കല്യാണ രാത്രിയിലാണ് സ്വന്തം ഭർത്താവിനെ നല്ലത് പോല ഒന്ന് കാണുന്നത് തന്നെ...

Valappottukal

 രചന: സജി തൈപ്പറമ്പ്


അമ്മേ.. അയാളൊരു പൊട്ടനാണമ്മേ... അയാൾക്കൊന്നുമറിയില്ല,

എനിക്കയാളുമായി ജീവിക്കാനാവില്ലമ്മേ


കല്യാണം കഴിഞ്ഞ രാത്രിയിൽ, ഗാഡനിദ്രയിലായിരുന്ന തന്നെ ഫോൺ വിളിച്ചിട്ട്, മകൾ മഞ്ജിമ പറഞ്ഞത് കേട്ട് രത്നമ്മ തളർന്ന് പോയി.

പയ്യൻ അധികം ആരോടും സംസാരിക്കാത്ത പ്രകൃതമാണെന്നും അത് കൊണ്ട് തന്നെ കൂട്ടുകെട്ടൊക്കെ കുറവാണെന്നും ആലോചന കൊണ്ട് വന്ന ബ്രോക്കറ് പറഞ്ഞിരുന്നു.


അത് കേട്ടപ്പോൾ ആശ്വാസമാണ് തോന്നിയത്


കൂട്ട്കാരൊന്നുമില്ലെങ്കിൽ ദു:സ്വഭാവങ്ങളൊന്നുമുണ്ടാവില്ലല്ലോ ?അത് കൊണ്ട് 

മോളുടെ ജീവിതം സുരക്ഷിതമായിരിക്കുമെന്ന് കരുതി.


അവര് സ്ത്രീധനമൊന്നും വേണ്ടെന്ന് പറയുകയും ചെയ്തപ്പോൾ, നല്ല ഒന്നാംതരം തറവാട്ട്കാരാണവരെന്ന്, വല്യേട്ടൻ ഉറപ്പിക്കുകയും ചെയ്തു.


പിന്നെ എല്ലാം, 

എടിപിടീന്നായിരുന്നു, ഇതിനിടയിൽ ചെറുക്കനും പെണ്ണിനും പരസ്പരം തുറന്നു സംസാരിക്കാനുള്ള അവസരം പോലും ഉണ്ടായില്ല എന്നുള്ളതാണ് സത്യം അതിൻറെ നീരസം മഞ്ജി മയ്ക്കുണ്ടായിരുന്നു, അതവൾ തുറന്നു പറയുകയും ചെയ്തു


ഈ നൂറ്റാണ്ടിൽ  പരസ്പരമറിയാതെ  കല്യാണപന്തലിൽ നിൽക്കേണ്ടി വന്നത്  ഞങ്ങൾക്ക് മാത്രമായിരിക്കും ഇന്ന് രാത്രിയിൽ  ഒരു അപരിചിതനോടൊപ്പമാണ് ഞാൻ കഴിയേണ്ടത്


മഞ്ജിമ, അവളുടെ ഉത്ക്കണ്ഠ തുറന്ന് പറഞ്ഞു


ഇന്ന് രാത്രി അതിനൊക്കെ ഇഷ്ടം പോലെ സമയമുണ്ടല്ലോ മോളെ, ഞാനും നിൻറെ അമ്മയുമൊക്കെ അടങ്ങുന്ന പഴയ തലമുറ, കല്യാണ രാത്രിയിലാണ് സ്വന്തം ഭർത്താവിനെ നല്ലത് പോല ഒന്ന് കാണുന്നത് തന്നെ 


ഒടുവിൽ  ഏട്ടൻറെ ഭാര്യ, ലക്ഷ്മിയേടത്തിയാണ് അവളെ സമാധാനിപ്പിച്ചത്.


അദ്ദേഹം മരിച്ചതിന് ശേഷം രണ്ട് പെൺമക്കളെ കഷ്ടപ്പെട്ട് വളർത്തിയത് താനൊറ്റയ്ക്കാണെങ്കിലും മൂത്തവൾക്ക് കല്യാണാലോചന വന്നപ്പോൾ വല്യേട്ടനും ഏട്ടത്തിയും എന്തിനും കൂടെയുണ്ടായിരുന്നു.


എന്താ മോളേ എന്താ പറ്റിയത്?


യാഥാർത്ഥ്യബോധത്തിലേക്ക് തിരിച്ച് വന്ന രത്ന്മ്മ ,മകളോട് ഉത്ക്കണ്ഠയോടെ ചോദിച്ചു.


