രചന: ഇതൾ ഇതൾ
""""""രാവിൻ ഇമകളായ് ഞാൻ മാറിടും നേരം നീലനിലവായ് നീ രചിച്ചതെത്ര കവിതകൾ....
ഒരു മാത്ര പ്രണയമായ് കുറിച്ചിടാം മറുവരി.... ഇരവിൻ കാമുകി നിലാവേ നിനക്കായ്...!""""""
(വരികൾ കടപ്പാട് -Niranjana Jayesh)
💝 നിലാവിനെ പ്രണയിക്കുന്നവൾ...
എന്റെ നിലാ 💝
❣️❣️❣️❣️❣️❣️❣️❣️❣️
"ദീപു നീ പറ.. എന്താ നിന്റെ പ്രശ്നം....."
"ഒന്നുല്ലമേ... എനിക്ക് ഒരു പ്രശ്നവും ഇല്ല..." അതും പറഞ്ഞ് തിരിഞ്ഞവളെ ജാനകി കയ്യിൽ പിടിച്ചു നിർത്തി...
"ഞാൻ നിന്റെ അമ്മയാണ് ദീപു.. സ്വന്തം മോളുടെ കണ്ണൊന്നു നിറഞ്ഞാൽ എത്ര അകലെ ആണെങ്കിലും പെറ്റമ്മയുടെ നെഞ്ച് വിങ്ങും...."
ദീപു അവരുടെ കണ്ണുകളിലേക്ക് തന്നെ കുറച്ചു നേരം നോക്കി നിന്നു... പിന്നെ പെട്ടെന്നൊരു പൊട്ടിക്കരച്ചിലോടെ അവരുടെ നെഞ്ചിലേക്ക് ആഞ്ഞു....
ആ അമ്മയിൽ വല്ലാത്തൊരു ഭയം വന്ന് നിറഞ്ഞു.... പക്ഷെ ആ സമയത്ത് കൂടുതലൊന്നും ചോദിക്കാൻ കഴിഞ്ഞില്ല.. ദീപുവിന്റെ പുറത്ത് തട്ടി ആശ്വസിപ്പിച്ചു.... പൊട്ടിക്കരച്ചിൽ പതിയെ ഏങ്ങലടിയിലേക്കും നിശബ്ദതയിലേക്കും മാറി... ജാനകി പതിയെ അവളെ തന്നിൽ നിന്ന് അടർത്തി മാറ്റി ഹാളിലേക്ക് നോക്കി... ആരും തങ്ങളെ ശ്രെദ്ധിക്കുന്നില്ലെന്ന് കണ്ടതും അവളുടെ കൈ പിടിച്ച് തൊട്ടടുത്ത ചെറിയ മുറിയിലേക്ക് പോയി.... അവളെ കട്ടിലിൽ ഇരുത്തി വാതിൽ അടച്ചു കുറ്റി ഇട്ടു...
"മോളെ ദീപു... പറ.. എന്താ അമ്മേടെ കുഞ്ഞിന്റെ പ്രശ്നം....നിന്റെ കണ്ണിങ്ങനെ ചുമന്നിരിക്കുന്നത് കാണാൻ കഴിയുന്നില്ല അമ്മക്ക്... പറ.. ന്താ കുട്ടീടെ പ്രശ്നം..."
"അത് അമ്മേ.... എനിക്ക്...."ബാക്കി പറയാൻ ആകാതെ അവൾ നിലത്തേക്ക് മിഴികൾ ഊന്നി....
ജാനകി തന്റെ ചൂണ്ടു വിരലാൽ അവളുടെ താട ഉയർത്തി... ഒരായിരം വിഷമങ്ങൾ അവൾ ഉള്ളിൽ ഒളിപ്പിക്കുന്നതായി തോന്നി അവർക്ക്... വാത്സല്യത്തോടെ അവർ അവളുടെ നെറ്റിയിൽ ചുംബിച്ചു....
"അമ്മയോട് പറയെടാ... നിനക്ക് അവിടെ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ... പവന്റെ വീട്ടിൽ.... ഗീതേടത്തി വഴക്ക് പറയാറുണ്ടോ നിന്നെ...."
അവൾ ഒന്നും പറയാതെ കണ്ണുകൾ ഇറുകെ മൂടി.....
"ദീപു.. നീ എന്താ ഇങ്ങനെ മിണ്ടാതെ ഇരിക്കുന്നത്... അമ്മക്ക് ഇതൊന്നും കാണാൻ കഴിയുന്നില്ല... എന്തെങ്കിലും പറയ് മോളെ...."
"പവിയേട്ടന്റെ വീട്ടിൽ പ്രശ്നം ഒന്നുല്ല അമ്മേ... അമ്മയും വഴക്ക് പറയാറില്ല...." മുഖം ഉയർത്താതെ അവൾ പറഞ്ഞു....
"പിന്നെ... പിന്നെ എന്താ നിനക്ക് ഇത്രയും വിഷമം വരാൻ...."
"അറിയില്ല അമ്മാ..... എനിക്ക് അറിയില്ല..... കുറച്ചു ദിവസം ആയി വല്ലാത്തൊരു ഉൾഭയം.... എന്തോ സംഭവിക്കാൻ പോകുന്ന പോലെ...."
"നിനക്ക് പവിയോട് പറഞ്ഞുകൂടെ...."
"ഞാൻ എന്ത് പറയും.... എനിക്ക് തന്നെ അറിയില്ല എന്തിനാ ഞാൻ വിഷമിക്കുന്നതെന്ന്...." ജാനകിയുടെ മുഖത്തേക്ക് നോക്കാതെ വേറെങ്ങോ നോക്കി അവൾ പറഞ്ഞു..... അമ്മയുടെ കണ്ണുകളിലേക്ക് നോക്കിയാൽ തനിക്ക് സത്യം പറയേണ്ടി വരുമെന്ന് അവൾക്ക് നന്നായി അറിയാം.....
പെട്ടെന്ന് വാതിലിൽ മുട്ട് കെട്ട് അവർ രണ്ട് പേരും അങ്ങോട്ട് നോക്കി....ജാനകി വാതിൽ തുറക്കാൻ പോയതും ദീപു കണ്ണ് അമർത്തി തുടച്ചു...
"ദീപ്തി എവിടെ അമ്മേ...."അവരെ നോക്കി പവൻ ചോദിച്ചു...
