നീയും ഞാനും, ഭാഗം: 2

Valappottukal Page



രചന: minnu

വിപിയേട്ടന് തന്നിൽ നിന്നും ഒരു ഒഴിഞ്ഞ് മാറ്റമുള്ളതായി നന്ദയ്ക്ക് തോന്നി തുടങ്ങിയിരുന്നു. ഇനി താൻ ചീത്ത ആയത് കൊണ്ട് ആയിരിക്കുമോ??? പക്ഷേ വിവാഹത്തിന് മുമ്പ് തന്നെ ഞാനെല്ലാം തുറന്ന് പറഞ്ഞതല്ലേ... എല്ലാം അറിഞ്ഞു വച്ച് കൊണ്ട് തന്നെയല്ലേ എന്നെ സ്വീകരിച്ചത്??? ഒരു പക്ഷേ ഇപ്പോ വേണ്ടായിരുന്നു ന്ന് തോന്നണുണ്ടാവുമോ??? മറ്റുള്ളവരുടെ മുന്നിൽ തന്നെ ചേർത്ത് പിടിച്ച് ഭാര്യയാണെന്ന് പരിചയപ്പെടുത്തുമ്പോൾ ഒന്നും ആ മുഖത്ത് നഷ്ടബോധമോ മാനക്കേടോ ഒന്നും കാണുന്നില്ലല്ലോ.... എന്തായിരിക്കും വിപിയേട്ടന്റെ പ്രശ്നം???


എത്ര ആലോചിച്ചിട്ടും നന്ദയ്ക്ക് ആ ഒരു ചോദ്യത്തിന് മാത്രം ഉത്തരം കിട്ടിയില്ല... അന്ന് കിടന്നിട്ടും അവൾക്ക് ഉറക്കം വന്നതേയില്ല... ഏറെ നേരം കഴിഞ്ഞപ്പോൾ ബാൽക്കണി ഡോർ അടച്ച് വിപി മുറിയിലേക്ക് വരുന്നത് അറിഞ്ഞു. ഉറങ്ങിയില്ലെങ്കില്ലും ചുമ്മാ ഉറക്കം നടിച്ചു കിടന്നു അവൾ.


അരികിൽ വന്നു കിടന്ന വിപി പുതപ്പ് എടുത്ത് പുതപ്പിച്ചു കൊടുക്കുന്നതും കവിളിൽ പതിയെ തലോടുന്നതും അറിഞ്ഞു. കുനിഞ്ഞ് അവളെ ഉണർത്താതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചു കൊണ്ട് പുരികങ്ങൾക്ക് ഇടയിലായി ചുംബിച്ചു.  ലൈറ്റണച്ച് അവളെ തന്റെ നെഞ്ചിലേക്ക് ചേർത്ത് കിടത്തി ഇരുകൈകൾ കൊണ്ടും അവളെ പൊതിഞ്ഞു പിടിച്ചു. അന്നാദ്യമായി ആ നെഞ്ചിൽ മുഖം ചേർത്ത് കിടക്കുമ്പോൾ നന്ദയുടെ ചുണ്ടിൽ ഒരു പുഞ്ചിരി മായാതെ നിൽപ്പുണ്ടായിരുന്നു. ഉറക്കത്തിലെന്ന പോലെ ഒന്ന് കൂടി നെഞ്ചിലേക്ക് ചുരുങ്ങി കിടന്നു. എന്നും കാലത്ത് ഉണരുമ്പോൾ ആ കൈക്ക് ഉള്ളിലായിരുന്നുവെങ്കില്ലും ഉറക്കത്തിൽ അറിയാതെ പറ്റുന്നതാണോ എന്നൊരു സംശയം ഉണ്ടായിരുന്നു. ഇപ്പോൾ അവൾക്ക് ഉറപ്പായി... വിശ്വാസമായി അവന്റെയുള്ളിൽ താൻ ഉണ്ടെന്ന്... ചിലപ്പോൾ ഉള്ളിലുള്ള സ്നേഹം ഇങ്ങനെയേ പ്രകടിപ്പിക്കാൻ അറിയുമായിരിക്കൂ.... ഇത് മതി... ഇത്രയും മതി... ഇങ്ങനെയൊക്കെയോ ഞാനും ആഗ്രഹിച്ചിരുന്നുള്ളൂ... അവന്റെ ഷർട്ടിൽ അള്ളിപ്പിടിച്ച് ആ ഹൃദയമിടിപ്പിന് കാതോർത്ത് കിടക്കുമ്പോഴും നിറഞ്ഞ സന്തോഷത്തിൽ തന്നെയായിരുന്നു.



