സ്ത്രീ ഭാഗം 4

Valappottukal
സ്ത്രീ ഭാഗം 4

ജീവിതം ആ ചുവന്ന തെരുവിൽ തന്നെ ഒടുങ്ങിപ്പോവുമെന്ന് കരുതിയിരുന്ന നാളുകളിലാണ് ഒരു വ്യാപാരി കാമാത്തിപ്പുരയിലെത്തിയത്...

അയാൾക്കൊപ്പം അവിടെ നിന്നും പോകേണ്ടി വന്നു.. താല്പര്യമില്ലാതിരുന്നിട്ട് കൂടി..

കണ്ണീർ പൊഴിക്കാനും കെട്ടിപ്പിടിച്ചു യാത്ര പറയാനുമൊന്നും ആരുമില്ലാത്തത് കൊണ്ട് അത്തരം പ്രഹസനങ്ങളൊക്കെ ഒഴിവാക്കാൻ കഴിഞ്ഞു..

മായോട് മാത്രം പറഞ്ഞു.. " പോകുകയാണ്.. " ഒരു ഭംഗിവാക്കെന്ന പോലെ.. !!

അവരൊന്നും മിണ്ടിയില്ല.. മുഖം തിരിഞ്ഞിരിക്കുന്നതിനാൽ ഭാവമെന്തെന്ന് അറിയാനും കഴിഞ്ഞില്ല..

അനക്കമൊന്നും ഇല്ലാത്തതിനാൽ പുറത്തേക്ക് നടന്നു.. ഒരിക്കൽ കൂടി തിരിഞ്ഞുനോക്കി.. അവരുടെ ദൃഷ്ടി ജനലിലൂടെ കാണുന്ന എന്തിലോ ഒന്നിൽ തറഞ്ഞുനിന്നിരുന്നു..

ഇതിനുംമാത്രം എന്ത് കാഴ്ചയാണോ ഒരിക്കലും വെളിച്ചം കടന്നുവരാത്ത ഈ ജനലുകൾ അവർക്ക് കാണിച്ചു കൊടുക്കുന്നത്..??

മനസ്സിനെ രസിപ്പിക്കുന്ന ഒന്നും അതിലൂടെ കാണുകയില്ല.. കാമം നിറഞ്ഞ കണ്ണുകൾ മാത്രമാണ് താനിതുവരെയും കണ്ടിട്ടുള്ളത്..

അവർ ആ മൗനം വെടിയില്ലെന്ന് ഉറപ്പായപ്പോൾ പിന്നീടൊന്നും ചോദിക്കാനും പറയാനും നിന്നില്ല.. പുറത്തേക്ക് നടന്നു..

എന്തോ മനസ്സിലൊരു നൊമ്പരം പോലെ.. അവരിൽ നിന്നും എന്തെങ്കിലും പ്രതീക്ഷിച്ചിരുന്നോ..??

"പോകല്ലേ.." എന്ന് വെറുതെയെങ്കിലും പറയുമെന്ന് ആശിച്ചിരുന്നോ..??

ഉണ്ടെന്ന് തോന്നുന്നു.. അതാവും മനസ്സിലൊരു വിങ്ങല്... തന്റെ മനസ്സിപ്പോഴും മരിച്ചിട്ടില്ല അല്ലേ..?? അതുകൊണ്ടല്ലേ അവരെ താൻ സ്നേഹിക്കുന്നത്..? ഇല്ല.. തനിക്കാരോടും സ്നേഹമില്ല..

വേണ്ട..!! ഇത്തരം ചിന്തകളൊന്നും വേണ്ട..

ഈ തെരുവും ഇവിടുള്ളവരും ഇങ്ങനെയാണ്..

ആരും ആരെയും സ്നേഹിക്കുന്നില്ല..!!

പോകരുതെന്നോ തിരികെ വരണമെന്നോ ആരും ആരോടും പറയുകയില്ല..!!

അന്നവിടെ നിന്നും ഊരോ പേരോ ഒന്നുമറിയാത്ത ആ വ്യാപാരിക്കൊപ്പം പോകുമ്പോൾ അവസാനമായി ആ ചുവന്ന തെരുവിനെ നോക്കി..

ആരെങ്കിലും തന്നെ നോക്കുന്നുണ്ടോ..?? ഏയ്.. ഇന്നത്തെ ആളെ കാത്തിരിക്കുകയാണ് ഏവരും.. തന്നെ ശ്രദ്ധിക്കുന്നത് പോലുമില്ല..

ചുവന്ന തെരുവെന്ന് ഇതിനെ വിളിച്ചത് ആരായിരിക്കും..?? ഇരുളടഞ്ഞ ജീവിതങ്ങളിൽ ചുവപ്പിനെന്താണ് സ്ഥാനം... അന്ധകാരമാണിവിടെ മുഴുവനും..!!

സ്വപ്നങ്ങളെ ഇരുൾ മൂടിയിട്ട കറുത്ത തെരുവോരങ്ങളാണ് ഇത്..!!! ഒരുപാട് പെൺകുട്ടികളുടെ ജീവിതത്തിൽ കരിനിഴൽ വീഴ്ത്തിയ തെരുവ്..!!

ഒളിഞ്ഞുകിടക്കുന്ന അനേകം രഹസ്യങ്ങളുടെ കലവറയാണിത്..!!

