ഒരു പുഞ്ചിരിയോടെ അദ്ദേഹത്തിൻ്റെ തോളിൽ തട്ടി...

Valappottukal


കടപ്പാട്: ഷൈനി വർഗീസ്


എന്നും 


മഞ്ഞിൽ കുളിച്ചു നിൽക്കുന്ന ജനുവരി മാസം കനത്ത മഞ്ഞു വീഴ്ചയിലും തേയില തോട്ടത്തിൽ പണിക്കു പോകുന്നവർ ഒഴിച്ച് ആരും പാതയോരങ്ങളിൽ ഉണ്ടായിരുന്നില്ല...തണുപ്പ് ആസ്വദിക്കാനായി  റാം ബാൽക്കണിയിൽ ഇറങ്ങി നിന്നു.... ചുണ്ടിൽ കത്തി എരിയുന്ന സിഗരറ്റ് ആഞ്ഞു വലിച്ചു പുക പുറത്തേക്കു വിട്ടുകൊണ്ട് റാം പുറത്തെ കാഴചകളിലേക്ക് കണ്ണ് പായിച്ചു....കുന്നിൻ മുകളിലെ  അധികം ആരും വന്നു പോകാത്ത ഒരു ഹോം സ്റ്റേ ആണ് ഈത്തവണയും റാം തിരഞ്ഞെടുത്തത്.... അതിനും ഒരു കാരണം ഉണ്ട്...അഞ്ചു വർഷങ്ങൾക്കു മുൻപ് തന്നെ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചത് ഇവിടെ നിന്നാണ്....ഇന്നലെയാണ് ജയിൽ വിമോചിതനായത് നേരെ ഇവിടേയ്ക്ക് ആണ് വന്നത്...തന്റെ നല്ല പ്രായത്തിലെ അഞ്ചു വർഷങ്ങൾ ജയിലഴികൾക്കുള്ളിൽ... ആ അഞ്ചു വർഷം തന്റെ കൈയിൽ ഉണ്ടായിരുന്നെങ്കിൽ   ഇന്ന് താൻ ലോകം അറിയപെടുന്ന ഒരു എഴുത്തുകാരനായേനെ ... ചൂട് പിടിപ്പിക്കുന്ന റാമിന്റെ ചിന്തകളെ തണുപ്പിക്കാൻ പുറത്തെ മഞ്ഞിനോ തണുപ്പിനോ ആയില്ല വലിച്ചു തീർന്ന സിഗരറ്റു കുറ്റി താഴേക്കു വലിച്ച് എറിഞ്ഞു ബാൽക്കണിയിലെ കൈവരിയിൽ പിടിച്ച് താഴേക്ക്‌ നോക്കി നിന്ന റാമിന്റെ മനസ്സിലേക്ക് അഞ്ചു വർഷങ്ങൾക്കു മുമ്പുള്ള ആ സംഭവം കടന്നു വന്നു... തന്റെ മനസാക്ഷിക്ക്‌ കിട്ടിയ ശിക്ഷ അതുകൊണ്ടു തനിക്കു നഷ്ടമായത് വീട്ടുകാർ, നാട്ടുകാർ, തന്റെ എഴുത്തുകൾ, എന്തിനും തനിക്കൊപ്പം ഉണ്ടന്ന് താൻ കരുതിയ തന്റെ കൂട്ടുകാർ... എന്തോ ഓർത്ത് റാമിന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു...


