കാർത്തി തന്റെ തോക്ക് ഷിന്റോയുടെ നേർക്ക് നീട്ടി. മാർക്കോസ് ഉടനെ നിക്കുവിനെ വാരിയെടുത്തു.
"ഡാ... മര്യാദക്ക് തോക്ക് താഴെയിട്. ഇല്ലേൽ നിന്റെ മോനെ ഞാൻ..."
"എന്റെ മോനെ നീ?"
"ഇ..ഇവനെ ഞാൻ... "
"അങ്കിൾ എന്നെ കൊല്ലുമെന്നാണോ പറയാൻ വന്നേ? എന്തിനാ അങ്കിളേ പറ്റാത്ത കാര്യങ്ങളൊക്കെ പറയുന്നേ?"
നിക്കു പറഞ്ഞത് കേട്ട് കാർത്തി ചിരിച്ചു.
"ഈ കുഞ്ഞിന് വരെ അറിയാം. നിനക്കൊന്നും ചെയ്യാൻ പറ്റില്ലെന്ന്. പരോളിൽ ഇറങ്ങിയതല്ലേ... അതോ ഇനി പരലോകത്ത് പോകണമെന്നുണ്ടോ? ഏഹ്?"
കാർത്തി തോക്ക് മാർക്കോസിന്റെ നേർക്ക് നീട്ടി. എന്നിട്ട് മാറ്റി പിടിച്ചു.
"നീയൊന്നും ഒരു വെടിക്ക് തീരേണ്ട ആളല്ല"
എന്നും പറഞ്ഞ് കാർത്തി തോക്ക് തിരികെ ഹോൾസ്റ്റെറിൽ വെച്ചു.
പെട്ടന്ന് ഷിന്റോ കാർത്തിയെ കാലു കൊണ്ട് ആഞ്ഞു ചവിട്ടാൻ പോയി. ഇത് ശ്രദ്ധിച്ച കാർത്തി വേഗം ഒഴിഞ്ഞു മാറി. എന്നിട്ട് അവന്റെ നെഞ്ചിൽ ആഞ്ഞു ചവിട്ടി. അയാൾ അവിടെ വെച്ചിരിക്കുന്ന ചാക്കുക്കെട്ടുകളുടെ ഇടയിലേക്ക് വീണു. ഷിന്റോയെ അവിടെ നിന്നും തൂക്കിയെടുത്ത് കാർത്തി ഇടിക്കാൻ തുടങ്ങി. ഇതു കണ്ട മാർക്കോസ് നിക്കുവിനെ തറയിൽ നിർത്തിയിട്ട് കാർത്തിയെ പിടിച്ചു മാറ്റാൻ പോയി. അപ്പോഴേക്കും ഒരു ഗുണ്ട വന്ന് നിക്കുവിനെ എടുത്തു.
"അച്ഛാ..."
നിക്കുവിന്റെ വിളി കേട്ട് കാർത്തി വേഗം തിരിഞ്ഞു നോക്കി.
കാർത്തി ദേഷ്യം കൊണ്ട് മാർക്കോസിന്റെ നെഞ്ചിൽ അഞ്ചാറു ഇടി ഒരുമിച്ചു കൊടുത്തു. എന്നിട്ട് മൂക്കിലും കൂടി ഒരെണ്ണം കൊടുത്തിട്ട് ഓടിച്ചെന്ന് ആ ഗുണ്ടയുടെ കഴുത്തിൽ പിടി മുറുക്കി. അവൻ പെട്ടന്ന് നിക്കുവിനെ തറയിൽ നിർത്തി. നിക്കു ഉടനെ അടുത്തുള്ള ഒരു മേശയുടെ മുകളിൽ കേറി നിന്നു. ആ ഗുണ്ട തിരിഞ്ഞു കാർത്തിയെ അടിക്കാൻ പോയപ്പോഴേക്കും കാർത്തി അവന്റെ അടിവയറിലെ മർമം നോക്കി ഒരെണ്ണം കൊടുത്തിരുന്നു. അടുത്ത് വേറെ ഒരുത്തൻ തറയിൽ വീണു കിടന്ന കത്തിയെടുത്ത് വീറോടെ വന്നു. ആ കത്തി കൊണ്ടു തന്നെ കാർത്തി അവന്റെ നെഞ്ചിൽ കുത്തിയിറക്കി. പിന്നെ ഒരുത്തനും കാർത്തിയെ തൊടാൻ ധൈര്യപ്പെട്ടില്ല. ഷിന്റോ അപ്പോൾ തളർന്നു കിടക്കുകയായിരുന്നു. മൂക്കും പൊത്തിയിരുന്ന മാർക്കോസ് പതിയെ ഗോഡൗണിന്റെ പിന്നിലെ ഷട്ടർ തുറന്ന് പുറത്തേക്കോടി രക്ഷപ്പെട്ടു. വർക്കിച്ചൻ ഓടാൻ പോയപ്പോൾ അയാളുടെ ഷർട്ടിന്റെ കോളറിൽ പിടിച്ച് പിന്നിലേക്ക് വലിച്ച് മേശയിൽ തലയിടിപ്പിച്ചു. നിക്കു ഉടനെ മേശയുടെ മുകളിൽ നിന്നും താഴെയിറങ്ങി.
കാർത്തി തന്റെ മൊബൈലെടുത്ത് ആരെയോ വിളിച്ചു. എന്നിട്ട് ഷിന്റോയോട് പറഞ്ഞു.
"വൈകാതെ ഇവിടെ കൂടുതൽ ഫോഴ്സ് വരും ഇതൊക്കെ കൊണ്ടു പോകാൻ... ഒപ്പം മീഡിയയും വരും. പിന്നെ, നീയാണല്ലേ അവന്മാർക്കിവിടെ ഷെൽറ്റർ കൊടുത്തത്. ഇന്ന് രാത്രിയോടെ പിടികൂടുന്നുണ്ട്"
"ഡാ... നീയെന്റെ എല്ലാം നശിപ്പിക്കാൻ തീരുമാനിച്ചുവല്ലേ..."
ഷിന്റോ തളർച്ചയോടെ പറഞ്ഞു.
"ഈ മയക്കുമരുന്നൊക്കെ ആളുകളെ നശിപ്പിക്കുന്നതല്ലേ? അപ്പോൾ പിന്നെ നശിപ്പിക്കണ്ടേ? നേരായ മാർഗ്ഗത്തിലൂടെയല്ലാതെ നേടിയതെല്ലാം നിനക്ക് നഷ്ടപ്പെടും. ആഹ്... പിന്നെ അബിന്റെ കാര്യം... ഇനി അവനെ വീട്ടിൽ തന്നെ അടച്ചിടേണ്ടി വരില്ല. അവൻ ചെയ്ത തെറ്റിനെല്ലാം ശിക്ഷ അനുഭവിക്കാൻ സമയമായിട്ടുണ്ട്. അന്ന് കൂടെ ഉണ്ടായിരുന്നവന്മാരെയും വൈകാതെ പൊക്കും. എന്നിട്ട് വേണം ആ കേസൊന്നു ക്ലിയറാക്കാൻ..."
