ഇഷ്ടങ്ങൾ അറിയാതെ അവളെ ഒന്നു സ്പർശിക്കുക പോലുമില്ലെന്നു മനസ്സിനോട് ഞാൻ പലവുരു മന്ത്രിച്ചു...

Valappottukal

 


രചന: രോഹിത വിജേഷ്        ആദ്യ വിവാഹം അമ്പേ പരാജയപ്പെട്ടിട്ടും വീണ്ടുമൊരു വിവാഹത്തിന് തുനിഞ്ഞത് അമ്മയുടെയും വീട്ടുകാരുടെയും വാശിക്കും അന്തസ്സിനും  വേണ്ടിയാണ്.. നാട്ടിലെ പ്രമാണി തറവാടുകളിൽ ഒന്നാണ് എന്റെ വീട്.. അന്തസ്സും ആഭിജാത്യവും ദുരഭിമാനവും ആവോളമുള്ളവർ.....


                 ചൂട് വെള്ളത്തിൽ വീണ പൂച്ചക്ക് പിന്നെ കാണുന്ന വെള്ളത്തിനൊക്കെ പേടിയല്ലേ കാണൂ...  ഒരു മികച്ച ബിസിനസ് സ്ഥാപനം ഒറ്റക്ക് കൊണ്ടു നടക്കുന്ന തനിക്ക് പക്ഷെ ,ഒരു പെണ്ണിനെ നിലക്ക് നിർത്താൻ കഴിഞ്ഞില്ല.. അതാണ് ആദ്യ ഭാര്യ മിഥുനയുമായി ഡിവോഴ്‌സിൽ എത്താനുള്ള കാരണം.. 


           സാമ്പത്തികമായി നല്ല നിലയിൽ കഴിയുന്ന രണ്ടു കുടുംബങ്ങൾ.. എം ബി എ ബിരുദധാരികൾ... പിന്നെ രണ്ടു പേരും കാണാനും നല്ല ഭംഗി ഉള്ളവർ.. എല്ലാവരും ഒരേ പോലെ പറഞ്ഞു മേഡ് ഫോർ ഈച്ച് അദർ... പക്ഷെ അത് പറച്ചിലിൽ മാത്രമേ ഉണ്ടായിരുന്നുള്ളൂ... ജീവിതം രണ്ടു തോണിയിലായിരുന്നു... എന്റെ ബിസിനസ്സിൽ അവളുടെ അമിതമായ ഇടപെടൽ എന്നെ തീർത്തും ആശങ്കാകുലനാക്കി.. അവളെന്നേക്കാൾ മുകളിൽ എത്തുമോ എന്ന ഈഗോ.. അവൾക്കാണെങ്കിൽ എന്നേക്കാൾ മികച്ച ഐഡിയകൾ ഉണ്ടെന്നു കാട്ടി കൂട്ടാനുള്ള വെപ്രാളം... അവസാനം രണ്ടു പേരുടെയും എടുത്തു ചാട്ടവും പൈസയുടെ അഹങ്കാരവും ആറു മാസത്തിനുള്ളിൽ രണ്ടു പേരെയും രണ്ടു വഴിക്കാക്കി...


            വീണ്ടും ജീവിതത്തിൽ പ്രതിസന്ധിയുടെ ദിനങ്ങൾ.. അവളെ സ്നേഹിക്കാത്തതു കൊണ്ട് മനസ്സിൽ നിന്നും അവളെ പടിയിറക്കാൻ നിഷ്പ്രയാസം കഴിഞ്ഞു.. പക്ഷെ, അവൾ വീട്ടിലുണ്ടാക്കിയ വിടവ്, നാണക്കേട്, മറ്റുള്ളവരുടെ പരിഹാസവും സഹാനുഭൂതിയും. അതിലേറെ തിരിച്ചടി നൽകിയ വാർത്ത ഡിവോഴ്‌സ് കഴിഞ്ഞു ഒരാഴ്ചക്കുള്ളിൽ അവളുടെ വിവാഹം ഉറപ്പിച്ചതായിരുന്നു.. അതെന്റെ ദുരഭിമാനമുള്ള വീട്ടുകാർക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു..