കനത്ത മഞ്ഞു വീഴ്ചയുണ്ടായിട്ടും  പൊന്നിൽ കുളിച്ചു നിൽക്കുന്ന മുന്നാറിന്റെ മനോഹാരിതയും പച്ച പട്ട് വിരിച്ചതുപോലെയുള്ള തേയില തോട്ടങ്ങളും കാണാനെത്തുന്ന വിനോദസഞ്ചാരികളുടെ  തിരക്കിനിടയിലൂടെ റാം നടന്നു,... ആരോട് ചോദിക്കും കുറഞ്ഞ ചിലവിൽ ഈ മുന്നാറിന്റെ മണ്ണിൽ താമസിക്കാൻ ഒരിടം എട്ടോ പത്തോ ദിവസം മതിയാകും... റാം ഓരോന്ന് ചിന്തിച്ചുകൊണ്ട് നടന്നു.... പുലർച്ചയാണ് മുന്നാറിൽ വന്നു ബസ് ഇറങ്ങിയത് തന്റെ മനസ്സിനുള്ളിലുള്ളത് അതുപോലെ എഴുതണമെങ്കിൽ ശാന്തമായ ഒരു അന്തരീക്ഷം വേണമായിരുന്നു അങ്ങനെ ആണ് ഇവിടെ എത്തിയത്....തന്റെ അടുത്ത് വന്നു ഒരു ഓട്ടോ നിർത്തി എവിടേക്കാണ് സാർ എന്ന് ചോദിച്ചപ്പോൾ  റാം പെട്ടന്ന് തിരിഞ്ഞു നോക്കി....തന്റെ ആവശ്യം പറഞ്ഞപ്പോൾ ആ ഓട്ടോകാരനാണ് കുന്നിൻ മുകളിലുള്ള ഈ ഹോം സ്റ്റേ യിൽ കൊണ്ടുവന്നാക്കിയത്...ഓട്ടോയിൽ നിന്നും പുറത്തിറങ്ങി ചുറ്റും കണ്ണോടിച്ചു വിനോദസഞ്ചാരികളായ ആണും പെണ്ണും എല്ലാം മദ്യ ലഹരിയിൽ ആണന്നു തോന്നുന്നു നൃത്തം ചെയ്യുന്നുണ്ട് അതിലൊന്നും ശ്രദ്ധിക്കാതെ റാം തന്റെ റൂമിൽ എത്തി... സഹിക്കാൻ ആകാത്ത തണുപ്പ് ഇരുകൈപ്പത്തികളും കൂട്ടി തിരുമ്മി കവിളോട് ചേർത്ത് വെച്ചു ബെഡിലേക്ക് ഇരുന്നു... കുറച്ചുനേരം ആ ഇരിപ്പ് തുടർന്നു ബാഗ് തുറന്ന്  എഴുതാനുള്ള പേപ്പറും പേനയും എടുത്ത് മേശമേൽ വെച്ചു  ഫ്രഷ് ആയി വന്നിട്ടാകാം എഴുത്ത് എന്ന് കരുതി.... ഫ്രഷ് ആയി വന്ന്‌ എഴുതാൻ ഇരുന്നു യാത്രയുടെ ക്ഷീണവും മരംകോച്ചുന്ന തണുപ്പും രണ്ടുംകൂടിയായപ്പോൾ എഴുതാൻ താല്പര്യം തോന്നിയില്ല.... വാച്ച് എടുത്ത് സമയം നോക്കി എട്ട് ആകുന്നേയുള്ളു... ബ്രേക്ക്‌ ഫാസ്റ്റ് കഴിച്ച് ഇത്തിരി നേരം വിശ്രമിച്ചിട്ടാകാം എഴുത്ത് അല്ലെങ്കിൽ തന്നെ ധൃതി പിടിച്ച് എഴുതി തീർത്തിട്ട് എന്തു ചെയ്യാൻ ആണ്... എഴുന്നേറ്റ് വാതിൽ തുറന്ന് ബാൽക്കണിയിലേക്ക് ഇറങ്ങി... പുറത്തെ കാഴ്ചകളിലേക്ക് മിഴി നട്ടു... ഡാൻസും പാട്ടും തുടരുന്നു.. അങ്ങ് ദൂരെ നിന്നും ഒരു പെൺകുട്ടി  തന്റെ ചോരകുഞ്ഞിനേയും മാറോടു ചേർത്ത് പിടിച്ച് നടന്നു വരുന്നത് കണ്ടത് ....അവൾ അടുത്തു എത്തിയപ്പോൾ കണ്ടു കീറി പഴകിയ ഒരു സാരീ ആണ് അവളുടെ വേഷം ഈ കൊടുംതണുപ്പിലും ഒരു സ്വെറ്റർ പോലും ആ കുഞ്ഞിനെ ദേഹത്തില്ല തന്റെ സാരീ തലപ്പുകൊണ്ടുപൊതിഞ്ഞു മാറോടു ചേർത്ത് പിടിച്ചിരിക്കുന്നു കുഞ്ഞിനെ....കീഴ്പോട്ട് നോക്കിയാണ് നടപ്പ് അവൾ നടന്ന് മദ്യ ലഹരിയിൽ ആറാടുന്നവരുടെ അടുത്തു എത്തി...ആർത്ത് അട്ടഹാസിച്ചുകൊണ്ട്  അവരെല്ലാം കൂടി ആ പെൺകുട്ടിയുടെ മുന്നിലേക്ക്‌ ചെന്ന് അവളെ വഴി തടഞ്ഞെന്നപോലെ നിന്നു പരിഭ്രമത്തോടെ ആ പെൺകുട്ടി ചുറ്റിലും നോക്കി അവർ എന്തൊക്കെയോ ആ പെൺകുട്ടിയോട് ചോദിക്കുന്നു ആ പെൺകുട്ടി നിക്ഷേധാർദ്ധത്തിൽ തല ചലിപ്പിക്കുന്നത് കാണാം... പെട്ടന്നാണ് ഒരാൾ ആ പെൺകുട്ടിയുടെ കൈയിൽ നിന്നും ആ ചോര കുഞ്ഞിനെ പിടിച്ചു വാങ്ങി നിലത്ത് കിടത്തുന്നതും മറ്റൊരാൾ ആ പെൺ കുട്ടിയെ വലിച്ചിഴച്ച് കാറിൻ്റെ അടുത്തേക്ക് നീങ്ങൂന്നതും കണ്ടത്... ഇനിയും കണ്ടു നിൽക്കാൻ തനിക്കായില്ല... താൻ താഴെ എത്തിയപ്പോൾ തൻ്റെ സർവ്വശക്തിയും എടുത്ത് ആ പെൺകുട്ടി അവരെ പ്രതിരോധിക്കാൻ ശ്രമിക്കുന്നുണ്ട് അവരിൽ നിന്നും രക്ഷപെട്ട് തന്റെ കുഞ്ഞിന്റെ അടുത്തേക്ക് ഓടി വരാൻ ആഗ്രഹിച്ച് കൂതറുകയാണ് നിലത്തു കിടന്ന് കരയുന്ന പിഞ്ചുകുഞ്ഞ്... അപ്പോഴാണ് ഒരു മധ്യവയസ്കൻ തൻ്റെ അടുത്തേക്ക് ഓടിയെത്തിയത്..


