മേഘം, ഭാഗം 2

Valappottukal


രചന: മഹാ ദേവൻ

അച്ഛന്റെ വാക്കുകൾക്ക് മുഖം കൊടുക്കാതെ സുകു കാറിലേക്ക് കയറുമ്പോൾ മാമൻ പതിയെ ആ അച്ഛനരികിലേക്ക് ചെന്ന് അയാളുടെ കയ്യിൽ പിടിച്ചു ഒരു ആശ്വസിപ്പിക്കാൻ എന്നോണം. പിന്നെ പതിയെ കാറിനരികിലേക്ക് നടന്നു.  

          പലപ്പോഴും മേഘ  പ്രതീക്ഷിച്ചിരുന്നു അവന്റെ ഒരു വിളി.പക്ഷേ ദിവസങ്ങൾ കൊഴിഞ്ഞുവീഴുന്നതല്ലാതെ ഒന്നും സംഭവിക്കാതെ ഓരോ പകലും കടന്നുപോയി. 

  " മോളെ, അച്ഛൻ ചെയ്തത് തെറ്റായോ?  മോളുടെ ഭാവിയോർത്താണ് ഈ അച്ഛൻ. പക്ഷേ, ഈ അച്ഛൻ കാരണം തന്നെ മോളുടെ  ഭാവി... ".
അയാൾ വാക്കുകൾ മുഴുവനാക്കാതെ മുഖം താഴ്ത്തി ഇരിക്കുമ്പോൾ അവൾ പതിയെ അച്ഛന്റെ കയ്യിൽ ചേർത്തുപിടിച്ചു. 
 
  "  എന്റെ ഭാവി പോയെന്ന് ആരാ അച്ഛാ പറഞ്ഞത്. ഒരു വിവാഹം മുടങ്ങിയാൽ ഭാവി പോയെന്ന് ആണോ.  എന്റെ ഈ അവസ്ഥയ്ക്ക് കാരണം ഞാനോ അച്ഛനോ അല്ലല്ലോ. ഏതൊരാൾക്കും വരാവുന്ന ഒരു ചെറിയ ഡിപ്രഷൻ. അത് ഇനി വരില്ലെന്ന് ഉറപ്പുള്ളത് കൊണ്ട് പറഞ്ഞില്ല.
       അവരോട് പറയാതിരുന്നത് തെറ്റ് തന്നെ ആണ്.  വരില്ലെന്ന ഉറപ്പ് നമ്മളിൽ മാത്രമല്ലേ.. ഭ്രാന്ത് ഇനിയും വന്നാലോ അല്ലേ. അവരങ്ങനെ അല്ലേ ചിന്തിക്കൂ "

അത് പറയുമ്പോൾ അവളുടെ കണ്ണുകളിൽ കടലിരമ്പി. അത് അച്ഛൻ കാണാതിരിക്കാൻ മേഘ വേഗം അച്ഛനരികിൽ നിന്നും എഴുനേറ്റ് മുറിയിലേക്ക് നടന്നു. 

         അതെ സമയം സുകുവും വല്ലാത്തൊരു മാനസികാവസ്ഥയിൽ തന്നെ ആയിരുന്നു.  അവൾ പോയിട്ട് കുറച്ചു ദിവസങ്ങൾ ആയെങ്കിലും  എന്തോ മനസ്സിൽ നിന്നും പറിച്ചെറിയാൻ കഴിയുന്നില്ല.  ഒരുപാട് പെണ്ണ് കണ്ട് അവസാനം മനസ്സിന് ഇഷ്ടപ്പെട്ടു ജീവിതത്തിലേക്ക് കൂട്ടിയതാണ്. പക്ഷേ.... 

  മനസ്സിന്റെ വല്ലായ്മയും കൂടാതെ നാട്ടുകാരോടും മറ്റും  കാര്യകാരണം വിവരിക്കാനുള്ള മടിയും അവനെ വീട്ടിലേക്ക് തന്നെ ഒതുക്കിയപ്പോൾ അതിൽ വിഷമിക്കാനും സന്തോഷിക്കാനും ആളുണ്ടായിരുന്നു.  
  
