണ്ടു അങ്ങനെ ഇരിക്കുമ്പോൾ എന്തോ മനസ്സ് ഭൂതകാലത്തിലേക്ക് പാഞ്ഞു. വളരെ പഴക്കം ചെന്ന ഓർമ്മകൾ മാസ്സിലേക്ക് ഇരച്ചു കയറി. എന്റെ പഠന കാലം..........
ഇനി ഞാൻ എന്നെ പരിജയപ്പെടുത്താം. ഞാൻ മീനാക്ഷി.... മീനാക്ഷി ശങ്കർ.... ശങ്കർ അസ്സോസിയേറ്റസിന്റെ ഉടമ ശങ്കർ നാരായണന്റെ ഒരെ ഒരു മകൾ. വാശിക്കാരി..., തന്റേടി.., അങ്ങനെ ഒരുപാട് വിശേഷണങ്ങൾ. സ്കൂൾ ജീവിതം അടിച്ചു പൊളിക്കുന്ന സമയം. വെക്കേഷൻ വീട്ടിൽ ഇരുന്നു ബോർ അടിച്ചു. അപ്പോഴാ വീണ ചേച്ചിയുടെ വീട്ടിൽ വെക്കേഷൻ ചിലവഴിക്കാൻ ഒരു അവസരം കിട്ടിയത്. വീണ ചേച്ചി എന്റെ വലിയമ്മയുടെ മകളാണ്. ആള് കല്യാണം ഒക്കെ കഴിഞ്ഞു നാട്ടിൻ പുറത്തു സെറ്റിൽഡ് ആണ്. നാട്ടിൻ പുറം അല്ലെ പോകാൻ ഇന്റെരെസ്റ്റ് ആയി. അമ്മയോട് കെഞ്ചി. അമ്മ പപ്പയുടെ അടുത്ത് നിന്നും അനുവാദം വാങ്ങി തന്നു. ചേച്ചിയുടെ നാത്തൂന്റെ മകൾ ചിഞ്ചുവും അവിടെ ഉണ്ട്. അവളും ഞാനും ഒരേ പ്രായം. നാട്ടിൻ പുറത്തെ കാഴ്ചകളൊക്കെ എനിക്ക് പുതിയ അനുഭവങ്ങൾ ആയിരുന്നു. അവിടെ വച്ചു പലപ്പോഴായി എല്ലാരിൽ നിന്നും ഒരു പേര് വീണുകിട്ടി. "കിച്ചു" ചിഞ്ചുവിനാണെങ്കിൽ അയാളെക്കുറിച്ചു പറയാനേ നേരമുള്ളൂ. അയാളുടെ കണ്ണും മൂക്കും ചിരിയും....
ഹോ ഈ പെണ്ണിന്റെ ഒരു കാര്യം.ഇനി നീ അയാളെക്കുറിച് പറഞ്ഞാൽ ഞാൻ കട്ടിലിൽ നിന്നും ചവിട്ടി താഴെയിടും പെണ്ണെ
ഡീ..മീനൂട്ടി....നീ ആളെ കാണാഞ്ഞിട്ടാ... കണ്ടാൽ നീ മൂക്കും കുത്തി താഴെ വീഴും നോക്കിക്കോ.
ഓ... പിന്നേ... ഞാൻ വേറെ ചുള്ളൻ ചെക്കന്മാരെ കണ്ടിട്ടില്ലാത്ത പോലല്ലേ? ഞാനെ നല്ല ചോക്ലേറ്റ് പയ്യന്മാരുള്ള ഇടത്തൂന്നാ വന്നത്. കേട്ടോടി... അപ്പോഴാ അവളുടെ ഒരു കഞ്ഞി ചേട്ടൻ.
പോടീ അവിടുന്ന്. കഞ്ഞി ചേട്ടനോ? കിച്ചു ചേട്ടന്റെ ഏഴയലത്തു വരൂല നിന്റെ ചോക്ലേറ്റ് പയ്യന്മാർ.
ഓ നിനക്ക് വട്ടായീന്നാ തോന്നണത്. ചിലയ്ക്കാതെ കിടന്നു ഉറങ്ങു പെണ്ണെ....
അല്ല നിന്റെ ഈ കിച്ചു ചേട്ടനെ ഇതുവരെ കണ്ടില്ലല്ലോ?
അപ്പൊ കാണണം എന്നുണ്ടല്ല?
