ചെകുത്താൻ, ഭാഗം: 6 (അവസാന ഭാഗം)

Valappottukal Page



രചന: ഗൗരിനന്ദ

"നമ്മടെ,,,നമ്മടെ വാവയല്ലേ ധ്രുവാ...?!"

ഇടറിയ വാക്കുകൾ കൂട്ടിച്ചേർത്തവൾ ദയനീയമായി ചോദിച്ചതും ധ്രുവൻ ദച്ചുവിന്റെ കൈകളെടുത്ത് ചുണ്ടിൽ മുട്ടിച്ചു...

"അതേ,,,നമ്മുടെ കുഞ്ഞ് തന്നെയാണ്...അതുകൊണ്ടാ തന്നോട് ഞാൻ ചോദിച്ചത്...എനിക്കറിയാം നീയൊരു അമ്മയാകാൻ തയാറെടുക്കുന്നവളാണെന്ന്...ചങ്ക് പൊടിയുന്ന വേദനയോടെയാണ് ഞാനിത് ചോദിക്കുന്നത്...അമ്മയാവാൻ കഴിവില്ലാത്തൊരു സ്ത്രീയെ  ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നുണ്ടല്ലോ നീ,,,അങ്ങനെയുള്ള നിന്റെ കുഞ്ഞിനെ തന്ന് എന്റെ സങ്കടം തീർക്കാമോയെന്നവളെന്റെ മുഖത്ത് നോക്കിയാണ് ദച്ചു ചോദിച്ചത്...അത് സ്വർത്ഥത കൊണ്ടല്ല,വേദന കൊണ്ടാണെന്ന് എനിക്കറിയാം...പക്ഷേ സ്വന്തം കുഞ്ഞിനെ മറ്റൊരാൾക്ക് നൽകാൻ ഏതൊരമ്മയും മടിക്കും...നമ്മുടെ കുഞ്ഞിനെ നീ ഉദരത്തിൽ ചുമക്കുമ്പോൾ ഞാനെന്റെ ഹൃദയത്തിലാണ് വഹിക്കുന്നത്...അറിയാതെ ചോദിച്ചു പോയതാ പെണ്ണേ,,,നീ അത് മറന്നേക്ക് ദച്ചു,,,നമ്മുടെ കുഞ്ഞ് നമ്മുടെ ഒപ്പം തന്നെ വളരണം...നമ്മടെ മാത്രമായി..."

ഉറപ്പോടെയവളെ ചേർത്ത് പിടിക്കുമ്പോഴേക്കും ദച്ചു മറ്റൊരു ലോകത്തായിരുന്നു...തനിച്ച മുറിയിൽ ഇരുട്ടിലിരിക്കുന്നൊരു പെൺകുട്ടി...വയറിൽ കെട്ടിപ്പിടിച്ചു സ്വയം പഴിച്ച് വിങ്ങിവിങ്ങി കരയുന്നുണ്ട്...ഒരു കൈകുഞ്ഞുമായി നിൽക്കുന്ന തങ്ങൾക്ക് നേരെ കണ്ണുനീരോടെയവൾ കേഴുന്നു...അതിവേഗം കണ്ണുകൾ തുറന്നു...

"കൊടുക്കാം...കൊടുക്കാം ധ്രുവാ,,,നമ്മുടെ വാവയെ കൊടുക്കാം...തനു നല്ല കുട്ടിയാ,,,നമ്മുടെ കുഞ്ഞിനെ പൊന്നുപോലെയവൾ നോക്കും...നമ്മുടെ മുന്നിൽ തന്നെ നമ്മുടെ കുഞ്ഞുണ്ടാകുമല്ലോ..."

കണ്ണുനീരിനെ ധ്രുവന്റെ ഷർട്ടിൽ ഒപ്പിക്കൊണ്ടവൾ  മിഴികളുയർത്തിയവനെ ഉറ്റുനോക്കി...നിറഞ്ഞ കണ്ണുകൾ അവളിൽ നിന്നും മറയ്ക്കാനവൻ വളരെ പ്രയാസപ്പെട്ടിരുന്നു...ദിവസങ്ങൾ കൊഴിഞ്ഞു തുടങ്ങിയിരുന്നു...ഇതിനിടയിൽ തനുവിന്റെയും ധ്യാനിന്റെയും വിവാഹം ചെറിയ രീതിയിൽ നടത്തിയിരുന്നു...സ്വന്തം അവസ്ഥ ഓർത്തുള്ള വേദനയാകാം ധ്യാൻ വളരെയേറെ അസ്വസ്തനായിരുന്നെങ്കിലും തനു ഒരാശ്വാസത്തിനായവന്റെ കൈകൾ ചേർത്ത് പിടിച്ചത് നിറകണ്ണുകളോടെയാണ് ധ്രുവനും ദച്ചുവും കണ്ടുനിന്നത്...തനു ധ്യാനിനെ പരിചരിക്കുന്നതും എപ്പോഴും കളിചിരികളോടെ കൂടെ നിൽക്കുന്നതും ദച്ചു അതിശയത്തോടെയാണ് കണ്ട് നിന്നത്...ദിവസങ്ങൾ പോകേ ധ്രുവനും ദച്ചുവും കുഞ്ഞിന് വേണ്ടിയുള്ള കാത്തിരിപ്പിൽ വേദനകളൊക്കെ പാടെ മറന്നിരുന്നു...തങ്ങൾ മാത്രമാകുന്ന വേളയിൽ ധ്രുവൻ വാതോരാതെ കുഞ്ഞിനോട് സംസാരിക്കും...അണിവയറിൽ തഴുകിയവൻ കുസൃതി കാണിക്കുന്നതും കുഞ്ഞുങ്ങളെ പോലെ വയറിലേ അനക്കം ശ്രദ്ധിക്കുന്നതും ദച്ചു കൗതുകത്തോടെ നോക്കിയിരിക്കും...

