കലിപ്പൻ& കലിപ്പത്തി, ഭാഗം: 39

Valappottukal
കലിപ്പൻ& കലിപ്പത്തി, ഭാഗം: 39


അവൻ അവളെയും നോക്കി വണ്ടർ അടിച്ചു നിൽക്കുമ്പോഴാണ്, അവൾ തല പൊക്കി അവനെ നോക്കുന്നത്.

അവളുടെ മൊത്തത്തിൽ ഉള്ള ലൂക്കും, കിളി പോയ പോലുള്ള ഭാവവും കണ്ടു അവനു ചിരി വന്നു. പക്ഷെ ഒരു കണക്കിന് ചിരി പിടിച്ചു വച്ച്, അവൻ കുറച്ചു കലിപ്പിന്റെ expression തന്നെ എടുത്തു മുഖത്തണിഞ്ഞു.

ഇത് കണ്ട റിഷബും അത് തന്നെ ചെയ്തു.

അവർ ഈ expression ഒക്കെ ഇട്ടു നിന്നിട്ടും, ലവൾ ഇപ്പോഴും സിദ്ധുവിനെ നോക്കി മിഴിച്ചു നിൽപ്പുണ്ട്.

അവര് തമ്മിൽ നോക്കി.

"ഇത് എന്തോന്നെടേയ്" എന്നുള്ള ഭാവം ആണ് ഋഷഭിന്റെ മുഖത്തു.

പെട്ടന്ന് റിലേ കിട്ടിയത് പോലെ, അവൾ അവരെ നോക്കി രണ്ടു പേർക്കും ഓരോ ഹലോ വീതം പറഞ്ഞു... അവര് കലിപ്പ് ലുക്കിൽ നിന്ന് ഒരടി അങ്ങോട്ടോ ഇങ്ങോട്ടോ മാറിയിട്ടില്ല.

ആദ്യം തന്നെ താഴ്ന്നു കൊടുത്താൽ, അവൾക്കു അഹങ്കാരം ആയാലോ! അല്ലെങ്കിലേ അല്പം പിടിവാശിക്കാരി ആണെന്ന് അന്ന് മാളിൽ വച്ച് കണ്ടപ്പോഴേ തോന്നിയതാ... അത് കൊണ്ട് ജാഡ വിട്ടു പിടിക്കേണ്ട എന്ന് അവൻ തീരുമാനിച്ചു. കണ്ണുകൊണ്ടു റിഷബിനും മെസ്സേജ് കൊടുത്തു.

കലിപ്പിൽ തന്നെ ഒരു "എന്താ" അങ്ങ് കാച്ചി.

അപ്പൊ അവൾക്ക് അവരുടെ സുഖ വിവരം അറിയണം.

എന്തൊക്കെയോ പിന്നെയും ഒരു ബന്ധവും ഇല്ലാത്തതു പോലെ അവൾ പറഞ്ഞുകൊണ്ട് നിന്നു...

അവസാനം ഒന്ന് ലൈറ്റ് ആയി കുടഞ്ഞപ്പോ, അവൾ കാര്യത്തിലേക്കു വന്നു.

അവളുടെ ഫ്രണ്ടിന് വേണ്ടി ഇഷ്ടം പറയാൻ വന്നതാണ് പോലും!

അത് കേട്ടപ്പോ, അത്യാവശ്യം നന്നായി തന്നെ സിദ്ദുവിന് ദേഷ്യം വന്നു! അല്ലെങ്കിൽ, നിങ്ങൾ തന്നെ പറ... ഇത്ര വർഷമായി ഒന്ന് കാണാൻ കൊതിച്ചു നടന്ന പെണ്ണ് വന്നു, അവളുടെ ഫ്രണ്ടിന് വേണ്ടി പ്രൊപ്പോസ് ചെയ്‌താൽ എങ്ങനെ ഉണ്ടാവും അവസ്ഥ!!!

അവൾ അത് പറഞ്ഞതും, ഋഷഭിന്റെ വക ആക്കി ഉള്ള ഒരു നോട്ടം വേറെ.

