❣️കിസ്മത്ത്❣️ 1
രചന: മിഖായേൽ
ഡീ അച്ചുപ്പെണ്ണേ നീ കിസ്മത്തില് വിശ്വസിക്കുന്നുണ്ടോ....???
അതെന്താ ഇക്ക ഇങ്ങള് അങ്ങനെ ചോദിച്ചേ...??
നീ ചുമ്മാ പറയെടീ...നിനക്കീ കിസ്മത്തില് വിശ്വാസമുണ്ടോ....???
പിന്നെ ഇല്ലാതെ....അങ്ങനെയൊന്ന് ഇല്ലാതിരുന്നേല് ഈ എനിക്ക് ഇക്കാനെ കണ്ടെത്താൻ കഴിയുമായിരുന്നോ....???
ആഹാ... അപ്പോ ഞാൻ നിനക്ക് കിട്ടിയ ലോട്ടറിയായിരുന്നു ല്ലേ....മ്മള് മാത്രം അതെന്തേടീ ഇതേവരെ അറിഞ്ഞില്ല.....!!!
ഓഫീസിന്റെ ടേബിളിൽ നീട്ടി വച്ച attendance രജിസ്റ്ററിൽ ഒപ്പിടുമ്പോ മനസിൽ നിറയെ ഇക്കാന്റെ ആ ചോദ്യങ്ങളും കുസൃതി ചിരിയും ആയിരുന്നു....ഇന്ന് ഞാൻ ചിറക്കര വില്ലേജ് ഓഫീസിൽ ജോലിയ്ക്ക് പ്രവേശിച്ചിട്ട് കൃത്യം ഒരു മാസം തികയുന്ന ദിവസമാണ്.... എന്റെ കുഞ്ഞി മോളേ വീടിനടുത്തുള്ള ഡേയ്കെയർ സെന്ററിൽ ഏൽപ്പിച്ച് പോരുമ്പോൾ അവൾ പറഞ്ഞ വാക്കുകൾ ശരിയ്ക്കും എന്റെ ഹൃദയത്തെ വെട്ടി മുറിയ്ക്കും പോലെ തോന്നിയിരുന്നു....കണ്ണീര് മറച്ചു പിടിച്ച് അവൾക്ക് മുന്നിൽ ഒരു ചിരി വരുത്താൻ ശ്രമിച്ചെങ്കിലും എനിക്ക് കഴിഞ്ഞില്ല അവളുടെ കുഞ്ഞി മുഖത്തെ വീണ്ടും നേരിടാൻ...
ഉമ്മീ... ഇന്നെനിച്ച് കേക്ക് വാങ്ങി വര്വോ ഉമ്മീ...!!!
ഉപ്പ മേച്ചു തന്നിട്ടുള്ള പോലത്തെ കേക്ക്....!!!
ഓരോ തവണ അവളെന്റെ സാരിത്തുമ്പിൽ പിടിച്ചുലച്ചപ്പോഴും ഞാനതിന് മുഖം കൊടുക്കാതെ തിരിഞ്ഞു നടക്ക്വായിരുന്നു...ഓരോ അടിവച്ച് തിരിഞ്ഞു നടക്കുമ്പോഴും ഉള്ളിൽ എന്റിക്കാന്റെ ചിരിയും,ആ മുഖവും മാത്രമായിരുന്നു....ഇക്ക ചിരിച്ചു മാത്രേ ഞാൻ കണ്ടിട്ടുള്ളൂ....അവസാന കാഴ്ചയിൽ പോലും ചിരിച്ചിട്ടേയുള്ളൂ എന്റെ മുന്നിൽ....ഇപ്പോഴും അഭിമാനം മാത്രമാണ് ആ മനഷ്യനോട്....എന്റിക്ക....❤️❤️❤️❤️
ഈ ദുനിയാവിൽ ജനിച്ച എന്റെ ദൈവം...ആരുമില്ലാതിരുന്ന അർച്ചനയ്ക്ക് ആരൊക്കെയോ ഉണ്ടെന്ന തോന്നല് സമ്മാനിച്ച എന്റെ ദൈവം....❤️
അർച്ചന സൈൻ ചെയ്തു കഴിഞ്ഞില്ലേ....!!
അത് കേട്ടതും ഞാൻ രജിസ്റ്ററിൽ നിന്നും മുഖമുയർത്തി ഹരി സാറിന്റെ മുഖത്തേക്കൊന്ന് നോക്കി....
കഴിഞ്ഞു സാർ...
ന്മ്മ്മ്... എങ്കില് താനിന്ന് ഒരു സൈറ്റ് വിസിറ്റ് ചെയ്യാൻ പോവേണ്ടി വരും...ലതിക മേഡത്തിനെ കൂടെ കൂട്ടിയ്ക്കോ...
