"അദ്രി.....!!!"
കസേരയിൽ നിന്ന് എഴുന്നേറ്റ് അവളുടെ അടുത്തേക്ക് ചെന്നു എന്തോ പറയാനാഞ്ഞ അദ്രിയും തല കുമ്പിട്ട് നിൽക്കുന്ന മിതുവും വിളി വന്നിടത്തെയ്ക്ക് നോക്കി..
അവരുടെ നിൽപ്പ് കണ്ട് വാതിലിനരികിൽ അമ്പരന്നു നിൽക്കുന്ന അനി,ദർശൻ,ആദി,ജീവ..
മിതുവിനെ കണ്ടപാടെ ആദിയും ജീവയും അവളുടെ അടുത്തേക്ക് ചെന്നു..
അവരെ അവിടെ പെട്ടന്ന് കണ്ടപ്പോൾ രണ്ട് പേരും ചെറുതായി ഒന്ന് ഞെട്ടിയെങ്കിലും
അദ്രി ചിരിയോടെ തന്നെ അവരുടെ അടുത്തേക്ക് നടന്നു..
"ഇതാണോ ഷർട്ട് കഴുകാൻ ആണെന്ന് പറഞ്ഞിട്ട് നിന്റെ പണി.."
"വില കളഞ്ഞ് നാറ്റിക്കരുത് പ്ലീസ്.."
ദർശന്റെ വക ആദ്യത്തെ ചോദ്യം ഉയർന്നപ്പോൾ തന്നെ ഇനി ബാക്കി എന്തൊക്കെ ആകുമെന്ന പേടിയാൽ അവന് കേൾക്കാൻ പാകത്തിൽ അദ്രി വേഗം ഇടയിൽ കേറി പറഞ്ഞു..
മിതുവിന് മനോഹരമായ ഒരു പുഞ്ചിരി നൽകി ആദിയേയും ജീവയേയും നോക്കി അദ്രി രണ്ട്കണ്ണും ചിമ്മി കാണിച്ച് ദർശന്റെ തോളിൽ കൈ ചേർത്ത് പുറത്തേയ്ക്ക് ഇറങ്ങി..
എന്തോ അവന്റെ ആ പ്രവൃത്തിയിൽ ആദിയ്ക്കും ജീവയ്ക്കും തിരിച്ചൊരു ചിരി നൽകാതിരിക്കാൻ ആയില്ല..
പക്ഷേ മിതു അവന്റെ ആ പ്രവൃത്തിയിൽ അമ്പരപ്പ് വിട്ട് മാറാതെ നിൽക്കുകയായിരുന്നു..
ജീവയുടെ ചുണ്ടിലെ പുഞ്ചരി കണ്ടുകൊണ്ട് തന്നെ അവരുടെ ഒപ്പം മുറി വിട്ട് ഇറങ്ങുന്നതിനു മുൻപേ അവളെ കടിപ്പിച്ചൊന്ന് നോക്കാൻ അനി മറന്നില്ല. പകരം ചുണ്ടൊന്ന് കോട്ടി ജീവ മുഖം വെട്ടിച്ച് ഇരുന്നു...
"ഡി മിതു എന്താടി ഇവിടെ ഉണ്ടായത്..
നീ എന്താണ് ഇങ്ങനെ റിലെ പോയി ഇരിക്കുന്നത്..കാര്യം എന്താണെന്ന് പറ.."
"നീയൊന്നു തിരക്ക് കൂട്ടാതെ ന്റെ ആദി..
അവള് ശ്വാസം ഒന്ന് എടുക്കട്ടെ.."
ആദിയുടെ ചോദ്യങ്ങൾക്ക് ഒന്നും മറുപടി പറയാതെ അവർ പോയ വഴിയെ തന്നെ നോക്കി നിൽക്കുന്ന മിതുവിനെ കണ്ട് ജീവയ്‌ക്ക് എന്തോ പന്തികേട് തോന്നിയിരുന്നു..
അതുകൊണ്ട് തന്നെ കുറച്ച് സമയം മിതുവിനോട് ഒന്നും ചോദിക്കാതെ അവൾക്ക് പറയാനുള്ള സമയം കൊടുത്തു..
കുറച്ച് നേരത്തെ മൗനത്തിനു ശേഷം അന്ന് അവനെ കണ്ടത് മുതൽ ഇപ്പോ ഉണ്ടായത് വരെ അവളിൽ ഉണ്ടായ മാറ്റങ്ങളും സംശയങ്ങളും അവരോട് തുറന്നു പറഞ്ഞു..
എല്ലാം കേട്ട് ആദിയുടെ ബോധം ഏകദേശം പോകാൻ ആയെങ്കിലും ജീവ ഇതൊക്കെ ഇങ്ങനെ ആകുകയുള്ളു എന്നുള്ള ഇരിപ്പിലായിരുന്നു..
"ഞാൻ പെട്ടല്ലേ..."
എല്ലാം പറഞ്ഞ് കഴിഞ്ഞിട്ടും അവരുടെ ഭാഗത്ത് നിന്നും മറുപടി വരാതെ മിതു ചോദിച്ചു..
"പെട്ടുന്ന തോന്നണേ...
അല്ലേ ജീവേ.."
ആദിയും വളരെ ദയനീയമായി ജീവയുടെ കയ്യിലൊന്ന് തോണ്ടി...
"തോന്നൽ അല്ല..
നീ ശരിക്കും പെട്ടൂ മോളേ മമ്തേ..."
ചിരിയോടെ തലയൊന്നാട്ടി പ്രത്യേക താളത്തിൽ ഉള്ള ജീവയുടെ പറച്ചിൽ കേട്ട് മിതു കരച്ചിലിന്റെ വക്കിൽ എത്തി..
"വിങ്ങി പൊട്ടാൻ ഒന്നും നിക്കണ്ട..
നീ പേടിക്കാതെ ഇരി..നമുക്ക് നോക്കാം..
ചിലപ്പോൾ ഇതൊക്കെ രണ്ടീസം കഴിഞ്ഞാൽ അങ്ങ് മാറും.."
ആദി അവളെ ആശ്വസിപ്പിച്ചു..
"അങ്ങേരെ ഇടയ്ക്ക് ഓർമ വരുന്നു..
അത്രല്ലേ ഉള്ളൂ..
അത് നിന്റെ മനസ്സിൽ ഒരു രക്ഷകനെ കിട്ടിയ ആരാധനയാകും..
അതൊക്കെ നമുക്ക് ശരിയാക്കാം..
നീ വന്നേ അവർ എല്ലാവരും നിന്നെ തിരക്കുന്നുണ്ട്..
ഇതൊക്കെ ഒന്നും മാറി മുഖം കഴുകി സുന്ദരിമണി ആയി വാ..
വേം ചെല്ല് ന്റെ ഉമ്മച്ചികുട്ടി..."
അവളുടെ താടിയിൽ പിടിച്ച് കൊഞ്ചിച്ച് ജീവ പറഞ്ഞു..