"ഞാൻ ഇവിടെ ഉണ്ട് ഏട്ടാ.."കണ്ണാടിയിൽ നോക്കി കുഴപ്പമില്ലേന്ന് ഉറപ്പിച്ച് അവൾ ധൃതിയിൽ അവന്റെ അടുത്തേക്ക് എത്തി...
പവൻ അവളെ സൂക്ഷിച്ചു നോക്കി...
"എന്താ നിനക്ക്... മുഖം എന്താ വല്ലാതെ ഇരിക്കുന്നെ.... അവളുടെ തോളിൽ കൈ വെച്ച് ചോദിച്ചതും ഒന്നുമില്ലെന്ന അർഥത്തിൽ അവൾ തലയനക്കി..."
"അവൾക്ക്....."
"വാ ഏട്ടാ... ഹാളിലേക്ക് പോകാം...."ജാനകി എന്തോ പറയാൻ വന്നതും അതിന് സമ്മതിക്കാതെ ദീപു പവന്റെ കൈ പിടിച്ച് ഉള്ളിലേക്ക് നടന്നു.... അവിടേക്ക് എത്തിയതും കൈ വിടുവിച്ച് അവൻ ശ്രീക്കുട്ടന്റെ അടുത്ത് ഇരുന്നു...
"അപ്പൊ എങ്ങനെയാ കാര്യങ്ങൾ.... രണ്ട് കൂട്ടർക്കും ഇഷ്ടമായ സ്ഥിതിക്ക് ഇത് ഉറപ്പിച്ചാലോ...." മാധവൻ അത് പറഞ്ഞതും ദീപു അവളുടെ അടുത്ത് ഇരിക്കുന്ന അമ്മുവിനെ തല ചെരിച്ച് നോക്കി...
"എന്താടീ... ചെക്കനെ ഇഷ്ടപ്പെട്ടോ.." ദീപു സ്വരം താഴ്ത്തി അവളോട് ചോദിച്ചു... അമ്മു നാണത്തോടെ മുഖം കുനിച്ചതും ദീപുവിന് കാര്യങ്ങൾ ഏകദേശം കത്തി...
"കണ്ടാ കണ്ടാ... ദോ ഇവൾക്ക് നാണം... ന്റെ പൊന്നോ.... ന്തൊരു ബ്ലഷ് അടി... ഇവൾക്ക് ഇജ്ജാതി വികാരങ്ങൾ ഉണ്ടോ..."അപ്പുക്കുട്ടൻ പൊട്ടിച്ചിരിച്ചുകൊണ്ട് വന്ന് അമ്മുവിന്റെ അടുത്തായി ഇരുന്നു...
"പോടാ പട്ടി തെണ്ടി ചെറ്റേ..."പല്ല് കടിച്ച് അമ്മു അവനെ നോക്കി പറഞ്ഞു... അവർ മൂവരുടെയും കളിയും സംസാരവും കണ്ട് ശ്രീ കൂടെ വന്ന് ദീപുവിന്റെ അടുത്തായി ഇരുന്നതും പിന്നെ അവിടെ ഒരു ബഹളമായി....
ഉള്ളിലെ സംഘർഷങ്ങൾ ആ നിമിഷത്തേക്ക് ദീപു പാടെ മറന്നു... പക്ഷെ അത് കണ്ട് ദേഷ്യം ഉള്ളിലടക്കി നിൽക്കുന്നവനെ അവൾ ശ്രെദ്ധിച്ചേ ഇല്ല...
എല്ലാവരോടും യാത്ര പറഞ്ഞ് അടുത്ത ആഴ്ച പവന്റെ വീട്ടിൽ നടക്കുന്ന വിരുന്നിൽ അവരെ ക്ഷണിക്കുകയും ചെയ്ത് അവർ തിരികെ വീട്ടിലേക്ക് പോയി....
അവിടെ എത്തുന്നത് വരെ പവൻ നിശബ്ദനായിരുന്നു... ആക്‌സിലറേറ്ററിൽ അവന്റെ കാല് അമരുന്നതിനനുസരിച്ച് ദീപുവിന്റെ ഉള്ളിൽ ഭയത്തിന്റെ ഒരു കടലിരമ്പം തന്നെ ഉണ്ടായി... റൂമിലേക്ക് അവളുടെ കൈ പിടിച്ചു പോകുമ്പോൾ അറിയാവുന്ന ദൈവങ്ങളെ എല്ലാം അവൾ മനസ്സിൽ വിളിച്ചു... കൈ അറിയാതെ വയറിലേക്ക് പോയി... കഴിഞ്ഞ ദിവസം അവൻ തന്ന സമ്മാനത്തിന്റെ അവശേഷിപ്പ് ഇപ്പോളും ഉണങ്ങാതെ അവിടെ തന്നെ ഉണ്ടായിരുന്നു...
"എന്താടീ നിന്റെ ഉദ്ദേശം.... ഏഹ്... പറയ്... കണ്ടവന്മാരായി മുട്ടി ഉരുമ്മി ഇരിക്കുമ്പോൾ നിനക്ക് നല്ല സുഖം കിട്ടുന്നുണ്ടല്ലേ...."
വാതിൽ അടച്ചു കുറ്റിയിട്ടതും അവൻ അവളുടെ അടുത്തേക്ക് ചീറിക്കൊണ്ട് ചോദിച്ചു... ഒന്നും പറഞ്ഞില്ല അവൾ... മിണ്ടാതെ എല്ലാം കേട്ടു... അല്ലെങ്കിലും എന്ത് പറയാനാണ്... ദാമ്പത്യത്തിൽ സംശയം ഉടലെടുത്താൽ പിന്നെ വാക്കുകൾക്കോ പ്രവൃത്തികൾക്കോ വില ഒട്ടും ഉണ്ടാവില്ല...
"എന്താടീ പുല്ലേ മിണ്ടാത്തത്... ആ നിരഞ്ജനയുടേം ശ്രീരഞ്ജന്റേം അഭിഷേകിന്റേം അടുത്ത് ഇരിക്കുമ്പോൾ നിനക്ക് ആയിരം നാവ് ആയിരിക്കുമല്ലോ.... പിഴച്ചവളെ..."
അവളുടെ മടിക്കുത്തിൽ പിടിച്ചുകൊണ്ട് പവൻ അലറി...
"അവർ.... എന്റെ സഹോദരങ്ങൾ... ആണ്...." വേദനയിലും അവൾ പറഞ്ഞു....