ഞാനതിനെല്ലാം തലയാട്ടി കേട്ടു... പിന്നെ അദ്ദേഹത്തിന്റെ അനുവാദം ചോദിച്ച് ഓഫീസ് വിട്ടിറങ്ങാൻ ഭാവിച്ചു...
അർച്ചന ഒരു നിമിഷം...തന്റെ സാലറി അക്കൗണ്ടിൽ ക്രഡിറ്റ് ആയിട്ടുണ്ടാവും...പോകും വഴി ചെക്ക് ചെയ്യണം കേട്ടോ...
ഞാനതെല്ലാം കേട്ട് യാന്ത്രികമായി തലയാട്ടി ക്യാബിൻ വിട്ട് എന്റെ സീറ്റിലേക്ക് നടന്നു...മനസ് ഒരു ലക്ഷ്യവുമില്ലാതെ കലങ്ങി മറിയുകയായിരുന്നു....
ഡോ..അർച്ചന..ഇന്ന് ആദ്യത്തെ സാലറി കിട്ടുന്ന ദിവസമല്ലേ...ട്രീറ്റ് വേണം ട്ടോ...!!!
താര മേഡത്തിന്റെ ശബ്ദം കേട്ടായിരുന്നു ഞാൻ ചിന്തകളിൽ നിന്നും ഉണർന്നത്....അതിന് മറുപടിയൊന്നും പറയാതെ ചെയറിൽ വന്നിരിക്കുമ്പോ അനിയന്ത്രിതമായി ഉയർന്നു വന്ന ഹൃദയ താളം എനിക്ക് തന്നെ കേൾക്കാമായിരുന്നു......കുറേനേരം ആ ഇരുപ്പിരുന്നപ്പോഴാ ഹരി സാർ പറഞ്ഞ കാര്യമോർത്തത്...സീറ്റിൽ നിന്നും എഴുന്നേറ്റ് ബാഗുമെടുത്ത് ഞാൻ പുറത്തേക്ക് നടക്കാൻ തുടങ്ങി.... ഓഫീസിന്റെ വാതിൽ കടന്ന് നീണ്ട വരാന്തയിലൂടെ നടക്കുമ്പോ സുവർണ മേഡത്തിന്റെ ശബ്ദം ഉയർന്നു കേൾക്കുന്നുണ്ടായിരുന്നു......
എന്തായാലും ഈ അർച്ചന ഒരു ഭാഗ്യമുള്ളവളാ... ഇവിടെ ടെസ്റ്റെഴുതി റിസൾട്ടും കാത്ത് ഇന്റർവ്യൂവും അറ്റന്റ് ചെയ്ത് റാങ്ക് ലിസ്റ്റിൽ കയറിപ്പറ്റി അതും പോരാഞ്ഞിട്ട് advice memo കൈയ്യിൽ കിട്ടും വരെ കാത്തിരുന്ന നമ്മൾക്കും..ഒരു കഷ്ടപ്പാടും ഇല്ലാതെ ജോലി കിട്ടിയ അവൾക്കും ഒരേ തസ്തിക ഒരേ ശമ്പളം...
കല്ലും മുള്ളും താണ്ടി നമ്മള് നടന്ന വഴിയിൽ പരവതാനി വിരിച്ചല്ലേ ഗവൺമെന്റ് ഇവളെപ്പോലെയുള്ളവളുമാരെ നിയമിക്കുന്നത്....അതും പോരാഞ്ഞിട്ട് ആകെയുള്ളൊരു പൊടിക്കൊച്ചിന് പത്ത് ലക്ഷം രൂപ വേറെയും... അവൾടെയൊക്കെ ഒരു യോഗമേ...കെട്ട്യോൻ ചത്തു പോയാലെന്താ...അവള് ചെറുപ്പമല്ലേ... വേണമെങ്കി വർഷം അഞ്ചാറ് കഴിയുമ്പോ ഇനീം കിട്ടും മറ്റൊരുത്തനെ....
സുവർണ മേഡത്തിന്റെ പരുഷമായ സംസാരം കേട്ടപ്പോ ശരിയ്ക്കും എന്റെ ചങ്ക് വെന്തെരിയുകയായിരുന്നു...കാരണം ഫൈസി എന്ന ഫൈസൽ ബഷീർ എനിക്കാരായിരുന്നു എന്നത് ആർക്കും.... ആർക്കും മനസ്സിലാവില്ല....
പിന്നെ ഒരുനിമിഷം കൂടി അവിടെ കഴിച്ചുകൂട്ടാതെ ഞാൻ സൈറ്റിലേക്ക് പോകാനായി ഇറങ്ങി....
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ഇത് ഫൈസൽ മുഹമ്മദ് എന്ന ഫൈസീടെയും അവന്റെ ഖൽബായ അർച്ചന എന്ന അച്ചൂന്റെയും കഥയാണ്....
