രചന: അലി അക്ബർ. തൂത
അനൂപിന്റെ ഒാപ്പറേഷൻ കഴിഞ്ഞു നേരെ ഐസിയുവിലേക്ക് മാറ്റി.
സന്ധ്യയുടെ പ്രാർത്ഥന സഫലമായി.
രണ്ടുദിവസത്തിനുശേഷം റൂമിലേക്ക് കൊണ്ടുവന്നു.
സന്ധ്യയും അമ്മയും ഏട്ടനും ഹോസ്പിറ്റലിൽ കൂട്ടു നിന്നു.
എല്ലാം ഒന്ന് ശാന്തമായപ്പോൾ സന്ധ്യക്ക് എല്ലാം ഒന്നറിയാൻ വല്ലാത്ത വീർപ്പ് മുട്ടലായി.
അവൾ അമ്മയോട് നേരിട്ട് ചോദിച്ചു.
"അമ്മേ ആരാണവൾ?"
"അത്.. മോളെ.."
"എന്താണെങ്കിലും അമ്മ പറഞ്ഞോളൂ.."
"അവളാണ് ഗീതു. അനൂപുമായി സ്നേഹത്തിലായിരുന്നു.
അവളെ കല്യാണം കഴിക്കണം എന്ന് പറഞ്ഞ് അവൻ ഒറ്റക്കാലിൽ നിന്നതാണ്.
ഞങ്ങൾ അത് സമ്മതിച്ചില്ല.
അവൾക്ക് ഭ്രാന്താണ്. നശിച്ചവൾ ഇപ്പോൾ മെൻറൽഹോസ്പിറ്റലിൽ ചികിത്സയിൽ ആണത്രേ. എന്റെ കുഞ്ഞിനെ കൊല്ലാൻ ഇറങ്ങിയവൾ. ന്റെ സന്ധ്യ മോൾടെ ഭാഗ്യം കൊണ്ടാ രക്ഷപ്പെട്ടത്.
എല്ലാം കേട്ട് സന്ധ്യക്ക് അനൂപിന് താനുമായുള്ള അകൽച്ചയുടെ കാരണം വ്യക്തമായി. അവൾ നിശബ്ദം നിന്നു.
"ദൈവമേ അവൻ അവളെയാണ് കല്യാണം കഴിച്ചിരുന്നത് എങ്കിൽ എന്താകുമായിരുന്നു അവസ്ഥ ഓർക്കാൻ കൂടി വയ്യ"
അമ്മ നെഞ്ചത്ത് കൈ വെച്ച് പറഞ്ഞു.
സന്ധ്യ അനൂപിനോട് ഇതേക്കുറിച്ച് ഒന്നും സംസാരിച്ചില്ല
നടക്കാൻ വയ്യാത്ത അനൂപിനെ കൈകൊണ്ട് താങ്ങിയും മരുന്ന് കൊടുത്തും ഭക്ഷണം കൊടുത്തും ശുശ്രൂഷ ചെയ്തുകൊണ്ടിരുന്നു.
പതിയെപ്പതിയെ അനൂപ് വാക്സ്റ്റിക്ക് ഉപയോഗിച്ച് നടക്കാൻ ശ്രമിച്ചു. അവനെ താങ്ങി സന്ധ്യയും.
ഇപ്പോൾ സ്വന്തമായി, പരസഹായമില്ലാതെ സ്റ്റിക്ക് ഉപയോഗിച്ച് നടക്കാൻ തുടങ്ങി.
കുറച്ച് ദിവസങ്ങൾക്കു ശേഷം ഡോക്ടർമാർ ഡിസ്ചാർജ് ചെയ്തു വീട്ടിലേക്ക് പോകാം എന്നു പറഞ്ഞു.
അങ്ങനെ ഇന്ന് ഡിസ്ചാർജ് ആവുകയാണ് അനൂപ്.
അമ്മയില്ലാത്ത നേരത്ത് സന്ധ്യ ഗീതുവിനെ കുറിച്ച് അനൂപിനോട് ചോദിച്ചു.
അവൻ ഒന്നു പകച്ചു.
അമ്മയിൽനിന്ന് കേട്ടതും ഏട്ടത്തിയമ്മ പറഞ്ഞതും അവൾ അനൂപിനോട് പറഞ്ഞു.
അനൂപ് പതുക്കേ പറയാൻ തുടങ്ങി.
"അവരിൽ നിന്ന് കേട്ടത് മാത്രമല്ല വേറെയും കുറെ കാര്യങ്ങൾ പറയാനുണ്ട്. നീ അന്ന് കോളേജിൽ വെച്ച് എന്നെ അപമാനിച്ചതിന് ശേഷം
ഞാൻ ആകെ തകർന്നു.
