മഴനിലാവ്, ഭാഗം -6

Valappottukal Page


രചന: സജി തൈപ്പറമ്പ്
രാമേട്ടൻ്റെ കോള് വരുമ്പോൾ ടൗണിലെ ട്രാഫിക് ബ്ളോക്കിൽ പെട്ട് കിടക്കുകയായിരുന്ന സിജോ ,ഒരു വിധത്തിലാണ് ആ തിരക്കിൽ നിന്നും കാറുമായി മെഡിക്കൽ കോളേജിലെത്തിയത്.

എൻക്വയറിയിൽ അന്വേഷിച്ചപ്പോൾ ,റോസിലി ഐസിയുവിലാണെന്നറിഞ്ഞ സിജോ, നെഞ്ചിടിപ്പോടെ അങ്ങോട്ടേക്കോടി.

എന്താ രാമേട്ടാ.. എന്താ സംഭവിച്ചത്?

അത് കുഞ്ഞേ .. ഞാൻ ചെടികൾ നനച്ച് കൊണ്ടിരിക്കുമ്പോഴാ ആൽവിൻ മോൻ ഓടി വന്ന്, അമ്മ വീണ് കിടക്കുന്നെന്ന് പറഞ്ഞത് ,ഞാനോടിച്ചെന്ന് നോക്കുമ്പോൾ, റോസിലിക്കുഞ്ഞ് രക്തത്തിൽ കുളിച്ച് ബോധമില്ലാതെ കിടക്കുവാ, എന്ത് ചെയ്യണമെന്നറിയാതെ ഞാൻ അമ്പരന്നങ്ങനെ നില്ക്കുമ്പോൾ, ആൽവിൻ മോനാണ് നൂറ്റിയെട്ട് ആംബുലൻസ് വിളിച്ചത്, പിന്നെ ഞാനും, മോനും, ആംബുലൻസ് ഡ്രൈവറും കൂടി റോസിലിക്കുഞ്ഞിനെയുമെടുത്ത് ഇങ്ങോട്ട് വരികയായിരുന്നു

എന്നിട്ടിപ്പോഴെങ്ങനുണ്ട്?

ഒന്നുമറിഞ്ഞില്ല ,ഡോക്ടറും നഴ്‌സുമാരുമൊക്കെ അകത്തോട്ട് പോയിട്ടുണ്ട്, ഇത് വരെ ആരും തിരിച്ച് വന്നിട്ടില്ല

സിജോ, തളർച്ചയോടെ അടുത്ത് കണ്ട ബഞ്ചിൽ ചെന്നിരുന്നു.

കണ്ണിലാകെ ഇരുട്ട് കയറുന്നത് പോലെ അയാൾക്ക് തോന്നി.

കുറച്ച് കഴിഞ്ഞപ്പോൾ ഒരു ഡോക്ടർ അകത്ത് നിന്നിറങ്ങി വന്നു .

സിജോ ചാടിയെഴുന്നേറ്റു

ഡോക്ടർ റോസിലിക്കെങ്ങനുണ്ട്?

ബോധം വീണിട്ടില്ല ,പിന്നെ , 
ആ കുട്ടിക്ക് വീഴ്ചയുടെ ആഘാതത്തിൽ അബോർഷൻ സംഭവിച്ചിട്ടുണ്ട് ,ഗൈനക്ക് ഡോക്ടർ അകത്തുണ്ട് ,ബാക്കി കാര്യങ്ങൾ അവര് പറയും

ഡോക്ടറുടെ വാക്കുകൾ ഒരു ഇടിത്തീ പോലെ അയാളുടെ ഹൃദയത്തിലേക്ക് പതിച്ചു.

പിന്നെയും, ഉത്ക്കണ്ഠയോടെ ഏറെ നേരം കാത്തിരുന്നതിന് ശേഷമാണ്, ഗൈനക് ഡോക്ടർ പുറത്ത് വരുന്നത്.

റോസിലിയുടെ ബന്ധുക്കളാരാ?

ഞാനാണ് ഡോക്ടർ..

നിങ്ങളാ കുട്ടിയുടെ ?

ഹസ്ബൻ്റാണ്..

നിങ്ങളെൻ്റെ കൂടെ വരു,

ഒന്ന് വേഗം പറയു ഡോക്ടർ.. എൻ്റെ റോസിലിക്കിപ്പോൾ എങ്ങനുണ്ട്?