അവൻ പിടിച്ച് ഒറ്റ തള്ളായിരുന്നു അവളെ... കിടക്കയിലേക്ക് മലർന്നടിച്ചു വീണതും ഓടി വന്ന് അവളുടെ ഇരുവശത്തും കൈ വെച്ച് വല്ലാത്തൊരു ഭാവത്തോടെ പവൻ അവളെ നോക്കി...
"സഹോദരങ്ങളോ... നിങ്ങളോ...അവന്മാർ നിന്റെ മുറച്ചെറുക്കന്മാർ അല്ലേടി... പിന്നെ എങ്ങനെയാടീ പുല്ലേ സഹോദരങ്ങൾ ആകുന്നത്.. ആരും അറിയാതെ പൂണ്ടുവിളയാടാൻ അവൾടൊരു ന്യായീകരണങ്ങൾ.."അവളുടെ കഴുത്തിലേക്ക് അവന്റെ കൈ അമരുന്നതിനൊപ്പം അവന്റെ കണ്ണുകൾ ചുമന്നുവന്നു...
"മുറച്ചെറുക്കൻ.. മുറപ്പെണ്ണ്... ആ ഒരു ബന്ധത്തിൽ അല്ല ഞങ്ങൾ.... വളർന്നത്..... സഹോദരങ്ങൾ ആയാണ്..."
ശ്വാസം മുട്ടുന്നതിന്റെ ഇടയിലുമവൾ എങ്ങനെയൊക്കെയോ പറഞ്ഞു..അവന്റെ കൈ പിന്നെയും അവളുടെ കഴുത്തിൽ ശക്തിയോടെ അമർന്നതും സർവ്വ ശക്തിയുമെടുത്ത് അവൾ അവനെ പിറകിലേക്ക് തള്ളി..... ഡ്രസിങ് ടേബിളിലേക്ക് കൈ കുത്തി നിന്നവൻ അവളെ ദേഷ്യത്തോടെ നോക്കി...
"നിങ്ങളുടെ പുഴുത്ത കണ്ണ് കൊണ്ട് കാണുന്നതെല്ലാം പുഴുത്തതായേ തോന്നൂ..."
എണീറ്റ് നിന്ന് അവനെ നേരെ കൈ ചൂണ്ടി അലറി...
"മതിയായെനിക്ക് എല്ലാം മതിയായി...നിങ്ങളെന്ന ഭ്രാന്തന്റെ കൂടെ ജീവിച്ചു മടുത്തു... ഇത്രയും നാൾ ഞാൻ വീട്ടിൽ ഒന്നും പറയാതിരുന്നത് എന്നെക്കുറിച്ച് ആലോചിച്ച് അവർ വിഷമിക്കരുത് എന്ന് വിചാരിച്ചാണ്.... പിടിച്ചു നിന്നതും അത് കൊണ്ട് തന്നെ.... ഇനി പറ്റില്ലെനിക്ക്... എന്റെ ഏട്ടന്മാരോടും വീട്ടിലും ഞാൻ പറയും..നിങ്ങൾ ഒരു ചെകുത്താൻ ആണെന്ന്... ബാക്കി അവർ നോക്കും..."അത്രയും നേരം അവന്റെ മുഖത്തുണ്ടായിരുന്ന ഭാവം മാറി അവിടെ അവൾക്ക് വേർതിരിച്ചറിയാൻ കഴിയാത്ത ഭാവം ഉടലെടുത്തു... ഉള്ളം ചെറുതായൊന്ന് കിടുങ്ങിയെങ്കിലും ധൈര്യം സംഭരിച്ച് അവൾ ഫോൺ എടുക്കാനായി തുനിഞ്ഞതും പവൻ വന്ന് അവളുടെ കവിളിലേക്ക് ആഞ്ഞടിച്ചതും ഒരുമിച്ചായിരുന്നു..... വലത്തേക്ക് വീണ അവളുടെ തല ശക്തിയായി കട്ടിലിന്റെ കാലിലേക്ക് ഇടിച്ചു....
🧡🧡
"അമ്മേ..." ഒരു നിലവിളിയോടെ ദീപു തലയും പൊത്തി പിടിച്ച് എണീറ്റു..തല പൊട്ടിപ്പിളരും പോലെ തോന്നി അവൾക്ക്..
"ചേച്ചി.... എന്താ... എന്ത് പറ്റി...."അടുത്ത് കിടന്നിരുന്ന അമ്മു അവളെ കുലുക്കിക്കൊണ്ട് വിളിച്ചപ്പോളാണ് കണ്ടതത്രയും സ്വപ്നമായിരുന്നെന്ന് അവൾക്ക് മനസിലായത്... തല ചെരിച്ച് അമ്മുവിനെ നോക്കിയപ്പോൾ അവൾ നെറ്റി ചുളിക്കുന്നതും കണ്ണ് കൂർപ്പിക്കുന്നതും കണ്ട് ദീപു ഒരു ചമ്മിയ ചിരി ചിരിച്ചു...
"കണ്ടൂലെ... ഇന്നും കണ്ടൂലെ അയാളെ...ഇതിനൊക്കെ എന്താ വേണ്ടത് ന്റെ കൃഷ്ണ.... വർഷം മൂന്ന് കഴിഞ്ഞു..എന്നിട്ടും അയാളെ സ്വപ്നം കാണുന്നത് നിർത്തീല..."
"അമ്മു..ഞാൻ.."
"വേണ്ട... ഞാൻ കരുതിക്കൂട്ടി അല്ലെന്നല്ലേ പറയാൻ പോകുന്നെ.... ന്നാലും ചേച്ചിക്ക് ആ ചെകുത്താനെ തന്നെ സ്വപ്നം കാണാൻ കിട്ടിയൊള്ളു...അന്ന് പോന്നപ്പോ അങ്ങേരുടെ കരണം നോക്കി ഒന്ന് കൊടുത്തിട്ട് പോരണമായിരുന്നു... ഞാൻ എങ്ങാനും ആയിരുന്നേൽ...."
"മതി മതി.....ഇനി അതും പറഞ്ഞു നീ കാടുകേറണ്ട..കിടന്ന് ഉറങ്ങാൻ നോക്ക്..."
"ഹെലോ.. എങ്ങോട്ടാ.. ഈ നട്ടപാതിരക്ക്.."കട്ടിലിൽ നിന്ന് ഇറങ്ങി ബാൽക്കണിയിലേക്ക് നടന്നതും പിന്നിൽ നിന്ന് അമ്മുവിന്റെ ചോദ്യം എത്തി...