അതു പിന്നേ എല്ലാരും ഇത്രേം ബിൽഡപ് ഒക്കെ ഇടുമ്പോൾ ആർക്കായാലും കാണാൻ ഒരു ക്യൂരിയോസിറ്റി കാണില്ലേ
ആളിപ്പോ ഇവിടെ ഇല്ലെടാ... കാണാൻ ഉള്ള കൊതിയുമായിട്ടാ ഞാൻ വന്നത്. പക്ഷെ, ആൾക്ക് ബാംഗ്ലൂർ ഒരു പ്രോഗ്രാം ഉണ്ട്.
പ്രോഗ്രാമോ? എന്ത് പ്രോഗ്രാം?
അതോ ചേട്ടൻ ഡാൻസ് ട്രൂപ്പിൽ ഒക്കെ ഉണ്ടെടാ.... ആള് അങ്ങനെ പോയേക്കുവാ.
ആഹാ ഡാൻസ് ഒക്കെ കളിക്കോ
ഡാൻസ് മാത്രമല്ല ഡ്രോയിങ്, പാട്ട്, സ്പോർട്സ്.... എന്നിങ്ങനെ എല്ലാം ഉണ്ട്. നന്നായി പഠിക്കുകയും ചെയ്യും.
അപ്പൊ സകല കലാ വല്ലഭൻ ആണല്ലേ ?
എന്തെന്നറിയില്ല എല്ലാരും പറഞ്ഞു പറഞ്ഞു എന്റെ ഉള്ളിലും ആളെ കാണാൻ ഒരു മോഹം പിറ്റേന്ന് ചിഞ്ചു എന്നെയും കൊണ്ട് കിച്ചു ചേട്ടന്റെ വീട്ടിൽ പോയി. ഞങ്ങളെ കണ്ടതും ചേട്ടന്റെ അമ്മ ചിരിച്ചുകൊണ്ട് വന്നു ഞങ്ങളെ വീട്ടിലേക്കു ക്ഷണിച്ചു. അമ്മയോട് അനുവാദം ചോദിച്ചു ഞങ്ങൾ ചേട്ടന്റെ റൂമിലേക്ക് കയറി. ആളുടെ ഫോട്ടോ ഉണ്ടെങ്കിൽ കാണാല്ലോ എന്ന് ഞാൻ മനസ്സിൽ കരുതി. മുറി മുഴുവൻ അലങ്കോലമായി കിടക്കുകയാണ്. ഓരോ ഫിലിം സ്റ്റേഴ്സിനെയും എത്ര കൃത്യമായിട്ടാ വരച്ചു വച്ചിരിക്കുന്നത്. സീനറി ഒക്കെ എന്ത് ഭംഗിയായി വരച്ചിരിക്കുന്നു. ഒരു ഫോട്ടോക്കായി ഞാൻ അവിടെ മുഴുവൻ തപ്പി. കിട്ടീല... മനസ്സിൽ ഒരു സങ്കടം തോന്നി. അവിടന്ന് പടി ഇറങ്ങുമ്പോൾ ഉള്ളിന്റെ ഉള്ളിൽ ആ മനുഷ്യനോട് എനിക്കൊരു ആരാധന തോന്നി തുടങ്ങിയിരുന്നു.
ചിഞ്ചുവേയ്.....
എന്താ മീനൂട്ടി...
ആള് കിടു ആണല്ലേ?
പിന്നില്ലേ... എനിക്ക് വലിയ ഇഷ്ട്ടമാണെടാ.... ഇവിടുള്ള പെണ്പിള്ളേരെല്ലാം ചേട്ടൻ ഒന്നു കനിഞ്ഞെങ്കിൽ എന്ന് കാത്തിരിക്കുകയാ. എന്നെ ഇഷ്ട്ടവോന്നറിയില്ല.
എനിക്കും ഇഷ്ട്ടായി നിന്റെ കിച്ചു ചേട്ടനെ. ഞാൻ ഉള്ളിൽ പറഞ്ഞു. ഓരോ ദിവസം കഴിയും തോറും കിച്ചു ഏട്ടൻ.. ( അല്ല മനസ്സിൽ അങ്ങനൊരു സ്ഥാനം വീണൂട്ടോ... അതോണ്ട് അങ്ങനെ പറയാല്ലോ ) ഉള്ളിൽ ഒരു അത്ഭുതവും ആവേശവും ആയി മാറിക്കൊണ്ടിരുന്നു. അവിടെ നിന്ന നാൾ കൊണ്ട് ഞാൻ അവിടെ ഉള്ളോരുടെ എല്ലാം പെറ്റായി മാറി. അയൽപക്കത്തുള്ള വീട്ടിലൊക്കെ കയറി ഇറങ്ങാനുള്ള സ്വാതന്ത്ര്യം. ഇവിടുത്തുകാർ എന്ത് പാവമാ എല്ലാവരെയും സ്നേഹിക്കാനേ അറിയുള്ളു. അങ്ങനെ വെക്കേഷൻ കിച്ചു ഏട്ടന്റെ കഥകൾ കേട്ടും അടിച്ചു പൊളിച്ചും കഴിയാറായി. വീട്ടിൽ നിന്നും പപ്പയുടെ വിളി വന്നു. വീട്ടിലേക്കു ചെല്ലാൻ. പോകാനാണെങ്കിൽ ഒട്ടും മനസ്സില്ല. എനിക്ക് ശരിക്കും ഇവിടം ഇഷ്ട്ടമായി.