സാർ... രക്ഷിക്കണേ സാർ ആ പെൺകുട്ടിയെ...അയാൾ തന്റെ മുന്നിൽ കൈകൾ കൂപ്പിക്കൊണ്ട് കെഞ്ചി 


ഏതാ ആ കുട്ടി..?


 ഇവിടെ അടിച്ചു തൂക്കാൻ വരുന്ന കുട്ടിയാ ഒരു അനാഥ ജന്മം തെരുവിൻ്റെ മകളാണ്... പതിനഞ്ച് വയസു മുതൽ ഓരോ റിസോർട്ടുകളിലും പണിയെടുത്താണ് ജീവിക്കുന്നത് ഒരിക്കൽ ഏതോ കുറെ കപാലികർ പീഡിപ്പിച്ചു.... ഏതാണ് തൻ്റെ  കുട്ടിയുടെ അച്ഛനെന്ന് ചൂണ്ടി കാണിക്കാൻ പോലും കഴിയാത്ത നിസ്സഹായയ ഒരമ്മയാണ് ആ പെൺകുട്ടി.....ഒറ്റ ശ്വാസത്തിൽ അദ്ദേഹം പറഞ്ഞു നിർത്തി...


ആ പെൺകുട്ടിയുടെ ഉച്ചത്തിലുള്ള നിലവിളി കേട്ടതും പിന്നെ ഒന്നും ചിന്തിച്ചില്ല കുതിച്ചു പായുകയായിരുന്നു അവരുടെ അടുത്തേക്ക്..

