കിസ്മത്ത്❣️ 2

Valappottukal
❣️കിസ്മത്ത്❣️ 2


രചന: മിഖായേൽ

നിർത്തെടോ... താൻ എന്താ പറഞ്ഞേ...ഇവള് എന്റെ ആരാണെന്നാ താൻ പറഞ്ഞേ...???

അവന്റെ തീക്കനലെരിയുന്ന കണ്ണുകളെ നേരിടാനാവാതെ അയാൾ പിന്നോട്ട് അടിവച്ചു നിന്നു...

താൻ പറഞ്ഞ ഒരുകാര്യം ശരിയാ ഇവളെന്റെ സഹോദരിയല്ല,ഇപ്പോ എന്റെ ബീവിയുമല്ല.... പക്ഷേ ഇവൾക്ക് സമ്മതമാണെങ്കിൽ കളത്തിങ്കലെ ഫൈസൽ ബഷീറിന്റെ ബീവിയാക്കാൻ എനിക്ക് പൂർണ സമ്മതമമാണ്....

ഫൈസീടെ ആ വാക്കുകൾ കേട്ട് ഒരു ഞെട്ടലോടെ അവൾ മുഖമുയർത്തി...കേട്ടു നിന്ന എല്ലാ മുഖങ്ങളിലും അതേ ഞെട്ടൽ തന്നെയായിരുന്നു...

നീയ് കളി പറയ്വാ...ഒരു മുസ്ലീമായ നീ യത്തീമായ ഒരു പെണ്ണിനെ നിക്കാഹ് ചെയ്യാൻ മതം അനുശാസിക്കില്ല...

അഞ്ച് നേരം നിസ്കരിയ്ക്കുന്ന, വിശുദ്ധ ഖുർആൻ നെ നമസ്കരിച്ചു ജീവിക്കുന്ന  മുസ്ലിം ആണ് ഞാൻ...ആ എനിക്ക് ഈ പിറവിയിൽ ഒരാളുടെയെങ്കിലും കണ്ണീരൊപ്പാൻ കഴിയുമെങ്കിൽ അതിൽപരം പുണ്യം വേറെ കിട്ടാനില്ല... അതിന്റെ പേരിൽ ഈ സമുദായം കല്പിക്കുന്ന ശിക്ഷ എന്തായാലും....അതേറ്റു വാങ്ങാൻ ഈ ഫൈസി തയ്യാറാണ്....

അത്രയും പറഞ്ഞു നിർത്തുമ്പോ ചുറ്റും കൂടിയ എല്ലാ കണ്ണുകളിലും പകയുടെ തീക്ഷ്ണത തെളിഞ്ഞു നിൽപ്പുണ്ടായിരുന്നു...അതിനെയൊന്നും വക വയ്ക്കാതെ അവൻ അവൾക്കരികിലേക്ക് നടന്നടുത്തു...

കളിയായി പറഞ്ഞതല്ല...ഒരു സഹതാപം കൊണ്ട് പറയുകയുമല്ല... എനിക്ക് ശരിയ്ക്കും ഇഷ്ടാ നിന്നെ... ഇത്രയും നാളും അനാഥത്വത്തിന്റെ വേദനകളും യാതനകളും അനുഭവിച്ചു തീർത്തതല്ലേ നീ...അത് മാറ്റട്ടേ ഞാൻ...എന്റെ പെണ്ണായി മാറ്റാക്കോട്ടെ നിന്നെ...
ഈ ഫൈസിയ്ക്ക് ജീവനുള്ളിടത്തോളം കാലം സ്നേഹം കൊണ്ട് മൂടാനും,കരുതലായി കൂടെ നിൽക്കാനും ഞാനുണ്ടാകും നിന്റെ കൂടെ.....ഇനിയും ഇങ്ങനെ കണ്ണീര് പൊഴിക്കാനുള്ള ഇട വരുത്തില്ല ഞാൻ....എന്റെ കൈ വെള്ളയിലെ രേഖ പോലെ നിന്നെ കാത്തോളാം ഞാൻ...❣️❣️❣️

