പിഴച്ചവൾ ( അവസാനഭാഗം )

Valappottukal Page



രചന: അഭിരാമി അഭി

" ചേച്ചി..... ചേച്ചി..... 

സമയമിത്രയൂമായിട്ടും   ഇവിടെന്താ   വിളക്ക്   പോലും   വച്ചിട്ടില്ലല്ലോ    ചേച്ചി   വന്നില്ലേ ??  മോളേ.... മോളെ   കീർത്തി.... ഈശ്വരാ   ഈ   കുട്ടിയിതെവിടെപ്പോയി   വാതിലും   തുറന്നിട്ടിട്ട് ???  "

പകലിനെ   ഇരുൾ   വിഴുങ്ങിത്തുടങ്ങിയിട്ടും   ആ   കൂനാച്ചിപ്പുരയിൽ   പതിവുള്ള   ആ   മഞ്ഞ   വെളിച്ചം   കാണാതെ   വന്നപ്പോൾ   തിരക്കിവന്ന   രാധിക   ആരോടെന്നില്ലാതെ   സ്വയം   ചോദിച്ചു.  എന്നിട്ട്   തപ്പിത്തടഞ്ഞ്   ഉള്ളിലെ   ഇരുളിലേക്ക്   കയറി.  

" യ്യോ   എന്തായിത് ??   കണ്ണും   കാണാൻ   വയ്യല്ലോ   ദൈവമേ...  "

അകത്തേക്ക്   കയറിയതും  കാലെന്തിലോ   തട്ടിയ   രാധിക   ഭിത്തിയിൽ   പിടിപ്പിച്ച   സ്വിച്   തിരഞ്ഞുകൊണ്ട്   പറഞ്ഞു.  ഒടുവിൽ   ഒരിത്തിരി   ബുദ്ധിമുട്ടിയിട്ടാണെങ്കിൽ   പോലും   നാളുകളുടെ   പഴക്കം   കൊണ്ട്   കരിയുംപുകയും   പിടിച്ച്   പൊട്ടിപ്പൊളിഞ്ഞ  ആ   സ്വിച്ച്   കണ്ടെത്തി   അവരതമർത്തി.  ഇരുളിനെ   പൂർണമായും   അകറ്റാൻ   കഴിഞ്ഞിരുന്നില്ല    എങ്കിൽ   പോലും   ഒരുതരം   മഞ്ഞ   വെളിച്ചം   അവിടമാകെ   പരന്നു. 

" അയ്യോ   ചേച്ചി   ഇതെന്നാ   പറ്റി   എന്നാത്തിനാ   ഇവിടെ   കിടക്കുന്നെ ??  "

വെളിച്ചം  പരന്നതും   നിലത്തേക്ക്   നോക്കിയ   രാധികയിൽ   നിന്നുമൊരു   നിലവിളി   ഉയർന്നു.  

അഴുക്ക്   പിടിച്ച്   ഇടയ്ക്കിടെ   പൊളിഞ്ഞിളകിത്തുടങ്ങിയ   സിമന്റ്   തറയിൽ   ഒരു   കോഴികുഞ്ഞിനെപ്പോലെ   ചുരുണ്ട്   കിടക്കുന്ന   സതിയെ   കണ്ട്   അവരുടെ   നെഞ്ച്   ഒന്ന്   പിടച്ചു. 

" ചേച്ചി.... എന്തോപറ്റി ?  "

വേഗമവരുടെ   തലയെടുത്ത്   മടിയിലേക്ക്   വച്ച്   കുലുക്കി   വിളിച്ചുകൊണ്ട്   രാധിക   ചോദിച്ചു.  പക്ഷേ   വായിൽ   നിന്നും   നുരയുംപതയും   വന്ന്   ബോധം   മറഞ്ഞുകിടന്നിരുന്ന   ആ   തണുത്തുറഞ്ഞ   ശരീരത്തിൽ   നിന്നും   പ്രതികരണങ്ങളേതുമുണ്ടായില്ല.  പിന്നീടെല്ലാം  പെട്ടന്നായിരുന്നു   രാധിക   തന്റെ   ഭർത്താവ്   അശോകനെ   വിളിച്ചതും   വണ്ടി   വന്നതും   സതിയെ   ഹോസ്പിറ്റലിലേക്ക്   കൊണ്ടുപോയതുമെല്ലാം   ഞൊടിയിടയിൽ   കഴിഞ്ഞു.  

