"രവിയേട്ടാ... രെച്ചു മോളുടെ ഡിഗ്രി കഴിഞ്ഞിട്ട് നടത്താലേ?"
"അത് രേവു... ഞാനും സീതയും ജ്യോത്സ്യന്റെ അടുത്ത് പോയിരുന്നു. അദ്ദേഹം പറഞ്ഞത് രെച്ചുവിന്റെ കല്യാണം ഒരു രണ്ടു വർഷം കഴിയുമ്പോൾ നടത്തിയാൽ മതിയെന്നാ പറഞ്ഞത്. അപ്പോഴേക്കും ഇവളുടെ പിജി കോഴ്സും കഴിയുമല്ലോ"
ഇതുകേട്ട് രശ്മിയും കാർത്തിയും കീർത്തിയെ നോക്കി.
"എടി ദുഷ്ടേ... അന്ന് നീ പറഞ്ഞതു പോലെ ആയല്ലോ"
രശ്മി പതുക്കെ കീർത്തിയുടെ ചെവിയിൽ പറഞ്ഞു. കീർത്തി ഇളിച്ചോണ്ട് നിന്നു.
"അന്ന് നമുക്ക് ജ്യോത്സ്യനെ കണ്ട് ഒരു നല്ല നാള് കുറിക്കാം. അത് പോരെ രേവു?"
"ജ്യോത്സ്യൻ അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിൽ നമുക്ക് അതുപോലെ നടത്താം രവി"
കൃഷ്ണൻ പറഞ്ഞു.
കൃഷ്ണൻ പറഞ്ഞു.
"രവിയേട്ടാ... കാറ്ററിംഗ്കാരെ വിളിച്ചോ? അവർ എപ്പോൾ വരും?"
"ആഹ്... ഒരു 12 മണിക്ക് വരും"
"രെച്ചു... നിങ്ങൾ രണ്ടാളും ഇങ്ങോട്ട് നീങ്ങി നിന്നേ. ഒരു ഫോട്ടോ എടുക്കട്ടെ"
പിന്നെ അനു അവിടെ ഒരു ഫോട്ടോഗ്രാഫർ ആയി മാറി. സദ്യയൊക്കെ കഴിഞ്ഞ ശേഷം കേണലും ഭാര്യയും ഗണേഷും പോയി.
"കീർത്തി... ഇങ്ങു വന്നേ..."
"എന്താ ചേച്ചി?"
"നിങ്ങൾ എപ്പോഴാ വന്നേ?"
"ഞങ്ങൾ ഇന്നലെ വൈകുന്നേരം എത്തി"
"ആഹാ... എന്നിട്ട് ആ ദുഷ്ടൻ എന്നോട് ഒന്നും പറഞ്ഞില്ല"
"സസ്പെൻസ് ആരേലും നേരത്തെ പറയുമോ ചേച്ചി?"
"മ്മ്... നിങ്ങളുടെ ബാഗൊക്കെ അവിടെയല്ലേ?"
"അതിപ്പോൾ ഏട്ടൻ എടുത്തോണ്ട് വരാമെന്ന് പറഞ്ഞു"
"ആണോ? മ്മ്... പിന്നെ കുഞ്ഞ് എന്തു പറയുന്നു?"
"ഇതുവരെ ഒരു കുഴപ്പവുമില്ല. മറ്റന്നാൾ ചെക്കപ്പ് ഉണ്ട്"
"അയ്യോ... അപ്പോൾ നിങ്ങൾ നാളെ പോകുമോ?"
"മ്മ്... പോകും. ചേച്ചി എന്തിനാ വിഷമിക്കുന്നെ? വൈകിട്ട് ബർത്ത് ഡേ ഫങ്ക്ഷനൊക്കെ അടിച്ചുപൊളിക്കണ്ടേ?"
"ആഹ്... പിന്നെ ഞാൻ അവിടെ വരുമ്പോൾ നീ ഇല്ലാലോ"
"മ്മ്... സിറ്റിയിൽ വീട് പണി അധികം വൈകാതെ തുടങ്ങും. അവിടെ വീടായാൽ ഇടക്കിടക്ക് വരാലോ"
"ഹായ് കീർത്തി. വാവക്ക് സുഖമല്ലേ? പിന്നെ, ആ ഫഹദ് ഫാസിലിന്... ശേ... രാജേഷിനു കല്യാണം ആയോ?"
