പകൽക്കിനാവ്.🌿🌿 ഭാഗം -4

Valappottukal


രചന: അഞ്ജു തങ്കച്ചൻ 


രാവിലെ അമ്മയുടെ ഉറക്കെയുള്ള കരച്ചിൽ കേട്ടാണ് ശ്രീനന്ദ എഴുന്നേറ്റത്.

ഓടിയവൾ അമ്മയുടെ മുറിയിൽ എത്തുമ്പോൾ കട്ടിലിൽ നിന്നും എഴുന്നേൽക്കാനാവാതെ കരയുകയാണ് അമ്മ.


എന്ത് പറ്റി അമ്മേ??


അയ്യോ...എന്റെ കാലുകൾ മുഴുവനും വേദനിക്കുന്നു എഴുന്നേൽക്കാൻ വയ്യ...


ശരിയാണ് ഇരുകാൽമുട്ടും നീര് വന്ന് വീർത്തിരിക്കുന്നു. കൂടാതെ പാദങ്ങൾക്കും നീരുണ്ട്.


എന്താ പറ്റിയത് രാജീവ്‌ അങ്ങോട്ട് വന്നു.


അമ്മയുടെ കാലുകൾക്ക് നീരുണ്ട്. അനക്കാൻ വയ്യ.


അമ്മക്ക് നേരത്തെ മുതൽ റൂമറ്റോയ്ഡ് ആർത്രൈറ്റിസിന്റെ പ്രശ്നം ഉള്ളതാണ്.


ആയുർവേദ മരുന്ന് കഴിച്ചുകൊണ്ടിരുന്നതാണ്, ഇപ്പോൾ പഥ്യമൊന്നും നോക്കാതെ ഓരോന്നും വലിച്ച് വാരി തിന്നാൻ വേണ്ടി കുറേക്കാലമായി മരുന്നൊന്നും കഴിക്കാറില്ല. അതാണ് പ്രശ്നം സ്വയം വരുത്തി വയ്ക്കുന്നതല്ലേ അനുഭവിച്ചോ 


നമുക്ക് വേഗം ഹോസ്പിറ്റലിൽ കൊണ്ടുപോകാം രാജീവ്‌.. അവൾ പറഞ്ഞു.


എനിക്കെങ്ങും പറ്റില്ല.ഓരോന്നും വരുത്തിവച്ചിട്ട്,അതിന്റെ പിറകെ നടക്കാൻ എനിക്ക് സമയം ഇല്ല.


അയാൾ മുറിയിലേക്ക് പോയി.


എന്റെ മോളേ എനിക്കീ വേദന സഹിക്കാൻ പറ്റുന്നില്ല അവർ അവളുടെ കൈയിൽ പിടിച്ചു...


അവൾ മുറിയിൽ രാജീവിന്റെ അടുത്തേക്ക് ചെന്നു.

രാജീവ്‌.... ആ വേദന കൊണ്ടു പുളയുന്നത് രാജീവിന്റെ അമ്മയാണ്. അവരെ നോക്കേണ്ടകടമ രാജീവിന് ഉണ്ട്.


അറിയാം  മതി പറഞ്ഞത്,കൂടുതൽ ചിലക്കാതെ പോയി ഡ്രസ്സ്‌ മാറ്റ്.ഹോസ്പിറ്റലിൽ കൊണ്ടുപോകാം.


ഓഹ് ഇതെന്തൊരു മനുഷ്യനാണ്.

അവൾ വേഗം പോയി ബ്രെഷ് ചെയ്തു,ഡ്രസ്സ്‌ മാറ്റി വന്നു.


അമ്മയെ പതിയെ താങ്ങി എഴുന്നേൽപ്പിച്ച്‌ വണ്ടിയിൽ കയറ്റി.


മുൻപ് സ്ഥിരമായി പൊയ്ക്കൊണ്ടിരുന്ന ആയുർവേദ ആശുപത്രിയിൽ എത്തി.


പത്തുപന്ത്രണ്ട് വർഷങ്ങളായി മരുന്ന് കഴിച്ചുകൊണ്ടിരുന്നിട്ട് പെട്ടന്ന് എല്ലാം നിർത്തി അല്ലേ,

പഥ്യo തെറ്റിച്ചതിനു ഡോക്ടർ കൂറേ അവരെ വഴക്ക് പറഞ്ഞു.


സന്ധികളെ ബാധിക്കുന്ന ആമവാതം പൂർണ്ണമായി മാറ്റാൻ കഴിയില്ലെന്ന് ഞാൻ നിങ്ങളോട് പറഞ്ഞിരുന്നതല്ലേ,എന്നാലും കൃത്യസമയത്തുള്ള ചികിത്സയിലൂടെ അതിൽ നിന്നും വലിയ പ്രശ്നങ്ങൾ ഇല്ലാതെ ജീവിക്കാൻ പറ്റുമെന്ന് എത്ര പ്രാവിശ്യം പറഞ്ഞതാണ്.എന്നിട്ടും എല്ലാം മുടക്കി രോഗം ഇത്രയും കൂട്ടി..