വീണ ചേച്ചി എനിക്ക് വീട്ടിലേക്കു പോകാൻ തുണികൾ മടക്കി വയ്ക്കുകയായിരുന്നു.
മീനൂട്ടി......
എന്താ ചേച്ചി?
നീ അയല്പക്കത്തെ ആന്റിമാരോടൊക്കെ യാത്ര ചോദിച്ചിട്ട് വാ.
ശരി ചേച്ചി..
പോകാൻ ഒട്ടും മനസ്സില്ല. എന്നാലും പോണ്ടേ. ചിഞ്ചുവിനെയും കൂട്ടി എല്ലാവരോടും യാത്ര പറഞ്ഞു. കിച്ചു ഏട്ടന്റെ വീട്ടിലും യാത്ര പറഞ്ഞു.
മോളിന്നു പോകുവാണോ?
അതെ ആന്റീ
ശ്ശൊ ഇന്നു കിച്ചു വരും മോൾക്ക് കാണാൻ പറ്റൂലല്ലോ.അവന്റെ ചേട്ടൻ അവനെ വിളിക്കാൻ പോയേക്കുവാ
ആര് സച്ചു ചേട്ടനോ
അതെ
നെഞ്ചിലൊരു വെള്ളിടി വെട്ടിയ പോലെ. എത്ര ദിവസമായി കാണാൻ ആഗ്രഹിക്കുന്നു. ആളു വന്നപ്പോൾ എനിക്കൊന്നു കാണാൻ പറ്റാതായല്ലോ. സങ്കടം കൊണ്ട് കണ്ണ് നിറയോ എന്നു ഞാൻ പേടിച്ചു.
അവനിപ്പോ എത്താറായിട്ടുണ്ടാവും.മോള് ഇപ്പൊ പോകോ?
അതെ ആന്റീ. പോകാൻ റെഡി ആകുവാ.
ചിലപ്പോൾ വഴിയിൽ വച്ചു കാണും അവനെ. സച്ചു കൂടെ ഉള്ളോണ്ട് പെട്ടന്ന് തിരിച്ചറിയാം മോൾക്ക്.
ആ വാക്കുകൾ എന്നിൽ ഒരു പ്രതീക്ഷ നൽകി. ഞമനപ്പൂർവ്വം ഒരുങ്ങി ഇറങ്ങാൻ താമസിച്ചു. അതിനു ചേച്ചീടെന്ന് വഴക്കും കിട്ടി. ചിഞ്ചുവിനോട് യാത്രയും പറഞ്ഞു കാറിൽ കയറി. ഈശ്വരാ.......... വഴിയിൽ വച്ചു ഒന്നു കാണാൻ കഴിഞ്ഞെങ്കിൽ,ഞാൻ മനം ഉരുകി പ്രാർത്ഥിച്ചു. കാർ എന്നെയും കൊണ്ട് വീട്ടിലേക്കു പാഞ്ഞു. വഴിയോരത്തു മുഴുവൻ ഞാൻ കിച്ചു ഏട്ടനെ തിരഞ്ഞു. എങ്ങും കാണാൻ കഴിഞ്ഞില്ല. എന്റെ കണ്ണുകൾ ഈറനണിഞ്ഞു. ചേച്ചി കാണാതെ കണ്ണ് തുടച്ചു. കണ്ണുകൾ മുറുകെ അടച്ചു ഞാൻ സീറ്റിലേക്ക് ചാരി കിടന്നു.