മിതു ഒരു ദീർഘ നിശ്വാസം എടുത്ത് അവരെ നോക്കി ചിരിച്ച് ഒന്ന് ഫ്രഷ് ആയി വന്നു അവരുടെ ഒപ്പം പോയി...
⭐⭐⭐⭐⭐
"നിങ്ങള് ഇതെവിടായിരുന്നു പിള്ളേരെ..
മുതുവിനെ നോക്കാൻ പോയതാണെന്ന് പറയുന്നത് കേട്ടു..പിന്നെ കണ്ടതേയില്ല.."
റൂമിന് വെളിയിൽ കടന്നപ്പോൾ തന്നെ സുഭദ്രമ്മ അവരെ കണ്ട് ചോദിച്ചു..
"മുത്തശ്ശി..
മിതു നിസ്കരിക്കായിരുന്നു..അപ്പോ അത് കഴിയുന്ന വരെ ഞങ്ങളും അവിടെ ഇരുന്നു..അതാണ് കാണാതെ ഇരുന്നത്.."
അപ്പോ തോന്നിയ ഒരു ഐഡിയ പോലെ ജീവ മറുപടിയും കൊടുത്തു..
"ആണോ മിതുട്ടാ..
നീ വന്നേ അവിടെ അവരൊക്കെ നിന്നെ മാത്രമേ പരിചയപ്പെടാത്തതുള്ളു.."
ഒരു ചിരിയാലെ മിതുവിന്റെ കൈ പിടിച്ച് സുഭദ്ര ഹാളിലേക്ക് ചെന്നു അവർക്ക് പുറകെ ആദിയും ജീവയും..
"ഇതാണുട്ടോ ഞങ്ങടെ മിതുട്ടൻ.."
ഹാളിൽ കൂടിയിരിക്കുന്നവർക്ക് അഭിമുഖമായി നിന്ന് മിതുവിനെ ചേർത്ത് പിടിച്ച് സുഭാദ്രമ്മ പറഞ്ഞത് കേട്ട് ഹാളിൽ ഇരിക്കുന്ന അദ്രിയടക്കം എല്ലാവരുടേയും നോട്ടം മിതുവിലായി..
ഇളം റോസ് നിറത്തിലുള്ള ഫുൾ സ്ലീവ് ചുരിദാറാണ് മിതുവിന്റെ വേഷം..
അത്യാവശ്യം ഉയരവും,അവളുടെ ഉയരത്തിന് അനുസരിച്ച വണ്ണവും,ചിരിക്കുമ്പോൾ തിളങ്ങുന്ന കുഞ്ഞി കണ്ണുകളും,നീണ്ട നാസികയും, ചെറിയ ഇളം ചുവപ്പ് ചുണ്ടുകളും,
മുഖത്ത് യാതൊരു വിധ ചായങ്ങളില്ലാതെ തന്നെ അതേ റോസ് കളറുള്ള ഷാൾകൊണ്ട് തട്ടവുമിട്ട മിതുവിന്റെ മുഖവും ഒരു കുഞ്ഞ് റോസാപൂ പോലെ തോന്നി പോകും..
"മിതുട്ടൻ എന്ന് പറഞ്ഞപ്പോൾ ഞങ്ങൾ കരുതി ചെറിയ കുട്ടിയാകുമെന്ന്..."
സുഭദ്രമ്മയുടെ അടുത്ത് നിൽക്കുന്ന മിതുവിന്റെ കൈകളിൽ പിടിച്ച് എല്ലാവരെയും നോക്കി ദേവുമ്മ പറഞ്ഞു..
അത് ശരിവെക്കും വിധം ബാക്കി എല്ലാവരും അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു..
അദ്രിയെ നോക്കാതെ തിരിച്ച് അവർക്കൊരു ചിരി നൽകാൻ മിതു മറന്നിരുന്നില്ല..
അദ്രി അവളുടെ ഓരോ ചലനങ്ങളും ആസ്വദിച്ച് നിൽക്കുമ്പോൾ അനിയവിടെ ജീവയെ നോക്കി കണ്ണുരുട്ടി പേടിപ്പിക്കുകയാണ്..
പക്ഷേ ജീവ നേരത്തെ കേട്ട അവന്റെ ഒറ്റ ഡയലോഗിൽ അവന് നേരെ ജീവ പുച്ഛം വാരി വിതറുകയാണ്..
ഇതെല്ലാം എവിടെ ചെന്ന് അവസാനിക്കുമെന്ന് അറിയാതെ ഇവരുടെ ഇടയിൽ ആകെ മൊത്തം വലഞ്ഞ അവസ്ഥയിലാണ് ദർശനും ആദിയും..
" ഇൗ കാര്യം ചില നേരത്ത് ഞങ്ങക്ക് എല്ലാവർക്കും തോന്നാറുണ്ടെലും ഇവരുടെ കൂട്ടത്തിൽ രണ്ട് വയസിന് മൂത്തതാണ് മിതു.."
സുഭദ്ര തന്റെ അടുത്ത് തന്നെ നിൽക്കുന്ന ജീവയേയും ആദിയേയും ചൂണ്ടി പറഞ്ഞു..
അവർ ബാക്കി ഉള്ളവരെ നോക്കിയൊന്ന് ചിരിച്ചു..
അവരെല്ലാം സുഭദ്രമ്മ പറയുന്നത് കേൾക്കാൻ ആകാംഷയോടെ ഇരിക്കുകയാണ്..
മുത്തശ്ശി ഇനി എന്തൊക്കെ പറഞ്ഞ് നാറ്റിക്കുമെന്ന് കണ്ടറിയാം എന്നുള്ള അവസ്ഥയായി ആദി ദയനീയമായി മിതുവിനെ നോക്കി..
അവളുടെ അതേ അവസ്ഥയിൽ തന്നെയാണ് മിതുവും ജീവയും..
"ഇവരുടെ കാര്യമൊന്നും പറയാതെ ഇരിക്കുന്നതാണ് ബേധം..
ഇടയ്ക്ക് കുഞ്ഞ് കളിക്കുമെങ്കിലും
മിതു കാര്യങ്ങളൊക്കെ അതിന്റേതായ പക്വതയിൽ ചെയ്യുമെന്ന ഒറ്റ വിശ്വാസത്തിലാണ് ഇവരെ രണ്ടിനേം അങ്ങ് തൃശ്ശൂർക്ക് പാക്ക് ചെയ്തത്..
രണ്ടും കൂടെ ന്റെ കുട്ടിയെ ഇട്ട് വലപ്പിക്കുന്നുണ്ടാകും..
എന്നാലും ചങ്കും കരളും അല്ലേ ഞങ്ങളോട് പരാതിയുമായി വരാൻ പറ്റില്ലല്ലോ..."
"ഇൗ മുത്തശ്ശിയുടെ ഒരു കാര്യം..
എപ്പോഴും ഇങ്ങനെയാ തമാശ പറഞ്ഞോണ്ട് ഇരിക്കും..
തുടങ്ങിയാൽ നിർത്തില്ല..
അല്ലേ മുത്തശ്ശ.."
