"മോളേ ജനനി...
നീ അങ്ങ് അമേരിക്കയിൽ പോയി വല്യ ഡോക്ടറാണെന്ന് കരുതി പഴയ ഊള സ്വഭാവത്തിന് മാറ്റം ഒന്നും വന്നിട്ടില്ലല്ലോ..
ഓവറായി ഷൈൻ ചെയ്യാതെ യദുവേട്ടനും പാച്ചുവും എവിടെന്ന് പറ പെണ്ണേ..
നീ അവരെ ഒന്ന് കാണിക്ക്..
ചെക്കനെ കണ്ട് നാല് ചീത്ത വിളിച്ചില്ലേൽ എനിക്ക് ഒരു ഇതില്ലന്ന് അറിയില്ലേ നിനക്ക്.."
"ഉവ്വേ..
നിനക്ക് അവന്റെ കയ്യിൽ നിന്നും ഇംഗ്ലീഷിൽ ഒന്നാന്തരം ചീത്ത കേട്ട് പഠിക്കാൻ പറ്റാത്ത നല്ല വിഷമണ്ടല്ലെ..
നീ ഓരോന്ന് പറഞ്ഞ് കൊടുത്ത് ചെക്കൻ ഇപ്പോ ദേഷ്യം വന്നാൽ 'പോദി പത്തീ' എന്നേ പറയൂ..."
"ദാറ്റ്സ് മൈ ബോയ്...
ആ ഒരു കാര്യത്തിൽ അവന് നിന്റെ സ്വഭാവമില്ല..
ഞാൻ എന്തേലും കുരുത്തക്കേട് പറഞ്ഞ് കൊടുത്താ അവൻ അത് പോലെ പഠിച്ച് അത് നിന്നോട് തന്നെ വന്നു പറയുന്നുണ്ടല്ലോ..
അത് കേട്ടാൽ മതി..."
"മോളേ ജീവേ..
പക അത് വീട്ടാനുള്ളതാണ്..
അതൂടെ അങ്ങ് ഓർക്കണം..
ഇൗ തരുന്നതിന്റെ ഒക്കെ ഇരട്ടി ഞാൻ അവിടെ വന്ന് തീർക്കും..
വൈകാതെ...."
"ഓഹ്..
അങ്ങനെയെങ്കിലും നീ ഇങ്ങോട്ട് ഒന്ന് വരുമല്ലോ..
പെൺപട മുഴുവൻ അടുക്കളയിലാണ്..
ഞാൻ അങ്ങോട്ട് പോകാം..
അപ്പോ നിനക്ക് എല്ലാരേം കാണാലോ..
നീ അപ്പഴക്കും പാച്ചുവിനെ ഒന്ന് ഉണർത്തിയിട്ട് വാ..."
"നീ ഒന്ന് പോയെ പെണ്ണേ...
അച്ഛനും മോനും കൂടെ നല്ല ഉറക്കാണ്..
അവിടത്തെ കാര്യം എന്താണെന്ന് അറിയാനുള്ള ത്വര കാരണം എന്റെ ഇന്നത്തെ ഉറക്കമൊക്കെ പോയി..
ഞാനും കൂടെ ഉണ്ടാർന്നേൽ..
ഹൊ കൊതിയാവ..."
"ഹ ഹ ഹ ഹ...
യോഗല്യ ചേച്ച്യെ..
നമുക്ക് കല്യാണം പൊടി പൊടിക്കാം..
നീ ഇപ്പോ ഒന്നടങ്ങ്..
ഞാൻ എല്ലാം നിന്നെ ഇങ്ങനെ ലൈവ് ആയി കാണിക്കുന്നില്ലേ...
നീ ഇങ്ങനെ ആശ തീർത്തോ മോളേ..."
"ശവത്തെ കുത്താതാടെയ്..
നീ വേം ചെന്ന് ബാക്കി ഉള്ളൊരെ കൂടെ കാണിക്ക്.."
"ദോ ധിപ്പോ കാണിക്കാം..."
വലിയ പുരയ്ക്കൽ തറവാട്ടിലെ എല്ലാവരും തിരക്കിട്ട പണിയിലാണ്..
ഇന്നാണ് തൃശ്ശൂരിൽ നിന്നും ചിറയ്ക്കൽ തറവാട്ടിലെ കുറച്ച്പേർ വീട് കാണാൻ വരുന്നത്..
പഴയ തറവാട് പുതിയ രീതിയിൽ കുറച്ച് മാറ്റങ്ങൾ വരുത്തി പുതുക്കി പണിതിരിക്കുകയാണ്..
മാധവൻ മേനോന്റെ രണ്ട് മക്കൾ അജിത്തും സുജിത്തും ഒരുമിച്ച് തറവാട്ടിൽ തന്നെയാണ് താമസം..
അനിയത്തി ലക്ഷ്മിയും കുടുംബവും അടുത്ത് തന്നെയാണ്..
രാവിലെ തന്നെ ജീവയുടെ ചേച്ചി ജനനി വീഡിയോ കോളിൽ കാര്യങ്ങളൊക്കെ തിരക്കുകയാണ്..
രണ്ടുപേരും ഡോക്ടർമാർ ആയതുകൊണ്ട് തന്നെ ജോലി കഴിഞ്ഞ് അവിടെ രാത്രി ഒത്തിരി വൈകിയാണ് ഫോൺ വിളിച്ച് വിശേഷങ്ങൾ അറിയുന്നത്...
സാധാരണ ഫോൺ ചെയ്യുമ്പോൾ രാവിലത്തെ ഉറക്കം മുറിഞ്ഞ ദേഷ്യത്തിൽ നാല് ചീത്ത പറഞ്ഞു വെക്കുന്ന ജീവ ഇന്ന് മനപൂർവ്വം ജനിയെ കൊതിപ്പിക്കാൻ വേണ്ടി അങ്ങോട്ട് വിളിച്ചിരിക്കുകയാണ്..
ജീവ ഫോണുമായി അടുക്കളയിൽ ചെല്ലുമ്പോൾ എല്ലാവരും തിരക്കിട്ട പണിയിലാണ്..
സുപ്രിയയും അനുരാധയും കൂടെ ഉച്ചയ്ക്കുള്ള കറികൾ ഉണ്ടാക്കുകയാണ്,തൊട്ടപ്പുറത്ത് ലക്ഷ്മി ഉണ്ടാക്കിയ കാളൻ രുചിച്ചു നോക്കുകയാണ് ഋഷിയുടെ ചേച്ചി ഋതിക എന്ന ഋതു..