അവന്റെ വാക്കുകൾക്ക് വിങ്ങലോടെ മറുപടി നല്കിയ അർച്ചന അവിടെ നിന്നും നടന്നു തുടങ്ങിയത് ഫൈസിയുടെ ജീവിതത്തിലേക്കായിരുന്നു....അവന്റെ മഹർ ഏറ്റുവാങ്ങി അവൾ ഒരു സനാഥയായി തീരുകയായിരുന്നു......സമുദായത്തിനും വിശ്വാസപ്രമാണങ്ങൾക്കും എതിരായി പ്രവർത്തിച്ചത് മൂലം വീട്ടുകാർക്ക് പോലും അവൻ വെറുക്കപ്പെട്ടവനായി മാറി.... എങ്കിലും അവളെ ഒറ്റപ്പെടുത്താനോ ഉപേക്ഷിയ്ക്കാനോ അവൻ ഒരുക്കമായിരുന്നില്ല....

വീട്ടിൽ നിന്നും കൂടി പുറത്താക്കപ്പെട്ടതും ഒരു ചെറിയ വാടക വീട്ടിലേക്ക് അവൻ അവളേം കൂട്ടി താമസമായി... എല്ലാം നല്ലതിന് വേണ്ടി എന്ന ശുഭചിന്തയിൽ വിശ്വസിച്ച് അവർ ജീവിതം ആരംഭിച്ചു... അനാഥത്വത്തിന്റെ വേലിക്കെട്ടുകളിൽ ബാല്യവും,കൗമാരവും ഹോമിച്ച അർച്ചന ഫൈസീടെ മാത്രം അച്ചുവായി മാറി.... കൂട്ടുകാർ വഴിയും അടുത്ത പരിചയക്കാർ വഴിയും വീട്ടിൽ സഹായങ്ങൾ എത്തിച്ചിരുന്നുവെങ്കിലും സമുദായത്തിന്റെ എതിർപ്പിനെ ഭയന്ന് അവരവനെ കൂടുതൽ അവരിൽ നിന്നും അകറ്റാൻ ശ്രമിച്ചു കൊണ്ടേയിരുന്നു......

ജനനം മുതൽ അവൾക് ലഭിക്കാത്ത കരുതലും സ്നേഹവും ആ കുറഞ്ഞ സമയം കൊണ്ട് ഫൈസി അവൾക് നല്കി...ഒരു വർഷത്തെ ജീവിതത്തിനിടയിലും വീട്ടുകാരുടേയോ നാട്ടുകാരുടേയോ സഹായങ്ങൾ ഫൈസിയെ തേടിയെത്തിയിരുന്നില്ല... എങ്കിലും എല്ലാവരുടേയും മുന്നിൽ അന്തസായി ജീവിച്ചു കാണിക്കാൻ തന്നെയായിരുന്നു അവന്റെ തീരുമാനം....അത് ഏറെക്കുറെ അങ്ങനെ തന്നെ ആയിരുന്നു.....

അച്ചുപ്പെണ്ണേ... നമുക്ക് അധികം വൈകാതെ കുറച്ചു വസ്തു വാങ്ങണം ട്ടോ.. പിന്നെ അതിൽ നല്ലൊരു വീട് വയ്ക്കണം.... അവിടെ ഞാനും നീയും.... പിന്നെ നമ്മുടെ കുഞ്ഞി മക്കളുമായി കുറേ...കുറേ...കുറേ...കുറേ...കുറേ..കാലം ജീവിക്കണം.....

അച്ചുവിന്റെ മടിയിൽ കിടന്ന് കിനാവ് കാണുന്ന ഫൈസിയുടെ മുഖം നിലാവെളിച്ചം പോലെ മനോഹരമായിരുന്നു....

ഇതെന്താ ഇക്കാ ഇത്രേം... വർഷം...