"ഇല്ല ചേച്ചി. നോക്കിക്കൊണ്ടിരിക്കുവാ"
"അനൂ... കാർത്തിയെ കണ്ടോ?"
"ആഹ്... ഇപ്പോഴായിട്ട് പുറത്ത് ഇറങ്ങി. ഇവരുടെ ബാഗ് എടുക്കാനാണ് എന്ന് പറഞ്ഞു"
"നിങ്ങൾ മൂന്നു പേരുമെന്താ ഇവിടെ നിൽക്കുന്നെ? വാ..."
സീത അവരെ ഹാളിൽ കൂട്ടികൊണ്ടു പോയി. രശ്മി ചെന്ന് രേവതിയെ കെട്ടിപ്പിടിച്ച് ഇരുന്നു.
" ഞാൻ പറഞ്ഞില്ലേ മോളോട്. ഒരു ദിവസം ഈ സുന്ദരിക്കുട്ടിയെ പെണ്ണുചോദിച്ചുകൊണ്ട് ഞങ്ങൾ വരുമെന്ന്"
രശ്മി ചിരിച്ചുകൊണ്ട് രേവതിക്കൊരു ഉമ്മ കൊടുത്തിട്ട് നോക്കിയപ്പോൾ രവിയെയും സീതയെയും അവളെ നോക്കുന്നത് കണ്ടു.
"നമ്മളോട് തുറന്നു പറയാൻ ചിലർക്ക് മടിയാ. അല്ലേ രവിയേട്ടാ..."
"ഓഹ്... അതങ്ങ് വിട്ടേക്ക് സീതേ..."
"അച്ഛാ ഞാൻ..."
"മോളൊന്നും പറയണ്ട. ഞങ്ങൾ ഈ ബന്ധത്തിനു സമ്മതിക്കില്ല എന്നു പേടിച്ചിട്ടല്ലേ പറയാതെ ഇരുന്നേ. മോളുടെ ഏതെങ്കിലും ഇഷ്ടം അച്ഛൻ നടത്തി തരാതെ ഇരുന്നിട്ടുണ്ടോ? ഞങ്ങൾക്ക് ഒരുപാട് ഇഷ്ടമാ അവനെ. നിന്നെ എടുത്തു കൊഞ്ചിക്കുന്നതിന് മുന്പേ എടുത്തോണ്ട് നടന്നതാ ഞാനവനെ. കാർത്തി വലുതായപ്പോൾ നിന്നെ അവന്റെ കയ്യിൽ അല്ലാതെ വേറെ ആരെയെയും ഏൽപ്പിക്കില്ലെന്ന് തീരുമാനിച്ചതാ ഞാൻ. അവനെപ്പോലെയൊരു തങ്കപ്പെട്ട പയ്യൻ ഉള്ളപ്പോൾ ഞങ്ങൾ എന്തിനാ വേറെ നോക്കുന്നെ. അല്ലേ സീതേ?"
"അതെ..."
സീത ചിരിച്ചുകൊണ്ട് പറഞ്ഞു.
സീത ചിരിച്ചുകൊണ്ട് പറഞ്ഞു.
രശ്മിക്ക് സന്തോഷം കൊണ്ട് കണ്ണൊക്കെ നിറഞ്ഞു. അവൾ രണ്ടുപേരെയും ഒരുമിച്ച് കെട്ടിപ്പിടിച്ചു. ബാക്കി എല്ലാവർക്കും ഇത് കണ്ട് സന്തോഷമായി.
അന്ന് വൈകുന്നേരം ബർത്ത് ഡേ ഫംഗ്ഷന് മുൻപ് രശ്മി കാർത്തിയെ അന്വേഷിച്ചപ്പോൾ ടെറസ്സിൽ നിൽക്കുന്നത് കണ്ടു.
"കാർത്തി എന്താ ആലോചിക്കുന്നേ?"
" ഏയ്...ഒന്നുമില്ല. ഇനിയും കാത്തിരിക്കണമല്ലോ എന്നോർക്കുമ്പോൾ എന്തോ പോലെ..."
"ഹ്മ്മ്... എനിക്കും എന്തോ പോലെയാ. എന്നാലും എൻഗേജ്മെന്റ് കഴിഞ്ഞല്ലോ. അത്രയും സന്തോഷം"
രശ്മി കാർത്തിയെ നോക്കി ചിരിച്ചു.