ആ സമയത്താണ് ഗീതുവുമായി അടുത്തത്. അവൾക്ക് കുറെ മുൻപ് തന്നെ എന്നോട് പ്രണയമായിരുന്നത്രെ.
അങ്ങനെ ഞങ്ങൾ കൂടുതൽ അടുത്തു
ഞങ്ങളുടെ ബന്ധം വീട്ടുകാർ അറിഞ്ഞു.
അവളെ എനിക്ക് കല്യാണം കഴിച്ചു തരുന്നതിന് എന്റെ വീട്ടുകാർക്ക് സമ്പത്തും കുടുംബമഹിമയും തടസ്സമായിരുന്നു.
അതൊന്നും പക്ഷെ എനിക്ക് പ്രശ്നമായിരുന്നില്ല.ഞാൻ അവളെ സ്വന്തമാക്കാൻ തന്നെ ആയിരുന്നു ഉദ്ദേശം. പക്ഷേ ഹൃദയരോഗിയായ എന്റെ അമ്മ..അവരെ വിഷമിപ്പിക്കാൻ കഴിയാത്തത് ഒന്നു കൊണ്ടുമാത്രമാണ്
ഞങ്ങളുടെ വിവാഹം നടക്കാതെ പോയത്.
ഞാൻ പിന്നെ സ്ഥിരം മദ്യപിക്കാനും ഒക്കെ തുടങ്ങി.
പിന്നീട് ഗീതുവിന്റെ പ്ലാൻ ആയിരുന്നു വീട്ടുകാർ പറയുന്ന പെണ്ണിനെ കെട്ടി
കുറച്ചു ദിവസം കഴിഞ്ഞു ഒഴിവാക്കുക എന്ന്.
രണ്ടാം കെട്ടുകാരനായാൽ എന്റെ വീട്ടുകാർ ഗീതുവിനെ കല്യാണം കഴിക്കാൻ സമ്മതിക്കുമെന്ന ഗീതുവിന്റെ അഭിപ്രായത്തിനു ഞാനും മറ്റൊന്നും ചിന്തിക്കാതെ യോജിക്കുകയായിരുന്നു.
അവസാനം കാണാൻ വന്ന പെണ്ണ് നീ ആണെന്നറിഞ്ഞപ്പോൾ എന്റെ മനസ്സിൽ നിന്നോടുള്ള പക ആളിക്കത്തി.
പകരം വീട്ടാനുള്ള ചാൻസ് ദൈവം തന്നതാണെന്നും വിചാരിച്ചു.
അനൂപ് ഒന്നു നിർത്തി സന്ധ്യയെ നോക്കി.
അവൾ എല്ലാം കേട്ട് ഒരു ശിലപോലെ മരവിച്ചു നിൽക്കുകയായിരുന്നു.
നിറഞ്ഞു വന്ന കണ്ണുകൾ ഒഴുകാതിരിക്കാൻ അവൾ ചുരിദാറിന്റെ ഷാൾ കൊണ്ട് മുഖം അമർത്തിത്തുടച്ചു.
അനൂപ് തുടർന്നു.
പക്ഷെ...സന്ധ്യ.. നിന്നെ സങ്കടപ്പെടുത്താൻ
എനിക്കാവുമായിരുന്നില്ല...സന്ധ്യ ...അതുകൊണ്ടാണ് ഇങ്ങനെയെല്ലാം സംഭവിച്ചത്. നീ പതിയെ പതിയെ എന്റെ ഹൃദയത്തിലേക്ക് ചേക്കേറുകയായിരുന്നു.നിന്നെ ഒഴിവാക്കാൻ എനിക്കാവുന്നില്ല ഉപേക്ഷിക്കാനും."
പിന്നീട് അമ്പലത്തിൽ വച്ച് കണ്ട് മുട്ടിയതും മറ്റുമുള്ള കര്യങ്ങൾ അനൂപ് വിവരിച്ചു.
അനൂപ് പറഞ്ഞു നിർത്തിയപ്പോൾ
താഴേക്ക് നോക്കി തന്നെ നിന്നിരുന്ന സന്ധ്യ മുഖമുയർത്തി.
"അനൂപ്
എനിക്ക് ഒന്നു കാണണം ഗീതുവിനെ നമുക്ക് ഇവിടുന്ന് പോകുമ്പോൾ ഗീതുവിനെ അഡ്മിറ്റ് ചെയ്ത ഹോസ്പിറ്റലിൽ പോയി അവളെ കാണാം."
അനൂപിന് നൂറുവട്ടം സമ്മതമായിരുന്നു അവനും കൊതിച്ചിരുന്നു അവളെ ഒന്ന് കാണാനായി.
