രാത്രി ഓൺ ആക്കിയിട്ട് അലക്കി കഴിഞ്ഞു വിരിക്കാനുള്ള തുണികൾ വാഷിംഗ്‌...

Valappottukal


രചന: സ്മിത ക്ലെമു


ഇന്ന് ഞാൻ നാളെ നീ..അപ്പോൾ മറ്റന്നാളോ?

***********************************************


നാളെത്തെ ഇഡ്ലി എങ്കിലും സോഫ്റ്റ്‌ ആയാൽ മതിയായിരുന്നെന്ന് ഓർത്തായിരുന്നു പതിവ് പോലെ ഞാൻ ഉറക്കത്തിലേക്ക് വഴുതി വീണത്..


രാവിലെ അലാറം കിടന്നു അമറുന്ന കേട്ട് എഴുന്നേൽക്കാൻ തുടങ്ങുമ്പോഴാണ് കൈയും കാലുമൊക്കെ ആരോ കെട്ടി വച്ചത് പോലെ തോന്നിയത്.


ഈ ഇഡ്ഡലി അപ്പുറത്തെ പറമ്പിലെ പൂച്ചയെ എറിയാം എന്ന ശബ്ദം കാതുകളിൽ അലയടിച്ചു കൊണ്ടിരുന്നു.


ഇച്ചായാ എന്നുറക്കെ വിളിച്ചു കരയുമ്പോൾ ശബ്ദം പുറത്തേക്ക് വരുന്നില്ല..


ഇനി ഇഡ്ഡലി ഉണ്ടാക്കാൻ ഞാനില്ലെന്ന സത്യമെന്നേ നോക്കി പല്ലിളിച്ചു.


അതേ ഞാൻ മരിച്ചു പോയിരിക്കുന്നു.


എങ്കിലും എങ്ങനെയോ പതിയെ എഴുന്നേറ്റ് അടുക്കളയിലേക്ക് നടന്നു.


വലിയൊരു കൂട്ടകരച്ചിൽ എന്നെയവിടെ പിടിച്ചു നിർത്തി..


കരയട്ടെ എല്ലാരും കരയട്ടെ എന്നെ കുറേ കരയിപ്പിച്ചത് അല്ലേ..


ഇഡ്ലി മാവ് പുളിച്ചു പതഞ്ഞു പുറത്ത് ചാടിയിട്ടുണ്ട്.


ഫ്രിഡ്ജ് തുറന്നപ്പോൾ,ഇച്ചായന് ഇഷ്ട്ടമുള്ള 

തോരനുള്ള ഒടിയൻ പയറ് രാവിലെ നേരം വൈകാതെ ഇരിക്കാൻ തലേന്ന് വേവിച്ച് വച്ചത് എന്നെ നോക്കി ഇരിപ്പുണ്ടായിരുന്നു.


രാവിലെ മിക്സി അടിക്കുമ്പോൾ ആരുടേയും ഉറക്കം കളയാതിരിക്കാൻ തലേന്ന് തന്നെ അരച്ചു വച്ച ചട്ണി കടുക് വറക്കാനുള്ള അതിന്റെ ഊഴവും കാത്തിരിപ്പുണ്ട്.എന്നെയാണോ ആദ്യം എടുക്കുന്നത് തണുത്തു മരവിച്ചല്ലോ ഒന്ന് ചൂടാക്കൂ എന്ന് പറഞ്ഞത് പതം പറയുന്നുണ്ട്.


തലേന്ന് മാങ്ങയിട്ട് വച്ച അയലക്കറിയും പ്രതീക്ഷയോടെ എന്നെ നോക്കുന്നുണ്ട്.

എല്ലാരേയും നോക്കി പതിയെ പുഞ്ചിരിച്ച് ഫ്രിഡ്ജ് അടച്ചു.


രാത്രി ഓൺ ആക്കിയിട്ട് അലക്കി കഴിഞ്ഞു വിരിക്കാനുള്ള തുണികൾ വാഷിംഗ്‌ മെഷിനിൽ കിടപ്പുണ്ട്.