പിറ്റേന്ന് കാലത്ത് അവനുള്ളത് ഓരോന്നും ഉൽസാഹത്തോടെ ഒരുക്കി കൊടുത്തു.


"ഞാനിന്ന് വരാൻ വൈകും... ഓഫീസിൽ ചെറിയൊരു പാർട്ടി ഉണ്ട്..."
ഇറങ്ങാൻ നേരം അവളോടായി പറഞ്ഞു. ഒന്ന് മൂളി കൊണ്ട് സിറ്റ്ഔട്ടിലേക്ക് അവനെ അനുഗമിച്ചു. കാർ ഗേറ്റ് കടന്നു പോകും വരെ ഒരു തിരിഞ്ഞ് നോട്ടം വെറുതെ പ്രതീക്ഷിച്ച് അവൾ അവിടെ തന്നെ നിന്നു...


സന്ധ്യ കഴിഞ്ഞപ്പോൾ മുതൽ അമ്മയ്ക്ക് ഒരു തലവേദന.. മരുന്ന് കഴിച്ച് പോയി കിടന്നു. അച്ഛനും നേരത്തെ ഭക്ഷണം കഴിച്ച് മുറിയിലേക്ക് പോയപ്പോൾ ആകെ ഒറ്റപ്പെട്ടത് പോലെ തോന്നി നന്ദയ്ക്ക്.... അപ്പോഴാ ഫോൺ ബെല്ലടിച്ചത്. വിപിയേട്ടൻ ന്ന് സ്ക്രീനിൽ തെളിഞ്ഞു കണ്ടതും അവളുടെ മുഖം പ്രകാശിച്ചു.

"കഴിക്കാൻ കാത്ത് നിക്കണ്ട... ഞാൻ പുറത്തൂന്ന് കഴിച്ചു. വരാൻ കുറച്ചൂടി കഴിയും..."
നന്ദ എന്തെങ്കിലും മറുപടി പറയുന്നതിന് മുൻപേ കോൾ ഡിസ്കണക്ടായിരുന്നു.


"വേറെ ഒന്നും പറയാനില്ലേ??? ഒന്നും.....??? അല്ല എന്താ പറയേണ്ടത് ഇങ്ങട്ട് തന്നെയല്ലേ വരുന്നേ.... വന്നിട്ട് നേരിട്ട് സംസാരിക്കാലോ..."
കുഞ്ഞ് സങ്കടങ്ങൾ വരുമ്പോൾ മനസ്സിൽ സ്വയം ആശ്വാസം കണ്ടെത്താൻ ഇടയ്ക്ക് എപ്പോഴോ അവൾ പഠിച്ചിരുന്നു.


ഒറ്റയ്ക്ക് കഴിക്കാനിരുന്നത് കൊണ്ട് ഒന്നിനും രുചി തോന്നിയില്ല. ചുമ്മാ എന്തൊക്കെയോ നുള്ളി പെറുക്കി കഴിച്ചെന്ന് വരുത്തി. പാത്രങ്ങൾ ഒക്കെ കഴുകി ഹാളിൽ ചെന്നിരുന്നു. കുറച്ചു സമയം വീട്ടിൽ വിളിച്ചു സംസാരിച്ചപ്പോൾ ആ ഒറ്റപ്പെട്ടൽ അങ്ങ് മാറി കിട്ടി. ടിവിയിൽ ചുമ്മാ ഓരോന്ന് വച്ചിരിക്കുമ്പോഴും ശ്രദ്ധ മുഴുവൻ മുറ്റത്തേക്കായിരുന്നു. കാർ വന്ന് നിൽക്കുന്ന ശബ്ദം കേട്ടതും ടിവി ഓഫാക്കി പോയി വാതിൽ തുറന്നു. മൂക്കിൻ അടിച്ചു കയറിയ മദ്യത്തിന്റെ തീഷ്ണഗന്ധം... കള്ളം പിടിക്കപ്പെട്ട കുട്ടിയെ പോലെ വിപി തല താഴ്ത്തി നിന്നു. അപ്പോഴും വീഴാതിരിക്കാൻ വേണ്ടി കട്ടിളയിൽ മുറുകെ പിടിച്ചിട്ടുണ്ടായിരുന്നു. ഉറഞ്ഞ് വന്ന ദേഷ്യത്തെ അടക്കിപ്പിടിച്ച് പരിഭവത്തോടെ ചുണ്ടുകൾ കൂർപ്പിച്ച് നന്ദ അവനെ തുറുക്കനെ നോക്കി. 


