മഴനിലാവ്, ഭാഗം-5

Valappottukal Page



രചന: സജി തൈപ്പറമ്പ്
നമുക്ക് കുരിശ്പള്ളിയുടെ മുന്നിലൂടെ പോയാലോ, അവിടെ കയറി ആൽവിനേയും നമ്മുടെയൊപ്പം കൂട്ടാമായിരുന്നു?
അവനിത് വരെ കാറിലൊന്നും കയറിയിട്ടില്ല, ഇത് പോലൊരു കാറിൽ കയറണമെന്ന് അവനെപ്പോഴും പറയുമായിരുന്നു ,

ഡ്രൈവ് ചെയ്യുന്ന സിജോയെ നോക്കി ,റോസിലി ചോദിച്ചു.

അത് വേണോ റോസീ.. കുറച്ച് ദിവസങ്ങൾ കൂടി കഴിയുമ്പോൾ എനിക്ക് ഗൾഫിലേക്ക് തിരിച്ച് പോകേണ്ടി വരും ,അതിനുള്ളിൽ കിട്ടുന്ന കുറച്ച് ദിവസങ്ങൾ, നമ്മുടേത് മാത്രമായ ഒരു സ്വകാര്യ ലോകമാണ് ഞാനാഗ്രഹിക്കുന്നത്,

അതും പറഞ്ഞയാൾ ഇടത് കൈകൊണ്ട് റോസിലിയെ തന്നിലേക്ക് ചേർത്ത് പിടിച്ചു.

എന്ത് കൊണ്ടോ റോസിലിക്ക് അയാളുടെ വാക്കുകൾ ഖണ്ഡിക്കാൻ തോന്നിയില്ല

ആ ഏസി ഓഫ് ചെയ്തിട്ട് ഗ്ളാസ്സ് തുറന്നിട് സിജോ, എന്തൊരു തണുപ്പാണിത്

സാരിയുടെ തലപ്പെടുത്ത് തോളിന് മുകളിലൂടെയിട്ട് പുതച്ച് കൊണ്ട് റോസിലി പറഞ്ഞു

ഹ ഹ ഹ ,ഇതിലും വലിയ തണുപ്പാണ് പുറത്ത് ,ദേ നീ 
ആ മലമുകളിലേക്ക് നോക്കിക്കേ
കോടയിറങ്ങി വരുന്നത് കണ്ടോ?
അത് റോഡിലേക്ക് വരുന്നതിന് മുമ്പ് നമുക്ക് മൂന്നാറെത്തണം

അവിടുന്ന് ഇന്ന് തന്നെ തിരിച്ച് വരുമോ ?

ഹേയ് ,അവിടെ രണ്ട് ദിവസം തങ്ങിയിട്ട് നേരെ കൊടൈക്കനാലിലേക്ക് ,അവിടെ രണ്ടിടത്തും നമ്മൾ റിസോർട്ട് ബുക്ക് ചെയ്തിട്ടുണ്ട്

അത് വേണ്ടായിരുന്നു സിജോ

അവൾ അതൃപ്തിയോടെ പറഞ്ഞു

അതെന്താ റോസ് ?

അത് പിന്നെ ... നമ്മൾ ഇപ്പോഴും അവിവാഹിതരല്ലേ?സിജോ എൻ്റെ കഴുത്തിൽ ഒരു മിന്ന് കെട്ടിയിരുന്നെങ്കിൽ കുറ്റബോധമില്ലാതിരുന്നേനെ

എന്താ റോസ് നീയീ പറയുന്നത് നമ്മൾ പരസ്പരം ഇഷ്ടപ്പെടുകയും വിശ്വസിക്കുകയും ചെയ്യുന്നവർക്ക് അങ്ങനെയൊരു ആചാരത്തിൻ്റെ ആവശ്യമുണ്ടോ ? മിന്നുകെട്ടിയ ബന്ധങ്ങളെല്ലാം നിലനിന്നിട്ടുണ്ടോ ?

