പിഴച്ചവൾ, രണ്ട് ഭാഗങ്ങൾ ഒരുമിച്ചു വായിക്കൂ...

Valappottukal Page



രചന: അഭിരാമി അഭി

"  കീർത്തന.... മോളെ   കൂട്ടിക്കൊണ്ട്   പോകാൻ  വീട്ടിന്നാള്   വന്നിട്ടുണ്ട്.  ബാഗെടുത്ത്   വേഗം   ചെല്ല്.  "

"  ഏഹ്  ചെറിയൊരു   തലവേദനയേ  ഉണ്ടായിരുന്നുള്ളൂ.  ടീച്ചറപ്പോഴേക്കും   വീട്ടിൽ   വിളിച്ചുപറഞ്ഞൊ ??  ആഹ്   അതേതായാലും   നന്നായി   ആകെയൊരു   വല്ലായ്മ   ഇനി   ഇവിടിരുന്നുറങ്ങണ്ടല്ലോ.  അല്ല   പക്ഷേ   രാധികയാന്റി   വന്നതെന്താ   സാധാരണ   അച്ചനോ   അമ്മയോ   ആണല്ലോ   വരിക ???  "

ഡെസ്കിൽ   തല   കുനിച്ച്   കിടക്കുകയായിരുന്ന   ആ   പെൺകുട്ടി   ടീച്ചറിന്റെ   സ്വരം   കേട്ട്   ബാഗുമെടുത്ത്   വരാന്തയിലേക്കിറങ്ങുമ്പോൾ   അവിടെ   കാത്തുനിന്നിരുന്ന   അയൽവാസിയായ  രാധികയേ   കണ്ട്   മനസ്സിലോർത്തു.   

" ടീച്ചർ   വിളിച്ചിരുന്നോ   ആന്റി ?  "

" ഏഹ്... ആഹ്   വിളിച്ചു   മോള്   വേഗം   വാ   നമുക്ക്   പോകാം.  "

" അല്ല   അമ്മയെന്തെ   വരാതിരുന്നത് ?  "

" ആഹ്   അതുപിന്നെ   അമ്മക്ക്   എന്തോ  അത്യാവശ്യ   ജോലിയുണ്ടെന്ന്.  വേഗം   വാ.  "

അവളുടെ   ചോദ്യങ്ങൾക്കൊക്കെ   എന്തൊക്കെയോ   മറുപടി   നൽകി   കാറിലേക്ക്   കയറുന്ന   രാധികയേ   ആദ്യം   കാണുന്നത്   പോലെ   ആ   കുട്ടി   നോക്കി.  

" ആന്റിക്കിതെന്ത്   പറ്റി   എന്താ   ഇത്ര   ഗൗരവം ?  "

" ഏയ്   മോൾക്   തോന്നുന്നതാ   നമുക്ക്   വേഗം   പോകാമെന്ന്   കരുതിയാ  ആന്റി...  "

കീർത്തനയുടെ   സംശയത്തോടെയുള്ള   ചോദ്യം  കേട്ട്   വാത്സല്യമോ   സഹതാപമോ   ഒക്കെ   നിറഞ്ഞ   മുഖത്തൊരു   വരുത്തിക്കൂട്ടിയ   ചിരിയോടെ   അവളുടെ   കവിളിലൊന്ന്   തലോടി  പറഞ്ഞുകൊണ്ട്   രാധിക   കാർ   മുന്നോട്ടെടുത്തു.  

തെങ്ങ്  ചെത്തുകാരനായ  അനിലിന്റെയും    വീട്ടമ്മയായ   സതിയുടെയും   ഒരേയൊരു   മകളാണ്   കീർത്തന   എന്ന  ഒൻപതാം   ക്ലാസ്സ്‌കാരി.   സ്വത്തും   പണവുമൊന്നുമില്ലെങ്കിലും   സ്നേഹത്തിനൊട്ടും   കുറവില്ലാത്ത    സ്വർഗം   പോലെയൊരു   കൊച്ചുകുടുംബമാണ്   അനിലിന്റെത്.  

അവരുടെ   അയൽവാസിയാണ്   രാധിക.  അവർക്കും   ഭർത്താവിനും   വർഷങ്ങളേറെയായിട്ടും   കുട്ടികളില്ലാത്തതിനാൽ   കീർത്തനയവർക്കും   മകളെപ്പോലെയാണ്.  

