പ്രണയതീരം (അവസാനഭാഗം)

Valappottukal Page



രചന: നക്ഷത്രപ്പെണ്ണ്
____________________________________

ഘടികാരത്തിലെ നീളൻ സൂചിക്കുപിന്നാലെ ചെറിയ സൂചി ചലച്ചുകൊണ്ടേയിരുന്നു. അര മണീക്കൂറിൽ തിരികെ വരുമെന്ന് പറഞ്ഞവനെ രാത്രിയായിട്ടും തിരികെ കണ്ടില്ല. പലയാവർത്തിയവൾ വിളിച്ചു നോക്കിയെങ്കിലും ഒരിക്കൽ പോലുമവൻ ഫോണെടുത്തിരുന്നില്ല. വിശപ്പ് അസഹ്യമായപ്പോളഴവൾ ബ്രഡിലും ജാമിലും തന്നെ അഭയം തേടി. 




"ഈ ഋഷിയിത് എവിടെ പോയി കിടക്കാ.. ആ തുക്കട ക്യാമറയും തൂക്കി പോയപ്പോഴേ കരുതിയതാ ഇതിങ്ങനെയെ ആകുവെന്ന്... വല്ല പക്ഷിയുടേയും പുറകെ പോയി കാണും..... ഇങ്ങ് വരട്ടേ.... ശരിയാക്കുന്നുണ്ട് ഞാൻ..... "
അവനെ വഴക്കു പറയുമ്പോഴും അവളുടെ ചൊടികളിൽ പുഞ്ചിരി ആയിരുന്നു. 


മനുഷ്യ നിർമിത അതിർവരമ്പുകളെ അറത്തു മുറിച്ച് പ്രണയത്തിൻെറ അനന്തമായ ലോകത്തെ രണ്ടിണക്കുരുവികൾ. ആത്മാവിൽ തൊട്ടറിഞ്ഞ പ്രണയം.. 


പദം പറഞ്ഞുകൊണ്ടും ഇടക്കിടെ പൊട്ടിച്ചിരിച്ചുകൊണ്ടും അവളവനായ് കാത്തിരുന്നു. 

കാൽപ്പെരുമാറ്റം കേട്ടപ്പോഴേ ഋഷി വന്നുവെന്നവൾക്ക് ബോധ്യമായി. അടുക്കളയിൽ നിന്നുകൊണ്ടു തന്നെ ഹാളിലേക്കൊന്നെത്തി നോക്കിയപ്പോൾ ധൃതിപിടിച്ച് മുറിയിലേക്കു കയറുന്ന ഋഷിയെ അവളൊരു മിന്നായം പോലെ കണ്ടു. 




"ഒളിച്ചും പാത്തും വന്നാൽ കണ്ടുപിടിക്കില്ലാന്ന് കരുതിയോ... മോനേ ഫോട്ടോഗ്ര......."
വാതിൽപ്പടിക്കലോളം വന്നവൾ മുറിക്കകത്തു കയറാനാവാതെ തറഞ്ഞു നിന്നു പോയി. 




ബനിയൻ സ്ലീവ് മുകളിലേക്കുയർത്തി ത്രസിച്ചു നിൽക്കുന്ന മസിലിനെ വിഭജിച്ചുകൊണ്ട് റബർ ട്യൂബ് ചുറ്റിവരിഞ്ഞ് സിറിഞ്ചിലേക്ക് കയ്യിൽ കരുതിയ ഡ്രഗ്സ് നിറക്കുകയാണവൻ. ഒരടി മുന്നോട്ടു വയ്ക്കാനാവാത്ത വിധം അവളുടെ ശരീരം തളർന്നു പോയി. മാസങ്ങളോളം രാവും പകലും കൂട്ടിരുന്ന് അവനിൽ നിന്നും പിഴുതു മാറ്റിയതത്രയും തിരികേ വേരുറപ്പിക്കുംപോലെ. 

കഷ്ടപ്പാടുകളും യാതനകളും കാറ്റിൽ പറത്തിക്കൊണ്ടവൻ വീണ്ടും തുടങ്ങിയിടത്തേക്കു തന്നെ എത്തിച്ചേർന്നിരിക്കുന്നു. 