അത് തന്നെ ഉദ്ദേശിച്ചാണ് പറഞ്ഞതെന്ന് റോസിലിക്ക് മനസ്സിലായി ,പിന്നെ അവൾ അതിനെക്കുറിച്ചൊന്നും മിണ്ടിയില്ല

ഒരാഴ്ച നീളുന്ന വിനോദയാത്രയ്ക്കാണ്, റോസിലി അയാളോടൊപ്പം പോയതെങ്കിലും
മധുവിധുൻ്റെ ലഹരിയിൽ പ്രകൃതി ഭംഗിയാസ്വദിക്കാൻ അവർക്ക് സമയം കിട്ടിയിരുന്നില്ല

തിരിച്ച് മലയിറങ്ങുമ്പോൾ സിജോ ആഹ്ളാദവാനായിരുന്നു ,പക്ഷേ റോസിലിയുടെ ഉള്ളിൽ വല്ലാത്തൊരു കുറ്റബോധം തളം കെട്ടി കിടന്നിരുന്നു, മൂകയായിരിക്കുന്ന അവളോട് 
സിജോ കാര്യമന്വേഷിച്ചു.

എന്താ റോസ് നീ ആലോചിക്കുന്നത്?

ഞാൻ ആൽവിനെ കുറിച്ചോർക്കുവായിരുന്നു,
അവൻ്റെയമ്മയ്ക്ക് ഒരു നല്ല ജീവിതം കിട്ടിയിട്ടും, അവനിപ്പോഴും അനാഥാലയത്തിൽ, അസൗകര്യങ്ങളുടെ നടുവിൽ തന്നെയല്ലേ ?രുചിയോടെ നല്ല ആഹാരം കഴിക്കാതെ നിലത്ത് വിരിച്ച ബെഡ്ഷീറ്റിന് മുകളിൽ സിമൻറ് തറയുടെ തണുപ്പേറ്റ് അമ്മയുടെയും അച്ഛൻ്റെയും കാവലില്ലാതെ തളർന്നുറങ്ങുകയായിരിക്കും എൻ്റെ മോൻ... 

അത്രയും പറഞ്ഞപ്പോൾ റോസിലി വിതുമ്പി പോയി

ഹേയ് എന്താ റോസീ ഇത് ,കൊച്ച് കുട്ടികളെ പോലെ ,അവന് പതിമൂന്ന് വയസ്സായെന്നല്ലേ നീ പറഞ്ഞത് ,അവനെക്കാളും എത്രയോ ഇളയ കുട്ടികൾ അവിടുത്തെ പരിമിതികളിൽ ഇണങ്ങി ജീവിക്കുന്നുണ്ട്,
പിന്നെ ,നിനക്ക് അത്ര വിഷമമാണെങ്കിൽ, ഞാൻ അടുത്തയാഴ്ച ഗൾഫിലേക്ക് മടങ്ങുമ്പോൾ, അവനെ നിൻ്റെയൊപ്പം നമ്മുടെ വീട്ടിൽ കൊണ്ട് നിർത്തിക്കോ, നിനക്കുമൊരു കൂട്ടാകുമല്ലോ?

അപ്പോഴും, സിജോയ്ക്ക് ആൽവിനോട് സ്നേഹം തോന്നാത്തതിൽ റോസിലിക്ക് ആശങ്ക തോന്നി.

പിറ്റേ ആഴ്ച സിജോ ഗൾഫിലേക്ക് യാത്രയായപ്പോൾ, റോസിലിക്ക് നല്ല വിഷമമുണ്ടായിരുന്നെങ്കിലും, ഇനി അയാൾ തിരിച്ച് വരുന്നത് വരെ, ആൽവിനൊപ്പം കഴിയാമെന്ന ചിന്ത അവളെ ഊർജ്ജസ്വലയാക്കി.

അന്ന് തന്നെയവൾ, രാമേട്ടനെയും കൂട്ടി കാറുമായിട്ടാണ് അനാഥാലയത്തിൽ ചെന്നത്

ആൽവിനെ കണ്ടപ്പോൾ എന്ത് കൊണ്ടാണെന്നറിയില്ല, അവൾ പൊട്ടിക്കരഞ്ഞു പോയി.

അമ്മയെന്തിനാ കരയുന്നത്?

ഒന്നുമില്ല മോനേ.. സന്തോഷം കൊണ്ടാണ്, ദേ ആ കിടക്കുന്ന കാറ് കണ്ടോ,? അത് നമ്മുടെയാണ് ,
മോൻ പറയാറില്ലേ? നമ്മൾ രക്ഷപെടുകയാണെങ്കിൽ, അത് പോലൊരു കാറ് വാങ്ങണമെന്നും,
അതിൽ കയറി ഭരണങ്ങാനം പള്ളിയിലും, പാലാ ടൗണിലുമൊക്കെ കറങ്ങണമെന്നും, ഇപ്പോൾ നമ്മള് രക്ഷപ്പെട്ട് മോനേ.. നമുക്കിപ്പോൾ വില കൂടിയ കാറും, വലിയ ബംഗ്ളാവുമൊക്കെയുണ്ട്,
മോൻ വേഗമൊരുങ്ങ് ,നമുക്ക് ബംഗ്ളാവിലേക്ക് പോകാം

അവിടെ എൻ്റെ അച്ഛനുണ്ടോ ?

