രചന: രോഹിത വിജേഷ്
"ലക്ഷിമ്യേടത്തി!! ഇന്ന് വന്ന കൂട്ടര് എന്താ പറഞ്ഞെ?? അനു മോളെ ഇഷ്ട്ടായോ??"...
"എന്റെ കുഞ്ഞിനെ ആർക്കെങ്കിലും ഇഷ്ട്ടാവാണ്ടിരിക്കോ ചന്ദ്രികേ!!!! പൊന്നുംകുടമല്ലേ അവള്... പക്ഷെ എല്ലാം കേട്ട് കഴിഞ്ഞപ്പോ എല്ലാരേം പോലെ തന്നെ അവരും....."
"സാരല്യ ഏടത്തി... ഒക്കെ സമയാവുമ്പോ നടക്കും"
"സമയം!!! ഈ വരണ ചിങ്ങത്തില് ഇരുപത്തിയൊമ്പത് തികയും...ഒക്കെ എന്റെ വിധി... ഇതൊന്നും കാണാനും കേക്കാനും നിക്കാണ്ട് അവൾടെ അച്ഛനെ നേരത്തെ വിളിച്ചത് നന്നായി... ശേഖരേട്ടന് അവൾടെ കണ്ണ് നിറഞ്ഞാ സഹിച്ചിരുന്നില്ല.. അപ്പൊ അവളിങ്ങനെ തീ തിന്നണത് കണ്ടാലോ...."
"ഓ!! തുടങ്ങിയോ ന്റെ വാരസ്സ്യാര് കണ്ണ് നിറക്കാൻ ..... "
"ന്റെ ചന്ദ്രികേടത്തി !! ഞാൻ പോയ ന്റെ ഈ പാവം അമ്മക്കുട്ടിക്ക് ആരാ ണ്ടാവാ?? അതൊണ്ടല്ലേ ഈശ്വരൻ ഇങ്ങിനെ ചെയ്തേ... ഇനിയിപ്പോ ഞാൻ എങ്ങടും പോവും ന്നുള്ള വിഷമം വേണ്ടല്ലൊ... കണ്ണ് തുടച്ചാ വിളക്ക് കൊളുത്താൻ നോക്കെന്റെ അമ്മുസേ... ഞാനെയ്, ദത്തൻ മാഷ്ടെ വീട് വരെയൊന്ന് പോയിട്ട് വരാം.. നോക്കാനുള്ള പരീക്ഷ പേപ്പറ് കൊണ്ട് വരാൻ പറഞ്ഞിരുന്നു.. ഇന്ന് രാത്രി മുഴോൻ ഉറക്കൊഴിച്ചാലെ അതൊന്ന് തീരു"
"അമ്മേ!! അടുപ്പത്തു ചേന മെഴുക്കുപുരട്ടി വെച്ചിട്ടുണ്ടെ, ആ തീയൊന്ന് ചെനച്ചിട്ടേക്കണെ!! അല്ലെലത് മുഴോനും അടീല് പിടിക്കും.. ഞാനെറങ്ങുവാണെ!!"
"ഇപ്പൊ വരാട്ടോ ഏടത്തി"....
പാടവരമ്പത്തൂടെ അനു ഓടിയകലുന്നതും നോക്കി കൊണ്ട് ലക്ഷ്മി നിന്നു..
"ഇതൊക്കെ എന്നെ വിഷമിപ്പിക്കാതിരിക്കാൻ പറയണതാ ചന്ദ്രികേ!! ന്റെ കുട്ടിക്ക് നല്ല വിഷമണ്ട് ഉള്ളിന്റെ ഉള്ളില്... പാവം.."
""ഒക്കെ നേരെയാവും ന്റെ ഏടത്തി.. മ്മള് അറിഞ്ഞോണ്ട് ആർക്കും ഒരുപദ്രവോം ചെയ്തിട്ടില്യാലോ... ഒക്കെ തേവര് നോക്കിക്കോളും... ആടോൾക്ക് കഞ്ഞിവെള്ളം എടുക്കാൻ വേണ്ടി വന്നതാ ഞാൻ.... അതുങ്ങള് അവടെ കിടന്ന് കയറു പൊട്ടിക്കുന്നുണ്ടാവും.. പോട്ടെ ന്നാ"...
പാടത്തിന്റെ അപ്പുറത്തുള്ള ഇടവഴി കയറി നേരെ ചെല്ലുന്നത് മാഷ്ടെ വീട്ടുമുറ്റത്തേക്കാണ്... ധൃതി പിടിച്ചു നടക്കുമ്പോഴും അനുവിന്റെ കണ്ണുകൾ പെയ്യാൻ വെമ്പി നിൽക്കുന്ന കാർമേഘം പോലെയായിരുന്നു... വർഷങ്ങൾക്ക് മുൻപുണ്ടായ ആ ദുരന്തമോർത്ത്...
