രചന : വിജയ് സത്യ
അമ്മ തന്നെ അമ്മായിയമ്മ
=====================
തൊട്ടടുത്ത ക്ഷേത്രത്തിലെ സുപ്രഭാത ഗാനം കേട്ടുകൊണ്ടാണ് അവൾ കണ്ണ് തുറന്നത്.
അപ്പോഴും അവൾ ഭർത്താവ് വിപിന്റെ കരവലയത്തിൽ തന്നെയാണ്.
ശരീരമാസകലം രോമമുള്ള വിപിന്റെ നെഞ്ചത്ത് അതിലേറെ കട്ടപിടിച്ച രോമമാണ്. വിപിന്റെ കരവലയത്തിൽ കിടന്ന് അതിൽ മുഖം പൂഴ്ത്തി അങ്ങനെ കിടക്കാൻ സജിനയ്ക്ക് എന്തൊരു രസമാണെന്നോ..
ഉണർന്നാലും കുറേസമയം അങ്ങനെ തന്നെ കിടക്കും. ചിലപ്പോൾ അവിടെ കിടന്നു അവന്റെ നെഞ്ചത്ത് മൂക്കുകൊണ്ടും വായ്ക്കൊണ്ടും എന്തൊക്കെയോ കുസൃതികൾ ഒപ്പിക്കും. അപ്പോഴാണ് വിപിൻ ഉണരുക..
കലക്ടറേറ്റിൽ ആണ് സജിനിക്ക് ജോലി.
വിപിൻ ആണെങ്കിൽ ഒരു പ്രൈവറ്റ് കമ്പനിയിലും.
സജിനയ്ക്ക് ഇന്ന് ശമ്പളം കിട്ടുന്ന ദിവസമാണ്.
വിവാഹശേഷം ഭർത്തൃഗൃഹത്തിൽ വന്നതിനുശേഷം ജോലിക്ക് പോയിട്ട് ഒരു മാസം തികഞ്ഞു.
അതിന്റെ ഉത്സാഹം അവൾക്കുണ്ട്. ചാടി എണീക്കാൻ ശ്രമിച്ചു അപ്പോഴാണ് വിപിന്റെ കൈക്കുള്ളിൽ താൻ ലോക്ക് ആണെന്ന് മനസ്സിലായത്.
അവന്റെ കരം പതുക്കെ വിടർത്തി അവനെ ഉണർത്താതെ എഴുന്നേൽക്കാൻ ശ്രമിച്ചു..
ഭയങ്കര ബലം.. നേരത്തെ നെഞ്ചത്ത് കുസൃതി ഒപ്പിക്കുമ്പോൾ ഉണർന്നിരുന്നു എന്നിട്ടും അറിയാതെ പോലെ കിടക്കുകയായിരുന്നു കള്ളൻ.
അവൾക്ക് ബലം കണ്ടപ്പോൾ മനസ്സിലായി.
ഒന്നു രണ്ടു പ്രാവശ്യം അവൾ ശ്രമിച്ചു ഊരി പോരാൻ.. അപ്പോഴൊക്കെ അവൻ ബലം പ്രയോഗിച്ചു ഒന്നും അറിയാതെ പോലെ ഉറങ്ങിക്കിടന്നു.
മണി അഞ്ചരയാകുന്നതേയുള്ളൂ എങ്കിൽ കുറച്ചും കൂടി കിടക്കാം. ആറുമണിക്കാണ് അലാറം ഉള്ളത്.
അവൾ അവനെ കെട്ടിപ്പിടിച്ചു ഒന്നുകൂടി ചേർന്ന് കിടന്നു.
അതോടുകൂടി ഉറങ്ങുകയായിരുന്നു വിപിന്റെ ആലസ്യം പമ്പകടന്നു..
അയ്യേ ഇപ്പൊ വേണ്ട
എന്തിനൊക്കെ ഒരുങ്ങുകയായിരുന്ന വിപിനെ തടഞ്ഞുകൊണ്ട് സജിന പറഞ്ഞു.
അതെന്താ നിനക്ക് പ്രഭാതത്തിൽ എന്നും സെക്സ് അലർജി ആണോ..?
അവൻ തമാശ രൂപേണ ചോദിച്ചു.