പറ്റിപ്പോയി ഡോക്ടർ, അമ്മ സങ്കടത്തോടെ പറഞ്ഞു.


നിങ്ങളുടെ പ്രായം കൂടി ഓർക്കണമായിരുന്നു, ഇനിയിപ്പോൾ നോക്കാം എന്നേ പറയാൻ പറ്റൂ...

മരുന്നും വാങ്ങി മടങ്ങി വരുമ്പോൾ അമ്മ തീർത്തും മൗനത്തിൽ ആയിരുന്നു.


 മാസങ്ങൾ കടന്ന് പോകെപ്പോകെ അവരുടെ കൈകലുകളിലെ അസ്ഥികൾ വളഞ്ഞും, മുഖം ഒരു സൈഡിലേക്ക് കോടി പോകുകയും ചെയ്‌തു.


നട്ടെല്ലുകൾ വളഞ്ഞ് എഴുന്നേറ്റു നേരെ നിൽക്കുവാനാകാതെ കൂനിക്കൂനി നടക്കുന്ന അവരെ കാണുമ്പോൾ ശ്രീനന്ദയ്ക്ക് വല്ലാത്ത വിഷമം തോന്നും. എല്ലാ ജോലികളും തീർത്ത് അമ്മക്ക് കഴിക്കാനുള്ള ഭക്ഷണവും വെള്ളവും മുറിയിൽ എടുത്ത് വച്ചിട്ടാണ് അവൾ ജോലിക്ക് പോകുന്നത്.


രാജീവ്‌ ഇപ്പോൾ അവളോട്‌ ഒരുപാട് സ്നേഹം കാണിക്കാറുണ്ട്.


ഒരുപക്ഷെ താൻ അമ്മയെ നോക്കുന്നത് കൊണ്ടാകുമോ ഈ സ്നേഹപ്രകടനങ്ങൾഎന്ന് അവൾക്ക് സംശയം ഉണ്ടായിരുന്നു.


എന്നാൽ അങ്ങനെയല്ല എന്ന് അവൾക്കു മനസിലായത്. അമ്മയെ നോക്കാൻ സഹായത്തിനു ആളെ നിർത്തണോ എന്ന് അയാൾ അവളോട്‌ ചോദിച്ചപ്പോഴാണ്...


വേണ്ടാ എന്ന് പറഞ്ഞെങ്കിലും അയാൾ പറ്റിയ ആളെ കിട്ടുമോ എന്ന് നോക്കട്ടെ എന്ന് പറഞ്ഞു.


എല്ലാ ജോലികളും ചെയ്തു ചെയ്ത് എന്റെ പെണ്ണ് മടുത്തോ? അയാൾ അവളുടെ മുഖം കൈകളിൽ എടുത്ത് ചുംബിച്ചു.


ഹേയ് അതൊന്നും സാരമില്ല രാജീവ്‌...

അല്ലെങ്കിലും അയാളുടെ സ്നേഹത്തിനു മുന്നിൽ അവൾക്ക് ഒന്നും ഒരു ബുദ്ധിമുട്ടായി തോന്നിയില്ല. ഇവിടമാണ് തന്റെ ഇടമെന്ന് അവൾക്ക് തോന്നി.


ഇടക്കൊക്കെ അവളുടെ അച്ഛനും അമ്മയും വരാറുണ്ടെങ്കിലും മകന് കുഞ്ഞ് ജനിച്ചതോടെ അവർ അവരുടേതായ ഒരു ലോകത്തിൽ ആയിരുന്നു. സഹോദരനും അവന്റെ ഭാര്യയും ജോലിക്ക് പോകുമ്പോൾ കുഞ്ഞിനെ നോക്കുന്നത് അച്ഛനും അമ്മയും കൂടെയാണ്.അതുകൊണ്ട് തന്നെ, ഇപ്പോൾ അവരും വരാറൊന്നും ഇല്ലാ, വല്ലപ്പോഴും വിളിക്കും അത്ര മാത്രം.


മാസങ്ങൾ അതിവേഗം കടന്നു പോയി.


പക്ഷെ,പതിയെ പതിയെ രാജീവിന്റെ അമ്മ തീർത്തും വിഷാദത്തിൽ ആയി.


ശ്രീനന്ദയെ കാണുമ്പോൾ എല്ലാം അവളുടെ കൈപിടിച്ച് കരഞ്ഞു കൊണ്ട് എന്നെ ഒറ്റക്കാക്കി പോകരുതെന്ന് പറഞ്ഞു കരയും...