അത് കേട്ട് റോസിലി ഞെട്ടി .

അതെന്താ മോൻ അങ്ങനെ ചോദിച്ചത്?

അമ്മയല്ലേ പണ്ട് മുതല് പറയാറുള്ളത് ,അച്ഛനുണ്ടായിരുന്നെങ്കിൽ നമ്മൾ രക്ഷപെട്ട് പോയേനെയെന്ന് ,എന്നിട്ട് അച്ഛനെവിടെയാണെന്ന് ഞാൻ ചോദിച്ചപ്പോൾ, ദൂരെ എവിടെയോ ജോലിക്ക് പോയിട്ട് തിരിച്ച് വന്നിട്ടില്ലെന്നും പറഞ്ഞു ,ആ അച്ഛൻ ഇപ്പാൾ വന്നോ? എന്നാണ് ഞാൻ ചോദിച്ചത്

മകൻ്റെ ചോദ്യങ്ങൾക്ക് മുന്നിൽ ഉത്തരം മുട്ടി റോസിലി നിന്നു.

ചെറുപ്പത്തിൽ അച്ഛനെക്കുറിച്ച് നിരന്തരം ചോദിക്കുമ്പോൾ, താനൊരു കളവ് പറഞ്ഞതായിരുന്നു, യാഥാർത്ഥ്യമെന്താണെന്ന് ആ പ്രായത്തിൽ പറഞ്ഞാൽ അവന് മനസ്സിലാകില്ലല്ലോ? പിന്നീടത് തിരുത്താനും പോയില്ല, ഇപ്പോഴും അച്ഛൻ വരുമെന്ന പ്രതീക്ഷയിലാണ്, അവൻ ജീവിക്കുന്നത്, ആ പ്രതീക്ഷ തകർക്കേണ്ടെന്നും ,
സിജോയാണ്,അവൻ്റെ അച്ഛനെന്നും പറയാൻ റോസിലി തീരുമാനിച്ചു  .

അതേ മോനേ... മോൻ്റെ അച്ഛൻ വന്നിരുന്നു ,ഒരുപാട് കാശുമായിട്ടാണ് അദ്ദേഹം വന്നത്, എന്നിട്ട് മോന് വേണ്ടി, വലിയ ബംഗ്ളാവും, കാറുമൊക്കെ വാങ്ങി,
ഇന്ന് മോനെ കൂട്ടിക്കൊണ്ട് പോകാൻ ,അമ്മയോടൊപ്പം അച്ഛനും വരാനിരുന്നതാണ്,
പക്ഷേ, ഇന്നലെ രാത്രിയിൽ ഗൾഫിലെ അച്ഛൻ്റെ കമ്പനിയിൽ നിന്ന് അത്യാവശ്യമായി തിരിച്ച് ചെല്ലണമെന്നും, പറഞ്ഞൊരു കോള് വന്നു ,അങ്ങനെ അദ്ദേഹത്തിന് തിരിച്ച് പോകേണ്ടി വന്നു ,സാരമില്ല, രണ്ട് മൂന്ന് മാസം കഴിയുമ്പോൾ, അച്ഛൻ തിരിച്ച് വരും, അപ്പോൾ മോന് കാണാം

നേരാണോ അമ്മേ... എന്നെ പറ്റിക്കുവല്ലല്ലോ?

അതേ മോനേ .. അമ്മയെ നിനക്ക് വിശ്വാസമല്ലേ?

ഈ ലോകത്ത്, എൻ്റെ അമ്മയെ മാത്രമേ എനിക്ക് വിശ്വാസമുള്ളു

അതും പറഞ്ഞ്, ആൽവിൻ റോസിലിയെ കെട്ടിപ്പിടിച്ച് കവിളിൽ ഉമ്മ വച്ചപ്പോൾ, അവളുടെ ഉള്ളിലൊരാന്തലുണ്ടായി.