വീടൊക്കെ എപ്പോഴും വൃത്തിയും ക്ലീനും ആയിരിക്കും അതോണ്ട് ആരും വന്നാൽ കുറ്റം പറയില്ല.


ഹാ പുറത്ത് ഉറക്കെയുള്ള കരച്ചിൽ കേൾക്കുന്നുണ്ട് അമ്മച്ചിയാണ്..


അവസാനത്തെ കണ്മണിയുടെ വിയോഗം താങ്ങുവാൻ പാവത്തിന് കഴിയുന്നുണ്ടാകില്ല.അപ്പച്ഛൻ പിന്നെ ഉറക്കെ കരയില്ലല്ലോ..

അന്ന് കല്യാണത്തിന് കൈപിടിച്ച് ഏൽപ്പിച്ചു അവിടെ ചുമരിൽ മുഖം പൂഴ്ത്തി അടക്കി കരഞ്ഞ അപ്പച്ചന്റെ മുഖം ഓർമ്മയിലേക്ക് വന്നു.


പതിയെ പുറത്ത് എത്തിയപ്പോൾ കുറേ പേര് പന്തൽ ഇടുന്നുണ്ട്.ആരൊക്കയോ കസേരകൾ ഇറക്കുന്നുണ്ട്.


അവനെ അറിയിക്കണ്ടേ എന്നാരോ ചോദിക്കുന്നുണ്ട്.വേണ്ട..അരുത് പറയരുത് കുഞ്ഞിപ്പെങ്ങൾ ഈ ലോകത്ത് നിന്നും പോയെന്ന് കേട്ടാൽ എന്റെ ആങ്ങള ഹൃദയം പൊട്ടി മരിക്കുമെന്ന് ഞാൻ ഉറക്കെ വിളിച്ചു പറഞ്ഞു ആര് കേൾക്കാൻ..അവന്റെ പ്രാണനാണ് ഞാൻ പറയല്ലേ അറിയിക്കല്ലേ എന്ന് ഞാൻ പിന്നെയും പിന്നെയും പറഞ്ഞു കൊണ്ടിരുന്നു.


സമയം പോയികൊണ്ടിരുന്നു..


ആളുകളുടെ നാവിൽ നിന്നും നല്ലത് വരുന്ന സമയം മരിച്ചു കിടക്കുമ്പോൾ ആണല്ലോ പാവം ആയിരുന്നു,നല്ല സ്വഭാവം ആയിരുന്നു,ഹാർട്ട്‌ അറ്റാക്ക് ആയിരുന്നത്രെ പാവം.


ഹാ എനിക്കുമൊരു ഹൃദയം ഉണ്ടായിരുന്നെന്ന് എല്ലാരും ഒന്നറിയട്ടെ..

എന്തൊക്കെ നല്ലത് കേൾക്കണമല്ലേ, എന്നെ പൊക്കി പൊക്കി ഇവറ്റോള് ഒന്നൂടെ മേലേക്ക് എടുക്കുമെന്ന് തോന്നുന്നു.


ആരോ മന്ത്രകോടി സാരി തിരക്കുന്നുണ്ട്.


മിനിയാന്ന് പറഞ്ഞുള്ളു എന്റെ മന്ത്രകോടി സാരി പ്രളയത്തിൽ നശിച്ചു പോയില്ലേ ഇനി ഞാൻ പെട്ടിയിൽ കിടക്കുമ്പോൾ എന്ത് ചെയ്യും ന്ന്.


വലിയൊരു വെള്ള ഫ്രോക്ക് വാങ്ങി ഇടീപ്പിച്ച് തലയിൽ നെറ്റും വച്ച് മാലാഖയെ പോലെ കിടത്തിയാൽ മതിട്ടോ ന്ന് ഞാൻ തമാശക്ക് പറഞ്ഞു വച്ചിരുന്നു.