നിലത്തു കിടന്നു കരയുന്ന ആ ചോര കുഞ്ഞിനെ 

 കോരിയെടുത്തു അദ്ദേഹത്തിന്റെ കൈയിൽ ഏൽപ്പിച്ചു


പിന്നെയൊരു താണ്ഡവം ആയിരുന്നു അതേ പ്രായത്തിലുള്ള തന്റെ അനിയത്തി മാത്രമായിരുന്നു മനസ്സിലപ്പോൾ..കരയുന്ന കുഞ്ഞിനെ നിലത്തും നിന്നു കോരിയെടുത്തു അദ്ദേഹത്തിന്റെ കൈയിൽ ഏൽപ്പിച്ചു 


അടിക്കിടയിൽ ഒരുത്തനെ പിടിച്ച് തള്ളി അവൻ ചെന്നു വീണത് മുറ്റത്ത് പാകിയ കരിങ്കല്ലിൻ്റെ മുകളിലേക്കായിരുന്നു...ഒരുത്തൻ നില തെറ്റി വീണ് അവന്റെ അലർച്ച കേട്ടതും എല്ലാവരുടെയും ശ്രെദ്ധ അവനിലേക്കായി... അവരുടെ പിടിവലിയിൽ നിന്നും രക്ഷപെട്ട ആ പെൺകുട്ടി ആർത്തിയോടെ  തന്റെ കുഞ്ഞിന്റെ അരികിലേക്ക് ഓടി...


പിന്നെ  എല്ലാം പെട്ടന്നായിരുന്നു.... പണവും പദവിയും എല്ലാം അവർക്കൊപ്പമായിരുന്നു'..പട്ടാപകൽ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെ തടഞ്ഞവരെ കൊല്ലാൻ ശ്രെമിച്ചവൻ അവരെ മർദ്ധിച്ചവശനാക്കിയവൻ...അങ്ങനെ കുറെ വകുപ്പുകൾ ചാർത്തി തന്നു 


തലയിടിച്ചു വീണവൻ മരണത്തിനോട് മല്ലിട്ട് മാസങ്ങളോളം ആശുപത്രി കിടക്കയിൽ ആയിരുന്നു അവരുടെ കൂട്ടത്തിലുള്ള പെൺകുട്ടികളേയും പീഢിപ്പിക്കാൻ ശ്രമിച്ചു എന്ന കള്ള പരാതിയും... വാർത്തകൾ പലതും പരന്നു... പണം വാരിയെറിഞ്ഞവൻ്റെ കൂടെ നിയമം നിന്നപ്പോൾ എനിക്ക് നഷ്ടമായത് അഞ്ചു വർഷം നഷ്ടബോധം തോന്നാത്ത അഞ്ചു വർഷം......


ഉറ്റവരും ഉടയവരും എല്ലാം തെറ്റിദ്ധരിച്ചു പ്രാണനെ പോലെ സ്നേഹിച്ചവൾ തള്ളിപ്പറഞ്ഞു എല്ലാവരും തന്നെ ഒരു പീഡന വീരൻ എന്ന് മുദ്ര കുത്തി അങ്ങനെ അഞ്ചു വർഷം ജയിൽ വാസം... റാം ഒരു ദീർഘനിശ്വാസം വിട്ടുകൊണ്ട് ദൂരേക്ക് നോക്കി ആ പെൺകുട്ടിയും കുഞ്ഞും ഇപ്പൊ എവിടെ ഉണ്ടാകും അവളെ കണ്ടെത്താനല്ലേ തന്റെ ഈ യാത്ര.....


പിന്നിൽ കാൽ പെരുമാറ്റം കേട്ട് റാം തിരിഞ്ഞ് നോക്കി... അന്നത്തെ ആ മധ്യവയസ്കൻ


 സാർ... എന്നെ മനസ്സിലായോ?..


റാം ഒരു പുഞ്ചിരിയോടെ അദ്ദേഹത്തിൻ്റെ തോളിൽ തട്ടി.. ആ പെൺകുട്ടിയും കുഞ്ഞും എവിടെയുണ്ടന്ന് അറിയാമോ.?


ഉം അറിയാം..


എനിക്കവരെ കാണണം..


സാർ എൻ്റെയൊപ്പം വാ..


ശരി ചേട്ടൻ താഴേക്ക് പൊയ്ക്കോളു ഞാൻ മുറി പൂട്ടി വന്നേക്കാം... തന്നെ പോലീസ് അറസ്റ്റ് ചെയ്തു കൊണ്ടു പോകുമ്പോൾ അദ്ദേഹത്തിനെ നോക്കി ഒന്നേ പറഞ്ഞുള്ളു.. ഇവർക്ക് മറ്റൊരു ജോലി കണ്ടു പിടിച്ചു കൊടുക്കണം ആരേയും ഭയക്കാതെ ജീവിക്കാൻ സുരക്ഷിതമായൊരിടം കണ്ടു പിടിച്ചു കൊടുക്കണമെന്നും...