ആൽവിനെയും കൊണ്ട്, അവൻ്റെ ആഗ്രഹപ്രകാരം, പാലാ ടൗണിലും ഭരണങ്ങാനം പള്ളിയിലുമൊക്കെ കറങ്ങിയിട്ടാണ്, അവർ തിരിച്ച് വീട്ടിലെത്തിയത്.

പിറ്റേന്ന് റോസിലി, ആൽവിനെ ഒരുക്കി, രാമേട്ടനൊപ്പം കാറിലാണ് സ്കൂളിലേക്കയച്ചത്. 

തിരിച്ച് വരുമ്പോൾ, മാർക്കറ്റിൽ നിന്നും നെയ്മീനും, ഇറച്ചിയും വാങ്ങിക്കൊണ്ട് വരണമെന്ന് രാമേട്ടനോട് പ്രത്യേകം ഓർമ്മിപ്പിച്ചു.

ഇനിയെങ്കിലും, തൻ്റെ മോന് നല്ല ആഹാരം കൊടുത്ത് വളർത്തണമെന്ന് ,അവൾ തീരുമാനിച്ചു.

കുറച്ച് കഴിഞ്ഞപ്പോൾ, രാമേട്ടൻ മീനും ഇറച്ചിയുമൊക്കെ കൊണ്ട് വന്നു.

അത് വാങ്ങി, ഇറച്ചി അരിഞ്ഞ് വയ്ക്കാൻ മേരിയേച്ചിയോട് പറഞ്ഞിട്ട്, റോസിലി മീൻ നുറുക്കി വൃത്തിയാക്കാൻ തുടങ്ങി.

മീനിൻ്റെ വയറ് പിളർന്ന് കുടല് പുറത്ത് വന്നത് കണ്ടപ്പോൾ, അവൾക്ക് ഓക്കാനം വന്നെങ്കിലും, അത് വകവയ്ക്കാതെ, റോസിലി തൻ്റെ ജോലി തുടർന്നു.

പക്ഷേ, അടുത്ത നിമിഷം അവൾ പിടിച്ച് നില്ക്കാനാവാതെ എഴുന്നേറ്റ് വാഷ്ബേസിനിൽ തലകുമ്പിട്ട് ഛർദ്ദിക്കാൻ ശ്രമിച്ചെങ്കിലും, പുറത്തോട്ടൊന്നും വരാതെയിരുന്നപ്പോൾ, അവൾക്കൊരു പന്തികേട് തോന്നി.

അവൾ വേഗം കൈയ്യും മുഖവും സോപ്പിട്ട് കഴുകിയിട്ട് ,ബെഡ് റൂമിലെത്തി, ചുമരിൽ തൂക്കിയിരുന്ന കലണ്ടറിൽ ഉത്ക്കണ്ഠയോടെ നോക്കി.

താൻ ആശങ്കപ്പെട്ടത് പോലെ തന്നെ, കുളി തെറ്റിയെന്ന് അവൾക്ക് ബോധ്യമായി.

എങ്കിലും, വൈകുന്നേരം ആൽവിനെ വിളിക്കാൻ രാമേട്ടനോടൊപ്പം സ്കൂളിലേക്ക് അവളും പോയി. 

തിരിച്ച് വരുമ്പോൾ, ടൗണിലെ മെഡിക്കൽ സ്‌റ്റോറിൽ നിന്നും, ആൽവിനും ,രാമേട്ടനും കാണാതെ, ഒരു പ്രെഗ്നോകാർഡ് വാങ്ങി.

വീട്ടിലെത്തി ആദ്യം തന്നെയവൾ, യൂറിൻ ടെസ്റ്റ് ചെയ്തു.

അവളുടെ നിഗമനങ്ങളെ ശരിവയ്ക്കുന്നതായിരുന്നു, അതിൽ തെളിഞ്ഞ ചുവന്ന വരകൾ.

ബെഡ് റൂമിൻ്റെ ഡോറ് ചേർത്തടച്ചിട്ട്, അവൾ വേഗം
സിജോയെ വിളിച്ച് വിവരം പറഞ്ഞു.

അത് കേട്ടയുടനെ ,താനുടനെ നാട്ടിലേക്ക് തിരിക്കുകയാണെന്ന് പറഞ്ഞ് ,സിജോ ഫോൺ കട്ട് ചെയ്തപ്പോൾ, റോസിലിയുടെ മനസ്സിലേക്ക്, ഒരായിരം ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ തികട്ടി വന്നു.

അതിൽ പ്രധാനം, ആൽവിൻ്റെ ഭാവിയെന്താകുമെന്നതായിരുന്നു.