ശേഖരവാര്യരുടെയും ലക്ഷ്മിയുടെയും ഒരേയൊരു മകളയിരുന്നു താൻ അനു.. അനു പ്രിയ... വീടിന്റെ തൊട്ടടുത്തുള്ള സരസ്വതി വിദ്യാലയത്തിലെ മാഷായിരുന്നു ശേഖരവാര്യർ.. എല്ലാവർക്കും വേണ്ടപ്പെട്ടയാൾ.. നാട്ടിലെ എന്താവശ്യങ്ങൾക്കും ഓടിയെത്തുന്ന ആൾ.. ലക്ഷ്മിയമ്മയും അത് പോലെ തന്നെ.. എല്ലാവർക്കും സഹായം മാത്രം ചെയ്തു പോന്നിരുന്ന ഒരു നല്ല മനസ്സിന്റെയുടമ.... താനായിരുന്നു അവരുടെ എല്ലാ പ്രതീക്ഷകളും സ്വപ്നങ്ങളും.... പഠനത്തിലും കലയിലും എല്ലാറ്റിലും ഒന്നിനൊന്ന് മികച്ചവൾ..... നല്ല ഐശ്വര്യവും അടക്കവും ഒതുക്കവുമൊക്കെയുള്ള പെൺകുട്ടി... അതായിരുന്നു ആ നാട് മുഴുവൻ തന്നെ കുറിച്ച് പറഞ്ഞിരുന്നത്...
പ്ലസ് ടു കഴിഞ്ഞ് ഉപരി പഠനത്തിനായി അച്ഛനിഷ്ടപെട്ട മലയാള ഭാഷ ഐച്ഛിക വിഷയമായി തിരഞ്ഞെടുത്തു കൊണ്ട് കോളേജിലേക്ക് ഞാൻ കാലെടുത്തു വെച്ചു.. പോയി വരാനുള്ള ദൂരമല്ലാത്തത് കൊണ്ട് തന്നെ മനസ്സില്ലാമനസ്സോടെ അവരവളെ ഹോസ്റ്റലിലാക്കി... പിന്നീടവരുടെ ദിവസങ്ങൾ മകളുടെ അവധി ദിവസങ്ങൾക്ക് വേണ്ടിയായിരുന്നു... അനു എത്തിയാൽ പിന്നെ വീട്ടിലൊരു ബഹളമായിരുന്നു.... സ്നേഹിക്കാൻ മാത്രമറിയാവുന്നവരുടെ സ്വർഗം.. അതായിരുന്നു ആ വീട്.....
ഒരു പക്ഷെ ദൈവത്തിനു പോലും അസൂയ തോന്നിക്കാണും ഞങ്ങളുടെയി സ്നേഹവീട് കണ്ട്... അതു കൊണ്ടാണല്ലോ അങ്ങിനെയൊരു ദുരന്തം ഞങ്ങൾക്കിടയിലേക്ക് കയറി വന്നത്....
ഡിഗ്രി അവസാന വർഷ പരീക്ഷ കഴിഞ്ഞ് ഹോസ്റ്റലിൽ നിന്നും തിരികെ പോരാനായി അച്ഛനെ കാത്തു നിൽക്കുകയായിരുന്നു അനു.... ഹോസ്റ്റലിന്റെ ഗേറ്റിനു മുന്നിൽ അച്ഛനെ കാണാനുള്ള ആകാംക്ഷയും വീട്ടിലിനി കുറെ ദിവസം നിൽക്കാമല്ലോ എന്നുള്ള സന്തോഷവുമൊക്കെയായി നിൽക്കുമ്പോഴാണ് റോഡിനപ്പുറത്തായി അച്ഛൻ ഓട്ടോയിൽ വന്നിറങ്ങുന്നത് കണ്ടത്... പെട്ടെന്നുള്ള സന്തോഷത്തിന്റെ പുറത്ത് റോഡാണെന്നോർക്കാതെ അവളച്ഛനരികിലേക്കോടിയെത്തി... പെട്ടെന്നായിരുന്നു ഒരു കാർ എതിരെ വരുന്നത് കണ്ടത്... കണ്ണുകൾ മറയുമ്പോൾ അച്ഛന്റെ നിലവിളിയായിരുന്നു കാത് മുഴുവൻ......
എപ്പോഴോ കണ്ണ് തുറന്നപ്പോൾ കരഞ്ഞു കൊണ്ട് നിക്കുന്ന അമ്മയെയാണ് കണ്ടത്...
കൈ പിടിച്ചു കൊണ്ട് ആദ്യം അന്വേഷിച്ചത് അച്ഛനെവിടെയെന്നായിരുന്നു.... ഒരു തേങ്ങൽ മാത്രമായിരുന്നു മറുപടി... കാര്യമായ പരിക്കുകളൊന്നും പുറമെയില്ലായിരുന്നു... വയറിനുളിൽ നനുത്ത ഒരു വേദന മാത്രമുണ്ടായിരുന്നു... ആരോട് ചോദിച്ചിട്ടും അച്ഛനെവിടെയാണെന്നു മാത്രം പറഞ്ഞില്ല... എന്ത് പറ്റിയെന്നറിയാതെ ഭ്രാന്ത് പിടിക്കുമെന്നായപ്പോൾ ദത്തൻ മാഷാണ് പറഞ്ഞത്... അച്ഛൻ ഞങ്ങളെ വിട്ട് പോയി ത്രേ!! എവിടെ പോവാൻ... എങ്ങോട്ട് പോവാൻ?? ഒരു ഭ്രാന്തിയെ പോലെയലറിയപ്പോൾ അമ്മ ചേർത്തു പിടിച്ചു കരഞ്ഞു... എപ്പോഴോ മയക്കത്തിലേക്ക് വഴുതി വീണു..... കണ്ണ് തുറക്കുമ്പോൾ ദത്തൻ മാഷായിരുന്നു മുറിയിലുണ്ടായിരുന്നത്...