ഹോസ്പിറ്റലിലെത്തി   ഇൻജെക്ഷനൊക്കെ   ചെയ്ത്   ഡ്രിപ്പുമിട്ട്   കഴിഞ്ഞപ്പോഴാണ്   ആ   സ്ത്രീ   പതിയെ   ബോധത്തിലേക്ക്   വന്നത്.  

തലയ്ക്കെന്തോ   വലിയ   ഭാരം   തോന്നിയിട്ട്   വളരെ   ബുദ്ധിമുട്ടിയാണ്   കണ്ണുകൾ   തുറന്നത്.  കടകട   ശബ്ദത്തോടെ   മുകളിൽ   കറങ്ങിക്കോണ്ടിരുന്ന   പഴയ   ഫാനാണ്  ആദ്യം   കണ്ടത്.  പിന്നീട്   വെറുമൊരു  തുണി   മാത്രം   വിരിച്ച   ഇരുമ്പ്   കട്ടിലും   അരികിലുണ്ടായിരുന്ന  പെയിന്റ്   പോയി   തുരുമ്പ്   തെളിഞ്ഞുതുടങ്ങിയ  ഡ്രിപ്    സ്റ്റാന്റുമൊക്കെ   കണ്ടതോടെ   ആശുപത്രിയിലാണെന്ന്   വേഗം   തന്നെ   മനസ്സിലായി.  ശോഷിച്ച   കൈപ്പത്തിയിൽ   കുത്തിയിറക്കിയ   സൂചിയിലൂടെ   ഡ്രിപ്പ്   ഉള്ളിലേക്ക്   കയറിക്കൊണ്ടിരിക്കുന്നുണ്ടായിരുന്നു   അപ്പോഴും.  

കുറച്ചുമാറി   പരസ്പരം   സംസാരിച്ചുകൊണ്ട്   രാധികയും  അശോകനും   കൂടി   നിന്നിരുന്നു.  രാധിക   ഇട്ടിരുന്ന   വേഷത്തിൽ   തന്നെയായിരുന്നു. 

" എന്റെ... എന്റെ   കുഞ്ഞെവിടേ ??  വീട്ടിൽ... വീട്ടിലവളൊറ്റയ്ക്കാ... "

പദം   പറഞ്ഞുകൊണ്ട്   വെപ്രാളത്തിൽ   ചാടിയെണീക്കാൻ   ശ്രമിച്ച  ആ   സ്ത്രീയെ   കണ്ടപ്പോഴായിരുന്നു    കീർത്തനയെക്കുറിച്ച്   അവരിരുവരുമോർത്തത്   തന്നെ.  തങ്ങളതുവരെ   അവളെ   മറന്നുപോയിരുന്നു   എന്നതിലുപരി   സമയം   കൂടിയോർമ   വന്നതും   രാധികയുടെ   നട്ടെല്ലിലൂടെ   ഒരു   മിന്നല്   പാഞ്ഞു. 

" ചേച്ചി   എന്തായീ   കാണിക്കുന്നത്   എണീക്കല്ലേ  ... "

കയ്യിലെ   സൂചി   പോലും   വകവയ്ക്കാതെ   എണീക്കാൻ   തുനിഞ്ഞ   അവരെ   പിടിച്ചുകിടത്തിക്കൊണ്ട്   രാധിക   പറഞ്ഞു. 

" എന്നെ   വിട്  രാധു... എനിക്ക്   പോണം... എന്റെ   കുഞ്ഞ്... അവൾ... അവളൊറ്റയ്ക്കാ   വീട്ടിൽ.  സന്ധ്യയായാൽ   അവൾക്   വല്ലാത്ത   പേടിയാ... എന്നേ   കണ്ടില്ലേൽ   അവൾ   വിഷമിക്കും....  "

സ്വന്തം   മകളെയോർത്ത്   ചങ്ക്   പൊള്ളിപ്പിടഞ്ഞുകൊണ്ടിരുന്ന   ആ   അമ്മ   വല്ലാത്തൊരു   വെപ്രാളത്തോടെ   പറഞ്ഞു.  അപ്പോഴവരിൽ   ശരീരത്തിന്റെ   ക്ഷീണത്തിനുമപ്പുറം   വല്ലാത്തൊരു   പിടച്ചിലായിരുന്നു   പ്രകടമായിരുന്നത്.  

