രചന: Ullas OS
രാവിലെ സേതു ഉണർന്നപ്പോൾ അരികിൽ വേണി ഇല്ല.
സമയം 5മണി കഴിഞ്ഞു.
ഇത്രയും നേരത്തെ ഇവൾ അടുക്കളയിൽ കയറുമോ.
അവൻ മെല്ലെ എഴുന്നേറ്റു.
ആരും ഉണർന്നിട്ടില്ല.
അടുക്കളയിൽ ചെറിയ തട്ടും മുട്ടും കേൾക്കുന്നു.
നോക്കിയപ്പോൾ വേണി തിരക്കിട്ട ജോലികളിൽ ആണ്.
"വേണി... "
"സേതുവേട്ടൻ ഉണർന്നോ.... ദ ഒരു മിനുട്ട്.. ഞാൻ ചായ എടുക്കാം. "
അവൾ ചായക്കുള്ള വെള്ളം വെച്ചു.
"വേണി.. നീ എന്നു ഈ സമയത്തു ഉണരുമോ... "
"മ്മ്.... "
"എന്തിനു... "
"എന്തിന് എന്നോ... കാലത്തെ ജോലികൾ ഒക്കെ തീർക്കണ്ടേ ഏട്ടാ... "
"അതിന് മാത്രം എന്ത് ജോലികൾ ആണ് ഉള്ളത്, ഇവിടെ നിന്നെ കൂടാതെ കാർത്തു ഉണ്ട് അമ്മ ഉണ്ട്....ഇപ്പോൾ ആണെങ്കിൽ ഗീതേച്ചി ഉണ്ട് "
"ഇതാപ്പോ നന്നായെ,, കാർത്തു കോളേജിൽ പോകില്ലേ എന്നും, പിന്നെ വയ്യാണ്ടായി ഇരിക്കുന്ന അമ്മയെ കൊണ്ട് പറ്റുമോ എന്നെ സഹായിക്കാൻ.. കാലത്തെ അടുക്കള ജോലി തീർന്നാൽ പിന്നെ പുറം പണി ചെയ്യാലോ "
അവനു കൊണ്ട് വന്നു അവൾ ചായ കൊടുത്തു.
"അപ്പോൾ പുറം പണിക്ക് വന്നിരുന്ന ശാരദ എവിടെ, അവർ വരാറില്ലേ.. "
"എന്തിനാണ് ഏട്ടാ വെറുതെ അവർക്ക് ശമ്പളം കൊടുക്കുന്നത്, അതിനു മാത്രം ജോലി ഇല്ലലോ ഇവിടെ, "
"പിന്നെ നീ എന്തിനു ആണ് ഇത്രയും നേരത്തെ എഴുനേൽക്കുന്നത്. "
"ഈ സേതുവേട്ടന് ഇതു എന്താ..... പോയി കിടന്നു ഉറങ്ങു കുറച്ച് സമയം കൂടി... "
അവൾ നിർബന്ധിച്ചു എങ്കിലും അവൻ അവിടെ നിന്ന് പോകാൻ കൂട്ടാക്കിയില്ല.
ഏഴുമണി ആകാറായി കർത്തുവും ഗീതയും ഉണർന്ന് വന്നപ്പോൾ.
സേതു അപ്പോളും അടുക്കളയിൽ തന്നെ ആണ്.
"ആഹ് നീ ഇതു ഇവിടെ എന്ത് എടുക്കുക ആണ് സേതു.. നിനക്ക് കിടന്നു ഉറങ്ങാൻ മേലെ.. "
ഒരു കോട്ടുവാ ഇട്ടുകൊണ്ട് ഗീത അവനെ നോക്കി.
അവൻ അതിന് മറുപടി ഒന്നും പറഞ്ഞില്ല.
"അവർ എപ്പോൾ ആണ് കാർത്തു വരുന്നത്.. "?
"പത്തു മണി എന്ന് ആണ് ഏട്ടാ പറഞ്ഞത്.. "
"മ്മ്........ ശീലങ്ങൾ ഒക്കെ ഒന്ന് മാറ്റുവാൻ ശ്രെമിക്കുക.. മറ്റൊരു വീട്ടിൽ ചെന്ന് കേറണ്ടതാണ്.. അതു മറക്കല്ലേ.. "
അതു പറഞ്ഞു കൊണ്ട് അവൻ എഴുനേറ്റു.
"നീ ചായ കുടിച്ചോ.. "
വേണി കൊടുത്ത ചായ കപ്പ് മേടിച്ചു കൊണ്ട് ഗീത ചോദിച്ചു.
