രചന: ജിച്ചന്റെ കാവു
അവന്റെയുള്ളിൽ ഏത് തരത്തിൽ ആണെന്ന് അറിയില്ല പക്ഷേ ഒരുപാടൊരുപാട് അന്നകൊച്ചു സ്ഥാനം പിടിച്ചിരുന്നു എന്ന് ഞാനും തിരിച്ചറിയുകയായിരുന്നു..
ഒരാഴ്ചക്കിപ്പുറം ഞാനെന്റെ ദേവനെ പഴയതിലും സന്തോഷവാനായി കാണുകയായിരുന്നു..
അവരുടെ പിണക്കങ്ങളൊക്കെ മാറി വാട്സ്ആപ്പിലും ഇൻസ്റ്റയിലും എല്ലാം അവരുടെ ചിത്രങ്ങൾ സ്ഥാനം പിടിച്ചുകൊണ്ടിരിക്കെ.. ദേവന്റെ വാക്കുകളിലെല്ലാം അവരുടെ സന്തോഷങ്ങൾ പ്രതിഫലിക്കെ.. മനസ്സിൽ കുഴിച്ചുമൂടിയ സങ്കടങ്ങൾ എന്നെ കാർന്ന് തിന്നുന്നുണ്ടായിരുന്നു..
ദേവന്റെ കയ്യുംപിടിച്ചു ഞാൻ നടന്നിട്ടുള്ള കോഴിക്കോടിന്റെ ഓരോ ഇടവഴികളും ഒരിക്കൽക്കൂടി അവന്റെ വാക്കുകളിലൂടെ അറിയവേ എന്റെ മനസിലുള്ള വഴികളിലൂടെ നടന്നിരുന്ന പ്രണയിതാക്കളിലെ പെൺകുട്ടിക്ക് എന്റെ മുഖം അല്ലായിരുന്നു.. അതെ.. ഒരിക്കൽക്കൂടി അവന്റെ കയ്പിടിച്ചു ആ ഇടവഴികളിലൂടെ, കണ്ണുകളിൽ പ്രണയം കയ്യ്മാറി നടക്കാൻ ഞാൻ ആഗ്രഹിച്ചപ്പോൾ അതിനു ഭാഗ്യം ലഭിച്ചത് ദേവന്റെ അന്നകൊചിനാണ് ..
ദേവന്റെ അന്നകൊച്ചു..
എത്ര പെട്ടന്നാണ് എന്റെ മനസ് അവൾക്കൊരു സ്ഥാനം കല്പ്പിച്ചു കൊടുത്തത്..
എനിക്ക് തന്നെ അത്ഭുതം തോന്നുന്നു..
എന്റെ ദേവനെ മറ്റൊരാൾക്ക് വിട്ടുകൊടുക്കാൻ ഞാനും തയ്യാറാവുകയാണോ??
എന്നോടുതന്നെ പുച്ഛം തോന്നുന്നു ഇതുപോലെയൊക്കെ ആലോചിച്ച് കൂട്ടുന്നതിൽ..
എല്ലാം എന്റെ തോന്നൽ മാത്രമാണെന്ന് മനസിനെ പറഞ്ഞു പഠിപ്പിച്ചേ പറ്റൂ.. മനസും ബുദ്ധിയും തമ്മിലുള്ള പിടിവലികളുമായി പിന്നെയും ദിവസങ്ങൾ കഴിഞ്ഞു പോയി...
അന്നൊരു ബുധനാഴ്ച്ചയായിരുന്നു.. തുടർച്ചയായുള്ള ക്ഷീണവും തലച്ചുറ്റലും എന്റെ കുഞ്ഞിന്റെ വരവിനെ സൂചിപ്പിക്കുന്നതാണെന്ന് ഞാനും തിരിച്ചറിഞ്ഞത് അന്നായിരുന്നു.. അത്യധികം സന്തോഷത്തോടെ ദേവനെ വിളിക്കാൻ ഒരുപാട് ശ്രമിച്ചെങ്കിലും നിരാശയായിരുന്നു ഫലം.. രണ്ട് അമ്മമാരും അച്ഛന്മാരും എന്റെ സഹോദരനും സ്നേഹംകൊണ്ടും സന്തോഷംകൊണ്ടുമെന്നെ പൊതിയുമ്പോഴും ദേവന്റെ ശബ്‍ദം കേൾക്കാനായി ഉള്ളം അലമുറയിട്ട് കരയുകയായിരുന്നു..