         അവരതിനെ എതിർക്കാൻ, അവരുടെ മുന്നിൽ തോൽക്കാതിരിക്കാൻ വീണ്ടും എന്നെ കെട്ടിക്കാനുള്ള തീരുമാനത്തിലെത്തി.. അവളെതോ അമേരിക്കൻ സായിപ്പിനെ കണ്ടെത്തിയപ്പോൾ എന്റെ വീട്ടുകാരും പൊരിഞ്ഞ ശ്രമം തുടങ്ങി.. പക്ഷെ രണ്ടാം കെട്ടുകാരന് കാശുള്ള വീട്ടിലെ പെണ്ണിനെ കിട്ടാൻ ഇച്ചിരി ബുദ്ധിമുട്ടാണെന്ന് മനസ്സിലാക്കിയ ബിസിനെസ്സ് തന്ത്രജ്ഞനായ പിതാശ്രീ പുള്ളിക്കാരന്റെ ഓഫീസിലെ ഒരു അത്താഴ പഷ്ണിക്കാരന്റെ മകളെ വിലക്കെടുത്തു.. വിലക്കെടുത്തു എന്ന് പറയുന്നത് തന്നെയാണ് ശരി.. കാശു കൊടുത്ത്‌ ആ പെണ്ണിനെ എന്റെ ഭാര്യയാക്കാൻ കരാറൊപ്പിടിച്ചു.. അതിന്റെ പാരിതോഷികമായി അവരുടെ ജപ്തി ചെയ്യാനിരുന്ന വീട്ടിൽ നിന്നും അവരെ മറ്റൊരു നല്ല വീട്ടിലേക്ക് പറഞ്ഞയച്ചു.. മൂന്നു പെൺകുട്ടികളുള്ള അയാൾക്ക് ബാക്കിയുള്ള രണ്ടു പെൺകുട്ടികളുടെയും ഭാവി സുരക്ഷിതമാക്കാനുള്ള തുക ബാങ്കിലും ഇട്ടു കൊടുത്തു.. ഒരേയൊരു  കരാറിന്മേൽ... ഇനി മൂത്ത മകളെ അന്വേഷിച്ചു വരരുത്...  അന്നാ അച്ഛന്റെ കണ്ണുനീരിൽ എനിക്കൊരു സഹാനുഭൂതിയും തോന്നിയില്ല....


         പരസ്പരമുള്ള വ്യക്തി വൈര്യാഗ്യത്തിന്റെ പേരിൽ കുടുംബങ്ങൾ, രണ്ടു പേരുടെയും വിവാഹം ഒരേ ദിവസം തന്നെ ആർഭാടമായി നടത്തി.. വിലക്കെടുത്ത സാധനമായതിനാൽ അവളെ ഒന്ന് നോക്കാനോ പരിജയപ്പെടാനോ പോലും എനിക്ക് തോന്നിയില്ലായിരുന്നു.. മണ്ഡപത്തിൽ അവൾക്കൊപ്പം നിൽക്കുമ്പോഴും താലി അണിയിക്കുമ്പോഴും ,എന്റെ അരികിൽ നിൽക്കുന്നവൾ അവളെന്റെ ജീവിത സഖിയാവേണ്ടവൾ ആണെന്നും എന്റെ ജീവന്റെ പാതിയാണെന്നുമുള്ള തോന്നൽ എന്നിലുണ്ടായിരുന്നില്ല.. അല്ലെങ്കിലും വിലക്കെടുത്ത് നമ്മുടെ കയ്യിലേക്ക് ചേർന്നെത്തുന്നതും ആഗ്രഹിച്ചു കയ്യിലെത്തുന്നതിനും തമ്മിൽ വ്യത്യാസമുണ്ടല്ലോ.... എല്ലാവരും അന്നും പറഞ്ഞു, നീ ഭാഗ്യവാനാണെന്നും ഞങ്ങള് മേഡ് ഫോർ ഈച് അദർ ആണെന്നും... എനിക്കന്ന്‌ ചിരിയാണ് വന്നത്... അതെ ആളുകൾ, അതെ വാക്കുകൾ.... ഞാൻ ഒന്നും ശ്രദ്ധിച്ചില്ല.. ഒരു യന്ത്രം പോലെ എന്തൊക്കെയോ ചെയ്തു കൂട്ടി...