"എനിക്ക് ഉറക്കം വരുന്നില്ലമ്മൂ...നല്ല നിലാവുണ്ട് പുറത്ത്..കുറച്ചു നേരം ഞാൻ അതും നോക്കി നിൽക്കട്ടെ...."
"ഓഹ്... തുടങ്ങിയോ നിലാവ് ഭ്രാന്ത് വീണ്ടും... അങ്ങനെ ഇപ്പൊ നീ ഒറ്റക്ക് ഉറങ്ങാതെ നിൽക്കണ്ട ചേച്ചി... ഞാനും വരുവാ..."
"എന്ത് കഷ്ടമാ അമ്മു... നാളെ നിന്റെ എൻഗേജ്മെന്റ് ആണ്... പോയി കിടന്നുറങ്ങ് പെണ്ണേ...ഉറക്കം കളയാതെ.."
"എൻഗേജ്മെന്റ് അല്ലേ കല്യാണം ഒന്നല്ലല്ലോ..."അതും പറഞ്ഞ് ദീപുവിന്റെ കയ്യും പിടിച്ചു ബാൽക്കണിയിലേക്കുള്ള ഡോർ തുറന്നതും തുറന്നത് പോലെത്തന്നെ ദീപു അത് അടച്ചു...
"ഇപ്പൊ ഉറക്കം കളഞ്ഞിട്ട് വേണം നാളെ എല്ലാരുടേം മുന്നിൽ നിന്ന് ഉറക്കം തൂങ്ങാൻ... വായോ.."
"അപ്പൊ നിലാവ്...."
"നിലാവ് നാളെയും ഉണ്ടാകും... എനിക്ക് വേണ്ടി നീ ഉറക്കം കളയണ്ട..."കൂടുതൽ ഒന്നും പറയാതെ ദീപു കിടക്കയിൽ ചെന്ന് കിടന്നു...അമ്മു അടുത്ത് കിടന്നതും കയ്യും കാലും എടുത്ത് ദീപുവിന്റെ മേലേക്ക് വെച്ചു...
പിന്നെയും ഓർമ്മകൾ രണ്ട് വർഷം പിന്നിലേക്ക് സഞ്ചരിച്ചു....
ഇരുപതാം വയസ്സിൽ ആയിരുന്നു പവനുമായുള്ള വിവാഹം... തന്റെ മനസ്സിൽ മുന്ന് വേറൊരാളും സ്ഥാനം പിടിച്ചിട്ടില്ലാത്തത് കാരണം പവന്റെ ആലോചന വന്നപ്പോൾ കൂടുതലൊന്നും ചിന്തിക്കേണ്ടി വന്നില്ല...പെണ്ണ് കാണാൻ വന്ന ദിവസം തന്നെ സംസാരം കൊണ്ട് വീട്ടിലെ എല്ലാവരെയും കയ്യിലെടുക്കാൻ അയാൾക്ക് കഴിഞ്ഞിരുന്നു... അന്ന് സംസാരിച്ചപ്പോൾ പോലും വളരെയധികം മാന്യതയോടെ ആണ് സംസാരിച്ചത്... എന്റെ ചില ഇഷ്ടങ്ങളെക്കുറിച്ച് അന്ന് തന്നെ ചോദിച്ചറിഞ്ഞിരുന്നു...
തന്റെ ജീവിതത്തിലേക്ക് വരുന്ന ആദ്യ പുരുഷൻ..... അതും അച്ഛൻ കണ്ടെത്തിയ ആൾ.... അന്ന് മുതൽ താൻ അയാളെ പ്രണയിച്ചു തുടങ്ങി... ഡിഗ്രി മൂന്നാം വർഷം ആയതിനാൽ കല്യാണം പെട്ടെന്ന് നടത്തിയാൽ അത് പഠനത്തെ ബാധിക്കുമെന്ന് പവൻ പറഞ്ഞത് പ്രകാരമാണ് ഒരു വർഷത്തേക്ക് കല്യാണം നീട്ടിയത്... ഓരോ പ്രാവശ്യത്തെ കോളിലും നന്നായി പഠിക്കണം എന്ന് ഒരായിരം തവണ ആവർത്തിച്ചിരുന്നു... എല്ലാം കൊണ്ടും വല്ലാത്തൊരു ബഹുമാനം തനിക് അയാളോട് ഉണ്ടായി.... ആ ഒരു വർഷം കൊണ്ട് തന്നെ പരസ്പരം വല്ലാതെ അടുത്തു...
കല്യാണം ഉറപ്പിച്ച് ഒരു ആഴ്ചക്ക് ശേഷമാണ് ബെസ്റ്റ് ഫ്രണ്ട് ആയ ശാരിയോട് പവന്റെ കാര്യം പറയുന്നത്.... ആദ്യത്തെ പരിഭവത്തിന് ശേഷം വന്ന് സന്തോഷത്തോടെ കെട്ടിപ്പിടിക്കും എന്ന് വിചാരിച്ചിരുന്ന അവളുടെ മുഖത്ത് പക്ഷെ സന്തോഷത്തിന്റെ ഒരു തരി പോലും കാണാൻ ഇല്ലായിരുന്നു..... കല്യാണം ഇപ്പൊ കഴിക്കേണ്ട.. കുറച്ചു നാൾ കൂടി വെയിറ്റ് ചെയ്യ്... അപ്പൊ ഇതിലും നല്ല ആൾ വരും എന്നൊക്കെ ആണ് അവൾ പറഞ്ഞത്.... അന്ന് പൊട്ടിച്ചിരിച്ചുകൊണ്ട് അതിനെ തള്ളിയെങ്കിലും അവൾ പിന്നെയും അത് തന്നെ ആവർത്തിച്ചു.... അവസാനം അവൾ പറഞ്ഞത് തന്നെ ഒരാൾക്ക് ഇഷ്ടമാണെന്നും ഒരു ജോലി കിട്ടിയാൽ വീട്ടിൽ വന്ന് ആലോചിക്കും എന്നാണ്... എന്തോ അത് കേട്ടപ്പോൾ തനിക്കത് ഒട്ടും ഇഷ്ടപ്പെട്ടില്ല....അവളെ എന്തൊക്കെയോ പറഞ്ഞു.....ഇനി ആരൊക്കെ വന്നാലും പവന് താൻ കൊടുക്കുന്ന സ്ഥാനം മറ്റൊരാൾക്ക് കൊടുക്കാൻ പറ്റില്ലെന്ന് തീർത്തു പറഞ്ഞു...ആ സമയത്തിനുള്ളിൽ തന്നെ അയാൾ തന്നിൽ വെരുറപ്പിച്ച് കഴിഞ്ഞിരുന്നു....
