സ്ത്രീ ഭാഗം 2

Valappottukal
സ്ത്രീ ഭാഗം 2

രചന: അശ്വതി രാവുണ്ണികുട്ടി

യാത്ര തുടർന്നപ്പോൾ കാർ ഏതോ അമ്പലത്തിന് മുന്നിലെത്തി നിന്നു.. ഇവിടേക്കെന്തിന് വന്നുവെന്ന ചോദ്യഭാവത്തോടെ അവൾ ആ സ്‌ത്രീയെ നോക്കുമ്പോഴേക്കും അവർ പുറത്തിറങ്ങിയിരുന്നു.. തന്നെയൊന്ന് നോക്കുക കൂടി ചെയ്യാതെ അവർ കയറിപ്പോകുന്നത് താഴ്‌ത്തിയ സൈഡ്ഗ്ലാസിലൂടെ കണ്ടു..

അവൾക്കെന്തോ ഇറങ്ങാൻ തോന്നിയില്ല.. ആരാധനാലയങ്ങളിൽ കയറുന്ന പതിവൊന്നും പണ്ട് തൊട്ടേയില്ല..

ഇനിയിപ്പോ ഉണ്ടായിരുന്നോ..?? ഓർമയില്ലെന്ന് പറയുന്നതാണ് സത്യം..

പക്ഷേ താൻ ഒരു നിരീശ്വരവാദിയൊന്നുമല്ല..

നിരീശ്വരവാദി..!! ഇത്തരം പദങ്ങളൊക്കെ പ്രയോഗിക്കാനുള്ള കഴിവ് ലഭിച്ചത് വായനയിലൂടെയാണ്..

തന്റെ ശരീരസുഖം അനുഭവിക്കാൻ ഒരിക്കൽ വന്നത് ഒരു എഴുത്തുകാരനായിരുന്നു.. പുസ്തകങ്ങളുടെ മണമായിരുന്നു അയാൾക്ക്..

ഒരുപാട് നേരം സംസാരിച്ചിരുന്നു അയാൾ.. വലിയ വലിയ കാര്യങ്ങൾ.. പലതും തനിക്ക് മനസ്സിലാക്കിയെടുക്കാൻ കഴിഞ്ഞില്ല.. അതിന് തക്ക വിവരം ഉണ്ടായിരുന്നില്ലല്ലോ..

അന്തം വിട്ടുള്ള തന്റെ നോട്ടം കണ്ട് അയാൾ പൊട്ടിപ്പൊട്ടി ചിരിച്ചു.. ചിരിയല്ല.. അട്ടഹാസം..!!പക്ഷേ അത് കേട്ട് ഭയമൊന്നും തോന്നിയില്ല..

അന്ന് അയാൾ ഏതൊക്കെയോ എഴുത്തുകാരെ പരിചയപ്പെടുത്തി.. അവരുടെ എഴുത്തിനെ പുകഴ്ത്തുകയും ഇകഴ്ത്തുകയും ചെയ്തു..

ആകാംക്ഷയോടെ അവൾ കാതോർത്തു.. ഈ ജീവിതത്തിൽ അത്തരം കാര്യങ്ങൾ കേൾക്കുന്നത് നന്നേ കുറവാണ്..

കൂടുതലറിയാൻ ആഗ്രഹം തോന്നിയെങ്കിലും അപ്പോഴേക്കും അയാളുടെ ക്ഷമ നശിച്ചിരുന്നു.. അവൾക്ക് കൗതുകം അയാളിൽ നിന്നും കേട്ട എഴുത്തുകളോടായിരുന്നെങ്കിൽ അയാൾക്ക് കൗതുകം അവളുടെ ശരീരമായിരുന്നു..!!

അയാൾക്കുള്ളിലെ മദ്യം സ്വബോധമെല്ലാം ഇല്ലാതാക്കിയിരുന്നു..