അവളുടെ മുഖത്ത് നോക്കാതെ തന്നെ കൈ കൊണ്ട് അവളെ ഒരു ഭാഗത്തേക്ക് തള്ളി മാറ്റി ആടിയാടി മുറിയിലേക്ക് നടന്നു. ഇരിച്ച് വന്ന ദേഷ്യത്തിൽ വാതിൽ വലിച്ചടച്ചു. രണ്ട് പറയണമെന്ന് ഉറപ്പിച്ച് അവൾ മുറിയിലേക്ക് ചെന്നു. ഇട്ട വസ്ത്രം പോലും മാറ്റാതെ കട്ടിലിൽ കമിഴ്ന്നു കിടക്കുകയായിരുന്നു വിപി. ഈയൊരു അവസ്ഥയിൽ അവനോട് എന്ത് പറഞ്ഞിട്ടും കാര്യമില്ല ന്ന് അവൾക്ക് ബോധ്യമായി. 



കട്ടിലിൽ നിന്നും തൂങ്ങി കിടന്ന കാലുകളിൽ നിന്നും ഷൂസും മുഷിഞ്ഞ സോക്സും അഴിച്ചു മാറ്റി. തിരിച്ച് കിടത്തി ഷർട്ടിന്റെ ബട്ടൻസ് തുറന്നിട്ട് ബെൽറ്റും ഊരി മാറ്റി. ഒരു വശത്തേക്ക് നീക്കി കിടത്താൻ ശ്രമിച്ചിട്ടും പറ്റാത്തായപ്പോൾ ഒരുവിധം അവനെ കടന്ന് ചാടി മറുവശത്ത് അവളും പിണങ്ങി കിടന്നു.



രാത്രിയിൽ എപ്പോഴോ കഴുത്തിൽ ഒരു നനവ് തോന്നിപ്പോൾ നന്ദ ഉറക്കം ഞെട്ടി. തന്നെ ഇറുകെ ഇറുകെ കെട്ടിപ്പിടിച്ച് എന്തോ പറഞ്ഞ് കരയുന്ന വിപിനെയാണ് അവൾ കണ്ടത്.

"നന്ദാ..... സോറി... ഞാൻ.. എനിക്ക്..."
മയക്കത്തിനിടയിൽ അവ്യക്തമായി എന്തൊക്കെയോ പുലമ്പി കൊണ്ട് അവൻ അവളെ ചേർത്തണച്ച് കൊണ്ടിരുന്നു.


ബോധമില്ലാത്ത അവസ്ഥയിലും ആ മനസ്സിൽ തന്നെ പറ്റിയുള്ള ചിന്തയാണെന്ന് ഓർത്തപ്പോൾ ചുണ്ടിൽ ഒരു പുഞ്ചിരി തെളിഞ്ഞു. തന്റെ മാറിൽ മുഖമമർത്തി കിടക്കുന്ന വിപിയുടെ മുടിയിഴകളിലൂടെ പതിയെ വിരലോടിച്ചു.



കാലത്ത് എണീറ്റപ്പോൾ മുതൽ വിപി വീണ്ടും ആ ഗൗരവക്കാരനായി. പക്ഷേ ഓരോ തവണ അവനെ നോക്കുമ്പോഴും നന്ദയ്ക്ക് ചിരി വരുന്നുണ്ടായിരുന്നു. ഇന്നലെ ഒരു ഉളുപ്പുമില്ലാതെ തന്നെയും കെട്ടിപ്പിടിച്ച് കരഞ്ഞ ആള് രാവിലെ മുഖം കേറ്റി പിടിച്ച് നിന്നാൽ ആർക്ക് ആയാലും ചിരി വരില്ലേ??? വാപൊത്തി ചിരിയടക്കി പിടിക്കുന്ന നന്ദയുടെ പെരുമാറ്റം കണ്ണാടിയിലൂടെ വിപി ശ്രദ്ധിച്ചു. ഇന്നലെ എന്താ ഉണ്ടായതെന്ന് ഓർമ്മിച്ചെടുക്കാൻ കഴിയാത്തതിനാൽ വിപി ആകെ പരുങ്ങലിലായി. അവന്റെ മുഖത്തെ ആ ചളിപ്പ് നന്ദയുടെ ചിരിയുടെ ആക്കം കൂട്ടി. റെഡിയായി വിപി മുറിക്ക് പുറത്തേക്ക് ഇറങ്ങിയതും അതുവരെ അടക്കിപ്പിടിച്ച ചിരി ഒരു പൊട്ടിച്ചിരിയായി നന്ദയിൽ നിന്നും പുറത്തേക്ക് വന്നു.