"  വേണ്ട   ചേച്ചി   ഇപ്പോ  എണീക്കണ്ട. ഡ്രിപ്   കഴിയാതെ   പോകാൻ   പറ്റില്ല   ചേച്ചിയവിടെ   കിടക്ക്   ഞാൻ   ചെന്ന്   മോളെ   കൂട്ടിക്കൊണ്ട്   വരാം.  "

എങ്ങനെയൊക്കെയൊ   അവരെ   കാട്ടിലിലേക്ക്   തിരികെ   കിടത്തിക്കൊണ്ട്   രാധിക   പറഞ്ഞു.  എന്നിട്ട്   ഉടൻ   തന്നെ   ആശുപത്രിയിലെ   കാര്യങ്ങൾ  അശോകനെ   ഏൽപ്പിച്ച്   വീട്ടിലേക്കോടി.  രാധികയവിടെ   എത്തുമ്പോഴും   തങ്ങൾ   പോയ  അതേ   അവസ്ഥയിൽ   തന്നെ   കിടക്കുകയായിരുന്നു   ആ  കൊച്ചുവീട്.  

വെപ്രാളത്തോടെ   അവരോടി   അകത്തേക്ക്   കയറി.  അവിടമാകെ   ആ   പെൺകുട്ടിക്കായി  അവരുടെ   മിഴികൾ   പരതി  നടന്നു.   ഒടുവിൽ   ആ  കണ്ണുകൾ   പഴകിത്തുടങ്ങിയ ,  സിനിമ   വീക്കിലികളിൽ   വരാറുള്ള  നടീനടന്മാരുടെ   പടങ്ങൾ   നിറഞ്ഞ   ആ  കതകിലേക്ക്   നീണ്ടു.  

രാധിക   ഓടിച്ചെന്നാ   കതകിൽ   തുരുതുരെ   മുട്ടി.  

"  മോളെ   കീർത്തീ   വാതില്   തുറക്ക്.... എന്തുപറ്റി ???  മോളെ.... " 

ആവലാതിയോടെ   ആ   സ്ത്രീ   കതകിൽ   ആഞ്ഞാഞ്ഞ്   മുട്ടിക്കൊണ്ടിരുന്നു.  ഒടുവിൽ   ആ   വാതിൽ   തുറക്കപ്പെട്ടു.  കരഞ്ഞുവീങ്ങിയ   മുഖത്തോടെ   ആ   മുറിയിലെ   ഇരുട്ടിൽ   നിന്നും   കീർത്തി   പുറത്തേക്ക്   വന്നു.  അവളുടെ   മുഖവും   മുടിയൂമെല്ലാം   ആകെപ്പാടെ   അലങ്കോലപ്പെട്ടിരുന്നു.  

" യ്യോ   എന്റെ   കുഞ്ഞ്   പേടിച്ചുപോയോടാ... പോട്ടെ   അമ്മക്ക്   ചെറിയൊരു   സുഖമില്ലായ്മ   വന്നു   ഇപ്പോ  ഹോസ്പിറ്റലിലാ. അതിനിടയിൽ   മോൾടെ  കാര്യം  ആന്റിയങ്   മറന്നുപോയി.  മോളെപ്പോ   വന്നു ???  വന്നപ്പോ  ആരേം  കാണാതെ   എന്റെ   മോള്   പേടിച്ചോ ?  "

അവളുടെ  രൂപവും   ഭാവവും   കണ്ട്   ഒറ്റയ്ക്കിരുന്ന്   പേടിച്ചതായിരിക്കുമെന്ന്   കരുതി  പാറിപറന്നുകിടന്ന   അവളുടെ   മുടിയിഴകളിലൂടെ   തലോടിക്കൊണ്ട്   രാധിക   ചോദിച്ചു.  

" ഞാനിവിടെത്തന്നെ   ഉണ്ടായിരുന്നു ...  '

തല  ഉയർത്താതെ   തന്നെ   അവൾ   പറഞ്ഞ   മറുപടി   കേട്ട്   രാധിക   ഒന്നമ്പരന്നു.  

" അപ്പൊ  അമ്മേ   ഹോസ്പിറ്റലിൽ   കൊണ്ടുപോയപ്പോഴൊക്കെ   നീയിവിടെ   ഇണ്ടായിരുന്നൊ ??  "

" മ്മ്ഹ്ഹ്... "

സമ്മതഭാവത്തിലുള്ള   അവളുടെ   മൂളൽ   രാധികയെ   വീണ്ടും   അമ്പരപ്പിച്ചു.  

" എന്നിട്ട്... എന്നിട്ടത്രേം   ബഹളമൊക്കെ   ഉണ്ടായിട്ടും   നീ   ഇറങ്ങി   വരാതിരുന്നതെന്താ ??   ഹോസ്പിറ്റലിലേക്ക്   വരാഞ്ഞതെന്താ ?"