കാറിൽ ഇരുന്നു മയങ്ങിപ്പോയതു കൊണ്ട് വീടെത്തിയത് അറിഞ്ഞില്ല. വീട്ടിൽ വന്നിട്ടും എനിക്ക് ഒരു ഉഷാർ ഇല്ലായിരുന്നു. ദിവസങ്ങൾ കടന്നു പൊയ്ക്കൊണ്ട് ഇരുന്നു. ഞാൻ പഠനത്തിൽ ശ്രദ്ധ തിരിച്ചു. അങ്ങനെ ഒരു കൊല്ലം കഴിയാറായി. പബ്ലിക് എക്സാം ആണ് വരുന്നത് നന്നായി പഠിക്കണം എന്ന ചിന്ത മാത്രം.
********************************************
എക്സാം ഒക്കെ കഴിഞ്ഞു വീട്ടിൽ നിന്നപ്പോഴാ വീണ ചേച്ചിയുടെ വരവ്. ഇത്തവണയും വെക്കേഷൻ അവിടെ ആഘോഷിക്കാം എന്ന തീരുമാനത്തിൽ എത്തി. എനിക്ക് എന്തെന്നില്ലാത്ത സന്തോഷം ആയിരുന്നു. കിച്ചു ഏട്ടനെ കാണാല്ലോ.... അങ്ങനെ ചേച്ചിയുടെ നാട്ടിലേക്കു യാത്രയായി. വീട് എത്താറായപ്പോൾ ചേച്ചി കാർ നിർത്തുവാൻ പറഞ്ഞു.
കിച്ചു അല്ലേ ശ്രീയേട്ടാ ആ നിൽക്കുന്നെ ?
ആ അവൻ തന്നെയാടി...
അവനോടു വരുന്നുണ്ടോന്നു ചോദിക്കു.
അതു കേട്ടതും എന്റെ മനസ്സിൽ പെരുമ്പറ മുഴങ്ങി. ദൈവമേ... കിച്ചു ഏട്ടൻ.... ശ്രീയേട്ടന്റെ കാർ കണ്ടു കിച്ചു ഏട്ടൻ അപ്പോഴേക്കും അടുത്ത് എത്തിയിരുന്നു.
ആരാ ശ്രീയേട്ടാ കാറിനുള്ളിൽ ?
ഇതും പറഞ്ഞു കിച്ചു ഏട്ടൻ കാറിലേക്ക് തലയിട്ടതും കാണാൻ ഉള്ള ആവേശത്തിൽ ഞാൻ തല പുറത്തേക്കു ഇട്ടതും ഒന്നിച്ചായിരുന്നു. ഇരുമ്പ് കൂടം കൊണ്ട് തലയ്ക്കു അടിച്ച പോലെ. ദൈവമേ ഇങ്ങേരുടെ തലയെന്താ ഇരുമ്പാണോ? തല കറങ്ങുന്നു.
ആഹാ രണ്ടിനും നല്ല ഇടി കിട്ടീന്നാ തോന്നണത് ശ്രീയേട്ടാ.
അതു ശരിയാ വേദനിച്ചോ മീനൂട്ടി ?
പിന്നിലാണ്ടു. ഇരുമ്പ് ഉലക്കക്കു അടിച്ച പോലുണ്ട്.
കിച്ചൂ... ഇതാ മീനൂട്ടി. മീനാക്ഷി ശങ്കർ. വീണയുടെ സിസ്റ്റർ ആണ്.
വേദനയിൽ ആളുടെ മുഖം ഞാൻ ശ്രദ്ധിച്ചില്ലായിരുന്നു. ഇപ്പൊ ശരിക്കൊന്നു നോക്കി. എന്തൊരു ഭംഗിയാ ആളെ കാണാൻ. സുന്ദരൻ. ചിഞ്ചു പറഞ്ഞത് എത്ര സത്യം.
ഓ ഇതാണോ മീനൂട്ടി. ഇവിടത്തെ സ്റ്റാർ. ഞാൻ ബാംഗ്ലൂർ നിന്നും വന്നപ്പോൾ തൊട്ടു കേൾക്കാൻ തുടങ്ങിയ പേരാണ്. എല്ലാവരും പറയുന്നത് കേട്ടപ്പോൾ വലിയ ഐശ്വര്യ റായ് ആയിരിക്കും എന്നാ ഞാൻ കരുതിയത്. ഇത് ഒരുമാതിരി ഒരു പേക്കോലം. പോണിടെയ്ൽ ഹെയർ സ്റ്റൈലും ഹാഫ് സ്കർട്ടും..... എല്ലാം കൂടി മൊത്തത്തിൽ ബോർ. ഇതിനേക്കാൾ പട്ടുടുപ്പും പാവാടയും ഇട്ടു നടക്കുന്ന നമ്മുടെ ചിഞ്ചു എത്ര സുന്ദരിയാ. കറുപ്പാണെങ്കിലും ആ വേഷത്തിൽ അവൾ എന്തു ഭംഗിയാ. കാലിലെ പാദസരവും കിലുക്കിയുള്ള നടത്തം കണ്ടാൽ തന്നെ എന്തു ഭംഗിയാ. ഇതൊരുമാതിരി........ ശ്ശെ....