തന്നിലേക്ക് പടർന്ന് കയറുമ്പോൾ അയാൾ എഴുത്തുകാരനായിരുന്നില്ല.. ക്രൂരനായ ഒരു മൃഗമായിരുന്നു.. ഭ്രാന്തമായ ഒരാവേശത്തോടെ അയാൾ തന്നെ അറിയുമ്പോൾ അവൾക്ക് വേദനിച്ചില്ല.. ഇപ്പോൾ അങ്ങനെയാണ്.. ആകെ മരവിച്ച അവസ്ഥ.. പക്ഷേ അന്ന് മറ്റൊരു കാരണവും കൂടിയുണ്ടായിരുന്നു.. മനസ്സിലുടക്കിയ ചില പേരുകൾ ചിന്തയിൽ നിറഞ്ഞു.. ആ ചിന്തയാണ് തന്റെ വേദനയെ മറച്ചത്...

ആവശ്യം കഴിഞ്ഞ് പോകാൻ നേരം പണം നീട്ടിയപ്പോൾ അത് നിഷേധിച്ചുകൊണ്ട് അവൾ അയാളോട് ആവശ്യപ്പെട്ടത് പുസ്‌തകങ്ങളായിരുന്നു..

അമ്പരപ്പോടെ കുറച്ചുനേരം അവളെ നോക്കി നിന്നെങ്കിലും കയ്യിലുള്ള ചില പുസ്തകങ്ങൾ അയാൾ അവൾക്കായി നൽകി.. ഒപ്പം അവൾ നിഷേധിച്ച പണവും..

വീണ്ടും അത് തിരസ്‌കരിക്കാൻ നിന്നില്ല.. ജീവിക്കാൻ പണവും ആവശ്യമാണല്ലോ.. എങ്കിലും പുസ്‌തകങ്ങളോട് തോന്നിയ ആശ കൊണ്ടാണ് പണത്തെ ഉപേക്ഷിച്ചത്.. ഇപ്പോൾ രണ്ടും കിട്ടുന്നെങ്കിൽ താനെന്തിന് അത് വേണ്ടെന്ന് വെക്കണം..?? ദുരഭിമാനമൊന്നും തനിക്കില്ലല്ലോ..

അന്ന് അതിലുണ്ടായിരുന്നതിൽ കൂടുതലും മാധവിക്കുട്ടിയുടെ കഥകൾ ആയിരുന്നു.. ഒപ്പം ബേപ്പൂർ സുൽത്താന്റെയും..

എവിടെയോ മറന്നുവെച്ച അക്ഷരങ്ങളോട് താൻ വീണ്ടും കൂട്ടുകൂടി.. ആദ്യം അവ ഇണങ്ങാൻ ഒന്ന് മടിച്ചെങ്കിലും സുൽത്താന്റെ ലളിതമായ ശൈലി തന്റെ സഹായിയായി.. അദ്ദേഹത്തിന്റെ തമാശകൾ താനും ആസ്വദിച്ചു.. ഒരുപാട് ചിരിച്ചു.. അതിലെവിടൊക്കെയോ ഒളിഞ്ഞിരിക്കുന്ന വിമർശനങ്ങൾ തനിക്കും മനസ്സിലാവുന്നുണ്ടായിരുന്നു..

സാധാരണക്കാരായ അദ്ദേഹത്തിന്റെ കഥാപാത്രങ്ങളെ തനിക്ക് എളുപ്പം മനസ്സിൽ സങ്കൽപ്പിച്ചെടുക്കാൻ കഴിയുമായിരുന്നു..

ബാല്യകാലസഖി മനസ്സിലേക്ക് ചേക്കേറിയത് എത്ര പെട്ടെന്നാണ്.. മജീദും സുഹറയുമെല്ലാം തന്റെ ആരൊക്കെയോ ആയി മാറിയിരുന്നു.. അവരുടെ ദുഃഖം തന്റേത് കൂടിയാവുകയായിരുന്നു.. അല്ല.. അതായിരുന്നു തന്റെ ദുഃഖം..!! അല്ലാതെ മറ്റെന്ത് ദുഃഖമാണ് തനിക്കുള്ളത്..??

ബഷീർ എന്ന എഴുത്തുകാരനെ വീണ്ടും അറിഞ്ഞുകൊണ്ടിരുന്നു.. അതിലൊന്നിൽ തന്റെ.. തന്നെ പോലുളളവരുടെ കഥയുണ്ടായിരുന്നു.. അബ്ബാസ് ശരീരം വിൽക്കുന്നവളായ വസന്തകുമാരിയെ പ്രണയിച്ചപ്പോൾ അതുപോലൊരാൾ തനിക്ക് വേണ്ടിയും വരുമെന്ന് വ്യഥാ മോഹിച്ചു..!