" എന്തിനാ   ഞാൻ   വരുന്നത്  അവര്   ചത്തിട്ടൊന്നുമില്ലല്ലോ... ഇനി   ചാവുന്നേൽ   ചാവട്ടെ   ഇങ്ങനെ   മാനം   വിറ്റ്   ജീവിക്കുന്നതിൽ   ഭേദമവർ   ചാവുന്നത്   തന്നെയാ  "

അസഹ്യമായ  വെറുപ്പോടെ   അവൾ  പറഞ്ഞതും   നെഞ്ച്   പൊള്ളുന്നത്   പോലെ    തോന്നിയ രാധിക  കൈ  വീശിയവളുടെ   കരണത്ത്    ആഞ്ഞടിച്ചു.  ഒരു   ഞെട്ടലോടെ  കീർത്തനയവരെ   നോക്കുമ്പോൾ   ആ   മിഴികൾ   ചുവന്നുകലങ്ങിയിരുന്നു. 

" രാധുവാന്റീ... "

" വിളിക്കരുത്   നീയെന്നെയങ്ങനെ... നിനക്ക്   വേണ്ടി   മാത്രമൊരു   ജീവിതം   ഹോമിച്ച   സ്വന്തമമ്മയുടെ   ചിതയൊരുക്കാൻ   നിൽക്കുന്ന   നന്ദികെട്ട   നീയെന്നെയങ്ങനെ   വിളിക്കരുത്.  ഒരു   കുഞ്ഞിനെ   പ്രസവിക്കാൻ   കഴിയാത്തതിൽ   ഞാനൊരുപാട്   വേദനയനുഭവിച്ചിട്ടുണ്ട്.   പക്ഷേ   ഇപ്പോ   നിന്റെ   നാവിൽ   നിന്നിത്   കേട്ടപ്പോ   അങ്ങനെയൊന്നുണ്ടാവാതിരുന്നത്   നന്നായെന്ന്   തോന്നിപ്പോവാ.... ഇതൊക്കെ   കേൾക്കാൻ   വേണ്ടി   എന്തിനാ   ഇതുപോലെ  ഓരോന്നിനെ   പെറ്റുപോറ്റുന്നത്. ??  "

കയ്യുയർത്തി   അവളെ  തടഞ്ഞുകൊണ്ട്  പറയുമ്പോൾ   രാധികയുടെ   സ്വരമിടറിയിരുന്നു.  മിഴികളിൽ   നിന്നും   ചുടുനീരൊഴുകിയിരുന്നു.  പക്ഷേ   അപ്പോഴും   അമ്പരപ്പല്ലാതെ   കുറ്റബോധത്തിന്റെ  ഒരു   തരിപോലും   അവളിൽ   കാണാൻ   സാധിച്ചിരുന്നില്ല.  

" പറയെടീ   ഇവിടെന്തൊക്കെയാ   നടന്നത് ??  അവരെങ്ങനെയാ   ഈ   അവസ്ഥയിലെത്തിയത്. ?  "

കുറച്ചുനേരത്തെ   പതംപറഞ്ഞുകരച്ചിലിനൊടുവിൽ   അവളെ   പിടിച്ചുലച്ചുകൊണ്ട്   രാധികയുടെ   ചോദ്യത്തിന്   മറുപടിയായി   കുറച്ചുമുൻപ്   നടന്ന  സംഭവങ്ങളൊക്കെ   പറയുമ്പോൾ   കീർത്തനയുടെ   വാക്കുകൾ   ഇടയ്ക്കിടെ   കണ്ണീരിൽ   മുങ്ങിപ്പോയിരുന്നു.  മുഴുവനും   കേട്ടുകഴിഞ്ഞപ്പോൾ   എന്തുകൊണ്ടോ   അവളെ  കുറ്റപ്പെടുത്താനും   കഴിയുമായിരുന്നില്ല   രാധികയ്ക്ക്.  കാരണം   അവളെപ്പോലൊരു   കൊച്ചുപെൺകുട്ടിയുടെ   ഭാഗത്ത്‌   നിന്ന്   ചിന്തിക്കുമ്പോൾ   അവളെയും   കുറ്റംപറയാനൊക്കില്ലല്ലോ.  

" മോളെ   നീ   അറിഞ്ഞതും   മനസ്സിലാക്കിയതും   മാത്രമല്ല   സത്യം.  അതിന്   മറ്റൊരു   മുഖം   കൂടിയുണ്ട്.  "

കുറച്ചുസമയത്തിനുള്ളിൽ  സംയമനം    വീണ്ടെടുത്ത   രാധിക   പറഞ്ഞുതുടങ്ങി.  മിഴികൾ   അമർത്തിത്തുടച്ചുകൊണ്ട്   കീർത്തനയും  അവരുടെ   വാക്കുകൾക്കായി   കാതോർത്തു.  