ഡോക്ടറോടൊപ്പം അവരുടെ ക്യാബിനിലേക്ക് കയറിയ സിജോ, അക്ഷമയോടെ ചോദിച്ചു.

നിങ്ങളൊന്ന് സമാധാനപ്പെട് ,ഞാൻ പറയട്ടെ,
നിങ്ങളുടെ ഭാര്യയുടെ ബോഡി വളരെ വീക്കാണ്, ഇനിയൊന്ന് കൂടി ഗർഭം ധരിക്കാനുള്ള ശേഷി റോസിലിയുടെ യുട്രസ്സിനില്ല ,അത് കൊണ്ട് ഇനിയങ്ങോട്ട് വളരെയധികം ശ്രദ്ധ കൊടുക്കണം, ഇനിയൊരു വീഴ്ചയുണ്ടായാൽ ചിലപ്പോൾ ആ കുട്ടിയുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞെന്ന് വരില്ല
  
ഓകെ ഡോക്ടർ.. , ഞാൻ നന്നായി കെയറ് ചെയ്ത് കൊള്ളാം

ങ്ഹാ സൂക്ഷിച്ചാൽ നിങ്ങൾക്ക് കൊള്ളാം ,പിന്നെ ആ കുട്ടിക്ക് BP വളരെ കൂടുതലാണല്ലോ ,? തല കറങ്ങി വീഴാനുള്ള ഒരു പ്രധാന കാരണം അതാണ് ,നിങ്ങളുടെ ഇടയിൽ എന്തെങ്കിലും പ്രോബ്ളങ്ങളുണ്ടെങ്കിൽ, അത് എത്രയും വേഗം പരിഹരിക്കുക, എനിക്കതേ പറയാനള്ളു, ശരി എങ്കിൽ നിങ്ങൾ പൊയ്ക്കൊള്ളു,
റോസിലിയെ ഉച്ചകഴിഞ്ഞ് വാർഡിലേക്ക് ഷിഫ്റ്റ് ചെയ്യും

ഡോക്ടർ പറഞ്ഞതെല്ലാം ഒരു ഞെട്ടലോടെയാണ് അയാൾ കേട്ട് കൊണ്ടിരുന്നത് ,തനിക്കൊരിക്കലും റോസിലിയിൽ ഒരു കുഞ്ഞുണ്ടാവില്ലെന്ന് തിരിച്ചറിഞ്ഞ സിജോ കടുത്ത നിരാശയോടെ പുറത്തേക്കിറങ്ങി.

######$#######$#####

സിജോ.. എട്ട് മണിയായ്, ഇനി ഇവിടെ അധികനേരം നില്ക്കാൻ കഴിയില്ലല്ലോ? ദേ ആണുങ്ങളെയൊക്കെ പുറത്തിറക്കാൻ സെക്യുരിറ്റി ഗാർഡ് ഇങ്ങോട്ട് വരുന്നുണ്ട് ?

വാർഡിലേക്ക് മാറ്റിയതിൻ്റെ രണ്ടാമത്തെ ദിവസം, റോസിലി തന്നോടൊപ്പം ബെഡ്ഡിലിരിക്കുന്ന സിജോയോട് പറഞ്ഞു.

എന്ത് കഷ്ടമാണ്, 
പ്രൈവറ്റ്  ഹോസ്പിറ്റലെങ്ങാനുമായിരുന്നെങ്കിൽ, നല്ല സൗകര്യമുള്ള
ഒരു റൂമെടുക്കാമായിരുന്നു,
ഈ സർക്കാരാശുപത്രിയിൽ ,ഒന്നിനും ഒരു സൗകര്യമില്ല , രാമേട്ടനെ പറഞ്ഞാൽ മതിയല്ലോ?
ചില നേരത്തയാൾ, ഒട്ടും സെൻസില്ലാതെയാണ് കാര്യങ്ങൾ ചെയ്യുന്നത്

സിജോ ഈർഷ്യയോടെ രാമേട്ടനെ കുറ്റപ്പെടുത്തി.