"ഒരുരള കൂടി കഴിക്ക് മോളെ,,,കുഞ്ഞിന് നല്ല ആരോഗ്യം വേണ്ടേ...പൊന്നാ,,,അമ്മേനെ വിഷമിപ്പിക്കല്ലേഡാ...അമ്മ ഇതൊക്കെ കഴിച്ചോട്ടെ...എന്നാലേ കുഞ്ഞനും വലുതാകൂ..."

ഛർദിച്ച് ക്ഷീണിച്ച ദച്ചുവിനോടും വയറിൽ കുറുമ്പ് കാട്ടുന്ന കുഞ്ഞിനൊടുമായി പറഞ്ഞ്,ഒരുരള കൂടി അന്നമ്മച്ചി അവൾക്ക് നേരെ നീട്ടി...മുഖം ചുളിച്ച് വേണ്ടാന്ന് പറഞ്ഞെങ്കിലിം അന്നമ്മച്ചി കണ്ണുരുട്ടിയവളെ പേടിപ്പിച്ചു... 

"എന്നാലും എന്റെ കുഞ്ഞേ,,,എങ്ങനെ നടന്ന ധ്രുവനാ...ഇപ്പൊ ശരിക്കും അവനൊരു അച്ഛനായി മാറിപ്പോയി...ഈ സമയത്ത് ചെറിയ ചെറിയ ജോലികൾ ചെയ്യേണ്ടതാ പെൺപിള്ളേർ...ഇവിടെ ഒരാളോട് പറഞ്ഞാൽ കേൾക്കുവോ...ലോകത്തിൽ ആദ്യമായിട്ട് ഗർഭിണി ആകുന്ന ആളാ കുഞ്ഞെന്ന് തോന്നും..."

അന്നമ്മച്ചി കളിയാക്കിക്കൊണ്ടവളോട് പറഞ്ഞതും തിണ്ണയിലിരുന്നവൾ പുറത്തേക്ക് നോട്ടം പായിച്ചു...തന്റെ തുണികൾ അലക്കി വിരിച്ചിടുന്ന ധ്രുവനെ കണ്ടതും ഹൃദയം വല്ലാതെ തുടിച്ചിരുന്നു...ചേർന്ന് നിന്നവന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്താൻ മനസ് കൊതിച്ചിരുന്നു...ധ്രുവനെന്ന അച്ഛനെയും ഭർത്താവിനെയും ഓർത്തു നോക്കി...നിശബ്ദമായൊരു തൂവൽ സ്പർശം പോലെയാണ് ധ്രുവന്റെ പ്രണയം...ഒരു കുഞ്ഞിനെ പോലെ തനിക്ക് നൽകുന്ന കരുതലും സ്നേഹവും പലപ്പോഴും കണ്ണ് നിറച്ചിരുന്നു...കേട്ടറിഞ്ഞിട്ടുള്ള പ്രണയങ്ങളിൽ നിന്നും വ്യത്യസ്തമായൊന്ന്...ദീർഘ ചുംബനങ്ങളോ,അതികം പ്രണയനിമിഷങ്ങളോയില്ല...മൂർദ്ധാവിൽ തരുന്നൊരു ചുംബനം മതിയായിരുന്നു മനസ് ശാന്തമാകാനും,  തന്നോടുള്ള പ്രണയത്തിന്റെ ആഴമറിയാനും...

"എന്താ പെണ്ണേ ഇത്,,,എന്റെ ദേഹം മുഴുവൻ അഴുക്കാ...ഞാൻ പോയി കുളിച്ചിട്ട് വരാന്നെ..."

മുറിയിലേക്ക് കയറിയതും പുറകിൽ നിന്നും തന്നെ കെട്ടിപ്പുണർന്ന ദച്ചുവിന്റെ കൈ വിടീച്ചവളേ മുന്നിലേക്ക് നിർത്തിക്കൊണ്ടവൻ പറഞ്ഞതും ചെറിയൊരു ചിണുങ്ങലോടെയവൾ വീണ്ടുമവനോട് ചേർന്ന് നിന്നു...

"എന്താടാ...കുറുമ്പൻ വല്ലാണ്ട് ബുദ്ധിമുട്ടിക്കുന്നുണ്ടോ...?? കഴിച്ചോ നീയ്...?? "

താടിയിൽ വിരലുകൾ ചേർത്തുയർത്തി കൊണ്ടവൻ ചോദിച്ചതും ദച്ചു അവനെ കണ്ണെടുക്കാതെ ഒരുനിമിഷം നോക്കി നിന്നു...തലയ്ക്ക് പിന്നിലൂടെ അവള്ടെ കുഞ്ഞുമുഖത്തെ അരികിലേക്കടുപ്പിച്ചവൻ നെറ്റിയിൽ നനുത്തൊരു ചുംബനം നൽകിയതും ദച്ചു ഞെട്ടിവിറച്ച് കൊണ്ട് നോട്ടം മാറ്റി...