"ന്തിനാ ചിരിയ്ക്കണേ???"
പെട്ടെന്ന് ചെവിയരുകിൽ വിപിയുടെ ശബ്ദം കേട്ടതും നന്ദ ഞെട്ടി തിരിഞ്ഞു.


"മ്മ്ഹും..... ഒന്നൂല്ല്യ...."
ചുമല് കൂച്ചി കാണിച്ച് ചുണ്ടുകൾ കടിച്ചു പിടിച്ചു കുറുമ്പോടെ നിന്നു.


വിപി നെറ്റി ചുളിച്ച് അവളെ ഒന്ന് അടിമുടി നോക്കി. അപ്പോഴും പുഞ്ചിരിയോടെ നന്ദ അവനെ നോക്കി നിന്നു. അവളുടെ മുഖത്തെ ചിരി കാണുമ്പോൾ വിപിനായിരുന്നു കൂടുതൽ വെപ്രാളം...


"എ... എന്നാ ഞാനിറങ്ങുവാ... വൈകിട്ട് ഞാൻ വരുമ്പോ ഒരുങ്ങിയിരിക്കണം...."
അവൾക്ക് മുഖം കൊടുക്കാതെ പറഞ്ഞൊപ്പിച്ചു.



"എങ്ങോട്ട് പോവാനാ??"
തിരിഞ്ഞുള്ള അവന്റെ രൂക്ഷമായ നോട്ടത്തെ പാടേ അവഗണിച്ച് ഒരിക്കൽ കൂടി അവൾ ആ ചോദ്യം ആവർത്തിച്ചു. 


"ഒരു ചെറിയ യാത്ര.... ഹണിമൂൺ ന്ന് വേണേൽ പറയാം... രണ്ട് മൂന്ന് ദിവസത്തേക്കുള്ള ഡ്രസ്സ് എടുത്ത് വച്ചേക്ക്....".
കൂസലില്ലാതെ നിൽക്കുന്ന നന്ദയുടെ കവിളിൽ ഒന്ന് തലോടി പുഞ്ചിരിയോടെ അവൻ പറഞ്ഞു. അത്രയും അടുത്ത് നിന്ന് ആ മുഖത്ത് തെളിഞ്ഞ ഒരു പുഞ്ചിരി കണ്ടതിൽ അതിശയിച്ചു നിൽക്കുകയായിരുന്നു അവൾ. ഒപ്പം അവന്റെ സംസാരവും പ്രവൃത്തിയും അവളിൽ ഒരു കുഞ്ഞ് നാണവും വിരിയിച്ചിരുന്നു.


ഇന്ന് അവൻ തിരിഞ്ഞ് നോക്കുമെന്ന് അവൾക്ക് ഉറപ്പായിരുന്നു. കുസൃതിയോടെ വാതിൽ മറവിൽ ഒളിച്ച് നിന്നു. ഗേറ്റ് കടന്നു പോകുന്നതിനിടയിൽ പലതവണ ആ കണ്ണുകൾ തന്നെ തേടുന്നത് കണ്ടപ്പോൾ അവളുടെ മനസ്സിൽ ഒരു നിർവൃതി നിറഞ്ഞു.



അച്ഛനോടും അമ്മയോടും യാത്ര പറഞ്ഞ് അവനോടൊപ്പം ഇറങ്ങി. ആ നീണ്ട യാത്രയ്ക്ക് ഇടയിൽ എപ്പോഴോ അവന്റെ കൈ നന്ദയുടെ വിരലുകളിലേക്ക് കോർത്ത് പിടിച്ചിരുന്നു. പുഞ്ചിരിയോടെ അവൾ അവന്റെ തോളിലേക്ക് ചാഞ്ഞു.



"നന്ദാ..... എണീക്ക്..."
മയക്കം വിട്ടുണരുമ്പോൾ ഏതോ ഹോട്ടലിന് മുന്നിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു വണ്ടി.