*പ്രയാസം അനുഭവിക്കുന്ന ഒരാൾക്ക് ആരാണോ ആശ്വാസം നൽകുന്നത് അയാൾക്ക് അല്ലാഹു ഇഹത്തിലും പരത്തിലും ആശ്വാസം നല്കുന്നതായിരിക്കും* എന്നു പറഞ്ഞ പ്രവാചകന്റെ വിശ്വാസ പ്രമാണങ്ങളെ ജീവിതചര്യയാക്കി മാറ്റിയ ഒരു യാഥാസ്ഥിതിക മുസ്ലീമിന്റെ കഥ....ഫൈസിയെ അറിയാത്ത ഒരു പുൽക്കൊടി പോലും ആ നാട്ടിൽ ഉണ്ടായിരുന്നില്ല....ഒരു സാധാരണ കുടുംബത്തിൽ ജനിച്ച ഫൈസിയ്ക്ക് വിശുദ്ധ ഖുർആൻ ലെ ഓരോ വരികളുമായിരുന്നു അവന്റെ നിഷ്ഠകൾ...ബാപ്പ ബഷീർ പണ്ട് മുതലേ കടലിൽ വല പണിയ്ക്ക് പോയിട്ടായിരുന്നു വീട് പുലർത്തിയിരുന്നത്..... അയാൾക്ക് കൂട്ടായി ഹാർബറിലും ലേലത്തുരുത്തിലും ചെറുപ്പം മുതലേ ഫൈസിയും കൂടുമായിരുന്നു.....അവിടുത്തെ സ്ഥിരം മുഖമായിരുന്നു ഫൈസീടേത്....വീടിന്റെ പരിതസ്ഥിതിയും ബഷീറിന്റെ ശാരീരിക അസ്വസ്ഥതകളും മൂലം നിത്യ പട്ടിണിയിലേക്ക് കൂപ്പു കുത്തിയ വീടിനെ പിടിച്ചു നിർത്താൻ വേണ്ടിയാണ് പഠനം ഉപേക്ഷിച്ച് അവനും അവന്റെ ബാപ്പയുടെ തൊഴിൽ ഏറ്റെടുത്തത്...ഉൾക്കടിലിലേക്ക് വല വീശി എറിയുമ്പോ ഫൈസിയുടെ മനസ് നിറയ്ക്കാൻ പാകത്തിന് കടലമ്മ കൂടി കനിഞ്ഞു തുടങ്ങിയതും ആ വീടിന്റെ പൂർണ ഉത്തരവാദിത്വം ഫൈസീടെ ചുമലിൽ ഭദ്രമായി.... ബഷീർ,ആബിദ ദമ്പതികളുടെ മൂന്ന് മക്കളിൽ രണ്ടാമനാണ് ഫൈസി....മൂത്തവൾ ഫർഹാന,ഇളയവൾ ഫിറോഷ....ഫർഹാനയുടെ നിക്കാഹ് വളരെ ആർഭാടമായി നടത്തിയതും ഫൈസി തന്നെ...ഇളയവളായ ഫിറോഷയുടെ നിക്കാഹിന്റെ കാര്യങ്ങൾ ഏതാണ്ട് തീരുമാനമായി വന്നപ്പോഴേക്കും ഫൈസീടെ ജോലി ഭാരം ഇരട്ടിയായി....
ഉമ്മച്ചീ...ഇങ്ങളൊന്ന് വേഗം കൊണ്ടുവായോ...മണി നാലാവുന്നു... ഇപ്പോ അവിടെ എത്തേണ്ടതാ....!!!
നീ ഇങ്ങനെ പിടയ്ക്കാതിരിയ്ക്കെന്റെ ചെക്കാ...ദേ ഇതൊന്ന് പകർന്നെടുത്തോട്ടേ...
ഗ്ലാസിലേക്ക് ആവി പറക്കുന്ന കട്ടൻ പകർന്നെടുക്കുമ്പോ ആബിദയുടെ മുഖത്ത് ആ പരിഭ്രമം തെളിഞ്ഞു നിൽക്കുന്നുണ്ടായിരുന്നു...
ഇനി ഇങ്ങള് തന്നെ കുടിച്ചോ... ഞാൻ പോവ്വാ...