എന്നെ തിരിച്ചു വിളിച്ചുകിട്ടാതെ അമ്മയെ വിളിച്ചു ദേവൻ കാര്യം അറിഞ്ഞപ്പോഴും ഞാൻ പ്രതീക്ഷിച്ച പ്രതികരണമൊന്നും ലഭിച്ചില്ല എന്നതിനേക്കാളുപരി വെള്ളിയാഴ്ച വരുമ്പോൾ നമുക്ക് ആഘോഷിക്കാം എന്ന് പറഞ്ഞു ഫോണിലൂടെ ഉമ്മ തന്ന് കട്ട് ചെയ്തു പോയ ദേവൻ എനിക്ക് അപരിചിതൻ ആവുകയായിരുന്നു..
ആ അറിവ് എന്റെ മനസിലെ അവശേഷിക്കുന്ന പച്ചപ്പിനെ കരിയിക്കാൻ പോന്നതായിരുന്നു...
ഈ ദേവൻ എനിക്ക് അപരിചിതനാണ്.. കോഴിക്കോട് പഠിക്കുമ്പോൾ ഞാൻ നാട്ടിൽ ആയ ഒരു ദിവസം പിണങ്ങിയ എന്നെ സമാധാനിപ്പിക്കാൻ രാത്രിയിൽ ട്രെയിൻ കേറി വന്ന ദേവൻ എനിക്ക് പരിചിതനായിരുന്നു.. ജോലിക്ക് കയറിയ ആദ്യനാളുകളിൽ സുഹൃത്തിന്റെ പിറന്നാൾ ആഘോഷിക്കാൻ രാത്രിയിൽ വന്ന് പിറ്റേന്ന് വെളുപ്പിനെ തിരിച്ചു പോയി ജോലിക്ക് കേറിയ ദേവനും എനിക്ക് പരിചിതനായിരുന്നു.. ഇന്ന് സ്വന്തം ഭാര്യ തന്റെ രക്തത്തെ ഉദരത്തിൽ പേറുന്ന വാർത്ത കേട്ട് ജോലിതിരക്കുകൾ പറഞ്ഞു വീക്കെൻഡിലേക്ക് കാണാൻ വരുന്നത് നീട്ടി വെക്കുന്ന ദേവൻ എനിക്ക് അപരിചിതൻ തന്നെയാണ്.. എന്റെ ദേവൻ ഇങ്ങനെ അല്ല..
അതെ.. എന്നോ എപ്പോഴൊക്കെയോ ഞാനും ആശിച്ചിരുന്നു ഇങ്ങനെ ഒരു കുഞ്ഞിന്റെ വരവിനായി.. എന്റെ ഉള്ളിലും ഉണ്ടായിരുന്നു കുഞ്ഞും കൂടെ വന്നാൽ ദേവൻ എന്നെയും കുഞ്ഞിനേയും വിട്ട് എവിടേക്കും പോകില്ല എന്ന്.. ഞാനും കുഞ്ഞും മാത്രമായി അവന്റെ ലോകം ചുരുങ്ങും എന്ന്.. പക്ഷേ അതെല്ലാം പാഴ്കിനാവുകൾ മാത്രമാണെന്ന് അവന്റെ പ്രതികരണം എനിക്ക് മനസിലാക്കിത്തന്നു...
വെള്ളിയാഴ്ച രാത്രിയിൽ വന്ന ദേവന്റെ മുഖത്തു ഇത്രനാൾ ഞാൻ മനസ്സിൽ കൊണ്ട് നടന്നിരുന്നതൊക്കെ വെറുതെയാണെന്ന് വിശ്വസിക്കാനുള്ള ഭാവങ്ങൾ തേടുന്ന തിരക്കിലായിരുന്നു എന്റെ കണ്ണുകൾ.. പക്ഷേ പതിവ് തിളക്കം അവന്റെ കണ്ണുകളിലോ ചെറുപുഞ്ചിരി ആ ചുണ്ടുകളിലോ ഉണ്ടായിരുന്നില്ല.. എന്നെ ചേർത്ത് നിർത്തി നെറ്റിയിൽ ചുംബിക്കുമ്പോൾ അവന്റെ ഹൃദയത്തിലെ പിരിമുറുക്കം എനിക്കറിയാൻ പറ്റുന്നുണ്ടായിരുന്നു.. എങ്കിലും ഒരു പുഞ്ചിരിയിൽ ഞാനും എന്റെ വാക്കുകളെ പിടിച്ചു നിർത്താൻ ശ്രമിച്ചത് അവന്റെ വാക്കുകളിലൂടെ എന്റെ ചിന്തകൾ കേൾക്കാനുള്ള ശക്തി എനിക്കില്ലാതിരുന്നതിനാലാണ്..