അത് വേണമെടീ... എനിക്ക് നിന്റെ കൂടെയും മ്മക്കുണ്ടാവുന്ന കുഞ്ഞി മക്കടെ കൂടെയും ഒരുപാട് കൊല്ലം സന്തോഷത്തോടെ ജീവിക്കണം...പടച്ചോനതെല്ലാം സാധിച്ചു തരും...!!


ഒരു ദീർഘ ശ്വാസമെടുത്ത് ഫൈസി പറഞ്ഞു നിർത്തുമ്പോ വരാനിരിക്കുന്ന ദിനങ്ങളിൽ അവനർപ്പിച്ച പ്രതീക്ഷകൾക്കും സ്വപ്നങ്ങൾക്കും അതിരുകളില്ലായിരുന്നു... അവന്റെ പ്രാർത്ഥനകളും ഓരോ ആഗ്രഹങ്ങളും പിന്നെയുള്ള നാളുകളിൽ പടച്ചോൻ യാഥാർത്ഥ്യമാക്കുകയായിരുന്നു...സ്വന്തമായി ഒരു തുണ്ട് ഭൂമി,അതിലൊരു ചെറിയ വീട്.... പിന്നെ അവർക്കിടയിലേക്ക് അവരുടെ കുഞ്ഞി മാർവയും കൂടി വന്നതും ജീവിതത്തിന്റെ ഓരോ അണുവും അവർ ആസ്വദിച്ച് മുന്നോട്ട് പൊയ്ക്കോണ്ടിരുന്നു......കുഞ്ഞിന് മൂന്ന് വയസ് പ്രായമായപ്പോഴാ ആ ദുരന്തം അവരെ തേടിയെത്തിയത്.....

നാടാകെ പ്രളയം വന്നു മൂടിയപ്പോൾ തന്റെ സഹോദരങ്ങളുടെ ജീവൻ രക്ഷിക്കാൻ സധൈര്യം മുന്നിട്ടിറങ്ങിയതായിരുന്നു ഫൈസി.... ആദ്യമൊക്കെ അർച്ചനയുടെ എതിർപ്പുണ്ടായി എങ്കിലും പിന്നീട് അവളും അവന്റെ തീരുമാനങ്ങൾക്ക് അനുമതി നല്കി...ഉൾക്കടലിന്റെ ആഴവും പരപ്പും കണ്ടു വളർന്ന ഫൈസിയ്ക്ക് ഉയർന്നു പൊങ്ങിയ വെള്ളം ഭയം തീർത്തില്ല...കലങ്ങി മറിഞ്ഞ കലക്കവെള്ളത്തേയും വീശിയടിച്ച കാറ്റിനേയും പെയ്തിറങ്ങിയ മഴയേയും അവഗണിച്ച് ഓരോ ജീവനേയും അവൻ രക്ഷപ്പെടുത്തിക്കൊണ്ടിരുന്നു..കണ്ണീർക്കണങ്ങൾ ചാലു തീർത്ത ഓരോ മുഖങ്ങളും അവന് മുന്നിൽ നന്ദി സൂചകമായി പുഞ്ചിരി തൂകുമ്പോ, കൈകൂപ്പി നമസ്കരിയ്ക്കുമ്പോൾ അതെല്ലാം കാരുണ്യവാനാ അല്ലാഹുവിൽ അർപ്പിച്ച് അവനും അവർക്ക് നേരെ പുഞ്ചിരി സമ്മാനിച്ചു നിന്നു... ഗർഭിണികളും,കുട്ടികളും പ്രായമായവരും,പുരുഷന്മാരും അങ്ങനെ വിരലിലെണ്ണാൻ കഴിയാത്തതിലും അധികം പേരുടെ ജീവൻ ഫൈസീടെ കൈകളിൽ സുരക്ഷിതമായി...കരകാണാ കടലിന്റെ തേരാളിയായിരുന്ന ഫൈസി ആ വെള്ളക്കെട്ടിനെ പുഞ്ചിരിയോടെ നേരിടുകയായിരുന്നു....

