ആഗ്നേയ, തുടർക്കഥ മുഴുവൻ ഭാഗങ്ങൾ (3) ഒരിമിച്ചു വായിക്കൂ...

Valappottukal Page



രചന: മീര സരസ്വതി

"ഡീ... ഏതാടി നീ.. ??എന്ത് ധൈര്യത്തിലാ താനെന്റെ മുറിയിൽ കിടന്നുറങ്ങിയേ..???"

ഉറക്കപ്പിച്ചിൽ തലയൊന്ന് ചൊറിഞ്ഞ് കണ്ണൊന്ന് തിരുമ്മി ഒരു കോട്ടുവായിട്ട് ബഹളം കേട്ട ഭാഗത്തേക്ക് നോക്കിയപ്പോഴാണ് തന്റെ മുന്നിൽ ഉറഞ്ഞു തുള്ളുന്നയാളെ ആഗ്നേയ കണ്ടത്. ഒരു നിമിഷം ഒന്നും മനസ്സിലാകാതെ അതുപോലെ നിന്നു.. 

"ഡോ തന്നോടാ ചോദിച്ചേ.. ആരോട് ചോദിച്ചാ എന്റെ മുറിയിൽ കയറിക്കിടന്നതെന്ന്..??"
 
പെണ്ണൊന്നവനെ കലിപ്പിച്ച്‌ നോക്കി.. 

"ഇവിടുത്തെ അമ്മ പറഞ്ഞിട്ടാ കിടന്നത്.. വേണേൽ അങ്ങോട്ട്  പോയി ചോദിക്ക്.."

ഒരു കൂസലുമില്ലാതെ പറയുന്ന പെണ്ണിനെ നോക്കിയവൻ പല്ലിറുമ്മി.. ഉച്ചത്തിലുള്ള സംസാരം കേട്ടാകണം ഹാളിലിരുന്ന ഓരോ തലകൾ മുറിയുടെ വാതിൽക്കൽ വന്നെത്തി നോക്കുന്നുണ്ട്.. ബഹളം കേട്ട്‌ കമലമ്മ അകത്തേക്ക് വന്നു..

"അമ്മയെന്തിനാ കണ്ട ജോലിക്കാരെയൊക്കെ പിടിച്ച് എന്റെ മുറിയിൽ കിടത്തിയേക്കണേ...?? ഏത് തരക്കാരാണെന്ന് ആർക്കറിയാം..

ഒട്ടും മയമില്ലാതെയവൻ പറഞ്ഞപ്പോൾ ആ പെണ്ണിന്റെ ഉള്ളൊന്ന് കാളിയെങ്കിലും  പുറമെ കാണിച്ചില്ല..

"കുഞ്ഞാ ...."

ശാസനയോടെ ആയമ്മ വിളിച്ചതും ആളൊന്നടങ്ങി.

"മോളിതൊന്നും കാര്യാക്കേണ്ടാ.. കിടന്നോളു..."

"ഇനി വേണ്ട കമലമ്മേ... ഞാനൊന്ന് വെപ്പ് പുരയിൽ പോയി ഒരു ചായ കിട്ടുവോന്ന് നോക്കട്ടെ.. വല്ലാത്ത തലവേദന... നാളത്തെ കാറ്ററിങ് കുളമാകുവോ ആവോ.."

പോകുന്നതിനിടയിൽ ഗൗതമിന്റെ നേരെ നോക്കിയൊരു പുച്ഛ ചിരി ചിരിക്കാനവൾ മറന്നില്ല.. തിരിച്ചവനും ഒന്ന് ചിരി കോട്ടി..

"കുമാരേട്ടന്റെ മോളാ കണ്ണാ അത്.."

"ആര്.. ആഗ്നയോ...???!!"

കുമാരേട്ടൻ നാട്ടിലെ ഒരു വിധം നാടൻ പണികൾക്കെല്ലാം കാണും.. എന്തിനും ഏതിനും കുമാരേട്ടൻ വേണം ഇവിടെ എല്ലാർക്കും.. കുഞ്ഞായിരിക്കുമ്പോൾ കുമാരേട്ടന്റെ കയ്യേൽ തൂങ്ങി വീട്ടിൽ വന്നിരുന്ന കുഞ്ഞിപെണ്ണിനെ ഓർത്തു... ആഗ്നേയ..അനിയത്തി സധികയുടെ തിക്ക്‌ ദോസ്തായിരുന്നു. 