മുത്തശ്ശി അവരുടെ കാര്യങ്ങളൊക്കെ പറയാനുള്ള പ്ലാൻ ആണെന്ന് മനസ്സിലായപ്പോൾ ജീവ വേഗം ചെന്ന് മുത്തശ്ശിയുടെ കൈ പിടിച്ച് ഞെക്കി 'അപമാനിച്ചത് മതിയായില്ലേ എന്നപോലെ' മുത്തശ്ശിയേയും മുത്തശ്ശനെയും മാറി മാറി ഒന്ന് നോക്കി..
"മിതുട്ടൻ എന്ന് പറഞ്ഞാ ഇവർക്ക് എങ്ങനെ മനസ്സിലാകാനാണ് സുഭദ്രേ..
അവരൊക്കെ കാര്യം അറിയാതെ ഇരിക്കുന്നത് കണ്ടില്ലേ.."
ജീവയുടെ നോട്ടത്തിന്റെ അർത്ഥം മനസ്സിലാക്കി മാധവൻ ബുദ്ധിപൂർവം ഇടപെട്ടു..
അല്ലേൽ ഇവർ പോയി കഴിഞ്ഞാൽ മുത്തശ്ശിയുടെയും കൊച്ച് മക്കളുടെയും ഇടയിൽ കിടന്ന് പാടുപെടേണ്ടി വരും..
"അത് ശരിയാണല്ലോ..
പിള്ളേരുടെ കുറുമ്പുകൾ ആലോചിച്ചപ്പോ
ഞാൻ അതങ്ങ് മറന്നു..
ഇത് ഞങ്ങടെ അമീയുടെ മകളാണ്..
അമീയെ അറിയാതെ ഇരിക്കാൻ വഴിയില്ല..
കഥക് നർത്തകി അമീറ ചൗധരി..
ഞങ്ങൾക്ക് അവൾ അമീയാണ്.."
സുഭദ്രമ്മ വാത്സല്യത്തോടെ മിതുവിനെ ചേർത്ത് പിടിക്കുമ്പോൾ, എല്ലാവരുടെയും മുഖത്ത് ആശ്ചര്യം നിറഞ്ഞുവെങ്കിലും അമീറയുടെ മകൾ ഇവിടെ എങ്ങിനെ വന്നു എന്നുള്ള സംശയമായിരുന്നു..
"എൻ്റെ ഭാര്യ ലക്ഷ്മിയുടെ ചെറുപ്പം മുതലുള്ള അടുത്ത കൂട്ടുകാരിയാണ് അമീറ..അവരുടെ സൗഹൃദം മക്കളിലൂടെ തുടരുന്നു..അതൊക്കെ പറയാൻ ആണേൽ കുറെയേറെയുണ്ട്.."
ഇനിയും അമിയെ കുറിച്ച് പറഞ്ഞാൽ ഒരുപക്ഷെ അയാളുടെ നിറഞ്ഞ കണ്ണുകൾ ആരെങ്കിലും കണ്ടാലോ എന്ന് കരുതി അവരുടെ സംശയം കണ്ട് തന്നെ കൃഷ്ണൻ കാര്യങ്ങളെ കൂടുതൽ വിശദമാക്കാതെ പറഞ്ഞു..
എല്ലാവരും ആശ്ചര്യവും സങ്കടവും നിറഞ്ഞ കണ്ണുകളാൽ മിതുവിനെ നോക്കുമ്പോൾ ഉള്ളിലെ നോവിനെ മറച്ചു വെച്ച് മിതു എല്ലാവരേയും നോക്കി മൃദുവായി ചിരിച്ചു..
നോവ് മറച്ചുള്ള അവളുടെ ആ ചിരി കാൺകെ ബാക്കിയുള്ളവരുടെ മുഖവും മങ്ങി..
"ശരിക്കും വല്ലാത്ത സർപ്രൈസ് ആയിപോയല്ലോ..
മോളിങ്ങ് വന്നേ ഇവിടെ ഇരിക്ക്..
ആമിയും ആരുവും ഇപ്പോ ഇവിടെ ഉണ്ടെൽ എന്തൊക്കെ കാണിച്ച് കൂട്ടുമെന്ന് ഞങ്ങക്ക് തന്നെ അറിയില്ല..."
എല്ലാവരുടെയും മുഖത്തെ മങ്ങൽ ശ്രദ്ധിച്ച് കൊണ്ട് തന്നെ മിഥി അവളെ കൈ കാട്ടി അടുത്തേയ്ക്ക് വിളിച്ച് ഇരുത്തി..
"അതെന്താ മിഥില അങ്ങനെ പറഞ്ഞത്..??
കാര്യം അറിയാതെ കൃഷ്ണൻ ആകാംഷയോടെ ചോദിച്ചു..
"എന്താണെന്നോ..
ആമിയും ആരുവും അത്യധികം ബഹുമാനത്തോടെ ആരാധനയോടെ മനസ്സിൽ കൊണ്ട് നടക്കുന്നവരിൽ അമീറയ്ക്കുള്ള സ്ഥാനം ഒത്തിരി സ്പെഷ്യലാണ്..
അവസാനം തൃശ്ശൂർ വെച്ച് നടന്ന കഥക് വർക്ക്ഷോപ്പ് കഴിഞ്ഞ് വന്ന ദിവസം അവർ നിലത്തൊന്നും അല്ലായിരുന്നു.."
മിഥിലയുടെ വാക്കുകളിൽ സന്തോഷവും ആശ്ചര്യവും കലർന്നിരുന്നു..
"അവർ ഡാൻസ് പഠിച്ചിട്ടുണ്ടോ..??
ഞങ്ങൾക്ക് ആർക്കും അറിയില്ലായിരുന്നു.."
അമീറയെ കുറിച്ചുള്ള സംസാരം അധികം നീണ്ട് കഴിഞ്ഞാലുള്ള അവസ്ഥയെ മുൻകൂട്ടി കണ്ടുകൊണ്ട് ഋഷി അതിൽ നിന്നും അവരെ പിന്തിരിപ്പിക്കാൻ എന്നവണ്ണം ചോദിച്ചു...
"നൃത്തം എന്ന് വെച്ചാൽ രണ്ട് പേർക്കും ജീവനാണ്..
ചെറുതിലെ മുതൽ കലാമണ്ഡലത്തിൽ ചേർന്ന് പഠിച്ചതാണ്..
ഡിഗ്രീ കഴിഞ്ഞ് രണ്ടു പേർക്കും നൃത്തം മാത്രം മതിയെന്ന തീരുമാനമായിരുന്നു..
ഞാൻ പറഞ്ഞിട്ടാണ് ഇപ്പോ MBA ചെയ്തത്.."
ജഗത്താണ് ഋഷിയുടെ ചോദ്യത്തിന് മറുപടി കൊടുത്തത്..
പിന്നീട് എല്ലാവരും കൂടെ അങ്ങോട്ടും ഇങ്ങോട്ടും ഓരോരോ വിശേഷങ്ങൾ പറയാനായി തുടങ്ങി..