"  മോൾക്കറിയില്ലേ   മോൾടച്ഛൻ   മരിച്ച  ശേഷം   എന്തൊക്കെ   ജോലിക്ക്   പോയാ   അമ്മ   നിന്നേ   നോക്കിയതെന്ന്.  ഒരുപാട്   പേരുടെ  ആട്ടുംതുപ്പും   കേട്ടിട്ടുണ്ട്   ആ   പാവം  നീയെന്നൊരാൾക്ക്   വേണ്ടി.  

നീ   പറഞ്ഞത്   ശരിയാ  അവരുടെ   ഉദരത്തിൽ   ഇപ്പൊ   ഒരു   ജീവനുരുവായിട്ടുണ്ട്   അത്   പക്ഷേ   നീ   വിചാരിക്കുന്നത്   പോലെ   അവര്  ശരീരസുഖം   തേടിപ്പോയ   വഴിക്ക്   കിട്ടിയ  സമ്മാനമല്ലത്.   

മോൾക്കോർമയുണ്ടോ   രണ്ടുമാസം   മുൻപൊരു   ദിവസം  അമ്മ   പതിവിലും   വൈകി   വന്നതും   രാത്രി   സുഖമില്ലാതായി   രാത്രി   ഹോസ്പിറ്റലിൽ   പോയതുമൊക്കെ ???  "

കീർത്തന   യന്ത്രികമായൊന്ന്   തല   ചലിപ്പിച്ചു.  പിന്നെ   വീണ്ടുമവരിലേക്ക്   ശ്രദ്ധകേന്ദ്രീകരിച്ചു.  

"  ആ   ദിവസം   നേരം   നന്നേ   മയങ്ങിയിട്ടായിരുന്നു  ചായക്കടയിലേ   ജോലിയൊക്കെ   ഒതുക്കി   ചേച്ചിയവിടെ   നിന്നുമിറങ്ങിയത്.  നീ   വീട്ടിലൊറ്റയ്ക്കാണെന്ന   ഓർമ്മയിൽ   ഉയിര്   വാരിപ്പിടിച്ചോടുമ്പോഴായിരുന്നു  മദ്യപിച്ചുലക്ക്   കെട്ട   ഒരുപറ്റം   കാപാലികന്മാരുടെ   ഇടയിൽ   ആ   പാവം   പെട്ടത്. ഇങ്ങനെയുള്ളവന്മാർക്ക്    ഇരുട്ടിന്റെ  മറവിൽ   ഒരു   പെൺശരീരം   കിട്ടിയാലത്തേ   അവസ്ഥ  എന്റെ   മോൾക്ക്   ഞാൻ   പറഞ്ഞു  തരേണ്ട   കാര്യമില്ലല്ലോ.   അതൊക്കെ   തന്നെ   അവിടെ   സംഭവിച്ചു.  ഏഴോഎട്ടോ   കാമപ്രാന്തന്മാർക്ക്   മുന്നിൽ   ആ   പാവം   നിസ്സഹായയായിപ്പോയി   അന്ന്. 

പിന്നീട്   അവിടെ   ഉപേക്ഷിച്ചവന്മാർ  പോയ   ശേഷം   എങ്ങനെയൊക്കെയൊ   ഇഴഞ്ഞും   വലിഞ്ഞും  ആ   പാവമിവിടെയെത്തി.  ആ   അവസ്ഥ   കണ്ട്   ഞാനൊരുപാട്  നിർബന്ധിച്ചപ്പോഴാണ്   അമ്മയിതൊക്കെ   ഞങ്ങളോട്   പറഞ്ഞത്.  പിന്നീട്   ഒരുപാട്   ബുദ്ധിമുട്ടിയാണ്   ചേച്ചിയെ   ഞങ്ങളൊന്ന്   സമാധാനിപ്പിച്ചത്.  പക്ഷേ   വിധി   അവിടെ  നിന്നും    വീണ്ടുമാ   പാവത്തിനെ   പിൻതുടർന്നിരുന്നു  എന്നറിഞ്ഞത്   ഒന്നരമാസങ്ങൾക്ക്   ശേഷം  ആ   ദിവസത്തിന്റെ  ശേഷിപ്പവരിലൊരു   കുരുന്ന്   ജീവനായി   മൊട്ടിട്ടു   എന്നറിഞ്ഞപ്പോഴായിരുന്നു.  