അതിന് ശേഷം അവൾ ഒന്നും തന്നെ പറഞ്ഞില്ല.. പക്ഷെ ഉള്ളിൽ തന്നോട് പരിഭവം ഉണ്ടെന്ന് അവളുടെ സംസാരത്തിലൂടെയും പെരുമാറ്റത്തിലൂടെയും മനസിലായിരുന്നു... ആ കാര്യം അന്ന് തന്നെ പവനോടും പറഞ്ഞു... കുറച്ചു നേരം ഒന്നും മിണ്ടാതെ ഇരുന്നു...
"എന്താടോ ദീപ്തി.... തനിക്ക് എന്നെ വേണ്ട ഫ്രണ്ട് പറഞ്ഞ ആളെ മതിയെന്ന് തോന്നുന്നുണ്ടോ...."ഒരു ദീർഘനിശ്വാസം എടുത്തുകൊണ്ട് പവൻ ചോദിച്ചത് ഇതാണ്....
"എനിക്ക് ആദ്യമായി ഇഷ്ടവും പ്രണയവും തോന്നിയത് നിങ്ങളോടാണ് ഏട്ടാ.... എന്റെ അവസാന ശ്വാസം വരെയും അത് അങ്ങനെ തന്നെ ആയിരിക്കും...."എന്റെ ആ മറുപടിയിൽ അതിനെ കുറിച്ചുള്ള സംസാരം അവിടെ നിന്നിരുന്നു.....
മെയിൻ എക്സാം കഴിഞ്ഞ് അടുത്ത മാസം ഞങ്ങളുടെ വിവാഹം നടന്നു.... അതിന് മുൻപ് തന്നെ ശാരിയുടെയും അവൾ സ്നേഹിച്ചിരുന്ന വിശ്വാസേട്ടന്റെയും കല്യാണം കഴിഞ്ഞിരുന്നു... വീട്ടിൽ സമ്മതിക്കാത്തത് കൊണ്ട് രണ്ട് പേരും ആരും അറിയാതെ പോയി രജിസ്റ്റർ മാര്യേജ് ചെയ്തു... എന്റെ കല്യാണത്തിന്റെ അന്നാണ് അവളെ ഞാൻ പിന്നെ കാണുന്നത്.... ഡ്രസിങ് റൂമിൽ enne കാണാൻ വന്ന അവളുടെ മുഖത്ത് ഞാൻ മുന്നേ കണ്ടിരുന്ന പരിഭവം ആയിരുന്നില്ല.. മറിച്ച് സങ്കടം ആയിരുന്നു...
"നീ കല്യാണം കഴിക്കാൻ പോകുന്ന ആളെ നീ എങ്ങനെയോ സ്നേഹിച്ചു പെണ്ണേ.... മറ്റൊന്നും ആലോചിക്കേണ്ട... പക്ഷെ നിന്നെ സ്നേഹിക്കുന്ന ആൾക്ക്... ആ ഹൃദയത്തിന് നിന്നെക്കുറിച്ചേ ആലോചിക്കാൻ കഴിയൂ.... സന്തോഷത്തോടെ ഇരിക്ക് ദീപു.. എപ്പോളും ഈ ചിരി നിന്റെ ചുണ്ടിൽ തന്നെ ഉണ്ടാകട്ടെ..." അത് പറയുന്ന സമയത്ത് അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.... ഒരു ഗിഫ്റ്റ് കയ്യിൽ വെച്ചു തന്ന് താലികെട്ട് കാണാൻ പോലും നിൽക്കാതെ അവളും വിശ്വാസേട്ടനും പോയി.... അവൾ അങ്ങനെ എന്തിനാണ് പറഞ്ഞതെന്ന് പോലും ഞാൻ ആലോചിച്ചില്ല... പവന്റെ താലി കഴുത്തിൽ വീഴുന്ന സമയത്തിന് വേണ്ടിയുള്ള കാത്തിരിപ്പ് ആയിരുന്നു..
ആദ്യരാത്രിയിൽ മറ്റേതൊരു പെണ്ണിനെയും പോലെ പുതിയ ജീവിതത്തെക്കുറിച്ചുള്ള ഒരുപിടി പ്രതീക്ഷകളുമായാണ് അയാളുടെ മുന്നിലേക്ക് ചെന്നത്... അകത്തേക്ക് കയറി വാതിൽ കുറ്റിയിട്ട് തിരിഞ്ഞതും പവൻ ജനലിൽ കൈ വെച്ചു പുറത്തേക്ക് നോക്കി നിൽക്കുന്നതാണ് കണ്ടത്... പതിയെ അടുത്തേക്ക് ചെന്ന് തോളിൽ കൈ വെച്ചതും തിരിഞ്ഞു നിന്ന് ചുമരിൽ ചാരി കുറച്ചു നേരം തന്നെത്തന്നെ നോക്കി നിന്നു.... ആ നോട്ടം താങ്ങാനാകാതെ പതിയെ അവന്റെ നെഞ്ചിലേക്ക് ചാരി... അവനും തന്നെ ചേർത്ത് നിർത്തി.... നിമിഷങ്ങൾക്കകം അയാളുടെ നാവിൽ നിന്നും വീണ വാക്കുകൾ കെട്ട് ഉള്ളൊന്ന് ആളി...
"കല്യാണം കഴിഞ്ഞ് ആദ്യരാത്രി തന്നെ ഇങ്ങോട്ട് വന്ന് കെട്ടിപ്പിക്കുന്ന പെണ്ണിനെ വിശ്വസിക്കാവോ ദീപ്തി...."പരിഹാസമാണോ വേറെന്തെങ്കിലും ആയിരുന്നോ അവന്റെ വാക്കുകളിൽ നിറഞ്ഞു നിന്നിരുന്നത് എന്ന് മനസിലായില്ല.... പെട്ടെന്ന് തന്നെ വിട്ട് മാറി അവന്റെ മുഖത്തേക്ക് തന്നെ കുറച്ചു നേരം
നോക്കി....
"ഹേയ് ഹേയ്... ചുമ്മാ പറഞ്ഞതാ...."ഞൊടിയിടയിൽ ആ ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരി മിഴിഞ്ഞ കണ്ണുകളോടെ നോക്കി നിൽക്കാനേ കഴിഞ്ഞുള്ളൂ.....