ആ ഒരു സാഹചര്യത്തിൽ ആരായിരുന്നാലും ,ഏറ്റവുമടുത്തുള്ള മെഡിക്കൽ കോളേജിനെയല്ലേ ആശ്രയിക്കു സിജോ, പിന്നെ സർക്കാർ ആശുപത്രിയെ അങ്ങനെ പുശ്ചിച്ച് തള്ളരുത് ,ബുദ്ധിയുള്ള കുട്ടികൾക്ക് മാത്രമാണ്, ഇവിടെ മെഡിസിന് അഡ്മിഷൻ കിട്ടുന്നത് ,അത് കൊണ്ട് തന്നെ നന്നായി കാര്യങ്ങൾ ഗ്രഹിച്ചവരാണ്, ഇവിടുത്തെ ഡോക്ടർമാർ ,കുറച്ച് അസൗകര്യങ്ങളൊക്കെ ഉണ്ടെങ്കിലും, ഒരു സാധാരണക്കാരൻ ഇപ്പോഴും ജീവൻ തിരിച്ച് കിട്ടുമെന്ന പ്രതീക്ഷയിലെപ്പോഴും ഓടിയെത്തുന്നത്, മെഡിക്കൽ കോളേജിലേക്ക് തന്നെയാണ്

എങ്കിൽ ഞാൻ പുറത്ത് നില്ക്കാം, എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ നീയെൻ്റെ ഫോണിലേക്ക് വിളിച്ചാൽ മതി

അതെന്തിനാ വെറുതെ? 
നിങ്ങള് വീട്ടിലേക്ക് പൊയ്ക്കോളു സിജോ ,ഇന്നലെയും പുറത്ത് കാവല് നിന്ന് കൊതുക് കടി കൊണ്ട് ഒട്ടും ഉറങ്ങിയിട്ടില്ലല്ലോ?

ഞാൻ പോയാൽ ,നിനക്കൊരാവശ്യം വന്നാൽ ഇവിടെ ആരെങ്കിലും വേണ്ടേ?

ഓഹ് ഇനി ഈ രാത്രിയിൽ എന്ത് ആവശ്യം വരാനാ ,എനിക്കിപ്പോൾ കുഴപ്പമൊന്നുമില്ല, പിന്നെ ഇവിടെ നഴ്സും ,ഡോക്ടേഴ്സുമൊക്കെ
നല്ല കെയറിങ്ങാ ,ഇടയ്ക്കിടെ ഡ്യൂട്ടി നഴ്സ് വന്ന് വിവരങ്ങൾ തിരക്കാറുണ്ട്

ഉം എന്നാൽ ഞാൻ പോയിട്ട് അതിരാവിലെ വരാം, പിന്നെ എന്തെങ്കിലും ബുദ്ധിമുട്ട് തോന്നിയാൽ എന്നെ വിളിച്ച് പറയണം കെട്ടോ? നാളെ തന്നെ ഒരു ഹോം നഴ്സിനെ അറേഞ്ച് ചെയ്യാൻ രാമേട്ടനോട് പറയാം ഇന്നെന്തായാലും ഇങ്ങനെ പോകട്ടെ, ടേക്ക് കെയർ 

ഒന്നും വരില്ല സിജോ, നിങ്ങള് ധൈര്യമായി പോയി കിടന്നുറങ്ങിക്കോ പിന്നെ ,ആൽവിനും രണ്ട് ദിവസമായി ഉറങ്ങിയിട്ടില്ല, അവനെ കൂടി കൊണ്ട് പോകണേ?

ഉം ശരി...

നീരസത്തോടെ തല കുലുക്കിയിട് അയാൾ പുറത്തേക്കിറങ്ങി.

######$#######$#######

വീട്ടിലെത്തിയ സിജോ, കാറ് പോർച്ചിലിട്ടതിന് ശേഷം ,വീടിനകത്തേയ്ക്ക് കയറി പോയി . 

ആൽവിൻ കാറിലുണ്ടായിരുന്ന റോസിലിയുടെ മുഷിഞ്ഞ ഡ്രസ്സും മറ്റുമടങ്ങിയ ബാഗെടുത്ത് അകത്ത് വച്ചിട്ട്, തൻ്റെ മുറിയിലേക്കും പോയി.

ഒറ്റയ്ക്ക് റൂമിൽ കിടന്നപ്പോൾ, ആൽവിന് തൻ്റെ അമ്മയുടെ അസാന്നിദ്ധ്യം നന്നായി ഫീല് ചെയ്തു.