" മോളെ   ഇറങ്ങ്...  "

തലവേദനയും  ചെറിയൊരു   ക്ഷീണവുമൊക്കെ   ഉള്ളത്   കൊണ്ട്   കാറിൽ   കയറിയുടൻ   പിന്നിലേക്ക്   ചാരി   കണ്ണടച്ച്   കിടക്കുകയായിരുന്ന   അവളെ   തട്ടി   വിളിച്ചുകൊണ്ട്   രാധിക   പറഞ്ഞു.  അത്   കേട്ടതും  കണ്ണുകൾ   വലിച്ചുതുറന്ന്   ചുറ്റുപാടും   നോക്കിയ   അവളൊന്നമ്പരന്നു.  

വലിയൊരാൾക്കൂട്ടത്തിന്   നടുവിലാണ്   കാർ   നിർത്തിയിട്ടിരുന്നത്.  അത്   തന്റെ   വീടിന്   മുന്നിലുള്ള   ചെറിയ   മൺപാതയാണെന്ന്   മനസിലാക്കാൻ   പോലും   അവൾക്ക്   കുറേ   സമയമെടുത്തു.  കാര്യമൊന്നും   മനസിലാവാതെ   ചുറ്റുപാടും   കണ്ണുകൾ   പായിച്ചുകൊണ്ട്   അവൾ   പുറത്തേക്കിറങ്ങി.  

അവിടെയുണ്ടായിരുന്ന   ആളുകളുടെ   മുഴുവൻ   നോട്ടവും   തന്നിലാണെന്ന്   കൂടി  തിരിച്ചറിഞ്ഞതും   അവൾക്   വല്ലാത്തൊരു   ജാള്യത   തോന്നി.  പക്ഷേ   എല്ലാവരിലും   നിറഞ്ഞുനിന്നത്   ഒരുതരം   സഹതാപമാണെന്ന്   മനസ്സിലാക്കിയതും      ഉള്ളിലേക്കെന്തോ   ഒരസ്വസ്തത   അരിച്ചിറങ്ങുന്നതും   അവളറിഞ്ഞു.  

" വാ  മോളെ... "

ഇടറിയ   സ്വരത്തിൽ   പറഞ്ഞുകൊണ്ട്   രാധികയവളേയും   ചേർത്തുപിടിച്ചുകൊണ്ട്   മുറ്റത്തേക്ക്   കയറി.  അവർ   മുന്നോട്ട്   നടക്കും   തോറും   മുന്നിൽ   തടസ്സമായിരുന്നവരെല്ലാം   ഇരുവശത്തേക്കും   ഒഴിഞ്ഞുകൊണ്ടവർക്ക്   വഴിയൊരുക്കിക്കൊണ്ടിരുന്നു. 

 മുന്നോട്ട്   ചെല്ലുംതോറും   ചന്ദനത്തിരിയുടെയും   കർപ്പൂരത്തിന്റെയും   രൂക്ഷഗന്ധം   മൂക്കിലേക്കടിച്ചുകയറിക്കൊണ്ടിരുന്നു.  അതിനനുസരിച്ച്   എന്തിനെന്നറിയാത്തൊരു   ഭയം   ആ   കൊച്ചുപെൺകുട്ടിയിലേക്കും   പടർന്നുകയറിക്കൊണ്ടിരുന്നു.  ഒരു  ധൈര്യത്തിനെന്ന   പോലെ   അവൾ   രാധികയുടെ   വിരലുകളിൽ   അമർത്തിപ്പിടിച്ചു.  

ഒടുവിലാ   ജനസാഗരത്തേ   താണ്ടി   തന്റെ   കൊച്ചുകൂരയുടെ   മുന്നിലെത്തിയതും   ഒന്ന്   കരയാൻ   പോലും   മറന്ന്   വിറങ്ങലിച്ചവൾ   നിന്നുപോയി.  ഇറയത്തേ   കൊച്ചുതിണ്ണയിൽ   വാഴയിലയിൽ   ഒരു   പഴയകോട്ടൺ   മുണ്ട്   പുതപ്പിച്ച്   തലക്കലെരിയുന്ന   നിലവിളക്കിന്   മുന്നിൽ   കിടത്തിയിരുന്നു   അനിലിന്റെ   ചേതനയറ്റ   ശരീരം.  അതിനടുത്ത്   തന്നെ   ആരുടെയൊക്കെയോ   ഇടയിലായി   കരഞ്ഞുതളർന്ന്   മറ്റൊരുശവം   പോലെ   സതി.  