അന്ന് രാത്രി കിടക്കാൻ റൂമിലേക്ക് ചെന്ന എന്നെ അവൻ വാരിപ്പുണർന്നിരുന്നു.. തീർത്തും നിശ്ചലയായി നിൽക്കാനേ എനിക്ക് സാധിച്ചിരുന്നുള്ളു.. തുരുതുരാ എന്റെ മുഖത്തു ഉമ്മകൾ കൊണ്ട് മൂടിക്കൊണ്ടിരിക്കുമ്പോഴും ആ കണ്ണുകളിലെ മിഴിനീർതിളക്കം മാത്രമെന്റെ മുന്നിൽ തെളിഞ്ഞിരുന്നുള്ളു..
ഒരുവേള അവനെ അടർത്തിമാറ്റി ആ കണ്ണുകളിലേക്ക് ഉറ്റുനോക്കവേ അവനെന്റെ കയ്യും പിടിച്ചു കട്ടിലിൽ ഇരുത്തി എന്റെ മടിയിലേക്ക് ചാഞ്ഞിരുന്നു.. തൽക്ഷണം തന്നെ എന്റെ വിരലുകൾ അവന്റെ മുടിയിഴകളെ പ്രണയിക്കാൻ തുടങ്ങിയിരുന്നു.. പതിയെ കണ്ണുകൾ അടച്ചു അവൻ എന്നോട് സംസാരിക്കാൻ തുടങ്ങി..
" നിത്യാ.. ഞാൻ.. നിന്നോട്... നിന്നോടിത് എങ്ങനെ പറയണമെന്ന് എനിക്ക്.. എനിക്കറിയില്ലാടാ.. പക്ഷേ ഇതുവരെ ഞാൻ... ഒന്നും നിന്നിൽ നിന്നും മറച്ചുവെക്കാൻ ശ്രമിച്ചിട്ടില്ല.. അതുകൊണ്ടാവും ഞാൻ മരിച്ചു.. മരിച്ചുപോവുന്ന പോലെ തോന്നാ..
നീ.. നീ എങ്ങനെയെടുക്കാന്നു അറിയില്ലടാ പക്ഷേ.. നീ അറിഞ്ഞേ പറ്റൂ.. എനിക്കൊരു തീരുമാനത്തിലെത്താൻ പറ്റാത്തിരിക്കാ.."
എന്നോട് തുറന്നു സംസാരിക്കാനാവാതെ വാക്കുകൾക്ക് വേണ്ടി പരത്തുന്ന അവനെ ഞാൻ കൺചിമ്മാതെ നോക്കി ഇരുന്നുപോയി.. അവൻ പറയാൻ പോകുന്ന കാര്യമെന്താണെന്ന് എനിക്കും അറിയാവുന്നതുകൊണ്ടും ഞാൻ ഏറെ ഭയപ്പെട്ടിരുന്ന കാര്യം അവന്റെ വാക്കുകളിലൂടെ അറിയാൻ പോവുന്നതുകൊണ്ടും എന്റെ മനസിന്റെയും ശരീരത്തിന്റേം നിയന്ത്രണം എനിക്ക് നഷ്ട്ടമാവുണ്ടായിരുന്നു.. കണ്ണുകൾ ഇറുക്കിയടച്ചു ഞാൻ ഇരുന്നു..
" നിനക്കറിഞ്ഞൂടെ ആൻ നെ?? "
നാളുകൾക്കിപ്പുറം അവന്റെ നാവിൽ നിന്നും അവളുടെ ചെല്ലപേരല്ലാതെ ശെരിയായ പേര് കേട്ടതിന്റെ ഞെട്ടലിൽ കണ്ണുകൾ തുറന്ന് ഞാൻ അവനെ നോക്കി.. ആ മുഖത്തു നിറഞ്ഞുനിന്നിരുന്ന സങ്കടം എന്റെ മനസിനെ പൊള്ളിക്കുന്നുണ്ടായിയുന്നു..
" അവൾ.. അവളൊരു റേപ്പ് വിക്ടിം ആണ് നിത്യാ.. "
ദേവന്റെ അടഞ്ഞുകിടക്കുന്ന കണ്ണുകളിൽ നിന്നും കണ്ണീർ എന്റെ മടിയിലേക് വീഴുന്നുണ്ടായിരുന്നു.
" അവളുടെ സ്വന്തം പപ്പയാ.. അവളെ.. "
വിതുമ്പിക്കൊണ്ട് ദേവനെന്റെ വയറിൽ മുഖം പൂഴ്ത്തിയപ്പോഴും കേട്ടതിന്റെ ഞെട്ടലിൽ ആയിരുന്നു ഞാനും..എന്നെ ചുറ്റിപിടിച്ചു കരയുന്ന അവനെ ഞാനെന്നിലേക് ചേർത്ത് പിടിച്ചിരുന്നു.. അപ്പോഴും അവളുടെ അവസ്ഥ എന്നെ പിടിച്ചുലക്കുകയായിരുന്നു.. ഒന്നും അറിയാതെ ഞാനാ കുട്ടിയെ എത്രമാത്രം വെറുത്തുപോയി..