രണ്ട് ദിവസത്തെ ഉറക്കക്ഷീണം കൊണ്ട് ,അവൻ പെട്ടെന്ന് മയങ്ങിപ്പോയി.

കുറച്ച് കഴിഞ്ഞ് എന്തോ ദു:സ്വപ്നം കണ്ട ആൽവിൻ, ഞെട്ടിയെഴുന്നേറ്റു .

അവനാകെ ഭയന്ന് പോയിരുന്നു.

പിന്നീട് ആ മുറിയിൽ ഒറ്റയ്ക്ക് കിടക്കാൻ പേടി തോന്നിയ ആൽവിൻ, സിജോയുടെ റൂമിൽ ചെന്ന് തട്ടി വിളിച്ചു.

എന്താടാ മനുഷ്യനെ ഉറങ്ങാനും സമ്മതിക്കില്ലേ?

ഉറച്ചടവോടെ വന്ന് കതക് തുറന്ന സിജോ, ഈർഷ്യയോടെ അവനോട് ചോദിച്ചു.

എനിക്കവിടെ തനിച്ച് കിടക്കാൻ പേടിയാ, ഞാനൊന്ന് ഇവിടെ കിടന്നോട്ടെ

ഉം ,കേറിവാ, ദേ അലമാരയിൽ ബെഡ്ഷീറ്റ് കാണും,അതെടുത്ത് താഴെ വിരിച്ചിട്ട് കിടന്നോ, ഇനി എന്നെ ചുമ്മാ വിളിക്കരുത്, ഞാനൊന്നുറങ്ങിക്കോട്ടേ..

അതും പറഞ്ഞയാൾ ബെഡ്ഡിലേക്ക് വീണു.

ബെഡ്ഷീറ്റെടുക്കാൻ അലമാര തുറന്നപ്പോൾ ,അതിലിരുന്ന തൻ്റെ അമ്മയുടെ ഒരുസാരി കൂടെ ആൽവിൻ കൈയ്യിലെടുത്തു.

നിലത്ത് വിരിച്ച ബെഡ്ഷീറ്റിന് മുകളിൽ കിടക്കുമ്പോൾ ,അമ്മയെ മിസ്സ് ചെയ്യാതിരിക്കാൻ, ആ സാരി അവൻ നെഞ്ചോട് ചേർത്ത് പിടിച്ചിട്ടുണ്ടായിരുന്നു.

കുറെ നേരം അമ്മയെ കുറിച്ച് ചിന്തിച്ച് കിടന്ന ആൽവിൻ, പിന്നെ ഉണരുന്നത് ,ആരുടെയോ ഞരക്കവും മൂളലും കേട്ട് കൊണ്ടാണ്.

കണ്ണ് തുറന്ന് നോക്കിയപ്പോൾ, ആ ശബ്ദം കേട്ടത് കട്ടിലിൽ നിന്നാണെന്ന് മനസ്സിലാക്കിയ ആൽവിൻ, പെട്ടെന്നെഴുന്നേറ്റ് ലൈറ്റിട്ടു.

കട്ടിലിൽ നെഞ്ച് പൊത്തിപ്പിടിച്ച് കൊണ്ട് ഞെളിപിരി കൊള്ളുന്ന സിജോയെ കണ്ട്, ആൽവിൻ അമ്പരന്നു.

ഡാ... നോക്കി നില്ക്കാതെ എനിക്ക് കുറച്ച് വെള്ളം എടുത്തോണ്ട് വാടാ

തന്നെ നോക്കി മിഴിച്ച് നില്ക്കുന്ന ആൽവിനോട് സിജോ ദയനീയതയോടെ പറഞ്ഞു

അമ്പരപ്പ് മാറിയ ആൽവിൻ അടുക്കളയിലേക്കോടി പോയി ജഗ്ഗിൽ വെള്ളവുമെടുത്ത് തിരിച്ച് വന്നപ്പോഴേക്കും സിജോ അനക്കമറ്റ് കട്ടിലിൽ നിന്ന് താഴെ വീണ് കിടക്കുന്നതാണ് കണ്ടത്.