 ഇവിടുത്തെ സൂപ്പർവൈസർ ആയിരുന്ന അദ്ദേഹത്തിൻ്റെ കണ്ണുകളിൽ നല്ല ഒരു അച്ഛൻ്റെ സ്നേഹവാത്സല്യം താൻ അന്ന് കണ്ടിരുന്നു .....


അദ്ദേഹത്തിനൊപ്പം ഓട്ടോയിൽ ഒരു വീട്ടുമുറ്റത്ത്  ചെന്നിറങ്ങുമ്പോൾ ഒരു അഞ്ചു വയസ്സുകാരൻ  അദ്ദേഹത്തിൻ്റെ അരികിലേക്ക് ഓടിയെത്തി... കൈയിലിരുന്ന പൊതി ആ കുട്ടിയ്ക്ക് നേരെ നീട്ടികൊണ്ട് പറഞ്ഞു മകളുടെ കുട്ടിയാണ്....


 അദ്ദേഹം എന്നേയും കൂട്ടി അവരുടെ വീടിനകത്തേക്ക് കടന്ന് ചെന്നു.... പണി തീരാത്ത ചെറിയ ഒരു വീടായിരുന്നു എങ്കിലും നല്ല വൃത്തിയായി സൂക്ഷിചിരിക്കുന്നു.....


വേണി മോളെ കടുപ്പത്തിൽ രണ്ടു ചായ എടുത്തോ...അകത്തേക്ക് നോക്കി അദ്ദേഹം വിളിച്ചു പറഞ്ഞു...


ഇത് ചേട്ടൻ്റെ വീടാണോ..?


അതെ. ഭാര്യ രണ്ട് വർഷം മുൻപ് ഞങ്ങളെ വിട്ടു പോയി നാല് പെൺമക്കളാണ് എനിക്ക് മൂത്ത മോൾടെ കുട്ടിയെ ആണ് ഇപ്പോൾ കണ്ടത്.. രണ്ടു പെൺകുട്ടികളെ ഇത്തിരി ദൂരെയാ കെട്ടിച്ചിരിക്കുന്നത് ഇനി ഒരുത്തിയെ കൂടി ഉണ്ട് അവൾ പഠിക്കുകയാണ് ഹോസ്റ്റലിൽ നിന്നാണ് പഠിക്കുന്നത് അവൾക്കു ജോലി കിട്ടിയിട്ട് മതി കല്യാണം എന്നാണ് പറയുന്നത് അവളെക്കൂടി കെട്ടിച്ചു വിട്ടാൽ ഒന്ന് വിശ്രമിക്കാമായിരുന്നു....


ചേട്ടന്റെ പേര്?


വാസു... ആ ഹോം സ്റ്റേയിൽ ആണ് ജോലി ചെയ്യുന്നത് 


അപ്പോഴാണ് രണ്ടു ഗ്ലാസ്സ് ചായയുമായി വേണി അവിടേക്ക് വന്നത്... ഇതെൻ്റെ മൂത്ത മോൾ വേണി കൃഷ്ണവേണി എന്നാണ് ശരിയായ പേര്.. റാം വേണിയുടെ നേരെ നോക്കിയതും രണ്ടു പേരും ഒരുപോലെ നടുങ്ങി... ഇത് ആ പെൺകുട്ടിയല്ലേ..? വേണി തിരിഞ്ഞ് മുറിയിലേക്ക്  വേഗത്തിൽ നടന്ന് മറഞ്ഞു....


ഞാൻ അവളെ ഇങ്ങോട്ട് കൊണ്ടുവന്നു.....