അമ്മേ ആദ്യരാത്രിയെന്ന് പറയുമ്പോൾ,ഭാര്യയ്ക്കും ഭർത്താവിനും പരസ്പരം എന്തെല്ലാം സംസാരിക്കാൻ കാണും, ഇതെന്നോട് ഒരക്ഷരം മിണ്ടുന്നില്ലെന്ന് മാത്രമല്ല എൻ്റെ മുഖത്ത് പോലും നോക്കാതെ തല കുനിച്ച് ഒരേ ഇരുപ്പാണ് ,ഒടുവിൽ ഞാൻ കുത്തികുത്തി ചോദിച്ചപ്പോൾ പറയുവാ എനിക്ക് പെണ്ണുങ്ങടെ മുഖത്ത് നോക്കാൻ നാണമാണെന്ന്, ഞാനടുത്തിരിക്കുമ്പോൾ അയാൾക്കെന്തോ പോലെയാണെന്ന്, അത് കൊണ്ട് ഞാനയാളുടെ അടുത്തേയ്ക്ക് ചെല്ലരുതെന്നും ഉറക്കം വരുന്നെങ്കിൽ, എന്നോട് കട്ടിലിൽ കിടന്നോളാൻ പറഞ്ഞിട്ട്, അയാൾ താഴെ പായ  വിരിച്ചിട്ട് കൂർക്കം വലിച്ച് കിടന്നുറങ്ങുന്നു 


മോളിപ്പോൾ എവിടെ നിന്നാണ് സംസാരിക്കുന്നത് 


ഈ മുറിക്ക് പുറത്തേയ്ക്കിറങ്ങാനൊരു വാതില് കൂടിയുണ്ടായിരുന്നമ്മേ.. ഞാനതിലൂടെ തെക്കേ തൊടിയിലേക്കിറങ്ങി നില്ക്കുവാണ് 


നീ സംസാരിക്കുന്നതൊന്നും

അവിടെയുള്ളവരാരും കേൾക്കുന്നില്ലല്ലോ അല്ലേ?


ഇല്ലമ്മേ .. ഇവിടെയിപ്പോൾ ഞാൻ മാത്രമേ ഉർന്നിരിക്കുന്നുള്ളു ബാക്കിയുള്ളവരൊക്കെ നല്ല ഉറക്കത്തിലാണ്


എങ്കിൽ എൻ്റെ മോള് അമ്മ പറയുന്നത് കേൾക്ക് ,ഇപ്പോൾ അകത്ത് പോയി കിടക്ക്, രണ്ട് ദിവസം കൂടി കഴിയട്ടെ ചിലപ്പോൾ ആ ബ്രോക്കറ് പറഞ്ഞത് പോലെ, ഓമനക്കുട്ടന് , മറ്റാരുമായും ചങ്ങാത്തമില്ലാതിരുന്നത് കൊണ്ടും, സ്ത്രീകളുമായി ഇടപഴകിയിട്ടില്ലാത്തത് കൊണ്ടുമായിരിക്കും ഇന്നങ്ങനൊക്കെ പറഞ്ഞത്,

നാളെ മുതൽ അതിനൊരു മാറ്റമുണ്ടാകും ,പിന്നെ മോള് കുറച്ച് കൂടെ ക്ഷമയോടെ വേണം, ഓമനക്കുട്ടനോട് പെരുമാറാൻ


അത് വേണോ അമ്മേ ...

എന്നെ ഒരു പരീക്ഷണ വസ്തുവാക്കുവാണോ?


മകളുടെ ആ ചോദ്യം രത്നമ്മയുടെ നെഞ്ചിൽ തീ കോരിയിട്ടു


മോളേ നീ അമ്മയെ വിഷമപ്പിക്കല്ലേ? നിനക്കറിയാമല്ലോ അവര് സ്ത്രീധനം വാങ്ങിയില്ലെന്നുള്ളത് സത്യമാണ് പക്ഷേ നിൻ്റെ കൈയ്യിലും കഴുത്തിലുമണിയാനായി 

പത്ത് പവനോളം ആഭരണം അമ്മ സംഘടിപ്പിച്ചത് കിട്ടാവുന്നിടത്തുന്നൊക്കെ കടം വാങ്ങിയിട്ടാണ് അതിനി തിരിച്ച് കൊടുക്കണമെങ്കിൽ അമ്മയിനി, ഊണും ഉറക്കവുമുപേക്ഷിച്ച് തയ്യൽ മെഷീൻ ചവിട്ടേണ്ടി വരും മോൾക്ക് കിട്ടിയത് ഒരു കുടിയനെയോ ,മുച്ചീട്ട് കളിക്കാരനെയോ ,ആഭാസനെയോ ഒന്നുമല്ലല്ലോ ?മുൻപരിചയമില്ലാത്തൊരു പെൺകുട്ടിയോട് ആദ്യമായി അടുത്തിടപഴകുമ്പോഴുള്ളൊരു ലജ്ജ മാത്രമാണ് അവൻ നിന്നോട് കാണിക്കുന്നത് ,അതൊക്കെ മാറും മോളേ, മോള് ധൈര്യമായിട്ടിരിക്ക്


ശരിയമ്മേ, അമ്മയെ ഞാൻ വിഷമിപ്പിക്കുന്നില്ല ,എന്നാൽ അമ്മ കിടന്നോളു, ഞാൻ നാളെ വിളിക്കാം


ശരി മോളേ...