"അവനൊരിക്കലും മാറില്ല നന്ദേ... " മനസ്സിലേക്കോടിയെത്തിയ വിഷ്ണുവിൻെറ വാക്കുകൾ. 

സമനില തെറ്റിയവളെ പോലെ അലറി വിളിച്ചു കൊണ്ടവൾ ഋഷിയുടെ മുന്നിൽ പോയി മുട്ടുകുത്തി ഇരുന്നു. 





"എന്താ.... എന്താ ഋഷി... ഇപ്പോ എന്തുണ്ടായിട്ടാ.... വേണ്ട ഋഷി... നമ്മൾ ഇതൊക്കെ വിട്ടതല്ലേ... പ്ലീസ് ഋഷി... വേണ്ട..... "
അവൻെറ കൈത്തണ്ട പിടിച്ചു കുലുക്കിക്കൊണ്ടവൾ ഉച്ചത്തിൽ കരഞ്ഞു. 




ചുട്ടെരിക്കാൻ തക്കവണ്ണമൊരു നോട്ടം കൊടുത്തവൻ കാൽക്കലിരിക്കുന്നവളെ ചവിട്ടി മാറ്റി. അടിവയറ്റിലേറ്റ ചവിട്ടിൽ ശ്വാസം പോലും വിറങ്ങലിച്ചവൾ തേരട്ടയെപ്പോലെ ചുരുണ്ടുകൂടിപ്പോയി.  കുത്തിത്തുളക്കുന്ന വേദനയിൽ ആ പാവം പെണ്ണ് കിടന്നു പുളഞ്ഞു. 

പ്രാണൻ പകുത്തു നൽകി സ്നേഹിച്ചവൻെറ ദയയുടെ തരുമ്പുപോലുമില്ലാത്ത മറ്റൊരു മുഖമാണവൾ അവിടെ കണ്ടത്. ഇന്നോളം ഒന്നു നുള്ളി പോലും വേദനപ്പിക്കാത്തവനാണ്. ഒരായിരം മുത്തങ്ങൾ നൽകി മുഖം ചേർത്തു കിടന്നിടമാണവനിന്ന് ക്രൂരമായി ചിവിട്ടിയരച്ചത്. എല്ലാംകൊണ്ടും നന്ദ തളർന്നു പോയിരുന്നു. 

കൊത്തിവലിക്കുന്ന വേദനയിലും പാടുപെട്ടവൾ എഴുന്നേറ്റവൾ വീണ്ടും അവനരുകിലേക്കു തന്നെ ഇഴഞ്ഞു നീങ്ങി. 




"വേണ്ട ഋഷി.... ഞാൻ പറയുന്നതൊന്ന് കേൾക്ക്... ഞാൻ.... ഞാനില്ലേ നിനക്ക്... ഇപ്പോ എന്താ എൻെറ ഋഷിയുടെ സങ്കടം... എന്നോട് പറയ്... ഒരു നൂറുമ്മ തരാം ഞാൻ.... ഇതൊന്നും നമുക്ക് വേണ്ട ഋഷി...... "
വേദനയിലും സങ്കടത്തിലുമവളുടെ സ്വരമാണ്ടു പോയി. 

കാലുപിടിച്ചു കെഞ്ചുന്ന നന്ദയെ മുടിക്കുത്തിനു പിടിച്ചു തള്ളി സിറിഞ്ചവൻ തടിച്ചു പൊങ്ങിയ ഞെരമ്പിലേക്കു തുളച്ചു കയറ്റി. 

"ഋഷി....... "
സർവ്വശക്തിയുമെടുത്തവൾ പാഞ്ഞു വന്നാ സിറിഞ്ചും ഡ്രഗ് ബോട്ടിലും തറയിലേക്കു വലിച്ചെറിഞ്ഞവനെ ചുറ്റി വരിഞ്ഞു. 





നിലത്തു പൊട്ടി ചിതറി കിടക്കുന്ന ഡ്രഗ് ബോട്ടിലും സിറിഞ്ചും കാൺകേ ഋഷിയുടെ മുഖത്തെ പേശികൾ വലിഞ്ഞു മുറികി. കണ്ണുകൾ ചുവന്നു കലങ്ങി. തന്നെ ചുറ്റിപ്പിടിച്ച് എന്തൊക്കെയോ പറഞ്ഞു കരയുന്ന നന്ദയെ ഒരൂക്കോടെ പുറകിലേക്കു തള്ളിയിട്ടവൻ അവൾക്കരുകിലേക്ക് നീങ്ങി. 