        ആ ദിവസവും പല ദിവസങ്ങളും ഒരു മാറ്റവുമില്ലാതെ കടന്നു പോയി... അവളാ വീട്ടിൽ ഉണ്ടോ എന്ന് പോലും അന്വേഷിക്കാറില്ല..... അല്ലെങ്കിൽ തന്നെ അവളോടുള്ള ബാധ്യതകളെല്ലാം നേരത്തെ തന്നെ തീർത്തതല്ലേ എന്നൊരു തോന്നൽ... അവളും ഞാനുമായി ഇനിയൊന്നും തീർക്കാനില്ലല്ലോ.. മറ്റുള്ളവരുടെ മുന്നിൽ ഏതോ ഒരു അനാഥാലയത്തിൽ നിന്നും കണ്ടെത്തിയ ഒരു പാവം പെൺകുട്ടിക്ക് ജീവിതം കൊടുത്ത മഹാ പുരുഷൻ ആയി ഞാൻ.. നുണ കൊണ്ടുള്ള ഒരു ചീട്ടുകൊട്ടാരവുമായി അഹങ്കാരം പേറി എന്റെ കുടുംബവും.. ഈക്കാലത്ത് കുടുംബ ബന്ധങ്ങൾ എല്ലാം ഒരു തരം കെട്ടു കാഴ്ചയാണ്...  ആർക്കൊക്കെയോ വേണ്ടി അഭിനയിച്ചു കൂട്ടുന്ന കുറെ ജന്മങ്ങൾ.....


          അവൾ എല്ലായ്പ്പോഴും വീട്ടിനുള്ളിൽ ഒതുങ്ങി കൂടിയിരുന്നു.. ഒരു പക്ഷെ എന്താണ് ചെയ്യേണ്ടതെന്ന് അവൾക്ക് അറിയില്ലായിരുന്നിരിക്കാം... അവൾ എപ്പോഴും ഞങ്ങളുടെ മുറിയും പൂജാമുറിയിലുമായി ഒതുങ്ങി കൂടി.. ആരും അവളെ ശ്രദ്ധിച്ചിരുന്നില്ല.. അല്ലെങ്കിൽ ശ്രദ്ധിക്കാനുള്ള സമയമില്ലായിരുന്നു ആർക്കും.. എന്തിനൊക്കെയോ വേണ്ടി ഓടി പാഞ്ഞു നടക്കുകയായിരുന്നു ഓരോരുത്തരും..  


      പക്ഷെ എപ്പോഴോക്കൊയോ ആരോടും ഒന്നിനോടും പരാതി പറയാതെ എന്റെ കാര്യങ്ങൾ എല്ലാം ഭംഗിയായി ചെയ്തു തന്നിരുന്ന അവളെ ഞാൻ ശ്രദ്ധിക്കാൻ തുടങ്ങിയിരുന്നു... എന്റെ ഓരോ ഇഷ്ടങ്ങളും മനസ്സിലാക്കി ചെയ്തു കൊണ്ട് അവളെന്നെ സ്നേഹവും കരുതലും എന്താണെന്നു പഠിപ്പിച്ചു തരികയായിരുന്നു....


       ഒരു ദിവസം നേരത്തെ വീട്ടിലെത്തിയ ഞാൻ മുറിയിലേക്ക് കയറിയപ്പോൾ അച്ഛന്റെയും അനിയത്തിമാരുടെയും ഫോട്ടോ നോക്കി കരയുന്ന അവളെയാണ് കണ്ടത്... എന്നെ കണ്ടതും കണ്ണ് തുടച്ചു കൊണ്ട് ഫോട്ടോ മറച്ചു വെച്ച അവളെ കണ്ടപ്പോൾ അന്നാദ്യമായി ഒരു ഭർത്താവെന്ന നിലയിൽ ഞാനൊരു തികഞ്ഞ പരാജയമാണെന്നെനിക്ക് തോന്നി..അവളെ നെഞ്ചോടു ചേർത്ത് പിടിച്‌ വിഷമിക്കല്ലേ ഞാനുണ്ടല്ലോ കൂടെ എന്ന് പറയാൻ മനസ് പറഞ്ഞെങ്കിലും ശബ്ദം പുറത്തു വന്നില്ല...