ഋതുവിന്റെ കല്യാണം കഴിഞ്ഞ് ഭർത്താവ് ഇന്ദ്രജിത്തും മകൾ പൂർണശ്രീയും എറണാകുളത്ത് തന്നെയാണ് താമസം..
ഇന്ദ്രൻ അഡ്വക്കേറ്റും,ഫാഷൻ ഡിസൈനറായ ഋതു ടൗണിൽ സ്വന്തമായി ഒരു ബോട്ടിക്ക് നടത്തുകയാണ്..
അവരുടെ മകൾ ശ്രീക്കുട്ടി ഒന്നാം ക്ലാസിലാണ്..
ഒരു കൊച്ച് കാന്താരി..
അത് പിന്നെ അങ്ങനെ ആയില്ലേലാണ് അതിശയം..
ഇവരുടെയൊക്കേയല്ലെ ബാക്കി,പിന്നെ എങ്ങനെ കാന്താരി ആകാതിരിക്കും..
"ജനി ചേച്ചി...
ഓരോ ദിവസം കഴിയും തോറും ഗ്ലാമറായി വരുവാണല്ലോ...
അമേരിക്കയിലും ഇൗ സന്തൂർ സോപ്പ് ഒക്കെ കിട്ടാനുണ്ടോ..."
ഫോണിലൂടെ ജനനിയെ കണ്ട് ജ്യൂസ് അടിച്ചിരുന്ന ആദി ജ്യൂസർ ഓഫെയ്‌ത് ഫോൺ പിടിച്ച് വാങ്ങി...
"ഡി..ആദി
എന്നെ കണ്ണ് വെക്കല്ലെടി കിളവി..
ഞാൻ അല്ലേലും ലുക്കാണ്..
അത് അമേരിക്കയും സന്തൂറും കൊണ്ടൊന്നുമല്ല..."
"ഇത് കെട്ടോടി മിതു...
അവള് അല്ലേലും ലുക്ക് ആണെന്ന്..
ഒരാഴ്ചക്കൊണ്ട് തീർക്കുന്ന ക്രീമിന്റെയും ബ്യൂട്ടിപാർലറിൽ കേറി ഇറങ്ങുന്നതിന്റെ കണക്കും, അതൊന്നും പോരാത്തതിന് യൂട്യൂബിൽ നോക്കി ചെയ്യുന്ന കസറത്തുകൾ വേറെയും..
ആ നീയാണ്...
ഞാൻ തളർന്നു...
ഇനി നീ സംസാരിച്ചോ മിതുട്ടാ..."
ആദി പറഞ്ഞത് കേട്ട് അടുക്കളയിൽ എല്ലാവരും കൂട്ട ചിരിയായി..
അവൾ പറഞ്ഞതിൽ കുറച്ച് സത്യം ഉണ്ടെങ്കിലും ജനനി ആള് സുന്ദരിയാണ്..
ഇന്ദ്രനും ജനിയുടെ ഭർത്താവ് യദുവും ഒരുമിച്ച് പഠിച്ചവരാണ്...
അങ്ങനെ യദു ഇന്ദ്രന്റെ കല്യാണത്തിന് വന്നു ജനിയെ കണ്ട് ഇഷ്ടപ്പെട്ടതാണ്..
പിന്നെ ഒന്നും നോക്കിയില്ല നേരെ വന്ന് പെണ്ണ് ചോദിച്ച് എല്ലാവരുടെയും പൂർണസമ്മതത്തോടെ കല്യാണവും കഴിഞ്ഞു...
നാട് വിട്ട് പോകാൻ താല്പര്യം ഇല്ലാതിരുന്ന ജനി കല്യാണം കഴിഞ്ഞ് യദു പോയി കഴിഞ്ഞ് ഒരു മാസം ആകുമ്പോഴേക്കും അങ്ങോട്ട് പോകണം എന്ന് പറഞ്ഞ് ബഹളമായി...
പിന്നെ എല്ലാം കഴിവതും വേഗത്തിൽ ചെയ്ത് ജനി അമേരിക്കയിലേയ്ക്ക് പറന്നു..
ഇൗ പറഞ്ഞത് ഒരു 5 വർഷം മുൻപുള്ള കഥയാണ്..
അവർക്കിപ്പോൾ 3 വയസ്സുള്ള മകൻ പൃഥ്വിഷ് എന്ന അവരുടെ പാച്ചു കൂടെയുണ്ട്..
ആദി പറഞ്ഞതിന് മറുപടിയായി ജനിയുടെ നല്ല ഒന്നാന്തരം ഇംഗ്ലീഷ് കേൾക്കാനുള്ള ത്രാണി ഇല്ലാതെ ആദി ഫോൺ വേഗം മിതുവിന് കൈമാറി..
"മിതൂസെ നീ ഈ കച്ചറകളെക്കൊണ്ട് പൊറുതി മുട്ടി കാണുമല്ലോ??നീ ക്ഷമ കൂടാൻ വേണ്ടി വല്ല യോഗയോ മരുന്നോ മറ്റോ ട്രൈ ചെയ്യുന്നുണ്ടോ??"
സ്ക്രീനിൽ മിതുവിൻ്റെ പുഞ്ചിരിച്ച മുഖം കണ്ട് ജനിയും ഏറേ സന്തോഷത്തിലായി..
"ഏയ് ഇതൊക്കെ എന്തെൻ്റെ ജനിയേച്ചി.. നമ്മള് ഇതിന് മുന്നേ എത്തന ചട്ടമ്പികളെ പാത്റ്ക്ക്..കൊല്ലം കൊറേയായില്ലേ..എനിക്കിത് ശീലായി.."
പൊട്ടി ചിരിയോടെ മിതുവിൻ്റെ സംസാരം കുറച്ച് നേരം കൂടെ തുടർന്നതിന് ശേഷം
അവിടന്ന് ലക്ഷ്മിയും, അരുണയും,സുപ്രിയയും,അനുരാധയും അങ്ങനെ അവിടെ ഉള്ള എല്ലാവരും മാറി മാറി സംസാരിച്ചു...
ഇനി തിരിച്ച് അങ്ങോട്ട് വീട് കാഴ്ചയ്ക്ക് എല്ലാവരെയും കൂട്ടി പോകാനുള്ള തീരുമാനത്തിൽ മാധവമേനോന്റെ മൂന്ന് മക്കളും കുടുംബവും മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ..