"ഹാ... കുമാരേട്ടൻ ഇവിടെ തിരക്കിലായത് കൊണ്ട് പോകും വരെ കിടന്നോളാൻ ഞാനാ പറഞ്ഞത്.. ബാക്കിയുള്ള റൂമിലൊക്കെ ആളായിരുന്നെ... നീ പന്തലിൽ ജോലിയിലായിരുന്നില്ലേ.. ഇപ്പോഴൊന്നും വരില്ലെന്ന് നിരീച്ചു.. അതാ പിന്നെ ഇവിടെ കിടന്നൊളാൻ പറഞ്ഞെ.. 
നാളെയവൾക്ക് കാറ്ററിങ്ങിനു വരേണ്ടതാ.. അതുകൊണ്ടാ ഉറക്കമൊഴിയേണ്ടെന്ന് പറഞ്ഞത്..

സാധു മോളുടെ പ്രായേ ഉള്ളൂ പാവത്തിന്.. എന്ത് ജോലി വേണേലും ചെയ്തോളും.. കാല്യാണത്തിനു ഇന്നേ കുടുംബക്കാര് വന്നതോണ്ടാ കുമാരേട്ടനോട് അവളെ കൂടെ കൂട്ടാൻ പറഞ്ഞത്.. രാവിലെ തൊട്ടേ പാത്രം മോറലും വീട് വൃത്തിയാക്കലുമൊക്കെയായി അടുക്കളയിൽ പിടിപ്പതു പണിയായിരുന്നേ അവൾക്ക്..  സാധു മോൾക്കും  ഇവിടെത്തെ പിള്ളേർക്കുമെല്ലാം മൈലാഞ്ചിയിട്ടുകൊടുക്കലും ഒക്കെയായി വൈകുന്നേരവും തിരക്കായിരുന്നു..

 പാവമാടാ അത്.. നീയാ കുഞ്ഞിനോട് കയർത്ത് സംസാരിക്കേണ്ടായിരുന്നു.. ഇവിടെ അളോളൊക്കെ ഉള്ളതല്ലേ.. ഇനിയെന്തൊക്കെ പരദൂഷണങ്ങൾ ഇറക്കുവോ ആവോ.."

"  വേണോന്ന് വെച്ചല്ലമ്മാ.. നല്ല ക്ഷീണത്തിലാ പന്തലീന്ന് വന്നേ.. ഒന്ന് കിടക്കാമെന്ന് വിചാരിച്ച് റൂമിൽ കയറിയപ്പോളാ അവളുറങ്ങുന്നത് കണ്ടേ.. അതാ പെട്ടെന്ന് ദേഷ്യം വന്നുപോയെ അമ്മാ.."

അതും പറഞ്ഞ് ബെഡിൽ പോയി കിടന്നതും ലൈറ്റ് ഓഫ് ചെയ്ത് ഡോർ ചാരി അമ്മ മുറിവിട്ടിറങ്ങി..

ആ മുറിയിലാകെ അവളുടെ ഗന്ധം തങ്ങി നിൽക്കും പോലെ തോന്നി അവനു.. നേർത്ത ചിരിയോടെ തലയിണയിലേക്ക് മുഖം പൂഴ്ത്തി..

സാധികയുടെ വിവാഹമാണ്.. അതിനു വേണ്ടിയാണ് എല്ലാവരും മസ്കറ്റിൽ നിന്ന് വന്നത് തന്നെ.. കമ്പനിയിലെ തിരക്കിൽ പെട്ട്‌ പോയതിനാൽ ഞാനെത്തി ഒരാഴ്ച ആയതേയുള്ളൂ..ഇവിടെ എത്തിയപ്പോൾ തൊട്ട് പിടിപ്പത് പണിയായിരുന്നു. വെപ്പ് പുരയിലേക്ക് ചെമ്പും പാത്രങ്ങളുമൊക്കെ കൊണ്ട് വന്നപ്പോൾ ഒരു സഹായത്തിനായി അവരുടെ കൂടെ കൂടിയതാ.. ശീലമില്ലാത്ത കാര്യങ്ങളായതിനാൽ പെട്ടെന്ന് ക്ഷീണിച്ചു.. ഒന്ന് കിടക്കണമെന്ന് തോന്നിയപ്പോഴാണ് മുറിയിലോട്ട് വന്നത്.. 