വിഷമിക്കാൻ ഒരു അമ്മാവനും സന്തോഷിക്കാൻ ആകെ ഉള്ള ഒരു പെങ്ങളും. 

" അവളെ കൊണ്ടാക്കിയത് നന്നായെടാ,   പ്രാന്തിപ്പെണ്ണിനെ ചുമക്കേണ്ട ആവശ്യം ഒന്നും നിനക്കില്ല. ഇനി അവർക്കെതിരെ കേസ് കൊടുക്കണം ചീറ്റിങ്ങിന്. അങ്ങനെ വിട്ടാൽ പറ്റില്ല ആ തന്തേം മോളേം "

എരിതീയിൽ എണ്ണ ഒഴിക്കുന്ന  കൂടപ്പിറപ്പിന്റെ  വാക്കുകൾക്ക് മുഖം കൊടുക്കാൻ നിന്നില്ല അവൻ.  പക്ഷേ,  ഓർക്കുമ്പോൾ അവൾ പറഞ്ഞതിലും കാര്യമില്ലേ എന്നൊരു തോന്നൽ  ശരിക്കും ചീറ്റ് ചെയ്തതല്ലേ അവർ.  മാറിയാലും ഇല്ലെങ്കിലും ഒരു വാക്ക് പറയാലോ ."

അവന്റെ ചിന്തകൾ പല വഴിക്ക് ചിതറിയോടി. പെങ്ങൾ പറഞ്ഞ പോലെ കേസ് കൊടുക്കണോ എന്നൊക്കെ പല വട്ടം ചിന്തിച്ചു. അവസാനം മാമനോട് കാര്യം അവതരിപ്പിച്ചപ്പോൾ അയാൾ കൈ മലർത്തി. 

 " ഞാൻ എന്ത് പറയാനാ സുകു. നീ അല്ലേ എല്ലാം തീരുമാനിച്ചത്. ഇപ്പോൾ കൂട്ടിന് പെങ്ങളും ആയി.  നിങ്ങൾ എന്താച്ചാ തീരുമാനിച്ചു ചെയ്‌തോ. എന്നെ അതിലേക്ക് വലിച്ചിടേണ്ട. കേസ് കൊടുക്കോ,  നഷ്ടപരിഹാരം വാങ്ങിക്കുകയോ , ഇനി നിന്നോട്  ക്രൂരത ചെയ്ത ആ കുടുംബത്തെ ആണിവേര് അറുത്തു സന്തോഷിക്കുകയോ എന്താന്ന് വെച്ച ചെയ്‌തോ.  മാമനെ നോക്കണ്ട. "

മാമന് തന്റെ ചോദ്യം ഇഷ്ട്ടമായില്ലെന്ന് അയാളുടെ വാക്കുകളിൽ നിന്ന് അവന് മനസ്സിലായി. 
 " പിന്നെ ഞാൻ എന്ത് ചെയ്യണം മാമാ "എന്ന അവന്റെ ചോദ്യത്തിന് മുന്നിൽ അയാൾ പുച്ഛത്തോടെ മുഖം കോട്ടി. 

 " ഇനി എന്ത് ചെയ്യണമെന്ന് എന്നോട് ചോദിക്കുന്നത് എന്തിനാണ് സുകു. നിന്റ ഇഷ്ട്ടത്തിനാണ് ഈ വിവാഹം തീരുമാനിച്ചതും കെട്ടിയതും. നിന്റ ഇഷ്ടത്തിന് തന്നെയാണ് അവളെ വേണ്ടെന്ന് വെച്ചതും. പക്ഷേ മോൻ ഒന്നോർക്കണം.  ഒരു പെണ്ണിന്റ ജീവിതം വെച്ചാണ് കളിച്ചത്.  നിന്നോട് അവർ ചെയ്തത് ശരിയാണ് എന്നല്ല ഞാൻ പറയുന്നത്.  പക്ഷേ,  ഇനി ഒരിക്കലും ഉണ്ടാകില്ലെന്ന ഡോക്ടറുടെ വാക്ക്,  ആ വാക്കിലുള്ള വിശ്വാസം..  ഇനി വരില്ലെന്ന് ഉറപ്പുള്ള രോഗത്തെ വെറുതെ ഓർമ്മിപ്പിക്കാനായി ഇതിലേക്ക് വഴിച്ചിഴക്കേണ്ട എന്നവർ തീരുമാനിച്ചെങ്കിൽ അതിനെയും തെറ്റ് പറയാൻ പറ്റില്ല.  നിന്നോട്  ഇതെല്ലാം മറച്ചുവെച്ചതിനെ ന്യായീകരിക്കുകയല്ല ഞാൻ, എന്നാലും നിനക്ക് ഒന്ന് ചിന്തിച്ച് തീരുമാനം എടുക്കാമായിരുന്നു. "