ലക്ഷ്മിയുടെ വീട്ടിൽ നിന്ന് 20 മിനുട്ടുക്കൊണ്ട് തറവാട്ടിൽ എത്താം..
കൃഷ്ണനോടുള്ള അതേ അടുപ്പം തന്നെ അനിയൻ ഗോപനോടും ഉണ്ടായിരുന്നതുകൊണ്ട് തന്നെ ഗോപനും അരുണയും ആദിയും അപ്പുവും അവരുടെ ഒപ്പം തന്നെ ഇങ്ങോട്ട് പോന്നു..
"ദാ ഫ്രൂട്ട്സ് എല്ലാം പറഞ്ഞപോലെ കട്ട് ചെയ്ത് വെച്ചിട്ടുണ്ട്..
ഞാൻ നിസ്കരിച്ചു വരാം..
ഇനി അവർ ഒക്കെ വന്ന് ആകെ തിരക്കായാൽ ളുഹർ നിസ്കരിക്കാൻ പറ്റില്ല.."
ഫ്രൂട്ട്സ് എല്ലാം കട്ട് ചെയ്ത് കഴിഞ്ഞ് കയ്യും കഴുകി എപ്രോൺ ഊരിക്കൊണ്ട് മിതു പറഞ്ഞു..
"മോളേ ഗസ്റ്റ് റൂമിൽ കബോർഡിൽ ഏറ്റവും താഴെയുള്ള തട്ടിൽ മാറ്റ് ഉണ്ട്..
അതെടുത്ത് വിരിച്ചോളുട്ടോ.."
സുപ്രിയ പറഞ്ഞതിന് മറുപടിയായി തലയൊന്ന് കുലുക്കി മിതു നിസ്കരിക്കാൻ പോയി..
ബാക്കിയുള്ളവർ അവരുടെ ജോലിയിലേയ്ക്കും..
⭐⭐⭐⭐⭐
"നിങ്ങടെ പണി ഇതുവരെ തീർന്നില്ലേ അവർ ദെ ഇങ്ങെത്തി..
എല്ലാരും ഒന്ന് അങ്ങോട്ട് വന്നേ..."
അഖിയുടെ അനിയൻ അവിനാഷ് എന്ന അവി വന്നു പറഞ്ഞതിന് അനുസരിച്ച് അമ്മമാർ എല്ലാവരും വേഗം വന്നവരെ സ്വീകരിക്കാനായി പൂമുഖത്തേയ്ക്ക് പോയി..
ജീവയും ആദിയും കൂടി ഋതുവിനെ വന്നവർക്കുള്ള ജ്യൂസ് എടുക്കാൻ സഹായിക്കാൻ നിന്നു..
ആമിയും ആരുവും ഒഴികെ ചിറക്കൽ കുടുംബം മുഴുവനും ഹാളിൽ ഇരിക്കുന്നുണ്ട്..
കൂടെ പരിചയമില്ലാത്ത മുഖങ്ങൾ എന്ന് പറയാൻ ദർശനും മിഥിലയുടെ അച്ഛനും അമ്മയും ചേട്ടനും ഭാര്യയുമാണ് വന്നിട്ടുള്ളത്..
വന്നവരെല്ലാം അങ്ങോട്ടും ഇങ്ങോട്ടും പരിചയപ്പെടുത്തുമ്പോഴാണ് ജ്യൂസ്
താഴെ തുളുമ്പി പോകാതെയിരിക്കാൻ മന്ദം മന്ദം നടന്നു വരുന്ന ജീവയെ കാണുന്നത്..
ഒരു നിമിഷം ആ വരവ് കണ്ട് എല്ലാവരും ചിരിയടക്കിയപ്പോൾ അദ്രിയും അനിയും ദർശനും അവളെ അവിടെ കണ്ട ഞെട്ടലിലായിരുന്നു..
പ്രതീക്ഷയോടെ അദ്രി അവളുടെ പിറകിലേക്ക് നോക്കി ചുറ്റുമൊന്നും കണ്ണോടിച്ചു..
നിരാശയോടെ മുഖം മങ്ങുമ്പോഴും എന്തോ പ്രതീക്ഷയുടെ ചെറിയൊരു നേർത്ത കണം അദ്രിയുടെ മനസ്സിനെ തണുപ്പിച്ചു..
അദ്രിയുടെ തിരച്ചിൽ കണ്ട് അനിക്കും ദർശനും കാര്യം മനസ്സിലായിരുന്നുവെങ്കിലും സന്ദർഭം ശരിയല്ലാത്ത കാരണം അവർ ഒന്നും പറയാൻ നിന്നില്ല..
"ഇതാണ് ഞങ്ങളുടെ മകളുടെ ഇളയ സന്താനം..
നേരത്തെ പറഞ്ഞ വായാടി..
മോളേ ജീവേ..
അതൊരോന്നും അവർക്ക് എടുത്ത് കൊടുക്ക്..
എന്നിട്ട് പോകാം.."
പക്ഷേ ജീവ ഇതൊന്നും അറിയാതെ
പാവം എങ്ങനെയോക്കെയോ ട്രെയിൽ ജ്യൂസ് കളയാതെ അവിടെ എത്തിച്ച് ഒരു ചിരി പാസാക്കി സ്കൂട്ടാകാൻ നിൽക്കുമ്പോഴാണ് മുത്തശ്ശിയുടെ അടുത്ത പണിയ്ക്കുള്ള വിളി..
സഡൻ ബ്രേക്ക് ഇട്ട് തിരിഞ്ഞ് എന്തോ പറയാൻ നിൽക്കുമ്പോഴാണ് ബാക്കി നിറച്ച് വെച്ച ജ്യൂസും പലഹാരങ്ങളും ഫ്രൂട്ട്സുമൊക്കെയായി ആദിയും ഋതുവും അങ്ങോട്ട് വരുന്നത്..
ഇനിയിപ്പോ അകത്തേയ്ക്ക് പോകാൻ പ്രത്യേകിച്ച് കാരണങ്ങൾ ഒന്നുമില്ലാത്ത ജീവ മുത്തശ്ശിയെ നോക്കിയൊന്ന് കണ്ണുരുട്ടി..