കിടക്കയിൽ കിടക്കുന്ന അപ്സരസ്സിനെ പോലുള്ള പെണ്ണിനെ കണ്ടതും ആശ്ചര്യത്തോടെ നോക്കിപോയി.. ആ സൗന്ദര്യത്തിൽ ഒരു വേള സ്ഥലകാല ബോധം നഷ്ടപ്പെട്ടു... കുറച്ച് നേരം അവളെ തന്നെ നോക്കി നിന്നുപോയി.. അറിയാതെ പെണ്ണിനടുത്തേക്ക് കാൽ ചലിച്ചു.. ബെഡിനു താഴെ മുട്ടിലിരുന്ന് അവളുടെ മുഖത്തേക്ക് വീണു കിടക്കുന്ന മുടിയിഴകൾ മാറ്റിക്കൊടുത്തു.... ഉറക്കിൽ പെണ്ണൊന്നനങ്ങിയപ്പോഴാണ് യാഥാർഥ്യത്തിലേക്ക് തിരിച്ചു വന്നത് തന്നെ.. പെട്ടെന്ന് ചാടിപ്പിടഞ്ഞ് എഴുന്നേറ്റു നിന്നു.. വല്ലാത്ത ജാള്യത തോന്നിയതിനാലാ കയർത്ത് സംസാരിച്ചതും.. 

ആഗ്നേയ.. എന്റെ ആഗ്ന...എന്തോ ഓർമ്മയിൽ കൈത്തണ്ടയിൽ തടവി ഒന്ന് പുഞ്ചിരിച്ചൂ ഗൗതം.. അവളെന്നെ മറന്ന് കാണുമോ.. സാധ്യതയുണ്ട്.. സംഭവം കഴിഞ്ഞിട്ടിപ്പോൾ കാലം കുറേ ആയില്ലേ.. കിടന്നിട്ടാണേൽ ഒട്ടും ഉറക്കം വരുന്നുമില്ല.. കണ്ണടച്ചാൽ പെണ്ണിന്റെ കലിപ്പോടെയുള്ള നോട്ടം മാത്രം.. ഉഫ്..

എഴുന്നേറ്റ് വെപ്പു പുരയിലേക്ക് വെച്ച് പിടിച്ചു.. 
നാളത്തെ സദ്യക്കുള്ള തയ്യാറെടുപ്പിലാണ് അവിടെയുള്ളവർ.. കുമാരേട്ടന് പന്തലിൽ പണി തീർന്നില്ലായിരിക്കും. വെപ്പ് പുരയ്ക്കുള്ളിലേയ്ക്ക് കയറി നോക്കി.. ചായ കുടിക്കാനെന്നും പറഞ്ഞ് വന്നവളതാ അവിടെയൊരു മൂലയിൽ ഇട്ടേക്കുന്ന ബെഞ്ചിലിരുന്ന് തല ചുമരിൽ ചായ്ച്ച് ഉറങ്ങുന്നു... 

പതിയെ അരികിലായി പോയിരുന്ന് തട്ടി വിളിച്ചു.. ആളൊന്ന് കണ്ണ് തിരുമ്മി വീണ്ടും ഉറക്കം പോയതിന്റെ മുഷിച്ചലിൽ കലിപ്പിച്ച്‌ നോക്കുന്നുണ്ട്..

"ഇങ്ങനെ നോക്കല്ലെന്റെ പെണ്ണേ.. ഞാനങ്ങ് പിടിച്ച് കിസ്സിപ്പോകും..."

നോക്കണ്ടാ.. ആത്മഗത്തിച്ചതാ.. പറഞ്ഞാൽ മുഖം മുറിയെ ഒന്ന് കിട്ടും.. ആ ഇനത്തിൽ പെട്ടതാ ഇരിക്കണേ.. ഒരിക്കൽ കിട്ടിയതിന്റെ നീറ്റൽ ഇപ്പോഴുമുണ്ടേ..