അയാളുടെ വാക്കുകൾക്ക് മുന്നിൽ മുഖം കുടയുമ്പോൾ അവൻ ചോദിക്കുന്നുണ്ടായിരുന്നു 
 " ന്നാലും അവർക്ക് ഇത് ആദ്യമേ പറയാമായിരുന്നല്ലോ. ഇതിപ്പോ മറ്റുള്ളവർ അറിഞ്ഞാൽ ഉള്ള അവസ്ഥ ഒന്ന് ചിന്തിച്ച് നോക്കിയേ " എന്ന്. 

      മാമൻ അവന്റെ തോളിൽ പതിയെ കൈ വെച്ചുകൊണ്ട് എഴുനേറ്റു. 
  "മോനെ, മറ്റുള്ളവർ എന്ത് പറയും എന്നോർത്തു നടന്നാൽ  ഈ ലോകത്ത് നമുക്ക് ജീവിക്കാൻ കഴിയില്ല. നമ്മൾ എന്ത് തീരുമാനിക്കുന്നു എന്നിടത്താണ് കാര്യം.  ഈ അസുഖം എന്നത് ആർക്കും വരാത്തതല്ല.  നാളെ നിനക്കും എനിക്കും സംഭവിക്കാം.  അത് മാറുകയും മാറാതിരിക്കുകയും ചെയ്യാം.  അതൊക്കെ ഓരോ മനുഷ്യന്റെയും യോഗം പോലെ ഇരിക്കും.  ഇതിപ്പോ ആ കൊച്ചിന് ഇച്ചിരി നേരത്തെ വന്നു.  അത് മാറുകയും ചെയ്തു.  വിവാഹം കഴിഞ്ഞാണ് ഇത് സംഭവിക്കുന്നതെങ്കിൽ ഇതുപോലെ അവളെ നീ ഉപേക്ഷിക്കുമോ? "

അയാളുടെ ചോദ്യത്തിന് മുന്നിൽ സുകു മുഖം കുനിക്കുമ്പോൾ അമ്മാവൻ അവനെ ഒന്നുകൂടി നോക്കിക്കൊണ്ട് തുടർന്നു, 
 
    " ഒന്ന് മോൻ മനസ്സിലാക്കുക. ചിലത് പൊട്ടിച്ചെറിയാൻ എളുപ്പമാ. അതിന് നമ്മളെ സപ്പോർട്ട് ചെയ്യാൻ കൂടെ ആളുകളും ഉണ്ടാകും. എന്നാൽ  എല്ലാം ഒന്ന് കൂട്ടിച്ചേർത്തു മുന്നോട്ട് കൊണ്ടുപോകാൻ ആണ് പ്രയാസം. അവിടെ ആരും കൂടെ ഉണ്ടാകില്ല.  നമ്മൾ ഒറ്റയ്ക്ക് തീരുമാനിക്കണം, നടപ്പിലാക്കുകയും വേണം. മനസ്സിലായോ?  ഇപ്പോൾ നീ അവളെ അവിടെ കൊണ്ടുവിട്ടിട്ട് മാസം നാലായി. അതിനിടയ്ക്ക് നിന്റ സംശയങ്ങൾക്ക് ഉള്ള മറുപടി ഡോക്ടറുടെ വായിൽ നിന്ന് വരെ കേട്ടതാണ്. എന്നിട്ടും നിന്റ പെങ്ങളുടെ വാക്ക് കേട്ട് ആരേം വിശ്വസിക്കാതെ ഒരു പെണ്ണിന്റ ശാപം കൂടി വാങ്ങിവെയ്ക്കാൻ ആണ് പുറപ്പാടെങ്കിൽ ഇത്രേം ഞാൻ പറഞ്ഞതൊക്കെ നീ മറന്നേക്ക്.  അതല്ല,  നിന്റെ തീരുമാനത്തിൽ എന്തേലും മാറ്റമുണ്ടെങ്കിൽ ഇനിയും വൈകിയിട്ടില്ല.  നീ വിളിക്കാൻ വരുമെന്ന പ്രതീക്ഷയിൽ ആയിരിക്കും ഇപ്പോഴും അവൾ.  ചിലത് മറക്കാനും പൊറുക്കാനും കഴിയുന്നിടത് നമ്മൾ തോറ്റു പോവുകയല്ല മോനെ,  ജയിക്കുക തന്നെയാണ്.   "