സാറാമ്മയുടെ കേശവൻ നായരെ പോലെ തനിക്ക് വേണ്ടിയും ഒരു കേശവൻ നായർ എവിടെയോ ഇരുന്ന് ഒരു പ്രേമലേഖനം എഴുതുമെന്നും ആ ഒരാളുടെ പ്രണയത്തിലേക്ക് തന്റെ ജീവിതം ചുരുങ്ങുമെന്നും പ്രതീക്ഷിച്ചു.. ഒരു ആകാശമിഠായി തനിക്കും ഉണ്ടായിരുന്നെങ്കിലെന്ന് ആഗ്രഹിച്ചു..!

പാഴ്മോഹങ്ങൾ..!! അതും ഒരു നേരമ്പോക്കായിരുന്നു.. ഒരിക്കലും നിറവേറാത്ത സ്വപ്നങ്ങളെ ഓർത്തിരിക്കുക.. അവയെ കിനാവ് കാണുക..! അതിലും ഒരു രസമുണ്ട്.. പറഞ്ഞറിയിക്കാൻ പറ്റാത്തൊരു സുഖമുണ്ട്..!!

സുൽത്താന്റെ എഴുത്തിൽ നിന്നും മാധവിക്കുട്ടിയിലെത്തിയപ്പോൾ താൻ വായനയിൽ ഒന്നുകൂടി മുൻപോട്ട് പോയിരുന്നു.. അവരിലൂടെ പ്രണയവും വിരഹവുമെല്ലാം അറിഞ്ഞു.. എല്ലാം തുറന്നെഴുതുന്ന രീതി തന്റെ ഇഷ്ടം പിടിച്ചു പറ്റിയിരുന്നു..

വായിച്ചു വായിച്ചു താൻ അതിന് അടിമപ്പെട്ടു പോയി.. കയ്യിലുള്ള കഥകളെല്ലാം ഓർമയിലേക്ക് ചേർത്ത് വെച്ചു കഴിഞ്ഞപ്പോൾ പുതിയതിന് വേണ്ടിയുള്ള ഇച്ഛ ഉണ്ടായി.. എന്നാൽ അതിന് എന്ത് ചെയ്യുമെന്ന് തനിക്കറിയില്ലായിരുന്നു.. ആകെയൊരു വെപ്രാളം തോന്നിയപ്പോഴാണ് വായന ഒരു ഒഴിയാബാധയായി തന്നിൽ കുടിയേറിട്ടുണ്ടെന്ന് തിരിച്ചറിഞ്ഞത്..

ലഹരി...!! തന്റെ ലഹരിയായി മാറുകയായിരുന്നു പുസ്തകങ്ങൾ.. അതിന്റെ മണം തന്നെ മത്തുപിടിപ്പിക്കാൻ തുടങ്ങിയിരുന്നു..

പക്ഷേ പിന്നീടൊരിക്കലും ഒരെഴുത്തുകാരൻ അരികിലേക്ക് വന്നില്ല... ഇനി ഉണ്ടായിരുന്നോ..?? താൻ ആരെയും തിരിച്ചറിഞ്ഞിട്ടില്ല എന്ന് വേണം പറയാൻ..

വായിക്കാനുള്ള കൊതി കൂടിക്കൊണ്ടേ ഇരുന്നപ്പോൾ സുഖം തേടി വരുന്നവരോട് പണത്തിന് പുറമേ ഓരോ പുസ്തകങ്ങളും ആവശ്യപ്പെട്ടു..

ശരീരസുഖത്തിന് പകരം അക്ഷരങ്ങൾ ആവശ്യപ്പെടുന്നവളെ അവരെല്ലാം ആദ്യമായി കാണുകയായിരുന്നു..

അത്ഭുതം ആ കണ്ണുകളിലെല്ലാം കണ്ടു.. ചിലർ പുച്ഛിച്ചു.. ഇരുട്ടിൽ കിടക്കുന്നവൾക്കെന്തിന് അറിവെന്ന്.. പക്ഷേ തനിക്കതൊരു പ്രശ്നമായിരുന്നില്ല.. ജ്ഞാനത്തിന്റെ വെളിച്ചം അന്ധകാരത്തിൽ തനിക്ക് ആശ്വാസം നൽകിയിരുന്നെന്ന് അവർക്കറിയില്ലല്ലോ..