അച്ഛന്മാർ എല്ലാം ബിസിനസ് കാര്യങ്ങൾ പറയാൻ തുടങ്ങിയപ്പോൾ അമ്മമാർ അവരുടെതായ വിശേഷം പറച്ചിലായി..
ഇതിൽ നിന്നെല്ലാം രക്ഷപ്പെട്ട് ബാക്കിയുള്ളവർ ഉമ്മറത്തെ ഇരുവശത്തും നീളത്തിലുള്ള തിണ്ണയിലും, ചാരു ബഞ്ചുകളിലും ഒത്തു കൂടി.
ഒരു വശത്തുള്ള തിണ്ണമേൽ അദ്രിയും അനിയും ദർശനും,അതിന്റെ അടുത്തുള്ള ബെഞ്ചിൽ ഋഷിയും,അഖിയും ഒപ്പം അവിയും അപ്പുവും ഉണ്ട്..
അളിയന്മാരെ കാര്യമായി പരിചയപ്പെടൽ ആണ് ലക്ഷ്യം..
ഇതിന്റെ ഇടയിൽ ഒട്ടും താല്പര്യം ഇല്ലാതെ മിതുവും ജീവയും ആദിയും മറുവശത്തുള്ള തിണ്ണമേൽ പുറം തിരിഞ്ഞ് ഇരിക്കുകയാണ്..
കാര്യം ഇരിപ്പ് ഇങ്ങനെ ആണെങ്കിലും അവരുടെ സംസാരത്തിൽ അവർ ശ്രദ്ധ കൊടുക്കുന്നുണ്ട്..
"അന്ന് വന്നപ്പോൾ അവരൊക്കെ പറയുന്നത് കേട്ട് തന്നെ ഒന്ന് കാണാൻ പറ്റാതെ വല്ലാത്ത കഷ്ട്ടായി പോയി..അല്ലേ ഋഷി..."
"അതോണ്ട് ഇന്ന് വിശദമായി ഒന്ന് അറിഞ്ഞ് തന്നെ ബാക്കി കാര്യള്ളൂ.."
അദ്രിയെ അന്ന് കാണാൻ പറ്റാത്ത വിഷമത്തിൽ അഖി പറഞ്ഞതിന് പിന്നാലെ ഋഷിയും ഒരു ചിരിയോടെ അവനെ നോക്കി പറഞ്ഞു..
"മനഃപൂർവ്വമല്ല..
അന്ന് അങ്ങനെ തിരക്ക് ആയതുകൊണ്ടാണ്..
അവരപ്പോ എല്ലാം പറഞ്ഞോ..??"
അദ്രി ചെറിയ ചമ്മലോടെ ചോദിച്ചു..
"എന്റെ പൊന്നു ചേട്ടാ ഇൗ ഇരിക്കുന്ന രണ്ടെണ്ണം വല്യ മിസ്റ്റർ പെർഫെക്ടുകൾ ആണെന്നൊന്നും കരുതല്ലെ..
ഇവരെ വെച്ച് നോക്കുമ്പോൾ നമ്മളൊക്കെ പഞ്ച പാവം.."
ഋഷിയേയും അഖിയേയും ഒന്നിരുത്തി നോക്കി അവി തുടർന്നു..
"ഞാൻ അവിനാഷ്.. അവി.
ഇൗ ഇരിക്കുന്ന അഖിലേഷ് മേനോന്റെ അനിയൻ..ബാംഗ്ലൂരിൽ എഞ്ചിനീയറിംഗ് ഫസ്റ്റ് ഇയർ സ്റ്റുഡന്റാണ്..ക്ലാസുള്ള കാരണം അന്ന് വരാൻ പറ്റിയില്ല.."
"ഞാൻ അധർവ്.. അപ്പു
ഇവരുടെ കൃഷ്ണ മാമ എന്റെ വല്യച്ഛൻ ആണ്.
ഞാനും അവിയും ഒരേ കോളേജിലാണ്.."
അവി പരിചയപെട്ടതിന് പിന്നാലെ അപ്പുവും അവരോട് സംസാരിച്ചു..
"ഇൗ കൂട്ടത്തിൽ ചേട്ടനല്ലെ ചേച്ചിമാരുടെ അനിയൻ..പേരെന്തന്ന പറഞ്ഞേ.??"
അവരുടെ സംസാരം എല്ലാവരും ചിരിയോടെ കേൾക്കുമ്പോൾ അപ്പു ചോദിച്ചതിന് അദ്രിയുടെ മറുപടി കേൾക്കാൻ മിതു നെഞ്ചിടിപ്പോടെ കാതോർത്ത് നിൽക്കുകയാണ്..
"അദ്രിദേവ് "
ചിരിയോടെ അവരോട് പറഞ്ഞ് പുറം തിരിഞ്ഞ് ഇരിക്കുന്ന മിതുവിനെ ഒന്ന് പാളി നോക്കി..
അങ്ങോട്ട് തിരിഞ്ഞ് ഇരിക്കുകയാണ് എങ്കിലും അവളുടെ ശ്രദ്ധ ഇവിടെയാകുമെന്ന് ഒരു തോന്നൽ..അന്നേരം അവളുടെ ചുണ്ടുകൾ 'അദ്രിദേവ് ' എന്ന് പതിയെ പിറുപിറുത്തു..
" ഞാൻ അനുവിന്ത്..
അദ്രിടെ ചെറിയച്ഛയുടെ മകൻ..
എന്നെ അന്ന് വന്നപ്പോൾ കണ്ടതാണല്ലോ..
പിന്നെ ഇവൻ ഞങ്ങളുടെ ആത്മമിത്രം ദർശൻ..
ഞങ്ങളിപ്പോ MBA അവസാന വർഷമാണ്.."
"ആഹാ ഇവിടേംണ്ട് ഇതുപോലൊരു മൂവർ സംഘം..ഇവരെന്ത മൂടും കാട്ടി ഇരിക്കണത്..
ഓയ് ചട്ടമ്പീസ് ഇവിടെ കമോൺ..."
കൂട്ടത്തിൽ കൂടാതെ ഇരിക്കുന്ന മിതുവിനെയും കൂട്ടരെയും അവി കൈ തട്ടി വിളിക്കുന്നത് കണ്ട് എല്ലാവരും അങ്ങോട്ട് നോക്കി..
"ഇവനിത് എന്തിന്റെ കേടാ..
ചെക്കന് ബാംഗ്ലൂർ പോയപ്പോ പണ്ടത്തെ പേടീം ബഹുമാനോം ഒന്നുമില്ലട്ടാ ആദി..ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.."
"ഇവരൊന്നു പോട്ടെ..അവനെ നമുക്ക് ശരിക്കൊന്ന് കാണാം ജീവേ.."
ജീവേടേം ആദിടേം പിറുപിറുക്കൽ കേട്ട് മിതു ചിരി അമർത്തി..
ചേട്ടന്മാർ ഇരിക്കുന്ന കാര്യം ആലോചിച്ചപ്പോൾ അധികം ജാഡ ഇടാതെ അവർ മൂന്ന് പേരും അവരുടെ അടുത്തേയ്ക്ക് ചെന്നു..