"അതേ... ഇനി എന്റെ മക്കള് ഏട്ടാ എന്ന് വിളിച്ചാൽ മതി കേട്ടോ"
"ഓഹോ... അപ്പോൾ വിളിക്കാൻ സമയം ആയോ?"
"മ്മ്... ആയി"
"പിന്നെ... അച്ഛനോട് എപ്പോഴാ നമ്മുടെ കാര്യം പറഞ്ഞേ?"
"ഒരു നാല് ദിവസം മുമ്പ്. ഞാൻ പറഞ്ഞു തുടങ്ങിയപ്പോൾ തന്നെ മാമന് കാര്യം മനസ്സിലായി. അന്ന് ശങ്കറിന്റെ കാര്യം എന്നോട് ചോദിച്ചപ്പോൾ എന്റെ സൗണ്ട് മാറിയത് ശ്രദ്ധിച്ച് ആയിരുന്നു എന്ന് പറഞ്ഞു"
"മ്മ്... നമ്മളെക്കാൾ മുൻപ് അച്ഛൻ തീരുമാനിച്ചു വെച്ചതാ. തങ്കപ്പെട്ട പയ്യൻ എന്നൊക്കെ എന്നോട് പറഞ്ഞു. ആണോ?"
രശ്മി കളിയാക്കി കൊണ്ട് ചോദിച്ചു.
രശ്മി കളിയാക്കി കൊണ്ട് ചോദിച്ചു.
"അല്ലേ? ഞാൻ പാവമല്ലേടി?"
"അത്ര പാവമൊന്നുമല്ല"
"അതെന്താ?"
"എന്നെ ചെളിയിൽ തള്ളിയിട്ടില്ലേ?"
"എന്റെ പൊന്നേ... അതാണോ?"
കാർത്തി മുഖംതിരിച്ചു നിന്നു.
കാർത്തി മുഖംതിരിച്ചു നിന്നു.
"ശോ... ഞാൻ ചുമ്മാ പറഞ്ഞതാ"
"ആണോ... എനിക്കറിയാട്ടോ"
കാർത്തി രശ്മിയുടെ ഇടതു കവിളിൽ പിടിച്ചുകൊണ്ട് പറഞ്ഞു. അവൾ അവന്റെ കണ്ണിൽ തന്നെ നോക്കി ചിരിച്ചു. അവൻ മെല്ലെ അവളെ തന്റെ നെഞ്ചോട് ചേർത്തു. രശ്‌മി കാർത്തിയെ കെട്ടിപ്പിടിച്ചു. അപ്പോൾ ചെറുതായി മഴ പെയ്യുന്നുണ്ടായിരുന്നു. ആ ചാറ്റൽ മഴയും കൊണ്ട് കുറച്ചു നേരം അവരങ്ങനെ നിന്നു.
കാർത്തി പതിയെ രശ്മിയുടെ മുഖം ഉയർത്തി. മഴത്തുള്ളികൾ വന്നു പതിക്കാൻ തുടങ്ങിയപ്പോൾ അവൾ കണ്ണുകളടച്ചു.
"രെച്ചൂ... വേഗം താഴേക്ക് വന്നേ... സീതാന്റി അന്വേഷിക്കുന്നു"
"അയ്യോ... സീതമ്മയോട് ഇപ്പോ വരാമെന്ന് പറഞ്ഞു വന്നതാ. ഞാൻ പോട്ടെ... "
രശ്മി വേഗം കാർത്തിയിൽ നിന്നും മാറി താഴേക്ക് ഒരു സ്റ്റെപ് എടുത്തു വെച്ചതും അവൻ അവളുടെ അരയിൽ കയ്യിട്ട് പൊക്കിയെടുത്തു നീക്കി നിർത്തി.