കണ്ണുനീരിൽ ജീവിതം ഒഴുക്കി കളഞ്ഞ ഇപ്പോൾ കരയാൻ പോലും മറന്ന കുറെയേറെ കഥകൾ ഇവിടുത്തെ ഓരോ മുക്കിനും മൂലക്കും പറയാനുണ്ടാവും..!!

മനുഷ്യകുലത്തിന്റെ ഏറ്റവും വലിയ ശാപമാണ് കാമാത്തിപുരയും സോനാഗച്ചിയും പോലെയുള്ള ചുവന്ന തെരുവുകൾ...

അനേകം പെൺജീവിതങ്ങൾ തകർത്ത വേശ്യാലയങ്ങൾ..!!

വേശ്യ എന്നൊരു പദം സ്ത്രീക്ക് വേണ്ടി മാത്രമായി സൃഷ്ടിച്ച നരകങ്ങൾ..!!

തന്നെ പോലുളളവരെ സമൂഹത്തിന് മുന്നിൽ ശാപജന്മങ്ങളാക്കി മാറ്റിയ ശാപഭൂമി...!!!

എന്നിട്ടും ഇവിടങ്ങളിലെ മണ്ണ് വിഗ്രഹങ്ങൾ നിർമിക്കാൻ ഉത്തമമത്രേ...!!!! വിശ്വാസങ്ങൾ...!!!

ഇത്തരം വിശ്വാസങ്ങളാണ് ചിലപ്പോഴൊക്കെ ജീവിതം തകർക്കുന്നത്..!!

ചിന്തകൾ കുമിഞ്ഞുകൂടി...!! വ്യാപാരി തിരക്ക് കൂട്ടാൻ തുടങ്ങിയിരുന്നു.. മനസ്സ് കൊണ്ട് ആരോടൊക്കെയോ യാത്ര പറഞ്ഞു..

അവിടെയാണെന്ന് തോന്നുന്നു ജാനകിയെന്ന പേര് താൻ മറന്നുവെച്ചത്..!!

മൗനമായി ആരുടെയോ പിൻവിളി കേൾക്കുന്ന പോലെ തോന്നിയിട്ടും ഇനിയൊരു തിരിഞ്ഞുനോട്ടമില്ലെന്ന പോൽ മുന്നോട്ട് നടന്നു..

ആ ശാപഭൂമിയിൽ നിന്നും മറ്റൊരു ശാപഭൂമിയിലേക്ക് യാത്ര തിരിച്ചു..

പിന്നീടങ്ങോട്ടും ദുരിതപൂർണമായ ദിനരാത്രങ്ങൾ തന്നെയായിരുന്നു.. തന്നെക്കാളും ചെറിയ കുട്ടിയെ കിട്ടിയപ്പോൾ വ്യാപാരി തന്നെ മറ്റൊരാൾക്ക് വിറ്റു..

അങ്ങനെയാണ് ദേവദാസികൾക്കിടയിൽ എത്തിപ്പെട്ടത്.. അവിടെ കണ്ട പലതും തനിക്ക് പുതുമയായിരുന്നു..

തന്നെക്കാളും ദുഃഖം അനുഭവിക്കുന്നവരെ കണ്ടു.. അങ്ങനെ പറയണമെങ്കിൽ അവരുടെ അവസ്ഥ എത്ര പരിതാപകരമായിരിക്കുമെന്ന് ചിന്തിച്ചുനോക്കൂ..!!

ജീവിതം തന്നെ മടുത്ത നാളുകളിലാണ് വായന ആശ്വാസമായി എത്തിയത്..

"സ്‌ത്രീക്ക് ഒരു ഹൃദയത്തിൽ നിന്ന് മറ്റൊരു ഹൃദയത്തിലേക്ക് മാത്രമേ യാത്ര ചെയ്യാൻ കഴിവുള്ളൂ.. ഹൃദയത്തിൽ വസിക്കുന്ന ജീവിയാണ് സ്ത്രീ.."

(മാധവിക്കുട്ടി..)

ഇത് വായിച്ചപ്പോൾ തനിക്ക് വസിക്കാൻ ഒരു ഹൃദയം പോലുമില്ലല്ലോ എന്ന ചിന്ത മനസ്സിനെ മഥിച്ചു.. തന്റെ യാത്രകളെന്നോ തടസ്സപ്പെട്ടുവല്ലോ എന്ന് സങ്കടപ്പെട്ടു..

പിന്നെയോർത്തു.. ഇത്തിരി നേരമാണെങ്കിലും തന്നെ തേടി വരുന്ന ഒരാളുടെ ഹൃദയത്തിൽ താൻ വസിക്കുന്നുണ്ട്.. അടുത്ത ദിവസം ആ വാസസ്ഥലം മാറുന്നുവെന്നേ ഉള്ളൂ..

അങ്ങനെ പറഞ്ഞു സ്വയം ആശ്വസിച്ചു.. അതാണ് സത്യം..!!

പിന്നെയും പിന്നെയും ഓരോയിടത്തും മാറിമാറി താൻ ഇവിടെയെത്തി..

ഇപ്പോൾ തനിക്കൊരു വേശ്യാലയമില്ല.. സ്വതന്ത്രയാണ്.. എങ്കിലും ബന്ധനസ്ഥയുമാണ്.. ഒരിക്കലും പുറത്ത് കടക്കാൻ പറ്റാത്ത വിധത്തിൽ അദൃശ്യമായ ഒരു ചങ്ങലകൊണ്ട് തന്നെ പൂട്ടിയിട്ടിരിക്കുകയാണ്...!!!