അത് വെറും തുടക്കം മാത്രമായിരുന്നെന്ന് പിന്നീടുള്ള ദിവസങ്ങളിൽ മനസിലായി....കല്യാണത്തിന് മുൻപുള്ള ആളേ ആയിരുന്നില്ല അതിന് ശേഷം.... സ്വന്തം സഹോദരങ്ങളോട് സംസാരിക്കുന്നത് പോലും സംശയത്തോടെ നോക്കി കാണുന്ന കണ്ണുകൾ.... സ്വന്തം അമ്മ ഒഴിച്ച് ബാക്കി എല്ലാ സ്ത്രീകളും മോശം ആണെന്ന ചിന്ത ആയിരുന്നു അയാളിൽ....
പെണ്ണെന്നാൽ ആണിന്റെ ഇങ്കിതത്തിന് വഴങ്ങേണ്ടവൾ മാത്രമാണെന്ന ഒരു വസ്തുവാണെന്ന് അയാൾ പറയാതെ പറഞ്ഞു,,, എന്നെ ശരീരികമായി കീഴ്പ്പെടുത്തിയ ദിവസം... വേദന കൊണ്ട് നിലവിളിക്കാൻ പോലും സമ്മതിക്കാതെ വായ് കൈ കൊണ്ട് മൂടി അയാൾ... ശെരിക്കും പീഡിപ്പിക്കുകയായിരുന്നു തന്നെ...ദിവസം കൂടുന്തോറും അത് കൂടിയതല്ലാതെ കുറഞ്ഞില്ല...
എന്തിനായിരുന്നു തന്നോടിങ്ങനെ ചെയ്തതെന്ന് എത്ര ആലോചിച്ചിട്ടും മനസിലായില്ല.. അടുത്ത് വരുമ്പോൾ തനി ഭ്രാന്തൻ ആയിരുന്നു അയാൾ... തന്റെ ഭാഗത്ത് നിന്ന് സംഭവിക്കുന്നത് ചെറിയ തെറ്റിന് പോലും അയാൾ നൽകിയിരുന്ന ശിക്ഷ മരണത്തിന് തുല്യം ആയിരുന്നു... വിരുന്നിനു വീട്ടിൽ നിന്ന് എല്ലാവരും വന്നപ്പോൾ എന്നെ ഞെട്ടിച്ചുകൊണ്ട് അയാൾ നന്നായി അഭിനയിച്ചു.... എന്നെ എപ്പോളും ചേർത്തു പിടിച്ച് നിന്നപ്പോൾ പൊട്ടിക്കരയാൻ തോന്നിപ്പോയി...
വല്യേട്ടന്റെ മക്കൾ അന്ന് വന്നിരുന്നതിനാൽ കുട്ടികൾ കളിച്ചപ്പോൾ ഹാളിൽ കുറച്ചു അഴുക്ക് ആയിരുന്നു.... അവർ പോയതിന് ശേഷം ഒരു ബക്കറ്റ് വെള്ളം കൊണ്ട് എന്റെ മേലേക്ക് ഒഴിച്ചു... കാര്യം എന്താണെന്ന് മനസിലാക്കും മുന്നേ മോപ്പ് തന്റെ മേലേക്ക് എറിഞ്ഞിരുന്നു...
ഈറനോടെ നിന്നുകൊണ്ട് വീട് മുഴുവൻ തുടപ്പിച്ചു... ഒരാഴ്ച പനിയായി കിടന്നിട്ടും അയാളുടെ ശരീരിക ഉപദ്രവത്തിന് ഒരു മാറ്റവും ഉണ്ടായിരുന്നില്ല... എല്ലാത്തിനും കൂട്ട് നിൽക്കാൻ സ്വന്തം അമ്മയും.... അച്ഛന് അവിടെ ഒരു വിലയുമില്ലെന്ന് മുന്നേ മനസിലായതാണ്.... രാത്രി കിടപ്പറയിലെ ഭർത്താവിന്റെ ഉപദ്രവം കഴിഞ്ഞാൽ രാവിലെ അമ്മയുടെ ഊഴമാണ്... കാരണങ്ങൾ അവർ താനെ കണ്ടെത്തും....
പഴയ ദീപ്തി ആ ചെറിയൊരു കാലയളവിൽ തന്നെ മരിച്ചിരുന്നു.... തെറ്റ് കണ്ടാൽ മുഖം നോക്കാതെ പ്രതികരിച്ചിരുന്നവളിൽ നിന്ന് എല്ലാം സഹിക്കുന്നവളായി മാറി....
ആകെ കുറച്ചു ആശ്വാസം ഉണ്ടായിരുന്നത് കോളേജിൽ പോകുന്ന സമയത്ത് ആയിരുന്നു.. അച്ഛൻ പിജി അഡ്മിഷൻ എടുത്തു തന്നതിനാൽ അയാൾക്ക് മറുത്തൊന്നും പറയാൻ കഴിയുമായിരുന്നില്ല.. എല്ലാ വേദനക്കിടയിലും പഠിക്കണം എന്ന ചിന്ത മാത്രമായിരുന്നു ഉള്ളിൽ.... എല്ലാരും ഉറങ്ങുന്ന സമയത്ത് പവൻ അറിയാതെ മെഴുകുതിരി വെട്ടത്തിൽ ആയിരുന്നു പഠനം.....
ദിവസങ്ങൾ കഴിയുന്തോറും അയാളുടെ ഉപദ്രവങ്ങൾ സഹിക്കാവുന്നതിലും അപ്പുറം ആയി... അമ്മുവിന്റെ പെണ്ണ്കാണൽ കഴിഞ്ഞു വീട്ടിൽ എത്തിയ ദിവസം അയാളുടെ അടി കൊണ്ട് കട്ടിലിൽ തല ഇടിച്ചു വീണത് മാത്രം ആയിരുന്നു ഓർമ... ബോധം വന്നപ്പോൾ അടുത്ത് അമ്മുവും അപ്പുവും ഉണ്ടായിരുന്നു... റൂം ആകെ അലങ്കോലം ആയി കിടക്കുവായിരുന്നു...അവിടെ ഉണ്ടായിരുന്ന എല്ലാ ഫ്ലവർവൈസും താഴെ പൊട്ടിക്കിടക്കുവായിരുന്നു....
"എല്ലാം അപ്പുവും ശ്രീയേട്ടനും കൂടി നശിപ്പിച്ചതാ...."എന്റെ നോട്ടം കണ്ടതും അമ്മു പറഞ്ഞു...