"എനിക്ക് ഈ നെഞ്ചിൽ കിടക്കണം..."

ചുണ്ടുകൾ പുറത്തേക്കുന്തിയവൾ പറഞ്ഞതും ധ്രുവൻ വാതിൽ കൊളുത്തിട്ട് വന്ന് അവളെ ശ്രദ്ധയോടെ നെഞ്ചിലേക്ക് കിടത്തി പതിയെ മുടിയിഴകളിലൂടെ തലോടിക്കൊണ്ടിരുന്നു...

"ധ്രുവാ...നമുക്ക് ആൺകുട്ടി ആണോ അതോ പെൺകുട്ടി ആണോ...?? "

വിരിഞ്ഞ നെഞ്ചിൽ വിരലോടിച്ച് കൗതുകത്തോടെ മുഖമുയർത്തി നോക്കിയതും തലയ്ക്ക് പിന്നിലേക്ക് വലതുകൈയെടുത്ത് വെച്ചവൻ ആലോചനയോടെ ഇരിക്കുന്നത് കണ്ടിരുന്നു...

"ആരായാലും ദൈവം തരുന്നതിനെ രണ്ട് കൈയും നീട്ടി സ്വീകരിക്കും...എന്നാലും എന്റെ പെണ്ണിനെ പോലെ നിഷ്കളങ്കമായൊരു വാവയെ മതിയെനിക്ക്..."

ചിരിയോടെ അവനത് പറഞ്ഞു നിർത്തിയതും കണ്ണുകളിൽ വിരിഞ്ഞ അത്ഭുതത്തോടെ ദച്ചു അവനിലേക്ക് ചേർന്ന് കിടന്നു...തന്നിലേക്ക് കുറുകി ചേർന്ന് കിടക്കുന്ന പെണ്ണിനെയവൻ  കുഞ്ഞ് കുഞ്ഞ് മുത്തങ്ങൾ കൊണ്ട് പൊതിയുമ്പോൾ കൂമ്പിയടഞ്ഞ കണ്ണുകളാലവൾ വീർത്ത വയറിൽ മെല്ലെ തലോടിയിരുന്നു...

മാസങ്ങളോരോന്നും കഴിഞ്ഞു തുടങ്ങിയതും ദച്ചുവിന്റെ ശരീരത്തിൽ മാറ്റങ്ങൾ പ്രകടമായിരുന്നു...വയറ് ഒന്നുകൂടി വീർത്തുന്തിയിരുന്നു...ഇരുകാലുകളിലും നീര് വയ്ക്കുകയും കണ്ണിൽ നേരിയൊരു കറുപ്പ് ബാധിക്കുകയും ചെയ്തു...എന്തിനും ഏതിനും കൂട്ടായി തനുവും അന്നമ്മചിയുമുണ്ടെങ്കിലും ധ്രുവന്റെ സാമിഭ്യം മതിയായിരുന്നു ദച്ചുവിന്റെ ചെറിയ ചെറിയ വേദനകൾ പോലും പമ്പ കടക്കാൻ... അർദ്ധരാത്രിയിൽ പോലും അസ്വസ്ഥത കൊണ്ടവളുണരുമ്പോൾ ധ്രുവൻ കാലുകൾ തിരുമ്മി കൊടുക്കുകയും ഉറങ്ങുന്നോടം വരെ മുടിയിൽ തലോടുകയും ചെയ്തിരുന്നു...

"പേടിയാകുന്നു ധ്രുവാ...വാവ ഇനിയും വരാണ്ടിരിക്കോ...?? "

വേദനയാൽ പുളയുമ്പോൾ ധ്രുവന്റെ കൈകൾ നെഞ്ചിലേക്ക് വെച്ചവൾ മുറിഞ്ഞു പോകുന്ന വാക്കുകളോടെ ചോദിച്ചതും നിറഞ്ഞൊഴുകുന്ന കണ്ണുകളെ തടുക്കാനാവാതെ വേദനയോടെയവനവളെ ചേർത്ത് പിടിച്ചിരുന്നു...ഹോസ്പിറ്റലിൽ അവളെയും വാരിയെടുത്തൊടുമ്പോൾ ഹൃദയതാളം വല്ലാതെ ഉയർന്നിരുന്നു...അപ്പോഴും ആശ്വാസത്തിനായ് തനു കൂടെയുണ്ടായിരുന്നെങ്കിലും ചെവിയിൽ ദച്ചുവിന്റെ വാക്കുകൾ മുഴങ്ങിക്കൊണ്ടിരുന്നു...മണിക്കൂറുകൾ നേരത്തെ പേടിയും പരിഭ്രമവും ഒഴിഞ്ഞത് വെള്ളത്തുണിയിൽ പൊതിഞ്ഞു കൊണ്ടുവന്ന കുഞ്ഞിപ്പെണ്ണിനെ കണ്ടപ്പോഴാണ്...നേഴ്സിന്റെ കയ്യിൽ നിന്നും കുഞ്ഞിനെ കയ്യിലേക്ക് വാങ്ങുമ്പോൾ സന്തോഷം കൊണ്ടവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു...കുഞ്ഞ് മാലാഖയേ ധ്രുവൻ തന്നെ തനുവിനും മേരിമോൾക്കും കാണിച്ചു കൊടുത്തിരുന്നു...തനു കുഞ്ഞിനെ കണ്ണുനീരോടെ നോക്കുന്നതും ഒന്നെടുക്കാൻ കൊതിക്കുന്നതും ധ്രുവൻ അറിയുന്നുണ്ടായിരുന്നു...കുഞ്ഞിനെ തനുവിന്റെ കൈകളിൽ കൊടുക്കുമ്പോഴും പരിഭ്രമത്തോടെയവൻ അകത്തേക്ക് നോക്കുന്നത് കണ്ട് നേഴ്സ് കണ്ണുകൾ രണ്ടും പൂട്ടി നിറഞ്ഞൊരു പുഞ്ചിരി സമ്മാനിച്ചതും ആശ്വാസത്തോടെയാവനൊന്ന് നെഞ്ചിൽ കൈ വെച്ചു...കുഞ്ഞിപ്പെണ്ണിന്റെ നെറ്റിയിൽ ആർദ്രമായോന്ന് ചുംബിച്ച് അവളെ നേഴ്സിന്റെ കയ്യിലേൽപ്പിക്കുമ്പോ ലോകം കീഴടക്കിയ സന്തോഷം അവനെ പൊതിഞ്ഞിരുന്നെങ്കിലും തനുവിനെ നോക്കും തോറും ഹൃദയം കൊത്തിവലിക്കുന്നത് പോലെ തോന്നിയിരുന്നു...