"എന്താണ് ഇൗ ഭാഗത്ത് നിന്ന് അനക്കം ഒന്നുമില്ലല്ലോ..മൗന വൃതം വല്ലതുമാണോ..
അല്ലേൽ ചെവി തല കേൾപ്പിക്കാത്ത ടീംസാണ്.."
അവി വീണ്ടും കത്തികേറുകയാണ്..
ജീവയുടെ കൂർപ്പിച്ചുള്ള ഒരു നോട്ടത്തിൽ അവി ഒന്ന് പരുങ്ങിയെങ്കിലും എല്ലാവരും ഉള്ള ധൈര്യത്തിൽ അവൻ അത് കാര്യമാക്കാതെ ഇരുന്നു..
"നിങ്ങള് പരിചയപ്പെട് ഞങ്ങളൊന്ന് അകത്തേയ്ക്ക് പോട്ടെ.. ഡാ അഖി നീ വരുന്നില്ലേ.."
ഋഷി അവരോട് പറഞ്ഞ് അഖിയെ ഒന്ന് നോക്കി..
"പിന്നെ വരാതെ..
ബിസിനസ് ചർച്ച കത്തികേറി ഇനി നമ്മടെ കല്യാണ കാര്യം മറക്കുമോ ആവോ..
നിങ്ങളൊന്നു ഇവർക്ക് കമ്പിനി കൊട്‌ക്ക് പിള്ളേരെ.."
ഋഷി എഴുന്നേറ്റതിന് പിന്നാലെ അഖിയും അവരോട് പറഞ്ഞ് അകത്തേയ്ക്ക് പോയി..
ചേട്ടന്മാർ ഉള്ളത് കാരണമാണ് അവി വിളിച്ചപ്പോൾ ഇങ്ങോട്ട് വന്നത്..
ഇങ്ങനൊരു നീക്കം അവരാരും പ്രതീക്ഷിച്ചില്ല.
എന്ത് സംസാരിച്ച് തുടങ്ങുമെന്ന് അറിയാതെ എല്ലാവരും കുറച്ച് നേരം മൗനമായി..
"ഇതെന്താ അവാർഡ് പടം പോലെ..
നിങ്ങക്കിതെന്ത് പറ്റി..
കാര്യാമായിട്ട് എന്തോ പറ്റിയിട്ടുണ്ട്...
അല്ലാതെ ഇങ്ങനെ വരാൻ വഴിയില്ല..
എന്താ കാര്യം ജീവേച്ചി.."
സംസാരിക്കാൻ മടിച്ച് നിൽക്കുന്ന ജീവയെ കണ്ടുകൊണ്ട് അപ്പു ചോദിച്ചു..
"നിങ്ങക്കിത് എന്താ ചെക്കന്മാരെ..
ഞങ്ങൾക്ക് എന്ത് കുഴപ്പം.. നിങ്ങളായിട്ട് ഇനി കുഴപ്പം ഒന്നും ഉണ്ടാക്കാതെ ഇരുന്നാൽ മതി.."
"ഓഹ്...
അപ്പോ മിണ്ടാട്ടം ഉണ്ട്.."
ജീവയുടെ മറുപടി കേട്ട് അവി പതുക്കെ പറഞ്ഞു..
"ഇവരൊക്കെ നമ്മുടെ വീട്ടിൽ വന്നതല്ലേ.അപ്പോ നമ്മള് മിണ്ടാതെ ഇരുന്നാൽ മോശമല്ലേ കരുതി പറഞ്ഞതാണ്..
ഞങ്ങള് പോണ്..ഇനി നിങ്ങളായി നിങ്ങടെ പാടായി..നമ്മളില്ലേ..നീ വാ അവി.."
ഇനിയും നിന്നാൽ ശരിയാകില്ലെന്ന് തോന്നിയപ്പോൾ അവിയും അപ്പുവും അവിടന്ന് മെല്ലെ വലിഞ്ഞു..
അവരും കൂടെ അവിടെ നിന്ന് പോയപ്പോൾ ഇനി എന്തെന്നുള്ള രീതിയിൽ അവർ പരസ്പരം നോക്കി..
ജീവയും ആദിയും കണ്ണുകൊണ്ടുള്ള കഥകളി നടത്തുമ്പോഴും മിതു പരിഭ്രമം മറച്ച് പിടിക്കാൻ താഴെ നോക്കി നിൽക്കുകയാണ്..
"സംസാരിക്കാൻ വല്ല പ്ലാനും ഉണ്ടേൽ പറ..
നിങ്ങടെ കഥകളി കാണാൻ അല്ല ഞങ്ങള് വന്നത്..എന്തേലും പറയുന്നുണ്ടെൽ പറ.."
അദ്രി മിതുവിന്റെ ആ നിൽപ്പ് നോക്കി നിൽക്കുമ്പോഴാണ് അനി സംസാരിച്ച് തുടങ്ങിയത്.. അനിയുടെ ക്ഷമ നശിച്ചിരുന്നു എന്ന് അവന്റെ ഡയലോഗിൽ നിന്ന് അവർക്ക് മനസ്സിലായി..
"അതെന്താ തനിക്ക് കഥകളി കണ്ടാൽ..??
കഥകളി അത്രക്ക് മോശമാണോ..?"
അനിയുടെ കലിപ്പ് കണ്ട് ജീവയും കലിപ്പ് ആയി..
രണ്ട് പേരും കൊമ്പ് കോർക്കാൻ തുടങ്ങുന്നത് കണ്ടപ്പോൾ മിതു വേഗം അവളുടെ കയ്യിൽ പിടിച്ച് വേണ്ടെന്ന് കെഞ്ചുന്നുണ്ട്...
"നേരത്തെ ഒന്ന് തീർത്തതെയുള്ളു..
നീയൊന്നു മിണ്ടാതെ ഇരുന്നെ ജീവെ.."
ആദി സമാധാനത്തിന്റെ വെള്ളരി പ്രാവായി..
"ഡാ അനി മതി നിർത്തിക്കെ..
ആരേലും കേട്ട് വന്നാൽ മോശാണ്.."
അനി എന്തോ പറയാൻ വന്നതും അദ്രി അവനെ വിലക്കി..
"നിങ്ങളിങ്ങനെ നിൽക്കാതെ അവിടെ ഒന്നിരിക്ക്..കൂൾ ആയെ.."
അടുത്തുള്ള ബെഞ്ചിൽ ചൂണ്ടി ദർശൻ പറഞ്ഞപ്പോൾ മടിച്ച് മടിച്ച് ആണേലും അവർ അവിടെ ഇരുന്നു..
"മിടുക്കികൾ..
ഇനി പറ എന്താണ് വിശേഷങ്ങൾ..
അന്ന് കണ്ടിട്ട് ശരിക്ക് ഒന്ന് മിണ്ടാൻ പറ്റിയില്ല.."
