അപ്പോഴാണ് വാതിൽക്കൽ നിൽക്കുന്ന അശ്വതിയെ അവർ ശ്രദ്ധിച്ചത്...

Valappottukal


രചന: ജിഷ്ണു മുരളീധരൻ


കുട്ടൻ

********

"ആഹാ, മോൻ എഴുന്നേറ്റോ, ഞാൻ ആദ്യം വന്നപ്പോ നീ നല്ല ഉറക്കമായിരുന്നല്ലോ."


അമ്മയെ കണ്ടതും ജയദേവൻ കട്ടിലിൽ നിന്നെഴുന്നേറ്റു. അയാളുടെ മുഖം മ്ലാനമായിരുന്നു.


"എന്താ മോനേ, എന്തുപറ്റി? എന്താ നിന്റെ മുഖത്തൊരു വിഷമം?"


"ലക്ഷ്മി ഇതുവരെ വന്നില്ലല്ലോ അമ്മേ. ഇവിടുന്ന് പോയിട്ട് നാളെത്രയായി."


മകന്റെ വാക്കുകൾ കേട്ട ഗൗരിയമ്മ പെട്ടെന്ന് നിശ്ശബ്ദയായി.


"അതിന് മോനെന്തിനാ വിഷമിക്കുന്നേ, മോള് വേറെങ്ങും പോയതല്ലല്ലോ, അവൾടെ വീട്ടിലേക്കല്ലേ."


അത്‌ പറയുമ്പോൾ അവരുടെ മുഖത്തും സങ്കടം നിഴലിച്ചിരുന്നു.


"ഞാൻ അന്നേ പറഞ്ഞതാ പ്രസവം ഇവിടെ മതീന്ന്. രണ്ടാളും കേട്ടില്ല."


"അതെങ്ങനെ ശരിയാവും മോനേ. ആദ്യത്തെ പ്രസവമല്ലേ. അത്‌ അവിടെ തന്നെ വേണം. അതാ അതിന്റെ ശരി. അത്‌ അവരുടെ അവകാശാ."


"ഉം. ഞാനെന്തായാലും അവിടെ വരെ ഒന്നു പോകുവാ. അവളേം കുഞ്ഞിനേം കാണണം. പറ്റിയാൽ ഇന്ന് തന്നെ ഇങ്ങോട്ട് കൊണ്ടുവരണം."


ഗൗരിയമ്മ മകനെ അടിമുടിയൊന്നു നോക്കി. പെട്ടെന്ന്, ജയദേവന്റെ കയ്യിൽ കാറിന്റെ കീ ഇരിക്കുന്നത് ഗൗരിയമ്മ ശ്രദ്ധിച്ചു. അയാൾ എന്തൊക്കെയോ തീരുമാനിച്ചുറപ്പിച്ച മട്ടാണ്.


"അതൊന്നും വേണ്ട മോനേ. ഒന്ന് രണ്ടു ദിവസം കഴിഞ്ഞാ അവളും കുഞ്ഞും ഇങ്ങോട്ട് തന്നെ വരുമല്ലോ. പിന്നെന്താ."


ഗൗരിയമ്മ മകനെ തടയാൻ ശ്രമിച്ചു. എന്നാൽ ഫലമുണ്ടായില്ല. അയാൾ പുറത്തേക്കിറങ്ങാൻ തുടങ്ങിയപ്പോൾ കാളിങ്ങ് ബെൽ ശബ്ദിച്ചു. ഗൗരിയമ്മ വാതിൽക്കലേക്ക് പോയി.


"ഹാ, ഏട്ടനായിരുന്നോ? അല്ല, അച്ചു മോളുമുണ്ടല്ലോ."


"അവളിന്നലെ വന്നതാ. നിങ്ങളെ കാണണോന്നും പറഞ്ഞു രാവിലെ തന്നെ എന്റെ കൂടെ ഇങ്ങോട്ട് പോന്നു."


ശങ്കരൻ  നായർ ഗൗരിയമ്മയുടെ ജ്യേഷ്ഠനാണ്. ഏക മകൾ അശ്വതി , ബാംഗ്ലൂരിൽ പഠിക്കുന്നു .