ആ കലിപ്പിൽ ആണ്, അവളെ വീണ്ടും ചൊറിഞ്ഞത്... അവളുടെ നോട്ടവും ഭാവവും സംസാരവും ഒക്കെ കാണുമ്പോ, സത്യം പറഞ്ഞാൽ ചിരി ആണ് വരുന്നത്... ഭയങ്കര ഇന്നസ്ന്റ് ആണ് അവളുടെ മറുപടി പലതും. പക്ഷെ ഇടയ്ക്കുള്ള നോട്ടം കണ്ടാൽ അറിയാം, അവള് മനസ്സിൽ പച്ചയ്ക്കു തന്നെ നല്ല തെറി വിളിക്കുന്നുണ്ടെന്നു!

എന്നാ പിന്നെ അവളുടെ ഫ്രണ്ടിനെ വിരട്ടി, ആ കുരിശു ഒഴിവാക്കി വിടാം എന്ന് കരുതി ആണ്, അവളെ അടുത്തേക്ക് വിളിച്ചത്.

അപ്പൊ ഗഥാ നായിക സ്കൂട്ട് ആവാൻ നോക്കുന്നു. ബാഗിൽ പിടിച്ചു വലിച്ചു അടുത്തേക്ക് നിർത്തി!

അവൾ ഫ്രണ്ടിനെ കണ്ണൊക്കെ കാണിച്ചു വേഗം അടുത്തേക്ക് വരാൻ പറഞ്ഞു കണ്ണുരുട്ടുന്നുണ്ട്!

അവളുടെ ഫ്രണ്ട്... നിതാര... അതിനെ വിരട്ടേണ്ടിയെ വന്നില്ല. .. അതിനു മുന്നേ അവൾ സിദ്ധുവിനെ പിടിച്ചു ആങ്ങള ആക്കി.

അപ്പൊ പാറുവിന്റെ മുഖം കാണണം ആയിരുന്നു!

ഋഷി ഇടയ്ക്കു അവർ കാണാതെ തിരിഞ്ഞൊക്കെ നിന്ന് ചിരിക്കുന്നുണ്ട്.

സിദ്ധുവിന്റെ കണ്ണുകൾ രണ്ടും പക്ഷെ മിക്കിയെ വിട്ടു വരാൻ കൂട്ടക്കുന്നുണ്ടായിരുന്നില്ല. അവളുടെ ഓരോ ഭാവവും ആസ്വദിച്ചു അവൻ നിന്നു...

vഅവളുടെ ഫ്രണ്ട് കാലു മാറിയതും, അവൾക്കു ദേഷ്യം വന്നു തുടങ്ങി. അപ്പോ, അവളുടെ ചുണ്ടു ചെറുതായി വിറച്ചു.

അത് കണ്ടിട്ട് ഉണ്ടായ കൗതുകം ആണ്, അന്ന് ആ ലഹളയ്ക്ക് കാരണം.

അവൻ അവളെ ദേഷ്യം പിടിപ്പിക്കാൻ നോക്കിയത്, നല്ല രീതിയിൽ തന്നെ വിജയിച്ചു. അതിന്റെ ഫസ്റ്റ് prize ആയി, അവനു വേണ്ടി ഒരു ഒന്നൊന്നര സ്പീച് തന്നെ അവൾ അവിടെ പ്രെസെന്റ് ചെയ്തു.

അവളെ കണ്ടിട്ടാണ് ആദ്യം സിദ്ധാർത്ഥിന്റെ കിളി പോയത് എങ്കിൽ, ഇപ്പൊ പോയത് അവളുടെ സംസാരം കേട്ടിട്ടാണ്.

പക്കാ ലോക്കൽ!