"ശോ...സീതമ്മ അന്വേഷിക്കുന്നു. ദേ നീ ഇപ്പോൾ മഴയും കൂടാൻ തുടങ്ങി"
കാർത്തി ഒന്നും മിണ്ടിയില്ല. രശ്മിയുടെ അധരങ്ങളിൽ പറ്റിപ്പിടിച്ചിരിക്കുന്ന മഴത്തുള്ളികളെ അവൻ തന്റെ ചുണ്ടുകളാൽ ഒപ്പിയെടുത്തു. എന്നിട്ട് അവളുടെ മുഖം അടുപ്പിച്ച് ചുണ്ടിൽ അമർത്തി ചുംബിച്ചു. കഴുത്തിലേക്ക് അവന്റെ ചുണ്ടുകൾ പോകാൻ തുടങ്ങിയതും അവൾ അവനെ തടഞ്ഞു. അവന്റെ താടിയിൽ ഒരു ഉമ്മ കൊടുത്ത ശേഷം അവനെ തള്ളി മാറ്റി വേഗം താഴേക്ക് പോയി. കാർത്തി ചിരിച്ചു കൊണ്ട് അവിടെ തന്നെ നിന്നു.
രശ്മിയുടെ ബർത്ത് ഡേ ഫംഗ്ഷൻ ഭംഗിയായി തന്നെ നടന്നു. പിറ്റേന്ന് കീർത്തിയെയും ഫാമിലിയെയും യാത്രയാക്കാൻ റെയിൽവേസ്റ്റേഷനിൽ രശ്മിയും അനുവും പോയിരുന്നു. എന്നിട്ടാണ് അവർ കോളേജിലേക്ക് പോയത്.
"അഞ്ചു... സുജ വന്നില്ലേ?"
"അവൾക്ക് പനിയാ രശ്മി. ഇന്നലെയും വന്നില്ല. മിനിഞ്ഞാന്ന് ഇവിടുന്ന് നല്ല പനി ആയിട്ടാ പോയത്"
"അയ്യോ... അവൾ എന്റെ റെക്കോർഡ് തരാതെ പോയത്. വെള്ളിയാഴ്ച എന്റെ കയ്യിൽ നിന്നും നിന്നും മേടിച്ചതാ. അവൾക്ക് ഫോണും ഇല്ല. ഇനിയിപ്പോൾ എന്തു ചെയ്യും? മറ്റന്നാൾ സബ്മിറ്റ് ചെയ്യേണ്ടതല്ലേ. നാളെ ആണെങ്കിൽ അവധി. ആ റെക്കോർഡ് നോക്കുന്നത് സീന മിസ്സാ. എന്ത് എസ്ക്യൂസ് പറഞ്ഞാലും മിസ്സ് കേൾക്കില്ല. റെക്കോർഡിനെ കുറിച്ച് ഓർമയില്ലാത്തത് കൊണ്ടല്ലേ എന്ന് ചോദിക്കും. റെക്കോർഡ് വെക്കാത്തവരുടെ ഇന്റേണൽ മാർക്ക് കുറയ്ക്കുമെന്ന് പറഞ്ഞതാ"
"ശെരിയാ. സീന മിസ്സ് എന്തേലും പറഞ്ഞാൽ പറഞ്ഞത് പോലെ ചെയ്യും. നമുക്ക് ഒരു കാര്യം ചെയ്യാം. സുജയുടെ വീട് അറിയാലോ. നാളെ പോയി മേടിക്കാം"
"മ്മ്... നിന്റെ സൗണ്ടിനു എന്ത് പറ്റി? നേരത്തെ കുഴപ്പമൊന്നും ഉണ്ടായിരുന്നില്ലല്ലോ"
"ആഹ്... പക്ഷേ ഇപ്പോൾ തൊണ്ട വേദന എടുക്കുന്നുണ്ട്. ഇന്നലെ കുറേ ഐസ്ക്രീം കഴിച്ചില്ലേ അതിന്റെയാണെന്ന് തോന്നുന്നു"
" രശ്മിയുടെ കൈ ഒന്ന് കാണിച്ചേ. മോതിരം നോക്കട്ടെ"
രശ്മി അഞ്ജുവിന് കൈ കാണിച്ചു കൊടുത്തു.
"Karthik. ഏഹ്? രശ്മിയുടെ എൻഗേജ്മെന്റ് കഴിഞ്ഞോ?"
ഇതുകേട്ടതും സോന തിരിഞ്ഞുനോക്കി. അനു അതു കണ്ടു.
"ആഹ് അഞ്ജു... ഇന്നലെ ആയിരുന്നു"
" അതെന്താ ഞങ്ങളെ ഒന്നും വിളിക്കാത്തെ? അതാണോ ഇന്നലെ രണ്ടുപേരും ക്ലാസ്സിൽ വരാത്തത്"
" വലിയ ഫംഗ്ഷൻ ഒന്നുമില്ലായിരുന്നു. ആള് ഇവളുടെ മുറച്ചെറുക്കൻ തന്നെയാ. IPS ആണ്"
"ആഹാ... ഞാൻ കല്യാണത്തിന് വരാട്ടോ"
"കല്യാണം ട്രിവാൻഡ്രം ആണ്. നീ വരോ?"