"ഞാൻ 5മണി ആയപ്പോൾ തന്നെ ചായ കുടിച്ചു. "
"ഓഹ്... അതാണ് നിനക്ക് ഇത്രയും ദെണ്ണം അല്ലെ... !
"അതേ.... അത് മനസ്സിലായോ.... "
"അതുകൊണ്ട് അല്ലെ നിന്നോട് ചോദിച്ചത്.. "
"മ്മ്മ്മ്... "
ഒന്ന് ഇരുത്തി മൂളിയിട്ടു അവൻ വാതിൽ കടന്നു പോയി.
ഗീത ആണെങ്കിൽ വേണിയെ തുറിച്ചൊരു നോട്ടം നോക്കി.
പതിവ് ഉള്ളത് ആയത് കൊണ്ട് അവൾ അത് കണ്ടില്ലെന്ന് നടിച്ചു.
ഭവാനിയമ്മ എഴുനേറ്റു വന്നപ്പോൾ ഇത്തിരി വൈകി. തലേദിവസം സംസാരിച്ച ഒക്കെ ഇരുന്നത് കൊണ്ട് കിടക്കാൻ താമസിച്ചു
സന്ധിവാതം ആണ്.... അതുകൊണ്ട് കാലിന് വയ്യ. ചില ദിവസങ്ങളിൽ അവർ ഒൻപതു മണി ആയാലും കിടക്ക വിട്ട് എഴുനേൽക്കില്ല.
വേണി കൊടുത്ത കട്ടൻ ചായ കുടിച്ചു കൊണ്ട് ഗീത പോയത് നോക്കി.
എല്ലാവരും ഒൻപതു മണി ആയപ്പോൾ പ്രഭാത ഭക്ഷണം കഴിക്കുവാനായി ഇരുന്നു
പാലപ്പവും മുട്ട റോസ്റ്റും ആയിരുന്നു.
വേണി അപ്പോളും ഒടുവിൽ ആണ് ഇരുന്നത്.
അവൾ ഒപ്പം ഇരിക്കാത്തതിൽ ആർക്കും ഒരു പരിഭവവും ഇല്ല, കാരണം അവൾ എന്നും അങ്ങനെ ആണ് എന്ന് സേതുവിന് മനസിലായി.
10മണി ആയപ്പോൾ കാർത്തികയുടെ ചെക്കന്റെ വീട്ടിൽ നിന്ന് ആളുകൾ വന്നു.
അഞ്ച് പേര് ഉണ്ടായിരുന്നു.
ചെക്കനെ സേതുവിന് ഇഷ്ടപ്പെട്ടു.
ബാങ്കിൽ ആണ് ജോലി.
ഒറ്റ മോനെ ഒള്ളു.
അച്ഛനും അമ്മയും നല്ല തറവാടികൾ ആണ് എന്ന് സേതുവിന് തോന്നി.
"പുഷ്പമംഗലം എന്ന് ഓണാട്ടുകരയിലൊന്നു വന്നു അന്വഷിച്ചാൽ ആരും പറയും കുടുംബത്തിന്റെ പ്രതാപം.. ആന വരെ ഉള്ള തറവാട് ആണ് "ദല്ലാൾ ഒന്ന് ശരീരം ഇളക്കികൊണ്ട് സേതുവിനെ നോക്കി പറഞ്ഞു.
"ഹേയ്.. അതൊന്നും ഇവിടെ ഇപ്പോൾ വിശദീകരിക്കേണ്ട..ആന ഉണ്ടോ ഇല്ലയോ എന്ന് ഒന്നും ആരും ചോദിച്ചില്ലലോ... ...ഞങ്ങൾക്ക് നല്ല ഒരു പെൺകുട്ടിയെ വേണം, അടക്കവും ഒതുക്കവും ഒക്കെ ഉള്ള വിദ്യാസമ്പന്നയായ ഒരു കുട്ടിയെ, അത്രമാത്രം ഞങ്ങൾ നോക്കുന്നോള്ളൂ.... "ചെറുക്കന്റെ അച്ഛൻ പറഞ്ഞു.
"അല്ല.. ഞാൻ നേരെ വാ നേരെ പോ എന്ന പ്രകൃതം ആണ്.. ഉള്ളത് അതുപോലെ പറയും, അതു ഈ കല്യാണം നടന്നാലും ഇല്ലെങ്കിലും,, ഈ അടുത്ത നാളിൽ ഒന്നും ഞാൻ ഇത്രയും നല്ല ഒരു പയ്യന്റെ ആലോചനയും ആയി ഒരിടത്തും കേറിയിട്ടില്ല... "അയാൾ വാചാലനായി
ഗോപൻ അനിഷത്തോടെ മുഖം തിരിച്ചു.