മാമന്റെ ഓരോ വാക്കും അവനെ ഇരുത്തി ചിന്തിപ്പിക്കാൻ പോന്നതായിരുന്നു.   ഇപ്പോൾ എടുത്തുചാടി ഒരു തീരുമാനത്തിൽ എത്തേണ്ടതായിരുന്നു എന്നൊരു തോന്നൽ. 
 കെട്ടിയ പെണ്ണ് കഴിക്കുന്നത് പ്രാന്തിന്റെ ഗുളിക ആണെന്ന് അറിഞ്ഞത് മുതൽ ചതിക്കപ്പെട്ടു എന്ന തോന്നൽ  ഇവിടെ വരെ എത്തി.  
   കൂടെ പെങ്ങളുടെ വാക്കും കൂടി മനസ്സിനെ പിടിച്ചുനിർത്താൻ കഴിയാത്ത അവസ്ഥയിൽ എത്തിച്ചു.  കേസ് കൊടുക്കാൻ വരെ ചിന്തിച്ചതാണ്.  പക്ഷേ, അപ്പോഴും മനസ്സിൽ എവിടെയോ അവൾ ഉണ്ടായിരുന്നു.  

  " നീ ഇനി ഇങ്ങനെ വെറുതെ ചിന്തിച്ച് കൂട്ടാതെ അവളെ കൂട്ടികൊണ്ടുപോരാൻ നോക്ക്. ഞാൻ അവളുടെ അച്ഛനെ വിളിച്ച് സംസാരിക്കാം.  അവർക്കിത് കേൾക്കുമ്പോൾ വലിയ സന്തോഷമാകും.  ജീവിതത്തിൽ ഇതൊക്കെ സ്വാഭാവികം ആണെടാ. ഇണക്കവും പിണക്കവും.  പിണക്കം ഇതോടെ കഴിഞ്ഞെന്ന് കരുതിയാൽ മതി. "

അവന്റെ മൗനം സമ്മതമെന്നോണം മറ്റൊരു മറുപടിക്ക് കാത്തുനിൽക്കാതെ അമ്മാവൻ ഫോണിൽ നമ്പർ ഡയൽ ചെയ്ത് ചെവിയോട് ചേർക്കുമ്പോൾ  അവന്റെ മുഖത്ത്‌ ആകാംഷ നിറഞ്ഞ ഭാവമായിരുന്നു. 

ഏറെ നേരത്തെ റിങിന് ശേഷം അപ്പുറത് ഫോൺ അറ്റന്റ് ചെയ്തു എന്നത് മാമന്റെ മുഖത്ത്‌ നിന്ന് അവന് വായിച്ചെടുക്കാമായിരുന്നു. 
   "ഹലോ......... "
കഥയുടെ ബാക്കി തുടർന്ന് വായിക്കുവാൻ, ഇവിടെ ക്ലിക്ക് ചെയ്യുക...
 

കൂടുതൽ കഥകൾക്ക് ഈ പേജ് ഫോളോ ചെയ്യൂ....

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !
To Top