രാമേട്ടൻ തനിച്ചാണ്, എയർപോർട്ടിലേക്ക് പോയത്

റോസിലിയോട് അത്ര ദൂരം യാത്ര ചെയ്യേണ്ടെന്ന് സിജോ പറഞ്ഞിരുന്നു.

കുറച്ച് മുൻപ് വിളിച്ചപ്പോൾ ഉടനെയെത്തുമെന്ന് സിജോ പറഞ്ഞത് കൊണ്ട് റോസിലിയും ആൽവിനും കൂടി സിറ്റൗട്ടിൽ വന്ന് ഗേറ്റിലേക്ക് കണ്ണും നട്ടിരുന്നു

അല്പം കഴിഞ്ഞ് കറുത്ത ബെൻസ് കാർ ,ഗേറ്റിന് മുന്നിൽ വന്ന് ഹോണടിച്ചു, ആൽവിൻ സന്തോഷത്തോടെ ഓടിച്ചെന്ന് ഗേറ്റ് മലർക്കെ തുറന്നു.

കാറ് വിശാലമായ പോർച്ചിലേക്ക് വന്ന് നിന്നപ്പോൾ, സിജോ ഡോറ് തുറന്ന് ഇറങ്ങി വന്നു

ഗുഡ് മോർണിങ്ങ് ഡിയർ, നല്ല ക്ഷീണമുണ്ടല്ലോ? ഒമിറ്റിങ്ങ് അധികമുണ്ടോ?

മുഖത്ത് നിറഞ്ഞ ചിരിയോടെ സിജോ റോസിലിയോട് ചോദിച്ചു.

ഹേയ് വെറുതെ തോന്നുന്നതാ യാത്രയൊക്കെ സുഖമായിരുന്നോ?

ഉം ബിസിനസ്സ് ക്ളാസ്സായിരുന്നത് കൊണ്ട് ബുദ്ധിമുട്ടൊന്നുമില്ലായിരുന്നു പക്ഷേ ,ഞാനാകെ
എക്സൈറ്റഡായിരുന്നത് കൊണ്ട് വിമാനത്തിന് സ്പീഡ് പോരെന്ന് തോന്നി

ദേ ആൽവിനെ കണ്ടില്ലേ ?അവനോടൊന്നും ചോദിച്ചില്ലല്ലോ?

റോസിലി പരിഭവത്തോടെ പറഞ്ഞു

ങ്ഹാ കണ്ടു,നീയകത്തോട്ടൊന്ന് വന്നേ, എനിക്കൊരു പ്രധാനപ്പെട്ട കാര്യം പറയാനുണ്ട്

അവളെ ക്ഷണിച്ചിട്ട് അയാൾ ധൃതിയിൽ അകത്തേയ്ക്ക് കയറി പോയി

വാടിയ മുഖവുമായി മുറ്റത്ത് നില്ക്കുന്ന ആൽവിനെ കണ്ടപ്പോൾ റോസിലിയുടെ ഹൃദയം നുറുങ്ങി

മോൻ രാമേട്ടൻ്റെ കയ്യിൽ നിന്നും ആ ബാഗ് വാങ്ങി അകത്തോട്ട് വയ്ക്ക്, അമ്മ ഇപ്പോൾ വരാം

അവനെ എന്ത് പറഞ്ഞ് ആശ്വസിപ്പിക്കുമെന്നറിയാതെ അവൾ വേഗം മുറിയിലേക്ക് പോയി .

റോസിലി അകത്തേയ്ക്ക് കയറി വന്നപ്പോൾ, സിജോ അവളുടെ നിതംബത്തിന് താഴെ കൈകൾ ചുറ്റിപ്പിടിച്ച് കൊണ്ട് മുകളിലേക്ക് ഉയർത്തി വട്ടംചുറ്റി.

അയ്യോ സിജോ എന്നെ വിടു ,എന്താ ഈ കാണിക്കുന്നത് ,ആൽവിനെങ്ങാനും കണ്ടാൽ എന്ത് നാണക്കേടാണ്, എന്നെയൊന്ന് താഴെ നിർത്ത് സിജോ

പെട്ടെന്നയാൾ, അവളെ താഴെ നിർത്തി.

കണ്ടോ?ഇത് കൊണ്ടാണ് ഞാൻ പറഞ്ഞത്, ആൽവിൻ നമ്മുടെ സ്വകാര്യതയ്ക്ക് ഒരു വിലങ്ങ് തടിയാണെന്ന്, അവൻ ആ അനാഥാലയത്തിൽ തന്നെ നില്ക്കില്ലായിരുന്നോ?