പല്ലുറുമിക്കൊണ്ട് തന്നിലേക്കടുത്തു വരുന്ന ഋഷിയെ കണ്ടവളുടെ കണ്ണുകളിൽ ഭയമായിരുന്നു. അനിയന്ത്രിതമായ ദേഷ്യത്തിലവൻ വിറക്കുകയാണ്. വർഷങ്ങളോളം ഇരുട്ടു മുറിയിൽ കിടന്നിരുന്ന മുഴു ഭ്രാന്തനെ അനുസ്മരിപ്പിക്കുന്ന രൂപത്തിലേക്കവൻ മാറി കഴിഞ്ഞിരുന്നു. അത്രമേൽ ക്രൂരവും വന്യവുമായൊരു പിശാചിനെപ്പോലെ. 




"ഋ...ഷി...... "
ദയനീയമായിവൾ നോക്കുന്നതു ഗൗനിക്കാതവൻ ക്ഷണനേരംകൊണ്ട് അടുത്തു കിടന്ന മരക്കസേര എടുത്തവളുടെ തലയിൽ ആഞ്ഞടിച്ചു. 


🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀


മാസങ്ങൾക്കപ്പുറം...... 


"നിനക്കാ വിവാഹത്തിന് സമ്മതിച്ചൂടെ നന്ദേ....... "

"എല്ലാമറിഞ്ഞുകൊണ്ട് നിനക്കെങ്ങനെയാ വിഷ്ണു എന്നോട് ഇതു തന്നെ ചോദിക്കാൻ തോന്നുന്നത്...... "
അവളുടെ ശബ്ദമിടറി. 

"ഇനിയും എന്തുറപ്പിലാ നീ അവനു വേണ്ടി കാത്തിരിക്കുന്നത്...... "

"ഞാൻ മാത്രമല്ലാലോ മറ്റെവിടെയെങ്കിലും എനിക്കായി അവനും കാത്തിരിപ്പുണ്ട്... ആ ഒരു ഉറപ്പു മതി എനിക്ക്..... "
ഒരു വരണ്ട പുഞ്ചിരി അവളുടെ അധരങ്ങളെ തലോടി കടന്നുപോയി. 

"നിനക്ക് ഉറപ്പിച്ചു പറയാൻ പറ്റോ അവനിപ്പോഴും നിനക്ക് വേണ്ടി കാത്തിരിക്കുകയാണെന്ന്..... പറ്റോ നന്ദേ..... "

"പറ്റും... അത്രമേൽ തീവ്രമായി അവൻ എന്നെ പ്രണയിക്കുന്നുണ്ട് വിഷ്ണു...... "

"Are you mad.... നീ ഈ പറയുന്ന നിന്നെ അത്രമേൽ തീവ്രമായി പ്രണയിക്കുന്നവൻ തന്നെയാണ് നിന്നെ കൊല്ലാൻ നോക്കിയതെന്ന് മറക്കരുത്... അടിവയറ്റിൽ ചവിട്ടിമെതിച്ച് നിന്നിലെ മാതൃത്വം എന്നേക്കുമായി നശിപ്പിച്ചതും നീയീ പറയുന്നവൻ തന്നെയല്ലേ... ഒരു മാസക്കാലം ജീവച്ഛവവമായി കിടന്നില്ലേ ആശുപത്രിയിൽ.... ഒരിക്കലെങ്കിലും... ഒരിക്കലെങ്കിലും കാണാൻ വന്നോ അവൻ... ഹേ..... അന്ന് ഞാൻ അവിടെ എത്താൻ ഒരഞ്ചു മിനിട്ടു വൈകിയിരുന്നെങ്കിൽ എന്തായേനെ എന്നറിയോ.....  "
നന്ദയുടെ കൈമുട്ടിൽ പിടിച്ചുലയ്ച്ചുകൊണ്ടവൻ ഉറഞ്ഞു തുള്ളി. 