ആ   ദിവസം  ചേച്ചി   ഒരുപാട്   കരഞ്ഞു.  ഒരുപക്ഷെ   നീയൊരു   തടസ്സമായി   അവരുടെ   ജീവിതത്തിൽ   ഉണ്ടായിരുന്നില്ല   എങ്കിൽ   തീർച്ചയായും   ആ   പാവമാ   ദിവസമൊരിക്കലും  അതിജീവിക്കില്ലായിരുന്നു.  പിറ്റേദിവസം   ഞാനും  കൂടിയാണ്   ഹോസ്പിറ്റലിൽ   പോയത്.  

പ്രായവും   ആരോഗ്യസ്ഥിതിയുമെല്ലാം   കൂടി   കണക്കിലെടുത്ത്   ഒരു   അബോർഷൻ   വളരെ   വലിയൊരു   റിസ്കായിരുന്നു.  ചേച്ചിയത്തിന്   തയ്യാറുമായിരുന്നു.  പക്ഷേ   ആ  ഓപ്പറേഷൻ   ടേബിളിൽ   നിന്നുമൊരു  മടക്കമുണ്ടാകുമോ   എന്ന  കാര്യത്തിൽ   ഡോക്ടർ   സംശയം   പറഞ്ഞപ്പോൾ  ,   നിന്റെ   മുഖം   മനസ്സിൽ   തെളിഞ്ഞപ്പോ   ആ   പാവത്തിന്റെ   ധൈര്യമെല്ലാം   ചോർന്നുപോയി.  

ആ   കുഞ്ഞിനേയുള്ളിൽ   പേറാൻ   തന്നേ   നിന്റമ്മ   തീരുമാനിച്ചു.   അപ്പൊ   നിന്റെ   അഭിമാനത്തേക്കാളുപരി   തനിക്കെന്തേലും   പറ്റിയാൽ   നിന്നെ   വിഴുങ്ങാൻ   പോകുന്ന  ഒറ്റപെടലിന്റെ    ഭീകരതയെക്കുറിച്ച്   മാത്രമാണ്   അവരോർത്തത്.  അങ്ങനെ   മോളെ   നിന്നെ   മാത്രമോർത്ത്   അവർ   ആ   ഭാരവും   ചുമന്നുതുടങ്ങി.  

ഇന്ന്   ആ   നീ  തന്നെ   ചോദിച്ചില്ലേ   ആർക്ക്   കിടക്കയൊരുക്കിയതിന്റെ   സമ്മാനമാണ്   അവരുടെ   ഉള്ളിലെന്ന്.  അത്   ആ   പാവത്തിന്   പോലുമറിയില്ല   കുഞ്ഞേ.... പലരിൽ   നിന്നായി   അത്രമേൽ   അന്നവർ   ദ്രോഹിക്കപ്പെട്ടു.  എന്നിട്ടും   നിനക്ക്   വേണ്ടി   മാത്രമാണ്   എല്ലാവേദനകളും  സഹിച്ച്   ഇപ്പോഴുമവർ   ജീവിക്കുന്നത്.  അതുകൊണ്ട്   നീയൊരിക്കലും  ആ   അമ്മയെ   നോവിക്കരുത്   മോളെ.   അങ്ങനെ   ചെയ്താൽ  ആ   ജഗദീശ്വരൻ   പൊറുക്കില്ല   നിന്നോട്.  അത്രയും   നൊന്തിട്ടുണ്ട്    നിനക്ക്   വേണ്ടി.  "

"  ആന്റി   എനിക്ക്.... എനിക്കെന്റമ്മേ   കാണണം.  "

രാധികയിൽ   നിന്നും   എല്ലാമറിഞ്ഞുകഴിഞ്ഞതും   പൊട്ടിക്കരഞ്ഞുകൊണ്ടവരുടെ   മാറിലേക്ക്   വീണ   കീർത്തന   വിതുമ്പിക്കൊണ്ട്   പറഞ്ഞു.  

"  അമ്മ.... അമ്മക്കെന്നോട്   ക്ഷമിക്കാൻ   പറ്റുമോ   ആന്റി ?  "

കാറിൽ   ഹോസ്പിറ്റലിലേക്ക്   പോകുമ്പോൾ   നെഞ്ചുപൊട്ടിക്കരഞ്ഞുകൊണ്ടാണ്   രാധികയോടവളത്   ചോദിച്ചത്.