ഷിന്റോക്ക് ഒന്നും പറയാനാകാതെ മിണ്ടാതെ കേട്ടു നിന്നു. കുറച്ചു കഴിഞ്ഞതും മറ്റു പോലീസുകാർ എത്തി. അവരുടെ കൂടെ ഒന്നു രണ്ടു മീഡിയാസും... അവിടെ കണ്ടെത്തിയ മയക്കുമരുന്നിന്റെയൊപ്പം ഷിന്റോയെ നിർത്തി ഫോട്ടോ എടുപ്പിച്ച ശേഷം ജീപ്പിൽ കയറ്റി. അപ്പോഴേക്കും എല്ലാ ഗുണ്ടകളെയും അവിടെന്ന് സ്റ്റേഷനിലേക്ക് കൊണ്ടുപോകാൻ തുടങ്ങിയിരുന്നു. ഡ്രഗ് മാഫിയയിൽ പെട്ട ആളുകളെ പിടികൂടാനായി കാർത്തി അഞ്ചാറു പോലീസുകാരെ അവിടെ നിർത്തി. എന്നിട്ട് നിക്കുവുമായി വീട്ടിലേക്ക് തിരിച്ചു.
മുറ്റത്ത് കാറിന്റെ സൗണ്ട് കേട്ടതും അകത്തു നിന്നും രശ്മിയും നിവിയും ഓടി വന്നു.
"അമ്മേ..."
നിക്കു വളരെ സന്തോഷത്തോടെ വിളിച്ചുകൊണ്ട് രശ്‌മിയുടെ അടുത്തേക്ക് ഓടിച്ചെന്നു. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങിയിരുന്നു.
"മോനേ... നിനക്കൊന്നും പറ്റിയില്ലാലോ... അവർ മോനെ വല്ലതും ഉപദ്രവിച്ചോ?"
നിക്കുവിനെ അടിമുടി നോക്കിക്കൊണ്ട് രശ്മി ചോദിച്ചു.
"ഏയ് ഇല്ലമ്മേ... അതിന് മുൻപ് എന്റെ ഹീറോ വന്ന് എന്നെ അവരുടെ കയ്യിൽ നിന്നും രക്ഷപ്പെടുത്തിയില്ലേ?"
നിക്കു കാർത്തിയെ നോക്കിക്കൊണ്ട് പറഞ്ഞു. രശ്മി അവന്റെ തലയിൽ തടവിക്കൊണ്ട് നെറ്റിയിലും കവിളിലും ഉമ്മ വെച്ചു.
"അമ്മ ഒരുപാട് പേടിച്ചോ?"
"ഉംഹും... ഇല്ലാ... "
എന്ന് പറഞ്ഞിട്ട് രശ്മി കാർത്തിയെ നോക്കി ചിരിച്ചു.
"ഡാ നിക്കു... ഫൈറ്റ് എങ്ങനെയുണ്ടായിരുന്നു?"
"സൂപ്പറായിരുന്നു... എന്നെയും കൂടി കരാട്ടെ പഠിപ്പിച്ചിരുന്നെങ്കിൽ ഞാനും കൊടുത്തേനെ അവന്മാർക്കിട്ട് ഒരെണ്ണം..."
"അടുത്ത വെക്കേഷനിൽ അച്ഛൻ ചേർക്കാട്ടോ..."
"മ്മ്... അച്ഛൻ ഇടിക്കുന്നത് കണ്ടിട്ട് കൊതിയായി. വലുതാകുമ്പോൾ ഞാനും അച്ഛനെ പോലെ പോലീസാകും"
ഇത് കേട്ട് രശ്മിക്ക് ദേഷ്യം വന്നു.
"ദേ ചെക്കാ... വായും വെച്ച് മിണ്ടാതെ ഇരുന്നോ... ഇവിടെ ഒരാള് പോലീസായിട്ട് മനുഷ്യന് ടെൻഷൻ താങ്ങാൻ വയ്യാ... അപ്പോഴാ നീയും കൂടി. വാ ഇങ്ങോട്ട്... കഴിക്കാൻ വല്ലതും വേണ്ടേ?"
രശ്മി നിക്കുവിന്റെ കയ്യിൽ പിടിച്ചുകൊണ്ട് അകത്തേക്ക് പോകാനൊരുങ്ങി.
"ആഹ്... വിശപ്പിന്റെ കാര്യം ഞാൻ മറന്നു പോയി. അമ്മേ എനിക്ക് രണ്ടു മൂന്നു മുട്ട ഓംലറ്റ് ആക്കി തരണേ... എന്നാലേ ഷീണം മാറുള്ളു... പിന്നെ, എക്സിബിഷനിൽ ഫസ്റ്റ് പ്രൈസ് എന്റെ ടീമിനാട്ടോ അമ്മേ... അപ്പൊ ഒരു മുട്ടയും കൂടി ഓംലറ്റ് ആക്കിക്കോ"
നിക്കു പറഞ്ഞുകൊണ്ട് പോകുന്നത് കേട്ടിട്ട് നിവിയും കാർത്തിയും പരസ്പരം നോക്കി ചിരിച്ചു.
"നിവി... ഞാനിപ്പോൾ വരാം. കുറച്ചു പണിയുണ്ട്"
"ഇനി എവിടേക്കാ അച്ഛാ?"
"ആ ഡ്രഗ് മാഫിയക്കാരെ പിടിക്കണം. ഇന്ന് മിക്കവാറും ഞങ്ങളുടെ വലയിൽ വീഴും. പിന്നെ, അബിന്റെ കേസിന്റെ കാര്യമൊന്നു ഒതുക്കാനുണ്ട്. രെച്ചുവിനോട് പറഞ്ഞേക്ക് ഞാൻ വരാൻ ലേറ്റ് ആകുമെന്ന്"
"മ്മ്... പറയാം"
കാർത്തി ഉടനെ തന്നെ കാറിൽ കയറി തിരികെ പോയി.
ആ രാത്രിയിൽ തന്നെ കാർത്തിക്കും മറ്റു പോലീസുകാർക്കും ചേർന്ന് ഡ്രഗ് മാഫിയയെ പിടി കൂടാൻ സാധിച്ചു. മാർക്കോസ് പോലീസുകാർ കാണാതെ ഒരിടത്ത് ഒളിച്ചിരുന്നു. അബിന്റെ മുറിയിലേക്ക് ഭക്ഷണം കൊടുക്കാനായി ആരും തന്നെ പോയില്ല. പിറ്റേന്ന് മേരിക്ക് മനസ്സലിവ് തോന്നി അവനു കൊടുക്കാൻ സിസിലിയുടെ കയ്യിൽ ഭക്ഷണം കൊടുത്തു. അവർ ചെന്നപ്പോൾ കയ്യിലെ ഞരമ്പറുത്ത് കിടക്കുന്ന അബിനെയാണ്. പക്ഷേ, അവന്റെ ജീവൻ പോയിട്ടില്ലായിരുന്നു. സിസിലിയുടെ കയ്യിൽ നിന്ന് പ്ലേറ്റ് താഴെ വീണു. അവർ നിലവിളിച്ചുകൊണ്ട് താഴേക്ക് ഓടി മേരിയോട് പറഞ്ഞു. ഷിന്റോയേയും മാർക്കോസിനെ ഫോണിൽ വിളിച്ചിട്ട് കിട്ടാത്തത്കൊണ്ട് ഷിബുവിനെ വിളിച്ചു. അയാളപ്പോൾ കാർത്തി ഷിന്റോയെ പിടികൂടിയെന്നറിഞ്ഞിട്ട് സ്റ്റേഷനിൽ നിൽക്കുവായിരുന്നു. ഷിബുവിന് പരിചയമുള്ള ഒരാളെ അങ്ങോട്ട് പറഞ്ഞു വിട്ടു. അവിടെത്തെ സെല്ലിൽ ഇട്ടേക്കുവായിരുന്നു ഷിന്റോയേയും കൂട്ടരെയും...