ആ   കാഴ്ചകളിലൂടെ   വല്ലാത്തൊരു   ഭാവത്തിൽ   മിഴികളോടിച്ചുകൊണ്ട്   നിൽക്കുമ്പോൾ   കണ്ണീരിന്റെ   ഒരംശം   പോലുമുണ്ടായിരുന്നില്ല   ആ   കൊച്ചുപെൺകുട്ടിയിൽ.  

" മഴ  പെയ്ത്   പായല്  പിടിച്ചുകിടക്കുവാ   കേറണ്ടാന്ന്   കണ്ടവരൊക്കെ   പറഞ്ഞതാ   എന്നിട്ടും   കേൾക്കാതെ   കേറിയതാ.  മുക്കാലിടമെത്തിയപ്പോഴേക്കും....    ആശുപത്രിയിൽ   എത്തും   മുന്നേ   തീരുവേം   ചെയ്തു...  "

പിന്നിൽ   നിന്ന്   ആരോ   പറഞ്ഞത്   കേൾക്കേ  തലക്കുള്ളിലൊരു   കടന്നൽ   കൂടിളകിയത്   പോലെ   തോന്നിയവൾക്ക്.  

" അയ്യോ   ആ   കൊച്ചിനെയൊന്ന്   പിടി... അതിപ്പോ   വീഴും...  " 

ശവത്തിനരികിലിരുന്നിരുന്ന   ഏതോ   ഒരു   സ്ത്രീയുടെ   നിലവിളി   കേട്ടാണ്   ബോധം   മറഞ്ഞ്   നിലത്തേക്ക്   വീഴാനൊരുങ്ങിയ   കീർത്തനയെ   ആരൊക്കെയോ   ചേർന്ന്   താങ്ങിയത്.  

" ഗ്വാ... ഗ്... ഗ്വാ... "

പുറത്തുനിന്നും   സതിയുടെ   ഉച്ചത്തിലുള്ള   ഛർദിലിന്റെ   ഒച്ച   കേട്ടാണ്   മൂന്ന്   വർഷം   മുൻപുള്ള   ഓർമകളിൽ   നിന്നും   അവൾ   തിരികെ   വന്നത്.  മൺചുമരിൽ   തൂക്കിയിരുന്ന   അനിലിന്റെ   നിറംമങ്ങിയ   ചിത്രത്തിലേക്ക്   നോക്കിയിരിക്കുകയായിരുന്ന   അവളുടെ   മുഖമാകെ   കണ്ണീരിൽ   നനഞ്ഞുകുതിർന്നിരുന്നു.  സ്കൂളിൽ   നിന്നും   വന്നപാടെ  തുടങ്ങിയ   ആ   ഇരുപ്പ്   ഇത്രയും   ഇരുട്ട്   വീണിട്ടും   അവസാനിച്ചിട്ടില്ല   എന്നവൾ   വെറുതെ   ഒന്നോർത്തു. 

"  അച്ഛേ...  വയ്യെനിക്ക്   ഇങ്ങനെ   നാണംകെട്ട്   ജീവിക്കാൻ   വയ്യ.  പട്ടിണിയും  ദാരിദ്ര്യവുമെല്ലാം   സഹിച്ചു.. ഉള്ളത്  കൊണ്ട്   വയറ്   മുറുക്കിയുടുത്തു.  പക്ഷേ   ഇപ്പൊ   ആകെയുണ്ടായിരുന്ന  അഭിമാനവും  ഇല്ലാതായി.  പിഴച്ചവളുടെ   മകളെന്ന   വിളിയിപ്പോ   പരസ്യമായിട്ടാണ്.   എനിക്കിനി   വയ്യച്ഛേ   എന്നേം   കൂടി   കൊണ്ടുപോ..... "

സ്വന്തം   പിതാവിന്റെ   ജീവനില്ലാത്ത   വെറും   ചിത്രത്തിലേക്ക്   നോക്കി   ആ   കൊച്ചുപെണ്ണ്   നെഞ്ചുരുകി   കരഞ്ഞു.  എന്നിട്ടും   നെഞ്ചിലെ   ഭാരമിറങ്ങുന്നില്ലെന്ന്   തോന്നിയപ്പോൾ  അവളൊരു   ഭ്രാന്തിയേപ്പോലെ   സ്വന്തം   ചങ്കിൽ   മുഷ്ടിചുരുട്ടിയിടിച്ചു.  എന്നിട്ടും  അവൾക്ക്   നൊന്തില്ല  അത്രമേൽ   ആ   കിളുന്ത്‌   ഹൃദയം   മുറിപ്പെട്ടിരുന്നു.  