"എൻെറ ഋഷി വരും വിഷ്ണു..... ഒരിക്കൽ കൂടിയാ നശിച്ച കാലം അവൻെറ മനസ്സിലേക്ക് വന്നതുകൊണ്ടാ... അതാ... അതു മാത്രമാ ഞങ്ങളുടെ സന്തോഷം ഇല്ലാണ്ടാക്കിയത്.... "
നിറകണ്ണുകളോടെ അവളവനെ ഉറ്റു നോക്കി. 

"ഇനിയും അവൻെറ ഭൂതകാലമറിയുന്നവരെ അവൻ കണ്ടുമുട്ടും... അപ്പോഴും ഇതു തന്നെയവൻ ആവർത്തിക്കുകയും ചെയ്യും.... അന്നൊരുപക്ഷെ എനിക്കു നിന്നെ രക്ഷിക്കാനായെന്നു വരില്ല.... "

"ആയാളൊറ്റയൊരുത്തൻ കാരണാ... അത്രയും ആളുകൾക്കുമുന്നിൽ എൻെറ ഋഷിയുടെ ഭൂതകാലം വിളിച്ചു പറഞ്ഞ് എല്ലാം നശിപ്പിച്ചത്.... അതുകൊണ്ടാ...  പിടിച്ചു നിൽക്കാൻ പറ്റിയിട്ടുണ്ടാവില്ല... അതാ... അല്ലാതെ എൻെറ ഋഷിക്കെന്നെ വേദനിപ്പിക്കാൻ പറ്റില്ല..... എൻെറ ഋഷി വരും വിഷ്ണു... "

"പറയുന്നത് കേൾക്ക് നന്ദ... അവനിപ്പോ മറ്റെവിടെയെങ്കിലും വേറെരു പെണ്ണിൻെറ കൂടെ ആയിരിക്കും..... "

"എന്താ പറഞ്ഞേ..... എന്താ നീയിപ്പോ പറഞ്ഞേ... വേറെ പെണ്ണിൻെറ കൂടെയോ... എൻെറ ഋഷിയുടെ ജീവിതത്തിൽ ഈ നന്ദയല്ലാതെ മറ്റൊരു പെണ്ണുണ്ടാവില്ല.... "
അവൻെറ ഷർട്ടിൽ ചുരുട്ടി പിടിച്ച് വീറോടെയവൾ വാദിച്ചു.

"തമാശക്ക് പോലും ഇങ്ങനൊന്നും പറയല്ലേ വിഷ്ണു.... ചങ്കു പൊട്ടി മരിച്ചു പോവും ഞാൻ.... എന്നോടിങ്ങനെയൊന്നും പറയല്ലേ..... അവനെൻെറ ജീവനാ വിഷ്ണു..... "
വിഷ്ണുവിൻെറ കാലിലൂടെ ഊർന്നിറങ്ങി പൊട്ടിക്കരഞ്ഞു പോയി അവൾ. 

അതിൽ കൂടുതൽ പിടിച്ചു നിൽക്കാൻ അവനും കഴിയുമായിരുന്നില്ല. വിറക്കുന്നു കൈകളാലവൻ അവളെ തോളിൽ പിടിച്ചെഴുന്നേൽപ്പിച്ചു. 

"നിൻെറ തലയോട്ടി തല്ലിത്തകർത്തവനേ ആണോ മോളേ നീയിങ്ങനെ ഭ്രാന്തമായി സ്നേഹിക്കുന്നത്... മനസ്സിലാകുന്നില്ല നന്ദേ എനിക്കു നിന്നേ.... നിൻെറ പ്രണയത്തെ....... "
അവൻെറ കണ്ണുകൾ നിറഞ്ഞു തൂവി. 

"എൻെറ ഋഷി വരും വിഷ്ണു....... "
പിന്നെയും പിന്നെയും അവൾ അതുതന്നെ ഉരുവിട്ടുകൊണ്ടിരുന്നു. 





കരഞ്ഞു ചുവന്ന ആ മുഖം കൈക്കുമ്പിളിൽ കോരിയെടുത്ത് വിരിനെറ്റിയിലൊന്നു മുത്തി മറ്റൊന്നും പറയാതവൻ മുറിവിട്ടിറങ്ങി. ചാരിയിട്ട വാതിലിനപ്പുറം ഹൃദയം തകർന്ന് രണ്ടു പേർ നിൽക്കുന്നുണ്ടായിരുന്നു. അവൾക്ക് ജന്മം നൽകിയവർ. 