"അകത്തു കിടന്നോളൂ.. റൂമൊഴിവാ.."

ഞാനും കലിപ്പിച്ചൊന്ന് നോക്കി പറഞ്ഞു.

"നിക്കാരുടേം ഔദാര്യമൊന്നും വേണ്ടാ... താൻ വേണേല് തനിക്ക് പറ്റുന്ന തരക്കാരോട് പോയി പറയ് കിടക്കാൻ.."

പെണ്ണൊനൊരു മാറ്റവുമില്ലലോ.. പണ്ടത്തെ അതേ കലിപ്പത്തി തന്നെ.. അവനാ പഴയ ഓർമയിലേക്കൊന്ന് ഊളിയിട്ടു.

🔥🔥🔥🔥🔥🔥🔥🔥🔥🔥

 എട്ടിൽ പഠിക്കുമ്പോഴാണ് അച്ഛൻ ഞങ്ങളെ എല്ലാവരെയും മസ്ക്കറ്റിലേക്ക് കൂടെ കൂട്ടിയത്.. പിന്നെ അവിടെയായി എന്റെയും സാധുവിന്റെയും പഠിത്തമൊക്കെ.. നാടിന്റെയും തറവാടിന്റെയും ഓർമ്മകൾ അവിടെത്തെ രണ്ടു മുറി വീടിനുള്ളിൽ വല്ലാതെ വീർപ്പുമുട്ടിച്ചുരുന്നു.. കൂടാതെ സാധുവിന്റെ ആഗ്നയുടെ ഓർമ്മകളും.. കൗമാരകാലത്തെ ഒരു കുഞ്ഞു പ്രണയം.. പ്രണയത്തിന്റെ ഒരായിരം പൂക്കൾ തന്നിലുള്ളിൽ വിരിയുന്നുണ്ടെന്ന് മനസ്സിലാക്കിയ കാലം.. ക്ലാസ്സിലെ വള വളാന്ന് ഇംഗ്ലീഷ് സംസാരിക്കുന്ന സുന്ദരിപെൺകുട്ടികൾ പോലും അവളോളം ഒരു ചലനങ്ങളും തന്നിൽ ഉണ്ടാക്കുന്നില്ലെന്ന് മനസ്സിലാക്കിയ കാലം.. എങ്ങനേലും വെക്കേഷൻ ആയിക്കിട്ടാനൊരു കാത്തിരിപ്പായിരുന്നു.. 

കാത്തിരുന്ന് കാത്തിരുന്ന് വെക്കേഷൻ ആയപ്പോൾ ഇഷ്ടം പറയാൻ ചെന്നതാ.. തറവാട്ടു കുളപ്പടവിൽ  സാധികയും ആഗ്നയും നല്ല കളിയിലാണ്.. 

"സാധു.. നിന്നെ അമ്മയന്വേഷിച്ചു.."

കേട്ടപാതി കേൾക്കാത്ത പാതി അവളോടി.. കിട്ടിയ തക്കത്തിന് കുളത്തിലിറങ്ങി രണ്ട് ആമ്പൽ പൊട്ടിച്ച് നല്ല സിനിമാ സ്റ്റൈലിൽ ഒന്നവളെ പ്രൊപ്പോസ് ചെയ്തു വിത്ത് കവിളിലൊരു മുത്തം... കൈയ്യിൽ പിടിച്ച് കൈത്തണ്ടയിൽ ആഞ്ഞൊരു കടിയായിരുന്നു കുട്ടിപ്പിശാച്.. പല്ലടയാളം മൊത്തം സീൽ ചെയ്ത പോലെ കിടപ്പുണ്ടായിരുന്നു.. കാത്ത് സൂക്ഷിച്ച ഇഷ്ടം എവിടേക്കാ  ഓടി മറഞ്ഞതെന്ന് എനിക്കുപോലും അറിയില്ല.. പിന്നെ അവളെ കാണുന്നതേ എനിക്ക് കലിപ്പായിരുന്നു.. തിരിച്ച് അവൾക്കും.. ചുരുക്കത്തിൽ പിന്നീടങ്ങോട്ട് നല്ല അസ്സല് കീരിയും പാമ്പുമായിരുന്നു രണ്ടും.. പിന്നെയുള്ള വെക്കേഷനിലൊന്നും കുമാരേട്ടന്റെ കൂടെ അവളെ കാണാറില്ല.. ശരിക്കും പിന്നെ അങ്ങനെയൊരാളെയേ മറന്നിരുന്നു..