ഫൈസീടെ ബൈക്ക് വീട്ടുമുറ്റം കടന്ന് പോയ ശബ്ദം കേട്ട് നിരാശയോടെ പുറത്തേക്ക് പാഞ്ഞു വന്ന ആബിദയുടെ കൈയ്യിൽ ഒരു ഗ്ലാസ് കട്ടൻ അപ്പോഴു ഭദ്രമായി ഇരിപ്പുണ്ടായിരുന്നു....നേരം പുലർന്നു തുടങ്ങിയതേ ഉണ്ടായിരുന്നുള്ളൂ... തിടുക്കപ്പെട്ട് വണ്ടി പാഞ്ഞു പോയതിന് മുന്നിലേക്ക് ലക്ഷ്യം പായിച്ച് എടുത്ത് ചാടിയ പെൺകുട്ടിയിൽ ശ്രദ്ധ തിരിഞ്ഞതും ഫൈസി വെപ്രാളപ്പെട്ട് വണ്ടി ഒരു വശത്തേക്ക് ചലിപ്പിച്ചു നിർത്തി... പരിഭ്രമത്തോടെ ബ്രേക്കിട്ടതിന്റെ കൂട്ടത്തിൽ ഫൈസി ഒരൂക്കോടെ ദൂരേക്ക് തെറിച്ചിരുന്നു....കാര്യമായി ഒന്നും സംഭവിക്കാത്തതു കൊണ്ട് കൈയ്യും കുടഞ്ഞ് അവൻ നേരെ അവൾക്കരികിലേക്ക് പാഞ്ഞു...
നീയ് എവിടെ നോക്കീട്ടാടീ നടക്കുന്നേ...ചാകാനായിട്ട് ഇറങ്ങി തിരിച്ചതാ... ആണെങ്കിൽ മറ്റാരെയെങ്കിലും വണ്ടിയ്ക്ക് മുന്നില് ചാടിക്കൂടായിരുന്നോ...എന്തിനാടീ ഈ പ്രാരാബ്ധം പിടിച്ചവന്റെ തലയ്ക്ക് കൊള്ളി വയ്ക്കാൻ ഇറങ്ങി തിരിച്ചത്...
ആദ്യം തോന്നിയ ദേഷ്യത്തിൽ വായിൽ തോന്നിയ എന്തൊക്കെയോ അവൻ വിളിച്ചു പറഞ്ഞു... പക്ഷേ അതിനൊന്നും പ്രതികരിക്കാതെ നിന്ന പെൺകുട്ടിയിലേക്ക് അവന്റെ ശ്രദ്ധ തിരിഞ്ഞതും അതിനിരട്ടി കലിപ്പിൽ അവൻ അവൾക്കരികിലേക്ക് ചെന്നു....
ഡീ...ഇന്റെ ചെവിയ്ക്കലെന്താ ഈയമുരുക്കി വെച്ചേക്ക്വാ... മര്യാദയ്ക്ക് വായ തുറന്നു എന്തേലും പറ പെണ്ണേ...
ഫൈസീടെ തീപാറുന്ന ശബ്ദത്തിന് മുന്നിൽ അവൾ വിങ്ങിപ്പൊട്ടി കരയാൻ തുടങ്ങിയതും അവന്റെ ഉള്ളിലെ ദേഷ്യത്തിന്റെ തിരയടങ്ങി...അവന്റെ മുഖം ആകെയൊന്ന് ശാന്തമായി.....
അതേ...കുട്ടീ...ഇങ്ങനെ കരയല്ലേ... ഞാൻ.. ഞാൻ പെട്ടെന്ന്...സോറി കേട്ടോ...ഇയാളിങ്ങനെ കരയല്ലേ.. പ്ലീസ്...
ഫൈസി അവൾടെ മുഖത്തിന് നേരെ മുഖം കുനിച്ചു കൊണ്ട് പറയുന്നത് കേട്ട് അവള് അവന് നേരെ നോട്ടം പായിച്ചു...
ക്ഷമിക്കണം സാർ... എന്നോട് ക്ഷമിക്കണം...
ഏയ്...ഇയാള് സോറിയൊന്നും പറയണ്ട... ഞാൻ പെട്ടെന്നൊരു ദേഷ്യത്തിൽ...പോട്ടേ വിട്ടേക്ക്...
അതൊക്കെ പോട്ടെ...ഇയാളെന്താ ഈ ടൈമിൽ ഇവിടെ...അതും ഒറ്റയ്ക്ക്...എന്തിനാ എന്റെ വണ്ടിയ്ക്ക് കുറുകെ ചാടിയത്....??
അതുകേട്ട് അവള് അല്പം മുന്നോട്ട് നടന്നു... പിന്നെ പതിയെ പറഞ്ഞു തുടങ്ങി...
ഞാൻ... ഞാൻ മരിയ്ക്കാൻ വേണ്ടിയാ.. മനപൂർവ്വം ചെയ്തതാ സാർ...മരിയ്ക്കാൻ വേണ്ടി ചെയ്തതാ...
ഫൈസി അതെല്ലാം കേട്ട് അടുമുടി ഞെട്ടിയിരുന്നു...
എന്തിന്...???എന്തിനാ ഇയാള് മരിയ്ക്കുന്നേ...??
അവളതിന് മറുപടി കൊടുക്കാൻ കൂട്ടാക്കാതെ മുഖം തിരിച്ചു...