രണ്ട് കൂട്ടരും ഒന്ന് സമാധാനത്തിൽ ആയപ്പോൾ അദ്രി സംസാരത്തിന് തുടക്കമിട്ട് ഇടം കണ്ണാൽ മിതുവിനെ ഒന്ന് നോക്കി..
അത് കാൺകെ അനിയും ദർശനും ചിരിയോതുക്കി..
"ഞങ്ങളും അത് പറഞ്ഞു..
അല്ലേ മിതു.."
അദ്രിയുടെ ശാന്തമായ പെരുമാറ്റം കണ്ട് ജീവ കുസൃതിയോടെ മിതുവിനെ നോക്കി..
അവളാണേൽ അവന് മുഖം കൊടുക്കാതെ എങ്ങോട്ട് ഒക്കെയോ നോക്കി ഇരിക്കുകയായിരുന്നു..
ജീവയുടെ ആ ചോദ്യത്തിൽ മിതു എപ്പോ എന്നുള്ള രീതിയിൽ നോക്കി പതിയെ തലയൊന്നനക്കി..
"അദ്രിയേട്ടൻ അന്ന് വന്നില്ലേൽ
ഓഹ് ഓർക്കാനെ വയ്യ..
ഒരുപാട് താങ്ക്സ് ഉണ്ട്‌ട്ട.."
ആദി കൂട്ടിച്ചേർത്തു..
"ഏയ് എന്തിനാണ് താങ്ക്സ് ഒക്കെ..
അതൊക്കെ വിട് ആദി..
തന്റെ കൂട്ടുകാരി എന്താണ് മിണ്ടാതെ ഇരിക്കുന്നത്..
ഇവിടെ നിന്നൊരു താങ്ക്സ് കിട്ടിയിരുന്നു എങ്കിൽ ഞാൻ ചിലപ്പോ വാങ്ങിച്ചേനെ.."
തല കുമ്പിട്ടിരിക്കുന്ന മിതുവുനെ നോക്കി അദ്രി പറയുന്നത് കേട്ട് അനിയും ദർശനും ഒന്ന് ആക്കി ചുമച്ചു..
"താങ്ക്സ്.."
കണ്ണുകൾ മാത്രം ഉയർത്തി പരിഭ്രമം മറച്ച് മിതു പറഞ്ഞതിന് മറുപടിയായി അദ്രി അവളെ നോക്കി മനോഹരമായി ചിരിച്ചു..
"ആഹാ നിങ്ങളിവിടെ ആണോ മക്കളേ..
എല്ലാവരും വന്നേ ഊണ് കഴിക്കാം.. വലിയവരൊക്കെ ഇരുന്നു..ഇനി നിങ്ങളൊക്കെ ഇരുന്നിട്ട് വേണം ഞങ്ങൾക്ക് കഴിക്കാൻ"
വേറെന്തോ മിതുവിനോട് ചോദിക്കാൻ നിന്ന അദ്രിയെ തടസപ്പെടുത്തി ലക്ഷ്മി അവരുടെ അടുത്തേയ്ക്ക് ചിരിയോടെ വന്ന് അവരെ കൂട്ടിക്കൊണ്ടു പോയി..
ഇന്നത്തെ ഇൗ കൂടി കാഴ്ചയിൽ തന്നെ രണ്ട് കുടുംബവും ഇൗ ബന്ധത്തിൽ കൂടുതൽ തൃപ്തരായിരുന്നു..
അധികം താമസിയാതെ തന്നെ അടുത്ത മാസം നല്ലൊരു മുഹൂർത്തം നോക്കി കല്യാണം നടത്താമെന്നും,കല്യാണത്തിന്റെ ഒരാഴ്ച്ച മുന്നേയുള്ള നല്ലൊരു ദിവസം വേണ്ടപ്പെട്ടവരെ വിളിച്ച് മോതിരം മാറ്റവും നടത്താമെന്ന് തീരുമാനിച്ചു..
എല്ലാവരുടെയും ഒഴിവ് പോലെ അടുത്തൊരു ദിവസം അങ്ങോട്ട് വരാമെന്ന് പറഞ്ഞ് മാധവനും ശേഖറും പരസ്പരം ആലിംഗനം ചെയ്യുമ്പോൾ ചുറ്റുമുള്ളവരുടെ മുഖത്തും സന്തോഷത്തിന്റെ തിരയിളക്കമായിരുന്നു..
⭐⭐⭐⭐⭐
പുറത്ത് പെയ്യുന്ന മഴയിൽ കണ്ണും നട്ടിരിക്കുകയാണ് മിതു..
അവളുടെ ഉള്ളിൽ തിളച്ച് മറയുന്ന ചിന്തകളെ ശമിപ്പിക്കാനൊരു പാഴ് ശ്രമം പോൽ തുറന്നിട്ട ജാലകത്തിലൂടെ പുറത്ത് പെയ്യുന്ന മഴചീളുകൾ അവളെ തൊട്ടു തലോടി പോകുന്നുണ്ട്...
നീയറിയുന്നുണ്ടോ അദ്രി...
നിന്നെ ഞാൻ പ്രണയിക്കുന്നു...!!!
ഞാനറിയാതെ എപ്പോഴോ നീ എന്നിൽ പ്രണയമായി മാറിയിരുന്നു..
മറ്റാർക്കും വിട്ട് കൊടുക്കാതെ ഭ്രാന്തമായി നിന്നെ പ്രണയിക്കാൻ ഇന്നെന്റെ ഹൃദയം വെമ്പൽ കൊള്ളുന്നുണ്ട്..
ഇന്നലെകളിൽ ചുട്ട് പഴുക്കുന്ന എന്നിലേയ്ക്ക് അനുവാദമില്ലാതെ ഒരു ഹിമകണം പോൽ വന്നവനാണ് നീ...
പക്ഷേ സ്വന്തമാക്കാനാകുമോ എന്നറിയാതെ ഒരു മോഹ കടൽ തീർത്ത് ദിക്കറിയാതെ ഞാൻ തനിച്ചാകുമോ എന്ന ഭയം..
ഇനിയും നഷ്ടങ്ങളെ താങ്ങാൻ ആവതില്ലാ അദ്രി..
നീ എനിക്കായ് ഒരു പൂക്കാലം തീർക്കുന്നുണ്ടെന്ന് നിന്റെ കണ്ണുകൾ എന്നോട് പറയാതെ പറയുന്നുണ്ട്..
പക്ഷേ എനിക്ക് മുന്നിൽ നിന്റെ സ്നേഹം കണ്ടില്ലെന്ന് നടിക്കാൻ കാരണങ്ങൾ ഏറെയുണ്ട്...
കാലം നമുക്കായ് കരുതിവെച്ചതറിയില്ലെങ്കിലും എന്റെ ഹൃദയ വാടിയിൽ വിരിഞ്ഞ മോഹ പൂക്കൾ മറ്റാരും കാണാതെ എന്നിൽ തന്നെ വാടി വീഴട്ടെ...!!!
"ഡി മിതു..."