വായനയിലൂടെ താൻ മറ്റൊരു ലോകം കണ്ടു.. അതിലെ കഥാപാത്രമായി ഇടക്കൊക്കെ ജീവിച്ചു.. അതേ.. അപ്പോൾ മാത്രമാണ് താൻ ജീവിച്ചിരുന്നത്.. ആ സമയത്ത് മാത്രമാണ് ദേഹി ദേഹത്തിലേക്ക് വീണ്ടും വന്നിരുന്നത്..

ചിന്തകൾ കാട് കയറിക്കൊണ്ടേ ഇരുന്നു.. പക്ഷേ ആ ചിന്തകളെ താൻ ഇഷ്ടപ്പെട്ടിരുന്നു.. അത് കൊണ്ടാവാം ഒട്ടും മുഷിച്ചില് തോന്നിയില്ല..

ആ സ്ത്രീ തിരിച്ച് കാറിൽ വന്നിരുന്നുവെന്ന് അറിയുന്നത് ഡോർ വലിച്ചടക്കുന്ന ശബ്ദം കേട്ടപ്പോഴാണ്.. ഇത്ര നേരവും പുറത്തേക്കിറങ്ങാതെ താൻ ഇതിനകത്ത് തന്നെയിരുന്നതെന്തേ എന്നൊരു ചോദ്യം അവരുടെ മുഖത്തുള്ളത് പോലെ തോന്നി..

തോന്നലിനെ ശരിവെച്ചുകൊണ്ട് അടുത്ത നിമിഷം തന്നെ അവരുടെ നാവുകളിൽ നിന്നും വാക്കുകൾ ചോദ്യമായി ഉതിർന്നുവീണു..

"ജാനകിയെന്താ അമ്പലത്തിലേക്ക് വരാതിരുന്നത്...??"

ജാനകി..!! ഇടക്കിടക്ക് തന്നെ ആ പേര് ഓർമിപ്പിക്കുക എന്നതാണോ ഇവരുടെ ഉദ്ദേശം..??

ആണെങ്കിൽ നല്ലത്.. ഇന്നൊരു ദിവസം അർഹതയില്ലാത്തതെങ്കിലും ആ നാമം തന്റെ സ്‌മൃതികളിലിരുന്നോട്ടെ.. സീതാദേവിയുടെ പേരുള്ളവളാണെന്ന് താനെന്ന് സ്വയമൊന്ന് അഹങ്കരിക്കട്ടെ.. ഇന്ന് മാത്രം..!!!

നാളെ മുതൽ അതിന് വീണ്ടും വിസ്‌മൃതിയിലേക്ക് തിരികെ പോകേണ്ടതായി വരും.. അതാണ് വിധി..!!! അതാണ് ശരി...!! ആരുടെ ശരി..?? തന്റെയാണോ.. അല്ല.. മറ്റാരുടെയോ..!!

അവളറിയാതെ ചിരിച്ചുപോയി..

മറുപടിയില്ലാതെ ചിരി മാത്രം കണ്ടത് കൊണ്ട് ആ സ്ത്രീ വീണ്ടും തിരക്കി..

"അശുദ്ധി വല്ലതുമാണോ...??"

"ഹ.. ഹ..." ഇത്തവണ പൊട്ടിച്ചിരിച്ചു..

താൻ എന്നും അശുദ്ധയല്ലേ.. അതിനൊരു പ്രത്യേക ദിവസമുണ്ടോ..??

ഈ അശുദ്ധയെ കാർന്ന് തിന്നുന്നവർ പക്ഷേ ശുദ്ധരാണ്.. ഇനിയിപ്പോ കുറച്ചെങ്കിലും അശുദ്ധി അവരെ ബാധിച്ചിട്ടുണ്ടെങ്കിൽ തന്നെ തന്റെ വിയർപ്പ് അവരിൽ നിന്നും കഴുകിക്കളയുമ്പോൾ അശുദ്ധിയും ഒഴുകിപ്പോവുന്നു..  അതിന് പിന്നിലെ ശാസ്ത്രം എന്താണാവോ..??