ഗീതുവിനെ ചികിത്സിച്ചിരുന്ന ഡോക്ടർ സലിം അഹമ്മദിനെ അനൂപും സന്ധ്യയും പോയി കണ്ടു എല്ലാ കാര്യങ്ങളും സംസാരിച്ചു.
അദ്ദേഹം അവരോട് കുറച്ചു ദിവസം കഴിഞ്ഞു തമ്മിൽ കാണാം എന്നു പറഞ്ഞു.
അങ്ങനെ അത് സമ്മതിച്ചു അവർ മടങ്ങി.
സലിം അഹമ്മദ് ഗീതുവിനെ കൗൺസിലിങ് ചെയ്തു.
എല്ലാ കാര്യങ്ങളും പറഞ്ഞു ബോധ്യപ്പെടുത്തി. സ്ഥിരമായുള്ള കൗൺസിലിംങ് കൊണ്ടും മികച്ച ചികിത്സകൊണ്ടും ഗീതു വിന്റെ അസുഖം ക്രമേണ നോർമൽ ആയിത്തുടങ്ങി.
അതിനുശേഷം അനൂപിനെ ഡോക്ടർ വിളിപ്പിച്ചു.
" അനൂപ് ഗീതുവിന് നിങ്ങളോട് ഭ്രാന്തമായ പ്രണയമാണ്.ചിലർക്ക് പ്രണയം തന്നെ ഒരു ഭ്രാന്തായി മാറും.
നിങ്ങളെ അവർ അത്രമാത്രം സ്നേഹിച്ചിരുന്നു. നിങ്ങളെ നഷ്ടപ്പെടുമെന്ന് കരുതിയാണ് അവളീ സാഹസങ്ങൾക്ക് ഒക്കെ മുതിർന്നത് അവസാനം നിങ്ങളുടെ ഈ അവസ്ഥയ്ക്ക് കാരണക്കാരി അവൾ ആണെന്ന് അവൾക്ക് ബോധ്യമായപ്പോൾ മനസ്സും പാടെ തകർന്ന നിലയിലായി.
"ഡോക്ടർ എനിക്ക് അവളെ ഒന്ന് കാണണം"
അതിനെന്താ നിങ്ങൾക്ക് കാണാം ഇപ്പോൾ അവൾക്ക് യാഥാർഥ്യം ഉൾക്കൊള്ളാൻ ആയിട്ടുണ്ട്. അതാണ് നിങ്ങളെ വിളിച്ചത്."
വിസിറ്റിംഗ് റൂമിലേക്ക് സന്ധ്യയും അനൂപും ചെന്നു.
അനൂപിനെ കണ്ടപ്പോൾ ഗീതുവിന്റെ കണ്ണുകൾ ഒന്ന് തിളങ്ങി .അവൾ അനൂപിന്റെ അടുത്തേക്ക് ഓടിവന്നു.
സന്ധ്യയെ കണ്ടപ്പോൾ അവൾ ഒന്നു നിന്നു.
അനൂപ് അവളെ വിളിച്ചു
"ഗീതു"
അനൂപിന്റെ കാലുകളിലേക്ക് നോക്കി അവൾ പൊട്ടിക്കരഞ്ഞു.
"അനൂപ്...മാപ്പ്"
"വേണ്ട ഗീതു.. നീ എന്തിനാ എന്നോട് മാപ്പ് പറയുന്നത്.. ഒന്നും നിന്റെ മാത്രം തെറ്റല്ലല്ലോ.. എല്ലാത്തിനും ഞാനും കൂടി ഉത്തരവാദിയല്ലേ..
ഒരു വലിയ ചതിചെയ്യാൻ ഒരുങ്ങിയത്തിന് കിട്ടിയ ദൈവശിക്ഷയാകും ഇതെല്ലാം.."
അനൂപ് ഗീതുവിന്റെ നിറഞ്ഞ കണ്ണുകൾ തുടക്കാൻ പൊക്കിയ കൈ പതിയെ താഴ്ത്തി.
അതുവരെ നിശ്ശബ്ദയായി നിന്ന സന്ധ്യ അനൂപിനെ വിളിച്ചു.
"അനൂപ് ഇത്തിരി നേരം ഇവിടെ ഇരിക്ക്.. ഞങ്ങൾ ഒന്നു നടന്നു വരാം."
അവനോട് അവിടെ ഇരിക്കാൻ പറഞ്ഞ് സന്ധ്യ ഗീതുവിനെയും കൂട്ടി ഹോസ്പിറ്റലിലെ ഗാർഡനിലേക്ക് നടന്നു.
"ഗീതു..അനൂപ് എല്ലാം എന്നോട് പറഞ്ഞിട്ടുണ്ട്..