"അയ്യോ... അവിടെയോ? അത് വീട്ടിൽ നിന്നും വിടാൻ ചാൻസ് കുറവാണ്. ഫോട്ടോ ഉണ്ടോ എൻഗേജ്മെന്റിന്റെ?"
"മ്മ്... എന്റെ ഫോണിൽ ഉണ്ട്"
അനു കാർത്തിയുടെയും രശ്മിയുടെയും ഫോട്ടോസ് അഞ്ജുവിന് കാണിച്ചുകൊടുത്തു.
"കൊള്ളാലോ ചെക്കൻ. നിങ്ങൾ നല്ല മാച്ച് ആണ്. കേട്ടോ?"
രശ്മി അഞ്ജുവിനെ നോക്കി ചിരിച്ചു.
"നിമ്മി... നോക്കിയേ... രശ്മിയുടെ എൻഗേജ്മെന്റ് കഴിഞ്ഞു. ആള് പോലീസിലാ. IPS എന്നല്ലേ അനു പറഞ്ഞെ?"
അനു അതെ എന്ന് തലയാട്ടി.
"ആണോ? ഫോട്ടോ കൊള്ളാം. പക്ഷേ, ഈ പുള്ളിയെ എവിടെയോ ഞാൻ കണ്ടിട്ടുണ്ട്. ആഹ്... അന്ന് കോളേജിൽ അടി ഉണ്ടായപ്പോൾ. ഇവിടെ തന്നെയാണോ?"
"അതെ... നിനക്ക് ഓർമയുണ്ടോ?"
"പിന്നേ... അന്ന് നല്ല സ്റ്റൈലൻ ഇടി ആയിരുന്നു. ഞാൻ പുള്ളിയെ തന്നെ വായിനോക്കി നിന്നതാ. സോറി രശ്മി..."
റീന ഉടനെ നിമ്മിയുടെ കയ്യിൽ നിന്നും ഫോൺ വാങ്ങി നോക്കി. അതിലെ ഫോട്ടോസ് സോനയെ കാണിച്ചു. അത് കണ്ടതും സോനയുടെ മുഖം മങ്ങി. അവൾ ഫോൺ രശ്മിയുടെ കയ്യിൽ കൊടുത്തു.
പിറ്റേന്ന് അനുവിന് നല്ല പനിയായി. സുജയുടെ വീട്ടിൽ ഒറ്റക്ക് പോകാമെന്ന് രശ്മി പറഞ്ഞു. അവൾ സ്കൂട്ടി എടുക്കാതെ ബസ്സിലാണ് പോയത്. ബസ് സ്റ്റോപ്പിൽ നിന്നും കുറച്ചു നടക്കാനുണ്ട് സുജയുടെ വീട്ടിലേക്ക്. അവിടെ നിന്നും റെക്കോർഡും വാങ്ങി തിരിച്ചു വരുന്ന സമയത്ത് രണ്ടു ചെറുപ്പക്കാർ രശ്മിയെ ഫോളോ ചെയ്തു. അവരെ കണ്ട് രശ്മി നടത്തത്തിന്റെ വേഗത കൂട്ടി. വഴിയിൽ ഒന്നും ആരും ഇല്ലായിരുന്നു. അവൾ വേഗം കാർത്തിയെ വിളിച്ചു.
"ഹലോ... എവിടെയാ?"
"ഞാനൊരു കേസിന്റെ കാര്യത്തിന് പൊയ്ക്കൊണ്ടിരിക്കുവാ. എന്താ രെച്ചൂ?"
"കുറേ നേരമായി രണ്ടു പേർ എന്നെ ഫോളോ ചെയ്യുന്നു. അവന്മാരെ കണ്ടിട്ട് എനിക്ക് പേടിയാകുന്നു"
"നീ ഇത് എവിടെയാ? ശേ... ഒറ്റക്കാണോ?"
"ആഹ്... ഞാൻ കാലടി റൂട്ടിൽ പോകുന്ന വഴിക്ക്..."