"ജാനകീ.." അവർ തോളിൽ കൈവെച്ചു..

താനെന്താണ് ഈ കാണിക്കുന്നത്.. ആ സ്‌ത്രീ എന്തൊക്കെയോ ചോദിക്കുന്നു.. താനതിനുത്തരം നൽകാതെ മറ്റെന്തെല്ലാമോ ആലോചിച്ചുകൂട്ടുന്നു..

എന്താണ് ഇപ്പോൾ ഇവരോട് പറയേണ്ടത്..??

'എന്റെ സ്വകാര്യ ആവശ്യങ്ങൾ സാധിച്ചു തരുന്ന ഒരു ദൈവം ഏതെങ്കിലും ഒരു ദേവാലയത്തിൽ ജീവിക്കുന്നുണ്ട് എന്ന് വിശ്വസിക്കാനുള്ള ഹൃദയനൈർമല്യം ഒരിക്കലും എനിക്കുണ്ടായിരുന്നില്ല..' എന്ന മാധവിക്കുട്ടിയുടെ വാക്കുകളാണ് അപ്പോൾ ഓർമയിൽ വന്നത്..

പക്ഷേ മറുപടിയായി നാവിൽ നിന്നും വീണത് ഇങ്ങനെയായിരുന്നു..

"എനിക്കൊന്നും ദൈവത്തോട് ചോദിക്കാനില്ല.. പിന്നെ ഞാനെന്തിന് പ്രാർത്ഥിക്കണം..."

അതിന് ആ സ്ത്രീയിൽ നിന്നും പ്രതികരണമൊന്നുമുണ്ടായില്ല..

അവർ വണ്ടി സ്റ്റാർട്ട് ചെയ്തു.. സഞ്ചാരപാത മാറിത്തുടങ്ങി..

പുറത്തെ കാഴ്ചകൾ അവളുടെ കണ്ണുകളെ രസിപ്പിക്കുന്നുണ്ടെങ്കിലും ഇടക്ക് അവൾ ആ സ്ത്രീയെ നോക്കും.. അവരവളെയും.. പക്ഷേ ഒരു ഒളിച്ചുകളി പോലായിരുന്നുവെന്ന് മാത്രം..

എന്തിന് വേണ്ടി...?? അറിയില്ല...

ഈ സ്‌ത്രീയിൽ നിന്നും എന്തൊക്കെയോ ചോദിച്ചറിയണമെന്നുണ്ട്.. പക്ഷേ... എങ്ങനെ തുടങ്ങണം എന്നറിയുന്നില്ല..

അപരിചിതയായ ഒരാളോടൊപ്പം അപരിചിതമായ ഏതോ സ്ഥലത്തേക്ക് താൻ പൊയ്ക്കൊണ്ടിരിക്കുന്നു..

അതൊരു പുതുമയുള്ള കാര്യമല്ല.. തനിക്ക് എല്ലാവരും അപരിചിതരാണ്.. മണിക്കൂറുകൾ ഒരുമിച്ച് ചിലവഴിച്ചെന്ന് പറഞ്ഞാലും പിന്നീട് കാണുമ്പോൾ അപരിചിതർ തന്നെയാണ്.. ആ കണ്ടുമുട്ടൽ വീണ്ടും തന്റെ കിടപ്പറയിലാണെങ്കിൽ പോലും..

പക്ഷെ കിടപ്പറയിൽ പരിചിതഭാവം കാണിക്കുന്ന അവരൊക്കെ പുറത്ത് എവിടെയെങ്കിലും വെച്ച് കണ്ടാൽ തന്നിൽ നിന്നും ഓടിയൊളിക്കാറാണ് പതിവ്..

എത്രയോ നേരം തന്റെ മടിയിൽ കിടന്ന് സൗന്ദര്യത്തെ പ്രശംസിക്കുന്നവർക്ക്,  മുഖസ്തുതി പറയുന്നവർക്ക് താൻ കെട്ടവളാകുന്നതും അശ്രീകരമാകുന്നതും വിരൂപയാകുന്നതും ക്ഷണനേരം കൊണ്ടാണ്..