"എന്തായാലും നമ്മൾക്ക് ആലോചിച്ചു വേണ്ടത് പോലെ ചെയാം ചേട്ടാ... ആദ്യം പെൺകുട്ടിയെ ഇവർക്ക് ഇഷ്ട്ടം ആയോ എന്ന് അറിയണ്ടേ...വേണി,, കാർത്തുനെ വിളിക്ക്.. "
അവൻ പറഞ്ഞപ്പോൾ വേണി അകത്തേക്ക് പോയി.
ഗീതയ്ക്ക് അത് അത്രയും രസിച്ചില്ല. കാരണം അവൾ നിൽക്കുമ്പോൾ വേണി അനുജത്തിയെ കൂട്ടികൊണ്ട് വരുന്നു..
.
ഇളം മഞ്ഞ നിറം ഉള്ള ഒരു ചുരിദാർ ആയിരുന്നു അവളുടെ വേഷം.
ഒരുപാട് ചമയങ്ങൾ ഒന്നും ഇല്ല..
ഒറ്റ നോട്ടത്തിൽ ഒരു ശാലീന സുന്ദരി.
പയ്യൻ (മിഥുൻ )നു അവളെ ഇഷ്ട്ടം ആയി എന്ന് അവന്റെ കണ്ണുകളിൽ നിന്ന് സേതു വായിച്ചു.
രണ്ടാളും പരസ്പരം സംസാരിച്ചു.
മിഥുന്റെ മാതാപിതാക്കൾക്കും അവളെ ബോധിച്ചു.
"ഞങ്ങൾക്ക് കുട്ടിയെ ഇഷ്ട്ടം ആയി.... "അവന്റെ അമ്മ കാർത്തുവിന്റെ കൈയിൽ പിടിച്ചു
"അപ്പോൾ ബാക്കി കാര്യങ്ങൾ ഒക്കെ... "ഗോപാലകൃഷ്ണൻ നായർ ദല്ലാളിനെ നോക്കി.
"നിങ്ങൾ എന്ത് കൊടുക്കും,, അതു ആദ്യം പറയു "
അയാൾ സേതുവിനെയും അച്ഛനെയും നോക്കി
"ഹ.. ഇതു എന്താണ് കാളകച്ചവടം ആണോ,,,, അങ്ങോട്ടും ഇങ്ങോട്ടു വില പറഞ്ഞു ഉറപ്പിക്കാൻ..
മിഥുന്റെ അമ്മാവൻ ദല്ലാളിനെ നോക്കി.
"ഇവർക്ക് ആവശ്യത്തിന് സ്വത്തും പണവും ഒക്കെ ഉണ്ട്, ഒറ്റ മകൻ ഒള്ളു എന്ന് അറിയാമല്ലോ, പിന്നെ പെണ്ണിന്റെ കുടുംബത്തിൽ നിന്ന് കൊണ്ടുവരുന്ന സ്ത്രീധനം കൊണ്ട് ജീവിക്കേണ്ട ഗതികേട് ഒന്നും വരില്ല.. അതു ഉറപ്പ്... "മിഥുന്റെ അമ്മാവൻ ആയിരുന്നു അത് പറഞ്ഞത്.
"ഹേയ്.. അങ്ങനെ ഒന്നും ഇല്ല... എന്നാലും ഞങ്ങളുടെ കുട്ടിയ്ക്ക് 101പവൻ സ്വർണം എങ്കിലും കുറഞ്ഞത് ഇട്ട് ആയിരിക്കും ഞങ്ങൾ അവളെ ഇറക്കുന്നത് "ഗോപാലകൃഷ്ണൻ നായർ അതു പറയുമ്പോൾ മിടിച്ചത് സേതുവിൻറെ ചങ്ക് ആണ്.
"എന്നാൽ പിന്നെ രണ്ട് കൂട്ടർക്കും ഇഷ്ട്ടം ആയ സ്ഥിതിക്ക് ഇതു നമ്മൾക്ക് ഉറപ്പിച്ചാലോ... "
ദല്ലാൾ ആണെങ്കിൽ സേതുവിനെ നോക്കി ഇളിച്ചു.
അവൻ അച്ഛനെ നോക്കിയപ്പോൾ ആ മുഖത്ത് സമ്മതഭാവം ആയിരുന്നു.
അങ്ങനെ അടുത്ത ഞായറാഴ്ച വേണ്ടപ്പെട്ടവർ എല്ലാവരും കൂടി ഓണാട്ടുകരയിലേക്ക് പുറപ്പെടാം എന്ന് തീരുമാനിച്ചു.
കുറച്ച് സമയം കൂടി ഇരുന്നിട്ട് എല്ലാവരും പിരിഞ്ഞു പോയി.
