രചന: മീര സരസ്വതി
കൊള്ളേണ്ടിടത്ത് കൊള്ളിക്കാനായി പാടിയതാ.. പുഴയെ കുളമായിട്ട് സങ്കല്പിക്കുമായിരിക്കില്ലേ..അവൾക്കിത് വല്ലതും മനസ്സിലാകുവോ ആവോ.. എവിടെ.. ജിലേബി ചുടലോട് ചുടലാണ് പെണ്ണ്.. ഒന്ന് നോക്കുന്നു പോലുമില്ലല്ലോ.. നിരാശയോടെ ഗൗതം സ്റ്റേജിൽ നിന്നിറങ്ങിയപ്പോൾ ഇങ്ങിവിടെ പെണ്ണിന്റെ ചുണ്ടിലൊരു പൂത്തിരി തത്തിക്കളിക്കുന്നുണ്ടായിരുന്നു...
മുന്നിൽ കാണുന്ന അതിഥികളോടൊക്കെ ഒന്ന് ചിരിച്ചു കാണിച്ച് ഫുഡ് കഴിച്ചോ എന്നൊക്കെ കുശലം ചോദിച്ച് മുന്നോട്ട് നടന്നു.. എങ്ങനെയൊക്കെയോ ആൾക്കാരിൽ നിന്നും ഒഴിവായി ജിലേബി പെണ്ണിന്റെ അരികിലെത്തി..
"ഡി.. ഇതെന്ത് ജിലേബിയാ.. മധുരവുമില്ല.. മൊരിഞ്ഞിട്ടുമില്ല.. പണി അറിയാവുന്ന ആരേലും വെച്ചാൽ പോരായിരുന്നോ ഇവന്മാർക്ക് ..."
കൊട്ടയിൽ നിന്നും അവൾ ചുട്ടുവെച്ച ജിലേബിയെടുത്ത് കഴിച്ച് പുച്ഛിച്ച് പറഞ്ഞു.. എന്റെ പാട്ടു കേട്ട് തിരിഞ്ഞു നോക്കാത്തവളാ.. അതിന്റെ ചെറ്യേ പ്രതികാരം..അല്ലാതെ കൊള്ളാഞ്ഞിട്ടല്ല.. ശെരിക്കും പറഞ്ഞാൽ നല്ല അസ്സല് പട്ടി ഷോ.. പിന്നെയവളെ ചൊറിയുമ്പോൾ ഉറപ്പായും അവൾ കേറി മാന്തും.. ആ നീറ്റലും ഒരു സുഖവാ..
"യ്യോ.. നേരത്തെ പറഞ്ഞൂടായിരുന്നോ.. ഞാൻ മൊരിച്ച്... സിറപ്പിൽ നല്ലോണം മുക്കിയങ്ങ് തന്നേനല്ലോ..."
പെണ്ണ് വിനയകുനയയായി.. ഇയ്യോ.. ഇതെന്ത് മായാജാലം..പെട്ടെന്നിതെന്ത് പറ്റിയോ ആവോ..
ചിലപ്പോ പാട്ടു കേട്ടപ്പോ എന്നെ ഓർമ്മ വന്നു കാണുമായിരിക്കും..
"എന്നാ മോള് ചേട്ടന് രണ്ട് ജിലേബി നല്ലോണമങ്ങ് മൊരിച്ച് സിറപ്പിൽ കുളിപ്പിച്ചിങ്ങെട്..."
"പോയി നെന്റെ പെണ്ണുംപിള്ളയോട് പറയ്.."
"അതല്ലേ ഇവിടെ പറഞ്ഞേ.."
പെണ്ണ് രൂക്ഷമായി നോക്കുന്നുണ്ട്.. ഊഫ്.. ഈ നോട്ടമാ പെണ്ണെ സഹിച്ചൂടാത്തെ.. പെണ്ണെന്നെ കൊണ്ട് എത്രേം വേഗം ഐ ഡബ്ല്യൂ പറയിപ്പിക്കുമെന്നാ തോന്നണേ..
"ഏഹ്.. ഇതെന്ത് പറ്റ്യതാ കുഞ്ഞാ.. മധുരം കൈകൊണ്ട് തൊടാത്തയാളാണല്ലോ.. ഇതെന്താ ഇപ്പൊ ഒരു ജിലേബിക്കൊതി.."