ജീവ വന്ന് തോളിൽ തട്ടിയപ്പൊഴാണ് മൗനമായി സംവദിക്കുന്ന മനസ്സുമായി മിതു തിരിച്ച് വന്നത്.. മിതു അവളെ നോക്കി മൃദുവായി ചിരിച്ചു..
"എന്താണ് ചിരിക്ക് അത്ര വോൾട്ടേജ് പോരല്ലോ പെണ്ണേ.."
മിതുവിന്റെ മുഖത്തെ തെളിച്ച കുറവ് കണ്ട് ആദി തിരക്കി..
"ഞങ്ങൾ ശ്രദ്ധിക്കുന്നില്ലെന്ന് കരുതണ്ട
എന്താണ് ഈയിടെയായി വല്യ ആലോചനയിലാണല്ലോ..
എന്താണ് കാര്യം..??"
ജനലരികിൽ നിന്നും മിതുവിനെ പിടിച്ച് ജീവ ബെഡിൽ ഇരുത്തി..
" ഞാൻ അദ്രിയെ പ്രണയിക്കുന്നു..."
എന്ത് പറഞ്ഞ് തുടങ്ങുമെന്ന് അറിയാതെ അല്പനേരത്തെ മൗനം വെടിഞ്ഞ് മിതു ശാന്തമായി പറഞ്ഞു..
അന്ന് തറവാട്ടിൽ വെച്ച് മിതു മനസിലുള്ള കാര്യങ്ങളെല്ലാം പറഞ്ഞതിന് ശേഷം അദ്രിയെ പലപ്പോഴായി കണ്ടിരുന്നുവെങ്കിലും കൂടുതൽ അതിനെ കുറിച്ചൊന്നും പിന്നീട് അവൾ പറഞ്ഞിരുന്നില്ല..
ഒറ്റയ്ക്കുള്ള അവളുടെ ഇൗ ആലോചനകൾ ജീവയും ആദിയും കണ്ടിരുന്നുവെങ്കിലും അവളായി പറയുവാൻ കാത്തിരിക്കുകയായിരുന്നു..
പക്ഷേ പെട്ടന്ന് ഇങ്ങനൊരു തീരുമാനത്തിൽ അവളെത്തുമെന്ന് അവരും പ്രതീക്ഷിച്ചിരുന്നില്ല..
അതിന്റെ അമ്പരപ്പ് രണ്ട്പേരുടെയും മുഖത്ത് കാണാനുമുണ്ട്..
മറു ചോദ്യങ്ങൾ ഇല്ലാതെ അവർ മിതു പറയുന്നത് കേൾക്കാൻ തയ്യാറായി..
"അലിവോടെ നോക്കിയ മിഴികളിൽ പ്രണയതിളക്കം കണ്ടനാൾ മുതൽ എന്റെ ഉറക്കം നഷ്ട്ടമായിരുന്നു.. അന്ന് രക്ഷിച്ചപ്പോൾ തോന്നിയ ആരാധനയാകാം എന്നൊക്കെ മനസ്സിനെ പറഞ്ഞ് പഠിപ്പിക്കുമ്പോഴും കൂടുതൽ മിഴിവോടെ ആ മുഖം എന്നിൽ ആഴത്തിൽ പതിയുകയായിരുന്നു..
അറിയില്ല..എപ്പോഴോ എങ്ങനെയോ ഞാൻ അറിയാതെ..പക്ഷേ എനിക്ക്..."
വേദന നിറഞ്ഞ മുഖത്തോടെ
വാക്കുകൾക്കായി ബുദ്ധിമുട്ടുന്ന മിതുവിനെ കണ്ട് ജീവയും ആദിയും അവളെ ചേർത്ത് പിടിച്ചു..
അവർക്കറിയാം അവളുടെ ഉള്ളിൽ എത്രമാത്രം വേദനകൾ ഒളിപ്പിച്ചിരിക്കുന്നുണ്ടെന്ന്...
ഒരു പൊട്ടി കരച്ചിലോടെ ജീവയുടെ തോളിൽ മിതു ചായുമ്പോൾ ഒരാശ്വാസമെന്നോണം ആദിയുടെ കൈകൾ അവളെ തലോടുന്നുണ്ടായിരുന്നു..
കുറച്ചേറെ നിമിഷങ്ങൾ..
മുഖം ഒന്നമർത്തി തുടച്ച് അവരെ നോക്കി മിതു ചിരിക്കാൻ ശ്രമിച്ചെങ്കിലും ദയനീയമായി പരാജയപ്പെട്ടു...
"മിതു...
നമുക്ക് അദ്രിയേട്ടനോട് നേരിട്ട് സംസാരിക്കാം..
അല്ലാതെ ഇതിനൊരു പരിഹാരമുണ്ടാകുമെന്ന് എനിക്ക് തോന്നുന്നില്ല.."
മിതുവിന്റെ കരഞ്ഞു കലങ്ങിയ മിഴികൾ കണ്ട് ആദി പറഞ്ഞു..
"അതേ അതാണ് നല്ലത്..
അധികം വൈകാതെ ഒരു കുടുംബമാകേണ്ടവരാണ്..
കാര്യങ്ങൾ കൂടുതൽ കൈവിട്ട് പോകുന്നതിനു മുന്നേ നിങ്ങളൊന്നു സംസാരിക്കണം.."
ആദിയുടെ അഭിപ്രായത്തിൽ ജീവയും ചേർന്നു..
"മ്മ്... ഞാൻ സംസാരിക്കാം.."
കുറച്ച് നേരത്തെ ആലോചനയ്ക്ക് ശേഷം അവർ പറയുന്നത് ശരിയാണെന്ന് മിതുവിന് തോന്നി..
"നീ ഇങ്ങനെ വിഷമിച്ച് ഇരിക്കരുത് മിതു..
എനിക്കിഷ്ടമല്ല നിന്റെ ഇൗ ഭാവം..
നീ പോയി മുഖം കഴുകി വന്നേ..
നമുക്ക് കിടക്കാം.."
ആദി അത് പറഞ്ഞോണ്ട് തന്നെ മിതുവിനെ ഉന്തി തള്ളി ബാത്ത് റൂമിൽ കേറ്റി ജീവയുടെ അടുത്തായി വന്നിരുന്നു..
"ഇത്രപ്പെട്ടന്ന് ഒരാളെ ഇങ്ങനെ ആഴത്തിൽ സ്നേഹിക്കാൻ കഴിയുമോ ആദി..
എനിക്ക് ഇപ്പോഴും വിശ്വസിക്കാൻ പറ്റുന്നില്ല.."
ജീവയുടെ വാക്കുകളിൽ ആശ്ചര്യം നിറഞ്ഞു.
"എനിക്കും കുറച്ച് മുൻപ് വരെ അങ്ങനെ തോന്നിയിരുന്നു..
പക്ഷേ മിതുവിന്റെ കണ്ണുനീർ അതിനുള്ള തെളിവാണ്..
നഷ്ടപ്പെടുത്താൻ കഴിയാതെ അവളുടെ മനസ്സ് വിങ്ങുന്നത് കാണാൻ കഴിയുന്നുണ്ട്..