അവരെയൊന്നും നോക്കിയില്ലെങ്കിലും ഇതൊക്കെ തനിക്കറിയാൻ കഴിഞ്ഞിരുന്നു..

ആദ്യമൊക്കെ ഇത്തരം പെരുമാറ്റം തന്നിൽ അമ്പരപ്പ് സൃഷ്ടിച്ചിരുന്നുവെങ്കിലും സമൂഹത്തിൽ  അവർക്കുള്ള സ്ഥാനമാനങ്ങളും, കെട്ടിപ്പടുത്ത അഭിമാനത്തിന്റെ കോട്ടയും, കാലങ്ങളായി കൊണ്ട് നടക്കുന്ന പൊയ്മുഖവും തകരാതെ സംരക്ഷിക്കാനുള്ള പരിശ്രമമാണ്, കഠിനാദ്ധ്വാനമാണ് അതെന്ന് തിരിച്ചറിഞ്ഞപ്പോൾ പുച്ഛമായിരുന്നു.. ഒരു യക്ഷിയെപ്പോലെ താൻ അന്ന് ആർത്തട്ടഹസിച്ചു..

പക്ഷേ അവരെന്തിന് തന്നെ പേടിക്കണം..??

രണ്ടുമുഖങ്ങൾ..!! തനിക്കത് ശീലമില്ല.. എന്നും എപ്പോഴും എല്ലാവരും അപരിചിതരാണ്.. ആരെയും തകർക്കാനും ഉദ്ദേശമില്ല..

എങ്കിലും ഭയക്കുന്നവരെ പറഞ്ഞു തിരുത്താനും മെനക്കെടാറില്ല.. തനിക്ക് അതിന്റെ ആവശ്യവുമില്ല..!!

ഇന്ന് പക്ഷേ ഒരു വ്യത്യസ്തതയുണ്ട്.. സാധാരണ പുരുഷന്മാരാണ് തന്നെ അന്വേഷിച്ചു വരാറുള്ളത്.. ഇന്നതൊരു സ്ത്രീയാണ്.. അതാണ് തന്റെ മനസ്സിലെ സംശയവും...

മനസ്സ് പല ഊഹാപോഹങ്ങൾക്കും വേദിയായി..

ഇവരൊരുപക്ഷേ ആർക്കെങ്കിലും തന്നെ സമർപ്പിക്കാൻ വേണ്ടി കൊണ്ട് പോകുന്നതാവാം.. കാര്യസാധ്യത്തിനോ, നന്ദിസൂചകമായോ നൽകുന്ന ഉപഹാരം.. അതായിരിക്കാം ഈ കഥയിൽ തന്റെ വേഷം..

അങ്ങനെ തന്നെയാകാം.. അല്ലാതെ സദുദ്ദേശത്തോടെ ആരും തനിക്കരികിലേക്ക് വരില്ലല്ലോ..!!

കുറച്ചുകൂടി മുന്നോട്ട് പോയപ്പോഴേക്കും അവൾക്ക് വിശപ്പിന്റെ വിളി വന്ന് തുടങ്ങിയിരുന്നു..

ഇനിയും എത്ര ദൂരം പോകാനുണ്ടെന്നോ എത്ര നേരം ശരീരത്തെ കഷ്ടപ്പെടുത്തേണ്ടി വരുമെന്നോ അറിയില്ല.. അതിനിടെ വിശന്നാൽ കഷ്ടമാണ്..

"എനിക്ക് വിശക്കുന്നു.." അവൾ അവരെ നോക്കിക്കൊണ്ട് പറഞ്ഞു..

"എനിക്കും.." അവർ ചിരിയോടെ ഏറ്റുപറഞ്ഞു..

അതിലിത്ര ചിരിക്കാൻ എന്താണുള്ളത്..?  വിശപ്പ് ഒരു തമാശയാണോ.. ചിലപ്പോൾ ഇവരെ പോലുള്ളവർക്ക് ആയിരിക്കും..

ഇരുവശത്തേക്കും നോക്കിക്കൊണ്ടായിരുന്നു പിന്നീടുള്ള യാത്ര.. ഒടുവിൽ അവരുടെ നിലക്ക് ചേർന്ന ഒരു ഹോട്ടൽ കണ്ടെത്തിയപ്പോൾ അതിനുമുന്നിൽ നിർത്തി..