മുത്തശ്ശിയുടെ മുഖത്തെ അവിഞ്ഞ ചിരി കണ്ട്
മനസ്സില്ലാ മനസ്സോടെ ഒരു പുഞ്ചിരിയും ഫിറ്റ് ചെയ്ത് വന്നവർക്ക് ഓരോ ഗ്ലാസ് ജ്യൂസ് അവൾ എടുത്ത് കൊടുത്തു..
അവരോട് എല്ലാവരോടും ചിരിച്ച് ചിരിച്ച് ഒരു വഴിക്കായി മുത്തശ്ശിയെ മനസ്സിൽ ചീത്ത വിളിച്ച് അവസാന ഗ്ലാസുകൾ മൂവർ സംഘത്തിനു കൊടുക്കാൻ തിരിഞ്ഞപ്പോഴാണ് ജീവ ശരിക്കും അവരെ കാണുന്നത്...
ജീവയെ നേരത്തെ കണ്ട് ഒരു തവണ ഞെട്ടിയത് കാരണം അവർ ആദ്യമായി കാണുന്ന പോലെ അവളോടൊന്ന് പുഞ്ചിരിച്ചു..
പക്ഷേ അവരെ കണ്ട് ജീവ പന്തം കണ്ട പെരുച്ചാഴിയെ പോലെ അദ്രിക്ക് നേരെ ഗ്ലാസും നീട്ടി പിടിച്ച് അന്തം വിട്ട് നിൽക്കുകയാണ്..
"അല്ല പിള്ളേരെ നമ്മടെ മിതുട്ടി എവിടെ..?
കുട്ടീനെ ഇങ്ങട് കണ്ടില്ലല്ലോ..."
മുത്തശ്ശന്റെ ആ ചോദ്യം കൂടെ ആയപ്പോൾ അദ്രി വിടർന്ന മുഖത്തോടെ അവളെ നോക്കുമ്പോൾ അന്തം വിട്ട് നിന്ന ജീവ ഒന്ന് ഞെട്ടിയതും ഗ്ലാസിൽ നിന്നും കുറച്ച് ജ്യൂസ് അദ്രിയുടെ മേൽ വീഴാനും അധികം സമയം വേണ്ടി വന്നില്ല..
അബദ്ധം പറ്റിയതറിഞ്ഞ ജീവ വേഗം അവനോട് ' സോറി ' പറഞ്ഞ് ആദിയെ കൂട്ടി ഹാളിൽ നിന്നും അടുക്കളയിലേയ്ക്ക് ഒരോട്ടമായിരുന്നു..
" ഇൗ കുട്ടിക്ക് ഇതെന്ത് പറ്റി..??"
ജീവയുടെ ഓട്ടം കണ്ട് മുത്തശ്ശി ആരോടെന്നില്ലാതെ പറഞ്ഞു പോയി..
"അച്ഛൻ ചോദിച്ചപ്പോൾ വേണേൽ അവള് മിതുവിനെ വിളിക്കാൻ പോയതാകും..
ഇൗ കുട്ടിയുടെ ഒരു കാര്യം..
മോൻ വേഗം ഇതൊന്നു കഴുകിക്കോളു..
ഇനി കറ ആകാൻ നിൽക്കണ്ട.."
ജീവയുടെ പെരുമാറ്റം കണ്ട് എന്തോ പന്തികേട് തോന്നിയെങ്കിലും അത് മറച്ച് വെച്ച് ലക്ഷ്മി മുന്നോട്ട് വന്നു സാഹചര്യം ഒന്ന് തണുപ്പിച്ചു..
ഇളം നിറമുള്ള ഷർട്ട് ആയതു കാരണം ജ്യൂസിന്റെ കറ എടുത്ത് കാണാൻ ഉണ്ട്..
അനിയെയും ദർശനോടും ഒരു കണ്ണിറുക്കി കാണിച്ച് ഇപ്പോ വരാമെന്ന് പറഞ്ഞ് അവൻ ലക്ഷ്മിയോടൊപ്പം അകത്തേയ്ക്ക് നടന്നു..
അപ്പോഴേക്കും ഹാളിൽ പകുതി വെച്ച് നിർത്തിയ വിശേഷങ്ങൾ തുടർന്നിരുന്നു..
ഹാൾ കഴിഞ്ഞ് വലത് വശത്തായി കാണുന്ന ഗസ്റ്റ് റൂമിന്റെ വാതിൽ തുറന്ന് ലക്ഷ്മി അകത്തേയ്ക്ക് കയറി ഒപ്പം അദ്രിയും..
അത്യാവശ്യം വലിപ്പമുള്ള ഒരു മുറി..
വാതിൽ തുറന്ന് കയറി ചെല്ലുമ്പോൾ തന്നെ നേരെ കാണുന്നത് ഒരു മരത്തിന് കീഴിൽ ഇരിക്കുന്ന ബുദ്ധന്റെ ചിത്രം മനോഹരമായി വാൾ ആർട്ട് ചെയ്തത് വെച്ചിരിക്കുന്നുതാണ്.. കാണുമ്പോൾ തന്നെ ഒരു പോസിറ്റീവ് ഫീലാണ്. അതിന്റെ ഇടതു വശത്തായി ഒരു സോഫയും..
വലത് വശത്തായി ഫ്ലോറൽ ഡിസൈനിലുള്ള റൂം ഡിവൈഡേർസ് വെച്ചിട്ടുണ്ട്..
അവിടെ ആരോ ഇരിക്കുന്നതായി കാണാം..
പക്ഷേ പുറം തിരിഞ്ഞിരിക്കുന്നത് കാരണം അവന് മുഖം കാണാനായില്ല..
"ഇതാണ് ബാത്ത് റൂം..
മോൻ ഇത് ഉപയോഗിച്ചോളൂ..
ഞാൻ എന്നാ അങ്ങോട്ട് ചെല്ലട്ടെ.."
റൂം മുഴുവൻ ഒന്ന് കണ്ണോടിക്കവെ അദ്രി അവിടെ ഇരിക്കുന്നതാരെന്ന് അറിയാൻ ഒന്നുകൂടെ എത്തി നോക്കുമ്പോഴാണ് ബാത്ത് റൂം ഡോർ തുറന്ന് ഒരു ടവലും നീട്ടി പിടിച്ച് നിൽക്കുന്ന ലക്ഷ്മിയെ ശ്രദ്ധിച്ചത്..
"ആന്റി പൊക്കോളു..
ഞാൻ ഇതൊന്നു വാഷ് ചെയ്ത് അങ്ങോട്ട് വരാം.."