പക്ഷേ എല്ലാറ്റിനും ഒടുവിൽ ഒരു നിമിഷം  കൊണ്ട് വിധി അവന് ശത്രുവായി മാറുകയായിരുന്നു...അലറിപ്പാഞ്ഞു വന്ന ഉരുൾ പൊട്ടലിൽ ഫൈസിയുടെ കാലിടറിപ്പോവുകയായിരുന്നു....ജങ്കാറിലും,ബോട്ടുകളിലുമായി ആളുകളെ കയറ്റി വിട്ട് ഒരാൾ പോലും അവിടെ ശേഷിച്ചിട്ടില്ല എന്നുറപ്പിച്ച് മടങ്ങാൻ തുടങ്ങുമ്പോഴാണ് പാറക്കൂട്ടങ്ങൾക്കൊപ്പം കുത്തൊഴുക്കോടെ മലവെള്ളം പാഞ്ഞു വന്ന് അവനെ അപ്പാടെ വിഴുങ്ങിയത്......

ഒരുപാട് നേരത്തെ തിരച്ചിലിനൊടുവിലായിരുന്നു ചറ്റുമണലിൽ പുതഞ്ഞു കിടന്ന ഫൈസിയുടെ ശരീരം കണ്ടെത്താൻ കഴിഞ്ഞത്...മണലിൽ നിന്നും അവനെ പുറത്തേക്ക് എടുക്കുമ്പോൾ ചെറിയ നാഡിയിടുപ്പുകൾ ആ ശരീരത്തിൽ ശേഷിച്ചിരുന്നു.... സന്നദ്ധ പ്രവർത്തകർ തിടുക്കപ്പെട്ട് അവനെ ആശുപത്രിയിൽ എത്തിക്കുമ്പോൾ അവന്റെയുള്ളിൽ ആദ്യമോടിയെത്തിയത് അവന്റെ അച്ചുവിന്റെയും അവരുടെ കുഞ്ഞി മകൾ മാർവ്വയുടേയും മുഖമായിരുന്നു....

കൂട്ടത്തിലുണ്ടായിരുന്ന ഷംസീർ ഫൈസിയെ കാണാനായി ICU വിൽ കയറുമ്പോഴും ആദ്യം പറഞ്ഞത് അച്ചുവിന്റെ കാര്യം തന്നെ....

ഷംസീറേ...എന്റെ അച്ചു...ഞങ്ങടെ കുഞ്ഞ്... അവർക്ക് ഞാനല്ലാതെ ആരുമില്ലെടാ... എനിക്ക്... എനിക്ക് തീരെ പറ്റുന്നില്ലെടാ... ഞാൻ... ഞാൻ തിരിച്ചു വരുമോ ഷംസീറേ...!!

വേദന കടിച്ചമർത്തിയുള്ള ഫൈസിയുടെ വാക്കുകൾ കേട്ട് ഷംസീറിന്റെ ഉള്ളിലെ വിങ്ങലുകൾ ഉയർന്നു കേട്ടു...

അച്ചൂനെ...അവളെ അറിയിക്കണ്ടെടാ ഒന്നും... അവൾക്ക് സഹിക്കാൻ പറ്റില്ല ഒന്നും....ഞാനില്ലാണ്ട് അവൾക്ക് പറ്റില്ലെടാ ഒന്നിനും.... എന്റെ കുഞ്ഞി മോളെ ഒന്ന് കാണണംന്ന് തോന്ന്വാ ഷംസീറേ...ഇനി ചിലപ്പോ... ചിലപ്പോ പറ്റീല്ലെങ്കിലോ....