ഇയാള് വെറുതെ പറഞ്ഞോ..എന്തായാലും മരിയ്ക്കാൻ ഇറങ്ങിയ ആളല്ലേ...പടച്ചോനോട് പറഞ്ഞതാണെന്ന് കൂട്ടിയാൽ മതിയെടോ... എനിക്ക് ഇയാളെ അറിയില്ല...പേര് പോലും ചോദിയ്ക്കില്ല...കാരണം മാത്രം അറിയാൻ എന്തോ ഒരു curiosity...
അതുകേട്ട് അവള് അത്ഭുതത്തോടെ ഫൈസിയെ ഒന്ന് നോക്കി...തന്റെ ജീവിതം ആർക്കെങ്കിലും മുന്നിൽ തുറന്നു കാട്ടാൻ ഉള്ളിലെ ഭാരം ഒന്നിറക്കി വയ്ക്കാൻ അവളൊരുപാട് ആഗ്രഹിച്ചിരുന്നു....കാരണം ഇന്നോളം അവളെ കേൾക്കാൻ ഒരു മുഖം ഉണ്ടായിരുന്നില്ല.... അനാഥത്വത്തിന്റെ വേദനയെ ആവോളം അനുഭവിച്ചു വളർന്നവളാണ് അർച്ചന... പുത്തൻ വീട്ടിൽ കരുണാകരന്റെ ദത്തു പുത്രിയായി വളർന്നു വന്ന അവളുടെ മാതാപിതാക്കൾ ആരെന്നോ എന്തെന്നോ എന്നത് ഉത്തരമില്ലാത്ത ചോദ്യമായിരുന്നു...പുറംനാട്ടിൽ ജോലി ചെയ്ത കരുണാകരന് നിധിയായി കിട്ടിയ മകളായിരുന്നു അർച്ചന....മക്കളും മരുമക്കളും ചെറുമക്കളും അടങ്ങുന്ന കൂട്ടുകുടുംബത്തിലേക്ക് അവളെ കൈപിടിച്ച് കൊണ്ടുവരുമ്പോ എല്ലാ മുഖങ്ങളിലും അതൃപ്തി നടമാടിയിരുന്നു...കരുണാകരന്റെ ഭാര്യ സുമതിയുടെ എതിർപ്പിനെ പോലും അവഗണിച്ച് അയാൾ അവളെ ചേർത്ത് നിർത്തി സംരക്ഷിച്ചു... പക്ഷേ കുടുംബാംഗങ്ങളുടെ ഒളിഞ്ഞും തെളിഞ്ഞുമുള്ള ആക്രമണങ്ങൾ അപ്പോഴും അവളെ വേട്ടയാടിയിരുന്നു....അനാഥക്കുട്ടി എന്ന് മുദ്ര കുത്തിയിരുന്ന ബാല്യത്തിൽ നിന്നും ഓരോ ചുവട് വളരുമ്പോഴും വീട്ടിലെ അംഗങ്ങളുടെ എതിർപ്പുകൾ ഏറി വന്നു... എല്ലാറ്റിനും ഒടുവിൽ കരുണാകരന്റെ മരണം കൂടി ആയതും ആ വീട്ടിൽ അവൾ ശരിയ്ക്കും ഒറ്റയ്ക്കായി... പിന്നീടുള്ള ജീവിതം ഒരു വേലക്കാരിയുടെ വേഷമണിയാനാണ് അവളെ പ്രേരിപ്പിച്ചത്...കുത്തു വാക്കുകളും,ശകാരങ്ങളും ഉപദ്രവങ്ങളും ഏറ്റുവാങ്ങി കഴിയുമ്പോഴും അവളതിനെ ഉൾക്കൊള്ളാൻ മനസിനെ പാകപ്പെടുത്തി.... പക്ഷേ കുടുംബത്തിലെ ഉയർന്ന പ്രമാണിമാരുടെ കഴുകൻ കണ്ണുകൾ തന്നിലേക്ക് നീളുന്നുണ്ടെന്ന് തിരിച്ചറിഞ്ഞ നിമിഷം മുതൽ അവിടെ നിന്നും രക്ഷപ്പെടാൻ അവൾ മനസു കൊണ്ട് തയ്യാറെടുത്തിരുന്നു....ഇരുട്ടിന്റെ മറവ് പിടിച്ച് അവളെ പിച്ചി ചീന്താൻ പാഞ്ഞടുത്ത കരങ്ങളെ തട്ടിയെറിഞ്ഞ് ആ വീട് വിട്ട് പായുമ്പോ അവളുടെ മനസ് ശൂന്യമായിരുന്നു.. എവിടേക്ക്,എന്തിന് വേണ്ടിയാണ് ഇങ്ങനെയൊരു ജീവിതം....ഇനിയും ആർക്ക് വേണ്ടി ജീവിക്കണം...മനസിനെ മഥിച്ചു കൊണ്ടിരുന്ന അത്രയും ചോദ്യങ്ങൾക്കുള്ള ഉത്തരം ഒന്ന് മാത്രമായിരുന്നു.....മരണം....ആരും തേടിവരാത്ത,ആരെയും ഭയപ്പെടാതെയുള്ള ഒരേയൊരു യാത്ര.....!!!