"അനു!! നിയിങ്ങനെ തളരരുത്... നീ വേണം അമ്മയ്ക്കും കൂടി ശക്തി നൽകാൻ... മാഷ് പോയതിന്റെ വിഷമം തന്നെ ലക്ഷ്മിയേടത്തി എങ്ങിനെ സഹിക്കുന്നു എന്നെനിക്കറിയില്ല... പോരാത്തെന് നിന്റെ ഈ അവസ്ഥേം... വിഷമിച്ചൂടാ ന്ന് പറയുന്നില്ല ടോ... കാരണം വേണ്ടപെട്ടവര് പെട്ടെന്ന് നമ്മളെ തനിച്ചാക്കി പോവുമ്പോ എന്തവസ്ഥയിലാവുമെന്ന് എനിക്ക് നന്നായിട്ടറിയാം... എന്നാലും നീ ഇത്തിരി കൂടി സ്ട്രോങ്ങ് ആവണം.. "
"മാഷെ!! അച്ഛന്... അച്ഛനെന്താ പറ്റിയെ??"...
അപ്പോഴാണ് ഞാനറിയുന്നത് അച്ഛൻ മരിക്കുന്നത് എന്നെയോർത്തിട്ടാണെന്ന്.... എന്റെ അപകടം കണ്ട് നിൽക്കാനാവാതെ ഞെഞ്ചു പൊട്ടി മരിക്കുകയായിരുന്നത്രെ... പാവം!! എന്തിനീ ക്രൂരത ദൈവം ഞങ്ങളോട് കാണിച്ചെന്നറിഞ്ഞു കൂടാ... ആശുപത്രിയും വീടും മരുന്നുമൊക്കെയായി വീണ്ടും കുറെ നാൾ... ആശ്വാസമായി ദത്തൻ മാഷുടെ വാക്കുകൾ മാത്രമായിരുന്നു കൂട്ടിനുണ്ടായിരുന്നത്... അമ്മയെ കാണുമ്പോൾ വേദന കടിച്ചമർത്താൻ ശ്രമിച്ചു കൊണ്ടിരുന്നു... സ്വയം ശക്തി പകരാനുള്ളൊരു പാഴ്ശ്രമം..... അച്ഛനില്ലെന്ന പരമാർത്ഥമുൾക്കൊണ്ട് ജീവിക്കാൻ നന്നേ പാടുപെട്ടു... മാഷ് നിർബന്ധിച്ചത് കൊണ്ടാണ് ബി എഡ് ന് ദൂരെയാണെങ്കിലും പോയി പഠിച്ചത്.... അവിടെ നിന്നും തിരിച്ചെത്തുമ്പോൾ അച്ഛൻ പഠിപ്പിച്ച അതെ സ്കൂളിൽ അധ്യാപികയായി ചേർത്തി കൊണ്ടുള്ള കത്തും കൈയിൽ പിടിച്ചു നിക്കുകയായിരുന്നു മാഷ്.... അച്ഛനാഗ്രഹിച്ച അതെ കാര്യം അച്ഛനില്ലാതെ നേടിയെടുക്കുമ്പോൾ നെഞ്ച് വല്ലാതെ പിടഞ്ഞിരുന്നു...
ജോലിക്ക് പോയി തുടങ്ങി ആറു മാസത്തിനുള്ളിലാണ് അമ്മ ഉണ്ണിമാമയുടെ മകൻ ദേവേട്ടന് വേണ്ടി എന്നെ ആലോചിക്കുന്നത്... അമ്മയുടെ ആങ്ങളയുടെ ഒരേയൊരു മകനാണ് ദേവേട്ടൻ.. ചെറുപ്പം തൊട്ട് അറിയാവുന്നവർ.. എനിക്കും എതിർപ്പില്ലായിരുന്നു... അമ്മാമ്മയോട് ഈ വിവരം സൂചിപ്പിച്ചതിന്റെ പിറ്റേന്ന് അമ്മായിയും ദേവേട്ടനും വീട്ടിൽ വന്നു... അന്നാണ് എന്റെ ജീവിതത്തെ തന്നെ മാറ്റി മറിച്ച ആ വലിയ സത്യം മനസ്സിലാക്കിയത്...
"ലക്ഷ്മി... നിന്നോടോ മോളോടോ ഒരു വിരോധോം ണ്ടായിട്ടല്ല... ആകെയുള്ള ഒരേയൊരു ആൺ തരിയാ... ഞങ്ങടെ തലമുറ കാത്തു സൂക്ഷിക്കേണ്ടവൻ.. എല്ലാമറിഞ്ഞോണ്ട് നിന്റെ ആങ്ങളക്ക് ചിലപ്പോ ഈ കല്യാണത്തിന് സമ്മതാവും.. എനിക്കെന്റെ മോനെ കൊലക്ക് കൊടുക്കാൻ വയ്യ"...