"  ക്ഷമിക്കും... മക്കളെന്ത്‌   തെറ്റ്   ചെയ്താലും  വേദനിപ്പിച്ചാലും    അവരോട്   
ക്ഷമിക്കാനല്ലേ   അമ്മമാർക്ക്   കഴിയൂ.... "

ഒരു   കൈ   കൊണ്ടവളുടെ   തലയിൽ   തലോടിക്കൊണ്ട്   രാധിക   പറഞ്ഞു.  കുറച്ചുസമയത്തിനുള്ളിൽ   തന്നെ   അവർ   ഹോസ്പിറ്റലിലെത്തി.  

" മോളമ്മേടടുത്തേക്ക്   ചെല്ല്.... "

സതി   കിടക്കുന്ന   റൂമിന്   നേരെ   ചൂണ്ടി   അവളോട്   പറഞ്ഞിട്ട്   രാധിക   കുറച്ചപ്പുറത്ത്   നിന്നിരുന്ന   അശോകനരികിലേക്ക്   നടന്നു.  
സങ്കടമോ   സന്തോഷമോ   കുറ്റബോധമോ   ഒക്കെക്കൊണ്ട്   വല്ലാത്തൊരവസ്തയിലായിരുന്നു   കീർത്തനയാ   മുറിയിലേക്ക്   പ്രവേശിച്ചത്.  പക്ഷേ   ദൈവമപ്പോഴേക്കും  ആ   അമ്മയെപ്പോലെ   തന്നെ   മകളേയും   തോൽപ്പിച്ചുകളഞ്ഞിരുന്നു.  

അവളകത്തേക്ക്   ചെല്ലുമ്പോൾ   ഒരു   വെള്ളത്തുണിയാലെ   ആ  ശരീരം   മൂടപ്പെട്ടിരുന്നു.  ആ   കാഴ്ചയിൽ   ആ   കൊച്ചുപെൺകുട്ടിയുടെ   ശരീരം   തളർന്നുപോയി.  ഒന്ന്   കരയാൻ   പോലുമശക്തയായി   ഒരാശ്രയത്തിനായി   അവളുടെ   കൈകൾ   വായുവിൽ   പരതി. 

കുറച്ചുനിമിഷങ്ങൾക്കുള്ളിൽ   സംയമനം   വീണ്ടെടുത്ത   അവളോടി   ആ   കട്ടിലിനരികിലെത്തി.  ഭ്രാന്തമായ  ആവേശത്തോടെ   അവരുടെ   മേല്   നിന്നും   ആ   തുണി   വലിച്ചുമാറ്റി.   

" അമ്മേ.... അമ്മേ.... എണീക്കമ്മേ.... എണീക്ക്.  ഞാൻ ... എന്നോട്   ക്ഷമിക്ക്   എനിക്കൊന്നും   അറിയില്ലായിരുന്നല്ലോ   അമ്മേ.  എന്റമ്മ   മാറ്റാർക്കൊക്കെയോ   കൂടി   സ്വന്തമായെന്ന്   തോന്നിയപ്പോ   സഹിക്കാൻ   കഴിഞ്ഞില്ല   അതാ   ഞാനങ്ങാനൊക്ക.... 

പ്... പക്ഷേ   ഞാനൊരു   തെറ്റ്   ചെയ്... ചെയ്‌തെന്ന്   കരുതി   എന്നേ   ഒറ്റക്കാക്കി   പോവോ   ന്റമ്മ  ??   എന്നോട്   എന്തേലുമൊന്ന്   പറയമ്മേ   ഒന്ന്   വഴക്കെങ്കിലും   പറ   ഈ   കാല്   ഞാൻ   പിടിക്കാം   എന്നോട്   ക്ഷമിച്ചൂന്ന്   പറയമ്മേ.... "

മരിച്ചുമരവിച്ച  ശോഷിച്ച  ആ   കാലുകളിൽ   ചുറ്റിപ്പിടിച്ച്   യാചനയോടവൾ   തേങ്ങി. 

എന്നേ... എന്നെയൊറ്റയ്ക്കാക്കി   പോവല്ലേ    അമ്മേ.... എനിക്കാരുമില്ല   എന്റമ്മയല്ലാതെ... ഒന്ന്   കണ്ണുതുറന്നെന്നെ   നോക്കമ്മേ.. "

ചേതനയറ്റ   ആ   ശരീരത്തിലേക്ക്   കമിഴ്ന്നുവീണവൾ   പൊട്ടികരഞ്ഞു.  ആ   മാറിൽ   തലയിട്ടുരുട്ടി.  