അത്രയും പറഞ്ഞപ്പോൾ അവന്മാർ തൊട്ട് അടുത്ത് എത്താറായിരുന്നു. പെട്ടന്ന്, രശ്മിയുടെ മുമ്പിൽ ഒരു ബൈക്ക് വന്ന് നിന്നു. അവൾ പെട്ടന്ന് പേടിച്ചു പോയി. തിരിഞ്ഞു നോക്കിയപ്പോൾ അവന്മാരെ കാണാനില്ല. ബൈക്കിൽ വന്ന ആൾ ഹെൽമെറ്റ് ഊരി.
"മനോജ് സർ..."
"എന്താ രശ്മി ഈ വഴിക്ക്?"
"അത് സർ... ഞാൻ സുജയുടെ വീട്ടിൽ പോയതാ. തിരിച്ചു വരുമ്പോൾ രണ്ടു പേർ ഫോളോ ചെയ്യുന്നുണ്ടായിരുന്നു. സർ വന്നപ്പോൾ അവന്മാരെ കാണാൻ ഇല്ല"
"ഹ്മ്മ്... രശ്മി നന്നായി പേടിച്ചിട്ടുണ്ട്. വാ... വീട്ടിൽ കേറിയിട്ട് പോകാം"
"വീട്ടിലോ?"
"ആഹ്... ദേ ഇത് ഞാൻ താമസിക്കുന്ന വീടാ. വാടകക്കാട്ടോ. ജസ്റ്റ് ഒന്നു കയറിയിട്ട് പോകാം. ഞാൻ തന്നെ ബസ് സ്റ്റോപ്പിൽ ആക്കിക്കോളാം"
"സർ... അത്..."
"ഓഹ്... എന്താ എന്നെ പേടിയാണോ? അതോ ഞാൻ തന്നെ പ്രൊപ്പോസൽ ചെയ്തത് കൊണ്ട് വരാനുള്ള മടിയോ?"
രശ്മി ഒന്നും മിണ്ടാതെ നിന്നു. മനോജിന്റെ മുഖം കണ്ടപ്പോൾ അവൾക്ക് എന്തോ പോലെ ആയി.
"ഞാൻ വരാം സർ..."
അത് കേട്ടതും മനോജ് അവളെ നോക്കി ചിരിച്ചു. ഇരയെ കയ്യിൽ കിട്ടിയ സന്തോഷമായിരുന്നു ആ ചിരിയെന്ന് രശ്മിക്ക് മനസ്സിലായില്ല. മനോജ് ബൈക്ക് പാർക്ക് ചെയ്തിട്ട് താക്കോൽ എടുത്ത് വീട് തുറന്നു.
"വരൂ രശ്മി..."
രശ്മി പതിയെ കയറി ചെന്നു.
"നമുക്ക് ആ റൂമിൽ ഇരുന്ന് സംസാരിക്കാം. ഞാൻ ഈ പാൽ ഫ്രിഡ്ജിൽ ഒന്നു വെക്കട്ടെ"
മനോജ് ഫ്രിഡ്ജ് തുറന്ന് ഫ്രീസറിൽ പാൽ വെച്ചിട്ട് ഒരു മിനറൽ വാട്ടർ ബോട്ടിൽ എടുത്ത് രശ്മിക്ക് നേരെ നീട്ടി.
"ഞാൻ തണുത്ത വെള്ളം കുടിക്കാറില്ല സർ..."
"ഓഹ്... ഇട്സ് ഗുഡ്. ഫ്ലാസ്കിൽ അല്പം കാപ്പി ഇരിപ്പുണ്ട് രാവിലത്തെ. അതെടുക്കട്ടെ?"
"എനിക്കൊന്നും വേണ്ട സർ"
"അവരെ കണ്ട് പേടിച്ചു വന്നതല്ലേ. എന്തേലും ഒന്നു കുടിക്ക്"
"നൗ അയാം ഓക്കേ"
"ഹ്മ്മ്... താൻ വാ..."
കയ്യിൽ ആ മിനറൽ വാട്ടറും എടുത്ത്കൊണ്ട് മനോജ് നേരത്തെ ചൂണ്ടി കാണിച്ച റൂമിൽ കയറി. രശ്മി അവിടെ തന്നെ നിന്നു.