       പിന്നെ അവളുടെ അച്ഛനെയും അനിയത്തിമാരെയും കാണാൻ പോകുന്നത് ഞാനൊരു പതിവാക്കി.. എന്നെ ആദ്യമായി കണ്ട അന്ന് അമ്പരന്നു നിന്ന് പോയ ആ അച്ഛനെ  കെട്ടിപ്പിടിച്ച് അച്ഛനിനി ഒരു മകൻ കൂടിയുണ്ടെന്ന് വിചാരിച്ചോളൂ എന്ന് പറഞ്ഞപ്പോൾ ആ കണ്ണിൽ നിന്നുതിർന്ന അശ്രുവിന് പകരം വെക്കാൻ എന്റെ കയ്യിലുള്ള സമ്പാദ്യമൊക്കെ തികയാതെ വരുമെന്ന് തോന്നിപ്പോയി.. അവിടെ വെച്ച് അവളെ കുറിച്ച് കൂടുതൽ അറിയുകയായിരുന്നു..അവളുടെ ഇഷ്ടങ്ങളെ കുറിച്ചും, അവളുടെ സ്നേഹത്തെ കുറിച്ചും,അവർക്കെല്ലാം വേണ്ടി എന്റെ ഭാര്യയാവാൻ കാണിച്ച അവളുടെ മനസ്സിലെ നന്മയെ കുറിച്ചും......അങ്ങിനെ അവളെ കുറിച്ചറിയേണ്ടതെല്ലാം.... 


         പിന്നീടോരോ രാത്രിയും അവളുറങ്ങുമ്പോൾ അവളെ നോക്കി കിടക്കുകയെന്നത് എന്റെ ശീലമായി... പലപ്പോഴും മനസ്സിന്റെ നിയന്ത്രണം ചോർന്നു പോകുമ്പോഴും അവളുടെ ഇഷ്ടങ്ങൾ അറിയാതെ അവളെ ഒന്നു സ്പർശിക്കുക പോലുമില്ലെന്നു മനസ്സിനോട് ഞാൻ പലവുരു മന്ത്രിച്ചു... പൂർണ്ണചന്ദ്രനെ പോലെ തിളങ്ങുന്ന മുഖമായിരുന്നു അവൾക്ക്... കുഞ്ഞു ചുണ്ടുകളും, ഒരായിരം കണ്ണുനീർ സാഗരങ്ങൾ ഉള്ളിലൊതുക്കിയ നീർമിഴിയും... ആമ്പൽ പൂവിന്റെ സ്നിഗ്ദ്ധതയും..... അവളെന്നിലേക്ക് ,എന്റെ ഹൃദയത്തിലേക്ക് ചേക്കേറുകയായിരുന്നു.. 


      അവളെ ഞാൻ ശ്രദ്ധിക്കാൻ തുടങ്ങി.. അവളൊരു പാവമായിരുന്നു.. എല്ലാറ്റിൽ നിന്നും ഒതുങ്ങി അവളുടേതായ ഒരു ലോകത്തിൽ ജീവിക്കുന്നവൾ..  ആരോടും പരാതി പറയാതെ പൂന്തോട്ടത്തിലെ പൂക്കളോട് കലമ്പുന്നവൾ.... അവളെ ഞാൻ പ്രണയിക്കാൻ തുടങ്ങിയിരുന്നു.. ഞാൻ പോലുമറിയാതെ.... എന്റെ ഹൃദയത്തിൽ  അവൾ മാത്രമായി തുടങ്ങി.. ജോലിയിലെ ശ്രദ്ധ നശിക്കാൻ തുടങ്ങി ... എപ്പോഴും വീട്ടിലേക്കോടിയണയാനുള്ള ത്വര.......


                       അവളെന്നെ കാണുമ്പോഴേല്ലാം അകലം പാലിച്ചു കൊണ്ടേയിരുന്നു.. അവളോടൊന്നു മിണ്ടാൻ ,അവളെയൊന്നു ചേർത്ത് നിർത്താൻ എന്റെ ഹൃദയം തുടിച്ചു കൊണ്ടേയിരുന്നു... നീയെന്റെതാണ് പെണ്ണെ , ഇനി ഈ കണ്ണിൽ സങ്കടമുണ്ടാവരുത് എന്നൊന്ന് പറയാനായി !!!! 