അപ്പോഴേക്കും ദേവൻ തുടർന്ന് സംസാരിച്ചുകൊണ്ടിരുന്നു..
" നിരന്തരമായ പപ്പയുടെ ഉപദ്രവത്തെക്കാൾ അവളെ തളർത്തിയത് സ്വന്തം അനിയനും അവളുടെ ശരീരത്തിന് വേണ്ടി സമീപിച്ചു തുടങ്ങിയപ്പോഴാണ്.. അതാണ് എല്ലാം ഉപേക്ഷിച്ചു അവൾ കോഴിക്കോട് എത്തിയത്.. "
ഞാനൊരു നിമിഷം എന്റെ അച്ഛനെയും സഹോദരനെയും ഓർത്തുപോയി.. എന്റെ മുഖമൊന്നു വാടിയാൽ തർന്ന പോവുന്ന രണ്ട് ജന്മങ്ങൾ .. ഇന്നേവരെ ഇടവും വലവും നിന്ന് എന്നെ സംരക്ഷിച്ചുപോരുന്നവർ.. ദേവന്റെ വിവാഹകാര്യത്തിൽ മാത്രം അവരെന്നെ എതിർത്തുള്ളൂ.. പിന്നീട് എന്റെ വാശി സമ്മതിച്ചു തരുമ്പോഴും എന്റെ സന്തോഷമാണ് അവർക്ക് വലുതെന്നു ഓർമിപ്പിക്കുന്നുണ്ടായിരുന്നു..
എന്റെ ചിന്തകളെ മരവിപ്പിക്കുമാവിധമാണ് പിന്നീട് ദേവന്റെ വാക്കുകൾ കാതിൽ പതിച്ചത്..
" അവളെന്നെ പ്രണയിക്കുന്നു നിത്യാ..."
ഒരു നിമിഷം അവനെ അടക്കിപിടിച്ചിരുന്ന എന്റെ കയ്യ്കൾ നിശചലമാവുന്നതും ഹൃദയം നിലയ്ക്കുന്നതും കാഴ്ചകൾ മങ്ങുന്നതും ഞാനും അറിയുന്നുണ്ടായിരുന്നു.. ഒരുവേള വയറിൽ മുഖം പൂഴ്ത്തി കിടക്കുകയാണെങ്കിലും അവനും അതെല്ലാം അറിയുന്നുണ്ടാവാം.. എങ്കിലും അവൻ തുടർന്നു..
" പുരുഷന്മാരെയെല്ലാം വെറുത്തിരുന്ന അവൾ എന്നു മുതലാണ് എന്നെ ശ്രദ്ധിച്ചു തുടങ്ങിയതെന്നറിയില്ല നിത്യാ.. എന്റെ വാക്കുകളിൽ നിറഞ്ഞു നിന്നിരുന്ന നിന്നോടുള്ള പ്രണയമാണ് അവളെ ആദ്യമായി എന്നിലേക് ആകർഷിച്ചതെന്നു ആണ് അവൾ പറയുന്നത്..
എന്റെ മുറിയിലെ നമ്മളൊന്നിച്ചുള്ള ചിത്രങ്ങൾ നോക്കി മിഴി നിറച്ചു നിൽക്കുന്ന അവളെ പലപ്പോഴും ഞാനും കണ്ടിട്ടുണ്ട്.. അവൾക്കിതുവരെ ലഭിക്കാത്ത സ്നേഹവും കരുതലും നൽകണമെന്ന് എന്റെ ഉള്ളം എന്നോട് പറഞ്ഞുകൊണ്ടിരിക്കുന്നു നിത്യാ..
അതുകൊണ്ടാണ് അവളുടെ എല്ലാ ആഗ്രഹൾക്കും കൂട്ട് നിന്ന് അവളെ ജീവിതത്തിലേക്കു കയ്പിടിച്ചു കൊണ്ടുവന്നത്.. അവളുടെ ഇണക്കങ്ങളും പിണക്കങ്ങളും വാശിയും ഞാനും ആസ്വദിക്കുകയാണ്..