ഷിബു ഷിന്റോയോട് അബിന്റെ കാര്യം പറയാനായി ചെന്നു.
"എന്താടാ ഷിബു... നമ്മുടെ വക്കീലാണോ വിളിച്ചേ? അയാളെന്ത് പറഞ്ഞു?"
"വക്കീലല്ല വിളിച്ചത്..."
"പിന്നെ?"
"മേരി ചേടത്തിയാ... അബിൻ..."
"അബിൻ? അവന് എന്നാ പറ്റി?"
"ഷിന്റോച്ചായാ അവൻ കയ്യിലെ ഞരമ്പറുത്തു..."
ഷിബു പറഞ്ഞത് കേട്ട് ഷിന്റോ ഞെട്ടി നിന്നു.
"അപ്പൊ എന്റെ മോൻ... അബിൻ... മോനെ... നീ പോയോ... എന്റെ അനന്തരാവകാശി... "
"അച്ചായാ ഞാൻ പറയുന്നതൊന്നു കേൾക്ക്"
അപ്പോഴേക്കും കാർത്തി അവിടേക്ക് വന്നു. അവനെ കണ്ടതും ഷിബു ഒന്നും മിണ്ടാതെ നിന്നു.
"എന്താ ഇവിടെ?"
"അത് അച്ചായൻ... "
"അതൊക്കെ നിങ്ങളുടെ വീട്ടിൽ... ഇവിടെ ഇയാളൊരു കുറ്റവാളിയെന്ന് അറിയില്ലേ... വൈകാതെ ഒരു സസ്പെൻഷൻ ഓർഡർ കയ്യിൽ കിട്ടും. അതും വാങ്ങി കുറച്ചു മാസം വീട്ടിലിരുന്ന് നന്നാകാൻ നോക്ക്. ഇവിടെയിപ്പോൾ എനിക്ക് ഷിബുവിന്റെ സഹായം ആവശ്യമില്ല. യൂ മേയ് ഗോ നൗ..."
"സർ..."
കാർത്തിയെ സല്യൂട്ട് ചെയ്ത ശേഷം ഷിബു അവിടെ നിന്നും പോയി. അപ്പോഴേക്കും ഒരു നെഞ്ചുവേദന വന്ന് ഷിന്റോ നിലത്തു വീണു. ഉടൻ അയാളെ ഹോസ്പിറ്റലിൽ കൊണ്ടുപോയെങ്കിലും വഴിക്ക് വെച്ചു തന്നെ ഷിന്റോ മരണമടഞ്ഞു. അബിന് കുറേ കഴിഞ്ഞാണ് ബോധം വന്നത്. ഒരുപാട് രക്തം നഷ്ടപ്പെട്ടിരുന്നുവെങ്കിലും ദൈവം അവന്റെ ജീവൻ ബാക്കി വെച്ചിരുന്നു. ബോധം വന്നപ്പോൾ വീണ്ടും അവൻ ആത്മഹത്യാ ശ്രമം നടത്തിയെങ്കിലും അത് പരാജയപ്പെട്ടു. ഷിന്റോയുടെ മരണാനന്തര ചടങ്ങിന് ശേഷം മേരി അന്നയേയും കൊണ്ട് അവരുടെ തറവാട്ടിലേക്ക് പോയിരുന്നു. പിറ്റേന്ന് നിക്കുവിനെ രശ്മി സ്കൂളിലേക്ക് പറഞ്ഞയച്ചില്ല. നിവിയേയും കോളേജിലേക്ക് പോകാൻ സമ്മതിച്ചില്ല.
മാർക്കോസ് ഒളിച്ചു നടക്കുകയായിരുന്നുവെങ്കിലും എല്ലാ കാര്യങ്ങളും അറിഞ്ഞിരുന്നു. പക്ഷേ, അയാൾ പോലീസിനെ പേടിച്ച് മേരിയുടെ അടുത്തേക്ക് പോയതേ ഇല്ലാ. തന്നെ തല്ലിയ കാർത്തിയോട് അയാൾക്ക് എന്തെന്നില്ലാത്ത ദേഷ്യം തോന്നിയിരുന്നു. തിരിച്ചു ജയിലിൽ പോകും മുന്നേ കാർത്തിക്കൊരു പണി കൊടുക്കണമെന്ന് അയാൾ തീരുമാനിച്ചു. മാർക്കോസ് നേരെ മനോജിന്റെ വീട് അന്വേഷിച്ചിറങ്ങി. രാത്രി സമയത്താണ് അയാൾ മനോജിന്റെ വീട്ടിലേക്ക് എത്തിയത്.
"ഏട്ടാ... ഏട്ടനെ അന്വേഷിച്ചുകൊണ്ട് ഒരാള് വന്നിരിക്കുന്നു"
മണികണ്ഠൻ മനോജിന്റെ അടുത്ത് ചെന്നു പറഞ്ഞു.
"ആരാടാ?"
"ഏട്ടന്റെ സുഹൃത്തെന്നാ പറഞ്ഞേ... എറണാകുളത്ത് നിന്നാ വന്നത്"
"ആണോ? അവിടെന്ന് ആരാണാവോ എന്നെ അന്വേഷിച്ചു
വരാനായിട്ട്... ശെരി. ഞാൻ പോയി നോക്കാം. നീ കിടന്നോ..."
"ശെരി ഏട്ടാ..."
മനോജ് മുൻവശത്തേക്ക് ചെന്നപ്പോൾ മുറ്റത്ത് നിന്ന് സിഗരറ്റ് വലിക്കുകയായിരുന്നു മാർക്കോസ്. അവനെ കണ്ടതും അയാൾ സിഗരറ്റ് നിലത്തിട്ട് ചെരിപ്പ് കൊണ്ട് അതിനെ ചവിട്ടിയരച്ചു.
"ടാ മനോജേ... നിനക്കെന്നെ മനസ്സിലായോ?"
"പിന്നെ മനസ്സിലാകാതെ... മാർക്കോസേട്ടനോട് ആരു പറഞ്ഞു ഞാനിവിടെ ഉണ്ടെന്ന്?"