🔥🔥🔥🔥🔥🔥🔥🔥🔥🔥

"വേണേൽ പോയി കിടന്നാൽ മതി... ഒരു നിർബന്ധവുമില്ല.."

ഒന്ന് പുഛിച്ച്‌ ചുണ്ടു കോട്ടി പറഞ്ഞു..
അവള് കേൾക്കാത്ത മട്ടിൽ  വീണ്ടും ചുമരും ചാരിയിരുന്നു ഉറക്കം പിടിച്ചു..  ഞാൻ നേരെ കുമാരേട്ടന്റെ അരികിലേക്ക് വിട്ടു.. ആള് പിള്ളേരുടെ കൂടെ കസേരയൊക്കെ എടുത്തു വെക്കുന്നുണ്ട്..

"കുമാരേട്ടാ.. ഇതൊക്കെ പിള്ളേര് ചെയ്തോളും.. നേരം ഒരുപാടായില്ലേ.. വാ.. ഞാൻ കൊണ്ടുവിടാം.. കാലത്തു ഇങ്ങോട്ട് വരാനുള്ളതല്ലേ.."

"വേണ്ട കുഞ്ഞേ.. നടന്നു പൊക്കോളാം.. മോളെയൊന്ന് വിളിക്കട്ടെ.."

"കുമാരേട്ടൻ വിളിച്ചേച്ചും വാ.. ഞാൻ വണ്ടിയൊന്ന് തിരിച്ചിടട്ടെ.. ഈ രാത്രിയിലേതായാലും നടന്നു പോകേണ്ടാ.."

മറുപടിക്ക് കാത്തു നിൽക്കാതെ ഞാൻ വണ്ടി തിരിച്ചിടാൻ കയറി.. കുമാരേട്ടൻ അവളെ വിളിച്ചും കൊണ്ട് വന്നു...ആദ്യമൊന്ന് വണ്ടിയിൽ കയറാൻ ആള് മടിച്ചിരുന്നു. കുമാരേട്ടൻ നിർബന്ധിച്ചതും പിന്നെ മറുത്തൊന്നും പറയാതെ പിന്നിലെ ഡോർ തുറന്നു അകത്ത് കയറി..

വണ്ടി ആ കുഞ്ഞു വീടിന്റെ മുറ്റത്ത് നിർത്തിയതും കുമാരേട്ടനിറങ്ങി ഡോർ അടച്ചു.. കാറിന്റെ വെളിച്ചത്തിൽ തന്നെ വീട്ടിലെ ലൈറ്റിടാനാകണം പെട്ടെന്ന് തന്നെ വീട്ടിനു നേരെ നടക്കുന്നത് കണ്ടു..

"അതേയ്.. ഇതൊന്ന് തുറന്നാൽ എനിക്ക് പോകായിരുന്നു..."

"സൗകര്യമില്ല.."

ചൈൽഡ് ലോക്ക് നീക്കിയില്ലായിരുന്നു.. അങ്ങനെ വെറുതെ വിട്ടാൽ ശെരിയാകുവോ.. അവള് കിണഞ്ഞു പരിശ്രമിക്കുന്നുണ്ട്.. ഞങ്ങൾ ഇറങ്ങാത്തത് കണ്ടാകണം കുമാരേട്ടൻ തിരിച്ചു നടക്കുന്നുണ്ട്.. വേഗം ലോക്ക് നീക്കിക്കൊടുത്തു.. പുറത്തിറങ്ങിയതും ചവിട്ടിത്തുള്ളി മുന്നോട്ട് നടന്നൂ പെണ്ണ്..

"കേറിയെച്ചും പോകാം മോനെ.. ഞാൻ ഉമ്മറത്തൊന്ന് ലൈറ്റിടാന്ന് വെച്ചാ ഒന്നും മിണ്ടാതെ പോയത്.." 