സ്റ്റിച്ചിട്ടതിന്റെ വേദനയാൽ ഒന്ന് പുളഞ്ഞു കൊണ്ട് ദച്ചു കണ്ണുകൾ തുറന്നതും അടുത്തായി തന്നെ വാത്സല്യത്തോടെ നോക്കിയിരിക്കുന്ന ധ്രുവനെ കണ്ട് ഒരുനിമിഷം വേദന മറഞ്ഞിരുന്നു...കുഞ്ഞ് മാലാഖയെ ഇടത് സൈഡിലേക്ക് വെച് കൊടുത്തതും കൊതിയോടെ കുഞ്ഞിനെ അവളൊന്ന് നോക്കി...കുഞ്ഞ് കൈയിൽ വിരലുകൾ ചേർത്ത് കൗതുകത്തോടെ നോക്കുന്ന ദച്ചുവിന്റെ കണ്ണുകളിൽ വല്ലാത്തൊരു തിളക്കം നിറഞ്ഞിരുന്നു... 

"അന്നമ്മച്ചീടെ പൊന്നമ്പിളിയെ...എന്റെ പൊന്നിന് അന്നമ്മച്ചി കൊണ്ടുവന്നതാണെ...അച്ഛ കൂടിയത് മേടിച്ചു തന്നാലും ഇതാർക്കും കൊടുത്തേക്കല്ലേട്ടോ..."

കുഞ്ഞ് കാത്തള മോൾക്കരുകിലേക്ക് വെച്ചവർ പറഞ്ഞതും ധ്രുവൻ ചിരിയോടെ ദച്ചുവിനെ നോക്കി എഴുന്നേറ്റു... 

"വല്യ വിലപിടിപ്പുള്ളതൊന്നും അല്ല മോനെ...അന്നമ്മച്ചിക്ക് ഇതേ പറ്റിയുള്ളൂ...എന്നാലും നിങ്ങടെ കുഞ്ഞിന് ഒന്നും തരാതെ വരാൻ അന്നമ്മച്ചിക്ക് പറ്റത്തില്ല..."

നിറഞ്ഞ കണ്ണുകൾ ചിരിയോടെ തുടച്ചവർ പറഞ്ഞതും ധ്രുവൻ മോളെ ശ്രദ്ധയോടെ എടുത്ത് അവരുടെ നേരെ നീട്ടി... 

"ഞങ്ങടെ മോൾക്ക് അച്ഛനും അമ്മയും ഉണ്ടെങ്കിലും ഒരച്ഛമ്മയില്ല...പുറത്തു കാണിച്ചിട്ടില്ലെങ്കിലും എന്റമ്മയുടെ സ്ഥാനവാ അന്നമ്മച്ചിക്കെന്റെ മനസ്സിൽ...എന്റെ അമ്മയുടെ സ്ഥാനത്ത് നിന്ന് മോളെ ഏറ്റുവാങ്ങുവോ...??!"

പ്രതീക്ഷയോടെയവൻ ചോദിച്ചതും അന്നമ്മച്ചി ഒരെങ്ങലോടെ മോളെ കയ്യിലേക്ക് വാങ്ങി...അന്നമ്മച്ചിയുടെ കയ്യിലിരുന്ന് മയങ്ങുന്ന കുഞ്ഞിനെ ദച്ചുവും ധ്രുവനും മനസ്സ് നിറഞ്ഞ സന്തോഷത്താലേയാണ് കണ്ടുനിന്നത്...

"എന്താ തനൂ...?? മുഖമെന്താ വല്ലാതിരിക്കുന്നെ...?? ദക്ഷയ്ക്കും കുഞ്ഞിനും കുഴപ്പമൊന്നുമില്ലല്ലോ...??"

വീൽചെയറിലേക്ക് ഇരുത്തുന്നതിനിടയിൽ വാടിയ തനുവിന്റെ മുഖം കണ്ട് ധ്യാൻ ചോദിച്ചതും അവളൊരു പുഞ്ചിരി മുഖത്ത് വരുത്തി... 