ചിരിയോടെ അദ്രി പറയുന്നത് കേട്ട് ലക്ഷ്മി ആശ്വാസത്തോടെ ഒന്ന് ചിരിച്ച് മുറി വിട്ടിറങ്ങി..
അവൻ ഒന്നുകൂടെ അങ്ങോട്ട് നോക്കി...
പക്ഷേ കുനിഞ്ഞിരിക്കുന്നത് കാരണം ഇപ്പോഴും മുഖം കാണാനില്ല..
അവൻ ബാത്ത് റൂമിൽ കയറി കുറച്ച് വെള്ളം എടുത്ത് ഷർട്ട് കഴുകി ടവൽക്കൊണ്ട് നന്നായി ഒന്ന് തുടച്ചതിന് ശേഷം ഡോർ അടച്ച് പുറത്തേയ്ക്ക് ഇറങ്ങുമ്പോഴാണ് റൂം ഡിവൈഡറിലൂടെ മുന്നിൽ കാണുന്ന കണ്ണാടിയിൽ തൂവെള്ള നിറത്തിലുള്ള നിസ്കാര വേഷത്തിൽ കണ്ണടച്ചിരിക്കുന്ന മിതുവിനെ അദ്രി കാണുന്നത്...
സന്തോഷംകൊണ്ട് അവന്റെ കണ്ണുകൾ മിന്നുന്നതിനൊപ്പം ചുണ്ടിൽ മനോഹരമായൊരു പുഞ്ചിരി വിടർന്നു..മുഖത്തെ പുഞ്ചിരി മായാതെ ശബ്ദം ഉണ്ടാക്കാതെ
പതിഞ്ഞ കാലടികളോടെ അവൻ അവളുടെ അടുത്തേക്ക് നടന്നു..
അവൻ വന്നതൊന്നും അറിയാതെ മിതു നിസ്കാരത്തിന്റെ അവസാന ഘട്ടവും കഴിഞ്ഞ് കണ്ണുകൾ തുറന്നപ്പോൾ കാണുന്നത് ഒരു ചെറു ചിരിയോടെ കൈകൾ മാറിൽ പിണച്ചു കെട്ടി റൂം ഡിവൈഡറിൽ ചാരി നിൽക്കുന്ന അദ്രിയെയാണ്..
ആദ്യം ഒന്നമ്പരന്നുവെങ്കിലും തലയ്ക്കൊരു കൊട്ട് കൊടുത്തവൾ എഴുന്നേറ്റു..
"ഇതെന്തൊരു കഷ്ട്ടാണ്..
കണ്ണടച്ചാലും കണ്ണുതുറന്നാലും ഒരേ അവസ്ഥയാണല്ലോ റബ്ബേ..
എന്തിനാണ് കൺമുന്നിൽ ഇങ്ങനെ കൊല്ലുന്ന ചിരിയുമായി വന്ന് നിൽക്കുന്നത്
ഏഹ്..??"
കപട ഗൗരവത്തോടെ അവളാ കണ്ണാടിയ്‌ക്കരികിലേയ്ക്ക് നടന്നുക്കൊണ്ട് ചോദിച്ചു..
കണ്ണാടിയിൽ തല ചായ്ച്ച് പതിയെ അവളുടെ കൈകൾ അവന്റെ ആ കണ്ണുകളെ ഒന്ന് തഴുകി..
അവളുടെ ഓരോ ചലനങ്ങളും ആശ്ചര്യത്തോടെ നോക്കി നിന്ന അദ്രി മെല്ലെ നടന്ന് അവളുടെ അരികിലെത്തി..
ഇതൊന്നും ശ്രദ്ധിക്കാതെ അവളവന്റെ കണ്ണുകളെ ഉറ്റു നോക്കുകയാണ്..
അത് കാൺകെ അവൻ ഒന്നൂടെ ചിരിച്ച് കണ്ണുകൾ ചിമ്മി കാണിച്ചു..
"ദാ വീണ്ടും ആ കൊല്ലുന്ന ചിരി...
യാ അല്ലാഹ്..."
വലം കൈ ഇടം നെഞ്ചിൽ ചേർത്ത് കണ്ണുകൾ അടച്ച് നിൽക്കുന്ന മിതുവിന്റെ ആ പ്രവർത്തി കണ്ടവൻ പതിഞ്ഞ ശബ്ദത്തിൽ ചിരിച്ചു..
ശബ്ദം കേട്ട് തിരിഞ്ഞ് നോക്കിയ മിതു ശരിക്കും ഞെട്ടി പോയി..
തൊട്ടരികിൽ നിറചിരിയുമായി അദ്രി..
മുന്നിൽ കാണുന്നത് സ്വപ്നമാണോ അതോ ശരിക്കും അവൻ അരികിൽ നിൽക്കുകയാണോ എന്നറിയാതെ മിതു കണ്ണുകൾ ഒന്ന് ഇറുകെ അടച്ച് തുറന്നു..
മുന്നിൽ മായാതെ നിൽക്കുന്ന അവനെ കണ്ട് സ്വപ്നമല്ലന്ന് മനസ്സിലായപ്പോൾ അവൻ എങ്ങനെ ഇവിടെ വന്നു എന്ന സംശയത്താൽ അവളുടെ മുഖം ചുളിഞ്ഞു..
അവളുടെ മുഖത്തെ സംശയ ഭാവം കണ്ട് അദ്രി അവന്റെ ഷർട്ടിലെ മങ്ങിയ കറയുടെ പാട് കാണിച്ച് കൊടുത്തു..
പക്ഷേ അവളുടെ നോട്ടം ചെന്ന് നിന്നത് അവന്റെ മാലയുടെ ലോക്കറ്റിൽ ആയിരുന്നു..
അന്ന് ആദ്യമായി അവനെ കണ്ടപ്പോൾ കണ്ണിൽ പെട്ടത് തൃശൂലത്തിന് മുകളിലായി ഓം എന്ന് ആലേഖനം ചെയ്ത അവന്റെ ലോക്കറ്റ് ആയിരുന്നു..
അത് വീണ്ടും കാൺകെ അവളുടെ കണ്ണുകൾക്കൊപ്പം ചൊടികളും വിടർന്നു..
കറ കാണിച്ച് കൊടുത്തപ്പോൾ അവൾ എന്തിനാണ് ചിരിക്കുന്നതെന്ന് മനസ്സിലാകാതെ അവൻ അവളുടെ ദൃഷ്ടി പതിച്ചിടത്തേയ്‌ക്ക് നോക്കി..