ഇച്ചായന്റെ പതിഞ്ഞ ശബ്ദം കേൾക്കുന്നുണ്ട്. ഒരു വെള്ള ഫ്രോക്ക് പുതിയത് മതീന്ന്,കൂടെ ഒരു വെള്ളനെറ്റും..


സന്തോഷം കൊണ്ട് എനിക്ക് തുള്ളിചാടാൻ തോന്നി..


എന്തേലും കാണുമ്പോൾ അത് വേണംന്ന് പറയുമ്പോൾ നിനക്ക് ഇപ്പൊ അതിന്റെ ആവശ്യം എന്തിനാണെന്ന് ചോദിച്ചു പലതും അങ്ങേരുടെ ഇഷ്ടത്തിനുള്ളത് വാങ്ങി വരുമ്പോൾ കഷ്ടപ്പെട്ട് അതൊക്കെ ഇഷ്ടപ്പെട്ടിരുന്നു.പിന്നീടത് എനിക്ക് ശീലമായി മാറിയിരുന്നു.


അങ്ങേര് മറ്റു പലർക്കും അവർക്കിഷ്ട്ടമുള്ളത് പറയും മുന്നേ അറിഞ്ഞു ചെയ്തിരുന്നത് കാണുമ്പോൾ സങ്കടത്തോടെ ഓർക്കാറുണ്ട് എനിക്ക് അല്ലേ എല്ലാം അഡ്ജസ്റ്റ് ചെയ്യാൻ പറ്റുള്ളൂ,ഞാൻ അല്ലേ എല്ലാം അറിഞ്ഞു പെരുമാറേണ്ടതെന്ന്..


അങ്ങനെ മറ്റുള്ളവരുടെ സന്തോഷങ്ങൾക്ക് വേണ്ടി ജീവിതം ഉഴിഞ്ഞു വച്ച് വച്ച് ഇപ്പൊ എന്തായി ഇത്രേ ഉളളൂ മനുഷ്യന്റെ കാര്യം.സ്വയം ജീവിക്കുവാൻ മറന്നുപോയവളുടെ കിടപ്പ് കണ്ടോ എനിക്ക് എന്നെ കണ്ടിട്ട് ചിരി വന്നു."ഇന്ന് ഞാൻ നാളെ നീ"എന്നാണല്ലോ അല്ലേ?അപ്പൊ മറ്റന്നാളോ????എന്ന് ഓർത്ത് നിൽക്കുമ്പോഴാണ് ആരൊക്കയോ ചേർന്ന് എന്നെ കുളിപ്പിക്കാൻ കൊണ്ട് പോകുന്നത് കണ്ടത്.


ശോ എന്തൊരു നാണക്കേടാണ്.ആ നൈറ്റിയുടെ അടിയിലെ അടിപ്പ് വിട്ട് കീറിയ പാവാട അവർ കാണില്ലേ,ഇനി അത് മതി അടുത്ത ആഴ്ചയിൽ കുടുംബശ്രീയിൽ പെണ്ണുങ്ങൾക്ക് അടക്കം പറഞ്ഞു ചിരിക്കാൻ..


കഴിഞ്ഞ ആഴ്ച കൂടി അമ്മച്ചി ചോദിച്ചുള്ളൂ നിനക്ക് കീറിയ ഡ്രസ്സ്‌ ഒക്കെ ഒന്ന് എടുത്ത് കളഞ്ഞൂടേന്ന്.നല്ലതൊക്കെ അലമാരയിൽ എന്തിനാ പൂത്തി വച്ചേക്കുന്നത് ചാകുമ്പോൾ കൊണ്ടുപോകാനാണോന്ന്..


അല്ലേലും അടിവസ്ത്രങ്ങൾ കീറിയാൽ ഇപ്പൊ എന്താ ആരും അത് കാണില്ലല്ലോയെന്ന് പറഞ്ഞത് പെട്ടന്ന് ഓർമ്മയിലേക്ക് വന്നു.എന്തായാലും മരിച്ചത് കൊണ്ടാണെന്നു തോന്നുന്നു ആരും അത് കണ്ടിട്ട് ചിരിക്കുന്നില്ല.