നീ അന്ന് അവിടെ നിന്നും ഇറങ്ങുമ്പോ എന്നോട് പറഞ്ഞിരുന്നല്ലോ എന്തായാലും വീട്ടിലോട്ട് ഒന്നു പോയിട്ടേ മറ്റു എവിടെയെങ്കിലും പോവുള്ളുവെന്ന്. അപ്പൊ പിന്നെ, ഇവിടെ വന്നൊന്നു അന്വേഷിക്കാമെന്ന് കരുതി. ഞാനിവിടെ ജംഗ്ഷനിൽ ചെന്നിറങ്ങി നിന്നെ പറ്റി നേരെ ചോദിക്കാൻ പോയത് നിന്റെ കടയിൽ തന്നെ. അവിടെയിരുന്നവൻ പറഞ്ഞു നീ ഇപ്പോഴായിട്ട് വീട്ടിലേക്ക് പോയതേ ഉള്ളുവെന്ന്... നീ ഇവിടെ തന്നെയുണ്ടെന്ന് മനസ്സിലായപ്പോൾ പിന്നെ അവനോട് വീട്ടിലേക്ക് പോകേണ്ട വഴി ചോദിച്ചു മനസ്സിലാക്കി ദാ നിന്റെ മുമ്പിലെത്തി"
"അതെയോ? അന്ന് എന്നെ ഇങ്ങോട്ട് കൂട്ടിക്കൊണ്ട് പോന്നത് അനിയൻ തന്നെയാ. അവന്റെ നിർബന്ധ പ്രകാരം ഇവിടെ തന്നെ നിൽക്കാൻ തീരുമാനിച്ചു. ഇപ്പോൾ ഇവരോടൊത്ത് കഴിയുമ്പോൾ മനസ്സിന് നല്ല സന്തോഷമുണ്ട്. ചേട്ടനിപ്പോൾ പരോളിൽ ഇറങ്ങിയതാണോ? "
"ആടാ... ഒരാഴ്ച കൂടിയുണ്ട്. എന്റെ തറവാട് വീട് ഇവിടെയാണെന്ന് അറിയാലോ... ഒരു പെങ്ങളുടെ കാര്യവും നിന്നോട് പറഞ്ഞിട്ടില്ലേ?"
"മ്മ്... പറഞ്ഞിട്ടുണ്ട്..."
"ആഹ്... ഞാനിപ്പോൾ നിന്നോടൊരു കാര്യം പറയാനാ വന്നത്"
മാർക്കോസ് അബിന്റെയും നിവിയുടെയും കാര്യവും കാർത്തി തന്നെ തല്ലിയതുമൊക്കെ മനോജിനോട് പറഞ്ഞു.
"ഷിന്റോച്ചായനോട് ആ കമ്മീഷണർക്ക് ദേഷ്യം കൂടാൻ വേണ്ടി തന്നെയാ അവന്റെ മോനെ കിഡ്നാപ് ചെയ്യാമെന്ന് ഞാൻ പറഞ്ഞത്. ചെറുക്കനെ അവിടെ എത്തിച്ചിട്ട് അവിടെന്ന് മുങ്ങാനായിരുന്നു എന്റെ പ്ലാൻ. പക്ഷേ, അതിനു മുൻപ് അവൻ പാഞ്ഞെത്തി. എനിക്ക് നല്ല കിട്ടുകയും ചെയ്തു. അങ്ങേരെ എന്തായാലും ജയിലിലേക്ക് കൊണ്ടുപോവുമെന്ന് അറിയാമായിരുന്നു. ദേ ഇപ്പൊ ചത്തെന്ന് കേട്ടു. കഞ്ചാവ് തലക്ക് പിടിച്ച ചെക്കനെ പോലീസുകാർ ഡി അഡിക്ഷൻ സെൻട്രലിൽ കൊണ്ടിട്ടെന്നാ ഇന്നറിയാൻ കഴിഞ്ഞത്. അവനു ഒന്നും കിട്ടാൻ പോണില്ല. പിന്നെ മേരിക്ക് സ്വത്തിനോടൊന്നും വല്യ താല്പര്യമില്ല. ആ കൊട്ടാരം പോലുള്ള വീട് അവളുടെ പേരിലാ അങ്ങേര് വാങ്ങിച്ചേക്കുന്നെ. അത് ഞാൻ വൈകാതെ എന്റെ പേരിലാക്കും. എന്റെ ശിക്ഷ കഴിയാൻ ഇനി കുറച്ചു മാസങ്ങളേ ഉള്ളു. തിരിച്ചു പോകും മുൻപ് അവന്റെ കണ്ണിൽ പെടാതെ ഇവിടുന്ന് എറണാകുളത്ത് പോകണം"
"മാർക്കോസേട്ടൻ ഇപ്പോൾ എന്നെ കാണാൻ വന്നതെന്തിനാ?"
"പറയാം... എനിക്ക് അവൻ ആ കമ്മീഷണറ്... കാർത്തി... അവനൊന്നു കരഞ്ഞു കാണണം. നിനക്കവന്റെ പെണ്ണിനെ വല്യ ഇഷ്ടമായിരുന്നല്ലോ... ഇപ്പോഴും പോയിക്കാണില്ലായിരിക്കും അല്ലേ? ഇവിടെ വന്നിട്ട് നീയവളെ കണ്ടോ?"
"ചേട്ടനെന്താ ഉദ്ദേശിച്ചതെന്ന് എനിക്ക് മനസ്സിലായില്ല"
"ടാ അതായത്... നീ ഒരുപാട് മോഹിച്ച പെണ്ണല്ലേ... നിനക്കവളെ എവിടെയാന്ന് വെച്ചാൽ ഞാനെത്തിച്ചു തരാം. എനിക്ക് കമ്പനിയുള്ള ആളുകൾ ഇപ്പോഴും ഇവിടെയുണ്ട്. വേണേൽ ഷിന്റോച്ചായന്റെ അനിയന്റെ സഹായവും നമുക്ക് കിട്ടും. അതൊക്കെ ഞാനേറ്റു. അവനും അവളെ കണ്ട് ഒരുപാട് വെള്ളമിറക്കിയിട്ടുണ്ട്. എനിക്കും അവളെയൊന്നും കാണണമെന്നുണ്ട്. നീ അന്ന് പറഞ്ഞപ്പോൾ തന്നെ അവളൊരു നല്ല ചരക്കാണെന്ന് എനിക്ക് തോന്നിയിരുന്നു"
ഇതൊക്കെ കേട്ടപ്പോൾ മനോജിന് ഭയങ്കര ദേഷ്യം വന്നു. അവന്റെ മുഖം വലിഞ്ഞു മുറുകാൻ തുടങ്ങി.
"നീയെന്താടാ ഒന്നും മിണ്ടാത്തത്?"
"എനിക്കവളെ ഒരുപാട് ഇഷ്ടമായിരുന്നു എന്നത് ശെരിയാ... അവളാൽ സ്നേഹിക്കപ്പെടാൻ ഞാനേറെ കൊതിച്ചിരുന്നു. പക്ഷേ, എന്റെ ഇഷ്ടം ശെരിയായ രീതിയിലല്ലായിരുന്നു. അവളെ സ്വന്തമാക്കാൻ എന്തുകൊണ്ടും യോഗ്യത കാർത്തിക്കു തന്നെയാണ്. ഇപ്പോഴും അവൾക്കൊരു മാറ്റവുമില്ല. അതിന് കാരണക്കാരൻ അവൻ തന്നെയാണ്. കുടുംബവും ജോലിയും രണ്ടും നന്നായി കൊണ്ടുപോകാൻ അവനറിയാം. അവളെ സ്വന്തമാക്കണമെങ്കിൽ കാർത്തിയെ കൊല്ലാൻ വരെ ഞാൻ തീരുമാനിച്ചിട്ടുണ്ട്. അതൊക്കെ ചേട്ടന് അറിയാവുന്ന കാര്യമാണല്ലോ. അവൾക്ക് വേണ്ടി വഴക്കുണ്ടാക്കിയാ ഞാനെന്റെ ജീവിതം ഇത്രയും വർഷം ജയിലിൽ കളഞ്ഞത്... എന്റെ അച്ഛനെ എനിക്ക് നഷ്ടമായത്... എന്റെ അനിന്റെ സ്നേഹം മനസ്സിലാക്കാതെ പോയത്... അവളിൽ എനിക്കാ മോഹം ഇന്നില്ല. അവനിൽ നിന്ന് തട്ടിപ്പറിക്കാനുള്ള ത്വരയും എന്നേ മാഞ്ഞുപോയിരിക്കുന്നു. ഇപ്പോൾ എന്റെ സന്തോഷം എന്റെ അനിയന്റെ ചെറിയ കുടുംബത്തോടൊപ്പം ഇവിടെ കഴിയുന്നതാ... "
"അപ്പൊ നിനക്കവളെ ഇന്ന് ഇഷ്ടമല്ലെന്നാണോ പറയുന്നേ?"