"ഒന്ന് പതുക്കെ പറയ് ദേവകിയേടത്തി... ഉണ്ണിക്ക് ഒന്നുമറിയില്ല.. അവള് കേട്ടാ..."
അമ്മായി മുറിയിലിരിക്കുന്ന എന്റെ അടുത്തേക്ക് വന്ന് പറഞ്ഞു..
" എന്റെ മോളെ, നീയിനിയെങ്കിലും അറിയണം, അന്നത്തെ ആക്‌സിഡന്റില് പുറമേക്ക് നിനക്കൊന്നും പറ്റിയില്ല.. പക്ഷെ അന്ന് കത്തി വെച്ചു പുറത്തു കളഞ്ഞതേയ് നിന്റെ ഗർഭപാത്രാ..... എന്ന് വെച്ചാ നിനക്ക് പ്രസവിക്കാൻ പറ്റില്യാന്ന്... അങ്ങിനെയുള്ള നിന്നെ ന്റെ മോനെ കൊണ്ട് ഞാൻ എങ്ങിനെയാ.....".....
പറഞ്ഞു കേട്ടതൊന്നും സത്യമാവരുതെ എന്നൊരു നൂറാവർത്തി മനസ്സ് കൊണ്ട് പ്രാർത്ഥിച്ചു... പക്ഷെ അമ്മയുടെ ദയനീയമായ നോട്ടം കണ്ടപ്പോൾ പ്രാർത്ഥനയെല്ലാം ചീട്ടു കൊട്ടാരം പോലെ തകർന്നടിഞ്ഞു.. .ഒരു പെണ്ണിനെ പെണ്ണാക്കുന്ന , അവളുടെ സ്വത്വത്തെ പ്രതിഫലിപ്പിക്കുന്നതെന്തോ അതെനിക്കില്ല... ആ ആഘാതം വലുതായിരുന്നു... മനസ്സിനേറ്റ മുറിവുണങ്ങാൻ കാലമേറെയെടുത്തു..... അതിനിടയിൽ എത്രയോ വിവാഹാലോചനകൾ..... എല്ലാമറിയുമ്പോൾ വരുന്നവർ പിന്മാറും.... ഇപ്പൊ അതൊരു ശീലമായി. ... അമ്മയെ വിഷമിപ്പിക്കേണ്ടെന്നു കരുതി അവരുടെയൊക്കെ മുന്നിൽ പോയി നിൽക്കും.. ആരെയും തെറ്റ് പറയാനൊക്കില്ല.... അമ്മയാവാൻ കഴിയാത്തവളെ ജീവിതത്തിലേക്ക് സ്വീകരിക്കാൻ ആർക്കാണ് കഴിയുക... അല്ലെങ്കിലും വിവാഹ സ്വപ്നങ്ങളൊക്കെ എന്നെ കുഴിച്ചു മൂടിയിരിക്കുന്നു താൻ... ഓരോന്നോർത്തു പടിക്കലെത്തിയതറിഞ്ഞില്ല..... ഇന്നൊരു തീരുമാനത്തിലെത്തണമെന്നു വിചാരിച്ചു തന്നെയാണ് ഇങ്ങോട്ടേക്കിറങ്ങിയത്...
ഉമ്മറത്തെത്തിയപ്പോഴേ അകത്തു നിന്നുള്ള ബഹളം കേൾക്കാം...
"പാറു!! നീയെന്റെ കയ്യിന്ന് മേടിക്കും... ഇതെത്രാമത്തെ തവണയാന്ന് അറിയോ ഉടുപ്പില് ചെളിയാക്കിട്ട് വരണേ... ഇനി അതും ഇട്ടോണ്ട് നടന്നോ... ആഹാ.... അമ്പടി കേമി!!"....
പാറു മുഖം വീർപ്പിച്ചു കൊണ്ട് ഉമ്മറത്തേക്കോടിയെത്തി... ഞാനവളെ കോരിയെടുത്തോണ്ടു ചോദിച്ചു....
"ടീച്ചറമ്മേടെ വഴക്കാളി പാറു ഇന്നെന്ത് പ്രശ്നാ ണ്ടാക്കിയെ??"....
"നാൻ ഒന്നും ചീതില്ല്യ ടീച്ചറമ്മേ... കറുമ്പി പൂച്ച കുഞ്ഞിക്കോഴിയെ പിടിച്ചാൻ നോക്കീപ്പോ അതിനെ അടിച്ചതാ ... അത്രേള്ളൂ..."
അവൾ കുഞ്ഞിപ്പല്ലു മുഴുവൻ കാണിച്ചു ചിരിച്ചു..
"അത്രേള്ളൂ പോലും, ആ പൂച്ചെടെ പിന്നാലെ പാഞ്ഞ് കാണിച്ചു വെച്ചിരിക്കണ കോലം നോക്ക് ന്റെ അനു.. ഞാൻ തോറ്റു..."