ജഗ്ഗും വെള്ളവും മേശപ്പുറത്ത് വച്ചിട്ട് അവൻ കുനിഞ്ഞ് നിന്ന് ജിജോയെ കുലുക്കി വിളിച്ചു.

യാതൊരു റെസ്പോൺസുമില്ലാതിരുന്നപ്പോൾ, ജഗ്ഗിലെ വെള്ളമെടുത്ത് അയാളുടെ മുഖത്ത് ശക്തമായി തളിച്ചു ,എന്നിട്ടും അനക്കമില്ലാതെ വന്നപ്പോൾ ആൽവിൻ്റെയുള്ളിലൊരു ആശങ്ക തോന്നി.

എന്ത് ചെയ്യണമെന്നറിയാതെ പകച്ച് പോയ അവൻ്റെ മനസ്സിലേക്ക് കഴിഞ്ഞ ദിവസം തൻ്റെ സ്കൂളിൽ വച്ച് നടന്ന പ്രഥമ ശുശ്രൂഷയെക്കുറിച്ചൊരു ഡോക്ടർ നടത്തിയ ക്ളാസ്സിനെക്കുറിച്ച് ഓർമ്മ വന്നു.

നെഞ്ച് വേദനയെ തുടർന്ന് ഹൃദയം നിലച്ച് പോകുന്ന വ്യക്തിയെ ഹോസ്പിറ്റലിലെത്തിക്കുന്നതിന് മുമ്പ് കൊടുക്കേണ്ട ഫസ്റ്റ് എയ്ഡ്, സി പി ആർ ആണെന്നും ,അത് കൊടുക്കേണ്ട വിധവും ആൽവിൻ ഓർത്തെടുത്തു.

അത് ചെയ്യുന്നതിന് മുമ്പ്, മൊബൈലെടുത്തവൻ , നൂറ്റിയെട്ട് ആംബുലൻസ് വിളിച്ചു

ശേഷം, cpr എന്ന പ്രഥമ ശുശ്രൂഷ, വൺബൈ വണ്ണായി ചെയ്യുമ്പോൾ, ദൈവത്തോട് മനസ്സുരുകി പ്രാർത്ഥിക്കാനും അവൻ വന്നില്ല.

എൻ്റെ അമ്മയെ ഇനിയും വേദനിപ്പിക്കല്ലേ കർത്താവേ ..

അപ്പോഴേക്കും പുറത്ത് ആംബുലൻസ് വന്ന് നില്ക്കുന്ന ശബ്ദം മുഴങ്ങി കേട്ടു.

#####$#$$$$##########

ങ്ഹാ, സിജോ ഇപ്പോഴെങ്ങനുണ്ട്?

റൗണ്ട്സിന് വന്ന ഡോക്ടർ ചോദിച്ചു.

നല്ല കുറവുണ്ട് ഡോക്ടർ
ഇപ്പോൾ വേദനയൊക്കെ മാറി താങ്ക്സ് ഡോക്ടർ ,എൻ്റെ ജീവൻ തിരിച്ച് തന്നതിന്

ഹ ഹ ഹ താങ്ക്സ് പറയേണ്ടത് ദൈവത്തോടാണ്, പിന്നെ ദേ ആ നില്ക്കുന്ന നിങ്ങളുടെ മകനോടും, പാതി നിലച്ച നിങ്ങളുടെ ഹൃദയത്തെ, cpr തന്ന് മരണത്തിന് വിട്ട് കൊടുക്കാതെ, ഇവിടെ വരെയെത്തിച്ചത് ആ പതിമൂന്ന്കാരൻ്റെ സമയോചിതമായ ഇടപെടൽ കൊണ്ട് മാത്രമാണ് ,മക്കളുണ്ടായാൽ മാത്രം പോര, അവരെ കൊണ്ട് ഇത്തരം പ്രയോജനങ്ങളുണ്ടാവുമ്പോഴാണ്, മാതാപിതാക്കളുടെ ജീവിതം ധന്യമാകുന്നത് ,എങ്കിൽ ശരി, ഞാൻ ഡിസ്ചാർജ് ചെയ്യാനുള്ള ഏർപ്പാട് ചെയ്യാം, വൈകുന്നേരം പോകാൻ റെഡിയായിക്കോ

ശരി ഡോക്ടർ...താങ്ക്സ്

അടുത്ത് നിന്ന റോസിലി കൈ കൂപ്പി.