എല്ലാവരും അതീവ സന്തോഷത്തിൽ ആണ്...
ഗീത ആണെങ്കിൽ അനുജത്തിക്ക് കിട്ടിയ സൗഭാഗ്യം വര്ണിക്കുക ആണ്...
ഗോപനും ഭാര്യയും മാത്രം മുഖം വീർപ്പിച്ചു ഒരു വശത്തു നിൽപ്പുണ്ട്.
"ആട്ടെ... അച്ഛൻ എത്ര പവൻ സ്വർണം മേടിച്ചു വെച്ചിട്ടുണ്ട് അവൾക് "
വെട്ടിത്തുറന്ന് ഉള്ള സേതുവിൻറെ ചോദ്യത്തിന് മുന്നിൽ ആദ്യം എല്ലാവരും ഒന്ന് പകച്ചു.
"നീ എന്താണ് ഇങ്ങനെ ചോദിക്കുന്നത്,, ഒന്നും അറിയാത്തതു പോലെ "
അയാളും വിട്ട് കൊടുക്കുവാൻ തയ്യാറായില്ല.
"എനിക്ക് ഒന്നും അറിയാത്തത് കൊണ്ട് ആണ് അച്ഛാ.... എങ്ങനെ 101പവൻ സ്വർണം സ്ത്രീധനം കൊടുക്കും എന്നാണ് ഞാൻ ചോദിച്ചത്.. അച്ഛൻ എല്ലാവരുടെയും മുന്നിൽ വെച്ച് പറഞ്ഞത് അല്ലെ... '
"ഞാൻ പറഞ്ഞു.... ഇത്രയും പ്രതാപം ഉള്ള ആളുകളോട് പിന്നെ എന്നാ പറയണം ഞാൻ...അത് എങ്കിലും കൊടുക്കാതെ ഇറക്കി വിടാൻ പറ്റുമോ.. "
"അറിയാം അച്ഛാ... ഒക്കെ ശരി ആണ്.. പക്ഷെ എങ്ങനെ.. അത് പറയു.. "
അതിന് മറുപടി പറയാതെ അച്ഛൻ പുറത്തേക്ക് ഇറങ്ങി പോയി.
സേതു തന്റെ മുറിയിലേക്കും.
ആർത്തു വന്ന സന്തോഷം കെട്ടടങ്ങാൻ ഒരു നിമിഷം വേണ്ടി വന്നുള്ളൂ..
"സേതുവേട്ട.... "
കട്ടിലിൽ വെറുതെ കണ്ണടച്ച് കിടക്കുക ആയിരുന്നു സേതു.
പെട്ടെന്ന് അവൻ കണ്ണുകൾ തുറന്നു.
കാർത്തു ആണ്.
"എന്താണ് മോളേ... "
"ഏട്ടാ.... ഏട്ടൻ വിഷമിക്കുക ഒന്നും വേണ്ട,,, ആ വിവാഹം തന്നെ വേണം എന്ന് എനിക്ക് ഒരു നിര്ബന്ധവും ഇല്ല. നമ്മൾക്ക് വേറെ നോക്കാം... "
"ഹേയ് അത് ഒന്നും സാരമില്ല.. ഞാൻ വെറുതെ അച്ഛനോട് അങ്ങനെ ചോദിച്ചു എന്നേ ഒള്ളു.. "
"അത് സത്യം അല്ലെ ഏട്ടാ.... അച്ചൻ ഒന്നും അറിയാതെ അങ്ങനെ പറയാൻ പാടില്ലായിരുന്നു... നമ്മൾക്ക് ആ ബന്ധം വേണ്ട ഏട്ടാ "
"നിനക്ക് ആ പയ്യനെ ഇഷ്ട്ടം ആയോ മോളെ "
"ഏട്ടൻ അതൊന്നും ഇനി ചോദിക്കേണ്ട,,, എന്റെ ഏട്ടനെ ഇനിയും കഷ്ടപെടുത്താൻ ഞാൻ ഒരുക്കം അല്ല,,, അതുകൊണ്ട് നമ്മൾക്ക് ഈ ബന്ധം വേണ്ട "
പെട്ടന് ഗീത അവിടേക്ക് പ്രവേശിച്ചു.
"അങ്ങനെ ചുമ്മാ തള്ളിക്കളയാൻ വരട്ടെ,, നമ്മൾക്കു ഒന്നും കണി കാണാൻ പറ്റാത്ത ആളുകൾ ആണ് അവർ, നീ ഒന്നും ആലോചിക്കാതെ ഓരോന്ന് പറയല്ലേ "
ഗീത അനുജത്തിയെ കടുപ്പിച്ചു ഒന്ന് നോക്കി.