"എന്ന് ഞാൻ പറഞ്ഞില്ല. ഇഷ്ടമാണ്. പക്ഷേ, പണ്ടത്തെ ആ ഇഷ്ടമല്ല. എനിക്കവരോട് സൗഹൃദം സ്ഥാപിക്കണമെന്നുമില്ല. കാരണം, അവരത് ആഗ്രഹിക്കുന്നില്ല. എന്റെ സ്വഭാവം അത്രക്ക് നല്ലതായിരുന്നല്ലോ.. എന്നെ കൂട്ടാൻ എന്റെ അനിയനെ പറഞ്ഞു വിട്ടത് കാർത്തിയാണ്. എന്തിനെന്നറിയോ? ഞാൻ ഇനിയും ഒറ്റപ്പെടാതിരിക്കാൻ വേണ്ടി... ശിഷ്ടകാലം സന്തോഷത്തോടെ ജീവിക്കണമെന്നുണ്ട്. ചേട്ടൻ ദയവായി ഇവിടുന്നിപ്പോൾ പോണം"
"ഓ... അപ്പൊ നീ വല്യ പുണ്യാളൻ ആയി. അല്ലേടാ? സാരല്ല. നീയാകുമ്പോൾ അവന് നന്നായി കൊള്ളുമായിരുന്നു. എന്റെയടുത്ത് വേറെയും പിള്ളേരുണ്ടെടാ..."
എന്നും പറഞ്ഞ് മാർക്കോസ് തിരിഞ്ഞു നടക്കാൻ തുടങ്ങി.
"പക്ഷേ... ആ പിള്ളേരോട് ആരോടാ കളിക്കാൻ പോകുന്നതെന്ന് ഒന്നു പറഞ്ഞേക്കണേ..."
എന്ന് മനോജ് ചിരിച്ചുകൊണ്ട് പറഞ്ഞു.
അവനെ നോക്കി പല്ലിറുമ്മി കൊണ്ട് അയാൾ അവിടെ നിന്നും പോയി. മനസ്സിൽ വിചാരിച്ചത് പരാജയപ്പെട്ടതിനാൽ അടുത്ത വഴിയെന്തെന്ന് ആലോചിച്ചുകൊണ്ട് മാർക്കോസ് മെയിൻ റോഡ് ക്രോസ്സ് ചെയ്തു. സ്പീഡിൽ വരികയായിരുന്ന ലോറി അയാളെ വന്നിടിച്ചു. അവിടെ തന്നെ കിടന്നുകൊണ്ട് അയാൾ പിടഞ്ഞു മരിച്ചു.
ഇതിനകം കാർത്തി ആ നാലു പയ്യന്മാരെ അറസ്റ്റ് ചെയ്തിരുന്നു. നന്നായി ചോദ്യം ചോദിച്ചപ്പോൾ അവന്മാർ സത്യങ്ങളെല്ലാം തുറന്നു പറഞ്ഞു. ആ പെൺക്കുട്ടിയെ റേപ്പ് ചെയ്ത് കൊലപ്പെടുത്തിയത് അബിനല്ലായിരുന്നു. അവർ അവനെ അമിതമായി മദ്യം കുടിപ്പിച്ച് അവന്റെ തലയിലാക്കുകയായിരുന്നു. എങ്കിലും അബിൻ വേറെ കേസുകളിൽ പ്രതിയായിരുന്നതിനാൽ കാർത്തി ജയിലിലേക്കാക്കി. ഡ്രഗ് മാഫിയയെ പിടികൂടിയതിനും തെളിയാതെ മാസങ്ങൾ കിടന്ന കേസ് തെളിയിച്ചതിനും കാർത്തിയെ ഡിപ്പാർട്ട്മെന്റ് അനുമോദിച്ചു. സിറ്റി പോലീസ് കമ്മീഷണറിൽ നിന്നും ഇൻസ്‌പെക്ടർ ഓഫ് ജനറൽ (ഐജി)ആയി സ്ഥാനക്കയറ്റം ലഭിച്ചു.
മാസങ്ങൾ കടന്നു പോയി. നിവിയുടെയും രഞ്ജുവിന്റെയും പ്രണയം ദിനംപ്രതി കൂടിക്കൊണ്ടിരുന്നു. ചിലപ്പോഴൊക്കെ അവർ മരിയയേയും കൂട്ടി മ്യൂസിയത്തിൽ ചെന്ന് അവിടെയുള്ള പുൽത്തകിടികളിൽ ചെന്നിരിക്കാറുണ്ട്. പതിയെ മരിയക്കും ഒരാൾ കൂട്ടായി വന്നു. വേറാരുമല്ല. നമ്മുടെ അലൻ തന്നെ...
M.Sc. കഴിഞ്ഞതും ഗൾഫിലേക്ക് പോകാനായി രഞ്ജു തയാറെടുത്തു. എൻഗേജ്മെന്റ് കഴിഞ്ഞ ദിവസം ആദ്യമായി രഞ്ജു നിവിയുടെ ചുണ്ടുകൾ കവർന്നെടുത്തു. അവൻ തിരികെ വരും വരെ ഓരോ വർഷവും അവൾക്ക് ഓരോ യുഗമായി തോന്നി. ഇതിനിടയിൽ അലൻ മരിയയെ മിന്നുകെട്ടി അവന്റെ പെണ്ണാക്കി. ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തു വന്ന അബിൻ ഇപ്പോൾ നല്ലൊരു കർഷകനാണ്. മേരിയേയും അന്നയേയും നോക്കുന്നത് ഇപ്പോൾ അവനാണ്. അവന്റെ മാറ്റത്തിൽ മേരി ഒരുപാട് സന്തോഷിച്ചു.
നിവിയുടെ കല്യാണത്തലേന്ന് രാവിലെ അനുവും ഫാമിലിയും എത്തി. മരിയയും അലനും നേരത്തെ എത്തിയിരുന്നു. മരിയയും രശ്‌മിയും കൂടി നിവിയെ അപ്പോൾ ഒരുക്കുകയായിരുന്നു. രേവതി വന്ന് അനു വന്നിട്ടുണ്ടെന്ന് പറഞ്ഞു. രശ്‌മി ഉടനെ താഴേക്ക് ചെന്നു.
"നിന്റെ അനു ആന്റിയാണോ നിവി?"