പക്ഷേ നീ പ്രെഗ്നന്റ് ആണെന്ന് അറിയിച്ചിന്റെ തലേന്ന് അവളുടെ സഹോദരൻ കോഴിക്കോട് വന്നു പ്രേശ്നങ്ങൾ ഉണ്ടാക്കിയിരുന്നു.. പേടിച്ചിട്ട് അവൾ ആ രാത്രിയിൽ എന്റെ മുറിയിലോട്ട് ആണ് വന്നത്.. എന്നെ ചുറ്റിപിടിച്ചു വിട്ടുകൊടുക്കല്ലേയെന്നു പറഞ്ഞു കരഞ്ഞ അവളെ കയ്യ് വിടാൻ എനിക്ക് തോന്നിയില്ലടാ..
ഒരു ആത്മാർത്ഥ സുഹൃത്തെന്നെ എനിക്കപ്പോഴും തോന്നിയിരുന്നുള്ളു.. പിന്നീടവൾ എന്റെ മുറിയിൽ തന്നെയാണ് താമസിച്ചിരുന്നത്.. അതിനിടയിൽ അവളുടെ പ്രണയവും ഞാനാണെന്ന് എന്നെ അറിയിച്ചിരുന്നു.. ഞാനൊരു അച്ഛനാവാൻ പോവുകയാണെന്ന് അറിഞ്ഞ അവൾ സർവവും നഷ്ടപെട്ടപോലെ ആർത്തുകരഞ്ഞപ്പോൾ അവളെ ഒറ്റക്കാക്കാൻ തോന്നിയില്ലടാ.. അവൾക് വേറെ ആരുമില്ല നിത്യ..
ഞാനീ നെഞ്ചിൽ അടുക്കിപിടിച്ചോണ്ടാ അവളിപ്പോഴും ജീവിക്കണേ..
ഞങ്ങൾ തമ്മിൽ.. "
എന്തോ പറഞ്ഞു വന്ന ദേവനെ ഞാൻ തടഞ്ഞു.. അപ്പോഴും എന്റെ കണ്ണുകൾ പെയ്യുന്നുണ്ടായിരുന്നു.. ഇതിൽ കൂടുതൽ കേൾക്കാൻ എനിക്കാവുമായിരുന്നില്ല.. അവൻ പതിയെ എണീറ്റിരുന്നപ്പോഴേക്കും ഞാനും എന്റെ വയറിൽ കയ്യ് വെച്ചു.. എന്റെ കുഞ്ഞ് അച്ഛന്റെ ശബ്‍ദം ആദ്യമായി കേൾക്കുന്നത് ആണ്.. ആ വേദനക്കിടയിലും എന്റെ ചുണ്ടിൽ ഒരു പുച്ഛ ചിരി വിടർന്നു..
എന്റെ മുഖത്തേക് നോക്കാനാവാതെ ദേവൻ തല കുമ്പിട്ടിരിക്കുന്നുണ്ട്.. ആ കാഴ്ചകൾ എന്നെ ഇപ്പോഴും വേദനിപ്പിക്കുന്നുണ്ടെന്ന് അത്ഭുതത്തോടെ ഞാൻ തിരിച്ചറിഞ്ഞു.. "എനിക്ക് നിങ്ങളെ വെറുക്കാനാവില്ല ദേവാ.. ഒരുപാട് കൊതിച്ച്നേടിയെടുത്തതാണ് ഈ ജീവിതം.. വീട്ടുകാരുടെ സങ്കടങ്ങളൊക്കെ കണ്ടില്ലന്നു നടിച്ചു നിങ്ങൾക് വേണ്ടി ജീവിക്കുകയായിരുന്നു ഞാൻ.. ഇനിയും എത്ര തെറ്റുകൾ നിങ്ങളുടെ ചെയ്താലും ഞാൻ എന്നും എന്റെ മരണം വരെ നിങ്ങളെ പ്രണയിച്ചുകൊണ്ടിരിക്കും.." എന്റെ ഹൃദയം അവനോടായി നിശബ്‍ദമായി അലമുറയിട്ടുകൊണ്ടിരുന്നു..
പതിയെ അവന്റെ കയ്കളിൽ കയ്യ് ചേർത്ത് എങ്ങോട്ടോ നോക്കി ഞാൻ പറഞ്ഞു.
" ദേവൻ ആലോചിക്കൂ.. പരിഹാരമില്ലാത്ത പ്രേശ്നങ്ങൾ ഇല്ലാലോ.. ദേവനും ശേരിയെന്നു തോന്നുന്നതെന്തോ അത് ചെയ്യാം.. എന്തൊരു തീരുമാനമായാലും ഇത്രയും കൊല്ലം കൂടെ നിന്നതുപോലെ ഇനിയും ഞാൻ കാണും..
ഇഷ്ടമില്ലാതെ മറ്റുള്ളവരെ ബോധിപ്പിക്കാനായി ഒരു തീരുമാനവും എടുക്കരുത്..