ഓഹ്ഹ്.. ഈയമ്മ.. പെണ്ണ് വാ പൊത്തി ചിരിപ്പാണ്.. ഇത്രേം നേരം ഉണ്ടാക്കിവെച്ച ബിൽഡപ്പൊക്കെ ഒറ്റ നിമിഷം കൊണ്ട് കാറ്റത്തു നൂലുപൊട്ടിയ പട്ടം പോലെയായി..
"അതില്ലമ്മാ.. നല്ല ചൂടുള്ള നല്ലോണം മൊരിഞ്ഞ ജിലേബി കണ്ടപ്പോ ഒരിത്.. അതാ... എങ്ങനിണ്ടെന്ന് നോക്കാൻ.. അല്ലാണ്ട് ഇഷ്ടമുണ്ടായിട്ടല്ല.. "
ചമ്മിപോയെങ്കിലും ഗൗരവം വിടാതെ പറഞ്ഞു.. പെണ്ണിപ്പോഴും ചിരി തന്നെ..
"ജിലേബി നല്ലിണ്ടെന്ന് എല്ലാരും പറഞ്ഞു.. മോള് ചുട്ടുകഴിഞ്ഞില്ലേ.."
" കഴിയാറായി കമലമ്മേ.. ഇത് ലാസ്റ്റത്തെയാ.."
"പെട്ടെന്ന് തീർത്ത് സാരി ഉടുത്തേച്ചും വാ.. നീ ചെല്ലാഞ്ഞിട്ട് സാധു മോൾ കയറുപൊട്ടിച്ച് നിൽപ്പാ.. ചെന്ന് ഉടുപ്പ് മാറി ഫോട്ടോയ്ക്ക് നില്ല്.."
സാരിയോ.. സന്തോഷം കൊണ്ട് മേലാ എനിക്ക്.. എന്റെ പെണ്ണിനെ സാരിയിൽ കാണാൻ പറ്റുമെന്ന് കൊതിച്ചാ രാവിലെ അമ്പലത്തിൽ തിരഞ്ഞേ.. അമ്മ പറഞ്ഞത് കേട്ടതും മനസ്സിൽ ഒരായിരം പൂത്തിരി കത്താൻ തുടങ്ങി.. പ്രതീക്ഷയോടെ ആഗ്നയെ നോക്കി..
" നിക്ക് സാരി ഉടുക്കാൻ അറിയത്തില്ല കമലമ്മേ.. ഞാൻ ഇങ്ങനെത്തന്നെ ഫോട്ടോയിൽ നിന്നാൽ പോരെ.."
"ഹാ ബെസ്റ്റ് കോലം.. തലയിലൊരു തൊപ്പി കൂടി വെച്ചാൽ പൊളിച്ച്..''
ആത്മഗതം ഉറക്കെയായെന്ന് അവള് നോക്കി പേടിപ്പിച്ചപ്പോഴേ മനസ്സിലായി..
"അതിനാണോ പ്രശ്നം.. സിമി നന്നായിട്ട് ഉടുത്തുതരും.. ഞാനവളെ ഏൽപ്പിക്കാം.. മോള് വാ.."
അടുത്തുള്ള കാറ്ററിംഗ് പയ്യനെ കാര്യങ്ങളൊക്കെ ഏല്പിച്ച് അമ്മയുടെ പിന്നാലെ നടന്നു പെണ്ണ്.. സിമിയേച്ചിയുടെ കൂടെ ആള് പോകുന്നത് കണ്ടതും ഒരാശ്വാസമൊക്കെ തോന്നി.. കണ്ണിലെണ്ണയൊഴിച്ച് കാത്തിരിപ്പായി പിന്നെ.. അവളെ സാരിയിൽ ഒരു നോക്ക് കാണാനായി ഉള്ളം തുടികൊട്ടി.. ആൾക്കാരോട് സംസാരിച്ച് നിൽക്കുമ്പോഴൊക്കെയും കണ്ണ് ഉമ്മറപ്പടിയിൽ അവളെയും കാത്തു നിൽപ്പാണ്..