ഫൈസീടെ വാക്കുകളെ ഉള്ളിലടക്കി പിടിച്ച വിങ്ങലോടെ ഷംസീർ തടഞ്ഞു....News ചാനലുകളിൾ ഇടതടവില്ലാതെ ആ വാർത്ത കൊട്ടിഘോഷിക്കുകയായിരുന്നു....
വാർത്തയറിഞ്ഞ് ഒരുനിമിഷം പോലും  പാഴാക്കാതെ അർച്ചന ഫൈസി കിടക്കുന്ന ഹോസ്പിറ്റലിലേക്ക് എത്തി...അപ്പൊഴേക്കും ഫൈസീടെ കണ്ടീഷൻ മോശമായിരുന്നു....ഡോക്ടേർസിനോട് കേണപേക്ഷിച്ചു കൊണ്ട് തന്റെ എല്ലാമെല്ലാമായ ഫൈസിയെ കാണാനായി അവൾ ICU വിന്റെ വാതിൽ തുറന്ന് അകത്തേക്ക് കയറി...

വിറങ്ങലിച്ച ചുണ്ടുകളും ചുടു കണ്ണീർ ഉതിർന്നു വീണു കൊണ്ടിരുന്നു കവിളുകളും കണ്ട് ആ കിടപ്പിലും അവന്റെ ചങ്ക് പൊടിഞ്ഞു....അവളുടെ കൈയ്യിൽ പുഞ്ചിരിയോടെ ഇരുന്ന മാർവ്വയുടെ മുഖം കാണും തോറും അവന്റെയുള്ളിലെ പിതാവ് അലറിക്കരയാൻ തുടങ്ങി....വാത്സല്യത്തോടെ ആ കുഞ്ഞി മുഖത്തിലേക്ക് നോക്കുമ്പോ ശരീരത്തെ കീറിമുറിച്ച വൃണങ്ങൾ ചോര പൊടിയ്ക്കാൻ തുടങ്ങുന്നുണ്ടായിരുന്നു...ആ വേദനയിലും അവൻ മുഖത്തൊരു പുഞ്ചിരി വിരിയിക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു....

ഇക്കാ...എന്താ പറ്റിയതെന്റെ ഇക്കായ്ക്ക്...ഇക്ക ഇങ്ങനെ കിടക്കുന്നത് കാണുമ്പോ എനിക്ക് പേടിയാവ്വാ ഇക്കാ...പറഞ്ഞതല്ലേ എന്നോട് ഒന്നിന്റെ പേരിലും എന്നെ വിഷമിപ്പിക്കില്ലാന്ന്...

അവൾടെ വാക്കുകൾ കേട്ട് വർധിച്ച വേദനയിലും അവനൊന്ന് പുഞ്ചിരിയ്ക്കാൻ ശ്രമിച്ചു...

എനിക്കൊന്നൂല്ലേടീ...ഞാൻ പഴയതു പോലെ തിരിച്ചു വരൂല്ലേ... നിന്റെ ഇക്കയായി..മ്മടെ കുഞ്ഞീടെ ഉപ്പയായി...ന്റെ മുന്നില് ഇങ്ങനെ നിന്ന് കരയാണ്ടിരിക്ക് അച്ചൂ....

മുഖത്തൊരു ചിരി നിറച്ച് അവനത് പറയുമ്പോഴും കൺകോണിൽ നിന്നും ചുടുകണ്ണീർ ചാലു തീർക്കുകയായിരുന്നു....

അച്ചൂ....കരയാണ്ടിരിക്കെടീ....അ...അച്ചൂ....
അവന്റെ ശ്വാസ ഗതിയുടെ നിരക്ക് പൊടുന്നനെ ഏറി വന്നു....അവന്റെ കൈത്തലം അവൾടെ കരങ്ങൾക്ക് വേണ്ടി നീണ്ടതും അവളതിനെ ഭദ്രമായി പൊതിഞ്ഞു പിടിച്ച് ഉറക്കെ നിലവിളിച്ചു കൊണ്ടിരുന്നു.....