"വാ... ഇറങ്ങ്... ഇന്ന് ഇവിടെയാ നമ്മുടെ സ്റ്റേ..."
വിപി ഡോർ തുറന്ന് പുറത്തേക്ക് ഇറങ്ങി. അവന് പിന്നാലെ ഇറങ്ങിയ നന്ദ ആ സ്ഥലം കണ്ടപ്പോൾ ഒന്ന് നടുങ്ങി. അന്നത്തെ അതേ ഹോട്ടൽ... തന്റെ ജീവിതത്തിലെ ഏറ്റവും നിർണായകമായ പലതും സംഭവിച്ച സ്ഥലം... ഒരു വിറയൽ ശരീരത്തിൽ ആകെ പടർന്നു.

"എന്താ താനിങ്ങനെ നിൽക്കണേ വാ...."
വിപി അവളുടെ കൈയിൽ മുറുകെ പിടിച്ചു. എന്തോ അവന്റെ ആ സാമീപ്യം അവൾക്ക് വലിയ ആശ്വാസമായിരുന്നു. സംരക്ഷിച്ച് നിർത്താൻ കൂടെ ആണൊരുത്തൻ ഉള്ളതിന്റെ ആശ്വാസം..


ബാഗുമെടുത്ത് മുന്നിൽ നടന്ന റൂംബോയുടെ പിന്നാലെ അവരും നടന്നു. 
"ഈ മുറി ഓർമ്മയുണ്ടോ നന്ദയ്ക്ക്???"
ചുറ്റും കണ്ണോടിച്ച് ഇല്ലെന്നവൾ തലയാട്ടി.

"മ്മം... താൻ ചെന്ന് ഒന്ന് ഫ്രഷായി വാ... അപ്പോഴേക്കും ഞാൻ ഫുഡ് ഓർഡർ ചെയ്യാം.."
അന്ന് അവർ ഒരുമിച്ച് ഇരുന്ന് ഭക്ഷണം കഴിച്ചു.


"നന്ദ വൈൻ കഴിക്കില്ലേ??? 
ബാഗിൽ നിന്നും ഒരു റെഡ് വൈൻ ബോട്ടിൽ എടുത്ത് അവൻ പൊട്ടിച്ചു. നന്ദ ഒരു അമ്പരപ്പോടെ അവനെ നോക്കി. വെള്ളമടിക്കാൻ കമ്പനിക്ക് വേണ്ടിയാണോ ഇങ്ങേര് തന്നെ കൂട്ടിക്കൊണ്ടു വന്നത്


"കഴിച്ചിട്ടുണ്ട്... പക്ഷേ ഇപ്പോ വേണ്ട... ഇവിടെ.... "


"എന്റൊപ്പം അല്ലെഡോ... Only one glass..."
രണ്ട് ഗ്ലാസുകളിലായി ആ മുന്തിരി ചാറ് പകർന്നൊഴിച്ചു. വാങ്ങാൻ കൂട്ടാക്കാതെ നിന്ന നന്ദയുടെ കൈയിലേക്ക് ബലമായി ഒരു ഗ്ലാസ് പിടിപ്പിച്ചു. ചിയേർസ് പറഞ്ഞു കൊണ്ട് ഒറ്റവലിക്ക് അവൻ അത് അകത്താക്കി. ചുണ്ടുകൾ തുടച്ച് അവൻ നന്ദയെ നോക്കി.. ആ ഗ്ലാസ് അങ്ങനെ പിടിച്ച് നിൽക്കുകയായിരുന്നു അവൾ.


"അന്ന് നന്ദ പറഞ്ഞില്ലേ താൻ ഒരിക്കൽ അബോർഷൻ ചെയ്തിട്ടുണ്ടെന്ന്... അന്ന് താൻ ഇല്ലാതാക്കിയത് ന്റെ കുഞ്ഞിനെയാ....."



"What?????"
ഞെട്ടലോടെ നന്ദ ഇരുന്നിടത്ത് നിന്നും ചാടി എഴുന്നേറ്റു. അവളുടെ കൈയിൽ നിന്നും ആ ചില്ലുഗ്ലാസ്സ് നിലത്തേക്ക് ഊർന്ന് വീണ് പൊട്ടിച്ചിതറി.... രക്തം പോലെ റെഡ് വൈൻ നിലത്ത് ഒഴുകി പരന്നു.

കൂടുതൽ കഥകൾക്ക് ഈ പേജ് ഫോളോ ചെയ്യൂ....
To Top