മിനിട്ടുകൾക്ക് ശേഷം സിമിയെച്ചിയോടൊപ്പം ഇറങ്ങി വരുന്ന പെണ്ണിനെ മിഴിയെടുക്കാതെ നോക്കി നിന്നു.. സിമ്പിൾ ഓറഞ്ച് റെഡ് സാരിയിൽ മുടി അഴിച്ചിട്ട് കുഞ്ഞു വട്ടപ്പൊട്ട് തൊട്ട് അധികം ആഭരണങ്ങളൊന്നുമില്ലാതെ ഒരുങ്ങി വന്നിരിക്കുന്ന പെണ്ണിൽ നോട്ടം തറഞ്ഞു നിന്നു.. എന്തൊരു ഭംഗിയാണ് പെണ്ണെ..
"ഇവൾക്കിത്രേം ഗ്ലാമറുണ്ടായിരുന്നോ..??"
പരിസരം മറന്ന് ആ അഴകിൽ മിഴി നട്ടിരിക്കുമ്പോഴാണ് ഒരു അശരീരി കേട്ടത്.. നോക്കുമ്പോൾ അടുത്തിരുന്നു അവളെ സ്കാൻ ചെയ്യുവാണ് ജിതൻ.. നേരത്തെ പാട്ടു പാടാൻ വിളിച്ചില്ലെ.. അതേ കസിൻ തെണ്ടി..
"ഡാ.. ഡാ.. മോനിങ് വന്നേ.. ദോ അവ്ടെ കൊറച്ച് തരുണീ മണികൾ നിൽക്കുന്നത് കണ്ടാ... നെന്റെ സ്കാനിംഗ് അവ്ടെ മതി.. ഇവിടെ വേണ്ടാ.."
കഴുത്തിൽ കൈയ്യിട്ട് സ്നേഹത്തോടെ അവനെയൊന്ന് ചെറുതായൊന്ന് അമിക്കി.. അവനൊന്ന് ചുമച്ചതും കൈ വിട്ടു..
"പശു വാല് പൊക്കുമ്പോഴേ തോന്നി... ജിലേബിക്കടയിൽ ചുറ്റി നടക്കണ കണ്ടപ്പോഴേ ഡൗട്ടടിച്ചതാ.. പറ.. ന്താ മോന്റെ ഉദ്ദേശം..."
" വളച്ചു കുപ്പിയിലാക്കി കെട്ടണം.."
" ചാൻസുണ്ട്.."
"ഏഹ്..."
"അവള് മിക്കവാറും നിന്നെ ഒടിച്ച് വളച്ച് മടക്കി കുപ്പിയിലാക്കും.. അമ്മായിരി ഇനമാടാ.. ഇന്നാളൊരുത്തന്റെ മൂക്കിടിച്ച് പരത്തിയതാ... നിങ്ങ ഗൾഫിൽ വളർന്ന അൽ നിഷ്‌കു പിള്ളേർക്കൊന്നും അവള് സെറ്റാകാത്തതില്ല.."
"വോ.. എന്നാ നോക്കണല്ലോ.."
അവനെ നോക്കിയൊന്ന് ചുണ്ടുകോടി പിന്നെയും തന്റെ പെണ്ണിലായി ശ്രദ്ധ മുഴുവനും.. ആരോടോ സംസാരിച്ച് നിൽപ്പാണ്.. ചിരിക്കുമ്പോൾ ഒറ്റക്കവിളിൽ വിരിയുന്ന ചുഴിയെ കൗതുകത്തോടെ നോക്കി നിന്നു.. അവൾ സ്റ്റേജിൽ കയറണത് കണ്ടതും ജിതന്റെ കൈയും പിടിച്ച് നേരെ സ്റ്റേജിലോട്ട് വിട്ടു..
"ഡാ.. അവള് ഫോട്ടോയ്ക്ക് നിൽക്കുമ്പോൾ എങ്ങനേലും അടുത്ത് കേറിപ്പറ്റാം.. നീ ഞങ്ങളെ മാത്രമൊന്ന് സൂം ചെയ്ത അടുത്തേക്ക്.."
ഫോൺ അവന്റെ കൈയ്യിൽ ഏൽപ്പിച്ചു സ്റ്റേജിൽ കയറി ചുമ്മാ അതും ഇതും ജിതനു ചൂണ്ടിക്കാണിച്ച് എന്തൊക്കെയോ പറഞ്ഞ് തിരക്കഭിനയിച്ചു.. പ്രതീക്ഷിച്ചത് പോലെ സാധിക വിളിച്ചു..
"ചേട്ടായീ.. ഫോട്ടോ എടുക്കാൻ വായോ..."
"പിന്നെയാവട്ടെ..."
ഒന്ന് ജഡയിട്ടു..