                നറു നിലാവിലലിഞ്ഞ ഒരു  പാതിരാവിൽ അവളെയുണർത്താതെ അവളെ നോക്കിയിരിക്കുമ്പോൾ അപ്രതീക്ഷിതമായി അവളുടെ കണ്ണുകൾ എന്റെ കണ്ണുകളിൽ ഉടക്കി... തീർത്തും അപ്രതീക്ഷിതം... എന്ത് ചെയ്യണമെന്നറിയാതെ അവളുടെ പേടിച്ചരണ്ട കണ്ണുകളിക്ക് നോക്കിയപ്പോൾ എന്റെ ചുടുനിശ്വാസം അവൾക്ക് പകർന്നു നൽകാനാണ് തോന്നിയത്... അധരങ്ങൾ തമ്മിൽ കൈമാറിയ പ്രണയ തീജ്വാല... അതവളിൽ ഒരഗ്നിയായി മാറുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു.. അവളുടെ മൃദുല കരങ്ങളാൽ എന്നെ തള്ളി മാറ്റുമ്പോഴേക്കെയും എന്റെ ബലിഷ്ട്ടമായ ,എന്റെ തീവ്രമായ ചുടുനിശ്വാസത്തിൽ പെട്ടുഴലുകയായിരുന്നു അവൾ... അവളുടെ കണ്ണുനീരിന്റെ രുചി നാവിലെത്തിയപ്പോൾ അറിയാതെ ആ മുഖം കൈക്കുമ്പിളിൽ കോരിയെടുത്തു....


"എന്നോട് വെറുപ്പാണോ അച്ചു??"" 


"അച്ചു,........എങ്ങിനെ അറിഞ്ഞു എന്റെ വിളിപേര്...."


 കണ്ണുനീർ അവളുടെ വാക്കുകളെ മുറിച്ചു... 


                "ഞാനറിഞ്ഞു പെണ്ണെ, എന്റെ പെണ്ണിനെ അവളുടെ പ്രിയപ്പെട്ടവരെല്ലാം അച്ചു ന്നാ വിളിക്കാ ന്ന്... അങ്ങിനെ നിന്നെ കുറിച്ചറിയേണ്ടതെല്ലാം... "


           "നിന്നെ എന്ന് തൊട്ടാണ് സ്നേഹിക്കാൻ തുടങ്ങിയത് എന്നറിയില്ല മോളെ.. ആദ്യവിവാഹമുണ്ടാക്കിയ തോൽവി നിന്നിലേക്കടുക്കാതിരിക്കാനുള്ള പ്രധാന കാരണമായിരുന്നു... ആ പേടി കൊണ്ടായിരുന്നു നിന്നെ അവഗണിച്ചത് മുഴുവൻ..... പിന്നെ എപ്പോഴോ നിന്നെ ശ്രദ്ധിക്കാൻ തുടങ്ങി....ഞാനറിയാതെ തന്നെ നീയെന്നിലേക്ക് അടുക്കുകയായിരുന്നു... എത്രയോ രാത്രികളിൽ നിന്നോട് ഞാൻ മാപ്പ് പറഞ്ഞിരിക്കുന്നു..നിന്നെ അവഗണിച്ച ഓരോ നിമിഷത്തെയുമോർത്തു വേദനിച്ചിരിക്കുന്നു... എന്നോട് ക്ഷമിക്കില്ലേ അച്ചു"...


ആ വാചകം പൂർത്തിയാക്കാൻ അവളനുവദിച്ചില്ല........


                  "എന്തൊക്കെയാ അഭിയേട്ടൻ

             പറയണേ?? 


             ഞാനെന്തിനാ വെറുക്കണേ?? 


    എനിക്ക് കിട്ടിയ നിധിയാണ് ഏട്ടൻ..ഈ ജീവിതം തന്നെ ഒരു സൗഭാഗ്യാ... 


              തെരുവിലേക്ക് ഇറങ്ങേണ്ടിയിരുന്ന എന്നേം അനിയത്തിമാരേം അച്ഛനേം രക്ഷിച്ചത് എട്ടനും ഏട്ടന്റെ വീട്ടുകാരുമാണ്... 


ആ നന്ദി ഞാൻ ഒരിക്കലും മറക്കില്ല... എന്നെ സ്നേഹിക്കില്ല്യ ന്ന് അറിഞ്ഞിട്ടു തന്നെയാ ഈ ജീവിതത്തിലേക്ക് കടന്നു വന്നേ.. ഏട്ടനും വീട്ടുകാരും എനിക്കൊരു കുറവും വരുത്തിയിട്ടില്ലല്ലോ.. എനിക്കിവിടെ ഒന്നിനും ഒരു ബുദ്ധിമുട്ടും തോന്നിയിട്ടില്ല.. അവിടെ എന്റെ അച്ഛനും അനിയത്തിമാരും സന്തോഷത്തോടെയും സമാധാനത്തോടെയും കഴിയുന്നുമുണ്ട്..