പക്ഷേ..."
ബാക്കി പറയുമ്പോഴേക്കും മിതു ബാത്ത് റൂമിൽ നിന്നും ഇറങ്ങിയിരുന്നു..
"എനിക്കൊരു കുഴപ്പവുമില്ല..
ഇനി ഉണ്ടേൽ തന്നെ എല്ലാം നേരിട്ട് സംസാരിച്ചാൽ ശരിയാകുമെന്നല്ലേ നിങ്ങള് പറഞ്ഞത്..
പിന്നെ എന്തിനാണ് ഇങ്ങനെ ടെൻഷനടിക്കുന്നത്.."
കുറുമ്പോടെ പറഞ്ഞ് മിതു അവരുടെ നടുക്ക് കയറിയിരുന്നു..
"എന്ത് വന്നാലും കട്ടക്ക് നിങ്ങള് കൂടെ ഇല്ലേ പിന്നെ എനിക്കിതിൽ കൂടുതൽ എന്ത് വേണം..
മ്മ്ഹ്.."
"അമ്പടികേമി ഞങ്ങളെ ബലിയാടുകളാക്കി മോളിപ്പോ അങ്ങനെ പ്രേമിക്കാൻ നിൽക്കണ്ട.."
ആദിടെം ജീവിടെം കഴുത്തിലൂടെ കൈ ചുറ്റി പിടിച്ച് മിതു പറയുന്നത് കേട്ട് ജീവ പറഞ്ഞു..
"എടീ ജീവ ചുമ്മാതല്ല..
നമുക്ക് എല്ലാർക്കും കൂടെ ഒരുമിച്ച് കൂടാനുള്ള സെറ്റപ്പുണ്ടാക്കാം ഞാൻ.."
സങ്കടം മാറി കുസൃതിയോടെ മിതു പറയുന്നത് കേട്ടപ്പോൾ ആദിക്കും ജീവയ്ക്കും സമാധാനമായെങ്കിലും അവൾ പറഞ്ഞ കാര്യം മനസ്സിലാകാതെ അവർ സംശയത്തോടെ നിന്നു..
"ഓഹ്..എന്താ അവളുടെ അഭിനയം..
വല്ലാതെ അങ്ങ് അഭിനയിച്ച് തകർക്കല്ലെ മോളേ ജീവികേ..
നീ അനിയേട്ടനെ നോക്കി വെച്ചത് ഒക്കെ ഞങ്ങക്ക് അറിയാം..അല്ലേ ആദി.."
"ഓ ലങ്ങനെ ഇപ്പോ മനസ്സിലായി മിതു..
അതേ അതേ..ഇൗ കലിപ്പ് ഇട്ട് അടികൂടി അവസാനം രണ്ടും കൂടെ സെറ്റ് ആകാനുള്ള പ്ലാൻ അല്ലേ.."
മിതുവിന്റെ കൂടെ ആദിയും പറയുന്നത് കേട്ട് ജീവ അവരെ കൂർപ്പിച്ച് നോക്കി..
"രണ്ടും മിണ്ടാതെ നിന്നോ അവിടെ..
ആ കാട്ടുമാക്കാനെ കുറിച്ച് മിണ്ടരുത് ഇവിടെ..
കാര്യം ആദ്യ കാഴ്ചയിൽ അങ്ങനെ ഒക്കെ തോന്നി എങ്കിലും പിന്നീട് എനിക്ക് ആ തീരുമാനം മാറ്റേണ്ടി വന്നു..."
"ശരിക്കും.."
ജീവയുടെ മുഖം കണ്ട് ചിരിയൊതുക്കി ആദി ചോദിച്ചു..
"അങ്ങനെ ഒക്കെ ചോദിച്ചാൽ ഇപ്പോ ഇങ്ങനെയാണ് തീരുമാനം ഇനി മാറുമോ എന്നൊന്നും അറിയില്ല.."
വല്ലാത്തൊരു ഇളിയോടെ ജീവപറയുന്നത് കേട്ട് മിതുവും ആദിയും പൊട്ടി ചിരിച്ച് ബെഡിൽ കിടന്നു..
ജീവയെ നോക്കും പിന്നെ വീണ്ടും ചിരിക്കും..
പിന്നെയും നോക്കും വീണ്ടും ചിരി തുടങ്ങും..ചിരി നിർത്താതെ ഇത് തന്നെ ആവർത്തിച്ചപ്പോൾ ക്ഷമ നശിച്ച് ജീവ തലയിണ എടുത്ത് അവരെ തലങ്ങും വിലങ്ങും തല്ലാൻ തുടങ്ങി..
പിന്നെ പതിയെ അവളും ആ ചിരിയിൽ കൂടി ചേർന്നു..
കുറച്ച് നേരത്തെ അങ്കത്തിന് ശേഷം മൂന്ന് പേരും തളർച്ചയോടെ കിടന്ന് പതിയെ മയക്കത്തിലെയ്ക്ക് വീഴുമ്പോഴും മനസ്സിലെ ആശങ്കകൾ വിട്ടൊഴിഞ്ഞിരുന്നില്ല..
⭐⭐⭐⭐⭐
ഒന്ന് രണ്ട് തവണ അദ്രിയോട് നേരിട്ട് സംസാരിക്കാൻ മിതു ശ്രമിച്ചെങ്കിലും എല്ലാം വിഫലമായി..
അദ്രിയെ അകലെ നിന്ന് കാണുമ്പോൾ തന്നെ മിതുവിന്റെ ഹൃദയം പെരുമ്പറ കൊട്ടാൻ തുടങ്ങും..
മുന്നിൽ പോയി നിന്നു നേരിട്ട് സംസാരിച്ചാൽ ബോധം പോകുമോ എന്ന് വരെ സംശയം വന്നതുകൊണ്ട് നല്ലൊരു അവസരത്തിനായി അവൾ കാത്തിരിക്കുകയായിരുന്നു..
മൊഴികളിൽ മൗനം നിറച്ച്, ഹൃദയത്തെ തൊട്ടുണർത്തുന്ന നേർത്ത നോട്ടങ്ങളും,ആരും കാണാതെ അവനായ് ഒളിപ്പിച്ച ചിരിയുമായി പരസ്പരം പിടി കൊടുക്കാതെ പതിയെ പതിയെ ദിവസങ്ങൾ നീങ്ങി…
തുടരും.😊
✍️ഭൗമിഭദ്ര
എല്ലാവരും സേഫ് ആണെന്ന് കരുതുന്നു..ഈ കൊറോണ ഓരോ ദിവസം കഴിയുന്തോറും ഭീകരാന്തരീക്ഷം സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന ഈ സമയത്ത് നാട് മുഴുവൻ നമുക്ക് സംരക്ഷിക്കാൻ കഴിയില്ലെങ്കിലും മിനിമം നമ്മുടെ വീട്ടുക്കാരെയെങ്കിലും നമ്മൾ സംരക്ഷിക്കണ്ടേ..stay safe😊