റിഷബും വായും പൊളിച്ചു നിൽപ്പുണ്ട്... അവൻ മാത്രം അല്ല കേട്ടോ, അവൾ അവന്റെ അടുത്ത് വന്നു, എന്തൊക്കെയോ കാര്യമായി സംസാരിക്കുന്നതു കണ്ടു, കാര്യം അറിയാതെ, വലിയ സന്തോഷത്തിൽ സിദ്ധുവിന്റെ പാറുവിനെ പരിചയപ്പെടാനായി വന്ന ഓടി ചാടി വന്ന ജഗത്തും, നല്ല കിടിലൻ രണ്ടു പെൺപിള്ളേർ അവരുടെ ക്ലാസ്സിലെ പയ്യനും ആയി സംസാരിക്കുന്നതു കണ്ടു, കൗതുകം കൂടിയ വേറെ കുറച്ചു ക്ലാസ് മേറ്റ്സ്ഉം ഞെട്ടി പണ്ടാരം അടങ്ങി!

ഒന്നും പോരാത്തതിന്, കലാശകോട്ടായി, സിദ്ധുവിന്റെ കയ്യിൽ ഒരു കടിയും കൂടെ അവൾ കൊടുത്തിട്ടു, രംഗം വിട്ടു!

സിദ്ധാർഥ് ആകെ പകച്ചു നിൽക്കുകയായിരുന്നു... സ്വപ്നങ്ങളിലെ മാലാഖ ആണ്, ഇപ്പൊ രണ്ടു കിലോ നെയ്‌മീൻ 50 രൂപയ്ക്കു കൊടുക്കുവോ എന്ന് ചോദിച്ച കസ്റ്റമേറോട്, മീന്കാരി സംസാരിക്കുന്നതു പോലെ സംസാരിച്ചിട്ട് പോയത്.

അവൻ ആകെ ഞെട്ടി നിൽക്കുമ്പോഴാണ്, അവന്റെ കൂടെ ഉള്ളവർ എന്താ ഏതാ എന്നൊക്ക ചോദിച്ചു വന്നത്... അവര്ക്ക് മറുപടി കൊടുക്കാൻ വയ്യാത്തത് കൊണ്ട്, അവൻ അപ്പൊ തന്നെ വണ്ടിയും എടുത്തു പോയി.

അവന്റെ പുറകെ റിഷബും ജഗത്തും...

പോവുന്ന വഴി ഒക്കെ സിദ്ധാർത്ഥിന്, അവളെ കുറിച്ച് ആലോചിച്ചു ചിരി വരുന്നുണ്ടായിരുന്നു. അവൻ നേരെ വണ്ടി ചെകുത്താൻ കോട്ടയ്ക്കാണ് വിട്ടത്!

വീട്ടിൽ ചെന്ന് അവൻ നേരെ കട്ടിലിലേക്ക് മറിഞ്ഞു! കണ്ണടയ്ക്കുമ്പോഴൊക്കെ അവളുടെ ദേഷ്യം കൊണ്ട് നിറഞ്ഞ മുഖം ആണ് മനസ്സ് നിറയെ! അവൻ അവൾ കടിച്ച അവന്റെ കയ്യിലേക്ക് നോക്കി. ചെറിയ ഒരു പാട് ഇപ്പോഴും ഉണ്ട്.

അവൻ ആ പാടിൽ ചുംബിച്ചു കൊണ്ട്, മലർന്നു കിടന്നു.

ഇതും കണ്ടു കൊണ്ടാണ് ഋഷിയും ജഗ്ഗുവും റൂമിലേക്ക് വന്നത്.

"ഓഹോ! കാമുകൻ ഇവിടെ ഇങ്ങനെ മലർന്നു കിടന്നു സ്വപ്നം കാണാൻ ആണോ, വണ്ടീമ് പറപ്പിച്ചു പോന്നേ!"

ഋഷി ആണ്. ..

"ഇവന്റെ പോക്ക് കണ്ടപ്പോ ഞാൻ വിചാരിച്ചതു, ഇന്ന് ഇവൻ അവളെ കൊല്ലും ന്നാ! ഇതൊരുമാതിരി!"

ജഗ്ഗുവിനും കട്ട പുച്ഛം...