"നിനക്ക് എത്ര ദിവസത്തെ ലീവുണ്ട്?"


ജയദേവൻ അശ്വതിയോട് ചോദിച്ചു.


"മൂന്നാഴ്ച ഞാനിവിടുണ്ട്"


"അല്ലാ, കുട്ടൻ എവിടേക്കോ പോകാനുള്ള തയ്യാറെടുപ്പിലാണെന്ന് തോന്നുന്നൂ."


"ഞാൻ ലക്ഷ്മിയെ കാണാൻ ഇറങ്ങുവാരുന്നു അമ്മാവാ."


അടുത്ത നിമിഷം, അദ്ദേഹത്തിന്റെ കണ്ണുകൾ, നിസ്സഹായയായ തന്റെ സഹോദരിയുടെ മേൽ പതിച്ചു. അവർ കരച്ചിലടക്കി നിൽക്കുകയാണ്.


"ഹാ, കുട്ടാ പറയാൻ മറന്നു. ഇങ്ങോട്ട് വരുന്ന വഴിക്ക് ടൗണിൽ വച്ച് രാഘവേട്ടനെ കണ്ടു. ഇന്ന് വൈകിട്ട് ലക്ഷ്മിയേം കുഞ്ഞിനേം ഇവിടെ കൊണ്ടുവന്നു വിടുമെന്നാ പറഞ്ഞേ."


അടുത്ത നിമിഷം ജയദേവന്റെ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു. ആ സമയം ഗൗരിയമ്മ ഇടപെട്ടു.


"കണ്ടോ, ഇപ്പൊ എങ്ങനുണ്ട്. അവള് വൈകിട്ടിങ്ങെത്തും. പിന്നെന്തിനാ നീ വെറുതേ പെട്രോളും കത്തിച്ച് അവിടം വരെ പോണേ. വാ വന്നു വല്ലതും കഴിക്ക്."


"എനിക്കൊന്നും വേണ്ട. ഞാൻ കുറച്ചു നേരം കിടക്കട്ടെ."


"ഉം, അല്ലേലും ലക്ഷ്മി വരുന്നൂന്ന് കേട്ടാ പിന്നെ കുട്ടന് വിശപ്പും ദാഹവുമൊന്നും ഉണ്ടാവില്ലല്ലോ"


അയാൾ മുറിയിലേക്ക് പോകാൻ ഭാവിച്ചപ്പോൾ അമ്മാവൻ തമാശ രൂപേണ പറഞ്ഞു. ജയദേവൻ പുഞ്ചിരിച്ചു കൊണ്ട് അവിടം വിട്ടു. അടുത്ത നിമിഷം, ഗൗരിയമ്മ വിങ്ങിപ്പൊട്ടി.


"ഗൗരി, നീ എന്താ ഇങ്ങനെ കൊച്ചു കുട്ടികളെപ്പോലെ? കരയാതിരിക്കൂ."


"എനിക്ക് വയ്യ ഏട്ടാ എന്റെ മോനെ ഇങ്ങനെ കാണാൻ. എത്രാന്ന് വച്ചാ സഹിക്ക്യാ. എന്തുമാത്രം സ്നേഹിച്ചതാ അവൻ അവളെ. എന്നിട്ടും കരുണ കാട്ടിയില്ലല്ലോ ഈശ്വരന്മാര്."


"ഈശ്വരന്മാർക്ക് അസൂയ തോന്നീട്ട്ണ്ടാവും. അല്ലാതെന്താ പറയ്യാ. എല്ലാം വിധിയാണെന്ന് കരുതുക."


"ലക്ഷ്മിയേടത്തീടെ ചിരി ഇപ്പോഴും കണ്ണീന്ന് മായണില്ല. ഒരു വർഷം കഴിഞ്ഞിട്ടും, പോയീന്നു വിശ്വസിക്കാൻ ഇപ്പോഴും വല്ല്യ പാടാ."


അശ്വതി, അമ്മായിയെ ആശ്വസിപ്പിക്കുന്നതിനൊപ്പം സ്വയം പറഞ്ഞു.


ഗൗരിയമ്മ അല്പനേരം ഒന്നും മിണ്ടിയില്ല. അവർ കഴിഞ്ഞുപോയതെന്തൊക്കെയോ ഓർത്തെടുക്കുകയായിരുന്നു.