നല്ല ഭംഗിയുള്ള വെള്ള ഉടുപ്പ് ആണ് കൊണ്ടു വന്നേക്കുന്നത്.അതിന്റെ ബാക്കിൽ താഴേക്ക് വരെ ആരോ കത്രിക വച്ച് അറ്റം വരെ മുറിച്ച് തിരിച്ചും മറിച്ചുമൊക്കെ എന്നെ ധരിപ്പിച്ചു.


പൗഡർ ഒക്കെ ആരോ ഇടീക്കുന്നുണ്ട്. അതേ ഞാൻ പൗഡർ ഇടാറില്ല എനിക്ക് ശ്വാസം മുട്ടുന്നു എന്ന് പറഞ്ഞു തള്ളി മാറ്റണംന്ന് ഉണ്ട് പറ്റുന്നില്ല.


പിന്നെ മുടി ആരോ തൂത്തു വാരി കെട്ടുന്നുണ്ട്. അതേ എന്റെ ഹെയർ സ്റ്റൈൽ ഇങ്ങനെ അല്ല എല്ലാം മേലേക്ക് ഈരിയാൽ നെറ്റി കൂടുതൽ ആയോണ്ട് എന്നെ കാണുവാൻ ഭംഗി ഉണ്ടാകില്ലെന്ന് ഞാനവിടെ കിടന്നു പറഞ്ഞു കൊണ്ടിരുന്നു.


അല്ലേലും പണ്ടേ ഞാൻ പറയുന്നതൊന്നും ആരും കേൾക്കാറില്ലല്ലോ..


വീണ്ടുമൊരു കരച്ചിൽ കേൾക്കുന്നുണ്ട്, അവളാണ് ചേച്ചി ഇന്നലെ കൂടി ഫോണിൽ കൂടി കുറേ തല്ല് പിടിച്ചുള്ളൂ അവൾ വിചാരിച്ചു കാണില്ല ഇനി തല്ല് കൂടാൻ ഞാൻ ഒരിക്കലും ഉണ്ടാകില്ലെന്ന്.സാരില്ല അവളും കരയട്ടെ..


അങ്ങനെ ഉടുപ്പൊക്കെ ഇട്ട് ഞാനങ്ങനെ പെട്ടിയിൽ കിടന്നു.എന്നെ കാണുവാൻ എല്ലാ ദിവസത്തെ ഭംഗി ഒന്നുല്ല്യ.


അയ്യോ ആരേലും എന്റെ ഫോട്ടോ എടുത്ത് ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്യുമോ? അവർ ഫിൽറ്റർ ഇടാതെ എന്റെ ഫോട്ടോ ഇട്ടാൽ എന്റെ എഴുത്ത് കൂട്ടുകാർക്ക് എന്നെ തിരിച്ചറിയുമോ..ഹാ ആരും അതൊന്നും ചെയ്യില്ലായിരിക്കും എന്ന് സമാധാനിച്ചു കിടക്കുമ്പോൾ ആണ് ഒരു കിണി കിണി ശബ്ദം കേട്ട് പെട്ടിയിൽ നിന്നും ഞാൻ ഏന്തി വലിഞ്ഞു നോക്കിയത്.


എന്റെ ഫോൺ ആണ്.ഇന്നലെ ഇട്ട വിരഹപോസ്റ്റിൽ കമെന്റുകൾ വരുന്നതിന്റെ നോട്ടിഫിക്കേഷൻ വരുന്നത് ആണ്.

ലോകം കാണാതെ പോയ എത്രയെത്ര എഴുത്തുകൾ ആണ് ആ ഫോണിന്റെ നോട്ട് പാടിൽ കിടക്കുന്നത്.ഇന്ന് എന്റെയൊപ്പം അതെല്ലാം മണ്ണടിയുമല്ലോ എന്നോർത്തപ്പോൾ ഞാനൊന്ന് നെടുവീർപ്പിട്ടു.