"കുഴപ്പമില്ല കുമാരേട്ടാ.. ഈ രാത്രിയിലിനി കേറുന്നില.. പിന്നൊരിക്കലാകട്ടെ..."

യാത്ര പറഞ്ഞിറങ്ങി.. തിരികെ പോകും വഴിയൊക്കെയും കലിപ്പോടെ നോക്കുന്ന ആ കരിമഷി മിഴികളായിരുന്നു മനം മുഴുവൻ.. 

എന്തിനെന്നറിയില്ല കരിമഷി-
യെഴുതിയ നിൻ കരിമിഴികൾ 
ഒരു കാന്തം കണക്കയെന്നെ 
കൊത്തി വലിക്കുന്നു പെണ്ണേ.. 

അഗ്നി സ്ഫുരിക്കും നിൻ 
നോട്ടമെന്നെ വീണ്ടും വീണ്ടുമാ 
പ്രണയാമൃത്‌ നുകരാൻ 
ക്ഷണിക്കും പോലെ..

"നീയിത് വല്ലതും അറിയുന്നുണ്ടോ.."
വീട്ടിലെത്തിയതും കിടക്കയിലേക്ക് ചാഞ്ഞു.. ഇപ്പോഴും അവളുടെ ഗന്ധം ആ മുറിയാകെ തങ്ങി നിൽക്കും പോലെ.. അവളുടെ സാമീപ്യം അരികിലുള്ളത് പോലെ.. ഒരു ചെറു ചിരിയോടെ തലയിണയിലേക്ക് മുഖം പൂഴ്ത്തിയതും നാസികത്തുമ്പിൽ നിറഞ്ഞു വന്ന അവളുടെ മുടിയിലെ കാച്ചെണ്ണയുടെ വാസന വല്ലാതെ മത്ത് പിടിപ്പിക്കും പോലെ.. ആ തലയിണയും കെട്ടിപ്പിടിച്ച് കിടന്ന് പിന്നീട് എപ്പോഴോ ഉറക്കിലേക്ക് വഴുതി വീണിരുന്നു..

🔥🔥🔥🔥🔥🔥🔥🔥🔥

രാവിലെ എഴുന്നേറ്റു ചായയും കുടിച്ച് വീട്ടിലൊന്ന് ചുറ്റിയടിച്ചു.. ഇന്നലെ ഉള്ളവരൊക്കെയെ അതിഥികളായുള്ളൂ.. ആളുകളൊക്കെ വരാനുണ്ടത്രേ.. സാധുവിനെ ഒരുക്കാൻ ബ്യൂട്ടിഷെനെ ഏർപ്പാടാക്കിയിട്ടുണ്ട്..  അവളെ പുട്ടിയടിച്ച് കുട്ടപ്പിയാക്കുന്നത്  ഒരു നിമിഷം നോക്കി നിന്നു നേരെ പന്തലിലേക്കിറങ്ങി.. രാത്രി തന്നെയും ഒക്കെ സെറ്റായിരുന്നു.. കസേരയൊക്കെ അടുക്കി പെറുക്കി വെച്ചതിനാൽ കാര്യമായ ജോലിയൊന്നും ഉണ്ടാവില്ല.. എന്നാലും ഒന്ന് നോക്കിയിട്ട് വരാമെന്ന് കരുതിയാ ഇറങ്ങിയത്..  വലിയ മുറ്റമായതിനാൽ മുറ്റത്ത് ഒരു സൈഡിലായാണ് ഭക്ഷണം കഴിക്കാനുള്ള സൗകര്യം ഉണ്ടാക്കിയത്.. മേശയും കസേരയുമൊക്കെ ഇന്നലെ വെച്ചത് പോലെ തന്നെയുണ്ട്... നേരെ മുൻ വശത്തേക്ക് വിട്ടു.. എന്റെ ശിവനേ.. പകച്ചു പണ്ടാരടങ്ങിപ്പോയി.. ഇന്നലെ  ഞങ്ങൾ പിള്ളേർസ് കഷ്ടപ്പെട്ട് നിര നിരയായി വെച്ച കസേരകളെല്ലാം ആന കരിമ്പിൻ കാട്ടിൽ കയറിയ അവസ്ഥയിൽ നിൽക്കുന്നു.. ചൂല് തറയിൽ വീശുന്ന ശബ്ദം കേട്ടതും കാര്യം ഏകദേശം പിടികിട്ടി.. ഞാൻ സൂക്ഷിച്ചു നോക്കിയതും ഗേറ്റിനടുത്തായി ഒരു കൊച്ച്‌ കാര്യമായിട്ട് മുറ്റമടിക്കുന്നുണ്ട്..