അവളുടെ ജീവിതവും അവളനുഭവിച്ച അഗ്നി പരീക്ഷണങ്ങളും കേട്ട് ഫൈസി അമ്പരന്ന് കേട്ട് നിന്നു...അവന്റെ മനസിൽ അവളോട് തോന്നിയ കനിവിന്റെയും കരുതലിന്റെയും അലയടിച്ചുയർന്നു....
ഇനി എന്താ ഇയാൾടെ പ്ലാൻ..??? എവിടേക്കാ ഇനി പോവുക...???
അവളത് കേട്ട് സ്തബ്ധയായി നിന്നതല്ലാതെ തിരിച്ചൊന്നും പ്രതികരിച്ചില്ല..... നിരാലംബയായി നിന്ന അവളെ ആ പെരുവഴിയിൽ ഉപേക്ഷിച്ചുപോകാൻ അവന്റെ മനസനുവദിച്ചില്ല... അവൾക് താമസിക്കാനായി അവന്റെ പരിചയത്തിലുള്ള ഷംസീറിന്റെ വീട് ഒരുക്കി നല്കി.... പക്ഷേ നാട്ടുകാരോ വീട്ടുകാരോ അതൊന്നും അറിഞ്ഞിരുന്നില്ല....ഫിറോഷയുടെ നിക്കാഹ് വരെ അവനവളെ രഹസ്യമായി സംരക്ഷിച്ചുപോന്നു...അതിനിടയിൽ ഫൈസി അർച്ചനയുമായി നല്ല പരിചയത്തിലായിരുന്നു...
ജീവിതത്തിൽ ഒരുപാട് ദുരിതക്കയങ്ങൾ നീന്തി കടന്ന അവളോട് അവന് ഒരുതരം ആരാധനയായിരുന്നു.... എല്ലാ ജോലി ഭാരങ്ങളും ഇറക്കി വയ്ക്കുമ്പോ അർച്ചന അവന്റെയുള്ളിൽ ഒരു മഞ്ഞുതുള്ളിയായി പെയ്തിറങ്ങിയിരുന്നു...ഫിറോഷയെ നിക്കാഹ് ചെയ്തയച്ച ശേഷം എല്ലാ കാര്യങ്ങളും അവൻ ബാപ്പയോടും ഉമ്മയോടും അവതരിപ്പിച്ചു....
ഉമ്മാ...ഞാനൊരു നിക്കാഹ് കഴിയ്ക്കുന്നതിനെപ്പറ്റി എന്താ ഇങ്ങടെ അഭിപ്രായം...???
ജോലി കഴിഞ്ഞ് ഉമ്മച്ചീടെ മടിയിൽ കിടന്ന് അവരോട് കുസൃതി പറയുന്ന പതിവിനിടയിൽ അവൻ കാര്യങ്ങൾ ഓരോന്നായി പറഞ്ഞു തുടങ്ങി..
ന്റെ ഫൈസീ....കാര്യായിട്ടാ നീ...
ആബിദയുടെ ചിരി കലർന്ന സ്വരത്തിനൊപ്പം ബഷീറിന്റെ പൊട്ടിച്ചിരി കൂടി കലർന്നതും ഫൈസി കലിപ്പോടെ എഴുന്നേറ്റിരുന്നു...
ഇങ്ങളോടൊക്കെ പറയാൻ വന്ന ഈ എന്നെ പറയണം...രണ്ടാളും ഇവിടെയിരുന്ന് പൊട്ടി പൊട്ടിച്ചിരിയ്ക്ക്...
ഉമ്മച്ചീടെ ഫൈസീ പിണങ്ങല്ലേ...ഉമ്മച്ചി വെറുതെ പറഞ്ഞതല്ലേ...നീയ് പറ...ആരാ ന്റെ ഫൈസീന്റെ ഖൽബില്...
ഫൈസി അതുകേട്ട് ഒന്ന് പുഞ്ചിരിച്ച് വീണ്ടും അവരുടെ മടിയിലേക്ക് ചാഞ്ഞു...
ഒരു പാവം പെണ്ണാ ഉമ്മാ...ന്റുമാമായ്ക്കും വാപ്പയ്ക്കും ഇഷ്ടാവും..ഉറപ്പാ...
എന്താ ഓൾടെ പേര്...???
കട്ടിലിൽ കിടന്നു കൊണ്ട് ബഷീർ തലപൊക്കി അവനെയൊന്ന് നോക്കി...
അതാണ് വാപ്പ ആകെയുള്ള പ്രോബ്ലം...ഓള്...ഓള് മുസ്ലീമല്ല...
പിന്നെ...???