"അവള് കളിക്കട്ടെ മാഷെ!! അവൾടെ പ്രായം അതല്ലേ... അല്ലെടി കുറുമ്പി പെണ്ണെ"...
"എന്തായെടോ ഇന്നത്തെ പെണ്ണുകാണൽ??"
"എന്താവാൻ.... എന്നത്തേയും പോലെ തന്നെ....അമ്മയാവാത്ത പെണ്ണിനെ ആർക്ക് വേണം ന്റെ മാഷെ?? അമ്മെ വിഷമിപ്പിക്കാണ്ടിരിക്കാൻ ഒരുങ്ങി കെട്ടി നിക്കുന്നു ന്ന് മാത്രം... ആ മോഹങ്ങളൊക്കെ കുഴിച്ചു മൂടിട്ട് കുറെ നാളായി..."... മാഷ് ഒരു വൃഥാ ചിരി നൽകാൻ പാടുപെട്ടു...
പാറു ന്റെ അഴുക്കു പുരണ്ട ഉടുപ്പ് മാറ്റി അവളുടെ മുഖവും കാലുമൊക്കെ തുടച്ചു കൊണ്ടാണത് ഞാൻ പറഞ്ഞത്... പാറുക്കുട്ടിയെ കളിയ്ക്കാൻ വിട്ടു കൊണ്ട് ഞാൻ മാഷ്ടെ അടുത്തേക്ക് നടന്നു....
"ദാടോ!!! പേപ്പറ്....പെട്ടെന്ന് നോക്കി തീർത്തേക്കണം..."
" മാഷെ...!! ചോദിക്കുന്നത് തെറ്റാവും ന്ന് വിചാരിച്ചോണ്ടാ ഇത്ര കാലം ചോദിക്കാതിരുന്നെ... പക്ഷെ , ഇനിയും ചോദിച്ചില്ലെങ്കിൽ.... എന്റെ മനസ്സിനൊരു സമാധാനോം കിട്ടില്ലാന്ന് തോന്നിയത് കൊണ്ട് ചോദിക്കാ..... അത്... പിന്നെ... "
"എന്താ അനു... എന്നോടെന്തെങ്കിലും പറയാൻ ഇത്ര മുഖവുര വേണോ???"
" അവിവേകമാണെന്ന് അറിഞ്ഞോണ്ട് തന്നെ ചോദിക്കാ.. എന്നെ പാറു ന്റെ അമ്മയായിട്ട് ഇവിടേക്ക് കൂട്ടിക്കൂടെ...."..
അപ്രതീക്ഷിതമായിട്ടുള്ള ചോദ്യമായത് കൊണ്ടാവാം മാഷ് ഞെട്ടി തിരിഞ്ഞുനോക്കി.. ആ കണ്ണിലപ്പോൾ ദേഷ്യമോ വെറുപ്പോ എന്താണെന്നറിയാത്ത ഒരു ഭാവമായിരുന്നു...
"അനു എന്താ ചോദിച്ചേ ന്നുള്ള വല്ല ബോധോം ണ്ടോ?? കുട്ടിക്കളി പറയാനുള്ള കാര്യല്ല ഇത്"...
"കുട്ടിക്കളിയോ!!! മാഷ്ക്ക് അങ്ങിനെ തോന്നിയോ?? അനുവിനെ മാഷ് അങ്ങനെയാണോ കരുതിയിരിക്കണെ?? "...
"നിന്നോട് ഞാനെപ്പോഴെങ്കിലും അതിര് കവിഞ്ഞൊരു നോട്ടമോ വർത്താനമോ ഉണ്ടായിട്ടോ?? നിനക്കിതെങ്ങനെ ചോദിക്കാൻ സാധിച്ചു... ഛെ!!!! ലേഖയല്ലാതെ എന്റെ ജീവിതത്തിൽ മറ്റൊരു പെണ്ണിനെ ഞാൻ സ്നേഹിച്ചിട്ടില്ല, ഇനി സ്നേഹിക്കേം ല്ല്യാ.. പാറു നെ പ്രസവിച്ച് എന്റെ കയ്യിൽ തന്ന് അവള് പോയപ്പോ ഒരുപാട് വേദനിച്ചിട്ടുണ്ട്.. പക്ഷേ, ഒരിക്കലും മറ്റൊരു പെണ്ണിനെ ആശിച്ചിട്ടില്ല.. പ്രത്യേകിച്ചും നിന്നെ... ആ കണ്ണിലൂടെ ഞാൻ..... "
"മാഷേ!! എന്നെ പറഞ്ഞു മുഴുമിപ്പിക്കാൻ അനുവദിച്ചൂടെ.... മാഷ്ടെ ജീവിതത്തിലൊരു സ്ഥാനവും എനിക്ക് വേണ്ട... ഞാൻ ചോദിച്ചത് പാറുകുട്ടിയുടെ അമ്മയായിട്ട് എന്നെ .. അമ്മയായിട്ട് മാത്രം... മറ്റൊന്നും വേണ്ട... അവളെ ഞാനെന്റെ മോളായി കണ്ടു പോയി... മറ്റുള്ളോർക്ക് കൊടുക്കാൻ എന്റെ അമ്മക്കൊരു ഉത്തരാവേം ചെയ്യും... മാഷോടല്ലാതെ വേറാരോടും എനിക്കിത്രേം ധൈര്യായിട്ട് ചോക്കാനാവില്ല ല്ലോ... ചോദിച്ചത് തെറ്റായി ന്ന് ണ്ട് ച്ചാ ക്ഷമിക്കണം മാഷെ... സോറി.."