സിദ്ധാർത്ഥിന് എല്ലാത്തിനും മറുപടി ഒരു പുഞ്ചിരി ആയിരുന്നു. അവൻ കട്ടിലിൽ തന്നെ എഴുന്നേറ്റിരുന്നു.

"എന്റെ സിദ്ധു! നിന്റെ സെലെക്ഷൻ എന്തായാലും അപാരം! തെറ്റ് പറയരുതല്ലോ... അവള് കാണാൻ ലുക്ക് ആണെങ്കിലും, നാക്കു നല്ല തറ ആണ്. അവളുടെ ഡയലോഗ് കേട്ട് പറന്നു പോയ എന്റെ കിളിക്കുഞ്ഞുങ്ങളിൽ പലതും ഇപ്പോഴും തിരിച്ചുള്ള വഴി അറിയാതെ എവിടെ ഒക്കെയോ കറങ്ങി നടപ്പുണ്ട്! ആ മൊതലിനെ മേയ്ക്കാൻ നീ കുറച്ചു പാട് പെടും!"

"അങ്ങനെ തന്നെ ആണ് എനിക്കെന്റെ പെണ്ണിനെ വേണ്ടത്! അവൾ ദേഷ്യപ്പെടുമ്പോ, അവളുടെ ചുണ്ടു വിറയ്ക്കുന്നു കണ്ടോ? എന്റെ പൊന്നു ഋഷി! എനിക്കതു കാണുമ്പോ എന്തൊക്കെയാ തോന്നുന്നേ എന്ന് എനിക്ക് തന്നെ അറിയില്ല!"

"പൊന്നളിയാ... നിനക്ക് ഇത് ഒരുമാതിരി അസ്ഥിക്ക് കേറി പിടിച്ചിട്ടുണ്ട്... അവളുടെ സംസാരം കേട്ടപ്പോ, ഞാൻ കരുതിയത്, നീ അപ്പൊ തന്നെ കാര്യങ്ങൾ സുല്ലിട്ടു നിർത്തിക്കാണും എന്നാണു."

"ഹാഹാ! അങ്ങനെ ഒന്നും സുല്ലിടുന്നവൻ അല്ല ഈ സിദ്ധാർഥ്... അവളെ എനിക്ക് തന്നെ വേണം... അതിനു മുന്നേ അവളുടെ റേഞ്ച് ഒന്ന് അറിയണം... ഒന്ന് prepared ആയി ഇരിക്കാൻ വേണ്ടി മാത്രം. അവളുടെ ഇന്നത്തെ ഭാവം കണ്ടാൽ അറിയാം! അവൾ ഇതുക്കും മേലെ ആണെന്ന്... സമയം ഉണ്ടല്ലോ... നമുക്ക് കണ്ടു പിടിക്കാം."

"നീ അപ്പൊ ഇനിയും അവളുടെ വായിലിരിക്കുന്നതു കേൾക്കാൻ പോകുവാണോ?"

"യെസ്!!!" എന്താ ഒരു ഉറപ്പു അതിനു!

"എനിക്കറിയാൻ വയ്യാത്തത് കൊണ്ട് ചോദിക്കുവാ... വേറെ ഒന്നും വിചാരിക്കണ്ട...." ഋഷി സിദ്ധുവിന്റെ കൈ എടുത്തു പിടിച്ചു..." നിന്റെ വല്ല തലയ്ക്കടിയും കിട്ടിയോ?" അവൻ ആ പിടിച്ചിരുന്ന കൈ വലിച്ചെറിഞ്ഞിട്ടു ബാക്കി പറഞ്ഞു ..." അല്ല പിന്നെ. .. മനുഷ്യന്മാര് ചെയ്യുന്ന പണി വല്ലതും ആണോ നെ ഈ പറയുന്നത്... അല്ലെങ്കിലേ അതിന്റെ ഇന്നത്തെ സംസാരം കേട്ടിട്ട് തന്നെ, സ്വയ രക്ഷയ്ക്ക് കുങ് ഫു പഠിക്കണോ, കരാട്ടെ പഠിക്കണോ അതോ നാടൻ തെറി മതിയാകുവോ എന്ന് ആലോചിക്കുവാ ഞാൻ. അപ്പോഴാണ് അവൻ പിന്നേം അതിനെ ചൊറിയാൻ പോവുന്നത്!!! നിനക്ക് പ്രാന്താടാ പന്നി!"