ഓള്...ഓൾക്ക് ജാതിയും ഇല്ല മതവുമില്ല..സ്വന്തംന്ന് പറയാൻ ആരുമില്ല..അനാഥയാ....
ഫൈസീ...അനക്കെന്താണ്ടാ പ്രാന്ത് പിടിച്ചാ...യത്തീമായ പെണ്ണിനെ കൂട്ടാൻ വേണ്ടി ഭാഗ്യദോഷിയല്ല നീയ്... ഇതുവരെയും എന്റെ മോൻ ഈ കുടുംബത്തിന് വേണ്ടി കഷ്ടപ്പെട്ടു..ഇനീം നിന്നെ ദുരിതക്കയത്തിലേക്ക് തള്ളി വിടാൻ ആവില്ല....
വാപ്പ അതിന് അങ്ങനെയൊന്നുമല്ല വാപ്പ... ഞാൻ പറഞ്ഞില്ലേ... ആരോരുമില്ലാത്ത ഒരു പാവം കുട്ടിയാ...ഒരു ജീവിതം നല്കിയാൽ ഇതിലും വലിയ പുണ്യം വേറെ ഉണ്ടാവില്ല....!!!
പുണ്യം കിട്ടാൻ ഇതൊക്കെയാ വഴി... ആണെങ്കിൽ തന്നെ ഈ വഴി ന്റെ മോന് വേണ്ട... അതുമാത്രമല്ല ഇതൊക്കെ അറിഞ്ഞാൽ മ്മടെ സമുദായം അതിന് കൂട്ട് നിൽക്കുമെന്ന് തോന്നുന്നുണ്ടോ നിനക്ക്.....
ഇത്രേം നാളും ആരും സഹായത്തിന് വന്നിട്ടില്ലല്ലോ വാപ്പ...ഇതുവരെ സ്വന്തമായി അധ്വാനിച്ച് തന്നെയല്ലേ ഇത്രയിടം വരെ എത്തിയത്...ഇനീം വേണ്ട ആരുടേയും സഹായം...
ഫൈസീ...വാപ്പയ്ക്ക് എതിർപ്പുണ്ടായിട്ടല്ല...അന്റെ മനസിൽ ആരായാലും ഞങ്ങള് രണ്ടാളും ആ മോളെ ഇരുകൈയും നീട്ടി സ്വീകരിയ്ക്കും പക്ഷേങ്കില് നമ്മുടെ വിശ്വാസപ്രമാണങ്ങളെ ധിക്കരിച്ചു കൊണ്ട് ഒരു യത്തീമിനെ നിക്കാഹ് ചെയ്താൽ അത് മതി.... നിന്റെ സഹോദരങ്ങൾടെ ജീവിതം കൂടി ഇല്ലാണ്ടാവും....
ന്റെ മോൻ ഒന്ന് ചിന്തിച്ചു നോക്കിയേ....
വാപ്പ ഇങ്ങള് പറയുന്നതൊക്കെ ശരിയാവും... പക്ഷേ ആ കുട്ടി...അവൾടെ നിസ്സഹായ അവസ്ഥ...അവളെ മറ്റൊരു കൈയ്യിൽ ഏൽപ്പിക്കാൻ മനസ് വരുന്നില്ല വാപ്പ....
*നിങ്ങൾ ഭൂമിയിലുള്ളവർക് കരുണ ചെയ്യുക എന്നാൽ ആകാശത്തുള്ളവർ നിങ്ങളോട് കരുണ ചെയ്യും എന്ന് പറഞ്ഞ പ്രവാചകന്റെ വാക്കുകളെ അനുസരിച്ച് ജീവിക്കുന്ന ഉത്തമനായ മുസ്ലീമാണ് വാപ്പ ഞാൻ...ഇങ്ങളും അങ്ങനെ തന്നെയല്ലേ എന്നെ വളർത്തിയേ...അപ്പോ ഞാൻ ചെയ്യാൻ പോണത് ഈ ജന്മത്തിൽ ചെയ്യുന്ന ഒരു പുണ്യ പ്രവൃത്തിയായി കണ്ടൂടെ ഇങ്ങക്ക്....
അത് വേണ്ട ഫൈസീ...ശരിയാവൂല്ല.. ഇതൊക്കെ അന്റെ പൊട്ട ബുദ്ധീല് തോന്നണതാ...നീയ് എവിടെയാ ആ കുട്ടിയെ പാർപ്പിച്ചിരിക്കണേ... ഞാൻ ഓളോട് പറഞ്ഞു മനസിലാക്കാം എല്ലാം...
അത് വേണ്ട വാപ്പ... ഓൾക്ക് എന്റെ ഇഷ്ടം അറിയില്ല...പറഞ്ഞിട്ടില്ല ഞാനതൊന്നും..