സ്കൂളിലെ തന്നെ ബ്യൂട്ടി ആയിരുന്ന എനിക്ക് ഇതിൽക്കൂടുതൽ ഒരു അടി കിട്ടാനില്ല. എനിക്കാണെങ്കിൽ ദേഷ്യവും കുശുമ്പും അസൂയയും ഒക്കെ വന്നു.
ഹ..... ഹ...... ഹ..... കിച്ചുവേ.... അവൾക്കു ഇപ്പൊ നിന്നെ പുഴുങ്ങി തിന്നാനുള്ള ദേഷ്യം ഉണ്ട്. (ശ്രീയേട്ടന്റെ തമാശ )
ഇയാൾ ഒന്നും മിണ്ടൂലേ... ? ഊമ ആണോ ?
അതെ ഊമയാ... എന്തെ?
എനിക്കു ദേഷ്യം ഇരച്ചു കയറി.
അവളെ വെറുതെ ദേഷ്യം പിടിപ്പിക്കല്ലേ കിച്ചൂ .. എന്റെ അനിയത്തി ആയോണ്ട് പറയുന്നതല്ല. ദേഷ്യം വന്നാൽ അവളെ പിടിച്ചാൽ കിട്ടൂല.
പിടിച്ചാൽ കിട്ടാതിരിക്കാൻ ഇവൾ ആരാ തവളയോ.... ?
നീ പോടാ മരമാക്രി.. ഉള്ളിൽ ഞാൻ വിളിച്ചു.
കിച്ചൂ നീ വരുന്നുണ്ടോ ?
ഇല്ല ശ്രീയേട്ടാ. കുറച്ചൂടി കളിച്ചിട്ട് വരാം.
ശരി എന്നാ ഞങ്ങള് പോട്ടെ
ഒക്കെ ചേട്ടാ. ഞാൻ വരാം വീട്ടിലേക്കു
കാർ ചേച്ചിയുടെ വീടെത്തി. ചിഞ്ചു ഞങ്ങളെ കാത്തു ഉമ്മറത്തു തന്നെ ഉണ്ടായിരുന്നു. കാറിൽ നിന്നും ഇറങ്ങിയപ്പോൾ ഞാൻ അവളെ മൊത്തത്തിൽ ഒന്നു നോക്കി. പട്ടു പാവാടയിൽ സുന്ദരി ആയിരിക്കുന്നു. എനിക്കെന്തോ അസൂയ തോന്നി. മുറിയിൽ കയറി ഡ്രസ്സ് ചേഞ്ച് ചെയ്തോണ്ട് ഇരുന്നപ്പോൾ ഞാൻ ഒരു കാര്യം ഉറപ്പിച്ചു. എന്തായാലും മൂന്നു നാലു ജോഡി പാട്ടു പാവാടയും ഒരു ജോഡി പാദസരവും വാങ്ങണം. എന്നെ കളിയാക്കിയത് അല്ലേ അപ്പോൾ ആ ലുക്കിൽ എന്നെയൊന്നു കാണട്ടെ. അതിനായി ഞാൻ ശ്രീയേട്ടനെ ചട്ടം കെട്ടി. ഡ്രസ്സ് വാങ്ങാനുള്ള എന്റെ തിടുക്കം കണ്ടു വീണ ചേച്ചി കളിയാക്കി.
കിച്ചൂന്റെ കളിയാക്കൽ ഏറ്റൂന്നാ തോന്നണത് ശ്രീയേട്ടാ....
ഇത് കേട്ടു ശ്രീയേട്ടൻ ചിരിച്ചു.
അയാൾ ഇത്രയും പറഞ്ഞ സ്ഥിതിക്ക് പാട്ടുപാവാടയിൽ ഞാനും സുന്ദരിയാന്നു കാണിച്ചു കൊടുക്കണമല്ലോ ചേച്ചി.