പെട്ടന്ന് അടുത്തിരുന്ന ഇച്ചായൻ എന്റെ മുഖത്തേക്ക് ഒന്ന് സൂക്ഷിച്ചു നോക്കി.അങ്ങേർക്ക് പുറം ചൊറിയുന്നുണ്ടാകുമോ എനിക്കൊരു കുഞ്ഞു ശ്വാസം തിരികെ വീണാൽ പുറം ചൊറിയിപ്പിക്കാം എന്ന് കരുതിയാകും ആ നോട്ടം.


എന്റെ സ്‌നോയ് അവിടെ കൂട്ടിൽ ബഹളം വയ്ക്കുന്നുണ്ട് പാവം അവന് വിശക്കുന്നുണ്ടാകും.ആരൊക്കെ എന്റെ ഭക്ഷണത്തെ കുറ്റം പറഞ്ഞാലും എന്ത് കൊടുത്താലും ഒരു പരാതിയുമില്ലാതെ കഴിക്കുന്ന എന്റെ മോനാണ് അവൻ.നിഷ്കളങ്കമായ സ്നേഹം തരുന്നവൻ. ഒരു പക്ഷെ ഈ വീട്ടിൽ എന്നെ ഏറ്റവും അടുത്തറിയുന്നവൻ.


ഹോ കിടന്നു കിടന്നു ഓർമ്മകൾ കാർന്നു തിന്നുന്നു.മടുത്തു ഒന്ന് വേഗം ഇവിടെ നിന്നും പോയാൽ മതി ഈ കരച്ചിലുകൾ, ഈ ചന്ദനത്തിരിയുടെ മണം,കത്തുന്ന മെഴുകുതിരിയുടെ ചൂട് ഇതൊക്കെ എന്നെ അസ്വസ്ഥമാക്കുന്നുണ്ട്.


നിറയെ വെള്ളപ്പൂക്കൾ വച്ചു ഇങ്ങനെ കിടക്കുമ്പോൾ അതാ നമ്മുടെ മെമ്പർ അന്നമ്മ ചേട്ടത്തി കുറച്ചു ചുവന്ന ചെമ്പരത്തി പൂവും കൊണ്ട് വന്ന് കറക്ട് നെഞ്ചിൽ കൊണ്ട് വച്ചേക്കുന്നു.അല്ലേലും അവർക്ക് അസ്ഥാനത്ത് എന്തേലും ചെയ്തില്ലേൽ ഒരു സമാധാനം കിട്ടില്ല. എനിക്ക് എന്തൊരു ദേഷ്യം ആണെന്നോ വന്നത്.അല്ല ജീവിച്ചിരിക്കുമ്പോൾ എനിക്ക് വട്ടായിരുന്നു എന്ന് ഇവർക്ക് മനസ്സിലായിരുന്നു കാണും അതാണല്ലോ ചെമ്പരത്തി തന്നെ കൊണ്ട് വന്നത്.


ഹാ എനിക്ക് പോകാൻ സമയം ആയി അതാ പള്ളിയിലെ അച്ചൻ വരുന്നുണ്ട്..


കർമ്മങ്ങൾ തുടങ്ങി എന്തൊരു പ്രസംഗം ആണ് നല്ലൊരു സ്ത്രീ ആയിരുന്നു എന്നൊക്കെ,ജീവിച്ചിരുന്നപ്പോൾ ഇതൊക്കെ പറഞ്ഞെങ്കിൽ സന്തോഷം ആയേനെ ഞാനൊരു ലോഡ് പുച്ഛം വാരി വിതറി അവിടെ കിടന്നു.