അയാൾ നീരസത്തോടെ ചോദിച്ചു.

വേണ്ട സിജോ, അവൻ അനാഥനല്ല, അച്ഛൻ മാത്രമേ അവനെ ഉപേക്ഷിച്ച് പോയിട്ടുള്ളു, അമ്മ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്, എൻ്റെ ഗതികേട് കൊണ്ടായിരുന്നു, ഞാനവനെ ഇത്രയും നാൾ അനാഥാലയത്തിൽ നിർത്തിയത്, ഇനി മുതൽ അവൻ ,എന്നോടൊപ്പം
ഇവിടെ തന്നെയുണ്ടാവും 

ഓഹോ, അപ്പോൾ നിനക്ക് എന്നെക്കാളും വലുത് അവനാണല്ലേ?

ഛെ! ഇങ്ങനെ കൊച്ചു കുട്ടികളെപ്പോലെ സംസാരിക്കല്ലേ സിജോ, അവനെ ഞാൻ നൊന്ത് പ്രസവിച്ചതല്ലേ? എനിക്കവനെ സ്നേഹിക്കാതിരിക്കാൻ കഴിയുമോ ?

മ്ഹും ,സ്നേഹിച്ചോ, സ്നേഹിച്ചോ കുറച്ച് നാള് കൂടി കഴിയുമ്പോൾ എൻ്റെ കുഞ്ഞിനെയും നീ നൊന്താണ് പ്രസവിക്കുന്നത് ,അപ്പോൾ നീ ആരെയാണ് കൂടുതൽ സ്നേഹിക്കുന്നതെന്ന് എനിക്കൊന്ന് കാണണം

എൻ്റെ കുഞ്ഞെന്ന് പറയല്ലേ സിജോ, നമ്മുടെ കുഞ്ഞാണ് എൻ്റെ വയറ്റിൽ വളരുന്നത്,
രണ്ട് പേരും എനിക്കൊരു പോലെ തന്നെയാണ്

അമ്മേ.. എനിക്ക് വിശക്കുന്നു, 

മുറിക്ക് പുറത്ത് നിന്ന് ആൽവിൻ്റെ വിളി കേട്ടു .

ദേ അവന് വിശക്കുന്നുണ്ട് ,സിജോ വേഗം ഫ്രഷായിട്ട് വാ നമുക്കൊരുമിച്ച് കഴിക്കാം

നീ ചെന്ന് അവന് വേണ്ടത് കൊടുക്ക്, എനിക്കിപ്പോൾ വിശപ്പില്ല

സിജോ അമർഷത്തോടെ പറഞ്ഞിട്ട്, ടവ്വലെടുത്ത് കൊണ്ട് ബാത്റൂമിലേക്ക് കയറി.

അയാൾ ആൽവിനോട് കാണിക്കുന്ന വേർതിരിവിൽ റോസിലി അസ്വസ്ഥയായിരുന്നു.

അമ്മേ ... എന്നെ തിരിച്ച് അനാഥാലയത്തിൽ തന്നെ കൊണ്ട് വിട്ടേക്ക്

ഇടിയപ്പവും ചിക്കൻ കറിയും വിളമ്പി കൊടുക്കുമ്പോൾ ആൽവിൻ പറഞ്ഞത് കേട്ട് റോസിലി അമ്പരന്നു.

എന്താ മോനേ നീയങ്ങനെ പറഞ്ഞത് നിനക്കിവിടെ ഇഷ്ടമായില്ലേ?

അയാൾക്കെന്നെ ഇഷ്ടമല്ലല്ലോ?
പിന്നെന്തിനാ ഞാനിവിടെ നില്ക്കുന്നത്

അയാളോ? അച്ഛനെയാണോ നീ അയാളെന്ന് പറഞ്ഞത്

റോസിലി അവനോട് ദേഷ്യത്തിൽ ചോദിച്ചു .

അമ്മ ചൂടാവണ്ട, എനിക്കറിയാം അയാളെൻ്റെ അച്ഛനല്ലെന്ന്, എന്തിനാണമ്മേ എന്നോട് കള്ളം പറഞ്ഞത് , ഞാൻ ബാഗ് വയ്ക്കാൻ അങ്ങോട്ട് വന്നപ്പോൾ നിങ്ങൾ സംസാരിച്ചത് മുഴുവൻ ഞാൻ കേട്ടായിരുന്നു

അത് കേട്ട് റോസിലി ചൂളിപോയി .