കൈവെള്ളയിലെ......രേഖ പോലെ നോക്കിക്കോളാംന്ന്......പറഞ്ഞ് കൂട്ടിയതല്ലേ ന്റെ അച്ചുനെ ഞാൻ....ഇക്കാനോട് നീ ക്ഷമിക്ക്.....പാതി....പാതി വഴിയിൽ ഉപേക്ഷിച്ചു പോവ്വാ ഞാൻ.....ന്റെ മോള് എന്നോട് ക്ഷമിക്ക്....ഇക്കായ്ക്ക് പറ്റണില്ല അച്ചു... തിരിച്ചു വരാൻ പറ്റണില്ല....ന്റെ ശ്വാസം പോലും.... എനിക്ക്...കഴിയണില്ല....ന്നോട് ക്ഷമിക്കില്ലേ.....നീ....യ്....

 അവസാന ശ്വാസമെടുത്ത് ആശുപത്രി ബെഡിൽ നിന്നും അവനൊന്ന് ഉയർന്നു പൊങ്ങി....അർച്ചനയുടെ കൈയ്യിൽ പിടിച്ചിരുന്ന കൈകൾ ഒന്നുകൂടി അവിടെയൊന്ന് മുറുകി പിന്നെ പതിയെ അയഞ്ഞു വീഴാൻ തുടങ്ങി... ഒപ്പം ജീവനറ്റ ശരീരവും ബെഡിലേക്ക് ഉലഞ്ഞു വീണു... 
വീണ്ടും ഒറ്റപ്പെടലിലേക്ക് കൂപ്പു കുത്തിയ അവളുടെ അലർച്ച അവിടമാകെ മുഴങ്ങുമ്പോ കൈയ്യിലിരുന്ന് അവൾക്കൊപ്പം ഒന്നുമറിയാതെ നിലവിളിയ്ക്ക്യാരിന്നു അവരുടെ കുഞ്ഞി മോൾ മാർവ്വ....

ഒരു വലിയ ദുരിതക്കയത്തിൽ നിന്നും സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്താൻ അവൾ വളരെ സമയമെടുത്തു...എവിടെയും ഫൈസീടെ മുഖവും ശബ്ദവും അവന്റെ ചിരിയും മാത്രം... ഒടുവിൽ ഒരു ഭ്രാന്തിയായി തീരാൻ അനുവദിക്കാതെ ആ ജിവൻ തന്നെ അവസാനിപ്പിക്കാനായിരുന്നു അവൾടെ തീരുമാനം....അവിടെയും അവളെ തോൽപ്പിച്ച്  കൊണ്ട് മാർവ്വയുടെ കുഞ്ഞി കണ്ണുകൾ തിളങ്ങി നിന്നു...അതിലവൾ തന്റെ എല്ലാമെല്ലാമായ ഫൈസിയെ കാണുകയായിരുന്നു...മനസ് നിറഞ്ഞു ചിരിയ്ക്കുമ്പോൾ ഇറുങ്ങി അടയുന്ന ഫൈസിയുടെ കുഞ്ഞികണ്ണുകളുടെ പുനർജന്മമായിരുന്നു ആ കുഞ്ഞി മുഖത്ത് അർച്ചന കണ്ടത്....

ജീവിതത്തിലേക്ക് തിരികെ നടക്കാൻ ശ്രമിക്കുമ്പോ അവളുടെ മനസ് ശൂന്യമായിരുന്നു... പക്ഷേ അനുഭവങ്ങൾ പകർന്നു നല്കിയ ഊർജം മനസിൽ പേറി അവൾ മുന്നോട്ട് നടന്നു....ആരുടേയും സഹായം തേടാതെ... സഹതാപങ്ങൾ ഏറ്റുവാങ്ങാതെ അവൾ മുന്നോട്ട് തന്നെ നടന്നു.....
❣️❣️❣️❣️❣️❣️❣️❣️❣️
ഹലോ...!!അർച്ചന താൻ എവിടെയാ...???

സാർ... ഞാൻ സൈറ്റ് വിസിറ്റ് ചെയ്തു... റിപ്പോർട്ട് എഴുതി കഴിഞ്ഞു...ഇനി ഓഫീസിലേക്ക് പുറപ്പെടുകയാണ്...