ഏയ് പ്രഭാതത്തിൽ പാടില്ല.പൊട്ടൻ ജനിക്കും..
ബ്രാഹ്മമുഹൂർത്തേ പതിപത്നി നാ സംസർഗ്ഗം .. എന്നാണ് പ്രമാണം.
സജിന തന്റെ വേദ പാണ്ഡിത്യത്തിലെ അറിവ് പങ്കുവച്ചു.
അങ്ങനെയും പ്രമാണത്തിൽ ഉണ്ടോ അവൻ ചിരിച്ചു..
ഉണ്ട് ഉണ്ട്..!
കുസൃതിയോടെ പറഞ്ഞു ചിരിച്ചു.
വൈകിട്ട് ജോലിയൊക്കെ കഴിഞ്ഞ് ഓഫീസിൽ നിന്നും ഇറങ്ങുമ്പോൾ
35,000 രൂപ അക്കൗണ്ടിൽ ക്രെഡിറ്റ് ആയതായി മെസ്സേജ് വന്നു..
സജിനയുടെ വിവാഹശേഷം അവളുടെ അമ്മവീട്ടിലെ ചിലവിന്റെ കാര്യം പരുങ്ങലിലാണ്. അവളാണ് കുടുംബം നോക്കിയിരുന്നത്.. അമ്മയും പ്ലസ്ടുവിന് പഠിക്കുന്ന സഹോദരിയുമാണ് അവളുടെ വീട്ടിൽ..
മോളെ സജിതയുടെ ഫീസ് അടക്കാനായി.. സുധാകരന്റെ കടയിലെ പറ്റു കാശു രണ്ടുമാസമായി കൊടുത്തിട്ടില്ല.. പിന്നെ കരണ്ടു ബിൽ, ഗ്യാസ്, പാലും, അമ്മടെ മരുന്നും തീർന്നു..
രണ്ടു നാൾ മുമ്പേ അമ്മേടെ ആവലാതി കേട്ടതാണ്...
അനിയത്തിയുടെ അക്കൗണ്ടിലേക്ക് വീട്ടിലെ ചെലവിന് ആവശ്യമുള്ള പണം അയക്കണമെന്നുണ്ട്.. വിപിൻ ചേട്ടൻ അറിയാതെ എങ്ങനെയാണ്..?
ഭർതൃവീട്ടിൽ ആണെങ്കിൽ ഭർത്താവിന്റെ മാതാപിതാക്കൾ ഉണ്ട്.. ഇവിടെ ഈ വീട്ടിൽ നിന്നുകൊണ്ട് ജോലിചെയ്തു ശമ്പളം തന്റെ കുടുംബം നോക്കാൻ ചെലവഴിച്ചാൽ വല്ലതും പറയുമോ എന്ന ഭയവും ഉള്ളിൽ ഉണ്ട്..
എല്ലാത്തിനും പരിഹാരമായി ഒരു വഴി കണ്ടുപിടിക്കണമല്ലോ... അവൾ നേരെ ഏടി എം കൗണ്ടറിലേക്ക് നടന്നു...
പിറ്റേന്ന് വൈകിട്ട്....
സജിന ഓഫിസിലെ ജോലി കഴിഞ്ഞു വരുമ്പോഴേക്കും അച്ഛൻ എന്നത്തേയും പോലെ ടീവി ന്യൂസ് കണ്ടുകൊണ്ട് ചായ ഊതി കുടിക്കുകയാണ്.
അമ്മ പതിവുപോലെ അടുക്കളയിലുണ്ട്.
കഴിഞ്ഞ ഒരുമാസമായി ജോലി കഴിഞ്ഞു വരുമ്പോൾ വാത്സല്യപൂർവ്വം അമ്മയുടെ കൈയിൽ നിന്നും കിട്ടുന്ന ചായയുടെ രുചി അവളുടെ നാവിൻതുമ്പിൽ തത്തിക്കളിച്ചു..
അവൾ ബാഗുമായി അടുക്കളയിലേക്ക് ചെന്നു..
നീ വന്നോ... ദേ ഒരു ഗ്ലാസ് ചായ..അച്ഛന് കൊടുത്തു...ഇത് നീയും കഴിച്ചോ..