"നില്ല് ചേട്ടാ..ഇത് ലാസ്റ്റ് ഫോട്ടോയാ.. അവരിറങ്ങും മുന്നേ നമ്മൾക്ക് ഫുഡ് കഴിക്കണം ചേട്ടാ..."
ലൈറ്റ് ബോയ് ചെക്കൻ ദയനീയമായി പറഞ്ഞതും ഉള്ളാലെ ചിരിച്ചു കൊണ്ട് ആഗ്നയുടെ അടുത്ത പോയി നിന്നു.. മറ്റേ സൈഡിൽ വേറെ രണ്ട് പിള്ളേരുണ്ടായതിനാൽ അതും സെറ്റായി..
"സാരിയിൽ സുന്ദരിയായിട്ടുണ്ട്..."
അവളോട് ചേർന്ന് നിന്ന് അവൾക്ക് മാത്രം കേൾക്കാൻ പാകത്തിൽ പറഞ്ഞു.. പെണ്ണ് ഞെട്ടി തിരിഞ്ഞ് നോക്കിയതും ഒന്നുമറിയാത്ത ഭാവത്തിൽ ഫോട്ടോയ്ക്ക് പോസ്സ് ചെയ്തു.. ജിതൻ നല്ല വെടിപ്പായി ഞങ്ങളുടെ ഫോട്ടോ എടുത്തു തന്നു.. അവളെന്നെ പകച്ചു നോക്കുന്നതും കറക്റ്റ് ആയി കിട്ടിയിട്ടുണ്ട്..
സ്റ്റേജിന്ന് ഇറങ്ങിയതും ഒരറ്റത്തായി അവളെത്തന്നെ നിരീക്ഷിച്ച് നിറമിഴിയോടെ നിൽക്കുന്ന കുമാരേട്ടനെ കണ്ടു.. പതിയെ അരികിൽ ചെന്ന് ആ വൃദ്ധന്റെ തോളിലൊന്ന് തട്ടി.. തല ചെരിച്ച് നോക്കിയൊരു വിളറിയ ചിരി സമ്മാനിച്ചു ആള്..
"ന്താ പറ്റ്യെ ചേട്ടാ.. കണ്ണൊക്കെ നിറഞ്ഞിട്ടുണ്ടല്ലോ.."
"ആദ്യായ്ട്ടാ കുഞ്ഞേ ന്റെ മോളെയിങ്ങനെ സാരിയുടുത്ത് ഒരുങ്ങി കാണണെ.. ന്റെ കഷ്ടപ്പാടെല്ലാം അറിഞ്ഞ് വളർന്ന മോളാ.. ഇന്ന് വരെ എന്നോടൊന്നും വേണമെന്ന് ആവശ്യപ്പെട്ടിട്ടില്ല.. ചെറുതിലേ പാവം അധ്വാനിച്ച് തുടങ്ങിയതാ.. അവളും ആഗ്രഹിച്ച് കാണില്ലേ ഇങ്ങനെയൊക്കെ ഒരുങ്ങി നടക്കാൻ.. ഞാനിതൊന്നും ചിന്തിച്ചിട്ട് പോലുമില്ല.. അവൾടെ അമ്മയുണ്ടായിരുന്നേൽ..."
പറഞ്ഞത് മുഴുമിപ്പിക്കാതെ ആളെന്നെ നോക്കി..
"മോന് മുഷിപ്പായല്ലേ... ദണ്ണം കൊണ്ട് പറഞ്ഞുപോയതാ കുഞ്ഞേ.."
പിന്നെയും വിളറിയ ഒരു ചിരി ചിരിച്ച് ആള് നടന്നകന്നു..
"കുമാരേട്ടന്റെ ഈ പൊന്നു മോളെ ഞാനൊരു രാജകുമാരിയായി വാഴിക്കും...."
ആ വൃദ്ധൻ പോകുന്നതും നോക്കി മനസ്സിൽ മൊഴിഞ്ഞു ഗൗതം..