ഇതൊന്നും കേട്ടിട്ട് സിദ്ദുവിന് ഒരു കുലുക്കവും ഇല്ല.

അവനോടു പറഞ്ഞിട്ട് കാര്യം ഇല്ല എന്ന് അറിയാവുന്നതു കൊണ്ട്, ഋഷിയും ജഗത്തും പിന്നെ ഒന്നും പറയാൻ പോയില്ല.

eവീണ്ടും ഹോസ്റ്റലിൽ ഉള്ള ഫ്രണ്ട് വഴി കാർത്തിക്കിനോട് അന്വേഷിച്ചപ്പോ, ഇനി തിങ്കളാഴ്ചയെ ക്ലാസ് ഉള്ളു എന്ന് അറിഞ്ഞു.

അവളെ കാണാഞ്ഞിട്ട് ആകെ ഒരു ഇരിക്കപ്പൊറുതി ആയിരുന്നു സിദ്ധാർത്ഥിന്. എങ്ങനെ ഒക്കെയോ ആ സൺ‌ഡേയും , monday വൈകുന്നേരംവരെയും കഴിച്ചു കൂട്ടി.

തിങ്കളാഴ്ച്ച ട്യൂഷനും കഴിഞ്ഞു ഇറങ്ങി വരുന്ന മിക്കിയെ കണ്ടപ്പോൾ, സിദ്ധാർത്ഥിന് ജീവൻ തിരിച്ചു കിട്ടിയത് പോലെ ആയിരുന്നു. പക്ഷെ അവൾ അവനെ മൈൻഡ് ചെയ്യുന്നുണ്ടായിരുന്നില്ല. അവൾ അവളുടെ ലോകത്തു , അവളുടെ ഫ്രണ്ട്സും ആയി കഥയും പറഞ്ഞു, കത്തിയും വച്ച് പോവാൻ തുടങ്ങുന്നത് കണ്ടു, അവൻ അവന്റെ കൂടെ ഉള്ള ഒരുത്തനോട് അവളെ ബ്രോക്കറെ എന്ന് വിളിക്കാൻ പറഞ്ഞു.

നല്ല അനുസരണ ആണ് അവനു... അങ്ങനെ തന്നെ വിളിച്ചു... നല്ല ഉറക്കെ തന്നെ...

അവൾ ഒന്ന് നോക്കിയതല്ലാതെ ഒന്നും ചെയ്തില്ല.

സിദ്ധാർഥ് വീണ്ടും അവന്റെ കൂടെ ഉള്ളവനെ നോക്കി. അതിനു കാത്തിരുന്നത് പോലെ, അവൻ പിന്നേം അവളെ വിളിച്ചു.

അവളുടെ മുഖ ഭാവം മാറുന്നത് അവൻ കണ്ടു. ദേഷ്യം കടിച്ചു പിടിച്ചു, വീണ്ടും പോവാൻ തുടങ്ങി.

അവിടെ എന്താ സംഭവിക്കുന്നതു എന്നല്ലാതെ, എന്തിനാ അങ്ങനെ ഒക്കെ സംഭവിക്കുന്നതു എന്ന് വല്യ ധാരണ ഒന്നും ഇല്ലാത്ത ആ ബ്രോക്കറെ എന്ന് വിളിച്ചവൻ, പിന്നെ സിദ്ധാർത്ഥിന്റെ വാക്കിനായി വെയിറ്റ് ചെയ്യാനൊന്നും പോയില്ല... അടുത്ത ഡയലോഗ് അങ്ങ് കാച്ചി,"ബ്രോക്കറെ. .. പോവല്ലേ. .. നല്ല പെണ്ണുങ്ങൾ ഉണ്ടോ കസ്റ്റഡിയിൽ. ... നല്ല കമ്മീഷൻ തരാം!"