"  മോളെ   എന്ത്   ഭ്രാന്താ   നീയീ   കാണിക്കുന്നത് ??  "

എന്തൊക്കെ   ചെയ്തിട്ടും   ഉള്ളിലെ   നോവടങ്ങാതെ   മൺഭിത്തിയിൽ   തലകൊണ്ടാഞ്ഞിടിക്കുന്ന   ആ  പെണ്ണിനെ   പിന്നിലൂടെ   വന്നടക്കി   പിടിച്ചുകൊണ്ട്   സതി   ചോദിച്ചു.  

"  തൊട്ടുപോകരുത്   നിങ്ങളെന്നെ....  നിങ്ങളെന്റെ   ദേഹത്ത്   തൊട്ടാൽ   ഞാനെന്നെ   തന്നെ   അവസാനിപ്പിച്ചുകളയും.  അത്രക്കെനിക്കറപ്പാ   നിങ്ങളെ  വെറുപ്പാ....  "

" മോളെ   ഇങ്ങനൊന്നും   പറയല്ലേഡീ   അമ്മേടെ   ചങ്ക്   പൊട്ടുന്നു.  "

" പൊട്ടണം   നിങ്ങടെ   ചങ്ക്   പൊട്ടണം   അതൊന്നും   പക്ഷേ  എന്റെ   ചങ്കിപ്പോ   പൊട്ടുന്നതിന്റെ  ഏഴയലത്ത്   വരില്ല.  ജീവിക്കാൻ   പോലുമെനിക്കിപ്പോ   തോന്നുന്നില്ല   അത്രക്ക്   വെറുപ്പാ   എനിക്ക്   നിങ്ങളെ... "

മുന്നിൽ   കണ്ണീരോടെ   യാജിച്ചുനിൽക്കുന്ന  ആ   സ്ത്രീയുടെ   മുഖത്ത്   നോക്കി   അവളൊരു  ഭ്രാന്തിയേപ്പോലെ   അലറി.  അപ്പോഴൊന്നും   കുറ്റബോധത്തിന്റെ   ഒരു   കണികപോലുമവളിൽ   ഉണ്ടായിരുന്നില്ല.  

"  പൊന്നുമക്കളേ   നീയീ   അമ്മ   പറയുന്നതൊന്ന്   കേൾക്കെടി   നിനക്ക്   വേണ്ടിയാ   അമ്മയിങ്ങനൊക്കെ... "

"  ഛീ   നാണമില്ലേ   നൊന്തുപെറ്റ   മകളുടെ   മുഖത്ത്   നോക്കി   നിങ്ങൾക്കിത്   പറയാൻ ??  എനിക്ക്   വേണ്ടിയോ  ?  നിങ്ങടെ   സുഖത്തിന്  വേണ്ടി.... എന്നെക്കൊണ്ടൊന്നും   പറയിപ്പിക്കരുത്.  എന്നിട്ടെനിക്ക്   വേണ്ടിയാണെന്ന്.    

ഞാനെന്നൊരു   ചിന്ത   നിങ്ങൾക്കുണ്ടായിരുന്നെങ്കിൽ   ഇത്രേം   പ്രായമുള്ളൊരു   മകളുള്ള   നിങ്ങളീ   പണിക്ക്   പോകുമായിരുന്നോ ??  "

അല്പം   പോലും   കരുണയില്ലാതെ   അവളലറി.  

" മോനെ   നീ   വിചാരിക്കുന്നത്   പോലെയോ  ഈ   നാട്ടുകാര്   പറയുന്ന  പോലെയോ   ഒന്നുമല്ല   കാര്യങ്ങൾ.  "

മകളുടെ   മുന്നിൽ   കൈ  കൂപ്പി   നിന്നുകൊണ്ട്   കണ്ണീരോടെ  ആ   സ്ത്രീ  പറഞ്ഞതും  നിയന്ത്രണം   നഷ്ടപ്പെട്ട   അവളോടിച്ചെന്നവരുടെ   കഴുത്തിൽ   കുത്തിപിടിച്ചു.  