🔥🔥🔥🔥🔥🔥🔥🔥🔥🔥
സാധികയും അമിത്തും ഇറങ്ങാൻ നേരമായി.. ടിക്‌ടോക്കിലൊക്കെ പെങ്ങളെ യാത്രയാക്കുന്ന ആങ്ങള ചെക്കന്മാരുടെ വീഡിയോസ് കാണുമ്പോൾ വെറും പ്രഹസനമെന്ന് പറഞ്ഞ് തള്ളിക്കളയാറുണ്ട്.. പക്ഷെ സ്വന്തം അനുഭവത്തിൽ വരുമ്പോഴേ മനസ്സിലാകൂ എന്ന് പറയും പോലെയാ.. സാധു വന്നു കെട്ടിപ്പിടിച്ചതും അവളെക്കാൾ മുന്നേ ഞാൻ കരഞ്ഞു തുടങ്ങിയിരുന്നു.. ചുറ്റിലും മിന്നുന്ന കാമറ കണ്ണുകളൊന്നും അപ്പോൾ മനസ്സിലുണ്ടായിരുന്നില്ല..
നാളെ തൊട്ട് ഞങ്ങളുടെ കൂടെ വീട്ടിൽ അവളുണ്ടാകില്ലെന്ന ചിന്ത സങ്കടത്തിനു ആക്കം കൂട്ടിയതേയുള്ളൂ.. കൂടെ കൂടെ ചുമ്മാ വഴക്കിടാൻ.. ബോറടിക്കുമ്പോൾ പുറം തല്ലിപ്പൊളിക്കാൻ.. ചുമ്മാ ചൊറിഞ്ഞ് കരയിക്കാൻ.. ഇനിയാരുണ്ട്.. ഞാൻ ഷർട്ടിടാതെ വീട്ടിനകത്തൂടെ ചുറ്റിക്കളിക്കുമ്പോൾ അവളുടെയൊരു പിച്ചും മാന്തുമുണ്ട്.. എന്റെ ശിവനേ.. സ്വർഗ്ഗവും നരകവുമൊക്കെ ആ നിമിഷം മുന്നിൽ കാണും.. ആ നീറ്റലുപോലും ഇനി ഓർമ്മയാകുമല്ലോ.. സഹിക്കാൻ വയ്യാ..
അമ്മയോട് വഴക്കിടുമ്പോൾ കൂടെ താങ്ങായ്.. ചിലപ്പോഴൊക്കെ പാരയായി ഇനിയവൾ കാണാത്തില്ലല്ലോ.. പെങ്ങളില്ലായ്മയുടെ ശൂന്യത ഇനിത്തൊട്ട് ശരിക്കും അനുഭവിക്കും..
ഒടുക്കം ഒരുവിധത്തിലവളെ അടർത്തിമാറ്റി കാറിൽ കയറ്റി യാത്ര പറഞ്ഞു.. കണ്ണുതുടച്ച് തിരിഞ്ഞതും ഗേറ്റിനടുത്തായി എന്നെത്തന്നെ നോക്കി കൈയും കെട്ടി നിൽപ്പുണ്ട് നമ്മുടെ ആഗ്നക്കുട്ടി.. അല്ലാ.. എന്റെ ആഗ്നക്കുട്ടി.. സാരിയിൽ നിന്ന് പിന്നെയും കാറ്ററിംഗ് യൂണിഫോമിലേക്ക് മാറിയിട്ടുണ്ട്.. ഇത്തവണ പക്ഷെ ആ കലിപ്പ് നോട്ടമില്ല.. ചെറുചിരിയുണ്ടാ മുഖത്ത്.. തിരിച്ചൊരു വിടർന്ന പുഞ്ചിരി സമ്മാനിച്ച് മുന്നോട്ട് നടന്നു..
വൈകിട്ടായപ്പോഴേക്കും ഒരു വിധം അതിഥികളൊക്കെ പോയിരുന്നു.. അടുത്ത ബന്ധുക്കൾ മാത്രമേയുള്ളൂ.. ഇനിയാണ് പിടിപ്പതു പണി.. മുറിയിൽ പോയി ഡ്രെസ്സും മാറി മുറ്റത്തേക്കിറങ്ങി.. പിള്ളേരുടെ കൂടെ കസേരകളൊക്കെ പെറുക്കി മേലെ മേലെ അടുക്കി വെച്ചു.. വേസ്റ്റുകളൊക്കെ കെട്ടി വെച്ചു.. കൊണ്ടുപോകാൻ വണ്ടിവരും.. എടുത്തു വെക്കാൻ സൗകര്യത്തിനായി പിള്ളേരാതൊക്കെയും ഒരരികിലേക്ക് നീക്കി വെച്ചു.. മുറ്റത്ത് വീണു കിടക്കുന്ന ചവറുകളൊക്കെ കുമാരേട്ടനോടൊപ്പം അവളും പെറുക്കിയെടുക്കുന്നുണ്ട്.. ഞാനും കൂടെ കൂടി..