എന്റെ തലയിൽ വെള്ളറോസാപൂക്കൾ കൊണ്ടുള്ള കിരീടം അച്ചൻ വച്ചു തന്നു.ചെരിഞ്ഞു പോയോ എന്തോ വയസ്സായ അച്ചൻ ആണ്. ഒന്നും സ്ഥാനം തെറ്റി ഇരിക്കുന്നത് എനിക്ക് പണ്ടേ ഇഷ്ട്ടല്ല. ചെരിപ്പ് ആയാലും ചവുട്ടി ആയാലും വേറെ എന്ത് തന്നെ ആയാലും അതെന്നെ അസ്വസ്ഥമാക്കി കൊണ്ടിരിക്കും.


മറ്റേ സാധനം എത്താൻ ആയോ ഞാൻ ഇതാ യാത്ര പറയുന്നു എന്ന ഭാഗം.അപ്പോൾ ഒന്ന് ചെവി പൊത്തി പിടിക്കണം.ഈ പ്രിയപ്പെട്ടവരുടെ കരച്ചിലുകൾ കേൾക്കുമ്പോൾ എനിക്ക് പോകാൻ തോന്നിയില്ലെങ്കിലോ..


ഡീ അലാറം ഇങ്ങനെ കിടന്നു അലറി വിളിക്കുമ്പോൾ നീ ചെവി പൊത്തിപിടിച്ച് കിടന്നു ഉറങ്ങുന്നോ? ഇവൾക്ക് പണ്ടേ വട്ടുണ്ടായിരുന്നോ?നീ എഴുന്നേൽക്കുന്നില്ലേ എനിക്ക് ഓഫീസിൽ പോണം..


ഹാ ഉവ്വ് നിങ്ങൾ നോക്കി ഇരുന്നോ ഞാൻ മരിച്ചു മനുഷ്യാന്ന് പറഞ്ഞു ഞാൻ ഉറക്കെയുറക്കെ ചിരിച്ചു.


ഞാൻ ഇല്ലാതെ നിങ്ങൾ അനുഭവിക്കുമെന്ന് പറഞ്ഞതും മുഖത്തേക്ക് വെള്ളം വീണതും ഒരുമിച്ചായിരുന്നു.അയ്യോ അച്ചാ അന്നവെള്ളം തളിച്ച് മനുഷ്യനെ എഴുന്നേൽപ്പിക്കല്ലെന്ന് പറഞ്ഞു ഞാൻ കണ്ണുകൾ വലിച്ചു തുറന്നപ്പോൾ ദാ നിൽക്കുന്നു കെട്ടിയോൻ അങ്ങനെ തന്നെ.


അയ്യോ ഞാൻ അപ്പൊ മരിച്ചില്ലേ എന്ന് ചോദിച്ചപ്പോൾ,ഇങ്ങനെയാണ് പോക്ക് എങ്കിൽ അടുത്ത് തന്നെ മരിക്കും ഞാനങ്ങട് കൊല്ലും ന്ന് പറഞ്ഞു അങ്ങേര് തിരിഞ്ഞു നടന്നൊരു പോക്ക്..


പോകുന്ന നേരത്ത് പിറുപിറുക്കുന്നുണ്ട്,

ഇവൾക്ക് മാത്രം ഈ ലോകത്ത് ഇതിനു മാത്രം സ്വപ്‌നങ്ങൾ എന്തിനാ കർത്താവെ നീ കാണിച്ചു കൊടുക്കുന്നതെന്ന്..


അങ്ങേർക്ക് ഉറക്കത്തിൽ സിക്സ്,ഫോർ, ഔട്ട്‌ ഒക്കെ വിളിച്ചു പറയാം. പിന്നെ അറബിയിൽ എന്തൊക്കയോ പറയുന്ന കേൾക്കാം പിന്നെ ഹിന്ദിയും എന്തരോ എന്തോ,എന്നിട്ട് ഞാൻ ഇടക്ക് എന്തേലും സ്വപ്നം കണ്ടാൽ ആണ് കുറ്റം ഹും..


അയ്യോ അടുത്ത അലാറം അടിക്കുന്നു..


ശോ എന്നാലും ഇതുമൊരു വല്ലാത്ത സ്വപ്നം ആയി പോയി..

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !
To Top