"എന്നേക്കാൾ നന്നായിട്ടവൾ അവനെ മനസ്സിലാക്കിയിട്ടുണ്ട് അങ്കിൾ.... കടലിൽ നിന്നും അലകളെ വേർപിരിക്കാൻ കഴിയോ നമുക്ക്... അതുപോലെ നന്ദയിൽ നിന്നും ഋഷിയെ പറച്ചു മാറ്റാൻ ആരേക്കൊണ്ടുമാവില്ല... മറ്റൊന്നിനും അവളെ ഇനി നിർബന്ധിക്കരുത്.... അവൻ വരുമെന്ന പ്രതീക്ഷയാ അവളെ സമനില തെറ്റാതെ പിടിച്ചു നിർത്തുന്നത്... അത് ഇല്ലാതാക്കരുത്..... "
അത്രമാത്രം പറഞ്ഞുകൊണ്ട് നിറഞ്ഞ കണ്ണുകൾ തുടച്ചവൻ ആ വീടിൻെറ പടിയിറങ്ങി. 




ദിനങ്ങൾ ചിറകടിച്ചുയരുന്നതറിയാതെ നന്ദ ഇപ്പോഴും അവളുടെ ഋഷിക്കായുള്ള കാത്തിരിപ്പിലാണ്. തുറന്നിട്ട ജാലത്തിലൂടെ വഴിക്കണ്ണുകളുമായി ഇരിക്കാൻ അവൾക്കൊട്ടും തന്നെ മടുപ്പ് തോന്നിയിരുന്നില്ല. 

ജനലിനോടു ചേർന്ന കൊന്നമരത്തിൽ പരസ്പരം കൊക്കുരുമി പ്രണയം പങ്കിടുന്നു ഇണക്കുരുവികളെയവൾ അസൂയയോടെ നോക്കിയിരുന്നു. 

സൂര്യപ്രകാശം മങ്ങി വരുന്നതിനൊപ്പം വാനം മഴക്കായ് ഇരുണ്ടു കൂടി. പക്ഷികൾ തിരക്കുപിടിച്ചു കൂടണഞ്ഞു. ആകാശത്തു നിന്നും ആദ്യത്തെ മഴത്തുള്ളി നന്ദയുടെ കീഴ്ചുണ്ടിൽ വീണു ചിതറി. 


"..ക്ലിക്ക്.."


എവിടെ നിന്നോ കാതിൽ പതിഞ്ഞ ശബ്ദത്തിൽ ഞെട്ടിപ്പിടഞ്ഞവൾ ചുറ്റും നോക്കി. പിടക്കുന്ന നേത്രഗോളങ്ങൾ നാലുപാടും ആരേയോ തേടിക്കൊണ്ടിരുന്നു അത്രമേൽ പ്രീയപ്പെട്ടതെന്തോ അടുത്തെത്തിയപോൽ. ഒടുവിലാ തിരച്ചിൽ നടുമുറ്റത്തെത്തി നിന്നു.



"ഋഷി...... "
ക്യാമറയും കയ്യിലേന്തിയവൻ നിറകണ്ണുകളോടെ അവളെ തന്നെ നോക്കി നിൽക്കുകയാണ്. 


മുന്നും പിന്നും നോക്കാതെയവൾ അവനരുകിലേക്കോടിയടുത്തു. വിട്ടുകൊടുക്കാനാഗ്രഹിക്കാത്തപോലെ ഇരുവരും ഇറുക്കി ഇറുക്കി കെട്ടിപ്പിടിച്ചു. ഋഷിയുടെ മുഖം കോരിയെടുത്തവൾ ചുംബനങ്ങൾ കൊണ്ടു പൊതിഞ്ഞു. ഇരുവരും പൊട്ടിക്കരഞ്ഞു പോയി. 

