രചന: നയന വൈദേഹി സുരേഷ്
എനിക്ക് ഭർത്താവിനെ വേണ്ട ,എനിക്ക് എന്റെ ഇഷ്ടമുള്ള ആളുടെകൂടെ പോയാമതി എന്ന അവളുടെ വാക്കുകളായിരുന്നു ചെവി നിറയെ .
അവൾ ആത്മഹത്യ ചെയ്തുവെന്ന് രണ്ട് ദിവസം മുൻപ് വേണു ചിരിച്ചു കൊണ്ട് ഫോൺ ചെയ്ത് പറഞ്ഞപ്പോൾ പെട്ടെന്ന് കണ്ണിൽ ഇരുട്ടു കയറുന്ന പോലെയാണ് തോന്നിയത് .
അവൾക്കു വേണ്ടി ഒഴുക്കിയ കണ്ണുനീരിൽ ഒരു തരി പോലും ശേഷിക്കാത്തതിനാലാകണം കണ്ണ് കരയാൻ മടിച്ചത് .ഒരു കുപ്പിവെള്ളം ഒറ്റ വലിക്ക് കുടിച്ച് ഓഫീസിൽ നിന്നുമിറങ്ങി വീട്ടിൽ വന്ന് കിടന്നു .
അവളെന്തിന് ആത്മഹത്യ ചെയ്തു ?
പിറ്റേന്ന് ഓഫീസിലിരിക്കുമ്പോഴാണ് ഒരു കത്ത് വന്നത് . അടവു തെറ്റിയ കുറികളുടെയും ബാങ്കിന്റെയും ഓർമ്മപ്പെടുത്തലുകളല്ലാതെ വർഷങ്ങൾക്ക് ശേഷം ഒരു കത്ത് ...
മുന്നിലിരുന്ന ഫയൽ മടക്കി വെച്ച് , അരുക് ചേർത്ത് എവിടെയും കീറാതെ അയാൾ കത്ത് തുറന്നു .
പ്രിയപ്പെട്ട എന്റെ അനൂപേട്ടന് ,
എനിക്കറിയാം ഇതിൽ എന്റെ എന്ന വാക്കിന് പ്രസക്തിയില്ലാന്ന് , എങ്കിലും ഈ അവസാന നിമിഷം ഞാനങ്ങനെ വിളിക്കാൻ ഇഷ്ടപ്പെടുകയാണ് .
തെറ്റ് പറ്റിപ്പോയി , മുന്നിൽ വന്ന് നിന്ന് പറയാൻ ധൈര്യമില്ല ,അതിനുള്ള യോഗ്യതയുമില്ല , അന്ന് അനൂപേട്ടന്റെ കണ്ണിൽ നിന്നും ഒഴുകിയ ഓരോ തുള്ളിയിലും ഇന്ന് ഞാൻ നീറിയടങ്ങുന്നുണ്ട് .നാളെ ഒരു നക്ഷത്രമായി അനൂപേട്ടനെ കാണാൻ ഞാൻ വരും ,മുന്നിലുള്ളതെല്ലാം മായയായിരുന്നു .അടി കൊണ്ട് തകരാത്ത ഒരവയവവും എന്നിലില്ല . ഉണ്ടായ ഒരു കുഞ്ഞിനെ വയറ്റിലിട്ടു തന്നെ അയാൾ ചവിട്ടി കൊന്നു .