"ഡീ....."

ദേഷിച്ച് വിളിച്ചതും പെണ്ണെഴുന്നേറ്റ് ചൂല് കുത്തിപ്പിടിച്ച് കൈപ്പത്തിയിൽ രണ്ടു കുത്തും കുത്തി പുരികം വളച്ച് എന്താണെന്നർത്ഥത്തിൽ നോക്കുന്നു.. തേടിയ വള്ളി കാലിൽ ചുറ്റീന്ന് പറഞ്ഞാൽ മതിയല്ലോ.. ആഗ്നയാണെ.. സത്യം പറഞ്ഞാലുണ്ടല്ലോ വെളിച്ചപ്പാടിനെ പോലെ ഉറഞ്ഞു തുള്ളി നിൽക്കുന്ന പെണ്ണിനെ കണ്ടതും പറയാൻ വന്നതത്രെയും മറന്നു പോയി ദേഷ്യമൊക്കെ അലിഞ്ഞില്ലാതാകും പോലെ... ഒരു നിമിഷം ബോധത്തിലേക്ക് വന്നതും പിന്നെയും കലിപ്പ് മോഡെടുത്തണിഞ്ഞു..

"നെന്നോടാരാ ഇപ്പൊ ഇവിടെ അടിച്ചു വാരാൻ പറഞ്ഞെ കുറ്റിച്ചൂലെ.. രാത്രി ഉറങ്ങാതെ അടുക്കി വെച്ചതേർന്നു.. മര്യാദയ്ക്ക് അടുക്കി വെച്ചോ എല്ലാം..."

അവിടെ പിന്നെ കേട്ടതായി ഒരു ഭാവവുമില്ല.. അതേപോലെ ഉറഞ്ഞു തുള്ളി നിൽപ്പ് തന്നെ.. ഈ പെണ്ണ്.. ഒന്നും പറഞ്ഞിട്ട് കാര്യമില്ലെന്ന് തോന്നിയതും ചാടിത്തുള്ളി മുന്നോട്ട് നടന്ന് കസേര അടുക്കിവെക്കാൻ തുടങ്ങി.. കുറച്ചു നിമിഷം കഴിഞ്ഞതും പെണ്ണും സഹായിക്കാനെത്തിയിരുന്നു.. അത് കാൺകെ അറിയാതെൻ ചുണ്ടിൽ ഒരു തേനൂറും പുഞ്ചിരി വിടർന്നു..

"അതേയ്.. അധികങ്ങട് ചിരിക്കേണ്ടാ.. ഇതൊക്കെ പെറുക്കിവെക്കാൻ  ന്റെ അച്ഛനും കൂടെ ഇന്നലെ കൂടിയാർന്നു... അതുകൊണ്ട് മാത്രാ.. പിന്നെ മുറ്റടിക്കാൻ നിങ്ങടെ അച്ഛൻ മാധവൻ നായരില്ലെ.. അയാളാ പറഞ്ഞത്.."

"ഭാവി അച്ഛനെ കേറി അയാളെന്നോ... ശെരിയാക്കിത്തരാടി.."

പതുക്കെ പറഞ്ഞതാണെ.. ആളുടെ നോട്ടം നോക്ക്..കേട്ടെന്ന് തീർച്ചയാ.. വീണ്ടും ഗൗരവം പൂണ്ട്  അവസാനത്തെ കസേരയും നേരെയിട്ടു.. 

"പിന്നേയ്.. കുറ്റിച്ചൂലെന്ന് നെന്റെ മറ്റവളെ പോയി വിളിയെടാ..."