ഞാൻ കാരണം നിനക്കൊന്ന് നന്നായി റസ്റ്റെടുക്കാൻ കഴിഞ്ഞില്ല അല്ലേ റോസ്?

ഓഹ് അത് സാരമില്ല ,എനിക്കിപ്പോൾ വലിയ കുഴപ്പമൊന്നുമില്ല

എന്നാലും വീട്ടിൽ ചെന്നിട്ട് നീ ഒന്നും ചെയ്യാൻ നില്ക്കണ്ട ഇപ്പോൾ നിന്നെ നോക്കാൻ വന്ന ഹോം നഴ്സിനെ നമുക്ക് കുറച്ച് നാള് വീട്ടിൽ നിർത്താം

ങ്ഹാ അതിനെക്കുറിച്ച് പിന്നെ നമുക്കാലോചിക്കാം, ഇപ്പോൾ സിജോ ഈ കാപ്പി കുടിക്ക്

ആൽവിൻ എന്തേലും കഴിച്ചായിരുന്നോ?

ദൂരെ ജനലിനരികിൽ ചെന്ന് പുറത്തേയ്ക്ക് നോക്കി നില്ക്കുന്ന ആൽവിനെ നോക്കി അയാൾ ചോദിച്ചു.

ഇല്ല, അവന് തിരിച്ച് അനാഥാലയത്തിലേക്ക് തന്നെ പോകണമെന്ന്‌ പറഞ്ഞ് നില്ക്കുവാ, നമ്മൾ ഡിസ്ചാർജ് ചെയ്തു പോകുമ്പോൾ കൊണ്ട് വിടാമെന്ന് ഞാൻ പറഞ്ഞു

റോസ്, അവനെയൊന്ന് ഇങ്ങോട്ട് വിളിക്ക്

തൻ്റെയടുത്തെത്തിയ ആൽവിൻ്റെ കൈകളിൽ സിജോ മുറുകെ പിടിച്ചു.

ഞാൻ നിന്നോട് ഒരുപാട് അകൽച്ച കാണിച്ചിട്ടുണ്ട് ,അത് നിന്നെ ഒരു പാട് വേദനിപ്പിച്ചിട്ടുണ്ടെന്നും എനിക്കറിയാം ,പക്ഷെ നീയെൻ്റെ ആരുമല്ലല്ലോ എന്ന ചിന്ത എൻ്റെ മനസ്സിലുള്ളത് കൊണ്ടായിരുന്നു, ഞാനങ്ങനെയൊക്കെ നിന്നോട് പെരുമാറിയിരുന്നത്, എന്നാലിപ്പോൾ നീയെനിക്ക് റോസിനെക്കാളും പ്രിയപ്പെട്ടവനാണ്, എനിക്കിനി സ്നേഹിക്കാനും എന്നെ സ്നേഹിക്കാനും കർത്താവ് മകനായി തന്നത് നിന്നെ മാത്രമാണ് ,നീയിപ്പോൾ അനാഥനല്ല ,നിനക്ക് അമ്മയും അച്ഛനുമുണ്ട്, അത് കൊണ്ട് ഞങ്ങളുടെ മരണം വരെ നീ ഞങ്ങളോടൊപ്പം തന്നെയുണ്ടാവണം ,നിന്നെ വേദനിപ്പിച്ച എൻ്റെ എല്ലാപ്രവൃത്തികൾക്കും ഞാൻ നിന്നോട് മാപ്പ് ചോദിക്കുന്നു സോറി

വേണ്ടച്ഛാ .. അച്ഛൻ എന്നെ വേദനിപ്പിച്ചിട്ടുണ്ടെങ്കിലും ഞാനങ്ങയെ വെറുത്തിട്ടില്ല കാരണം എൻ്റെ അച്ഛനാണെന്ന് പറഞ്ഞ് അമ്മ ചൂണ്ടിക്കാണിച്ച് തന്നത് നിങ്ങളെയാണ് ,അത് കൊണ്ടാണ് അങ്ങയെ ഞാനിപ്പോൾ അച്ഛനെന്ന് അറപ്പില്ലാതെ വിളിച്ചത് ,
എല്ലാ കുട്ടികളും അവരുടെ അമ്മമാരെ ഗർഭത്തിൽ വച്ച് തന്നെ തിരിച്ചറിയുന്നുണ്ടെങ്കിലും അച്ഛനെന്ന് വിശ്വസിക്കുന്നതും വിളിച്ച് തുടങ്ങുന്നതും അമ്മ കാണിച്ച് കൊടുക്കുന്നൊരു വ്യക്തിയെയായിരിക്കും, അത് അമ്മയെന്ന കാണപ്പെട്ട ദൈവത്തിലുള്ള വിശ്വാസമാണ്, എൻ്റെ അമ്മയെ ഞാൻ ദൈവത്തിനൊപ്പം കാണുന്ന കാലത്തോളം, അങ്ങ് തന്നെയാണ്എൻ്റെ അച്ഛൻ