"ഏയ്യ്...ഒന്നുല്ല,,,ദച്ചുവിനും കുഞ്ഞിനും ഒരു കുഴപ്പോവില്ല...ഒരു മാലാഖ കുഞ്ഞാ...കൊതിതീരുന്നില്ലായിരുന്നു എനിക്ക്...ഒന്നൂടി കാണാനും നെഞ്ചോട് ചേർക്കാനും തോന്നുവാ...ശരിക്കും ഞാനൊക്കെ ഒരു ഭാഗ്യം കെട്ട ജന്മവായി പോയല്ലേ ധ്യാൻ...?? എഴുന്നേറ്റ് നടക്കാറാവുമ്പോ ഞാനായി ഇയാള്ടെ ജീവിതം നശിപ്പിച്ചെന്ന് തോന്നിയാൽ പറഞ്ഞേക്കണംട്ടോ,,,"

വേദനയോടെയവൾ പറഞ്ഞതും ധ്യാൻ ശാസനയോടെ അവളെ നോക്കി...പൊട്ടിക്കരഞ്ഞു കൊണ്ടവന്റെ കാലിലേക്ക് ഊർന്നിരിക്കുമ്പോൾ അവളെ ചേർത്ത് പിടിച്ചൊന്ന് തലോടാൻ സാധിക്കാതെ വേദന കടിച്ചു പിടിച്ചുരുക്കുകയായിരുന്നു ധ്യാനും... 

*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*

ഇരുപത്തെട്ട് കെട്ടിന് സ്വർണ്ണ കുഞ്ഞരഞ്ഞാണം മടിയിൽ കിടത്തിയ കുഞ്ഞ് മാലാഖയ്ക്ക് ഇട്ടുകൊടുക്കുമ്പോൾ ദച്ചുവും ധ്രുവനും നിറഞ്ഞ മനസോടെ കൈകൾ ചേർത്ത് പിടിച്ചിരുന്നു...ദച്ചുവിന്റെ ആഗ്രഹപ്രകാരം മോൾക്ക് *ദേവരുദ്ര* എന്നാണ് പേര് നൽകിയത്...

"എന്റെ കൊച്ചേ...ഇവിടെയാണോ വന്ന് നിൽക്കുന്നത്...?? മച്ചിപ്പെണ്ണുങ്ങൾ ഇത്തരം ചടങ്ങുകളിൽ പങ്കെടുക്കുന്നത് അശുഭമാണെന്ന് അറിയില്ലേ നിനക്ക്...??ഞാൻ പറഞ്ഞാൽ വിശ്വസിക്കണ്ട...ആ കുഞ്ഞിക്കൊച്ചിനെന്തെങ്കിലും പറ്റിയാൽ ഒറപ്പിച്ചോ സ്വന്തം തെറ്റ്..."

കുഞ്ഞിനെ കാണാൻ വന്ന അടുത്ത വീട്ടിലെ സ്ത്രീ തനുവിനോട് അത്രയും പറഞ്ഞ് തിരിഞ്ഞു നടന്നതും ഉടുത്തിരുന്ന സാരിയിൽ കൈയമർത്തി കരഞ്ഞു കൊണ്ട് മുറിയിലേക്കൊടുന്ന തനുവിനെ ദച്ചു മാത്രമേ കണ്ടിരുന്നുള്ളു...വല്ലാത്തൊരു വേദന ഉള്ളിൽ വന്ന് നിറഞ്ഞതും ഒരുനിമിഷം കണ്ണുകൾ തേടിപ്പോയത് ധ്യാനിന്റെ മടിയിലായി മോളെ കിടത്തി കൊഞ്ചിക്കുന്ന ധ്രുവാനിലാണ്...അന്നത്തെ വാക്ക് ഓർമയിൽ തെളിഞ്ഞതും വേദനയോടെയവൾ കണ്ണുകൾ അമർത്തി അടച്ച് മുറിയിലേക്ക് നടന്നു...ദച്ചുവിന്റെ അസാന്നിധ്യമറിഞ്ഞതും ധ്രുവൻ മോളെ അന്നമ്മച്ചിയുടെ കയ്യിലെല്പിച് മുറിയിലേക്ക് നടന്നു...ജനലഴികളിൽ പിടിച്ച് പുറത്തേക്ക് നോക്കി നിൽക്കുന്ന ദച്ചുവിനെ കണ്ടതും നെറ്റി ചുളിച്ച് കൊണ്ടവൻ അവളെ പിന്നിൽ നിന്നും ചേർത്ത് പിടിച്ചു... 

"എന്താ പെണ്ണേ...പതിവില്ലാത്തൊരു നിർത്തം..."

കഴുത്തിൽ നിശ്വാസമടിച്ചതും ദച്ചു ഞെട്ടിപ്പിടഞ്ഞു നോക്കി...ഒരുനിമിഷം നിറഞ്ഞയവളുടെ കണ്ണുകൾ കണ്ട് ധ്രുവന്റെയും മുഖഭാവം മാറിയിരുന്നു... 

"എന്താടാ...??എന്ത് പറ്റീ...??"

അവന്റെ ഒറ്റ ചോദ്യം മതിയായിരുന്നു ഉള്ളിലെ തേങ്ങൽ ഉയരാൻ... 