അവൾ കണ്ണുകൾ വലിച്ച് തുറന്നു.. ഇനിയുമിങ്ങനെ ചിന്തിച്ചുകൂട്ടാൻ വയ്യ.. ഭൂതകാലം ഓർത്തെടുക്കാൻ വയ്യ..!!!

ആ സ്ത്രീയെ തിരഞ്ഞപ്പോൾ അടുത്ത് തന്നെയിരിപ്പുണ്ട്.. സ്ത്രീ.. ഇവർക്കൊരു പേര് കാണില്ലേ..? ഇതുവരെ ചോദിച്ചില്ല.. പറഞ്ഞതുമില്ല.. ഇനിയൊരിക്കലും അറിയുകയും വേണ്ട..!!

അവൾ എഴുന്നേറ്റ് നടന്നു.. തടാകത്തിലെ വെള്ളമെടുത്ത് മുഖം കഴുകി.. കലങ്ങിമറിഞ്ഞ ജലത്തിനൊപ്പം തന്റെ പ്രതിരൂപവും ഇളകുന്നുണ്ടായിരുന്നു.. മനസ്സും ഇപ്പോൾ അതുപോലെയാണ്..!!!

അവളുടെ നിൽപ്പ് കണ്ടിട്ടാവും ആ സ്ത്രീ അടുത്തേക്ക് വന്ന് തോളിൽ കൈവെച്ചു..

ഇനിയും അവരിൽ നിന്നും ചോദ്യങ്ങളൊന്നും കേൾക്കാൻ താൽപ്പര്യമില്ലാത്തത് കൊണ്ട് കൈകളെ തട്ടിമാറ്റി കാറിലേക്ക് കയറി..

തന്റെ മനസ്സറിഞ്ഞോ എന്തോ ഇടക്കൊക്കെ അവരും നിശബ്ദത പാലിക്കുന്നുണ്ട്.. അതൊരു ആശ്വാസമാണ്..!!

സ്റ്റീരിയോയിൽ നിന്നുമൊഴുകിയ ഏതോ ഒരു പാട്ടിന് കാതോർത്തുകൊണ്ട് സീറ്റിലേക്ക് ചാരി അവൾ കണ്ണുകളടച്ചു.. ഇടക്കെപ്പോഴോ മയങ്ങിപ്പോയി..

അവർ തട്ടിവിളിച്ചപ്പോഴാണ് ഉണർന്നത്.. സന്ധ്യമയങ്ങാൻ തുടങ്ങിയിരിക്കുന്നു..

ഇത്ര ദൂരം മുന്നോട്ട് വന്നോ..?? അറിഞ്ഞതേയില്ല..!! അത്രത്തോളം ക്ഷീണമുണ്ടായിരുന്നോ തനിക്ക്..!!

പകലെന്നോ രാവെന്നോ വ്യത്യാസമില്ലാതെയുള്ള അധ്വാനമല്ലേ.. സമാധാനത്തോടെയുള്ള ഉറക്കം നഷ്ടപ്പെട്ടിട്ട് വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു..

"ഇറങ്ങൂ.." ആ സ്ത്രീ പറഞ്ഞു..

ചുറ്റും നോക്കിക്കൊണ്ട് അവളിറങ്ങി.. വലിയൊരു ബംഗ്ലാവിന് മുന്നിലാണ് നിൽക്കുന്നത്.. പ്രൗഢഗംഭീരമായൊരു മണിമാളിക..!!

ഇവിടേക്കാണോ തന്നെ കൊണ്ടുവന്നത്.. വീട്ടിലേക്ക് ആനയിച്ചു കൊണ്ടുവന്നുവെന്നത് അത്ഭുതകരം തന്നെ..!!

ആ സ്ത്രീക്ക് പിന്നാലെ അവളും അടിവെച്ചു നടന്നു..

ഉൾഭാഗവും വിശാലമായിരുന്നു..

സോഫയിലിരിക്കാൻ അവർ പറഞ്ഞപ്പോൾ ആദ്യമൊന്ന് മടിച്ചെങ്കിലും അവർ നിർബന്ധിച്ചപ്പോൾ അനുസരിച്ചു..

ആ സ്ത്രീ അടുക്കളയിലേക്ക് പോയപ്പോൾ അവൾ ഒറ്റക്കായി...

മിഴികൾ അങ്ങിങ്ങായി ഓടിക്കളിച്ചു.. ഭംഗിയുള്ള കുറേ പെയിന്റിങ്ങ്സ് ഉണ്ട് ചുമരിൽ.. മറ്റാരും അവിടെയുള്ളതിന്റെ ലക്ഷണങ്ങളൊന്നുമില്ല..!!

സംശയങ്ങളിങ്ങനെ മനസ്സിൽ തിങ്ങിനിറയുകയാണ്... ഉത്തരം കുറച്ച് നേരത്തിനുള്ളിൽ ലഭിക്കുമെന്നാണ് പ്രതീക്ഷ..!!

അവരുടെ മുരടനക്കം കേട്ടപ്പോൾ അങ്ങോട്ട് നോക്കി.. ഒരു ഗ്ലാസ് ജ്യൂസ് അവർ അവൾക്ക് നേരെ നീട്ടി..

തനിക്ക് തന്നെയാണോ എന്ന സംശയത്തിൽ ഒന്ന് ചുറ്റും നോക്കി..