ആൽവിൻ്റെ വാക്കുകൾ സിജോയുടെ ഹൃദയം നിറച്ചു.

########$$$####$$###

രാമേട്ടനൊടൊപ്പം ചെടികൾ നനച്ച് കൊണ്ടിരുന്ന റോസിലി, ഗേറ്റ് ‌ കടന്ന് ഒരു പോലീസ് ജീപ്പ് കടന്ന് വരുന്നത് കണ്ട് പകച്ച് പോയി.

ഇത് സിജോ മാത്യുവിൻ്റെ വീടല്ലേ?

ജീപ്പിൻ്റെ മുൻ സീറ്റിൽ നിന്നിറങ്ങിയ എസ് ഐ ചോദിച്ചു.

അതെ സാർ, എന്താ സാർ കാര്യം?

റോസിലി ഭീതിയോടെ ചോദിച്ചു.

നിങ്ങളയാളെ വിളിക്ക് എന്നിട്ട് പറയാം

റോസിലി അകത്ത് പോയി സിജോയെ കുട്ടിക്കൊണ്ട് വന്നു.

എന്താ സാർ ,എന്തിനാ അന്വേഷിച്ചത്?

ഗ്രേസിനെയും ,റോബിനെയും വെട്ടി കൊലപ്പെടുത്തിയ കൊട്ടേഷൻ സംഘത്തെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു, അവരെ ചോദ്യം ചെയ്തതിൽ നിന്നും ,നിങ്ങളാണ് അതിനായി കൊട്ടേഷൻ കൊടുത്തതെന്ന് അറിയാൻ കഴിഞ്ഞു ,അത് കൊണ്ട്, നിങ്ങളെ ചോദ്യംചെയ്യുന്നതിന് വേണ്ടി, കസ്റ്റഡിയിലെടുക്കാൻ വന്നതാണ് ഞങ്ങൾ, താങ്കൾ ജീപ്പിലോട്ടൊന്ന് കയറിക്കേ, ബാക്കിയൊക്കെ സ്‌റ്റേഷനിൽ ചെന്നിട്ട് 

അത് കേട്ട റോസിലി, ഞെട്ടിത്തരിച്ച് പോയി.

എന്താ സിജോയിത്? സത്യമാണോ ഇവര് പറയുന്നത്?

അതൊക്കെ കോടതിയിൽ തെളിയിക്കേണ്ട കാര്യമല്ലേ?
തല്ക്കാലം ഞാനിവരോടൊപ്പം പോകുവാണ്, നീ നമ്മുടെ വക്കീലിനെ വിളിച്ചിട്ട് സ്റ്റേഷനിലോട്ട് വരാൻ പറഞ്ഞാൽ മതി, ബാക്കി വക്കീല് നോക്കിക്കൊള്ളും

അതും പറഞ്ഞ് ,യാതൊരു കൂസലുമില്ലാതെ സിജോ,ജീപ്പിലേക്ക് കയറുന്നത് കണ്ടപ്പോൾ റോസിലിക്കറിയാമായിരുന്നു അയാൾ പക വീട്ടിയതാണെന്ന്. (അവസാനിച്ചു.)

ഇഷ്ടമായെങ്കിൽ ലൈക്ക് ഷെയർ ചെയ്യണേ, അഭിപ്രായങ്ങൾ കമന്റ്‌ ചെയ്യണേ...
രചന: സജി തൈപ്പറമ്പ്


കൂടുതൽ കഥകൾക്ക് ഈ പേജ് ഫോളോ ചെയ്യൂ....
To Top