ആ നടക്കട്ടെ നടക്കട്ടെ
ശ്രീയേട്ടനോടൊപ്പം കടയിൽ ചെന്ന് എനിക്കു ഒരുപാട് ചേരുന്ന വൈബ്രന്റു കളർ നോക്കി ഞാൻ ഡ്രസ്സ് സെലക്ട് ചെയ്തു. പാദസരം ചിഞ്ചുവിനെക്കാൾ കൂടുതൽ കിലുക്കം ഉള്ളത് നോക്കി വാങ്ങി. എന്റെ ഉള്ളിൽ അപ്പോൾ ഒരു വാശി ആയിരുന്നു. അന്ന് വൈകുന്നേരം കിച്ചു ഏട്ടൻ വീട്ടിൽ വന്നു. എല്ലാവരുമായും കുറേ നേരം സംസാരിച്ചു. ചിഞ്ചുവിന്റെ ശ്രദ്ധ മുഴുവൻ കിച്ചു ഏട്ടനിൽ ആയിരുന്നു. എനിക്കു അതു കണ്ടപ്പോൾ സഹിച്ചില്ല. ഞാൻ തറയിൽ വിരൽകുത്തി വരച്ചുകൊണ്ടിരുന്നു എന്നിട്ട് കിച്ചു ഏട്ടനെ നോക്കി. അപ്പോൾ ആൾ എന്നെ നോക്കുവായിരുന്നു. കണ്ണുകൾ തമ്മിൽ കൂട്ടി മുട്ടി. ഞാൻ പെട്ടന്ന് മുഖം കുനിച്ചു. എനിക്കെന്തോ നാണം വന്ന പോലെ. ഈശ്വരാ..... മീനാക്ഷി ശങ്കറിന് നാണമോ ? എനിക്കു അങ്ങനെയുള്ള വികാരമൊക്കെ ഉണ്ടോ ? തന്റേടി അല്ലേ ഞാൻ. ഓരോന്ന് ഓർത്തിരുന്നപ്പോൾ കിച്ചു ഏട്ടൻ യാത്ര പറഞ്ഞിറങ്ങി. കണ്ണുകൾ കൊണ്ട് എന്നോടും.
പിറ്റേന്ന് രാവിലെ പുറത്തെ ശബ്ദം കേട്ടാണ് ഉണർന്നത്. ഇറങ്ങി വന്നപ്പോൾ കണി കിച്ചു ഏട്ടൻ.
ആഹാ തമ്പുരാട്ടി ഇപ്പൊ എഴുന്നേൽക്കുന്നേ ഉള്ളോ? മൂട്ടിൽ വെയിൽ അടിച്ചിട്ടും അറിഞ്ഞില്ലേ ?
വെക്കേഷൻ അല്ലേ കിച്ചു കുട്ടികൾ ഉറങ്ങട്ടെന്നു വച്ചു (ചേച്ചി പറഞ്ഞു )
ആ ഈ ശീലം തുടരാതിരിക്കുന്നതാ നല്ലത്.
ഇയാളെന്താ രാവിലെ ശീലം പഠിപ്പിക്കാൻ ഇറങ്ങിയേക്കുവാണോ? മനസ്സിൽ ദേഷ്യത്തോടെ ഞാൻ പിറു പിറുത്തു.
ചിഞ്ചു ചായ കൊണ്ട് കൊടുക്കുവാണ്. ഓ അവളുടെ ഒരു ഒലിപ്പീരു. ഞാൻ അകത്തേക്ക് കയറിപ്പോയി. കിച്ചു ഏട്ടൻ യാത്ര പറഞ്ഞു പോകുന്നത് കണ്ടു. വൈകിട്ട് വരെ അവിടുത്തെ മാവിലും കല്ലെറിഞ്ഞു പണയിലും ഓടിക്കളിച്ചു നടന്നു.
മീനൂട്ടി....
എന്താടി ചിഞ്ചു ?
നമുക്ക് ഇന്ന് വൈകിട്ട് അമ്പലത്തിൽ പോയാലോ? ദീപാരാധന തൊഴുതു വരാം. എന്താ ?
ശരിയെടാ ഞാൻ റെഡി.
ഞങ്ങൾ ചേച്ചിയോട് അനുവാദം ചോദിച്ചു. പൊയ്ക്കോളാൻ സമ്മതം തന്നു. ഞാൻ നല്ല ചുമ ചുമന്ന കളർ ഉള്ള പട്ടുപാവാട ഇട്ടു. കാലിൽ പാദസരം ഇട്ടു. കണ്ണെഴുതി, പൊട്ടും തൊട്ടു. നന്നായി ഒരുങ്ങി. കണ്ണാടിയിൽ എന്നെ കണ്ടപ്പോൾ എനിക്ക് തന്നെ അസൂയ തോന്നി. പോകാൻ ഇറങ്ങി.