ഒരു കുഞ്ഞു ടിപ്പിനിൽ ഉച്ചക്ക് രണ്ട് വറ്റ് വാരി തിന്നതല്ലേ.ഈ ഉപ്പ് മാവും തിന്നോ...
അമ്മ ഒരു ഗ്ലാസ് ചായ അവളുടെ കയ്യിൽ ഏൽപ്പിച്ചു പറഞ്ഞു..
ഒരു മിനിറ്റ് അമ്മേ..
അതും പറഞ്ഞ് അവൾ ബാഗിൽ നിന്നും അവളുടെ ടിഫിൻ ബോക്സ് പുറത്തെടുത്ത് അടുക്കളയിലെ തട്ടിൽ വച്ചു..
സജിന ഇന്നലെ എന്തു പണിയാ ചെയ്തത്.?
എന്താ അമ്മേ?
ശമ്പളം കിട്ടിയപ്പോൾ മുഴുവനും അത് ഇവിടത്തെ അച്ഛന്റെ കയ്യിൽ കൊണ്ട് കൊടുത്തല്ലോ അതെന്തിനാ..
ഞാൻ ഇവിടെ വന്നു കേറിയ മരുമകൾ അല്ലേ.. ഇവിടെ വന്നതിനുശേഷം ഞാൻ ആദ്യമായി ജോലിക്ക് പോയപ്പോൾ ആ ശമ്പളം ഇവിടുത്തെ അച്ഛന്റെ കയ്യിൽ അല്ല കൊടുക്കേണ്ടത്.. അച്ഛൻ ആണല്ലോ ഇവിടുത്തെ ചെലവ് കാര്യങ്ങളൊക്കെ നോക്കുന്നത്..?
ഓഹോ.. ഇത് നല്ല കഥ..ഇത് അച്ഛന്റെ വീടല്ലേ.. അച്ഛന്റെ കൈയിൽ ആവശ്യമുള്ള കാശുണ്ടല്ലോ..പിന്നെ മോളു നൽകുമ്പോൾ അച്ഛൻ അതു വാങ്ങിയത്, മോൾടെ ഒരാഗ്രഹം നടന്നു കാണട്ടെ എന്നു കരുതിയാ..പെട്ടെന്നു മരുമകൾ കൊണ്ട് തരുന്ന കൈനീട്ടം മടക്കുന്നത് വിഷമം ആകേണ്ട എന്ന് കരുതിയാണ്.. അച്ഛൻ അത് അങ്ങനെ തന്നെ എന്റെ കയ്യിൽ ഏൽപ്പിച്ചിട്ടുണ്ട്..
ആ കാശു വിപിനെയോ അല്ലെങ്കിൽ നിന്നെത്തന്നെ തിരിച്ചു ഏൽപ്പിക്കാനും എന്നിട്ട് മോൾടെ വീട്ടിലെ കാര്യങ്ങൾ പഴയത് നടത്തിക്കാനും പറഞ്ഞു..
ആണോ പാവം അച്ഛൻ..
ഇനി മോളു ശമ്പളം കിട്ടുന്ന കാശിൽ നിന്നും ഒരു പങ്കു വീട്ടുകാർക്കും നൽകി ബാക്കിയുള്ളതു മോള് ത്തന്നെ സൂക്ഷിച്ചോ.. മോളുടെ വീട്ടിൽ ആരാ പിന്നെ സഹായത്തിനു ഉള്ളത്.. ഉള്ളതിൽ മൂത്തവളായ മോളെ നന്നേ ബുദ്ധിമുട്ടി ഇത്രാടം പഠിപ്പിച്ചു ഒരു ജോലി കിട്ടിയതല്ലേ..? ഭർത്താവ് നേരത്തെ മരിച്ച ആ അമ്മ എന്തോരം കഷ്ടപ്പെട്ടിട്ടുണ്ടാകും നിങ്ങൾ രണ്ടുപേരെയും വളർത്താനും പഠിപ്പിക്കാനുമായിട്ട്..നിന്റെ താഴെയുള്ളതാണെങ്കിൽ ഇപ്പോഴും പഠിപ്പ് കഴിഞ്ഞിട്ട് പോലുമില്ല.. കഴിഞ്ഞ ഒന്ന് രണ്ടു വർഷമായിട്ടാണെങ്കിൽ മോൾടെ ജോലിയിൽ നിന്നും കാശു കൊണ്ടാണ് അല്ലലില്ലാതെ നിങ്ങൾ മൂവരും കഴിഞ്ഞത്..