വിടർന്ന കണ്ണുകളോടെ അവന്റെ ലോക്കറ്റിൽ നോക്കുന്ന അവളെ കണ്ട് അവൻ കുസൃതിയോടെ അതെടുത്ത് ഷർട്ടിന്റെ ഉള്ളിലേയ്ക്ക് ഇട്ടു..
അവന്റെ ആ പ്രവൃത്തിയിൽ പെട്ടന്ന് ബോധം വന്ന മിതു ചമ്മിയ മുഖത്തോടെ അവനെ നോക്കുമ്പോഴും അവളുടെ സംശയം മാറിയിരുന്നില്ല..
"ഡോ താൻ എന്താണ് ഇങ്ങനെ നോക്കുന്നത്..
താൻ എന്നെ ഇതിന് മുൻപ് കണ്ടിട്ടുണ്ടോ..
അല്ല തന്റെ സംസാരത്തിൽ നിന്ന് എനിക്ക് അങ്ങനെ തോന്നി.."
കുസൃതി ചിരിയോടെ അവളെന്ത് പറയുമെന്ന് അറിയാൻ അവൻ അത് ചോദിക്കുമ്പോൾ അത്ഭുതത്തേക്കാൾ അവൾ പറഞ്ഞതെല്ലാം അവൻ കേട്ടല്ലോ എന്ന ചമ്മലായിരുന്നു..
ഒരു മറുപടി കൊടുക്കാൻ ആകാതെ അവൾ തല താഴ്ത്തി നിന്നു..
"കണ്ണടച്ചാലും കണ്ണ് തുറന്നാലും എന്നെ കാണുന്നുണ്ടെന്ന് പറഞ്ഞത് നേരാണോ..
അത്രക്ക് അങ്ങോട്ട് ഇൗ മനസ്സിൽ ഞാൻ പതിഞ്ഞോ.. മ്മ്‌ഹ്??"
അവളുടെ ആ നിൽപ്പ് കണ്ടുകൊണ്ട് തന്നെ അദ്രി ഒന്ന് കുനിഞ്ഞ് അവളുടെ കാതോരം ചെന്ന് ചോദിച്ചു..
അവന്റെ നിശ്വാസം അടുത്തറിഞ്ഞതും ഒരു പിടച്ചലോടെ അവളവനെ നോക്കി..
മിഴികൾ കൊരുത്ത് കണ്ണിൽ പ്രണയം നിറച്ച് അവളുടെ മിഴികളുടെ ആഴങ്ങളിൽ അവൻ മുങ്ങി തപ്പുമ്പോൾ അവന്റെ കണ്ണിലെ ഭാവ പകർച്ചയിൽ അവളമ്പരന്നു പോയി..
അലിവോടെ നോക്കിയിരുന്ന ആ മിഴികളിൽ ഇന്ന് ഇൗ കാണുന്ന തിളക്കത്തിൽ അവൾക്ക് അവളെ തന്നെ കാണാമായിരുന്നു...
ആ പ്രണയാതുരമായ നോട്ടത്തെ താങ്ങാൻ ആകാതെ നാണത്താൽ കുതിർന്ന ചിരിയോടെ അവളവനെ നെഞ്ചിൽ കൈവെച്ച് തള്ളി മാറ്റി..
പെട്ടന്നുള്ള അവളുടെ തള്ളലിൽ ചെറുതായി പിറകോട്ട് വേച്ചു പോയെങ്കിലും ബാലൻസ് ചെയ്ത് അവൻ വീഴാതെ നിന്നു..
"ദേ പെണ്ണേ കളിക്കാതെ കാര്യം പറ..
എന്നെ തള്ളി താഴെ ഇട്ടിട്ട് കാര്യമില്ല.
എനിക്കറിയണം എന്തിനാണ് നീ എന്നെ ഇങ്ങനെ ഓർത്ത് ഓർത്ത് നടക്കുന്നതെന്ന്..
അതറിയാതെ ഞാൻ ഇവിടെന്ന് പോകില്ല.."
അവൻ പറയുന്നത് കേട്ട് ആകെ പെട്ടുപോയ അവസ്ഥയിലും ,അടുത്ത് കണ്ട കസേരയിൽ ചെന്നിരുന്ന് കൊച്ച് കുട്ടികൾ വാശി പിടിച്ചിരിക്കുന്ന പോലെയുള്ള അവന്റെ ഇരിപ്പ് കണ്ട് ചിരി വന്നെങ്കിലും ആരെങ്കിലും വന്ന് കണ്ടാൽ എന്താകുമെന്നുള്ള ചിന്തയിൽ അവളുടെ കണ്ണുകൾ ഭീതിയാൽ വാതിലിനു നേരെ നീണ്ടു..
⭐⭐⭐⭐⭐
"എടീ നീയെന്തിനാ എന്റെ കയ്യും പിടിച്ച് അവിടെന്ന് ഓടി പോന്നത്..
അവരൊക്കെ എന്ത് കരുതി കാണും..
മനഃപൂർവ്വം അല്ലല്ലോ
അറിയാതെ ഇത്തിരി ജ്യൂസ് പോയതല്ലേ..
അതിനിത്രേം വെപ്രാളം കാണിക്കാൻ എന്തിരിക്കുന്നു..??"
ഹാളിൽ നിന്നും ആദിയേയും കൂട്ടി ജീവ ഓടി വന്നു നിന്നത് നേരെ അടുക്കളയിലാണ്..
സ്ലാബിൽ കയറി തലയ്ക്ക് കൈകൊടുത്ത് ഇരിക്കുന്ന ജീവയെ കണ്ട് കാര്യം എന്താണെന്ന് അറിയാതെ ആദി ചോദിച്ചു..
" അതവരാടി...
കോളേജ് സ്റ്റോപ്പിൽ വെച്ച് നമ്മൾ കണ്ട ആ മൂവർ സംഘം..
ചേച്ചിമാരുടെ അനിയൻ ആ കൂട്ടത്തിൽ ഉണ്ട്..
അവരെ കണ്ടിട്ടാണ് ഞാൻ ഞെട്ടിയത്..
ഇതൊന്നും നീ കണ്ടില്ലല്ലെ...
കണ്ടിരുന്നേൽ നീയും ഞെട്ടിയേനെ..."
ജീവ പറഞ്ഞത് കേട്ട് ഇപ്പോ ആദിയും ഞെട്ടി.
