രചന: മീര സരസ്വതി
"കാത്തിരിക്കാം.. തന്റെ ലക്ഷ്യം നേടും വരെ..."
വിശ്വസിക്കാനാകാതെ തറഞ്ഞു നിന്ന എന്നെ നോക്കി മനോഹരമായി പുഞ്ചിരിച്ചു പെണ്ണ്... പിന്നെയൊരു സംസാരത്തിനവസരം തരാതെ അവിടെ നിന്നും എഴുന്നെറ്റവൾ മുന്നോട്ട് നടന്നു..
ഒരേ സമയം സന്തോഷവും സങ്കടവും തോന്നിപോയി.. അവൾക്കെന്നോട് ഇഷ്ടക്കേടൊന്നുമില്ലെന്ന് അറിഞ്ഞല്ലോ.. അതുമതി.. ഒരു നാൾ ഞാൻ ലക്ഷ്യം നേടുക തന്നെ ചെയ്യും പെണ്ണെ... നിന്നെ സ്വന്തമാക്കാൻ വേണ്ടിയാണെങ്കിൽ കൂടിയും..
"ഡേയ്.. എന്തായി..???"
ജിതനാണെ.. ഒരു സമാധാനവും തരില്ല കുരിപ്പ്..
"ന്ത്...?"
"നീ പ്രൊപ്പോസ് ചെയ്തില്ലേ..??"
"മ്മ്.."
അവനെന്റെ മുഖം തിരിച്ചും മറിച്ചും നോക്കുന്നുണ്ട്..
"ന്ത്...?"
"എവിടേം പരിക്കില്ലല്ലോ ഷ്ടാ... അപ്പൊ അവൾക്ക് ഓക്കേ ആണോ...?"
അവന്റെ കണ്ണ് രണ്ടും ബുൾസൈ പോലെ പുറത്തേക്ക് തള്ളി നിൽപ്പുണ്ട്..
"അവൾക്ക് ഓക്കേ ആണെന്ന് മാത്രല്ല.. ഈ പന്തലഴിക്കും മുന്നേ കെട്ടേം ചെയ്യാന്ന് പറഞ്ഞ്.. ന്തേയ്.. നഷ്ടുണ്ടാ...?"
മുഖം കേറ്റിവെച്ച് കലിപ്പോടെ പറഞ്ഞ് ചവിട്ടിത്തുള്ളി പോകുന്നവനെ ജിതൻ പൊട്ടൻ ആട്ടം കാണണ മാതിരി നോക്കി നിന്നു..
കുമാരേട്ടനും ആഗ്നയും തിരിച്ചു പോകാൻ റെഡിയായി നില്പുണ്ട്.. പതിയെ അവരുടെ അടുത്തേക്ക് നടന്നു..
" ഞാൻ കൊണ്ട് വിട്ടോളാ കുമാരേട്ടാ.."
തിരിച്ച് മറുപടിക്കായി കാത്തു നിൽക്കാതെ വണ്ടിയെടുക്കാൻ പോയി..
വീടെത്തിയതും ഇന്നലത്തേത് പോലെ കുമാരേട്ടൻ വേഗമിറങ്ങി ലൈറ്റിടാനായി പോയി.. ചൈൽഡ് ലോക്കിലല്ലായിരുന്നു.. എന്നിട്ടും അവളിറങ്ങിയില്ല.. എന്നോടവൾക്കെന്തോ പറയാനുണ്ടെന്ന് തോന്നി... ഞാൻ തിരിഞ്ഞു നോക്കിയതും ഇറങ്ങാൻ ഭാവിച്ചു..
"ആഗ്ന.. എനിക്കിനി ലക്ഷ്യങ്ങൾ ഒന്നല്ല.. രണ്ടാ.. നേടുക തന്നെ ചെയ്യും.. വരും ഒരുനാൾ.. നിനക്കായ് മാത്രം.. എത്ര വൈകിയാലും കാത്തിരിക്കാമോ.."
"അയ്യടാ മനമേ.. ഞാനാരാ കാഞ്ചനമാലയോ.. വൈകിയാലും കാത്തിരിക്കാൻ..ഒരു.. രണ്ടു വർഷം.. അതിനപ്പ്രം.. ഏ.. ഹേ.. അപ്പൊ മോൻ പോയി വെല്ല്യ പാട്ടുകാരനായി വേം വാ ട്ടോ.."
ഈ പെണ്ണ്.. അങ്ങനെയാണേൽ എനിക്കും വാശിയാ..
"രണ്ടു വർഷമോ.. ഒരു വർഷത്തിനുള്ളിൽ വന്നിരിക്കും.. എന്റെ താലിക്കായ് മോള് കാത്തു നിന്നോട്ടാ..."
"ഉറപ്പാണേ..."
"ഹാ.. ഉറപ്പ്..."
"എന്നാ ആ ഫോൺ നമ്പർ ഇങ്ങ് താ... ഒരു വർഷത്തിനുള്ളിൽ വന്നില്ലേൽ അന്വേഷിക്കാലോ..."
"നിന്റേത് പറയ്.. ഞാൻ മിസ്സ്കോളിടാം.."
"ഏയ്.. അത് ബുദ്ധിമുട്ടാകില്ലേ.."
"എനിക്കെന്ത് ബുദ്ധിമുട്ട്..."
"അല്ലാ.. എനിക്ക് ബുദ്ധിമുട്ടാകുമെന്ന്.. ചേട്ടൻ നമ്പർ താ.."