കൈകൾ ഉയർത്തിയും താഴ്തിയും എന്തൊക്കെയോ പറഞ്ഞു മനസ്സിലാക്കിപ്പിക്കാൻ ശ്രമിക്കുന്നുണ്ടവൻ. എന്നാൽ അതിനു യാതൊരു രീതിയിലും വ്യക്തത കൈവന്നിരുന്നില്ല. മനസ്സിലുള്ളതൊന്നുമേ തുറന്നു കാണിക്കാനാവതെയവൻ ഉഴലുകയാണ്. അന്നാദ്യമായി സംസാരശേഷി ഇല്ലാത്തതിനെ ഓർത്തവൻ സ്വയം ശപിച്ചു. 





"എനിക്ക് മനസ്സിലാകും ഋഷി... നിൻെറ മൗനം പോലും ഈ കണ്ണുകളിൽ നിന്നും വായിച്ചെടുക്കാം എനിക്ക്.... ഞാൻ അല്ലാതെ ആരാ എൻെറ ഋഷിയെ മനസ്സിലാക്കാ....... "
അവൾ അവൻെറ കൈ രണ്ടും ചേർത്തു പിടിച്ചു. 




കുറ്റബോധത്തോടെ അതിലുപരി പ്രേമത്തോടെ അവൻെറ മിഴികൾ അവളിൽ ഭ്രമണം ചെയ്തു. കൈകൾ അവനാൽ തല്ലിക്കെടുത്തിയ അവളിലെ മാതാവിനെ വയറിലൂടെ തഴുകി. ഒന്നലറി കരയാൻ പോലുമാവാതവൻ വീർപ്പുമുട്ടുകയായിരുന്നു. 




"സാരില്ല്യ ഋഷി.... ഒന്നും ഒന്നും കുഴപ്പമില്ല.... നിന്നിൽ കൂടുതൽ ഒന്നും ഞാൻ ആശിക്കുന്ന ഋഷി.... നിന്നോളം മറ്റൊന്നിനേയും ഞനിത്രമേൽ ഭ്രാന്തമായി പ്രണയിച്ചിട്ടുമില്ല..... "



നിറഞ്ഞൊഴുകിയ ആ പെണ്ണിൻെറ കണ്ണുകളിലവൻ മാറി മാറി ചുംബിച്ചു ഇനിയൊരിക്കലും നിറയാൻ അനുവധിക്കില്ല എന്ന വാഗ്ദാനമായിരുന്നു അത്. അവൻേറതു മാത്രമാണെന്ന അവകാശത്തോടെയവൻ നന്ദയെ ഇനിയും ഇറുക്കി ഇറുക്കി പുണർന്നു. ആ കാഴ്ച കണ്ടുനിന്ന അവളുടെ മാതാപിതാക്കളുടെ കണ്ണുകളിലും സന്തോഷത്തിൻെറ നീർത്തിളക്കമുണ്ടായിരുന്നു. ഇതിനിടയിൽ അവൻെറ ഇടതു കൈത്തണ്ടയിലെ ഞെരമ്പുകൾ അറത്തു മുറിച്ചത് ഉണങ്ങിച്ചേർന്ന പാട് ആരുമേ കണ്ടിരുന്നില്ല. 



അവളിൽ നിന്നും വിട്ടകന്നവൻ താലി കെട്ടുന്നതുപോലെ ആംഗ്യം കാണിച്ച് ചോദ്യഭാവത്തിൽ നന്ദയെ നോക്കി. നന്ദയുടെ കണ്ണുകളിൽ കുറുമ്പു നിറഞ്ഞു. 


"മ്... ഹ്.... ഒരു നൂറു വർഷം കഴിയട്ടേ...... "


കണ്ണീരുപ്പു കലർന്ന പുഞ്ചിരിയോടെയവൾ അതു പുറത്തപ്പോൾ ചിരിച്ചുകൊണ്ടവൻ അവളുടെ നെറ്റിയിൽ നെറ്റി മുട്ടിച്ചു. 

തോളോടു തോൾ ചേർന്ന്... മനസ്സോടു മനസ്സു ചേർന്ന് അവരിരുവരും യാത്രയാവുകയാണ് അവരുടേതു മാത്രമായ പ്രണയതീരത്തേക്ക്... 
അവസാനിച്ചു.... 
ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കൂ:


കൂടുതൽ കഥകൾക്ക് ഈ പേജ് ഫോളോ ചെയ്യൂ....
To Top