ദേവൻ എന്നും ദേവൻ തന്നെയായിരിക്കണം.. "
നെഞ്ചുപൊട്ടിപോകുന്നുണ്ടെന്ന് തോന്നിയിട്ടും പതർച്ചവരാതെ നേർമയായി ഞാൻ അത്രെയും പറഞ്ഞു ഒപ്പിച്ചു കിടന്നു..
ദേവൻ എന്തൊക്കെയോ പിന്നെയും പറയാൻ ശ്രമിക്കുന്നുണ്ടായിരുന്നു.. എനിക്കത് കേൾക്കാനുള്ള ത്രാണിയില്ലാത്തതിനാൽ വല്ലാത്ത ക്ഷീണം എന്നു പറഞ്ഞു ഞാൻ ഒഴിവാക്കി..
" ഞാൻ.. ഞാനൊന്നു കെട്ടിപ്പിടിച്ചോട്ടെ നിത്യാ.. "
ദേവന്റെ വേദന നിറഞ്ഞ വാക്കുകൾ കേട്ടില്ലെന്ന് നടിക്കാൻ എനിക്കയില്ല.. ഞാനൊന്നു മൂളിയപ്പോഴേക്കും പിറകിലൂടെ ചേർന്ന് കിടന്നെന്നെ മുറുക്കെ കെട്ടിപിടിക്കുന്നുണ്ടായിരുന്നു.. ആ കണ്ണുനീർ എന്റെ പുറത്തെയും എങ്ങലുകൾ എന്റെ കാതിനെയും പൊള്ളിച്ചുകൊണ്ടിരിക്കെ നിശബ്ദമായി ഞാനും കരഞ്ഞു തളർന്നുറങ്ങി..
പിറ്റേന്ന് ഞാൻ എണീക്കുമ്പോഴേക്കും ദേവൻ പോയിരുന്നു.. അവളവിടെ റൂമിൽ ഒറ്റക്കല്ലേ അതാവും.. അതിൽ നിന്നും തന്നെ ദേവന്റെ തീരുമാനം എന്താണെന്ന് ഞാൻ തിരിച്ചറിഞ്ഞിരുന്നു..
പിന്നീടുള്ള ദിവസങ്ങളിൽ അവന്റെ ഫോൺ കാൾ എനിക്ക് അരോചകമായി തോന്നുന്നുണ്ടായിരുന്നു.. മാസിൽ ഒരിക്കൽ മാത്രം വന്ന് ദേവൻ സാധനങ്ങളും പൈസയും അമ്മയെ ഏൽപ്പിച്ചുകൊണ്ടിരുന്നു.. മനപ്പൂർവം ഞാൻ അവനെ കണ്ടില്ലന്നു നടിച്ചു.. മറ്റൊരാളെ മനസ്സിൽ കൊണ്ട് നടക്കുന്നൊരു ഭർത്താവിനെ ഞാനും ആഗ്രഹിച്ചിരുന്നില്ല.. എന്നിരുന്നാലും എന്റെ ദേവനെ.. എന്റെ കുഞ്ഞിന്റെ അച്ഛനെ.. ഞാൻ പ്രണയിച്ചുകൊണ്ടിരുന്നു..
ഈ സമയത്ത് അവന്റെ ഇഷ്ടങ്ങൾ നടക്കട്ടെ എന്നു ഞാനും കരുതി.. അവൻ ഏറ്റവും സന്തോഷവാനായിരിക്കുന്നത് കാണാനാണ് എനിക്കും ഇഷ്ടം.. ഞാനെന്റെ ദേവനെ പൂർണമായും വിട്ടുകൊടുത്തു പ്രണയിക്കാൻ പഠിച്ചിരിക്കുന്നു..
മനസ് കയ്യ് വിട്ടു പോകുന്ന വേദനയിൽ വായനയിൽ സമയം ചെലവിട്ടും പാട്ടുകൾ കേട്ടും കുഞ്ഞിനോട് സംസാരിച്ചും ഞാനെന്റെ കുഞ്ഞിന്റെ ഹെൽത്ത് ശ്രദ്ധിച്ചോണ്ടിരുന്നു.. ഇനി എനിക്കെന്റെ കുഞ്ഞ് മാത്രം ഉണ്ടാവുള്ളു എന്ന സത്യം ഞാൻ ഉൾകൊള്ളുകയായിരുന്നു..