"തനു...ആ കുട്ടി ഒരുപാട് വേദനിക്കുന്നുണ്ട് ധ്രുവാ...എല്ലാവർക്കും മുന്നിലൊരു ശപിക്കപ്പെട്ടവളെ പോലെ,,,ഞാൻ കേട്ടതാ ധ്രുവാ ഓരോരുത്തരുടെ കുത്തുവാക്കുകൾ...വേദനിക്കുന്നുണ്ടാവില്ലേ ആ ഹൃദയം...?? മോളെ,,,നമ്മുടെ കുഞ്ഞിനെ കൊടുത്തേക്കാം,,,ഞാൻ വാക്ക് പറഞ്ഞതല്ലേ...അവര് സന്തോഷത്തോടെ ജീവിച്ചോട്ടെ...അവര് ജീവിച്ചോട്ടെ..."

അവനെ കെട്ടിപ്പിടിച്ച് എങ്ങലടിച്ച് കൊണ്ടവൾ പറഞ്ഞതും ധ്രുവനവളെ അടർത്തി മാറ്റി... 

"അപ്പൊ നിനക്ക് വേദനയില്ലേ ദച്ചൂ...?"

ആർദ്രമായവൻ ചോദിച്ചതും ദച്ചുവിന്റെ കരച്ചിൽ ഉയർന്നിരുന്നു... 

"വേദന,,,എന്റെ കുഞ്ഞാ ധ്രുവാ,,,എനിക്കവളെ കൊടുക്കാൻ തോന്നുന്നില്ല...അവളെന്റെയല്ലേ...എന്റെ കുഞ്ഞിന്റെ കാര്യത്തിൽ സ്വാർത്ഥയാകുവാ ഞാൻ...എന്നോടിനി ചോദിക്കല്ലേയിങ്ങനെ...എന്റെ മുന്നിൽ തന്നെ എന്റെ കുഞ്ഞുണ്ടാകുമല്ലോ...തനുവിന്റെ സങ്കടം കാണാൻ വയ്യാ ധ്രുവാ..."

ഉറച്ചതീരുമാനത്തോടെ ഭ്രാന്തമായെന്തൊക്കെയോ ചെയ്യുന്ന ദച്ചുവിനെ അവനൊരുനിമിഷം നോക്കിനിന്നു...അവള്ടെ മനസ്സ് കൈവിട്ട് പോകുന്നതായി തോന്നിയിരുന്നവന്...തന്റെ കൈ പിടിച്ച് താഴെക്കിറങ്ങുന്ന ദച്ചുവിനെ സസൂക്ഷ്മം വീക്ഷിക്കുകയായിരുന്നവൻ...മോളെ അന്നമ്മച്ചിയുടെ കയ്യിൽ നിന്നും വാങ്ങി ധ്യാനിന്റെയും ധ്രുവന്റെയും മുറിയിലേക്ക് നടക്കുമ്പോൾ ദച്ചുവിന്റെ ചുവടുകൾ ഇടറുന്നുണ്ടായിരുന്നു...മോളെ നിറഞ്ഞ കണ്ണുകളാൽ ചേർത്ത് പിടിക്കുമ്പോ ആർക്കും വിട്ടുകൊടുക്കരുതെന്ന് മനസ് ഉച്ചത്തിൽ നിലവിളിക്കുന്നതറിഞ്ഞിരുന്നു...അവളൊരുനിമിഷം പോലും ധ്രുവനെ നോക്കിയിരുന്നില്ല,,,അല്ലെങ്കിൽ തന്നെ  നോക്കാനുള്ള ശക്തി ഇല്ലായിരിക്കുമെന്ന് തോന്നിയിരുന്നവന്...മുറി തുറന്ന് അകത്ത് കയറിയതും മൂലയ്ക്കായി കരഞ്ഞു തളർന്നിരിക്കുന്ന തനുവിനെയും പുറത്തേക്ക് നോക്കിയിരിക്കുന്ന ധ്യാനിനേയും കണ്ടവൾ മുഖത്തൊരു പുഞ്ചിരി വരുത്തി...മോളെ തനുവിന് നേരെ നീട്ടുമ്പോൾ തനുവും ധ്യാനും പരസ്പരം സംശയത്തോടെ നോക്കിയിരുന്നു... 

"സംശയിക്കണ്ടാ...ഇനി മോള് വളരേണ്ടത് നിങ്ങടെ മോളായിട്ടാണ്...ഇന്നോ ഇന്നലെയോ തീരുമാനിച്ചതല്ല...ഇവളെന്റെ വയറ്റിൽ വളരുമ്പോഴേ തീരുമാനിച്ചതാണ്...നിറഞ്ഞ മനസോടെ തരുവാ എന്റെ മോളെ...സ്വന്തം കുഞ്ഞായി കാണുമെന്ന വിശ്വാസത്തിൽ..."