പണിയൊക്കെ കഴിഞ്ഞതും ഒത്തിരി നേരമായി.. എല്ലാവരും തളർന്നിരുന്നു.. അടുക്കിപെറുക്കി വെച്ച കസേരകളോരോന്നും എടുത്ത് ഓരോരുത്തരായി ഇരിപ്പുറപ്പിച്ചു.. ജിതൻ പോയി മ്യൂസിക് ഓൺ ചെയ്തിട്ടു..
പിള്ളേരൊക്കെ ക്ഷീണം മറന്ന് ടപ്പാ കൂത്ത് തുടങ്ങി.. ചെയറൊഴിഞ്ഞതും പതിയെ പെണ്ണിന്റെ അരികിലുള്ള ചെയറിൽ പോയിരുന്നു..
എവിടെ.. ഒരു മൈന്റുമില്ല.. പിള്ളേരുടെ ഡാൻസിൽ മുഴുകി ഇരിപ്പാണ് പെണ്ണ്.. ഇടയ്ക്ക് പാട്ടിനനുസരിച്ച് മൂളുന്നുമുണ്ട്.. മൊബൈൽ കൈയ്യിലെടുത്ത് ഇന്നെടുത്ത ഫോട്ടോസ് നോക്കിയിരുന്നു.. നമ്മുടെ ഒരുമിച്ചുള്ള ഫോട്ടോ എത്തിയപ്പോൾ സൂം ചെയ്ത് നോക്കി.. പെണ്ണിന്റെ ശ്രദ്ധ ഇങ്ങോട്ട് തിരിയുന്നുണ്ടെന്ന് തോന്നിയതും അവളുടെ മുഖം മാത്രം സൂം ചെയ്തു..
"താനെന്തിനാടോ ന്റെ ഫോട്ടോയെടുത്തേ...?"
മറുപടിയൊന്നും പറഞ്ഞില്ല.. സൂം മാറ്റി രണ്ടാളും ചേർന്ന് നിന്നുള്ള ആ ഫോട്ടോ അവളെ കാണിച്ചു..
"ഡിലീറ്റ് ആക്കിക്കെ.."
"എന്തിന്..?"
"താനെന്തിനാ ഇതും നോക്കിയിരിക്കുന്നെ...?"
"ആവശ്യമുണ്ടെന്ന് കൂട്ടിക്കോ.."
"ഡാ ഗൗതം.. വന്നൊരു പാട്ട് പാടെടോ.."
ജിതനാണെ..
ഓഹ്.. നശിപ്പിച്ച്... ഇവനെയിന്ന് ഞാൻ.. പ്രൊപ്പോസ് ചെയ്യാനുള്ള മോഡിലോട്ട് വന്നതാ..
"ഗൗതം.. ഗൗതം.."
ഇപ്പോ ഇല്ലെന്ന് പറഞ്ഞതും പിള്ളേരെല്ലാം കോറസ്സായി എന്റെ പേര് വിളിച്ചു തുടങ്ങി... സഹികെട്ട് എണീറ്റു പോയി മൈക്ക് കൈയ്യിലെടുത്തു അവളെ നോക്കി പാടിത്തുടങ്ങി..
🎶 ഒരു വേനൽ പുഴയിൽ തെളിനീരിൽ
പുലരി തിളങ്ങീ മൂകം
ഇലകളിൽ പൂക്കളിൽ എഴുതീ ഞാൻ
ഇള വെയിലായ് നിന്നെ
മേഘമായ് എൻ താഴ്‌വരയിൽ
താളമായെൻ ആത്മാവിൽ
നെഞ്ചിലാളും മൺചിരാതിൻ
നാളം പോൽ നിന്നാളും നീ..
ഒരു കാറ്റിൽ നീന്തി വന്നെന്നിൽ
പെയ്തു നിൽക്കൂ നീയെന്നും
മഴ മയിൽപ്പീലി നീർത്തും
പ്രിയ സ്വപ്നമേ
പല വഴിമരങ്ങളായ്
നിനവുകൾ നിൽക്കെ
കൊലുസണിയുന്ന നിലാവേ
നിൻ പദ താളം വഴിയുന്ന
വനവീഥി ഞാൻ... 🎶
പാട്ടിനിടയിൽ അവൾ നന്നായി ആസ്വദിക്കുന്നത് കണ്ടിരുന്നു.. എല്ലാരും കരഘോഷത്തോടെ കൈകൊട്ടി.. പിന്നെയും അവളുടെ അരികിലായി പോയിരുന്നു.. ഓരോരുത്തരായി മൈക്കെടുത്ത് കലപില തുടങ്ങി..