അവളുടെ വാ പൊളിച്ചുള്ള നിൽപ്പ് കണ്ടപ്പോഴാണ് അവൾക്ക് മിതുവിന്റെ കാര്യം ഓർമ വന്നത്..
"എടീ മിതു..."
സ്ലാബിൽ നിന്നും ചാടി എണീറ്റ ജീവയെ കണ്ടപ്പോഴാണ് ആദിക്കും മിതുവിനെ ഓർമ വന്നത്..
"മിക്കതും നിന്റമ്മ ഗസ്റ്റ് റൂംമാകും ഷർട്ട് കഴുകാൻ കാണിച്ച് കൊടുത്തത്..
ഇതൊന്നും അറിയാതെ മിതു ആയേട്ടനെ അവിടെ കണ്ട് എന്ത് കാണിക്കുമോ ആവോ.."
ആദി പറഞ്ഞത് തന്നെയാണ് ജീവയും ഇപ്പോൾ ആലോചിച്ചത്..
കാര്യം അങ്ങനെ ഒക്കെ തന്നെയാകും നടന്നത് എന്ന് മനസ്സിലാക്കിക്കൊണ്ട് തന്നെ രണ്ട് പേരും നേരെ ഗസ്റ്റ് റൂമിലേയ്‌ക്ക് വെച്ച് പിടിച്ചു..
ഡൈനിംഗ് ഹാൾ കഴിഞ്ഞ് മുന്നോട്ട് നടക്കുമ്പോഴാണ് ചുറ്റും എന്തോ നോക്കിക്കൊണ്ട് അനിയും ദർശനും വരുന്നത് അവർ കാണുന്നത്..
"ഡീ...നിക്കടി അവിടെ..."
അവരിൽ നിന്നും രക്ഷപ്പെടാൻ വേണ്ടി തിരിച്ച് നടക്കുന്നതിനിടയിൽ തന്നെ പിന്നിൽ നിന്നും അനിയുടെ വിളി വന്നു..
"ഇനി ഓടണ്ട..
രണ്ടാളും നല്ല കുട്ടികളായി ഇങ്ങ് പോരെ.."
അവരുടെ നിൽപ്പ് കണ്ട് ഒരു ആക്കി ചിരിയോടെ ദർശൻ കൈക്കാട്ടി വിളിച്ചു..
അവർക്കൊരു നിമിഷം ഷമ്മിയെ ഓർമ വന്ന് ചിരി വന്നെങ്കിലും അത് പുറത്ത് കാണിക്കാതെ പരമാവധി നിഷ്‌കു ഭാവം വാരി വിതറി ജീവയും ആദിയും അവരുടെ അടുത്തേക്ക് ചെന്നു..
"എന്താ ഏട്ടാ.."
ആദ്യ മാത്രയിൽ തന്നെ സ്കെച്ച് ഇട്ട് വെച്ച ചുള്ളൻ ചെക്കനെ കണ്ടപ്പോൾ ജീവയിലെ കോഴികുഞ്ഞ് ഉണർന്നു..അതുകൊണ്ട് തന്നെ ഒട്ടും കനം കുറയ്ക്കാതെ മുഖത്ത് ആവോളം നിഷ്കു ഭാവം വരുത്തി ജീവ അനിയോടു ചോദിച്ചു..
അവളുടെ ആ ഭാവ പകർച്ചയിൽ ആദിക്ക് വല്യ അത്ഭുതം തോന്നിയില്ല എങ്കിലും അവളൊന്നു ആക്കിയതാണോ എന്നൊരു സംശയത്താൽ ദർശൻ നിൽക്കുമ്പോൾ അനി കലിപ്പ് മോഡ് ഓൺ ആക്കിയിരിന്നു...
"ആരാടി നിന്റെ ഏട്ടൻ..
അന്നൊരു സഹായം ചെയ്തപ്പോൾ അതിന് പ്രത്യുപകാരമായി അവന്റെ മേൽ മനഃപൂർവം ജ്യൂസ് കളഞ്ഞതും പോരാ അവളുടെ ഒടുക്കത്തെ നിഷ്‌കു ഭാവവും..
നീ വല്ലാതെ നല്ലപിള്ള ചമയാൻ നിൽക്കണ്ട
കേട്ടോടി അരവട്ട് കോഴികുഞ്ഞേ.."
ജീവയുടെ നിൽപ്പ് തീരെ പിടിക്കാതെ അനി കലിപ്പോടെ ചോദിക്കുമ്പോൾ ചിറക് വിരിച്ച് കൊക്കി പറക്കാൻ നിന്ന ജീവയുടെ കോഴികുഞ്ഞിന് അവന്റെ ഡയലോഗ് കേട്ടതോടെ വന്ന അതേ സ്പീഡിൽ തന്നെ തിരിച്ച് കൂട്ടിൽ കേറിയിരുന്നു..
കലിപ്പോടെ അനി പറയുന്നത് കേട്ട് ആദി അന്തം വിട്ട് പോയി..
ദർശൻ ആണേൽ ഒച്ച കേട്ട് ആരെങ്കിലും വരുമോ എന്ന് ചുറ്റും നോക്കി അനിയെ പിന്തിരിപ്പിക്കാൻ നോക്കുന്നുണ്ട്..
പെട്ടന്ന് ബോധം വന്ന ജീവ ഉടനെ മോഡ് ചേഞ്ച് ചെയ്തു..
"ആരാടോ അരവട്ട്, ആരാടോ കോഴികുഞ്ഞ്..
ദേ ഏട്ടാ എന്ന് വിളിച്ച നാവുക്കൊണ്ട് നല്ല മലയാളം പറയിപ്പിക്കാൻ നിൽക്കല്ലേ..
ഇതെന്റെ വീടായി പോയി..
എന്റെ കയ്യിൽ നിന്ന് അറിയാതെ കുറച്ച് ജ്യൂസ് പോയി..
അതിന് ആയേട്ടനോട് ഞാൻ സോറി പറയും ചെയ്തു...
പിന്നെ ഇയാൾക്ക് എന്തിന്റെ കേടാ...??
ചുമ്മാ മെക്കട്ട് കേറാൻ വന്ന താൻ ശരിക്കും ഇൗ ജീവിക ആരാണെന്ന് അറിയും.."
ജീവയുടെ ഭാവം മാറ്റം കണ്ട് ഇപ്പോ ശരിക്കും അവരൊക്കെ ഞെട്ടി..