ഇത്രനാൾ ആഡംബരത്തോടെയും, അഹങ്കാരത്തോടെയും ജീവിച്ച ഒരാളാണ്. മെലിഞ്ഞു എല്ലുംതോലുമായി മറ്റൊരാളുടെ സഹായമില്ലാതെ എഴുന്നേൽക്കാൻ പോലും കഴിയാതെ ജീവിക്കുന്നത്.


അമ്മയുടെ ദയനീയമായ കരച്ചിൽ കണ്ട് സഹിക്കാൻ കഴിയാതെ ശ്രീനന്ദ ജോലിക്ക് പോകുന്നത് നിർത്തി മുഴുവൻ സമയവും അമ്മയെ പരിചരിക്കുവാനായി നീക്കി വച്ചു.


രാജീവ് അവളെ സ്നേഹത്തിൽ പൊതിഞ്ഞു, അവളുടെ ഉള്ളിൽ പ്രണയത്തിന്റെ,മോഹങ്ങളുടെ ഒരായിരം മുകുളങ്ങൾ വിടർന്നു.


രണ്ട് വർഷങ്ങൾക്കു ശേഷം ഭർത്താവിന്റെ അമ്മ ജീവിതത്തിൽ നിന്നും എന്നെന്നേക്കുമായി മടങ്ങിപ്പോയി..


അവളുടെ കൈകളിൽ കിടന്ന് അവളെ നോക്കിക്കൊണ്ടാണ് അവർ കണ്ണുകൾ അടച്ചത്.


അമ്മയുടെ മകൾഹേമ വല്ലപ്പോഴും വന്നാലും, അമ്മയെ നോക്കാൻ കഴിയില്ലാത്തതുകൊണ്ടു വേഗം തന്നെ മടങ്ങിപോകും.


അതെല്ലാം അമ്മ മനസിലാക്കിയത് കൊണ്ടാകാം സ്വന്തം മകൾ അടുത്തു നിന്നിട്ടും ,അമ്മ ശ്രീനന്ദയെ മാത്രം നോക്കി അവസാന ശ്വാസമെടുത്തത്.. ആ കണ്ണുകളിൽ അവളോട്‌ സ്നേഹമാണോ കടപ്പാടണോ, പറഞ്ഞറിയിക്കുവാനാകാത്ത നന്ദിയാണോ തിളങ്ങി നിന്നത് എന്ന് അവൾക്ക് മനസിലായില്ല.


അവരുടെ മരണം ശ്രീനന്ദയെ വല്ലാതെ വേദനിപ്പിച്ചു. 


 ഒരുപാട് വേദനിപ്പിച്ചിട്ടും, കുറ്റപ്പെടുത്തിയിട്ടും അതൊക്കെ മറന്ന്, കഷമിക്കാനുള്ള കഴിവ് പെണ്ണിന് എവിടുന്ന് കിട്ടുന്നു എന്ന് അവൾക്ക് മനസിലായില്ല..


രാജീവിന്റെ അനിയത്തി ഹേമയും,  ഭർത്താവ് ശരത്തും,കുഞ്ഞുങ്ങളും കുറേ ദിവസങ്ങൾ ആയി തറവാട്ടിൽ തന്നെയുണ്ട്.


ഹേമ അടുത്തില്ലാത്തപ്പോൾ ശരത്തിന്റെ ചില പെരുമാറ്റങ്ങൾ ശ്രീനന്ദയിൽ ഈർഷ്യയുണ്ടാക്കി.

അറിയാത്തതു പോലെ ശരീരത്തിൽ സ്പർശിക്കുക, കണ്ണെടുക്കാതെ അവളുടെ ഉടലിൽ ആകെ നോക്കുക, ഇതൊക്കെ അവളിൽ വല്ലാത്ത വെറുപ്പ്‌ ഉണ്ടാക്കി.


വൈകുന്നേരം രാജീവ്‌ വന്നപ്പോൾ അവൾ രാജീവിനോട് ശരത്തിന്റെ പെരുമാറ്റത്തിനെക്കുറിച്ചു പറഞ്ഞു.


അതിന് നിന്നെ കണ്ടാൽ ആർക്കായാലും ഒന്ന് തൊടാൻ തോന്നും അത്ര നല്ല പീസല്ലേ  നീ 


അയാളുടെ സംസാരം കേട്ടതും അവൾ ശില പോലെ നിന്ന് പോയി.


താൻ എന്താണ് ഈ കേൾക്കുന്നത്? ഇങ്ങനൊക്കെ പറയാൻ ഒരു ഭർത്താവിന് കഴിയുമോ...