"മ്മ്... അതെ"
"നമ്മുടെ പിള്ളേരുടെ കല്യാണം വരുമ്പോഴും ഇതുപോലെ നമ്മളും ഇങ്ങനെ കട്ട ചങ്ക്‌സ് ആയിരിക്കണം"
"ഓഫ്കോഴ്സ് ഡിയർ..."
"എന്നാൽ ഒരു സെൽഫിയെടുക്ക്... നീ മിസിസ്സ് ആകും മുന്നേയുള്ള നമ്മൾ തമ്മിലുള്ള ലാസ്റ്റ് സെൽഫി. ഇനി ചിലപ്പോ സമയം കിട്ടിയില്ലെന്നു വരും"
"മ്മ്... അത് ശെരിയാ..."
നിവി ഉടനെ അവളുടെ മൊബൈലിലൊരു സെൽഫി എടുത്തു.
രശ്‌മി വന്നപ്പോൾ അനു അവളുടെ രണ്ടു പിള്ളേരെ വഴക്ക് പറയുന്നതാണ് കണ്ടത്.
"എന്താ അനൂ... നീ ഇവരെ വഴക്ക് പറയുന്നേ? "
"അടങ്ങി നിൽക്കാൻ പറഞ്ഞതാടി..."
"ഡേവിഡ് എവിടെ?"
"ആള് കാറിൽ നിന്നും ലഗേജ് എടുക്കാൻ പോയതാ. പിന്നെ രെച്ചൂ... എന്റെ കൂടെ ഒരാള് കൂടി വന്നിട്ടുണ്ട് കേട്ടോ... ഒരാളല്ല. രണ്ടുപേര്... "
"അതാരാ അനു?"
"നമ്മുടെ കൂടെ പഠിച്ചത് തന്നെയാ... "
"ഏഹ്? ഞാനൊരു ഫോർമാലിറ്റിക്ക് വേണ്ടി വാട്ട്‌സപ്പ് ഗ്രൂപ്പിൽ ഇട്ടേന്നെ ഉള്ളു. അവിടെന്ന് ഇത്രയും ദൂരം ആരാ വന്നേ?"
"അതൊക്കെ വന്നു. നീ പുറത്തേക്ക് നോക്കിയേ..."
ആ ആളെ കണ്ട് രശ്മി ഞെട്ടി നിന്നു. സോനയും മകളുമായിരുന്നു അത്.
"ഹായ് രശ്‌മി... എന്നെ പ്രതീക്ഷിച്ചില്ലാലേ..."
"അ..അത്... സോന അമേരിക്കയിലായിരുന്നില്ലേ..."
അത് പറഞ്ഞപ്പോൾ സോനയുടെ മുഖം മങ്ങി.
"സീതാന്റി... ഇങ്ങ് വന്നേ... ഇത് ഞങ്ങളുടെ ഫ്രണ്ടാ... "
"വാ മോളെ... ഫുഡ് കഴിക്കാം..."
സീത വന്ന് ഉടനെ സോനയെ കൂട്ടിക്കൊണ്ടു പോയി. അവൾ തിരിഞ്ഞു നോക്കി.
"ചെല്ല് സോനേ... ഞാനിപ്പോ വരാം"
"മ്മ്..."
"ഡി രെച്ചു... അവള് നാട്ടിൽ വന്നിട്ട് കുറച്ചു മാസമായി. ഡിവോഴ്സൊക്കെ ആയി"
"അയ്യോ എന്തു പറ്റി?"
"അവനൊരു കോഴിയാ... അവിടെ അവനു വേറെ പെണ്ണുങ്ങളുമായി റിലേഷൻ ഉണ്ടായിരുന്നു. അവളറിയാൻ അല്പം വൈകിപ്പോയി. അവളെ പുറത്ത് എങ്ങോട്ടും വിടില്ല...വീട്ടിൽ തന്നെ ഇരിക്കണം... അവിടെ ആരോടും മിണ്ടാൻ പാടില്ല... മോൾക്കിപ്പോൾ പത്തു വയസ്സായി. സഹി കെട്ടപ്പോൾ അവളുടെ ഡാഡിയെ വിളിച്ചു കാര്യം പറഞ്ഞു. അവർ പിന്നെ ഇങ്ങ് വിളിച്ചിട്ട് വന്നു. തടവറയിൽ നിന്ന് രക്ഷപ്പെട്ടത് പോലെയാ ഇപ്പോ അവൾക്ക്... ഞാൻ രണ്ടു ദിവസം മുൻപ് വാട്ട്‌സപ്പിൽ അവൾ മെസ്സേജ് അയച്ചപ്പോൾ ഹസ്സിനും മോൾക്കും സുഖമാണോ എന്ന് ചോദിച്ചപ്പോൾ കുറച്ചു നേരത്തേക്ക് റിപ്ലൈ ഒന്നും ഉണ്ടായില്ല. പിന്നെ എന്നെ കാൾ ചെയ്തു. അങ്ങനെ എല്ലാം പറഞ്ഞു. നിനക്കൊരു സർപ്രൈസ് ആകട്ടെ എന്ന് അവളാ പറഞ്ഞെ"
"മ്മ്...
രശ്‌മി പിന്നെ സോനയോട് ഒന്നും ചോദിക്കാൻ പോയില്ല. ഹൽദിയും മെഹന്ദിയിടലുമൊക്കെയായി ആ ദിവസം കടന്നു പോയി.
കീർത്തിയുടെ കല്യാണം നടത്തിയത് പോലെ വീട്ടുമുറ്റത്ത് വെച്ചായിരുന്നു നിവിയുടെയും കല്യാണം നടത്താൻ അവരെല്ലാവരും തീരുമാനിച്ചത്. വെഡിങ് റിസപ്ഷൻ സിറ്റിയിലെ ഒരു വലിയ ഹോട്ടലിൽ വെച്ച് നടത്താൻ കാർത്തിയും രാജീവും കൂടി പ്ലാൻ ചെയ്തു. ചുവന്ന പട്ടുറോസാപ്പൂവിന്റെ നിറമുള്ള ബ്ലൗസും ചന്ദന നിറത്തിലുള്ള പട്ടുസാരിയാണ് വിവാഹവേഷം. അതേ കോമ്പിനേഷൻ വരുന്ന സാരി തന്നെ രശ്മിയും കീർത്തിയും ഉടുത്തിരിക്കുന്നത്. കാർത്തിയും രാജീവും പിന്നെ നിക്കുവും നീരജും അതേ റെഡ് കളർ സിൽക്ക് ഷർട്ടും മുണ്ടും... പിന്നെ രേവതിയും സീതയും റെഡ് ബ്ലൗസും സെറ്റ് സാരിയുമായിരുന്നു...