ആ ഒരൊറ്റ കാര്യം കേട്ടതും, സൈക്ലിന്ന് ചാടി ഇറങ്ങി, അവളുടെ ഒരു വരവുണ്ടായിരുന്നു... എന്റെ സാറേ! റൗഡി ബേബിയുടെ ആ വരവിൽ, നമ്മടെ ചെക്കൻ ഫുൾ ഫ്ലാറ്റ്...

പക്ഷെ അവളുടെ വാ തുറന്നതും അവനും അവന്റെ ഫ്രണ്ട്സും മാത്രം അല്ല, അവളുടെ ഫ്രണ്ട്‌സ് വരെ വിജ്രംഭിച്ചു പോയി!

"ആരുടെ അപ്പനെ കെട്ടിക്കാനാടാ നിനക്കൊക്കെ പെണ്ണിനെ വേണ്ടത്? ആർക്കാടാ? പറയാൻ!"

വൗ! ഒരോറ്റൊരെണ്ണതിന്റെ തലയിൽ കിളികൾ ഇല്ല.

സിദ്ധാർത്ഥിനു വേണ്ടി ഡയലോഗ് ഡെലിവറി നടത്തിയ ചെറുക്കൻ, അന്തം വിട്ടു സിദ്ധുവിനെ ഒന്ന് നോക്കി.

"ഇവള് വെറും തറ അല്ലടാ... കൂതറ ആണ്!" ഋഷി ശബ്ദം അടക്കി,സിദ്ധുവിനും ജഗ്ഗുവിനും കേൾക്കാൻ പാകത്തിൽ പറഞ്ഞു.

സിദ്ധാർത്ഥിൽ വന്നു അവളുടെ കണ്ണുകൾ നിന്നു...

പിന്നെ അങ്ങോട്ടും ഇങ്ങോട്ടും വാക്കേറ്റം! ഇതിനൊക്കെ മൂക സാക്ഷികൾ ആയി വായും പൊളിച്ചു, അവന്റെം അവളുടെയും ഫ്രണ്ട്സും.

അവസാനം ഉണ്ടായത് നിങ്ങള്ക്ക് അറിയാവുന്നതാണല്ലോ. .. അവന്റെ മുടിയിൽ നിന്ന് ലവളുടെ പിടി വിടീക്കാൻ പെട്ട പാട് നിങ്ങൾ ഒക്കെ കണ്ടതല്ലേ!

ആ ഒരു പാർട്ട് മാത്രം സിദ്ധാർത്ഥിന്റെ സൈഡിൽ നിന്ന് പറയാൻ ഒന്നും ഇല്ല. കാരണം വേദന കൊണ്ട് ആ പാവം പെട്ട് പോയി! വേണം എങ്കിൽ അവളെ പുഷ്പം പോലെ അവനു വലിച്ചെറിയാമായിരുന്നു. പക്ഷെ, പെണ്ണുങ്ങളെ തല്ലരുതെന്നു പണ്ടാരോ അവനെ പറഞ്ഞു പഠിപ്പിച്ചിരുന്നു. ആ ഒരൊറ്റ കാരണം കൊണ്ട്, അവൾ അന്ന് ജീവനോടെ അവിടെ നിന്ന് പോയി. അല്ലെങ്കിൽ, അപ്പൊ വന്ന വേദനയ്ക്ക് അവൻ അവളെ എടുത്തു വല്ല ഭിത്തിയിലും തേച്ചേനെ! പാറു ആണോ അവന്റെ പെണ്ണാണോ എന്നൊന്നും നോക്കില്ല!

അന്ന് അവൻ അത് വെറുതെ വിട്ടേനെ! പക്ഷെ അതിന്റെ വീഡിയോ ആരോ എടുത്തു നെറ്റിൽ ഇട്ടു കഴിഞ്ഞപ്പോ സംഭവം ആകെ scene ആയി.