"നന്നായിരുന്നു.."
"പാട്ടോ.. പാടിയതോ..?"
"രണ്ടും..."
"ആഗ്ന..."
"മ്മ് .."
" നിക്കിഷ്ടാ തന്നെ... കൂടെ കൂടുന്നോ ന്റെ പാതിയായ്..."
പഴയ കടി ഓർമയുള്ളതിനാൽ കൈയ്യിൽ തടവിയാ ചോദിച്ചത്..
"ചേരത്തില്ല..."
"എനിക്ക് താൻ മാത്രമേ ചേരൂ..."
"അതല്ല.. എനിക്ക് താൻ ചേരത്തിലെന്ന്.."
അമ്പടി പുളുസൂ.. ഞാൻ ചേരത്തില്ലെന്ന്.. അതും അവൾക്ക്.. അവളുടെ അഹങ്കാരം നോക്കണേ.. അറിയാതെ തന്നെ പുച്ഛം മുഖത്ത് വിരിഞ്ഞു..
"ഗൗതം ഇപ്പോഴെന്താ ചെയ്യണേ.."
"അച്ഛന്റെ കൂടെ കമ്പനി നോക്കി നടത്തുന്നു.. മസ്കറ്റിൽ..."
"അതായത് അച്ഛൻ പറയണത് പോലെ കേട്ട് ആൾടെ ഔദാര്യത്തിലങ്ങനെ പോകുന്നുവെന്ന്.."
സംഗതി ശരിയാണേ.. ഇപ്പോഴും അച്ഛന്റെ മേൽനോട്ടത്തിലാ കമ്പനി പോകുന്നത്.. അച്ഛന്റെ സാന്നിധ്യത്തിൽ മാത്രമേ എന്തും ചെയ്യാറുള്ളൂ.. കമ്പനിയിൽ പോകുന്നത് തന്നെ അച്ഛന്റെ നിർബന്ധം മൂലമാ.. ചെറുപ്പം തൊട്ടേ പാട്ടിനോടായിരുന്നു ഭ്രമം.. അറിയപ്പെടുന്ന ഗായകനാകുക അതായിരുന്നു ആഗ്രഹവും..
"അതാ ഞാൻ പറഞ്ഞത് നമ്മൾ തമ്മിൽ ചേരത്തില്ലെന്ന്.. ഞാനിഷ്ടപ്പെടുന്നത് ആരെയും ആശ്രയിക്കാതെ സ്വന്തം കഴിവ് കൊണ്ട് അധ്വാനിച്ച് ജീവിക്കാനാ.. അതെത്ര ചെറിയ രീതിയിലാണേലും.. സാധു പറഞ്ഞിട്ടറിയാം ഗൗതമിനു എപ്പൊഴും പ്രിയം പാട്ടുകളോടാണെന്ന്.. സ്വന്തം ആഗ്രഹങ്ങളെ മൂടി വെച്ച് ജീവിക്കുന്നയാൾ എന്നെ പോലൊരാൾക്ക് എങ്ങിനെ ചേരാനാ..."
ശബ്ദം പോലും നഷ്ടപ്പെട്ട അവസ്ഥയായിപ്പോയി.. തല താഴ്ന്നു തന്നെയിരുന്നു.. റിജെക്ഷൻ പ്രതീക്ഷിച്ചതാണേലും ഈ രീതിയിൽ തളർത്തിയിടുമെന്ന് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല..
" ഗൗതം.."
"മ്മ്..."
"കാത്തിരിക്കാം.. തന്റെ ലക്‌ഷ്യം നേടും വരെ..."
വിശ്വസിക്കാനാകാതെ തറഞ്ഞു നിന്ന എന്നെ നോക്കി മനോഹരമായി പുഞ്ചിരിച്ചു പെണ്ണ്... പിന്നെയൊരു സംസാരത്തിനവസരം തരാതെ അവിടെ നിന്നും എഴുന്നെറ്റവൾ മുന്നോട്ട് നടന്നു..