ഒരു നോട്ടംകൊണ്ട് പോലും ദേവനെ വേദനിപ്പിക്കുവാനോ ശല്യപെടുത്തുവാണോ ഞങ്ങൾ ആഗ്രഹിച്ചിരുന്നില്ല.. അമ്മയുടെ നിർബദ്ധം കൊണ്ടോ എന്തോ ദേവൻ ഇടക് ഒരു ദിവസമൊക്കെ വീട്ടിൽ നിൽക്കാറുണ്ടായിരുന്നു.. എന്നെ അഭിമുകീകരിക്കാൻ അവൻ പാടുപെടുന്നത് കൺകെ മനസാൽ ഞാൻ നീറുകയായിരുന്നു..
" ഇത്രക് വെറുത്തുവോ ദേവാ??.. നിനക്ക് എല്ലാ സന്തോഷവും വിട്ടു തന്നിട്ടും എന്റെ മുഖം പോലും നിനക്ക് കാണാൻ പറ്റാത്തത്തയോ??" ഒരുപാട് ചോദ്യങ്ങൾ മനസിനെ പൊള്ളിക്കവേ എന്റെ കുഞ്ഞിന്റെ അച്ഛനെ ഞാൻ പിന്നെയും കണ്ണുകൾക്കൊണ്ട് പ്രണയിച്ചു..
രാത്രിയിൽ ഞാൻ ഉറങ്ങിയെന്നു കരുതി വയറിൽ തഴുകുന്നതും ഉമ്മ വെക്കുന്നതും പതിഞ്ഞ സ്വരത്തിൽ കുഞ്ഞിനോട് സംസാരിക്കുന്നതും കേൾക്കെ എന്നിലെ അമ്മക്ക് ലോകം വെട്ടിപിടിച്ച സന്തോഷമായിരുന്നു..
മാസത്തിൽ ഒരിക്കെ ദേവന്റെ വരവും ബാക്കി സംഭവങ്ങളും തുടർന്നുകൊണ്ടിരുന്നു.. ഇത്രയും നാളുകളായിട്ടും എന്റെയും ദേവന്റെയും ഇടയിലെ പ്രശ്നങ്ങൾ ഞാൻ ആരെയും അറിയിച്ചിരുന്നില്ല.. ദേവന്റെ അമ്മ പലപ്പോഴും സംശയം തോന്നി എന്നോട് പലതും ചോദിച്ചെങ്കിലും ഞാൻ ഒഴിഞ്ഞുമാറി.. എനിക്കാരുടെയും മുഖത്തു നോക്കി ഒന്നും പറയാൻ ആവുമായിരുന്നില്ല..
എന്റെ ദേവനെ കുറ്റപ്പെടുത്തുന്നത് എനിക്ക് കേൾക്കാനാവുമായിരുന്നില്ല...
എന്റെ അല്ലെ തെറ്റ്??
അവൻ ഒരുപാട് നിർബന്ധിച്ചിട്ടും കൂടെ പോവാതിരുന്നത് എന്റെ തെറ്റല്ലേ??
എല്ലാം ദേവൻ തുറന്നു പറഞ്ഞ രാത്രിയിൽ അവൻ എന്റെ മാത്രമാണെന്ന് ഉറക്കെ വിളിച്ചുപറയാതിരുന്നത് എന്റെ തെറ്റല്ലേ??
മനസു കല്ലാക്കി എന്റെ ദേവന്റെയും ദേവന്റെ അന്നകൊച്ചിന്റെയും സന്തോഷത്തിനായി എന്റെ കുഞ്ഞിന്റെ അച്ഛനെ...എന്റെ പ്രണയത്തെ വിട്ടുകൊടുത്തത് എന്റെ മാത്രം തെറ്റല്ലേ??
അതെ.. ഈ തെറ്റിന്റെ ശിക്ഷ ഞാൻ മാത്രം അനുഭവിച്ചാൽ മതി.. ഒരാളും ഒന്നും അറിയണ്ടാ...
ബാത്‌റൂമിലെ കണ്ണാടിയിൽ ഞാനെന്റെ മാറ്റങ്ങളെ നിരീക്ഷിക്കുകയായിരുന്നു.. വയർ ഒരുപാട് വീർത്തുനിൽക്കുന്നുണ്ട്.. വിള്ളൽ പോലെ പാടുകളും കാണാൻ ഉണ്ട് .. ശരീരമാകെ വണ്ണം വെച്ചിട്ടുണ്ട്.. കാൽപാതങ്ങൾ തടിച്ചു വീർത്തിട്ടുണ്ട്.. കഴുത്തിനു ചുറ്റും കറുപ്പ് പടർന്നിട്ടുണ്ട്.. ദേവന്റെ വിരലുകൾക് തളിരണിയിക്കാൻ സാധിച്ചിരുന്ന എന്റെ ശരീരത്തെ ഓർത്തുപോയി ഒരു നിമിഷം..