ന്മ്മ്മ്..ഓക്കെ...!!! ഞാൻ രാവിലെ പറഞ്ഞ കാര്യം ഓർമ്മയുണ്ടല്ലോ...സാലറി ക്രഡിറ്റ് ആയിട്ടുണ്ടാവും..ഒന്ന് ചെക്ക് ചെയ്തേക്കണേ....

ശരി സാർ...

ഹരി സാറിനോട് മറുപടി പറഞ്ഞ് കോൾ കട്ട് ചെയ്തു കൊണ്ട് അടുത്തുള്ള ATM കൗണ്ടറിലേക്ക് നടന്നു.... രണ്ട് മൂന്ന് പേര് കൗണ്ടറിന് മുന്നിൽ wait ചെയ്യുന്നുണ്ടായിരുന്നു...
അവര് ക്യാഷെടുത്ത് ഇറങ്ങും വരെ ഞാനാ കൗണ്ടറിന് മുന്നിൽ wait ചെയ്തു.... ഒടുവിൽ എല്ലാവരുടേയും ആവശ്യങ്ങൾ കഴിഞ്ഞിറങ്ങിയപ്പോൾ ആ പരിസരം വിജനമായിരുന്നു.....കൗണ്ടറിൽ കയറി പിൻ നമ്പർ രേഖപ്പെടുത്തുമ്പോ വിരലുകൾ വിറകൊള്ളുകയായിരുന്നു....ഹരി സാർ പറഞ്ഞതു പോലെ അക്കൗണ്ടിൽ സാലറി ക്രഡിറ്റായിരുന്നു...അതിൽ നിന്നും കുറച്ചു ക്യാഷ് ഞാൻ withdraw ചെയ്തു... എന്റെ കുഞ്ഞി മോൾടെ ആഗ്രഹങ്ങൾ നിറവേറ്റാൻ വേണ്ടിയുള്ള ക്യാഷായിരുന്നു withdraw ചെയ്തത്...ATM ൽ നിന്നും ക്യാഷ് കൈയ്യിൽ ഏറ്റുവാങ്ങുമ്പോ ഹൃദയം ആഴത്തിൽ മുറിവേറ്റ് അതിൽ നിന്നും ചുടു രക്തം കിനിയുകയായിരുന്നു....കാരണം അത് ഞാൻ ചെയ്ത സേവനത്തിന് പ്രതിഫലമായി കിട്ടിയ വെറും കടലാസ് തുണ്ടുകൾ മാത്രമായിരുന്നില്ല എന്റിക്കാന്റെ ജീവിന്റെ വിലയുണ്ടായിരുന്നു അതിന്......❣️മരിച്ചാലും മണ്ണടിയാത്ത ഒരുപാട്  ഓർമ്മകളുടെ വിലയുണ്ടായിരുന്നു അതിന്.... ആ പണം ഇടനെഞ്ചിൽ ചേർത്ത് പിടിയ്ക്കുമ്പോ അവയെ നനയിച്ചു കൊണ്ട് രണ്ട്തുള്ളി ചുടുകണ്ണീർ ഇരുകണ്ണുകളിൽ നിന്നും അടർന്നു വീണു.....

അപ്പോഴും ഇക്ക കുറമ്പോടെ ചോദിച്ച ചോദ്യം തന്നെയായിരുന്നു എന്റെ മനസിൽ....അന്ന് ഞാൻ ഇക്കായ്ക്ക് കൊടുത്ത ആ മറുപടിയെ ഇന്ന് ഞാൻ മനസ് കൊണ്ട് ഊട്ടിയുറപ്പിക്കുകയാണ്....
കിസ്മത്ത്...❣️❣️
കിസ്മത്തെന്ന ഒന്ന് അതീ ദുനിയാവിൽ എല്ലാവരുടേയും ജീവിതത്തിൽ ഉണ്ടാവും....!!!!

അവസാനിച്ചു.....
 ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കണേ...


രചന: മിഖായേൽ

കൂടുതൽ കഥകൾക്ക് ഈ പേജ് ഫോളോ ചെയ്യൂ....
To Top