               എനിക്കിത്രയൊക്കെ ചെയ്തു തന്ന എന്റെ ഏട്ടനെ ഞാൻ എങ്ങിനെ വെറുക്കാനാ... സ്നേഹിച്ചിട്ടെ ള്ളു.. എന്നും... ആ സ്നേഹം തിരിച്ചു കിട്ടാൻ പോലും അർഹത ഇല്ലാത്തവളാണ് ഏട്ടാ ഞാൻ.. ഏട്ടന് ചേരാത്തവൾ....അതോണ്ട് ഒന്നും മോഹിച്ചില്ല്യ.. അകന്നു നിന്നെ ഉള്ളൂ.... ഏട്ടന്റെ ഭാര്യയാണെന്നുള്ള ഒരു പേര് മാത്രം മതി ഈ ജന്മം കഴിച്ചു കൂട്ടാൻ"... അതും പറഞ്ഞു പൊട്ടി കരഞ്ഞ അവളെ നെഞ്ചോട് ചേർത്ത് കൊണ്ട് പറഞ്ഞു


" ഇനി ഈ കണ്ണ് നിറയാൻ അനുവദിക്കില്ല ഞാൻ ഒരിക്കലും....."


                 പക്ഷെ ഇന്നാ വാക്ക് തെറ്റിച്ച ദിവസമാണ്... അവളുടെ നിലവിളി കാതുകളിൽ മുഴങ്ങി കേൾക്കുമ്പോൾ നിസ്സഹായനായി പുറത്തു നിൽക്കാനേ സാധിക്കുന്നുള്ളൂ... അവളുടെ അച്ഛന്റെ കൈ നെഞ്ചോട് ചേർത്തു പിടിച്ചു കൊണ്ട് പ്രാർത്ഥിക്കുകയായിരുന്നു ആ നാലു ചുമരുകൾക്കുള്ളിൽ.....


     "അർച്ചന പ്രസവിച്ചു.. ഇരട്ടകുട്ടികൾ.."


 ഞങ്ങളുടെ ജീവന്റെ പാതിയെ കയ്യിലേക്ക് ഏറ്റു വാങ്ങുമ്പോൾ എന്റെ അച്ഛൻ ഒന്നേ ചോദിച്ചുള്ളൂ...


       "മോള് സുഖായിരിക്കുന്നോ??"....


       ആ ചോദ്യത്തിലൂടെ ഞാനറിയുകയായിരുന്നു പണത്തിനും പ്രതാപത്തിനും അന്തസ്സിനുമൊക്കെ എത്രയോ മുകളിലാണ് സ്നേഹമെന്ന ആർദ്രത..... കൊടുത്താൽ പത്തിരട്ടിയായി തിരിച്ചു കിട്ടുന്ന മൂലധനം... അത് എന്നെയും എന്റെ വീട്ടുകാരെയും പഠിപ്പിച്ചു തന്നത് അവളാണ്.. എന്റെ അച്ചു... എന്റെ രണ്ടാം ഭാര്യ... 

      


                അമേരിക്കൻ സായിപ്പിന്റെ പണത്തിലും പത്രാസ്സിലും കണ്ണ് മഞ്ഞളിച്ചു പോയ മിഥുന അവിടെയും തോറ്റ് , ഡിവോഴ്‌സുമായി വീട്ടിലിരിക്കുമ്പോൾ എന്റെ രണ്ടു തങ്കകുടങ്ങളെ മറോടണച്ചു തലോലിക്കുകയിരുന്നു ഞങ്ങൾ.... എന്റെ അച്ചു പകർന്നു നൽകിയ സ്നേഹമെന്ന ആർദ്രതയിൽ അലിഞ്ഞലിഞ്ഞ്.........

കഥ ഇഷ്ടമായെങ്കിൽ ലൈക്ക് ചെയ്തു 2 വരി അഭിപ്രായങ്ങൾ അറിയിക്കാതെ പോവല്ലേ...

          ശുഭം...

To Top