"സോറി.... അത് കൊണ്ട് നീയി ചോദിച്ചതിന് പരിഹാരമാവോ?? എന്റെ മനസ്സിൽ നീയുണ്ടാക്കിയ മുറിവുണങ്ങോ?? നീയും ഞാനും തമ്മില് പത്തു വയസ്സിന്റെ വ്യത്യാസണ്ട് കുട്ടി..... ഛെ!!!"
"മാഷെ!!! കല്യാണം കഴിക്കാനുള്ള കൊതി കൊണ്ടോ, മാഷ്ടെ ജീവിതത്തിലേക്ക് കേറി വരാനുള്ള മോഹം കൊണ്ടോ ഒന്നുമല്ല.... പാറു..... പാറു മാത്രം... അറിഞ്ഞോ അറിയാതെയോ ഞാനവളുടെ അമ്മയാവുകയായിരുന്നു.... അവളെ കാണാൻ വേണ്ടി മാത്രാ ഓരോന്ന് പറഞ്ഞു എന്നും ഈ വീട്ടിലേക്ക് ഓടി വരണേ... അവളെ എന്റെ മാത്രമാക്കാൻ..... അവൾടെ നാവിൽ നിന്നും അമ്മേ ന്നുള്ള ഒരു വിളി കേക്കാൻ.... അതിന് മാഷ്ടെ ഭാര്യയാവണമെങ്കിൽ എനിക്കതായേ പറ്റൂ ന്ന് തോന്നി"....
"അനു ... നിർത്തുന്നുണ്ടോ നിന്റെ അധികപ്രസംഘം..... പൊയ്ക്കോളൂ... നേരം ഇരുട്ടാവാറായി......."
"മാഷെ...."
"ഒന്ന് പോയി തരാമോ"....
"ടീച്ചറമ്മ പോവാണോ , പാറും വരട്ടെ..."
"പാറു!! മതി കളിച്ചത്.... അകത്തു കേറി പോ"
"എന്നോടുള്ള ദേഷ്യം മോളോട് തീർക്കല്ലേ മാഷെ... ഞാൻ പോവായി. ...പാറു ... മോളെ ...ടീച്ചറമ്മ പോയിട്ട് വരാട്ടോ....."
ഒരു പിൻവിളി ആഗ്രഹിച്ചിരുന്നെങ്കിലും അതുണ്ടായില്ല... വീട്ടിലെത്തി അമ്മയോട് എല്ലാ കാര്യവും പറഞ്ഞപ്പോഴും പശ്ചാത്താപമൊന്നും തോന്നിയില്ല.. ചോദിച്ചത് തെറ്റായി പോയെന്ന് അമ്മ പറഞ്ഞപ്പോഴും കുറ്റബോധം തോന്നിയില്ല... തെറ്റ് ചെയ്തതായി തോന്നുന്നില്ല, പിന്നെന്തിന് വിഷമിക്കണം... പ്രസവത്തില് ലേഖചേച്ചി പോയപ്പോൾ തകർന്നു നിന്ന മാഷെ ഇപ്പോഴും എനിക്കോർമ്മയുണ്ട്.... ചേച്ചിയുടെ മരണത്തിന് ശേഷം പാറുവിനെ എത്രയോ നാൾ ഈ വീട്ടിലായിരുന്നു നിർത്തിയത്.... അന്നവളെ നോക്കിയത് താനും അമ്മയും അച്ഛനും കൂടിയായിരുന്നു.. എത്രയോ രാവുകളിൽ അമ്മേ എന്നുള്ള അവളുടെ കരച്ചിലിന് കൂട്ടായി താൻ ഉറക്കമൊഴിച്ചിരിക്കുന്നു... തന്റെ നെഞ്ചിലെ ചൂട് പറ്റി തന്നെയാണ് അവളുറങ്ങിയിരുന്നത്....... പിന്നീടങ്ങോട്ട് അവൾടെ ഓരോ വളർച്ചയിലും താനുണ്ടായിരുന്നു... താനവൾക്ക് അമ്മ തന്നെയാണ്... എന്തിനും ഏതിനും കൂടെ നിക്കുന്ന ഒരമ്മ..... ആ ഒരമ്മയെന്ന സ്ഥാനമല്ലേ താൻ അവശ്യപ്പെട്ടുള്ളൂ... അതിത്ര വലിയ തെറ്റാണോ??