"ആദ്യത്തെ പ്രസവം വീട്ടിൽ തന്നെ വേണോന്ന് നിനക്കെന്താ ഇത്ര നിർബന്ധം? ഇവിടെ നല്ല ഹോസ്പിറ്റൽ ഇല്ലാഞ്ഞിട്ടാണോ? അവിടെ ആരാ നിന്നെ ശ്രദ്ധിക്കാൻ?"


"അത് ശരി, അപ്പൊ എന്റെ അച്ഛനും അമ്മേം എന്നെ നോക്കില്ലെന്നാണോ ജയേട്ടൻ പറയണേ?"


ലക്ഷ്മി പരിഭവിച്ചു.


"എന്നൊന്നും ഞാൻ പറഞ്ഞില്ല. എന്തോ, എനിക്ക് നിന്നെ പറഞ്ഞു വിടാൻ മനസ്സ് വരുന്നില്ല."


"കഴിഞ്ഞില്ലേ, ഇനിയും നിന്നാ ഇറങ്ങാൻ നേരം വൈകും. പുറത്തു നിന്നും അമ്മ വിളിച്ചു പറഞ്ഞു.


"ജയേട്ടന്റെ പ്രശ്നമെന്താണെന്നറിയോ? നിങ്ങൾക്കെന്നെ ഒത്തിരി ഇഷ്ടമാ. വെറും ഇഷ്ടമല്ല, ഒന്നാന്തരം ഭ്രാന്ത്‌."


അവൾ കളിയാക്കി ചിരിച്ചു. എന്നിട്ട് അലമാരയിൽ നിന്നും ഒരു സാരിയെടുത്ത് ഭർത്താവിന് നേർക്ക് നീട്ടി.


"നമ്മുടെ കല്യാണം കഴിഞ്ഞ് എനിക്ക് ആദ്യമായി വാങ്ങിത്തന്ന സാരിയാ ഇത്‌. ഇന്ന് മുതൽ, രാത്രി ഇതും കെട്ടിപ്പിടിച്ചുറങ്ങിക്കോ. ഇതിലിപ്പോഴും എന്റെ മണമുണ്ട്."


ജയദേവൻ ആ സാരി നെഞ്ചോടു ചേർത്തു.


"പിന്നേ, ഒരു കാര്യം ഞാൻ പറയാം, മൂന്ന് മാസമെന്ന് പറഞ്ഞാൽ കൃത്യം മൂന്ന് മാസം. അത് കഴിഞ്ഞാ ഞാനിങ്ങ് കൊണ്ടുപോരും"


"കൊണ്ടുപോരണം. മാത്രമല്ല, എന്നെ കാണണോന്ന് തോന്നുമ്പോ, എനിക്ക് കാണണോന്ന് തോന്നുമ്പോ ഓടി വരികേം വേണം."


"റാൻ."


ലക്ഷ്മി ചിരിച്ചു.


"ഇനീം ഇവിടെ നിന്നാ അമ്മ അകത്തേക്ക് വരും. അത് വേണ്ട. നമുക്ക് പുറത്തേക്ക് ചെല്ലാം."


പുറത്തേക്ക് പോകാൻ ഭാവിച്ച ലക്ഷ്മിയെ ജയദേവൻ തന്നിലേക്ക് വലിച്ചടുപ്പിച്ചു. എന്നിട്ട് മൃദുവായി അവളുടെ നെറ്റിയിൽ ചുംബിച്ചു

                                 *******


"ഇവിടുന്നിറങ്ങി രണ്ട് മണിക്കൂറ് കഴിഞ്ഞപ്പോ ഒരു ഫോൺ വന്നു. അവര് പോയ കാറ് ഒരു ലോറിയുമായി കൂട്ടിയിടിച്ചൂന്ന്. അപകടത്തിൽ ലക്ഷ്മീം അവൾടെ വയറ്റിലുണ്ടായിരുന്ന കുഞ്ഞും..."


പറഞ്ഞു വന്നത് പൂർത്തിയാക്കാനാവാതെ ഗൗരിയമ്മ പൊട്ടിക്കരഞ്ഞു.