എങ്കില് എത്രയും പെട്ടെന്ന് അതിനെ വല്ല അനാഥാലയത്തിലോ മറ്റോ കൊണ്ടോയി ആക്കാൻ നോക്ക്...അതുമില്ലേ വല്ല പോലീസ് സ്റ്റേഷനിലും വിവരമറിയിക്ക്...ഓര് വന്ന് കൂട്ടീട്ട് പൊയ്ക്കോളും....
ബഷീറിന്റെ വാക്കുകൾ കേട്ട് ഫൈസി ആകെ അസ്വസ്ഥനായിരുന്നു....അന്നത്തെ ദിവസം ഫൈസി ആകെ സങ്കടത്തിലായിരുന്നു...ആ കുറഞ്ഞ ദിവസങ്ങൾ കൊണ്ട് തന്നെ അവനവളെ വളരെയധികം ഇഷ്ടപ്പെട്ടിരുന്നു എന്നുവേണം പറയാൻ...അവൾ താമസിക്കുന്ന വീട്ടിൽ ആഴ്ചയിൽ പച്ചക്കറികളും പലവ്യഞ്ജനങ്ങളും എത്തിയ്ക്കുന്നതും ഫൈസി തന്നെയായിരുന്നു....പതിവ് പോലെ ഒരു ദിവസം അവൻ ജോലിയൊതുക്കി അവളെ കാണാനായി അവൾടെ വീട്ടിലേക്ക് ചെന്നു.... പക്ഷേ വീടിന് മുന്നിൽ കൂടി നിന്ന ആൾക്കൂട്ടം കണ്ടപാടെ അവനൊന്ന് പകച്ചു.... പിന്നെ രണ്ടും കല്പിച്ച് വീടിന് മുന്നിലേക്ക് ബൈക്ക് നിർത്തി ഇറങ്ങുമ്പോ മുന്നിൽ കണ്ട എല്ലാ കണ്ണുകളും തന്നെ മാത്രം ഉറ്റു നോക്കുന്നതായി അവന് തോന്നി....
ഇതിവിടെ നടക്കില്ല മോനേ ഫൈസീ...
കൂട്ടത്തിൽ തലമൂത്ത ഹാജിയാരുടെ വകയുള്ള താക്കീതിന്റെ ധ്വനി കേട്ട് അവൻ അയാളെ രൂക്ഷമായി ഒന്ന് നോക്കി... പിന്നെ അവന്റെ കണ്ണ് പാഞ്ഞത് വാതിൽക്കൽ കണ്ണീരോടെ നിന്ന അർച്ചനയിലേക്കായിരുന്നു...അവളുടെ കവിളിനെ നനയിച്ച് ഒലിച്ചിറങ്ങിയ കണ്ണുനീര് അവന്റെ മുഖത്ത് ദേഷ്യത്തിന്റെ അലകൾ തീർത്തു...
എന്ത് നടക്കില്ലാന്ന്...???
അനക്ക് അറിയില്ല എന്താണെന്ന്... എവിടെ നിന്നോ വന്ന ഒരു പെണ്ണിനെ രഹസ്യമായി ഇങ്ങനെ താമസിപ്പിക്ക്യാന്ന് വച്ചാൽ....അതും അന്റെ വരവും പോക്കും ഒന്നും ആരും അറിയില്ലാന്നാ വിചാരം...??? ഇവിടെ ചോദിക്കാനും പറയാനും ആളോളുണ്ട്....!!!ഇവള് ആരാ അന്റെ....
സഹോദരിയാ,അതോ ബീവിയാ, അതുമല്ലെങ്കിൽ കാമുകിയാ...
അതിനൊന്നും മറുപടി നല്കാതെ തലകുനിച്ച് നിൽക്കാനേ അവന് കഴിഞ്ഞുള്ളൂ...
ഉത്തരം കിട്ടീല്ല...ഇങ്ങനെ തലകുനിച്ച് നിക്കണ കണ്ടാലെ അറിയാം ഇപ്പറഞ്ഞ ഒരു ബന്ധവും നീയും ഇവളും തമ്മിലില്ലാന്ന്... പിന്നെ ഈ ദുനിയാവിൽ മറ്റൊരു ബന്ധം മാത്രേയുള്ളൂ...അതെന്താണെന്ന് ഞാൻ പറഞ്ഞു തരട്ടേ ഫൈസീ നിനക്ക്....
ഒരു വഷളൻ ചിരിയോടെ അയാളത് പറഞ്ഞതും ഫൈസീടെ മുഖം ദേഷ്യം കൊണ്ട് വരിഞ്ഞു മുറുകി..അവൻ മുഖമുയർത്തി അവളെ ഒന്ന് നോക്കുമ്പോൾ കണ്ണീർ പൊഴിച്ചു നിൽക്ക്വായിരുന്നു അവൾ.. ചുറ്റും മുഴങ്ങി കേട്ട പരുഷമായ വാക്കുകൾ അവന്റെ ദേഷ്യത്തെ ഇരട്ടിയാക്കി...