കുഞ്ഞിനെ തനുവിന്റെ കയ്യിലേക്ക് ശ്രദ്ധയോടെ വെച്ച് കൊടുത്ത് കുഞ്ഞിക്കയിലായി ലോലമായൊരു മുത്തം നൽകി ആരുടേയും മറുപടിക്ക് കാത്ത് നിൽക്കാതെയവൾ പുറത്തേക്കിറങ്ങി...അപ്പോഴും അകത്ത് നിന്ന് കുഞ്ഞിന്റെ കരച്ചിൽ കേട്ട് തുടങ്ങിയിരുന്നു...പുറത്തെ ഭിത്തിയിൽ ചാരിനിന്ന് ഹൃദയം നുറുങ്ങുന്ന വേദനയോടെയവൾ കണ്ണടച്ചു...ധ്രുവൻ മുറിയിലേക്ക് വന്നതും ബെഡിൽ മുഖമമർത്തികിടക്കുകയായിരുന്നു ദച്ചു...അവളിപ്പോ ആർത്തു കരയുകയായിരിക്കുമെന്ന് തോന്നിയിരുന്നവന്...മൗനം വല്ലാത്ത വിയർപ്പ് മുട്ടൽ സൃഷ്ടിച്ചതും ധ്രുവൻ വേദനയോടെ പുറത്തേക്കിറങ്ങി...അന്നത്തെ രാത്രി ഒന്നുറങ്ങാൻ പോലും കഴിയാതെ ദച്ചു പിടഞ്ഞിരുന്നു...പലപ്പോഴും മുറിക്ക് പുറത്തിറങ്ങി തനുവിന്റെയും ധ്യാനിന്റെയും മുറിയിലേക്ക് നോക്കിയിരിക്കും...ഒന്നുറങ്ങി വന്നാൽ മോണ കാട്ടിച്ചിരിക്കുന്ന കുഞ്ഞിന്റെ മുഖമാകും ഓർമയിലുണ്ടാവുക...സ്വയം നീറുന്ന തന്റെ പാതിയെ കാണും തോറും അവന്റെ ചങ്ക് നീറിയിരുന്നു...അതോടൊപ്പം കുഞ്ഞിന്റെ അഭാവം അവനെ വല്ലാതെ തളർത്തിയിരുന്നു...

രാവിലെ മുറി തുറന്നിറങ്ങിയ തനു കാണുന്നത് തങ്ങളുടെ മുറിയുടെ നേരെയുള്ള സോഫയിൽ ധ്രുവന്റെ മടിയിൽ തലവെച്ചുറങ്ങുന്ന ദച്ചുവിനെയാണ്...ആരോ തട്ടിവിളിക്കും പോലെ തോന്നിയാണ് ധ്രുവൻ കണ്ണ് തുറന്നത്...മുന്നിൽ നിൽക്കുന്ന തനുവിനെ കണ്ടതും ദച്ചുവിനെ വിളിച്ചെഴുന്നേൽപ്പിച്ചിരുന്നവൻ...കലങ്ങി ചുവന്നിരിക്കുന്ന കണ്ണുകളാലെ നിസ്സഹായമായോന്ന് നോക്കുമ്പോഴും മനസ് മുഴുവൻ കുഞ്ഞിനെ തിരയുകയായിരുന്നു...ആ മുഖമൊന്നു കാണാൻ കൊതിയ്ക്കുകയായിരുന്നു... 

"ദച്ചൂ,,,എന്തിനാ ഇനിയും മറച്ച് വയ്ക്കുന്നത്...?? സ്വന്തം കുഞ്ഞിനെ നൽകാൻ ഒരമ്മയും സമ്മതിക്കില്ല,,,പക്ഷേ എന്റെ വേദനയറിഞ്ഞു നീ സ്വന്തം കുഞ്ഞിനെ എന്നെ ഏൽപ്പിച്ചു...നല്ല മനസാണ് നിന്റേത്...പക്ഷേ സ്വന്തം അമ്മയുടെ ചൂടില്ലാതെ കുന്നിമണിക്ക് പറ്റുമെന്ന് തോന്നുന്നുണ്ടോ...?? ഞാൻ അറിഞ്ഞിരുന്നു രാത്രിയിൽ തന്റെ കരച്ചിലും മറ്റും...എന്നിട്ടും ഇറങ്ങി വരാതിരുന്നതും മോളെ ഏൽപ്പിക്കാതിരുന്നതും എന്തുകൊണ്ടാണെന്ന് അറിയാമോ...?? തനിക്കൊരിക്കലും മോളില്ലാതെ പറ്റില്ലെന്ന് ബോധ്യപ്പെടുത്താൻ...എന്നെ ഓർത്ത് വിഷമിക്കരുത്...ഒരമ്മയുടെ സ്നേഹവും കരുതലുമാഗ്രഹിക്കുന്ന ഒത്തിരി കുഞ്ഞുമക്കൾ ഉണ്ട്...അവരിലൊരാളെ ഞങ്ങളും കൂടെ കൂട്ടും...അതല്ലാതെ തന്റെ കുഞ്ഞിനെ തന്നിൽ നിന്നകറ്റിയാൽ ഞാനെങ്ങനെ നല്ലൊരാമ്മയാകും...?? ഒരു കുഞ്ഞില്ലാത്തത്തിന്റെ വിഷമം നന്നായി അറിവുള്ളൊരു സ്ത്രീ മറ്റൊരു പെണ്ണിൽ നിന്നും അവരുടെ സ്വന്തം കുഞ്ഞിനെ അകറ്റില്ലടോ..."

പുഞ്ചിരിയോടെ അത്രയും പറഞ്ഞ് മുറിയിൽ നിന്നും മോളെ എടുത്ത് കയ്യിലേൽപ്പിക്കുമ്പോൾ ദച്ചു നിറഞ്ഞ കണ്ണുകളാൽ നന്ദിയോടെയാവളെ നോക്കി...ധ്രുവന്റെ കണ്ണുകളും സന്തോഷം കൊണ്ട് നിറഞ്ഞിരുന്നു...വാതിലിനടുത്തായി ഇരുന്ന് തന്നെ പുഞ്ചിരിയോടെ കണ്ണടച്ച് കാണിക്കുന്ന ധ്യാനിനെ നോക്കിയ ധ്രുവന്റെ കണ്ണുകളിൽ മനസ് നിറഞ്ഞ നന്ദിയായിരുന്നു... 