കാലുകടഞ്ഞു ഉറക്കം നഷ്ടപ്പെട്ടിരുന്ന രാത്രികളിൽ ദേവനെൻന്റെ കാലുകളിൽ തടവി തരികയും മുടികളിൽ എണ്ണതേച്ചു തരികയുമൊക്കെ സ്വപ്നം കണ്ടിരുന്ന ഗർഭകാലം ഓർക്കുമായിരുന്നു..
അടിവയറിലൊരു കൊളുത്തിപിടുത്തവും അസഹ്യമായ വേദനയും വന്നപ്പോൾ കണ്മുന്നിൽ ആദ്യം തെളിഞ്ഞത് എന്റെ ദേവനും അവന്റെ ചിരിയുമായിരുന്നു.. ഇപ്പോഴും കണ്ണിൽ അത് മാത്രമേ ഉള്ളു..
ഹോസ്പിറ്റലിലെ അവ്യക്തമായ എന്തൊക്കെയോ ശബ്‍ദങ്ങൾ എന്റെ ചെവികളിൽ മൂളുന്നുണ്ട്.. ആരോ എന്റെ കവിളിൽ തട്ടി ഉണർത്താൻ ശ്രമിക്കുന്നുണ്ട്..
കണ്ണുകൾ തുറക്കാൻ ശ്രമിക്കുമ്പോഴൊക്കെ അവ എന്നെ തോൽപിച്ചോണ്ടിരിക്കുകയാണ്..
ഏതോ ഒരു സംഗീതം പോലെ കുഞ്ഞിന്റെ ശബ്‍ദം എന്റെ കാതുകളിൽ പതിയുന്നുണ്ട്.. ഒരിക്കലെങ്കിലും കണ്ണ് തുറന്ന് എന്റെ കുഞ്ഞിനെ കാണാൻ മനസ് വല്ലാതെ തുടികൊട്ടുന്നുണ്ട്.. പക്ഷേ സാധിക്കുന്നില്ല.. ഞാൻ കിണഞ്ഞു പരിശ്രമിക്കുമ്പോഴും തളർന്നു പോവുന്നത് ഞാൻ അറിയുന്നുണ്ട്..
ഇപ്പൊ എന്റെ കണ്മുന്നിൽ ഒരാളെ ഉള്ളു..
ദേവൻ...
എന്റെ ദേവൻ..
അവനിപ്പോ ഈ മുറിയുടെ പുറത്ത് എത്തിയിട്ടുണ്ടാവുമോ??
അന്നകൊച്ചിനെയും കൊണ്ട് ആയിരിക്കോ വന്നത്??
എന്റെ കുഞ്ഞിനെ കണ്ടുകാണുമോ അവൻ??
എന്നെ ചോദിച്ചുകാണുമോ ഡോക്ടറോട്??
ഞാനിവിടെ ശ്വാസത്തിനു പിടയുന്നതവനു അറിയാൻ പറ്റുന്നുണ്ടാകുമോ??
ഞാൻ നഷ്ടപ്പെടുമെന്ന് അവന്റെയുള്ളിൽ ഭയം വന്നുകാണുമോ??
ആ ഭയത്തിൽ അവനെന്നെ എത്രത്തോളം പ്രണയിച്ചിരുന്നു എന്നു അവനു തിരിച്ചറിയാൻ പറ്റുന്നുണ്ടാകുമോ??
ഞാനില്ലെങ്കിൽ അവനില്ല എന്നു പറഞ്ഞുകൊണ്ടിരുന്നത് അവൻ ഓർക്കുന്നുണ്ടാകുമോ??
കണ്ണുകളിൽ ഇരുട്ടുകയറുമ്പോഴും ശ്വാസം വിലങ്ങുതടിയാവുമ്പോഴും എന്റെ ചിന്തകളും മനസും അവൻ മാത്രമാണെന്ന് അവൻ അറിയുന്നുവോ??
ഒരു ചുമരിനപ്പുറത്തു..
അവനും.. ഞാനും...
( അവസാനിച്ചു )
****************************************
കഥയുടെ എൻഡിങ് ആദ്യത്തെ തീരുമാനിച്ചതിനാലാണ് പലരെയും വേദനിപ്പിക്കേണ്ടി വന്നത്.. ചില പ്രണയങ്ങൾ അങ്ങനെയാണ് സ്വന്തമാക്കിയാലും സ്വന്തമാവുകയില്ല.. ബലമായി പിടിച്ചുവെക്കുന്നതു പ്രണയമല്ല.. വിട്ടുകൊടുക്കലിൽ ആണ് പ്രണയം..
അതൊരിക്കലും നിർവീര്യമാവുന്നില്ല...
ലൈക്ക് കമന്റ് ചെയ്യണേ...
സ്നേഹത്തോടെ..❤