നിന്നെ ഇപ്പോഴും സ്നേഹിക്കുന്നുമുണ്ട് നീ പേടിക്കണ്ട.. ഞങ്ങൾ ഇതുവരെയും ഭാര്യഭർത്താക്കന്മാരായി ജീവിച്ചിട്ടില്ല.നിനക്ക് വേണ്ടി എല്ലാ പരിശുദ്ധിയോടെയും തന്നെ നിന്റെ അനൂപിനെ നിനക്ക് തരാൻ ഞാൻ ഒരുക്കമാണ്... മറുത്തൊന്നും നീ പറയരുത്.."
സന്ധ്യയുടെ ഓരോ വാക്കുകളും തികച്ചും അവിശ്വാസനീയതയോടെ ഗീതു കേട്ടുകൊണ്ടിരുന്നു.
സന്ധ്യ തുടർന്നു.
" നിങ്ങളുടെ സ്നേഹത്തിന് വിലങ്ങായി ഞാൻ നിൽക്കുന്നില്ല നിങ്ങളാണ് ഒന്നായി ചേരേണ്ടത്..."
അടക്കിപിടിച്ച സങ്കടം അണപൊട്ടി ഒഴുകാതിരിക്കാൻ സന്ധ്യ വളരെ ശ്രദ്ധിച്ചു കൊണ്ട് ഗീതുവിന്റെ രണ്ട് കൈകളും മുറുകെ പിടിച്ചമർത്തിക്കൊണ്ട് പറഞ്ഞു
"അനൂപ് നിനക്കുള്ളാതാണ് ഗീതു"
സന്ധ്യയുടെ മനസ്സ് തുറന്ന സംസാരം ഗീതുവിനെ വല്ലാതെ സ്പർശിച്ചു.
"സന്ധ്യാ അനൂപിന് ഭ്രാന്തിയായ എന്നെക്കാൾ ചേരുക നീ തന്നെയാണ്. നിങ്ങളെ പരസ്പരം പിരിച്ചിട്ട് എനിക്കൊരു ജീവിതം വേണ്ട.
അനൂപുമൊത്തുള്ള ഓർമ്മകൾ... അതുമതി മരിക്കോളം എനിക്ക് ജീവിക്കുവാൻ..
അത് മറക്കണം എന്ന് പറയരുത്...പറഞ്ഞാലും കഴിയില്ല...ഇനി ഞാൻ നിങ്ങളുടെ ജീവിതത്തിലേക്ക് കടന്നു വരില്ല... ഞാൻ പോവുകയാണ്...നിങ്ങളുടെ കൺവെട്ടത്തൊന്നും ഞാനിനി വരില്ല."
ഇത്രയും പറഞ്ഞ്
സന്ധ്യയെ ഗീതു കെട്ടിപ്പിടിച്ചു. എന്നിട്ട് അവളുടെ ചെവിയിൽ പറഞ്ഞു
" നീ ഭാഗ്യവതിയാണ് സന്ധ്യ..
ഇനിയൊരിക്കലും എന്റെ പേരും പറഞ്ഞ് അനൂപിനെ സങ്കടപ്പെടുത്തരുത്"
ഗീതു അനൂപിനരികിലേക്ക് നടന്നു.
"അനൂപ്...ഞാൻ പോവുകയാണ് എന്തുകൊണ്ടും നിനക്ക് എന്നേക്കാൾ ചേരുക സന്ധ്യ തന്നെയാണ്.. നിന്നെയും നിന്റെ കളിതമാശകളും ഇനി എനിക്കില്ല. എല്ലാം ഇനി ഓർമ്മകൾ മാത്രം.
ഇനി എന്നും അത് മാത്രമായിരിക്കും എനിക്ക് കൂട്ട്... ഇനി നമ്മൾ കാണില്ല ഒരിക്കലും.. എന്നെ വെറുക്കരുത്"
ഗീതു തിരിഞ്ഞു നടന്നു.
അനൂപ് വിളിക്കുന്നുണ്ടായിരുന്നു
"ഗീതു...ഒന്നുനിൽക്ക്"
അവൾ വിളി കേട്ടിട്ടും ഒന്ന് തിരിഞ്ഞു നോക്കുക പോലും ചെയ്യാതെ നടന്നകന്നു...
അവൾക്കറിയാം താനൊന്നു തിരിഞ്ഞു നോക്കിയാൽ ഇതുവരെ അവർക്ക് കൊടുത്ത വാക്കുകളൊക്കെയും ഒരു ജലരേഖയായി തീരുമെന്ന്.
സന്ധ്യയുടെയും അനൂപിന്റേയും കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.
ഗീതു അപ്പോഴും അവരെ തോല്പിച്ചു കൊണ്ട് നടന്നകന്നു.
(അവസാനിച്ചു.)
ഇഷ്ടമായെങ്കിൽ ലൈക്ക് കമന്റ് ചെയ്യണേ
അലി അക്ബർ. തൂത