ഈ ഡ്രെസ്സിൽ എന്റെ കുട്ടി എന്തു സുന്ദരിയാ. കണ്ണു തട്ടും.
ചേച്ചിയുടെ പുകഴ്ത്തൽ കേട്ടപ്പോൾ എനിക്കു ശരിക്കും സുഗിച്ചു. ഇനി കിച്ചു ഏട്ടൻ കാണട്ടെ. കണ്ടു കണ്ണു തള്ളട്ടെ. ഉള്ളിൽ സന്തോഷം തോന്നി.
നിങ്ങള് വരുമ്പോൾ നേരം ഒത്തിരി ഇരുട്ടും. ഞാൻ നിങ്ങളെ വിളിക്കാൻ കിച്ചുവിനെ വിടാം. അതു കേട്ടപ്പോൾ മനസ്സ് സന്തോഷം കൊണ്ട് തുള്ളിചാടി. എന്നാലും സന്തോഷം പുറത്തു കാട്ടിയില്ല.
ഓ അയാളാരാ ബോഡി ഗാർഡ് ആണോ? നീ വാ ചിഞ്ചു. നമുക്ക് പോവാം.
അമ്പലത്തിൽ പോയി തൊഴുതു. ദീപാരാധന വരെ അവിടെ ഇരുന്നു. ദീപാരാധന തൊഴുതു കൊണ്ടിരുന്നപ്പോൾ ഉള്ളിൽ ആരോ പറയുന്നു എന്നെ ആരോ നോക്കുന്നുണ്ടെന്നു. പയ്യെ കണ്ണു തുറന്നു നോക്കി. മുന്നിൽ കിച്ചു ഏട്ടൻ...... എന്നെ തന്നെ നോക്കി നിൽക്കുന്നു. ദൈവമേ.......... എന്തൊരു നോട്ടമാ അതു. ഞാൻ കണ്ണു ഇറുക്കി അടച്ചു. എന്നിട്ട് ഒളി കണ്ണിട്ടു നോക്കി. അവിടത്തന്നെ ഉണ്ട് ആളു. ഉഫ്........ ആ നോട്ടം.......... അതു എനിക്കു നേരിടാൻ പറ്റുന്നില്ല. ഞാൻ കണ്ണു മുറുക്കി അടച്ചു നിന്നു.
മീനൂട്ടി ...... നീ വരുന്നില്ലേ ? ദീപാരാധന കഴിഞ്ഞു. എന്താ ഇത്രക്ക് പ്രാർത്ഥിക്കാൻ
ഞാൻ കണ്ണ് തുറന്നു നോക്കി. ശരിയാണല്ലോ ദീപാരാധന കഴിഞ്ഞു. അവൾക്കു ഒരു പുഞ്ചിരിയും സമ്മാനിച്ചു ഞാൻ കൂടെ നടന്നു. കിച്ചു ഏട്ടൻ ഞങ്ങളുടെ മുന്നേ നടന്നു. എന്നിട്ട് തിരിഞ്ഞു നോക്കി. ഞങ്ങൾ ഒച്ച് ഇഴയുന്ന പോലെ ഇഴയുവാ.
ഒന്നു വേഗം നടക്കു പിള്ളേരെ ആമ ഇതിനേക്കാൾ സ്പീഡിന് വരുമല്ലോ
പടിക്കെട്ടിൽ നിന്ന് ഏട്ടൻ ഞങ്ങൾ വരുന്നതും നോക്കി നിന്നു. ഞാൻ മനപ്പൂർവം പാവാട കണ്ണം കാൽ വരെ ഉയർത്തി. ഏട്ടൻ പാദസരം കാണട്ടെന്നു കരുതി. കിച്ചു ഏട്ടൻ അതു കണ്ടു. ആ മുഖത്തൊരു പുഞ്ചിരി വിടർന്നോ? ആളു മുഖം തിരിച്ചു കളഞ്ഞു. കള്ളൻ ചിരി കാണാതിരിക്കാൻ മുഖം തിരിച്ചതാ. ഞങ്ങൾ അടുത്തെത്തി.
മീനൂട്ടിക്ക് ഈ വേഷം നന്നായി ചേരുന്നുണ്ട് കേട്ടോ.... ഇപ്പോൾ ഒരു ഐശ്വര്യം ഒക്കെ ഉണ്ട്.