കോളേജിലെ angry young മാനിനെ ഒരു കൊച്ചു പെണ്ണ് എടുത്തിട്ട് പെരുമാറുന്നത് കണ്ടപ്പോൾ, പിള്ളേരൊക്കെ അങ്ങ് കയറി ആഘോഷിച്ചു.

നേരിട്ട് ചൊറിയാൻ അധികം ആരും ധൈര്യം കാണിച്ചില്ല.ധൈര്യം കാണിച്ചോണ്ടു അങ്ങോട്ട് ചെന്നവർക്കൊക്കെ അന്ന് തന്നെ casualityലേക്കും പോവാൻ ഒരു സുവർണ്ണാവസരം ഒരുക്കിയിരുന്നു അവനും അവന്റെ കൂട്ടുകാരും കൂടി.

ബാക്കി ഉള്ളവരെ പഞ്ഞിക്കിടാൻ അവന്റെ ഫ്രണ്ട്സ് കൂടെ നിന്നതിന് ഒരു കാരണം ഉണ്ടായിരുന്നു. അവനിട്ടു താങ്ങാൻ, അവരുള്ളപ്പോൾ പുറത്തു നിന്ന് ഒരു തെണ്ടിയുടേയും സഹായം അവർക്കു ആവശ്യം ഇല്ലായിരുന്നു.

അമ്മാതിരി കളിയാക്കൽ അല്ലായിരുന്നോ! സിദ്ധാർത്ഥിന്റെ കയ്യിൽ നിന്ന് രണ്ടു കിട്ടിയിട്ടും അവന്മാര് അടങ്ങിയില്ല!!! അവരേം പറഞ്ഞിട്ട് കാര്യം ഇല്ല! അവളുടെ റേഞ്ച് അറിയാൻ ഇറങ്ങി പുറപ്പെട്ടതല്ലേ... അനുഭവിക്കട്ടെ!

സംഭവം കാരണം, തൽക്കാലം പ്രേമം ഒക്കെ സൈഡിലേക്ക് വച്ച്, അവൾക്കിട്ടു ഒരു പണി കൊടുത്തിട്ടേ, ഇനി പ്രേമം പുറത്തെടുക്കു എന്ന് അവൻ ഉഗ്ര ശപഥം എടുത്തു.

പക്ഷെ, ശപഥവും എടുത്തു, കുറച്ചു ദിവസം ആ ട്യൂഷൻ സെന്റെറിന്റ മുന്നിൽ പോയി പോസ്റ്റ് ആയതു മിച്ചം!

അവളെയോ അവളുടെ കൂടെ ഉള്ള വാലുകളെയോ പിന്നെ ഉള്ള ദിവസങ്ങളിൽ ആ പരിസരത്തൊന്നും കണ്ടില്ല.

അവളുടെ യൂണിഫോം ഇട്ട രണ്ടു പെൺപിള്ളേരെ കണ്ടപ്പോ, ജഗത് ചെന്ന്, ആ വിഡിയോ വഴി ഫേമസ് ആയ കുട്ടിയെ കുറിച്ച് അന്വേഷിച്ചു.

അപ്പോഴാണ് അറിഞ്ഞത്, ആള് സസ്പെന്ഷനും കിട്ടി, വീട്ടിൽ ഇരിക്കുവാണെന്നു! ട്യൂഷൻ നിർത്തി എന്നും കൂടെ കേട്ടതോടെ, സിദ്ധാർത്ഥിന്റെ ചങ്കിൽ കല്ലെടുത്തു വച്ച ഒരു ഫീൽ ആയിരുന്നു.

അവളോട് പ്രതികാരം ചെയ്യാൻ ഉള്ള ത്വര ഒരു സൈഡിൽ... മറ്റേ സൈഡിൽ ആണെങ്കിൽ, അവളെ ഒന്ന് കാണാൻ ഉള്ള ത്വര... അങ്ങനെ ആകെ മൊത്തം ത്വര മൂത്തു, എന്ത് ചെയ്യും എന്ന് ഒരു ഐഡിയ ഇല്ലാതെ അവൻ ശോകം ആയി!