"നാളെ ഞങ്ങൾ ഓർഫനെജിലേക്ക് പോകും...അവിടെ നിന്നും നേരെ വയനാട്ടിലേക്ക്...ധ്യാനിന്റെ രോഗം ഭേതമാകുമെന്ന ഉറപ്പോടെ...."

ആത്മവിശ്വാസത്തോടെ പറയുന്ന തനുവിനെ ധ്രുവനും ദച്ചുവും പുഞ്ചിരിയോടെ കേട്ടിരുന്നു... 

*-*-*-*-*-*-*-*-*-*-*-*-*-*-*-*-*

"ധ്രുവാ,,,കുഞ്ഞിനെ കിട്ടിയില്ലാരുന്നെങ്കിൽ ഞാൻ ശരിക്കുമൊരു ഭ്രാന്തിയായി പോകുവായിരുന്നല്ലേ...ശരിക്കും ദേഷ്യം തോന്നുന്നുണ്ടോ എന്റെ എടുത്ത് ചാട്ടത്തിനോട്,,എന്റെ പ്രണയത്തിനോട്..."

മോളെ നെഞ്ചിലേക്കെടുത്ത് കിടത്തി ഹെഡ് ബോർഡിൽ തളഛായിച്ചിരിക്കുന്ന ധ്രുവന്റെ തോളിൽ ചാരിക്കൊണ്ടവൾ ചോദിച്ചതും കുഞ്ഞിനെ തൊട്ടിയിലേക്ക് കിടത്തിക്കൊണ്ടവൻ ദച്ചുവിനെ നെഞ്ചിലേക്ക് വലിച്ചു ചേർത്തു...

"എനിക്കറിയാം ദച്ചു,,,ചങ്ക് പറിച്ചു നൽകുന്ന വേദനയോടെയാണ് കുഞ്ഞിനെ നീ കൊടുത്തതെന്ന്...അങ്ങനെയുള്ള നിന്റെ ഭ്രാന്തിനെ പോലും ഞാനിന്ന് പ്രണയിക്കുന്നു...പ്രണയമെന്നാൽ ഒരുതരം ഭ്രാന്ത് തന്നെയാണ് ദച്ചു...രണ്ടിലൊരാളുടെ ഭ്രാന്തവസാനിക്കുന്നിടത്ത് പ്രണയം മരിക്കും,,,നീ എന്റെ മാത്രം ഭ്രാന്താണ് ദച്ചു,മറ്റാർക്കും പകരാൻ കഴിയാത്ത,മറ്റാരിലേക്കും പകരാത്ത എന്റെ മാത്രം ഭ്രാന്ത്...ആ ഭ്രാന്തിന് കൂട്ടായി നമ്മുടെ കുഞ്ഞും...!!"

സിരകളിൽ പടർന്ന പ്രണയത്തോടെ അവനവളെ ചേർത്തണച്ചു...നാണത്തോടെ അവന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തുമ്പോൾ പുറത്ത് പെയ്യുന്ന ചാറ്റൽ മഴ ഇണങ്ങിയും പിണങ്ങിയും ചുറ്റിപ്പിരിഞ്ഞും ഭൂമിയിലേക്ക് അലിഞ്ഞു ചേർന്നിരുന്നു...നിലാവെളിച്ചത്തിൽ ജനലരുകിലിരുന്ന ബുക്കിലെ താളുകൾ മദ്ധമാരുതനാൽ തഴുകി മാറിയതും മഴത്തുള്ളികളാൽ നനഞ്ഞ അക്ഷരങ്ങൾ അപ്പോഴും മന്ത്രിച്ചിരുന്നു...*ദച്ചുവിന്റെ മാത്രം ചെകുത്താൻ...!!*

ശുഭം...

ഹായ് ഫ്രണ്ട്സ്,,,അങ്ങനെ നമ്മുടെ ചെകുത്താനും അവസാനിച്ചിരിക്കുന്നു...ഇവരുടെ പ്രണയം എന്റെ വരികളിലൂടെ അവസാനിച്ചിരുന്നെന്നാലും നിങ്ങളുടെ ഉള്ളിലൂടെ അവരെന്നും ജീവിക്കട്ടെ...ഒരുപാട് തെറ്റുകൾ കാണും,,ഒക്കെയും ക്ഷമിക്കണം...!!🙏 ഒരുമിച്ചു വായിച്ചില്ലേ, പിശുക്കില്ലാതെ രണ്ടുവരി കുറിക്കുമെന്ന് പ്രതീക്ഷിക്കുന്നു...വരികൾ രണ്ടിൽ കൂടിയാൽ സന്തോഷം മാത്രം...!!ഒത്തിരി സ്നേഹത്തോടെ അതിലേറെ നന്ദിയോടെ ഗൗരിനന്ദ...

കഥ ഷെയർ ചെയ്ത് കൂടുതൽ പേരിലേക്ക് എത്തിക്കണേ...

രചന: ഗൗരിനന്ദ


കൂടുതൽ കഥകൾക്ക് ഈ പേജ് ഫോളോ ചെയ്യൂ....
To Top