അവർ നടു ഒന്ന് നിവർത്തി വരുന്നതേ ഉണ്ടായുള്ളൂ.. പെണ്മക്കൾ ആയ പിന്നെ എന്താ ചെയ്ക കെട്ടിച്ചയക്കാതെ പറ്റുമോ... മോളാണ് ആ വീടിന്റെ ആശ്രയമായി ഉണ്ടായത്..ഈ വിവാഹം കാരണം അവർ ബുദ്ധിമുട്ടരുത്..
അതുകൊണ്ട് ത്തന്നെ ആ കൊച്ചിനൊരു ജോലി കിട്ടുവരെ മോൾടെ കാശു ഇവിടാർക്കും വേണ്ട..കൂടാതെ അവർക്ക് മറ്റ് വല്ല കാര്യങ്ങൾക്കുമായി വലിയ തുകയ്ക്ക് എന്തെങ്കിലും അത്യാവശ്യം വന്നാൽ വിപിനോടും സഹായിക്കാൻ പറയണം.. കാരണം അവന്റെ ചില്ലിക്കാശുപോലും ഞങ്ങൾ ഇവിടെ ചെലവിന് എടുക്കാറില്ല.. ഗവൺമെന്റ് സർവീസിൽ ഉണ്ടായ ഞങ്ങൾക്ക് രണ്ടുപേർക്കും വേണ്ടത്ര പെൻഷൻ ഉണ്ട്. അതക്കോ പോരെ കഞ്ഞികുടിച്ചു കഴിയാൻ..
ഇതാ കാശു മുഴുവനും .. മോൾ അവർക്ക് വേണ്ടത് ചെയ്യ്...
സജിനയ്ക്ക് കണ്ണുനിറഞ്ഞുപോയി.. ഇത്രയും തങ്കപ്പെട്ട മനസുള്ള നല്ലൊരു അമ്മയെ കിട്ടുമോ.. ഒക്കെ കണ്ടറിഞ്ഞു ചെയ്യുന്ന ഇവര് അമ്മായി അമ്മയല്ല അമ്മ തന്നെയാണ്.....
വൈകിട്ട് വിപിൻ വന്നപ്പോൾ അവനെയും അവൾ ആ കാശു ഏൽപ്പിക്കാൻ പോയി..
സാലറി എങ്ങനെ ക്യാഷ് ആയി കിട്ടിയത്..? അക്കൗണ്ടിൽ വന്നില്ലായിരുന്നോ..?
വന്നു ഇവിടുത്തെ അച്ഛനുമമ്മക്കും കൊടുക്കാൻ ഞാൻ എടുത്തു കൊണ്ടുവന്നതാ..
അതെന്താ അവര് കാശ് കാണാണ്ടിരിക്കുന്നവരാണെന്നോ തന്റെ വിചാരം..
അത് പിന്നെ...നാട്ടുനടപ്പ്....
എന്ത് നാട്ടുനടപ്പ് നിന്റെ വീട്ടിലെ കാര്യങ്ങൾ മറന്നോ സജിതയുടെയുടെ അക്കൗണ്ടിൽ ഇട്ടു കൊടുക്കാമായിരുന്നില്ലേ.. ഒരുമാസമായി കഷ്ടപ്പെടുകയായിരിക്കും അവർ...
ഈശ്വരാ അച്ഛനമ്മമാരെ പോലെ തന്നെ ഈ മോനും....
അവളുടെ കണ്ണ് വീണ്ടും നിറഞ്ഞു പോയി.
എന്തിനാ കരയുന്നത്?
വിപിൻ അവളെ കെട്ടിപ്പിടിച്ച് ആശ്ലേഷിച്ചു.
പിറ്റേന്ന് രാവിലെ ജോലിക്ക് പോയപ്പോൾ അവൾ സജിതയെ വരാൻ ആക്കി കാശ് ഏൽപ്പിച്ചു.