നിവിയുടെ ക്ലാസ്സ്‌മേറ്റ്സും പിന്നെ കിരണും മെൽവിനും രാവിലെ തന്നെ എത്തിയിരുന്നു. അവരുടെയൊപ്പം നിന്ന് നിവി സെൽഫി എടുത്തു. കാർത്തിക്കും രശ്മിക്കും നിക്കുവിന്റെയൊപ്പം സെൽഫി എടുക്കാനും അവൾ മറന്നില്ല. പിന്നെ നിവിയെ അനുഗ്രഹിക്കാനായി മണികണ്ഠന്റെയൊപ്പം മനോജും എത്തിയിരുന്നു. അവനെ കണ്ട് സോന ഞെട്ടി നിന്നു. കാർത്തിയും മനോജും ബന്ധുക്കളാണെന്ന് അനു പറഞ്ഞു കൊടുത്തു. രഞ്ജു നിവിയുടെ കഴുത്തിൽ താലി കെട്ടിക്കഴിഞ്ഞപ്പോൾ നിവി സന്തോഷം കൊണ്ട് കരയാൻ തുടങ്ങി. രഞ്ജു അവളെ ആശ്വസിപ്പിച്ചു. അത് കണ്ട് കാർത്തിക്കും രശ്‌മിക്കും അവരുടെ വിവാഹദിനം ഓർമ വന്നു. അവരുടെയും കണ്ണുകൾ നിറഞ്ഞു. അവർ രണ്ടാളും അവരെ അനുഗ്രഹിച്ചു. നിക്കുവും നീരജും വലിയ സന്തോഷത്തിലാണ്. പക്ഷേ, നിവി ഇവിടെ നിന്നും പോകുന്നതിന്റെ വിഷമം നിക്കുവിന് ഉണ്ടായിരുന്നു.
സദ്യ ഉണ്ണാൻ നേരത്താണ് മനോജ് സോനയുടെ മകളെ കളിപ്പിക്കുന്നത് അനു കണ്ടത്. കൂടെ ചിരിച്ചുകൊണ്ട് സോനയും നിൽക്കുന്നുണ്ട്. അവളുടനെ ആ കാഴ്ച തിരക്കിനിടയിൽ നിന്ന രശ്മിക്ക് കാണിച്ചു കൊടുത്തു.
"രെച്ചു... ഇങ്ങേരുടെ പഴയ കാര്യങ്ങൾ വല്ലതും നിവിക്ക് അറിയോ?"
"ഇല്ലാ..."
"ആഹ്... പറയണ്ടാ... ഇപ്പോൾ മാറ്റമുണ്ടെന്ന് തോന്നുന്നല്ലോ..."
"മ്മ്..."
"എനിക്ക് വേറൊന്നും കൂടി തോന്നുന്നുണ്ട്..."
"എന്ത്?"
"അവിടെ പുതിയൊരു ജീവൻ പൊട്ടിമുളക്കാൻ പോകുന്നു... എന്നൊരു തോന്നൽ..."
"ജീവനോ?"
"ആഹ്... വേണമെങ്കിൽ അവർക്ക് തമ്മിൽ ഒരു ജീവിതമാകാമല്ലോ..."
"ഇത് നീ ചെന്ന് അയാളോട് പറയ്"
"അയ്യോ... എനിക്ക് പേടിയാ ഇപ്പോഴും... ഈ..."
രശ്മി ചിരിച്ചുകൊണ്ട് അവിടെ നിന്നും പോകാനൊരുങ്ങി.
"ഡി... നിനക്കിപ്പോൾ പേടിയൊന്നുമില്ലേ?"
"ഞാനെന്തിന് പേടിക്കണം? നീ ദേ അവിടെ നിൽക്കുന്ന ആളെ കണ്ടോ?"
"ഏത് ആള്?"
എന്നു ചോദിച്ചുകൊണ്ട് അനു നോക്കിയപ്പോൾ കണ്ടത് രാജീവുമായി സംസാരിച്ചു നിൽക്കുന്ന കാർത്തിയെയാണ്.
"ഇത് നമ്മുടെ കാർത്തിയല്ലേ..."
"ഡി..."
" സോറി... നിന്റെ ഏട്ടൻ... നമ്മുടെ ഐജി സാറ്..."
അനു ചിരിച്ചുകൊണ്ട് പറഞ്ഞു.
*****❤️*****
രഞ്ജുവിന്റെ വീട്ടിൽ അവന്റെ ഭാര്യയായി നിലവിളക്കും പിടിച്ച് വലതു കാൽ വെച്ചു കയറിച്ചെന്നപ്പോൾ തന്റെ പ്രണയം സാക്ഷാത്കാരിച്ചതിന്റെ സന്തോഷം നിവിക്ക് പറഞ്ഞറിയാക്കാവുന്നതിലും അപ്പുറമായിരുന്നു.
"ഏട്ടത്തിയമ്മേ... ഇനി ധൈര്യമായിട്ട് ഏട്ടന്റെ മുറിയിലേക്ക് കയറിച്ചെല്ലാം കേട്ടോ..."
നീരജ് കളിയാക്കിയപ്പോഴാണ് താൻ രഞ്ജുവിന്റെ മുറിയിൽ കയറിയിട്ട് വർഷങ്ങളായല്ലോ എന്ന് അവൾ പുഞ്ചിരിയോടെ ഓർത്തത്.
മുറിയിലേക്ക് ചെന്നപ്പോൾ അവിടെയാകെ അവരുടെ ഫോട്ടോഗ്രാഫ്സായിരുന്നു. നിവി അത് നോക്കി കൊണ്ടു നിൽക്കെ രഞ്ജു പിന്നിലൂടെ വന്ന് കെട്ടിപ്പിടിച്ചു.
"ഇഷ്ടായോ?"
അവൻ അവളുടെ കഴുത്തിൽ മുഖമുരസിക്കൊണ്ട് ചോദിച്ചു. അതിനു മറുപടിയായി നിവി തിരിഞ്ഞു നിന്നുകൊണ്ട് അവന്റെ നെറ്റിയിൽ ചുണ്ടുകൾ ചേർത്തു. ചിരിച്ചുകൊണ്ട് രഞ്ജു അവളുടെ കവിളുകൾ രണ്ടിലും ഉമ്മ കൊടുത്തു.
"ഒത്തിരി ഇഷ്ടമായി രഞ്ജുവേട്ടാ... ഇതുപോലെ അച്ഛന്റെ റൂമിലും ഞാൻ കണ്ടിട്ടുണ്ട്"
"അതെയോ... മ്മ്..."
അപ്പോഴേക്കും കീർത്തി വന്ന് വാതിലിൽ തട്ടി. നിവിയെ വൈകുന്നേരത്തെ ഫങ്ക്ഷനിൽ ഒരുക്കാൻ ബ്യൂട്ടിഷ്യനുമായി എത്തിയതാണ്. ലൈറ്റ് വയലറ്റ് കളർ ഗൗൺ ആയിരുന്നു രഞ്ജു നിവിക്കായി വാങ്ങി വെച്ചത്. അതിന് മാച്ച് ആയി പാന്റ്സും സ്യൂട്സും അവൻ എടുത്തിരുന്നു.
"NIRANJAN weds NIVI. ഇവന്റെ പേര് ഒന്നാം ക്ലാസ്സിൽ വെച്ച് രഞ്ജിത് എന്നു മാറ്റി നിരഞ്ജൻ എന്നാക്കിയത് കൊണ്ട് മാച്ച് ആയി. അല്ലേ രാജീവേട്ടാ?"
നിവിയും രഞ്ജുവും കൂടി സെൽഫി എടുക്കുന്നത് കണ്ടപ്പോൾ കീർത്തി പറഞ്ഞു.
"അത് നീ അവര് നിവി എന്നു പേരിട്ടപ്പോൾ മാറ്റിയതല്ലേ?"