മോന് അമ്മയോട് ദേഷ്യം തോന്നരുത്, മോൻ വിഷമിക്കരുതെന്ന് കരുതിയാണ്, നിന്നോടിത് വരെ അമ്മ ഒന്നും പറയാതിരുന്നത് ,നിൻ്റെ അച്ഛൻ മോൻ്റെ ചെറുപ്പത്തിൽ നമ്മളെ ഉപേക്ഷിച്ച് പോയതാണ്, പിന്നെ ഇത്ര കാലമായിട്ടും വന്നിട്ടില്ല,
ഇപ്പോൾ നമുക്ക് ഈ വീടും കാറുമൊക്കെ തന്നത്, മോനിപ്പോൾ  തള്ളി പറഞ്ഞ ആ മനുഷ്യനാണ്, അല്ലായിരുന്നെങ്കിൽ നമുക്കീ സൗഭാഗ്യങ്ങളൊന്നും ഒരിക്കലും കിട്ടില്ലായിരുന്നു,
മോന് പഠിച്ച് വലിയ ഡോക്ടറാകണമെന്നല്ലേ ആഗ്രഹം ?
അതിനൊത്തിരി കാശ് വേണ്ടേ?
അമ്മയെന്നും കൂലിവേല ചെയ്ത് നടന്നാൽ ,നിന്നെ പഠിപ്പിക്കാനും ഡോക്ടറാക്കാനുമൊന്നും അമ്മയ്ക്ക് കഴിയില്ല,
നമ്മൾ ഒരിക്കലും രക്ഷപെടുകയുമില്ല, ഇപ്പോൾ കർത്താവ് നമുക്കൊരു വഴികാട്ടി തന്നതാണ് ,മോനോട് അദ്ദേഹത്തിന് ദേഷ്യമൊന്നുമില്ല, അദ്ദേഹം ഒരു പ്രത്യേക സ്വഭാവക്കാരനാ ,ആരോടും പെട്ടെന്ന് ഇണങ്ങില്ല, കുറച്ച് ദിവസം കഴിയുമ്പോൾ എല്ലാം ശരിയാകും ,മോനിപ്പോൾ അതൊന്നുമാലോചിച്ച് തല പുണ്ണാക്കണ്ട ,വേഗം വയറ് നിറച്ച് കഴിച്ചിട്ട് ,രാമേട്ടനൊപ്പം മാർക്കറ്റിലൊക്കെ പോയി കറങ്ങിയിട്ട് വാ ,അപ്പോൾ മനസ്സിലുള്ള വേണ്ടാത്ത ചിന്തകളൊക്കെ അകന്ന് പൊയ്ക്കൊള്ളും

റോസിലി മകൻ്റെ തലയിൽ അരുമയായി തഴുകി .

ദിവസങ്ങൾ കടന്ന് പോയി .

സിജോ ഗൾഫിൽ നിന്ന് തിരിച്ച് വന്നിട്ട് ഒരു മാസമാകുന്നു

അവിടുത്തെ ബിസിനസ്സൊക്കെ ഓൺലൈനിലൂടെയാണ് അയാൾ നിയന്ത്രിക്കുന്നത്

ഒരു ദിവസം രാവിലെ എവിടേക്കോ പോയ സിജോ സന്ധ്യ കഴിഞ്ഞാണ് തിരിച്ച് വന്നത്

എവിടെയായിരുന്നു ഇത്ര നേരം?

റോസിലി ഉത്ക്കണ്ഠയോടെ ചോദിച്ചു.

ഞാൻ കോട്ടയം വരെ ഒന്ന് പോയതാ

കോട്ടയത്തോ എന്തിന് ?

ജോസുട്ടിയെ കാണാൻ

അത് കേട്ട് റോസിലി നടുങ്ങിപ്പോയി

എന്താ സിജോ എന്തിനാ അയാളെ ഇപ്പോൾ കാണുന്നത് ?

അയാളെ ഞാനായിട്ട് കാണാൻ പോയതല്ല അയാൾക്കെന്നെ കാണണമെന്ന് പറഞ്ഞപ്പോൾ ഞാൻ പോയതാ

അതിന് നിങ്ങളെ അയാൾക്കെങ്ങനെ അറിയാം ?