"  അമ്മേ.... എന്നേ   വിട്ട്   പോകല്ലേമ്മേ... "

തണുത്തുറഞ്ഞ   ആ   ശരീരത്തിൽ  ഇറുക്കെ   പുണർന്നുകൊണ്ടുള്ള  ആ   പെൺകുട്ടിയുടെ   നിലവിളി   കേട്ടാണ്   രാധികയും   മറ്റുള്ളവരുമങ്ങോട്ട്   വന്നത്.  കണ്മുന്നിൽ   നടന്നുകൊണ്ടിരിക്കുന്ന   ആ   കാഴ്ച   അവരേവരേയും   ചുട്ടുപൊള്ളിച്ചു.   ഈ   ഭൂമിയിലുണ്ടായിരുന്ന   സകലബന്ധങ്ങളുമറ്റ്   തീർത്തുമൊറ്റപ്പെട്ടുപോയ   ആ   പെൺകുട്ടി   അത്രമേൽ   എല്ലാവരുടെ   ഹൃദയത്തേയും   പിടിച്ചുലച്ചു.  

കത്തിരിക്കാനാരുമില്ലാതിരുന്നത്   കൊണ്ടുതന്നെ   പിന്നീടെല്ലാം   വളരെ   വേഗത്തിൽ   തന്നെ   നടന്നു.  ആ   കൊച്ചുമൺകുടിലിന്   മുന്നിൽ   ഭർത്താവിനരികിൽ   തന്നെ   മറ്റൊരു   ചിതകൂടിയൊരുങ്ങി.  നിമിഷനേരം   കൊണ്ടുതന്നെ   എല്ലാവേദനകളെയും   കഴുകിക്കളയുന്ന   അഗ്നിയാശരീരത്തേ   പുണർന്നു.  ആ   സമയം   ഓരോനിമിഷവും   സ്വന്തം   കുഞ്ഞിനെയോർത്ത്   തേങ്ങുന്ന  ഒരമ്മയുടെ   കണ്ണീര്   പോലെ   ഒരു   ചാറ്റൽമഴ   പെയ്തു.  പക്ഷേ   അതിന്റെയർഥം   തിരിച്ചറിഞ്ഞത്   പോലെ   രാധികയും  അശോകനും   ആ   പെൺകുട്ടിയുടെ  ഇരുവശവും   നിന്ന്   അവളെ   ചേർത്തുപിടിച്ചിരുന്നു.  തങ്ങൾക്ക്   ജനിക്കാതെ   പോയ   സ്വന്തം   മകളായി.... 


(   ഒരുപക്ഷെ   ഇങ്ങനെ   ഒരവസാനം   ആരും   പ്രതീക്ഷിക്കുകയോ   ആഗ്രഹിക്കുകയോ   ചെയ്തിരുന്ന്   കാണില്ല   പക്ഷേ   ചിലതൊക്കെ   ഇങ്ങനെയാണ്   ഇങ്ങനെയൊക്കെയാവും   അതിന്റെ   അവസാനം.  ഇവിടെ   ഇപ്പോ   തീർച്ചയായും   ആ   അമ്മയെ   നശിപ്പിച്ചവരേ   പറ്റിയുള്ള   ചോദ്യം   വരാം.  അവരേപ്പറ്റി   ഞാനൊന്നും   പറയുന്നില്ല.  എന്റെ   വിഷയം   ആ   അമ്മയും   മകളും   മാത്രമായിരുന്നു.  അതിനിടയിൽ   വന്നുപോയ   ചിലർ    മാത്രമാണ്   അവരോരൊരുത്തരും.  അവരുടെ    ഭാവിയിനിയെന്തുമാകാം   അതിനെക്കുറിച്ച്   തല്ക്കാലം   ഞാൻ   ചിന്തിക്കുന്നില്ല.  പിന്നെ   എല്ലാ   ദുരന്തങ്ങളും   പത്രത്താളുകളിലോ   ചാനലുകളിലെ   അന്തിചർച്ചകളിലോ   വിഷയമാകാറില്ലല്ലോ.  ഇതും   അങ്ങനെയൊരു   സംഭവമാണ്.  സ്നേഹപൂർവ്വം   അഭിരാമി ❤️❤️❤️  ) അവസാനിച്ചു. 

ലൈക്ക് ഷെയർ ചെയ്യണേ, ഇഷ്ടമായെങ്കിൽ 2 വരി കമന്റിൽ കുറിക്കണേ...

കൂടുതൽ കഥകൾക്ക് ഈ പേജ് ഫോളോ ചെയ്യൂ....
To Top