മറുപടിയൊന്നും കേൾക്കാൻ നിൽക്കാതെ മുഖം തിരിച്ച് പോയിക്കളഞ്ഞൂ പെണ്ണ്..
സാധികയുടെ താലികെട്ട്‌ നേരം അമ്പലമുറ്റത്ത് പെണ്ണിനായ് കണ്ണുകൊണ്ട് ചുറ്റും പരതിയെങ്കിലും കണ്ടില്ല.. നിരാശ തോന്നി.. എന്നാലും ബാല്യകാല സഖിയല്ലെ സാധു.. അവളുടെ താലികെട്ട് കാണാൻ വരാത്തത് മോശമായിപ്പോയി.. ഇനി കാണട്ടെ ചോദിക്കുന്നുണ്ട്..

ചടങ്ങുകളൊക്കെ കഴിഞ്ഞ്‌ റിസപ്ഷന് വേണ്ടി എല്ലാവരും വീട്ടിലേക്ക് തിരിച്ചു.. ദേ മുറ്റത്തൊരു മൈന.. ജിലേബിക്കാരിയുടെ വേഷത്തിൽ.. കറുത്ത പാന്റും വെളുത്ത ഷർട്ടുമിട്ട്.. തലയിൽ മുടി മറച്ചു കൊണ്ടൊരു കവറുമായി ജിലേബി ചുട്ടെടുക്കുന്നു.. എന്റെ ശിവനേ... ഇന്ന് ഞാൻ ജിലേബി തിന്ന് തിന്ന് ഷുഗറ് പിടിച്ചു ചാവും.. എനിക്കൊന്നൂടെ പെണ്ണിനോട് ഐ ഡബ്ല്യൂ പറയാറുള്ളതാണ്.. അതിനുള്ള ആരോഗ്യമെങ്കിലും തരണേ.. സർവ്വേശ്വരാ.. പ്രാർത്ഥനയോടെ പതിയെ ജിലേബിപെണ്ണിനരികിലേക്ക് നടക്കാൻ തുടങ്ങി...

"ഗൗതം..."

അപ്രതീക്ഷിതമായാണ് വിളി വന്നത്.. ഏതോ ഒരു കസിൻ തെണ്ടിയാണ്.. പാട്ടുപാടാൻ വിളിച്ചതാ..  പിന്നെ ഒട്ടും അമാന്തിക്കാതെ നേരെ സ്റ്റേജിലോട്ട് വിട്ടു..

🎶🎶പൊന്നാമ്പൽ പുഴയിറമ്പിൽ നമ്മൾ അന്നാദ്യം കണ്ടതോർമ്മയില്ലേ 
കുഞ്ഞോളം തുള്ളിവന്നൊരഴകായ്
എൻ മുന്നിൽ മിന്നി വന്ന കവിതേ

പണ്ടത്തെ പാട്ടുറങ്ങുമൊരു മൺ വീണയാണെന്‍റെ മാനസം
അന്നെന്നിൽ പൂവണിഞ്ഞ
 മൃദു സല്ലാപമല്ലോ നിൻ സ്വരം
എന്നിട്ടും നീ ..എന്നോടിന്നു മിണ്ടാത്തതെന്താണ് 🎶🎶

കൊള്ളേണ്ടിടത്ത് കൊള്ളിക്കാനായി പാടിയതാ.. പുഴയെ കുളമായിട്ട് സങ്കല്പിക്കുമായിരിക്കില്ലേ..അവൾക്കിത് വല്ലതും മനസ്സിലാകുവോ ആവോ.. എവിടെ.. ജിലേബി ചുടലോട് ചുടലാണ് പെണ്ണ്.. ഒന്ന് നോക്കുന്നു പോലുമില്ലല്ലോ.. നിരാശയോടെ ഗൗതം സ്റ്റേജിൽ നിന്നിറങ്ങിയപ്പോൾ ഇങ്ങിവിടെ പെണ്ണിന്റെ ചുണ്ടിലൊരു പൂത്തിരി തത്തിക്കളിക്കുന്നുണ്ടായിരുന്നു...



കൂടുതൽ കഥകൾക്ക് ഈ പേജ് ഫോളോ ചെയ്യൂ....
To Top