ഇങ്ങനെ ആകെ ഡിപ്രെഷൻ അടിച്ചിരുന്ന സിദ്ധുവിനെ, പിന്നത്തെ ശനിയാഴ്ച ഋഷി കുത്തിപ്പൊക്കി.

" അവളുടെ സ്കൂൾ എവിടെയാണെന്ന് അറിയാല്ലോ നിനക്കിപ്പോ. അവിടെ പോയി നിനക്ക് എന്താന്നു വച്ചാൽ ചെയ്യാല്ലോ! പ്രതികാരം ചെയ്യാൻ ആണെങ്കിൽ അങ്ങനെ, പ്രേമിക്കാൻ ആണെങ്കിൽ അങ്ങനെ... അതിനു നീ ഇങ്ങനെ ഒരുമാതിരി കാക്കാലൻ ചത്ത കൊരങ്ങനെ പോലെ ഇരിക്കുന്നതെന്തിനാ!" സിദ്ധാർത്ഥിന്റെ കയ്യിൽ ഇരുന്ന സിഗരറ്റ് അവൻ എടുത്തു വലിച്ചെറിഞ്ഞു.

"ഡാ സിദ്ധു... നീ എഴുന്നേറ്റേ... നമുക്ക് ഒന്ന് കറങ്ങിയിട്ടു വരാം! ഇവിടെ ഇങ്ങനെ തൂങ്ങി പിടിച്ചു ഇരുന്നത് കൊണ്ട്, അവൾ പ്രതികാരം ചെയ്യാൻ വേണ്ടി ഇങ്ങോട്ടു വരാൻ ഒന്നും പോവുന്നില്ലല്ലോ! എഴുന്നെക്കടാ കോപ്പേ!" അവിനാശ് അവനെ പിടിച്ചു വലിച്ചെഴുന്നേല്പിച്ചു.

ഋഷിയും ജഗത്തും അവിനാശും കൂടെ കഷ്ടപ്പെട്ടിട്ടാണ് അവനെ റെഡി ആക്കി മാളിലേക്ക് പോയത്....

******
ഫ്ലാഷ് ബാക് എഴുതാൻ തുടങ്ങിയത് പണി ആയി എന്നാ തോന്നുന്നേ... ഒന്നും എഴുതാൻ കിട്ടുന്നില്ലെന്ന്! കാര്യങ്ങൾ ഒക്കെ ഒരു തവണ പറഞ്ഞതാണല്ലോ! അത് കാരണം ആകെ ഒരു ഡിങ്കോൾഫിക്കാ സുനാപ്പ്ളിക്കാ! ഫുൾ ട്രാഫിക് ജാം തലയ്ക്കകത്തു!

അത് കാരണം, ഇന്ന് ഒരു പാർട്ട് ഇട്ടല്ലോ, ലെങ്ത് ഇല്ലെന്നു പറയല്ലേ, ഒരു നിവർത്തി ഇല്ലാത്തതു കൊണ്ടാണ്... എന്നെ കൊണ്ട് പറ്റുന്നത് പോലെ ഒക്കെ ഞാൻ എഴുതിയിട്ടുണ്ട്... വായിച്ചിട്ടു തല്ലാൻ തോന്നുന്നുണ്ടേൽ, ആ ആഗ്രഹം ഉള്ളവർ ക്യൂ പാലിക്കേണ്ടതാണ്... ചുമ്മാ തിക്കും തിരക്കും കൂട്ടി, ബഹളം ഉണ്ടാക്കരുത്... എല്ലാവര്ക്കും തല്ലാൻ ഉള്ള അവസരം ഞാൻ തന്നിരിക്കും!
അപ്പോൾ ആ ലൈക്ക് ബട്ടൺ അമർത്തി ഒരു കമന്റും ഇട്ടേച്ചു പോണേ...
(തുടരും...)

രചന: സെഹ്‌നസീബ്
കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....
To Top