ഏട്ടനോട് മാത്രം ഞാൻ യാത്ര പറയുകയാണ് .ഫോൺ ചെയ്യണമെന്ന് കരുതിയതാണ് പക്ഷേ ആ ശബ്ദം എനിക്ക് താങ്ങാനാകില്ല അതാണ് കത്തിലൊതുക്കിയത് . എന്റെ മരണവിവരമറിയുമ്പോൾ എല്ലാവരും നന്നായി എന്നെ പറയു ,,,
മാപ്പ് .... എല്ലാത്തിനും
എന്ന്
അർച്ചന
അയാളുടെ മനസ്സ് വിങ്ങി , ഭാര്യ ഓടിപ്പോയ ഒരുവന്റെ ദുഖം അനുഭവിച്ചറിയണം .... അവൻ കഴിവില്ലാത്തവനാണെന്ന് രഹസ്യമായിട്ടെങ്കിലും മുദ്രകുത്തപ്പെടും ഭാര്യയെ സ്നേഹിക്കാൻ , കിടപ്പറയിൽ അവളെ അടക്കാൻ ഒന്നിനും കഴിവില്ലാത്തവനായി അവൻ മാറും ,,,
എന്നിട്ടും മറ്റുള്ളവർ അവൻ കേൾക്കെ പറയും .. നിന്റെ സ്നേഹം മനസ്സിലാക്കാതെ പോയ അവൾ അനുഭവിക്കുമെന്ന് ...
കോടതി മുറികളിൽ തളക്കപ്പെട്ട ആ വൃത്തികെട്ട ദിനങ്ങൾ അയാളിലൂടെ കടന്നു പോയി . പിന്നീട് ഇതുവരെ ഒരു പെണ്ണും എത്തിനോക്കാത്ത അയാളുടെ ഹൃദയം നീറി .ആ കത്ത് മടക്കി അയാൾ വേസ്റ്റ് ബിന്നിലിട്ടു ... പിന്നീട് അത് വീണ്ടും അവിടെ നിന്നെടുത്ത് പോക്കറ്റിൽ വെച്ചു .
ഭാര്യ മരിച്ചവനാണോ താനിപ്പോൾ?
അല്ല , അതിന് അവളിപ്പോൾ തന്റേതല്ലല്ലോ ?
വേണുവും കൂട്ടുകാരുമെല്ലാം സന്തോഷത്തിലാണ് . അവർ എങ്ങനെ സന്തോഷിക്കാതിരിക്കും അന്നവൾ പോയപ്പോൾ തന്റെ അവസ്ഥ കണ്ടത് അവർ മാത്രമാണ് .
വേലിച്ചാടിയ പശു കോല് കൊണ്ട് മരിക്കുമത്രെ
ആഘോഷങ്ങൾക്കൊന്നും നിൽക്കാതെ അയാൾ മുറിയിൽ വന്ന് കട്ടിലിൽ കിടന്നു . ഉത്തരമില്ലാത്ത രണ്ടെറ്റ് കണ്ണുനീർ അയാളിലൂടെ ഒഴുകി ..പതിയെ അയാൾ കട്ടിലിലേക്ക് നോക്കി ... ഒഴിഞ്ഞുകിടക്കുന്ന വലിയ കട്ടിൽ ,
ആ കട്ടിലിനോളം ഏകാന്തത തന്ന മറ്റൊന്ന് ഇല്ല ,,,
അവളുള്ളപ്പോൾ ഈ ചുവരിനോട് ചേർന്ന് തന്റെ കയ്യിൽ തല വെച്ച് അവൾ കിടക്കും ..
പിന്നെന്തെപ്പോയത് അവൾ ?
ആ കത്ത് പോക്കറ്റിൽ നിന്നെടുത്ത് അയാൾ കട്ടിലിൽ വെച്ചു .എഴുന്നേറ്റ് ജനലുകളടച്ചു ഒരു നക്ഷത്രമായിട്ടും ഇനി നീ എന്നെ എത്തിനോക്കരുത് ...
കട്ടിലിൽ കിടന്ന് അയാൾ പാതി കണ്ണുകളടച്ചു .എങ്കിലും അടഞ്ഞ ജനാലിനപ്പുറം മാനത്തെ പുതിയ നക്ഷത്രത്തെ അയാൾ തപ്പി കൊണ്ടിരുന്നു.
രചന: നയന വൈദേഹി സുരേഷ്