"അതെ. ഇവരിങ്ങനെ നല്ല ജോഡിയായി നിൽക്കുമ്പോൾ പേരും നല്ല മാച്ച് വേണ്ടേ? ഞാൻ ഇതെല്ലാം നേരത്തെ കൂട്ടി ചിന്തിച്ചതാ. എങ്ങനെയുണ്ട് എന്റെ ബുദ്ധി? "
"സൂപ്പറാണ് ഭാര്യേ..."
രാജീവ് കീർത്തിയുടെ തോളിൽ തട്ടിക്കൊണ്ട് പറഞ്ഞു.
റിസപ്ഷനിൽ കൂടുതലും പങ്കെടുത്തത് പോലീസ് ഡിപ്പാർട്ട്മെന്റിലെ ആളുകളായിരുന്നു. ബ്ലൂ കളർ ഷർട്ടും ബ്ലാക്ക് ജീൻസുമാണ് കാർത്തിയുടെ വേഷം. അതിനു മാച്ച് ആയി രശ്മി ഒരു ബ്ലൂ കളർ സാരി ഉടുത്തു. നിക്കുവും നീരജും പിന്നെ അനുവിന്റെ കുട്ടികളടെ വകയായി ഡാൻസൊക്കെ ഉണ്ടായിരുന്നു. പതിയെ രഞ്ജുവും നിവിയും അതിൽ ജോയിൻ ചെയ്തു. റിസപ്ഷൻ കഴിഞ്ഞപ്പോൾ കാർത്തിയും രശ്മിയും രാജീവിന്റെ വീട്ടിൽ നിൽക്കാതെ അവരുടെ വീട്ടിലേക്കാണ് പോയത്. രാത്രിയിൽ കുടിക്കാനായി രശ്മി ജഗ്ഗിൽ വെള്ളമെടുത്ത് കൊണ്ടു വന്നപ്പോൾ കാർത്തി റൂമിൽ ഇല്ലായിരുന്നു. അവൾ നേരെ ബാൽക്കണിയിലേക്ക് ചെന്നു. അവനവിടെ നിൽപ്പുണ്ടായിരുന്നു.
"ഏട്ടൻ ഇവിടെ ആലോചിച്ചു നിൽക്കുവാണോ? നമ്മുടെ നിവിയുടെ കല്യാണം കഴിഞ്ഞെന്ന് എനിക്ക് വിശ്വസിക്കാനാകുന്നില്ല. അല്ലേ?"
"അതെ...ഞാനിന്ന് നല്ല ഹാപ്പിയാണ്. നിവിയുടെ മുഖം നോക്കുംതോറും മനസ്സിന് നല്ല സന്തോഷമായിരുന്നു. അവളുടെ ആഗ്രഹം സാധിച്ചു കൊടുത്തതിന്റെ സന്തോഷം"
"എന്നെ പോലെ നല്ലൊരു ലൈഫ് അവൾക്കും കിട്ടിയല്ലോ... പിന്നെ ഏട്ടാ... ഇപ്പോഴൊരു കാര്യം ചോദിച്ചാൽ ദേഷ്യപ്പെടുമോ?"
"ഇന്ന് ഏതായാലും ഇല്ലാ. നീ ചോദിക്ക്"
"അതേ... എന്നെ ഏട്ടന് എന്തുമാത്രം ഇഷ്ടാണ്?"
"എന്റെ രെച്ചു... ഇത്രയും വർഷമായിട്ടും നീ ഈ ചോദ്യം വിട്ടില്ലേ?"
"പ്ലീസ്..."
കാർത്തി ചിരിച്ചുകൊണ്ട് രശ്മിയുടെ പുറകിൽ വന്ന് നിന്നു. എന്നിട്ടവളെ ചേർത്ത് പിടിച്ചു.
"എന്തുമാത്രം എന്ന് പറയാൻ ഞാൻ നിന്നെയൊരു അളവ് വെച്ചിട്ടല്ല രെച്ചു സ്നേഹിക്കുന്നെ..."
"സോറി ഏട്ടാ... ഞാനങ്ങനെ ഉദ്ദേശിച്ചില്ല. നീ അന്നെന്നോട് പറഞ്ഞില്ലേ... അതേ എനിക്കും നിന്നോട് തിരിച്ചു പറയാനുള്ളു"
"എന്ത്?!"
"എൻ ജീവൻ നീ താനെ എൻ പൊണ്ടാട്ടി..."
കാർത്തി അവളുടെ തലയിൽ തല മുട്ടിച്ചുകൊണ്ടു പറഞ്ഞു. രശ്‌മി ചിരിച്ചുകൊണ്ട് അവളുടെ വലതു കയ്യാൽ അവന്റെ മുഖം തന്റെ മുഖവുമായി ചേർത്ത് വെച്ചു.
ഈ സമയം നിവിയും രഞ്ജുവും അവർ ഒരുമിച്ചുള്ള പുതിയൊരു ജീവിതത്തിലേക്ക് പ്രയാണം തുടങ്ങുകയായിരുന്നു...
ശുഭം❣️
[ഇന്നൊരു ദിവസം കൊണ്ട് എഴുതി തീർത്തതാ😇. വീണ്ടും സെക്കന്റ് പാർട്ട് തുടങ്ങാൻ കാരണം തന്നെ കാർത്തിയെയും രശ്മിയെയും കുറിച്ച് എഴുതാനുള്ള ആഗ്രഹം കൊണ്ടായിരുന്നു. പിന്നെ, ആദ്യഭാഗത്തിന് പൂർണമായൊരു എൻഡിംഗ് ഞാൻ കൊടുത്തിരുന്നില്ല. അപ്പോൾ ഇതിലൂടെ ശുഭമാക്കാമെന്ന് വെച്ചു. സപ്പോർട്ട് കുറവാണെന്ന് കണ്ടപ്പോൾ എഴുതാനുള്ള മൂഡ് ഇടക്ക് പോകുമായിരുന്നു. എന്നാലും തുടക്കം മുതൽ സപ്പോർട്ട് ചെയ്യുന്ന കുറച്ചു പേരുണ്ട്. അവരോട് ഒത്തിരി ഒത്തിരി സ്നേഹം❤️❤️❤️❤️❤️❤️❤️❤️. കൂടുതൽ പാർട്ട്‌സ് എഴുതി ഇത് വലിച്ചു നീട്ടേണ്ട കാര്യമില്ലെന്ന് തോന്നി. അതാട്ടോ പെട്ടന്ന് അവസാനിപ്പിച്ചേ...
കാർത്തി- രശ്‌മി ഇവരുടെ ലൈഫ് തന്നെയാണ് എൻ ജീവൻ❤️ സ്റ്റോറി. അവർക്കൊപ്പം നിവിയും രഞ്ജുവും വന്നെന്നേ ഉള്ളു. കാർത്തി- രശ്‌മി റൊമാൻസിനേക്കാൾ കൂടുതൽ അവർക്ക് കൊടുക്കാൻ എന്റെ മനസ്സ് അനുവദിച്ചിരുന്നില്ല😬. എന്റെ ജീവനായ കാർത്തിയെ നിങ്ങളെപ്പോലെ ഞാനും ഇനി മിസ്സ് ചെയ്യും😑. നിങ്ങളുടെ അഭിപ്രായം എന്തായാലും എഴുതാം കേട്ടോ...
ഇനി എപ്പോഴെങ്കിലും കാണാം👋
എന്ന് സ്നേഹത്തോടെ ഗ്രീഷ്മ💓
കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....