ദിവസങ്ങളോരോന്നും കൊഴിഞ്ഞു കൊണ്ടിരുന്നു.... അന്നത്തെ സംഭവത്തിന് ശേഷം ദത്തൻ മാഷ് ഒഴിഞ്ഞു മാറി നടക്കുന്നു... കാണുമ്പോൾ ഒരു ചിരി പോലും തരാറില്ല... പാറുവിനെ കാണാൻ വീട്ടിലേക്ക് ചെന്നപ്പോൾ ഇനിയിവിടെ വരരുതെന്ന് മുഖത്തടിച്ചു പറഞ്ഞു..... ചീത്ത ചിന്തകളുമായി നടക്കുന്ന തന്റെ കൂടെ പാറുവിനെ അയക്കാൻ പേടിയാണത്രെ.... അമ്മയാവാൻ കഴിയാത്ത തനിക്ക് മാതൃത്വമെന്തെന്ന് മനസ്സിലാക്കി തന്നത് പാറുവാണ്...... അവളോടുള്ള അടങ്ങാത്ത സ്നേഹത്തിന്റെ പേരിൽ താനെന്തോ ചോദിച്ചതിന് ഇത്രക്കും അവഗണിക്കണമായിരുന്നോ?? അവളെ കാണാതെ, അവളുടെ കളിചിരികളറിയാതെ ആഴ്ചകളും മാസങ്ങളും കടന്നു പോയി... നീറുന്ന മനസ്സുമായി ഞാനും.. കാരണം പാറുവായിരുന്നു എന്റെ ലോകം.. അത്രക്കും വലിയ തെറ്റാണോ ഞാൻ ചെയ്തത്... ഒന്നും വേണ്ടിയിരുന്നില്ലെന്ന് സ്വയം പഴിക്കാൻ തുടങ്ങി ... സ്വയം വരുത്തി വെച്ച തടങ്കലിൽ നിന്ന് തനിക്കും പുറത്തു കടക്കേണ്ടെന്നു തോന്നി തുടങ്ങി...
ഒരുപാട് നാളുകൾക്ക് ശേഷം അമ്മയുടെ നിർബന്ധം സഹിക്കവയ്യാതെയാണ് തേവരെ കാണാൻ ഇറങ്ങിയത്..... നല്ല മഴയായത് കാരണം പാടത്തൂടെ പോവാതെ റോഡിലേക്ക് കയറി... ഇത്തിരി വളവുണ്ടെങ്കിലും മഴ സമയത്ത് ഈ വഴിയാണ് നല്ലത്... നടന്നു നീങ്ങുന്നതിനിടയിൽ പാറുക്കുട്ടി പാടത്തിനടുത്തായി കളിച്ചു നിൽക്കുന്നത് കണ്ടു.... ഈ മഴയതിങ്ങനെ കളിച്ചാൽ അവൾക്ക് പണി വരില്ലേ ന്നും വിചാരിച്ചു അവളെ ഉറക്കെ വിളിച്ചു... ആർത്തിരമ്പുന്ന മഴയിൽ ആ വിളികളൊന്നും അവൾ കേട്ടില്ല... തൊട്ടടുത്ത് നിക്കണ ഒരു കുട്ടി എന്നെ ചൂണ്ടി കാണിച്ചു കൊടുത്തപ്പോൾ അവളോടി അടുക്കലേക്ക് വന്നു കൊണ്ടിരുന്നു.... അവളുടെ ടീച്ചറമ്മേ എന്നുള്ള വിളിയിൽ ലോകം മുഴുവൻ കീഴടക്കിയ സന്തോഷമാണ് വന്നത്.... പെട്ടെന്നാണ് എതിരെ നിന്നൊരു ചരക്ക് ലോറി വരുന്നത് കണ്ടത്... എന്നെ കണ്ട സന്തോഷത്തിലും, മഴയുടെ ഇരമ്പലിലും അവളൊന്നും കേൾക്കുന്നുണ്ടായിരുന്നില്ല... ഞാനെത്ര ഉറക്കെ നിലവിളിച്ചു പറഞ്ഞിട്ടും അവളൊന്നു നിക്കുന്ന പോലുമില്ല... എന്ത് ചെയ്യണമെന്നറിയാതെ ഞാനാകെ മരവിച്ചു പോയി... എന്റെ മോൾക്കൊന്നും സംഭവിക്കാൻ പാടില്ലെന്ന ഉറച്ച വിശ്വാസത്തോടെ ഓടിപാഞ്ഞു ഞാനവളെ കൈകളിൽ കോരിയെടുത്തു മാറ്റി .. അപ്പോഴേക്കും പിന്നിലെന്തോ ശക്തിയായി വന്നിടിച്ചു കഴിഞ്ഞിരുന്നു......പിന്നെ സംഭവിച്ചതോന്നുന്ന ഓർമ്മയിലില്ല....
കണ്ണുകൾ പതിയെ തുറക്കുമ്പോൾ ആശുപത്രി കിടക്കയിലാണെന്നു ബോധ്യമായി...