ഇത്രയും വലിയ ഹോട്ടലിൽ താൻ മുൻപൊരിക്കൽ പോയിട്ടുണ്ട്.. ഒരു ബിസിനസ്സുകാരൻ ആയിരുന്നു അന്നത്തെ തന്റെ ഉടമ.. 'മുത്തശ്ശാ' എന്ന് വിളിക്കാനുള്ള  പ്രായം അയാൾക്കുണ്ടായിരുന്നെങ്കിലും ഇതുപോലൊരു പെണ്ണ് തന്റെ വീട്ടിലുണ്ടായിരുന്നെങ്കിലോ എന്ന ചിന്തയൊന്നും അയാൾക്കുണ്ടായിരുന്നില്ല.. ഇരയെ കണ്ട വേട്ടക്കാരനെ പോലായിരുന്നു അയാൾ.. തന്നെ കടിച്ചുകീറി ചവച്ചുതുപ്പി ഇട്ടപ്പോൾ അയാൾക്ക് വല്ലാത്തൊരു ആനന്ദമായിരുന്നു..!!

ആ ഓർമയിൽ അവൾക്ക് മനംപുരട്ടി.. കൈ കൊണ്ട് വാ പൊത്തുന്നതിനൊപ്പം ഓക്കാനത്തിന്റെ ശബ്ദവും പുറത്തു വന്നു.. ബുദ്ധിമുട്ട് മനസ്സിലായത് കൊണ്ടാവും ആ സ്ത്രീ വാഷ്റൂം കൈചൂണ്ടി കാണിച്ചുതന്നു..

വായിലൂടെ പുറത്തേക്ക് വന്നത് പച്ചവെള്ളമാണ്.. കട്ടി കൂടിയ ഭക്ഷണമൊന്നും കഴിച്ചിരുന്നില്ലല്ലോ..

എല്ലാത്തിനോടുമുള്ള വെറുപ്പ് ചില നേരങ്ങളിൽ പ്രകടമാവുന്നത് ഇങ്ങനെയാണ്..

മുഖം കഴുകി അവർക്കരികിൽ ചെന്നിരിക്കുമ്പോൾ സപ്ലെയർ അടുത്തെത്തിയിരുന്നു.. ആ സ്ത്രീ തന്നോട് എന്ത് വേണമെന്ന് തിരക്കിയെങ്കിലും ഒന്നും പറയാൻ കഴിഞ്ഞില്ല..

മറുപടിയൊന്നും കിട്ടാഞ്ഞപ്പോൾ അവർ തന്നെ  എന്തൊക്കെയോ ഓർഡർ ചെയ്തു..

പരിചിതമല്ലാത്ത ഭക്ഷണരീതികൾ അലോസരപ്പെടുത്തി.. അവർ സുഖകരമായി ഭക്ഷണം കഴിക്കുന്നുണ്ടായിരുന്നു.. അവരുടെ രീതി ഇതായിരിക്കാം..

തന്റെ ശീലങ്ങളെ അവൾക്ക് മാറ്റാൻ താല്പര്യമുണ്ടായിരുന്നില്ല.. കൈകൊണ്ട് വാരി കഴിച്ചു വിശപ്പടക്കുമ്പോൾ ആരൊക്കെയോ നോക്കുന്നുണ്ടായിരുന്നു..

അത്തരം നോട്ടങ്ങളൊന്നും പക്ഷേ അവളെ ബാധിച്ചില്ല.. ഉള്ളിലെ വിശപ്പിനെ കെടുത്താനുള്ള തിടുക്കമായിരുന്നു..

എങ്കിലും ആ സ്ഥലം അവൾക്കൊരു വീർപ്പുമുട്ടലായി തോന്നി.. കഴിച്ചു കഴിഞ്ഞപ്പോൾ അവരെ കാത്തുനിൽക്കാതെ പുറത്തേക്ക് നടന്നു..

"അമ്മേ... " എന്നൊരു വിളി എവിടെ നിന്നോ കാതിൽ പതിച്ചപ്പോൾ കാലുകൾ നിശ്ചലമായി.. അടുത്തനിമിഷം തന്നെ അവൾ തിരിഞ്ഞുനോക്കി..
ബാക്കി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ...

കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....
To Top