 ഉം... തന്റെ കൺമുന്നിൽ കണ്ടത്  വിശ്വസിക്കാനാവാതെ റാം വെറുതെ മൂളി 


ഭാര്യ മരിക്കുന്നതു വരെ കുഞ്ഞിനെ നോക്കി കൊടുത്തു ....വേണി ഇവിടെ ഒരു ഷോപ്പിൽ ജോലിക്ക് പോകുന്നുണ്ട്... സാർ അന്ന് പറഞ്ഞില്ലേ താമസിക്കാൻ സുരക്ഷിതമായ ഒരിടം കണ്ടെത്തി കൊടുക്കണമെന്ന് .ഇതിലും നല്ലൊരു സുരക്ഷിതത്വം എവിടേയും കിട്ടില്ലന്ന് മനസ്സിലായ  ഞാൻ മറ്റൊന്നും ചിന്തിച്ചില്ല.....


വാസുവിനോട് എന്തെന്നില്ലാത്ത ഒരു ബഹുമാനവും സ്നേഹവും തോന്നി റാമിനപ്പോൾ,. കുറച്ചു നേരം കൂടി സംസാരിച്ചിരുന്നതിനു ശേഷം റാം എഴുന്നേറ്റു 


ഞാൻ ഇറങ്ങുന്നു....


 ഞാനും വരാം സാർ ..ജോലിക്കിടയിൽ ആണ് വന്നത് 


മോളെ വേണി ..ഞങ്ങളിറങ്ങുന്നു...വാസു അകത്തേക്ക് നോക്കി വിളിച്ചുപറഞ്ഞു 


റാം ചുറ്റും കണ്ണോടിച്ചെങ്കിലും വേണിയെ അവിടെയൊന്നും കണ്ടില്ല...


ആ കുട്ടിയെ ഒന്നു വിളിക്കാമോ യാത്ര പറഞ്ഞിട്ട് ഇറങ്ങാനായിരുന്നു....


വാസു അകത്തു ചെന്ന് വേണിയെ കൂട്ടികൊണ്ട് വന്നു 


കരഞ്ഞ് കലങ്ങിയ കണ്ണുകളുമായി പുറത്തേക്കിറങ്ങി വന്ന വേണി റാമിൻ്റെ മുന്നിൽ കൈകൂപ്പി... ഒത്തിരി നന്ദിയുണ്ട് സാർ...


എനിക്ക് നന്ദിയോന്നും വേണ്ട എനിക്കൊപ്പം വരുന്നോ എൻ്റെ ഭാര്യയായിട്ട് ...റാമിൻ്റെ ചോദ്യം കേട്ട് വേണി ഒരു നിമിഷം പകച്ചു..


വേണ്ട സാർ ഞാൻ ചീത്തയായവളാണ്...


നീ അറിഞ്ഞുകൊണ്ട് ചീത്തയായത് ആണോ? ചീത്തയായ ആരൊക്കെയോ നിന്നേ ഉപദ്രവിച്ചു അത്രയേ ഉള്ളു നീ ചീത്തയല്ല.... നിസ്സഹയായ ഒരു പെൺകുട്ടിയെ ഒറ്റയ്ക്ക് കിട്ടിയപ്പോൾ സംരക്ഷി ക്കുന്നതിന് പകരം അവളെ ഉപദ്രവിച്ച  അവരല്ലേ ചീത്ത?...


എന്നാലും സർ... വേണ്ട സാറിനു നല്ലൊരു പെൺ കുട്ടി വരും 


 ഞാൻ ജയിലിൽ കിടന്നിട്ടുള്ളയാളാണ്..... ജയിലിൽ കിടന്ന ആൾക്ക് നല്ല പെൺകുട്ടിയെ കിട്ടുമോ?


 എനിക്കും എൻ്റെ കുഞ്ഞിനും വേണ്ടിയല്ലേ...


ഈ കുറ്റവാളിക്കൊപ്പം ജീവിക്കാൻ ഭയമില്ലങ്കിൽ വരാം റാം തൻ്റെ വലതുകരം വേണിക്ക് നേരെ നീട്ടി...


സാർ എനിക്കൊരു മകനുണ്ട്...


ഇന്നു മുതൽ അവൻ എന്റെയും മകനാണ്....


ഇനി എന്തു പറയണം എന്ന് അറിയാതെ വേണി നിന്നു....ഞാൻ ഒരു അനാഥയാണ്..