ആദി അവളുടെ വായ പൊത്താൻ നോക്കുന്നുണ്ട് എങ്കിലും അവളുടെ കൈ മാറ്റി ഫുൾ ഫോമിലായി ജീവ..
"പെണ്ണിനെ കണ്ടപ്പോ തന്നെ ലേശം ഉടായിപ്പ് ആണെന്ന് മുന്നേ മനസ്സിലായിരുന്നു..
എന്നാലും ചുമ്മാ ഒന്ന് വിരട്ടി നോക്കിയതാണ് ഇതിപ്പോ വല്ലാത്ത ജാതി സാധനം ആണല്ലോ ദർശാ..
വന്ന വഴി തിരിഞ്ഞ് നടന്നാലോ.."
അനി പതുക്കെ അവർ കേക്കാതെ ദർശനോട് പറഞ്ഞു..
"വല്യ യമണ്ടൻ ഡയലോഗ് അടിക്കുമ്പോൾ ആലോയ്ക്കണാർന്ന്..
ഇനിപ്പോ പിന്മാറിയാൽ ശരിയാകില്ല..
തുടക്കം തന്നെ തോൽവി സമ്മതിക്കരുത് ഇനി എത്ര അങ്കങ്ങൾ നേർക്ക് നേർ ഉണ്ടെന്ന് ആര് കണ്ടൂ..
നീ ധൈര്യമായി മുന്നോട്ട് പോ..
പിന്നിൽ ഞാനുണ്ട്.."
ദർശൻ എന്നത്തേയും പോലെ അനിയെ പിന്നിൽ നിന്ന് താങ്ങുന്നത് കണ്ട് അനി അവനെ ഒന്നിരുത്തി നോക്കി..
ദൈവത്തിനു അറിയാം ഇനി ബാക്കി ആരൊക്കെ അവിടെ ഉണ്ടാകുമെന്ന്..
"താൻ എന്താടോ നിന്ന് പയ്യെ പറയുന്നത്..
ധൈര്യം ഉണ്ടേ മുഖത്ത് നോക്കി പറയണം..
അതാണ് ആൺകുട്ടികൾ..
ഇതൊരു മാതിരി.."
ആദിയുടെ വിലക്കിനെ അവഗണിച്ച് ജീവ വീറോടെ പറഞ്ഞു..
"എന്റെ പൊന്ന് ചേട്ടന്മാരെ നിങ്ങളിങ്ങനെ ഒച്ചവെച്ച് ആളെ കൂട്ടിയാൽ നമുക്ക് തന്നെയാ നാണക്കേട്..
അതോണ്ട് രണ്ടാളും ഒച്ച വെക്കരുത്..
നിങ്ങള് തിരഞ്ഞ് വന്ന ആള് ആ കാണുന്ന റൂമിൽ ആകാനാണ് സാധ്യത..
വാ നമുക്ക് പോകാം ഞങ്ങളും അങ്ങോട്ടാണ്.."
വീണ്ടും ജീവയും അനിയും കൊമ്പ് കോർക്കാൻ നിൽക്കുന്നത് കണ്ട് ആദി ഇടപ്പെട്ടു..
ആദിയുടെ ദയനീയമായ പറച്ചിലിൽ രണ്ട് പേരുമൊന്ന് അയഞ്ഞുവെങ്കിലും പരസ്പരം കണ്ണുകൾ കൊണ്ട് "ബാക്കി വഴിയെ തന്നോളാം "എന്ന് പറയുന്നുണ്ടായിരുന്നു..
ശേഷം അവർ നാല് പേരും ഗസ്റ്റ് റൂമിലേയ്ക്ക് പോയി..
⭐⭐⭐⭐⭐
"താൻ പറയുന്നുണ്ടോ അതോ ഞാൻ ഇവിടെ തന്നെ ഇരിക്കണന്ന് ആണോ പറയുന്നത്.."
ഒരു കള്ള ചിരിയോടെ അദ്രിയുടെ ചോദ്യം കേട്ട് മിതു ദയനീയമായി അവനെ നോക്കി..
"ഞാ..ഞാൻ അങ്ങനെ ഒന്നുമില്ല..
അത് അന്ന് വന്നപ്പോ എന്തോ..."
അവന്റെ മുഖത്ത് നോക്കാനാകാതെ താഴേയ്ക്ക് ദൃഷ്ടിയൂന്നി വിക്കി വിക്കിയുള്ള അവളുടെ സംസാരം കാൺകെ അദ്രി അവളെ കുസൃതിയോടെ തന്നെ നോക്കി ഇരിക്കുകയാണ്..
മേൽ ചുണ്ടിന് മുകളിലായി പറ്റി പിടിച്ചിരിക്കുന്ന വിയർപ്പ് കണങ്ങളും പിടയ്ക്കുന്ന മിഴികളും നിസ്കാര കുപ്പായത്തിൽ തെറുത്ത് പിടിക്കുന്ന വിരലുകളും എല്ലാം എന്ത് പറയണമെന്ന് അറിയാതെ നിൽക്കുന്ന അവളുടെ വെപ്രാളപ്പെട്ട അവസ്ഥയെ സൂചിപ്പിക്കുന്നുണ്ടായിരുന്നു..
"അദ്രി.....!!!"
കസേരയിൽ നിന്ന് എഴുന്നേറ്റ് അവളുടെ അടുത്തേക്ക് ചെന്നു എന്തോ പറയാനാഞ്ഞ അദ്രിയും തല കുമ്പിട്ട് നിൽക്കുന്ന മിതുവും വിളി വന്നിടത്തെയ്ക്ക് പകപ്പോടെ നോക്കി.. വാതിലിനരികിൽ നിൽക്കുന്നവരെ കണ്ട് അദ്രിയുടേം മിതുവിൻ്റെം മുഖം ഒരുപോലെ വിളറി വെളുത്തു..
തുടരും....😊
✍️ഭൗമിഭദ്ര
കഥ നിങ്ങൾക്ക് ഇഷ്ട്ടമാകുന്നുണ്ടോ?പോരായ്മകൾ എന്തെങ്കിലും ഉണ്ടെങ്കിൽ പറയൂന്നേ..നിങ്ങൾ വായിച്ച് അഭിപ്രായം പറഞ്ഞാലല്ലേ ഞാൻ അറിയൂ..അപ്പോ എല്ലാവരും ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കണെ😊