അന്ന് നമ്മളൊരുമിച്ച് ബാങ്കിൽ പോയി അയാളുടെ അക്കൗണ്ടിലേക്ക് കുറച്ച് രൂപ എൻ്റെ അക്കൗണ്ടിൽ നിന്ന് ട്രാൻസ്ഫർ ചെയ്തില്ലേ? അതിന് ശേഷം ഒരു ദിവസം അയാളെന്നെ ഫോണിൽ വിളിച്ച് ഒത്തിരി നന്ദി പറഞ്ഞിരുന്നു, തനിക്ക് അത്രയും വലിയൊരു എമൗണ്ട് തന്ന് സഹായിച്ചതാരാണെന്ന് ബാങ്കിൽ വിളിച്ചന്വേഷിച്ചിട്ടാണ് അവിടുന്നെൻ്റെ ഫോൺ നമ്പർ അയാൾക്ക് കിട്ടിയതെന്ന് പറഞ്ഞു
അതിന് ശേഷം പിന്നെ ഇന്നലെ രാത്രിയിൽ അയാൾ വീണ്ടും വിളിച്ചിട്ട് ഹോസ്പിറ്റലിലേക്ക് ഒന്ന് ചെല്ലണമെന്നും പ്രധാനപ്പെട്ട എന്തോ കാര്യം സംസാരിക്കാനുണ്ടെന്നും പറഞ്ഞു അങ്ങനെയാണ് ഞാൻ രാവിലെ അങ്ങോട്ട് പോയത്

എന്നിട്ട് അയാളെന്താ പറഞ്ഞത് ?

റോസിലി ,ജിജ്ഞാസയോടെ ചോദിച്ചു.

നിങ്ങളുടെ ഇടവകയിലെ വികാരിയച്ചൻ, അയാളെ കാണാൻ കഴിഞ്ഞ ദിവസം അവിടെ ചെന്നിരുന്നു, അദ്ദേഹം ,നീയും ആൽവിനുമിപ്പോൾ എൻ്റെ കൂടെയാണെന്ന് പറഞ്ഞെന്നും അത് കൊണ്ട് അയാൾക്ക് നിങ്ങളെയൊന്ന് കാണണമെന്ന് പറയാനുമാണ് എന്നെ വിളിപ്പിച്ചത്

എന്നിട്ട് സിജോ അയാളോടെന്ത് പറഞ്ഞു?

ഞാൻ പറഞ്ഞു, റോസിലി ഇപ്പോൾ എൻ്റെ കുഞ്ഞിൻ്റെ അമ്മയാണെന്നും അവളെ കാണാൻ നിങ്ങൾ ശ്രമിക്കേണ്ടെന്നും പറഞ്ഞു

നന്നായി അങ്ങനെ തന്നെ പറയണമായിരുന്നു, രോഗിയായി തീർന്നപ്പോൾ, കാമുകി വഴിയിലുപേക്ഷിച്ചപ്പോഴല്ലേ? എന്നെയും മോനേയും അയാൾക്കോർമ്മ വന്നത്?
സിജോ നല്ല ചുട്ട മറുപടി തന്നെയാണ് കൊടുത്തത്

പക്ഷേ ,ആൽവിൻ അയാളുടെ ചോരയാണെന്നും അവനെയെങ്കിലും തനിക്ക് വിട്ട് തന്നു കൂടെ എന്നയാൾ ചോദിച്ചു.

എന്നിട്ട്?അവനെയും വിട്ട് കൊടുക്കില്ലെന്ന് സിജോ അയാളുടെ മുഖത്ത് നോക്കി പറഞ്ഞില്ലേ?

അതെനിക്ക് പറയാൻ കഴിയുമോ? അയാളുടെ മകനെ അയാൾക്ക് തന്നെ കൊടുക്കുന്നതല്ലേ നല്ലത്?

ഇല്ലാ .. ഇല്ല സിജോ, എൻ്റെ മോനെ ഞാനാർക്കും കൊടുക്കില്ല ,അവനെൻ്റെയാണ്
എൻ്റെ മാത്രം

പക്ഷേ അവൻ എൻ്റെയാരുമല്ലല്ലോ?
പിന്നെ ഞാനെന്തിനാണ് അവനെ വളർത്തുന്നത് ?

സിജോ....

അയാളുടെ ഭാവമാറ്റം റോസിലിയെ ഞെട്ടിച്ചു.


കൂടുതൽ കഥകൾക്ക് ഈ പേജ് ഫോളോ ചെയ്യൂ....
To Top