"  എങ്കിൽ   പറ   ആരാ  നിങ്ങടെ   വയറ്റിൽ   കിടക്കുന്ന   ഈ  വൃത്തികെട്ട   സന്താനത്തിന്റെ   തന്ത ??  അതോ   ഇതിനി   മൂന്നുവർഷം   മുന്നേ   മണ്ണടിഞ്ഞുപോയ  എന്റച്ഛൻ   സ്വപ്നത്തിൽ   വന്ന്   നിങ്ങൾക്ക്   തന്നതാണോ ???  "

" ഖ്... ഖോ... "

കഴുത്തിലെ  പിടി   മുറുകിയതും   ശ്വാസം   വിലങ്ങി   അവർ   ഉച്ചത്തിൽ   ചുമയ്ക്കാൻ   തുടങ്ങിയതും   അവൾ   കയ്യെടുത്തു.  

" മോ... മോനെ   അമ്മ   പറയുന്നത്... "

"  വേണ്ട   ഇനി   നിങ്ങളഴിഞ്ഞാടി   നടന്ന  കഥകൾ   എന്നോട്   പറയണ്ട.  അത്   പറയാൻ   നിങ്ങൾക്കുളുപ്പില്ലെങ്കിലും   ഒരു   മകളായ   എനിക്ക്  കേട്ടുനിൽക്കാൻ   ബുദ്ധിമുട്ടുണ്ട്. "

പറഞ്ഞിട്ടവൾ  ഓടിച്ചെന്ന്   മുറിയിൽ   കയറി   വാതിൽ   വലിച്ചടച്ചു.  അപ്പോഴും   പരുപരുത്ത   സിമന്റിട്ട   നിലത്ത്   വീണുകിടന്ന്   തേങ്ങുകയായിരുന്നു  ആ   അമ്മ.  ഉച്ചത്തിൽ   നെഞ്ചുപൊട്ടിയുള്ള   അവരുടെ   നിലവിളിയൊച്ചപോലും   അവളിലൊരൽപ്പം  പോലും  ചാഞ്ചല്യം  സൃഷ്ടിച്ചില്ല.  

"  നിന്നോട്   ഞാൻ   പറഞ്ഞിട്ടില്ലെടി   ആ   പിഴച്ചപെണ്ണിന്റെ   കൂടെ   നടക്കരുതെന്ന്.  "

സ്കൂളിൽ   നിന്നും   ഒപ്പം   നടന്ന്   വന്ന   മായ   അവളുടെ   വീട്ടിലേക്ക്   ചെന്ന്   കയറിയതും   സിറ്റൗട്ടിൽ   നിൽക്കുകയായിരുന്ന   അവളുടെ   അമ്മ   അമ്പിളി   പറഞ്ഞത്   ഒരു   കൂരമ്പ്   പോലെയായിരുന്നു   നെഞ്ചിൽ   വന്ന്   തറച്ചത്.  

"  അവളുടെ   തള്ള    കണ്ടവന്റെ   അടുക്കളപ്പുറത്ത്   പാത്രം   മോറി   നടന്ന   വഴിക്ക്   ആരെയോ  വളച്ചെടുത്തു.  ഇപ്പൊ   അവൾക്ക്   വയറ്റിലുണ്ടെന്നാ   സംസാരം.  ആ   പിഴച്ചവളുടെ  മോളിനി   എങ്ങനാന്ന്   ആർക്കറിയാം.   തള്ളേക്കണ്ടല്ലേ   പഠിക്കുന്നത്   അതെങ്ങനാവുമെന്ന്   ഇനി   പറയാനുണ്ടോ.  ഇനി   കൂടെ   നടന്നാൽ   നിന്നേക്കൂടെ   കൊണ്ടുനടന്ന്   പിഴപ്പിക്കും   ഈ  കെട്ടജാതികളൊക്കെ. " 

ഗേറ്റിനരികിൽ   മിഴി   നിറച്ചുനിൽക്കുന്ന  ആ   കൊച്ചുപെൺകുട്ടിയുടെ   മുഖത്തേക്ക്   നോക്കി   ക്രൂരമായി   പറഞ്ഞ  ആ   സ്ത്രീയുടെ  വാക്കുകൾ   അപ്പോഴുമവളുടെ   ചെവിയിൽ   പ്രതിധ്വനിച്ചുകൊണ്ടിരുന്നു.  


കൂടുതൽ കഥകൾക്ക് ഈ പേജ് ഫോളോ ചെയ്യൂ....
To Top