ഫോൺ കട്ട് ചെയ്ത് വന്ന് കിടന്നെങ്കിലും, നെഞ്ചിൽ വലിയൊരു ഭാരമിരിക്കുന്നത് പോലെ ,രത്നമ്മയ്ക്ക് തോന്നി.


ഇളയ മകൾ മധുരിമ ,അടുത്ത് കിടപ്പുണ്ടെങ്കിലും, പകലത്തെ കല്യാണതിരക്കിൻ്റെ ക്ഷീണം കാരണം, അവൾ ഒന്നുമറിയാതെ നല്ല ഉറക്കത്തിലാണ്.


പ്രായപൂർത്തിയായ രണ്ട് പെൺമക്കളിൽ ഒരാളുടെയെങ്കിലും ,വിവാഹം കഴിഞ്ഞതിൻ്റെ ആശ്വാസത്തിലായിരുന്നു താൻ


അത് കൊണ്ട് തന്നെ ഇന്നലെ വരെയുണ്ടായിരുന്ന ഉത്കണ്ഠകളൊക്കെ മനസ്സിൽ നിന്നും ഒഴിഞ്ഞ് പോയത് കൊണ്ട്, സമാധാനത്തിലാണ് ഉറങ്ങാൻ കിടന്നത് ,കുറച്ച് ദിവസത്തെ അലച്ചിലിൻ്റെ ക്ഷീണം കൊണ്ട്, പെട്ടെന്ന് തന്നെ ഉറക്കത്തിലേക്ക് ആണ്ട് പോയപ്പോഴാണ്, മഞ്ജിമയുടെ കോള് വന്നത്.


ഇന്നിനി തനിക്കുറങ്ങാൻ കഴിയില്ല , ഉള്ളിലെരിയുന്ന നെരിപ്പോടുമായി ,ഉറക്കം വരാതെ, രത്നമ്മ തിരിഞ്ഞും മറിഞ്ഞും കിടന്നു.


#############$$$#####


ഇന്നലെ രാത്രിയിൽ

തീരെ ഉറങ്ങിയില്ലന്നു തോന്നുന്നു, മുഖത്ത് നല്ല വാട്ടമുണ്ട്


അതിരാവിലെ എഴുന്നേറ്റ്  കുളിച്ച് ഈറൻ മാറ്റി,അടുക്കളയിൽ ചെന്നപ്പോൾ, ബിന്ദുവേട്ടത്തിയുടെ വക വ്യങ്ങ്യാർത്ഥത്തിലുള്ള കമൻറ് കേട്ടപ്പോൾ, മഞ്ജിമയ്ക്ക് ആത്മനിന്ദ തോന്നി.


പക്ഷേ ,ഉള്ളിലുള്ള അമർഷം മുഖത്ത് പ്രതിഫലിപ്പിക്കാതെ, ലജ്ജയിൽ മുങ്ങിയൊരു ചിരി പാസ്സാക്കിയിട്ട്, ഏട്ടത്തിയുടെ ഊഹം ശരിയാണെന്നവൾ സമ്മതിച്ച് കൊടുത്തു.


അവനൊരു പൊട്ടനാണെന്നാ ഞങ്ങള് വിചാരിച്ചത് ,അപ്പോൾ എല്ലാം അവൻ്റെ അഭിനയമായിരുന്നല്ലേ


ബിന്ദുവേട്ടത്തി വിശ്വാസം വരാത്തത് പോലെ പറഞ്ഞു.


ഓമനക്കുട്ടൻ്റെ ഏറ്റവുംമൂത്ത ജ്യേഷ്ടൻ്റെ ഭാര്യയാണ് ബിന്ദു.


തൻ്റെ ഭർത്താവിനെക്കുറിച്ച് സ്വന്തം വീട്ടുകാർക്കു പോലും അവമതിപ്പാണെന്ന ചിന്ത മഞ്ജിമയെ സങ്കടത്തിലാക്കി.


അടുത്ത ഭാഗം വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക...


#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !
To Top