"വാങ്ങിക്കൂ ജാനകീ.."

അത് വാങ്ങി പെട്ടെന്ന് തന്നെ കാലിയാക്കി.. നല്ല ദാഹമുണ്ടായിരുന്നു..

ഗ്ലാസ് തിരികെ നൽകുമ്പോൾ അവരുടെ മുഖത്തേക്ക് നോക്കി.. തന്നോടെന്തൊക്കെയാ പറയാനുള്ളത് പോലെ..

തനിക്ക് കേൾക്കണം...!!

പെട്ടെന്ന് അവർ കൈപിടിച്ച് അടുത്തുള്ളൊരു റൂമിന് മുന്നിൽ ചെന്നുനിന്നു.. ആ വാതിൽ തുറന്നപ്പോൾ കണ്ടത് അനങ്ങാൻ പോലും കഴിയാതെ കിടക്കുന്ന ഒരു മനുഷ്യനെയാണ്.. എങ്കിലും കണ്ണീര് ഒലിച്ചിറങ്ങുന്ന പോലെ തോന്നി..

അവരുടെ കണ്ണിലും വെള്ളം നിറയുന്നത് കണ്ടു..

"ഇത്.. എന്റെ ഭർത്താവാണ്.. ഒന്ന് രണ്ട് വർഷങ്ങൾക്ക് മുൻപേ ഒരു ആക്സിഡന്റിൽ തളർന്ന് പോയതാണ്.. കണ്ണിലെ നനവ് മാത്രമാണ് ജീവൻ ശേഷിക്കുന്നുണ്ടെന്നതിന്റെ ഏകതെളിവ്‌.. " ഇടറുന്ന സ്വരത്തോടെ അവർ പറഞ്ഞപ്പോൾ അറിയാതെ തന്റെയുള്ളവും സങ്കടപ്പെട്ടു.. അയാളോട് സഹതാപം തോന്നി..

പക്ഷേ ഇപ്പോഴും തന്നെ എന്തിനിവിടെ കൊണ്ട് വന്നുവെന്ന ചോദ്യം അവശേഷിക്കുകയാണ്.. ആ ചിന്ത വന്നപ്പോൾ തന്നെ അതിനുള്ള ഉത്തരവും ലഭിച്ചു...

"ഇദ്ദേഹത്തിന് വേണ്ടിയാണ് ഞാൻ ജാനകിയെ അന്വേഷിച്ചുവന്നത്.. ജാനകിക്ക് മാത്രമേ ഇദ്ദേഹത്തിന് ഇത്തിരിയെങ്കിലും ആശ്വാസം നൽകാൻ കഴിയൂ.."

അവളുടെ കണ്ണുകളിൽ അമ്പരപ്പ് നിറഞ്ഞു..

ഈ തളർന്ന് കിടക്കുന്ന മനുഷ്യന് എന്ത് സുഖമാണ് , ആശ്വാസമാണ് തനിക്ക് നൽകാൻ കഴിയുക..??

തന്നിൽ നിന്നേവരും തേടുന്നത് ശരീരസുഖമാണ്.. അതാണോ വേണ്ടത്..???

അവൾ ആ സ്ത്രീയെ നോക്കി.. പണ്ട് മായിൽ നിന്നും കേട്ട ശീലാവതിയുടെ കഥയാണ് മനസ്സിലേക്ക് വരുന്നത്..

അത്രിമുനിയുടെ പുത്രൻ ഉഗ്രശ്രവസ്സിന്റെ പത്നിയായ ശീലാവതി..!!

പാതിവ്രത്യത്തിന്റെ അവസാനവാക്കായ ശീലാവതി..!!

തന്നെ കുറ്റം മാത്രം പറഞ്ഞിരുന്ന.. എപ്പോഴും ശകാരിച്ചിരുന്ന സ്നേഹപൂർണ്ണമായ ഒരു പരിഗണനയും നൽകാത്ത ഭർത്താവിനെ യാതൊരു പരാതിയും കൂടാതെ അവർ പരിചരിച്ചു..

വർഷങ്ങൾ കടന്നുപോയിട്ടും ഭർത്താവിന്റെ സമീപനത്തിൽ മാറ്റമൊന്നുമുണ്ടായില്ലെങ്കിലും ശീലാവതി തന്റെ കടമകൾ നിറവേറ്റി പോന്നു..

അങ്ങനെയിരിക്കെ ഉഗ്രശ്രവസ്സിന് കുഷ്ടരോഗം പിടിപെട്ടു.. എന്നിട്ടും ശീലാവതിയുടെ സ്വഭാവത്തിൽ വ്യതിയാനമൊന്നും സംഭവിച്ചില്ല.. ഭിക്ഷ യാചിച്ചു കൊണ്ട് വന്ന് അവർ ഭർത്താവിനെ പോറ്റി.. ഒരിക്കല്‍ ഭക്ഷണം കഴിക്കുന്നതിനിടയില്‍ കുഷ്ടരോഗിയായ ഉഗ്രശ്രവസ്സിന്റെ വിരല്‍ അടര്‍ന്നു ചോറില്‍ വീണു.. എങ്കിൽപ്പോലും ആ ഭക്ഷണം യാതൊരു മടിയും കൂടാതെ ശീലാവതി കഴിച്ചു..