"എന്താടീ ചേച്ചി.... എന്താ ഇതൊക്കെ... അവൻ നിന്നെ ഇത്രയും കാലം കൊല്ലാകൊല ചെയ്യുവായിരുന്നോ..."മറ്റെങ്ങോ നോക്കി അപ്പു ചോദിച്ചു..
"നിന്റെ അമ്മായിഅമ്മ വിളിച്ചിരുന്നു ചേച്ചി.... നിന്നെ അവർക്ക് ഇനി ആവശ്യമില്ലെന്നും വേണേൽ വന്ന് കൊണ്ട് പൊക്കോളാനും പറഞ്ഞു.. രാവിലെ ഒരു കുഴപ്പവുമില്ലാതെ നിങ്ങൾ പോന്നതല്ലേ... ഇത് കേട്ടപ്പോളെ അമ്മ നെഞ്ചത്തടിച്ചു കരയാൻ തുടങ്ങി...ഒരുവിധം പിടിച്ചു നിർത്തിയാണ് ഞാനും അച്ഛനും ശ്രീയേട്ടനും അപ്പുവും കൂടി ഇങ്ങോട്ട് പോന്നത്...
ഇനിയെങ്കിലും ഒന്ന് പറ ചേച്ചി... ഇത്രേം നാളും അയാളുടെ ഉപദ്രവം സഹിച്ചായിരുന്നോ ചേച്ചി ജീവിച്ചത്...."
ആദ്യം ഒന്നും പറഞ്ഞില്ലെങ്കിലും പിന്നെ ഒന്നും ഒളിക്കാതെ പറയേണ്ടി വന്നു... പറഞ്ഞു കഴിഞ്ഞതും അപ്പു എന്റെ കൈപിടിച്ച് ഹാളിലേക്ക് നടന്നു...അകത്തേക്ക് എത്തിയതും ശ്രീയേട്ടൻ അയാളെ ദേഷ്യത്തോടെ നോക്കി നിൽക്കുന്നതാണ് കാണുന്നത്... അയാൾ എന്റെ വീട്.. എന്റെ അമ്മ.. എന്റെ ഇഷ്ടം... അങ്ങനെ എന്തൊക്കെയോ പുലമ്പുന്നു.... എന്നെ കണ്ടതും ശ്രീയേട്ടൻ അടുത്തേക്ക് ഓടിവന്നു..
"ഇവൻ ഒരു സൈക്കോ ആണ് ദീപു... എല്ലാം സഹിച്ചു നീ ഇത്രയും നാൾ ഇവിടെ നിന്നു.. ഇനി വേണ്ട.... നിന്റെ സാധനങ്ങൾ എല്ലാം അമ്മു എടുത്തിട്ടുണ്ട്... നമ്മൾ ഇപ്പൊ ഇറങ്ങുന്നു ഇവിടന്ന്... മാമൻ പറഞ്ഞത് കൊണ്ട് മാത്രമാണ് ഇവനെ ഞാൻ കൊല്ലാതെ വിടുന്നത്.. ഇനിയും ഇവിടെ നിന്നാൽ ചിലപ്പോൾ എന്റെ കൈ കൊണ്ട് ഇവൻ ചത്തെന്നു വരും... വാ ഇറങ്ങ്..." ശ്രീയേട്ടന്റെ കൈ പിടിച്ച് ആ വീടിന്റെ പടി ഇറങ്ങുമ്പോൾ ഒരിക്കൽ പോലും തിരിഞ്ഞു നോക്കണമെന്ന് തോന്നിയില്ല... എന്റെ ബാഗ് വണ്ടിയിൽ എടുത്തു വെച്ചതും അപ്പു ഓടി പോയി പുറത്ത് കിടന്നിരുന്ന ചെടിച്ചട്ടികൾ മൊത്തം എടുത്ത് സിറ്റ്ഔട്ടിലും അകത്തേക്കും വീടിന്റെ ഉമ്മറത്തുമായി ഇട്ട് തല്ലിപ്പൊട്ടിച്ചു...
"ഇങ്ങനെ എങ്കിലും ചെയ്തില്ലേൽ ഒരു സ്വസ്ഥതയും ഉണ്ടാവില്ല മാമേ..."അന്തിച്ച് നിൽക്കുന്ന അച്ഛനെ നോക്കി പറഞ്ഞുകൊണ്ട് അപ്പു കാറിൽ കയറി എന്റെ അടുത്ത് ഇരുന്നു...
വീട്ടിൽ വന്നിട്ടും എന്നോട് ആരും കൂടുതലായൊന്നും ചോദിച്ചില്ല... എന്റെ മനസ്സ് ഇനിയും വേദനിക്കരുത് എന്ന് കരുതിയാകും...സദാ സമയവും അപ്പുവും ശ്രീയേട്ടനും അമ്മുവും കൂടെ തന്നെ ഇരുന്നു... അമ്മുവിന്റെ നിർബന്ധപ്രകാരം കല്യാണം നീട്ടിവെച്ചു.. വേണ്ടെന്ന് കുറേ തവണ പറഞ്ഞതാ.. പക്ഷെ അവളുടെ ചെക്കൻ ഋഷി... അവന്റെയും കൂടെ തീരുമാനം ആയിരുന്നു അത്....
പിന്നീടുള്ള കാര്യങ്ങൾ വളരെ വേഗത്തിൽ ആയിരുന്നു.. ഡിവോഴ്സ് പെറ്റീഷൻ ഫയൽ ചെയ്തു.. ഞങ്ങളെ പോലെ തന്നെ അവർക്കും ഈ ബന്ധം പിരിയാൻ തിടുക്കം ആയിരുന്നു... ഒരു വർഷം കഴിഞ്ഞപ്പോളേക്കും ഡിവോഴ്സ് കിട്ടി... ഇതിന്റെ ഇടയിൽ ഞാൻ പഠിച്ച കോളേജിൽ തന്നെ ജോലി കിട്ടി... സെക്കന്റ് ഇയർ ആയപ്പൊളേക്കും നെറ്റ് എഴുതി കിട്ടിയതിനാൽ അവിടെ ജോലി കിട്ടാൻ പ്രയാസം ഉണ്ടായിരുന്നില്ല....
പഴയകാര്യങ്ങൾക്കെല്ലാം ഒരു അറുതി വന്നതാണ്.. പക്ഷെ ചില നോവിക്കുന്ന ഓർമ്മകൾ ഇപ്പോളും മനസ്സിനെ വരഞ്ഞു മുറിവേൽപ്പിക്കുന്നു....