"എല്ലാം കേട്ടപ്പോ കുട്ടൻ കരഞ്ഞില്ല, ഒന്നും പറഞ്ഞുമില്ല. കല്ല് പോലെ ഒരേ ഇരിപ്പായിരുന്നു. ആശുപത്രിയിലേക്ക്‌ പോകാനും കൂട്ടാക്കിയില്ല. ലക്ഷ്മിയുടെ ബോഡി കൊണ്ടുവന്നപ്പോ അവളുടെ സാരീം കെട്ടിപ്പിടിച്ച് അവൻ അവളുടെ അടുത്തിരുന്ന ഇരിപ്പ് ഇപ്പോഴും എന്റെ കണ്മുന്നിലുണ്ട്."


അശ്വതി, രണ്ടുപേരെയും മാറി മാറി നോക്കി.


"ലക്ഷമീടെ മരണശേഷം, മൂന്നു ദിവസം അവൻ മുറീന്ന് പുറത്തിറങ്ങിയില്ല. ഒടുക്കം ഒരു ദിവസം എന്നോട് വന്ന് ചോദിച്ചൂ, ലക്ഷ്മി വീട്ടിൽ പോയിട്ട് എന്താ ഒന്ന് വിളിക്കുക പോലും ചെയ്യാത്തേന്ന്. അവിടം തൊട്ടാ എന്റെ മോന്റെ മനസ്സ് താളം തെറ്റാൻ തുടങ്ങീത്. ലക്ഷ്മി പറഞ്ഞത് പോലെ അവളോടുള്ള സ്നേഹക്കൂടുതൽ കൊണ്ട് അവൻ ഭ്രാന്തനായി."


ഗൗരിയമ്മ കണ്ണ് തുടച്ചു കൊണ്ട് തലയുയർത്തി അശ്വതിയെ നോക്കി. അവളും കരയുകയായിരുന്നു.


"കഴിഞ്ഞ ഒരു കൊല്ലത്തിനിടയ്ക്ക് ആരെയൊക്കെ കണ്ടു, എന്തൊക്കെ മരുന്നു കഴിച്ചു. എന്നിട്ടും മാറ്റമൊന്നുമില്ല. പറഞ്ഞിട്ട് കാര്യമില്ല, ഇത്രേം നാളായിട്ടും ലക്ഷ്മി പോയീന്നുള്ള കാര്യം അംഗീകരിക്കാൻ കുട്ടന് കഴിഞ്ഞിട്ടില്ല. പിന്നെന്ത് ചെയ്തിട്ടെന്താ. "


ശങ്കരൻ നായർ പറഞ്ഞു നിർത്തി. ഗൗരിയമ്മ പതിയെ എഴുന്നേറ്റ് ജയദേവന്റെ മുറി ലക്ഷ്യമാക്കി നടന്നു. അശ്വതി, അമ്മായിയെ പിന്തുടർന്നു.


ഗൗരിയമ്മ മുറിയിലേക്ക് കടന്നു ചെല്ലുമ്പോൾ, ജയദേവൻ ലക്ഷ്മിയുടെ സാരിയും നെഞ്ചോട് ചേർത്ത് ഉറങ്ങുകയായിരുന്നു. ആ അമ്മ ശബ്ദമുണ്ടാക്കാതെ സ്വന്തം മകന്റെ അരികിലിരുന്നു. എന്നിട്ട് കട്ടിലിന്റെ അറ്റത്ത് കിടന്നിരുന്ന ചങ്ങല കൊണ്ട് അവന്റെ കാലുകൾ ബന്ധിച്ചു. അപ്പോഴാണ് വാതിൽക്കൽ നിൽക്കുന്ന അശ്വതിയെ അവർ ശ്രദ്ധിച്ചത്.


"അവൻ നല്ല ഉറക്കാ. ഉറങ്ങട്ടെ, ഒന്നുമറിയാതെ സുഖായിട്ട് ഉറങ്ങട്ടെ എന്റെ മോൻ."


അടുത്ത നിമിഷം, ഒരു നിലവിളിയോടെ അശ്വതി അവിടം വിട്ടു.

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !
To Top