എനിക്കത് കേട്ടാൽ മതിയായിരുന്നു. ആർക്കു വേണ്ടിയാണോ ഈ വേഷം കെട്ടിയതു അയാൾ അംഗീകരിച്ചല്ലോ
പയ്യെ നടന്നു വാ പാവാട തട്ടി വീഴും. എന്റെ കൈ പിടിച്ചോളൂ....
കിച്ചു ഏട്ടൻ കൈ നീട്ടി. ചിഞ്ചു അപ്പോഴേ കൈ പിടിച്ചു. അത് കണ്ടതും എന്റെ മുഖത്തു തേനീച്ച കുത്തിയ ഫീൽ. ഏട്ടൻ എന്നെ നോക്കി. ആ മുഖത്തു ഒരു കള്ള ചിരി വിടർന്നു.
നീ എന്റെ കയ്യിൽ പിടിച്ചോ മീനൂട്ടി
ചിഞ്ചു എന്റെ നേർക്കു കൈ നീട്ടി. എന്റെ ഉള്ളിൽ തികട്ടി വന്ന ദേഷ്യം അടക്ക്കിപ്പിടിച്ചു ഞാൻ അവൾക്കു കൈ കൊടുത്തു. വഴിയിലൂടെ ഞാൻ നടന്നപ്പോൾ കല്ലിൽ തട്ടി ചറുക്കിക്കൊണ്ടിരുന്നു.
സൂക്ഷിച്ചു നടക്കു കുട്ടി.... തെന്നി വീണാൽ തോട്ടിലേക്ക് പോകും.
കുട്ടിയോ...... ഞാൻ കുട്ടിയൊന്നും അല്ല. അല്ലെങ്കിൽ വീണലിപ്പോ എന്താ ? സേഫ് ആക്കേണ്ടവളെ സേഫ് ആക്കിയല്ലോ. ഞാൻ ആരും കേൾക്കാത്ത വിധത്തിൽ പിറു പിറുത്തു
എന്താടോ പിറു പിറക്കുന്നത് ?
ഒന്നൂല്ലേ........ നമ്മളൊന്നും പറഞ്ഞില്ലേ........
ഉള്ളിൽ കിടന്ന അസൂയയും കുശുമ്പും എല്ലാം ആ വാക്കുകളിലൂടെ പുറത്തു വന്നോ? ഏട്ടന്റെ ഒരു പൊട്ടിച്ചിരിയാ ഉത്തരമായി കിട്ടിയത്. എനിക്കു അതു കേട്ടപ്പോൾ അരിശം കൂടി വന്നേ ഉള്ളു. ദേഷ്യത്തിന് കാലെടുത്തു വച്ചതു ഒരു ഉരുളൻ കല്ലിലാ. ദ കിടക്കുന്നു താഴേക്കു. വീണെന്ന് ഞാൻ ഉറപ്പിച്ചതാ. ആരോ എന്നെ താങ്ങിപ്പിടിച്ച പോലെ. തോന്നലല്ല, എന്നെ നെഞ്ചിലേക്ക് താങ്ങിപ്പിടിച്ചിരിക്കുവാ കിച്ചു ഏട്ടൻ.
നോക്കി നടക്കാൻ ഞാൻ പറഞ്ഞതല്ലേ? വീണിരുന്നെങ്കിൽ ഇപ്പോൾ തല പൊട്ടിയേനെ
ഡാ....... മീനൂട്ടി......... എന്താ മിണ്ടാത്തത് പേടിച്ചോ?
അപ്പോഴാ എനിക്കു ശരിക്ക് ബോധം വന്നത്.
കുഴപ്പമില്ല കിച്ചു ഏട്ടാ
വാ നടക്കു. ചിഞ്ചുവിന് ഇവിടത്തെ വഴികളൊക്കെ പരിചിതമല്ലേ ? അതുകൊണ്ട് നടന്നോളു ഞാൻ മീനൂട്ടിയെ പിടിച്ചോളാം.
ശരി ചേട്ടാ
കിച്ചു ഏട്ടൻ എന്റെ കയ്യിൽ മുറുകെ പിടിച്ചു. കൊച്ചു കുട്ടികളെ കൊണ്ട് പോകുന്ന പോലെ എന്നെയും പിടിച്ചോണ്ട് നടന്നു. എനിക്കു ഇതിൽപ്പരം ഒരു സന്തോഷം ഇല്ല. ഏട്ടന്റെ കയ്യും പിടിച്ചു ഈ ജീവിതകാലം മുഴുവൻ നടക്കാൻ അനുഗ്രഹിക്കണേ ദേവി..... ഞാൻ മനസ്സുരുകി പ്രാർത്ഥിച്ചു.
ബാക്കി വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