💔💔
ആലോചിചാലോചിച്ച് എപ്പോളാണ് മയങ്ങിയതെന്ന് ഓർമയില്ല... രാവിലെ കണ്ണും തിരുമ്മി നോക്കിയതും കട്ടിലിൽ ചമ്രം പടിഞ്ഞിരുന്ന് കയ്യും കെട്ടി തന്നെ നോക്കുന്ന അമ്മുവിനെയാണ് കണ്ടത്.. ഇവളെന്താ ഇങ്ങനെ നോക്കുന്നതെന്ന് ഓർത്ത് മൊബൈൽ എടുത്തു നോക്കിയതും സമയം കണ്ട് ഞെട്ടി....8മണി കഴിഞ്ഞു...
"സോറി മോളെ സോറി മോളെ... ചേച്ചി ഉറങ്ങിപ്പോയി...."പെട്ടെന്ന് തന്നെ ചാടി പിടഞ്ഞെണീറ്റ് ടവലും എടുത്തുകൊണ്ട് ബാത്‌റൂമിലേക്ക് ഓടി.. തിരിച്ചുവന്നപ്പോളും അവൾ ആ ഇരുപ്പിൽ തന്നെ ആയിരുന്നു... ഒന്നും മിണ്ടാതെ അവളെ എണീപ്പിച്ച് കണ്ണാടിയുടെ മുന്നിൽ നിർത്തി ഒരുക്കികൊടുത്തു.... പതിയെ ആ മുഖത്ത് ചിരി വിടരുന്നത് കൗതുകത്തോടെ നോക്കി നിന്നു....
ഫങ്ക്ഷന് അത്യാവശ്യം ആളുകൾ ഉണ്ടായിരുന്നു... പലരുടെ കണ്ണുകളും ദീപ്തിയിൽ ആയിരുന്നു കൂടുതലും... അവൾ എല്ലാരേയും നോക്കി ഹൃദ്യമായ പുഞ്ചിരി നൽകി...
ദീപ്തിയോട് സംസാരിച്ചു നിൽക്കുന്നതിന്റ ഇടയിലാണ് അമ്മു ചേട്ടായി എന്നും വിളിച്ചു കൊണ്ട് വാതിൽക്കലേക്ക് നോക്കിയത്.... അവളുടെ കണ്ണുകൾ പോയ വഴിയിലൂടെ ദീപ്തിയുടെ കണ്ണുകളും സഞ്ചരിച്ചു... അകത്തേക്ക് കയറി വന്ന ആളേ കണ്ട് കണ്ണൊന്നു ചുളിഞ്ഞു... താൻ ഇതുവരെ കാണാത്ത ഒരാൾ... അമ്മു സന്തോഷത്തോടെ ചേട്ടായി എന്ന് വിളിക്കുന്നില്ല... അയാളുടെ പിന്നാലെ വന്ന ആളുകളെ കണ്ടതും അവളിൽ ചിരി വിടർന്നു..
അച്ഛന്റെ സഹപ്രവർത്തകന്റെ മക്കൾ.... ശ്രുതി എന്ന അച്ചുവേച്ചിയും അനശ്വര എന്ന അനുവും... അച്ചുവേച്ചിയുടെ കയ്യിൽ ഒരു പൊടിക്കുപ്പിയും ഉണ്ട്... തന്നെ കണ്ടതും രണ്ട് പേരും ഓടി വന്ന് കെട്ടിപിടിച്ചു...
കുറേ നാളുകൾക്കു ശേഷം കാണുന്നതിന്റെ പരിഭവവും സന്തോഷവും ഒറ്റ ശ്വാസത്തിൽ രണ്ട് പെരും പറഞ്ഞു...
അമ്മു ആണെങ്കിൽ ചേട്ടായി എന്നും പറഞ്ഞ് അയാളുടെ കയ്യിൽ തന്നെ തൂങ്ങി നിൽക്കുവാണ്... അമ്മു ആളെയും കൊണ്ട് അടുത്ത് വന്നതും പരസ്പരം ഒന്ന് ചിരിച്ചു..
"ദീപുവിന് ആളെ കണ്ടിട്ട് മനസിലായില്ലെന്ന് തോന്നുന്നു..."അച്ചുവേച്ചി അവളെ നോക്കിക്കൊണ്ട് ചോദിച്ചതും ഇല്ലെന്ന അർഥത്തിൽ അവൾ ചുമൽകൂച്ചി....
"അപ്പൊ അത് അറിയത്തില്ലേ...ഇത് അച്ചുവേച്ചിടെ കെട്ടിയോൻ... ഇത് ഇവരുടെ മോള് കുഞ്ഞാറ്റ..."അനു അതും പറഞ്ഞുകൊണ്ട് മോളെ കയ്യിൽ എടുത്തതും ചേച്ചി അവളുടെ കയ്യിൽ ഒന്ന് തല്ലി...
"എരണം കെട്ടതെ... മിണ്ടാതിരി... എന്റെ കെട്ടിയോനെ മാറ്റിയാലുണ്ടല്ലോ... ഇത് എന്റെ കെട്ടിയോൻ ഒന്നല്ല ദീപു... അനിയനാ.. ധീരജ്..."
അവൾ മനസ്സിൽ ആ നാമം ഉരുവിട്ടു..
കേട്ടിട്ടുണ്ട്.. മോഹനൻ സാറിന്റെ മകൻ ധീരജിനെ കുറിച്ച്.. എല്ലാ തല്ലുകൊള്ളിത്തരങ്ങൾക്കും പണ്ടേ മുന്നിൽ ഉള്ളവൻ... അതുപോലെ തന്നെ പഠനത്തിലും... അച്ഛന്റെ പ്രിയ ശിഷ്യൻ എന്ന് ലേബൽ പണ്ടേക്ക് പണ്ടേ കൊടുത്തിട്ടുണ്ട്... പറഞ്ഞു കേട്ടതല്ലാതെ ഇതുവരെ കണ്ടിട്ടില്ല ഇങ്ങനെ ഒരു വ്യക്തിയെ..
"ഹായ്..."തനിക് നേരെ കൈ നീട്ടിക്കൊണ്ട് അവൻ പറഞ്ഞതും മനസ്സില്ലാ മനസോടെ കൈ അവന്റെ കയ്യോട് ചേർത്തു...