"എടോ... അവിടെ നിൽക്കുവാണോ? ഇവിടെ വന്ന് എന്റെ ബുക്ക് കളക്ഷനൊക്കെ ഒന്നു നോക്ക്. തനിക്ക് ഏതേലും ബുക്ക് വേണമെങ്കിൽ കൊണ്ടുപൊയ്ക്കോ"
രശ്മി മടിച്ച് മടിച്ച് ആ റൂമിൽ കയറി. സാമാന്യം ഒരു വലിയ മുറി ആയിരുന്നു അത്. ലൈബ്രറിയിലെ കാൽ ഭാഗം ബുക്സ് അവിടെത്തെ ഷെൽഫിൽ ഉണ്ട്. അതിന്റെ അരികത്തായി ഒരു ചെറിയ ബെഡ്. അവൾ ബുക്സിനെ നോക്കികൊണ്ടു നിന്ന സമയം മനോജ് പതിയെ വാതിൽ കുറ്റിയിട്ടു.
മേശക്ക് അരികിലുള്ള കസേര നീക്കി മനോജ് അതിൽ ഇരുന്ന് രശ്മിയെ നോക്കി. അവൾ ഒരു ബുക്ക് എടുത്തു വായിക്കുകയാണ്. മനോജ് മേശയുടെ അടിയിൽ നിന്നും ഒരു വിസ്കിയുടെ ബോട്ടിൽ എടുത്തു. രശ്മി തിരിഞ്ഞു നോക്കിയപ്പോൾ കണ്ടത് മനോജ് വിസ്കിയിൽ വെള്ളം ചേർത്ത് കുടിക്കുന്നതാണ്. അവൾക്ക് അത് കണ്ടിട്ട് പേടിയായി.
"സർ..."
"ആഹ്... ഒരു രണ്ടെണ്ണം. കുറച്ചു ബാക്കി ഉണ്ടായിരുന്നു. അത് കംപ്ലീറ്റ് ആക്കണ്ടേ?"
എന്നും പറഞ്ഞ് അവൻ ആ ബോട്ടിലിൽ ബാക്കി ഉണ്ടായിരുന്ന മദ്യം മുഴുവനും കുടിച്ചു തീർത്തു.
"ഇപ്പോൾ ഓക്കേ. ഫിനിഷ്ഡ്... പിന്നെ, രശ്മിക്ക് സുഖമല്ലേ? ശോ... തെറ്റി പോയി. നിന്റെ മറ്റവന് സുഖമല്ലേ? കാർത്തിക്... കാർത്തി..."
രശ്മി ഇത് കേട്ട് ഞെട്ടലോടെ മനോജിനെ നോക്കി.
"നീ എന്നെ ഇങ്ങനെ നോക്കല്ലടി പെണ്ണേ... ഞാൻ ഇപ്പോൾ നിന്നെ എന്തേലും ചെയ്ത് പോകും"
രശ്മി ഉടനെ വാതിലിനു നേരെ നോക്കി. അത് കുറ്റിയിട്ടേക്കുന്നു.
"നീ നോക്കണ്ട. വാതിൽ ഞാൻ അങ്ങ് കുറ്റിയിട്ടു. എനിക്ക് നിന്നോട് കുറച്ചു കാര്യങ്ങൾ സംസാരിക്കാനുണ്ട്. അവിടെ ഇരിക്ക്... അവിടെ... ആ കട്ടിലിൽ. ഇരിക്കടി..."
മനോജിന്റെ അലർച്ച കേട്ട് രശ്‌മിയുടെ കയ്യിൽ നിന്നും ബുക്ക് താഴെ വീണു. അവൾ കട്ടിലിൽ പോയി ഇരുന്നു.
"കാർത്തിയെ എങ്ങനെ അറിയാമെന്നല്ലേ നീ ഇപ്പോൾ ചിന്തിക്കുന്നേ? അവനെ നീ കാണുന്നതിന് മുൻപ് ഞാൻ കാണാൻ തുടങ്ങിയതാ. നിന്റെ അമ്മാവൻ ഇല്ലേ കിണ്ണൻ? അങ്ങേരുടെ അനിയൻ മുകുന്ദന്റെ മൂത്ത മകനാ ഞാൻ. മനോജ്..."
ദൈവമേ... കീർത്തി പറഞ്ഞ ചീറ്റപ്പുലി...
(തുടരും)
രചന: ഗ്രീഷ്മ. എസ്
(തുടരും)
രചന: ഗ്രീഷ്മ. എസ്