ഉഗ്രശ്രവസ്സ് വേശ്യാഗൃഹത്തിൽ പോകണമെന്ന് വാശിപിടിച്ചപ്പോൾ അയാളെ കുട്ടയിൽ ചുമന്ന് അവിടെയെത്തിക്കാനും ശീലാവതി മടിച്ചില്ല.. തനിക്കേൽക്കേണ്ടി വന്ന അപമാനങ്ങളെല്ലാം ഭർത്താവിന്റെ ഇച്ഛാപൂർത്തീകരണത്തിന് വേണ്ടിയവർ സഹിച്ചു..

ഇങ്ങനെയുള്ളൊരു യാത്രയിൽ അണിമാണ്ഡവ്യനെന്ന മുനിക്കരികിലൂടെയാണ്‌ അവർ പോയത്.. എല്ലാം മനസ്സിലാക്കിയ മുനി ഉഗ്രശ്രവസ്സിനെ ശപിച്ചു.. അടുത്ത സൂര്യോദയത്തിനു മുന്‍പ് ഉഗ്രശ്രവസ്സ് മരിച്ചുപോകും എന്നായിരുന്നു ശാപം..

ഇത് തിരിച്ചറിഞ്ഞപ്പോൾ ശീലാവതി കഠിനമായ തപസ്സനുഷ്ടിച്ചുകൊണ്ട് ഇനി മേലാല്‍ സൂര്യന്‍ ഉദിക്കാതിരിക്കട്ടെ എന്ന് പ്രാർത്ഥിച്ചു.. അവരുടെ മനശക്തിയാല്‍ സൂര്യന്‍ ഉദിച്ചില്ല.. ഭൂമിയിലെ കാര്യങ്ങളെല്ലാം അവതാളത്തിലായി.. ത്രിമൂര്‍ത്തികള്‍ പരിഹാരത്തിനായി അത്രിമുനിയുടെ പത്നിയായ അനസൂയയെ ചെന്നുകണ്ടു..  അനസൂയയുടെ നിര്‍ബന്ധത്തിനു വഴങ്ങി ശീലാവതി ശാപം പിൻവലിച്ചപ്പോൾ സൂര്യന്‍ വീണ്ടും ഉദിക്കുകയും ശാപത്തിന്റെ ഫലമായി ഉഗ്രശ്രവസ്സ് മരണമടയുകയും ചെയ്തു..

"ജാനകീ..." ആ സ്ത്രീ കുലുക്കി വിളിച്ചപ്പോഴാണ് താനിപ്പോഴും ഗഹനമായ ചിന്തയിലാണെന്ന് മനസ്സിലാക്കിയത്..

തന്റെ കുഴപ്പമാണിത്..!! എന്തെങ്കിലും മനസ്സിൽ കയറിക്കൂടിയാൽ പിന്നെ അതിനെ കുറിച്ചുള്ള ചിന്ത തന്നെയാവും.. മറ്റെല്ലാം മറന്നുപോവും..

അവൾ ആ സ്ത്രീയെ നോക്കി.. തന്നോട് സംസാരിക്കാൻ ബുദ്ധിമുട്ടുന്നുണ്ട് അവർ..!!

മുഖഭാവത്തിൽ നിന്നും പറയാൻ പോകുന്നതിന്റെ ഗൗരവം അവൾ ഏറെക്കുറെ ഊഹിച്ചു.. താൻ കരുതുന്നതല്ല അവർക്ക് പറയാൻ ഉള്ളതെന്ന് തോന്നുന്നു.. മറ്റെന്തോ ആണ്..

എന്ത് തന്നെയാണെങ്കിലും കേൾക്കാനായി അവൾ കാത് കൂർപ്പിച്ചു..

"ജാനകീ.. അത്..." അവർ വിയർപ്പൊപ്പുന്നുണ്ടായിരുന്നു..

'പറയൂ.. കേൾക്കാൻ ഞാൻ തയ്യാറാണ്..' അവൾ മനസ്സിൽ മന്ത്രിച്ചു..

"കുട്ടീ.. നിന്റെ.. നിന്നോട് ഇദ്ദേഹം വലിയൊരു ദ്രോഹം ചെയ്തിട്ടുണ്ട്.. നിന്റെ ഇന്നത്തെ അവസ്ഥക്ക് കാരണം ഈ മനുഷ്യനാണ്.." എങ്ങനെയോ പറഞ്ഞുതീർത്ത് അവർ ശ്വാസം വലിച്ചുവിട്ടു..

കേട്ടതിന്റെ അമ്പരപ്പിലും പറഞ്ഞത് പൂർണമായും വ്യക്തമാവാത്തതിനാലുള്ള സംശയത്തിലുമായിരുന്നു അവൾ...

ആ സ്ത്രീയെ സൂക്ഷിച്ചുനോക്കിയപ്പോൾ പറഞ്ഞത് വ്യക്തമാക്കണമെന്ന സൂചനയുണ്ടായിരുന്നു അതിൽ.. അത് മനസ്സിലാക്കിയെന്നോണം അവർ തുടർന്നു..

"നിന്റെ അച്ഛനും ഇദ്ദേഹവും സുഹൃത്തുക്കളായിരുന്നു.. ബിസിനസ് പാർട്ണേഴ്‌സ്..

ഇടക്ക് വെച്ച് കൂടെയുള്ളൊരാൾ ഇവരെ ചതിച്ചു.. നിന്റെ അച്ഛനാണതെന്ന് ഇദ്ദേഹത്തെ പറഞ്ഞു വിശ്വസിപ്പിക്കുകയും ചെയ്തു.. എടുത്തുചാട്ടം കൂടുതലായിരുന്നു ഇദ്ദേഹത്തിന്..