. ഞാനും.. എല്ലാവരും ഉണ്ടായിട്ടും ഇന്ന് ഞാനും അനാഥനാണ് എനിക്ക് താനും തനിക്കു ഞാനും ഉള്ളപ്പോൾ നമ്മൾ എങ്ങനെ അനാഥർ ആകും നമ്മൾ രണ്ടുപേരും ഉള്ളപ്പോൾ നമ്മുടെ മോൻ എങ്ങനെ അനാഥനാകും....


മോളെ ഈ സാറിനെ വിശ്വസിക്കാം എങ്കിലും തീരുമാനം മോൾ ആണ് എടുക്കേണ്ടത്....എല്ലാം കേട്ടുകൊണ്ട് നിന്ന വാസു തന്റെ അഭിപ്രായം പറഞ്ഞു 


വേണി തന്റെ വലതു കരം എടുത്ത് റാമിന്റെ വലതു കരത്തോട് ചേർത്ത് വെച്ചു.... ലോകം വിളിച്ചു പറഞ്ഞു ഞാൻ നിന്നെ പീഡിപ്പിച്ചെന്ന്‌ എനിക്ക് ലോകത്തോട് വിളിച്ചു പറയണം ഞാൻ പീഡിപ്പിച്ചവളെ ഞാൻ ഭാര്യ ആക്കിയെന്നു... ഇപ്പോൾ എനിക്ക് നഷ്ടമായ അഞ്ചു വർഷങ്ങളെ ഓർത്ത് ഒരു നഷ്ടബോധവും തോന്നുന്നില്ല....


 റാമും വേണിയും ആ അച്ഛന്റെ അനുഗ്രഹം വാങ്ങി


വാസു ഇരുവരെയും ചേർത്ത് പിടിച്ചു...


അച്ഛാ...


എന്റെ മോൾക്ക്‌ നല്ലതേ വരൂ ഈ ലോകത്തു വെച്ചു മോൾക്ക്‌ കിട്ടാവുന്നതിൽ ഏറ്റവും നല്ല ഒരാളെ ആണ് കിട്ടിയത്....


വേണിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി കൊണ്ടിരുന്നു


മോൾക്ക്‌ അറിയാലോ കഴുകൻ കണ്ണുകൾ ഇന്നും മോൾക്ക്‌ ചുറ്റും ഉണ്ട് ഈ അച്ഛന് എന്നും മോളെ രക്ഷിക്കാൻ പറ്റിയെന്നു വരില്ല... മോൾ ഈ സാറിനൊപ്പം പൊയ്ക്കോ ഈ അച്ഛന് ഉറപ്പുണ്ട് ആണൊരുത്താനാണ് എന്റെ മോളെ കൊണ്ടുപോകുന്നത് എന്ന്


റാം സാർ ഞാൻ സാറിനെ വിശ്വസിക്കുന്നു ഈ തെരുവിൽ വളർന്നവളാണ് അച്ഛനും അമ്മയും ആരെന്നറിയാതെ വളർന്നു വന്നവൾ അച്ഛൻ ആരെന്നു അറിയാത്ത കുഞ്ഞിന് ജന്മം കൊടുത്തവൾ ഇനി വേദനിപ്പിക്കരുത്.,...


ഇല്ല അറിഞ്ഞുകൊണ്ട് വേദനിപ്പിക്കില്ല എന്നും ഈ കൈകൾക്കുള്ളിൽ സുരക്ഷിതർ ആയിരിക്കും ഇവർ 


റാം വേണിയെ തന്റെ തോളോട് ചേർത്തുപിടിച്ചുകൊണ്ട് പുറത്തേക്കിറങ്ങി ഇതൊന്നും അറിയാതെ മുറ്റത്തു ഓടികളിച്ചുകൊണ്ടിരുന്ന കുഞ്ഞിനേയും ചേർത്ത് പിടിച്ചുകൊണ്ടു ആ വീടിന്റെ പടികൾ ഇറങ്ങി.... നിറഞ്ഞു വന്ന നീർക്കണങ്ങളെ ആരും കാണാതെ അമർത്തി തുടച്ച് തന്റെ രണ്ടു പെൺകുട്ടികളും പടിയിറങ്ങി പോയപ്പോൾ ഉണ്ടായ അതേ നെഞ്ചു പറിയുന്ന വേദനയോടെ ആ അച്ഛൻ അവര് പോകുന്നത് നോക്കി നിന്നു......

To Top