ശരീരമാസകലം വേദനയോട് വേദന... പക്ഷെ അതൊന്നും തന്നെ എന്നെ തളാർത്തിയില്ല .... അടുത്ത് നിൽക്കുന്ന നഴ്സിനോട് വളരെ പ്രയാസപ്പെട്ട് ഞാൻ ചോദിച്ചു... "പാറു ... പാറു കുട്ടി"....അവര് ചിരിച്ചോണ്ട് പുറത്തേക്കോടി.. പിന്നെ ഡോക്ടർമാരും നഴ്സുമാരുമൊക്കെ വന്ന് എന്തൊക്കെയോ ചെയ്‌തു കൊണ്ടിരുന്നു... അപ്പോഴും ഞാൻ ചോദിച്ചു കൊണ്ടേയിരുന്നു..."പാറു... പാറുക്കുട്ടി എവിടെ.... എന്റെ മോൾക്ക് കുഴപ്പൊന്നുല്യാലോ".... ഡോക്ടർ വന്നെന്റെ നിറുകയിൽ തലോടികൊണ്ട് പറഞ്ഞു, ആർക്കും ഒന്നും പറ്റിയിട്ടില്ല.. ഇപ്പൊ മോള് ഉറങ്ങിക്കോളൂ....
വീണ്ടും മിഴികളടഞ്ഞു.. ഉണർന്നപ്പോൾ മാഷും അമ്മയും അടുത്തായി നിൽപ്പുണ്ടായിരുന്നു... എന്റെ കണ്ണുകൾ ആരെയോ പരതുന്നത് കണ്ടാണെന്നു തോന്നുന്നു മാഷ് പറഞ്ഞു...
"പാറു പുറത്തുണ്ട്.... നിന്നെ റൂമിലേക്കിപ്പോ മാറ്റും.. അപ്പൊ കാണാം...."
അവളെ കാണാതെ എനിക്കെന്തോ സ്വസ്ഥമായി ഇരിക്കാൻ പറ്റുന്നില്ല... കുറച്ചു കഴിഞ്ഞപ്പോൾ റൂമിലേക്ക് മാറ്റി... അമ്മയുടെ ഒക്കത്തിരുന്നു കൊണ്ടവൾ കുഞ്ഞിപ്പല്ലു കാണിച്ചു ചിരിച്ചു....
"ടീച്ചറമ്മേ... വേനിച്ചുന്നുണ്ടോ???".......
"ഇല്ലെടാ കുഞ്ഞാ!! മോളെ കണ്ടപ്പോ ടീച്ചറമ്മേടെ വേദനയൊക്കെ മാറി... വാ ... അടുത്തോട്ട് വായോ..."
"ടീച്ചറമ്മ എടുത്തോണ്ടാല്ലേ പാറുന് ഒന്നും പറ്റാഞ്ഞെ".....
ഞാനവളുടെ കൈകൾ പിടിച്ചൊരു മുത്തം കൊടുത്തു...
"പാറുട്ടി, ടീച്ചറമ്മയല്ല... അമ്മ.... അമ്മെന്ന് വിളിച്ചാ മതി ...."
ദത്തൻ മാഷത് പറഞ്ഞപ്പോൾ വിശ്വാസിക്കാനാവാത്ത പോലെ ഞാനാ മുഖത്തേക്കുറ്റു നോക്കി..... അമ്മയും മാഷെ തന്നെ നോക്കി നിൽക്കാണ്....
"അതെ ടോ, നീയാണിനി അവൾടെ അമ്മ... എന്നെക്കാളും നീയവളെ സ്നേഹിക്കുന്നു, അവൾക്ക് വേണ്ടി സ്വന്തം ജീവൻ പോലും നോക്കാതെ...... "
അത് പറയുമ്പോഴേക്കും ആ ശബ്ദമിടറിയിരുന്നു....
"ജീവനും ജീവിതവുമൊക്കെ എനിക്കിവളാ......ഞാൻ... ഞാനവളുടെ അമ്മയല്ലേ മാഷേ... മാഷ് അല്ലാന്നു പറഞ്ഞാലും, ആരൊക്കെ അല്ലാന്നു പറഞ്ഞാലും ഞാനവളുടെ അമ്മ തന്നെയാണ്... അവൾക്കൊരു പോറലു പോലുമേൽക്കാൻ ഞാനനുവധിക്കില്ല....."
മാഷ് നിറഞ്ഞു വന്ന കണ്ണ് തുടച്ചു കൊണ്ട്, പാറുവിന്റെ കൈകൾ എന്റെ കൈകളോട് ചേർത്തു പിടിച്ചു കൊണ്ട് പറഞ്ഞു...
"തോറ്റ് പോയെടോ ഞാൻ... തന്റെ പാറുവിനോടുള്ള സ്നേഹത്തിനു മുന്നിൽ... വന്നൂടെ ഞങ്ങടെ കൂടെ..... പാറൂന്റെ അമ്മയായിട്ട്..... എന്റെ വീടിന്റെ വിളക്കായിട്ട്..... ഞങ്ങടെ എല്ലാമായിട്ട്....."
കരഞ്ഞു കൊണ്ടാ കൈകൾ ചേർത്തു പിടിക്കുമ്പോൾ ഞാനറിയുകയായിരുന്നു ഇനിയുള്ള പുലരികൾ ഞങ്ങളുടെ സ്നേഹ മർമ്മരം കേട്ടുണരുന്നതാവുമെന്ന്...............
ലൈക്ക് കമന്റ് ചെയ്യണേ