നിന്റെ അച്ഛന്റെ ജീവൻ നീയായിരുന്നു.. അതിനാൽ അദ്ദേഹത്തെ തകർക്കാനുള്ള വഴി നിന്നെ അകറ്റുകയാണെന്ന് ആ ചതിയൻ പറഞ്ഞപ്പോൾ ഇദ്ദേഹവും ശരിവെച്ചു..

നിന്റെ വീട്ടിൽ സ്നേഹം ഭാവിച്ച് ചെന്ന് തന്ത്രപൂർവ്വം നിന്നെ വീട്ടിൽ നിന്നും കടത്തിയത് ഇദ്ദേഹം തന്നെയായിരുന്നു..

പക്ഷെ വേശ്യാലയത്തിൽ നിന്നെയെത്തിച്ചത് ആ ചതിയനാണ്..

ഞങ്ങൾക്കെല്ലാം നേടിയെടുക്കാൻ സാധിച്ചെങ്കിലും എപ്പോഴും ഒരു അസ്വസ്ഥതയായിരുന്നു.. നിന്നെ കാണാതെ നെഞ്ചുപൊട്ടി നിന്റെ അച്ഛനും അധികം വൈകാതെ നിന്റെ അമ്മയും പോയപ്പോൾ ഇദ്ദേഹത്തിന് മനസ്സിൽ കുറ്റബോധം തോന്നി തുടങ്ങി..

ആ ചതിയനോട് നിന്നെ തിരക്കിയപ്പോൾ അയാൾ എന്തൊക്കെയോ പറഞ്ഞൊപ്പിച്ചു.. പിന്നെ പിന്നെ ഇദ്ദേഹവും നിന്നെ മറവിയിലേക്ക് തള്ളി..

വർഷങ്ങളൊരുപാട് കഴിഞ്ഞപ്പോഴാണ് യഥാർത്ഥ ചതിയനെ തിരിച്ചറിയുന്നത്.. ഞാൻ പോലും അപ്പോഴാണ് നിന്റെ കാര്യത്തിൽ ഇദ്ദേഹത്തിനുള്ള പങ്ക് അറിയുന്നത്..

ആ ദുഷ്ടനെക്കൊണ്ട് നീയെവിടെയെന്ന് പറയിപ്പിച്ചെടുക്കാൻ വല്ലാതെ പ്രയാസപ്പെട്ടു..

ഒടുവിൽ അറിഞ്ഞപ്പോൾ സ്ഥലം നോക്കാതെ ഇദ്ദേഹം അവിടേക്ക് ഓടിവന്നു.. പക്ഷെ നീ വീണ്ടും അകലേക്ക് പോയിരുന്നു..

വീണ്ടുമൊരുപാട് അന്വേഷിച്ചു.. അതിനിടയിലാണ് ഇദ്ദേഹത്തിനിങ്ങനൊക്കെ.." അവർ കണ്ണുതുടച്ചു..

"നിന്നോട് ചെയ്ത ക്രൂരത കൊണ്ടാകും മരണം പോലും കടാക്ഷിക്കാതെ ഇദ്ദേഹമിങ്ങനെ കിടക്കുന്നത്.. അതുകൊണ്ടാണ് ഞാൻ നിന്നെ അന്വേഷിച്ചിറങ്ങിയത്.. "

ഇത്രയും പറഞ്ഞ് അവളുടെ മുഖത്തേക്ക് ഭയത്തോടെയാണവർ നോക്കിയത്..

അവളുടെ മുഖത്തപ്പോൾ നിർവചിക്കാനാവാത്തൊരു ഭാവമായിരുന്നു..

അവർ പേടിയോടെ തന്നെ അവൾക്കടുത്തേക്ക് നീങ്ങി..

"കഴിയുമെങ്കിൽ നീ.. നീയിദ്ദേഹത്തിന് മാ.. മാപ്പ് നൽകണം കുട്ടീ..."

അവളവരെ തുറിച്ചുനോക്കി.. ആ കണ്ണുകളാകെ ചുവന്നിരുന്നു..

"മാപ്പോ..?? അത് ചോദിക്കാനുള്ള എന്തെങ്കിലും അർഹതയുണ്ടോ നിങ്ങൾക്ക്.. ഇത്തിരിയെങ്കിലും ഉളുപ്പ് തോന്നുന്നില്ലേ..

മാപ്പ് തരണമത്രേ..!!!

എന്താണ് ഞാൻ മാപ്പാക്കേണ്ടത്.. വെറുമൊരു തെറ്റിദ്ധാരണയുടെ പേരിൽ എന്റെ ജീവിതം ഞാൻ പോലും വെറുക്കുന്ന തരത്തിലാക്കി മാറ്റിയതോ..?? അതോ ഓർമയിൽ പോലുമില്ലാത്ത എന്റെ അച്ഛനെയും അമ്മയെയും മരണത്തിലേക്ക് തള്ളിവിട്ടതോ.. പറയ്...!!!!"

അവളുടെ ചോദ്യത്തിന് അവർക്കുത്തരമില്ലായിരുന്നു..