അവളുടെ ഉള്ളിൽ ദേഷ്യം നുരഞ്ഞുപൊന്തി.


നിങ്ങൾക്ക് നാണമുണ്ടോ ഇങ്ങനെ എന്നോട് സംസാരിക്കാൻ,ഞാൻ നിങ്ങളുടെ ഭാര്യയാണ്...


അതിനെന്താ ഞാൻ ഇല്ലാത്തതൊന്നും പറഞ്ഞില്ലല്ലോ 


ഛെ.. അറപ്പ് തോന്നുന്നു നിങ്ങളോട്.ഇത്രനാൾ എന്നോട് കാണിച്ച സ്നേഹവും കരുതലും ഒക്കെ വെറുതെ ആയിരുന്നു അല്ലേ?


പിന്നല്ലാതെ....അമ്മയെ നോക്കാൻ ശമ്പളം കൊടുക്കാതെ എനിക്കൊരാൾ വേണമായിരുന്നു.പിന്നെ എന്റെ രാത്രികളെ തൊട്ടുണർത്താൻ നിന്നെപോലെ അതിസുന്ദരിയായ ഒരുത്തിയെ എനിക്ക് വേണമായിരുന്നു.


അതിനൊക്കെ വേണ്ടിത്തന്നെയാടീ നിന്നോട് സ്നേഹം കാണിച്ചത്.

നീയെന്ത് കരുതി എനിക്ക് നിന്നോട് ഭയങ്കര സ്നേഹം ആണെന്നോ ?


അയാൾ അവളുടെ മുന്നിൽ എത്തി അവളുടെ മുഖത്തേക്ക് നോക്കി ചിരിച്ചു.


എടീ പെണ്ണേ...എനിക്കീ ലോകത്തിൽ എന്നെമാത്രമേ ഇഷ്ട്ടമുള്ളൂ... എനിക്ക് വേണ്ടി ഞാൻ എന്തും ചെയ്യും.ഒരിടത്തും തോറ്റ ചരിത്രം ഇല്ലെടീ ഈ രാജീവിന്.


അയാൾ ഉറക്കെ പൊട്ടിച്ചിരിച്ചു.


പെട്ടന്ന് വാതിലിൽ മുട്ട് കേട്ടതും അയാൾ ചെന്ന് വാതിൽ തുറന്നു.


ഹേമയാണ്...

ഏട്ടാ ഞങ്ങൾ ഇറങ്ങുകയാണ് കേട്ടോ,ഏട്ടൻ വന്നിട്ട് പറഞ്ഞിട്ട് പോകാം എന്ന് കരുതി.കുറേ ദിവസങ്ങൾ ആയില്ലേ വന്നിട്ട്.


ശരത്‌ എവിടെ മോളേ?


ദാ... താഴെ ഉണ്ട്.


അയാൾ താഴേക്ക് ഇറങ്ങി ചെന്നു.


അളിയാ... പോകുവാ കേട്ടോ.. ശരത്‌ പറഞ്ഞു.


ശരി....


അവർ പോയതും, അയാൾ മുറിയിൽ എത്തി.


ഒഹ്.... ആ ശല്യങ്ങൾ പോയി. എത്രദിവസം നിന്ന് തിന്ന് മുടുപ്പിച്ചു. ഇവർക്ക് രണ്ട് ദിവസം കഴിഞ്ഞപ്പോൾ മടങ്ങി പോകാമായിരുന്നില്ലേ... അയാൾ പിറുപിറുത്തു.


 ശ്രീനന്ദ അപ്പോഴും ഒരേ നിൽപ്പ് നിൽക്കുകയായിരുന്നു.അവൾക്ക് വിശ്വസിക്കുവാൻ ആകുന്നില്ല...


അവൾ പതറിപ്പതറി ചുറ്റിലും നോക്കി.... ഒടുവിൽ അയാളുടെ മുഖത്ത് അവളുടെ നോട്ടം തങ്ങി.


എന്താടീ... നീയങ്ങ് പേടിച്ച് പോയോ?


ഒറ്റനിമിഷത്തിൽ അവളിൽ ധൈര്യം നിറഞ്ഞു.

ഇല്ലെടോ... തന്നെ പോലെ ഒരുത്തനെ സ്നേഹിച്ചു പോയതിൽ എനിക്കിപ്പോൾ എന്നോട് വെറുപ്പാണ് തോന്നുന്നത്. തെരുവിൽ കഴിയുന്ന പട്ടിക്കു പോലും തന്നേക്കാൾ വിലയുണ്ട്.


എന്ത് പറഞ്ഞെടീ.... അയാൾ ദേഷ്യത്തോടെ അവൾക്ക് നേരെ പാഞ്ഞടുത്തു..


ബാക്കി വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക...


#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !
To Top