"ഒരിക്കലെങ്കിലും എന്നെ പോലുള്ളവരുടെ ജീവിതമറിഞ്ഞിരുന്നെങ്കിൽ നിങ്ങൾ മാപ്പ് ചോദിക്കാൻ ധൈര്യപ്പെടില്ലായിരുന്നു..

ആരോട് എന്തൊക്കെ ദേഷ്യമുണ്ടെന്ന് പറഞ്ഞാലും ഒരു പെണ്ണിന്റെ മാനംവെച്ച് അത് തീർക്കാൻ ശ്രമിക്കരുത്.. അതിലും ഭേദം അവരെയങ്ങ് കൊന്ന് കളയുന്നതാ.. ഒരുപക്ഷേ അത് പിന്നെയും ക്ഷമിക്കാൻ കഴിഞ്ഞെന്ന് വരും.. പക്ഷേ ഒരു പെണ്ണിനെ വേശ്യയാക്കി മാറ്റിയത് ക്ഷമ അർഹിക്കുന്ന തെറ്റല്ല...

ഇരുളിന്റെ മറവിൽ ഒരുവളെ പിച്ചിച്ചീന്തുന്നവനും വേശ്യാലയത്തിലേക്ക് അവളെ തള്ളിവിടുന്നരുമെല്ലാം കുറ്റക്കാരാണ്..

ഒരു പെണ്ണും വേശ്യയായി ജനിക്കുന്നതല്ല.. ഈ സമൂഹത്തിലെ ചില ജന്മങ്ങൾ അവരെ അങ്ങനെയാക്കി മാറ്റുന്നതാണ്..

ഒരിക്കലും.. ഒരിക്കലും നിങ്ങളോട് ക്ഷമിക്കില്ല.. അതിനെനിക്ക് കഴിയില്ല..!!! കാരണം നിങ്ങളോട് ഞാൻ പൊറുത്താൽ എനിക്കെന്നോടുളള വെറുപ്പ് കൂടുകയേയുള്ളൂ..!!" കിതപ്പോടെ അവൾ പറഞ്ഞുനിർത്തി.. ശ്വാസമൊന്ന് ആഞ്ഞുവലിച്ചു കൊണ്ട് തുടർന്നു..

"പെട്ടെന്നൊരു മരണം ലഭിച്ചിരുന്നെങ്കിൽ ഇയാൾ രക്ഷപ്പെട്ടേനെ.. അത് ന്യായമല്ല.. അതുകൊണ്ടാണിങ്ങനെ ഇഞ്ചിഞ്ചായി മരിക്കേണ്ടി വരുന്നത്..

പ്രാർത്ഥിക്കാതെ തന്നെ ചിലതൊക്കെ നടത്തുന്ന ദൈവമെന്നൊരു ശക്തി ഉണ്ടെന്ന് എനിക്കിപ്പോൾ തോന്നിപ്പോകുന്നു..

ഞാനൊരിക്കലും എന്റെ ഈ അവസ്‌ഥക്ക് കാരണക്കാരായവരെ ശിക്ഷിക്കണമെന്ന് പ്രാർത്ഥിച്ചിട്ടില്ല.. എന്നിട്ടും ഇയാൾക്ക് ശിക്ഷ ലഭിച്ചു.. അപ്പോൾ ന്യായവിധി എന്നൊന്ന് ഉണ്ട്"

അവൾ ആർത്തട്ടഹസിച്ചു..

"മോ.. മോളേ.."

അവൾ ഒരു കയ്യുയർത്തി അവരുടെ നാവിനെ ബന്ധിച്ചു..

"ഒരക്ഷരം പോലും മിണ്ടിപ്പോകരുത്.. ഇതായിരുന്നു നിങ്ങളുടെ ആവശ്യം എന്ന് ആദ്യമേ പറഞ്ഞിരുന്നെങ്കിൽ ഇത്രദൂരം വരേണ്ട ആവശ്യം ഉണ്ടാവില്ലായിരുന്നു..

ഇപ്പോഴെനിക്ക് നിങ്ങളോട് സഹതാപമാണ് തോന്നുന്നത്.. ഭർത്താവിന്റെ ഈ വീരകർമ്മം അറിഞ്ഞിട്ടും നിങ്ങളിപ്പോഴും അയാൾക്കൊപ്പം തന്നെയുണ്ടല്ലോ..

ഒരു സ്ത്രീയായിരുന്നിട്ട് പോലും എന്നോട് ക്ഷമ യാചിച്ചു വരാനുള്ള മനസ്സ് നിങ്ങൾക്കുണ്ടായല്ലോ.. പുച്ഛം തോന്നുന്നു എനിക്ക് നിങ്ങളോട്...

ഞാൻ പോകുന്നു.. ഇനിയൊരിക്കലും നിങ്ങളെന്നെ അന്വേഷിച്ചുവരരുത്... ഒരിക്കലും..!!"

അവർ തളർച്ചയോടെ നിലത്തേക്കിരുന്നു.. പിന്നെ പെട്ടെന്നെന്തോ ഓർത്തപോലെ അവൾക്ക് പിറകേ ഓടി..

"കുട്ടീ.. രാത്രിയായിരിക്കുന്നു.. നീ ഒറ്റക്കെങ്ങനെ..." പറഞ്ഞു മുഴുവനാക്കും മുൻപേ അവൾ തിരിഞ്ഞിരുന്നു..

"ഞാൻ ആരെ ഭയക്കണം.. നഷ്ടപ്പെടാൻ ഒന്നും ബാക്കിയില്ല.. അപ്പോൾ പിന്നെ കൂരിരുട്ടും വെളിച്ചവുമെല്ലാം എനിക്കൊന്ന് തന്നെ.. "

ഉറച്ച ശബ്ദത്തോടെ പറഞ്ഞുകൊണ്ട് ആ വീടിന്റെ പടിയിറങ്ങുമ്പോൾ അവളുടെ കാലുകൾക്ക് പതിവിലും വേഗതയുണ്ടായിരുന്നു..

ഇത്രയും നാൾ അവളൊളിപ്പിച്ചു വെച്ച കണ്ണുനീരെന്ന പോൽ മഴ ആർത്തുപെയ്തു..!! എങ്കിലും അവളുടെ വഴി തടഞ്ഞില്ല..!!

ഇരുട്ടിൽ അവൾ തെളിഞ്ഞുകണ്ടു.. വാ മൂടിക്കെട്ടിക്കൊണ്ട് ഒരു പെൺകുട്ടിയെ വലിച്ചിഴച്ചുകൊണ്ട് പോകുന്ന രണ്ടുപേരെ..

ആ നിമിഷം അവളിലെ സ്ത്രീയുണർന്നു.. എന്നോ തനിക്ക് കൈമോശം വന്ന ശബ്ദവും മനോധൈര്യവും തിരികെ ലഭിക്കുന്നതവൾ തിരിച്ചറിഞ്ഞു..

അവരെ മർദിക്കുവാൻ തന്റെ കൈൾക്ക് ശക്തി വരുന്നത് അവൾ അത്ഭുതത്തോടെ നോക്കിക്കണ്ടു..

അപ്പോഴേക്കും ശബ്ദം കേട്ട് ആളുകൾ കൂടിയിരുന്നു.. രക്ഷപ്പെട്ട ആ പെൺകിടാവിന്റെ മുഖത്തെ നന്ദിഭാവം അവളിലൊരു പുഞ്ചിരി വിരിയിച്ചു..

അവിടെ നിന്നും പതിയെ നടന്നകന്നു..

ചുവന്ന തെരുവുകളും വേശ്യാലയങ്ങളുമുണ്ടായിട്ട് പോലും ഇരയെ വേട്ടയാടി പിടിക്കാനുള്ള മനുഷ്യന്റെ ത്വര അടങ്ങുന്നില്ലെന്നതാണ് കഷ്ടം..!!

ക്ഷണികമായ ഈ ജീവിതത്തിൽ എന്തെല്ലാം പരാക്രമങ്ങളാണ് അവർ കാണിച്ചുകൂട്ടുന്നത്.. ഒരുനാൾ യാത്രയവസാനിപ്പിച്ചു മടങ്ങേണ്ടതാണെന്ന ബോധ്യം ആർക്കുമില്ല..

തനിക്ക് പക്ഷേ ആ ബോധം വന്നിരിക്കുന്നു.. ചെയ്ത് തീർക്കാനുള്ളത് പൂർത്തിയായ പോലെ.. അറിയാൻ ഇനിയൊന്നും ബാക്കിയില്ലാത്തത് പോലെ..!!

തിരിച്ചുപോക്കില്ലാത്ത ഈ ജീവിതത്തിൽ ഈ നശ്വരരൂപം കൂടി നഷ്ടപ്പെട്ട് കഴിയുമ്പോൾ ആരുടെയും ഓർമയിൽ പോലും നിലനിൽക്കാതെ താനും യാത്രയാവും.. അതിന് വേണ്ടിയുള്ള കാത്തിരിപ്പാണ് ഓരോ നിമിഷവും.. ഒരു സ്‌ത്രീയുടെ.. വേശ്യയുടെ കാത്തിരിപ്പ്..!!!

എങ്കിലും ഒരു പ്രാർത്ഥന ആദ്യമായും അവസാനമായും...

ഇനിയും ദേവദാസികൾ പിറക്കാതിരിക്കട്ടെ..!! ഇനിയൊരുവളും വേശ്യയാക്കപ്പെടാതിരിക്കട്ടെ..!!!!

🌺🌺 ഇനി കാത്തിരിപ്പില്ല...🌺🌺


രചന: അശ്വതി രാവുണ്ണികുട്ടി
ഈ കഥ പെട്ടെന്നെഴുതാൻ തീരുമാനിച്ചതാണെങ്കിലും മുമ്പ് കണ്ടിട്ടുളള രണ്ട് ഹിന്ദി സീരിയലുകൾ എന്നിൽ സ്വാധീനം ചെലുത്തിയിട്ടുണ്ട്.. കൃഷ്ണദാസി എന്നാണ് ഒന്നിന്റെ പേര്.. മറ്റേത് തുടക്കത്തിലെ കുറച്ചു ഭാഗമേ കണ്ടിട്ടുള്ളൂ.. അതിനാൽ പേരോർക്കുന്നില്ല.. 4 പാർട്ടിൽ പറഞ്ഞു തീർക്കാവുന്ന ഒരു വിഷയമല്ല ഇതെന്നറിയാം.. എങ്കിലും ചെറിയൊരു ശ്രമം നടത്തിയെന്ന് മാത്രം.. പോരായ്‌മകൾ ഉണ്ടാവാം.. അത് പറയാവുന്നതാണ്.. എന്ത് തന്നെയാണെങ്കിലും അഭിപ്രായം പറയാതെ പോകല്ലേ..

കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....
To Top