ഈ പെണ്ണ്.. നമ്പർ കിട്ടിയാൽ എങ്ങനേലും സെറ്റാക്കാമെന്ന് വെറുതെ കൊതിച്ച്.. നമ്പറും വാങ്ങിച്ച് യാത്ര പോലും പറയാതെ പെണ്ണ് പോയി..
ആഗ്നയോട് വെല്ലുവിളിയൊക്കെ നടത്തിയത് ശരിയാ.. പക്ഷെ ലക്ഷ്യത്തിലേക്കുള്ള മാർഗം എങ്ങനെയാണെന്ന് മാത്രം ഒരു ഐഡിയയും ഇല്ല.. പിന്നെ അച്ഛനെ ബോധ്യപ്പെടുത്തേണ്ടത് ചില്ലറ കാര്യമല്ല.. ഞാൻ പിടിച്ച മുയലിനു മൂന്ന് കൊമ്പ് എന്ന് ആള് പറഞ്ഞാൽ പിന്നെ സമ്മതിച്ചോളണം.. അതാ ടൈപ്.. വരട്ടെ.. വഴിയുണ്ടാക്കാം.. ഏതായാലും ഈ കല്യാണത്തിരക്കൊന്ന് കഴിയട്ടെ..
നിന്നെയിനി വിട്ടുകളയാൻ വയ്യെടി പെണ്ണേ..
നിന്നോടുള്ള ഇഷ്ടവും ഈ ശ്വാസത്തിൽ അലിഞ്ഞു ചേർന്നിരിപ്പാണ്പെണ്ണേ .. എന്നത് അടർത്തി മാറ്റുന്നുവൊ അന്നീ ജീവനും പൊലിയും..
ചുമ്മാ എല്ലാ കാമുകന്മാരുടെ കൂട്ട് അവനും ചിന്തിച്ചതാണെട്ടോ.. ഒരു പ്രേമം തൊലഞ്ഞാൽ മറ്റൊന്ന് കണ്ടിപ്പാ കെടക്കുവേൻ.. അയിന്റെ പേരിൽ ജീവനൊന്നും പോകാൻ പോണില്ല എന്ന് ലെ ഞാൻ.. ശൂ... ഒപ്പ് രണ്ട് കുത്ത്..
🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
പെണ്ണിനോട് വീമ്പ് പറഞ്ഞ് വെല്ലുവിളിച്ചിട്ട് ഇന്നേക്ക് ഒരു മാസമായി.. അടുത്ത മാസം തിരിച്ച് മസ്കറ്റിലേക്ക് പൊക്കോളാൻ തന്തപ്പടി ഓർഡർ ഇട്ടിട്ടുണ്ട്.. ഇടക്ക് ആവേശം കേറി ടിക്ടോകിലും യൂട്യൂബിലുമൊക്കെ ഓൺ വോയ്സിൽ പാടി നോക്കി.. വീഡിയോസ് ഒക്കെ ക്ലിക്കായി വൈറലായി.. അത്രേയുള്ളൂ.. ഒരവസരവും വന്നുമില്ല.. അതിനു ശേഷമാണെൽ ആഗ്നയുടെ ഒരു വിവരവുമില്ല.. ഒന്ന് വിളിച്ചിട്ട് പോലുമില്ല ആ ശവി.. മുന്നിൽ പോയി പെടാനും ഒരു മടി.. ദിവസവും തലതല്ലി ആലോച്ചിരിപ്പല്ലാതെ ഒരു ഐഡിയയും കിട്ടിയില്ല..
കാലത്തെണീറ്റ് ഒരു കപ്പ് ചായയുമെടുത്ത് മുറ്റത്തേക്കിറങ്ങി.. അരഭിത്തിയിൽ കയറി ഇരുന്ന് തലങ്ങും വിലങ്ങും ആലോചന തുടങ്ങി. കൂടെ ജിതനും.. ഇമ്മാതിരി ഓഞ്ഞ ചിന്തകൾക്കൊക്കെ അവനാ ബെസ്റ്റ്.. ടിക്ടോക്കും യുട്യുബുമൊക്കെ അവന്റെ ഐഡിയയായിരുന്നു.. അതോണ്ടെന്താ.. ഞാനിപ്പോ ലേശം വൈറലല്ലേ..
"നമ്മക്ക് ചെന്നൈക്ക് വിട്ടാലോ.. വടക്കൻ സെൽഫിയിലെ നിവിൻ പൊളിയെ പോലെ.."
"യെന്തിന്.. അതുപോലെ വടക്ക് തെക്ക് തേരാപാരാ നടക്കാനോ..."
"അല്ലേടാ.. എങ്ങാനും ഏആർ റഹ്മാനെയോ മറ്റോ കാണാൻ പറ്റിയാലോ.."
"ഒഞ്ഞു പോയെടാ.. വല്ലാത്ത ഓഞ്ഞ ഫുദ്ധി.."
പെട്ടെന്നാണ് ഫോൺ റിങ് ചെയ്തത്.. പരിചയമില്ലാത്ത നമ്പറീന്നാണ് കോൾ.. അറ്റൻഡ് ചെയ്തു ചെവിയോടടുപ്പിച്ചു..
"ഗൗതം.. ഞാൻ ആഗ്നേയയാണ്.. പെട്ടെന്ന് റെഡിയായി വൈബി ദ കഫേയിലോട്ട് വാ.. ഞാനവിടെയുണ്ടാകും..."
പിന്നെയൊരു ചോദ്യമോ പറച്ചിലോ ഒന്നുമില്ല.. പെണ്ണ് ഫോൺ കട്ട് ചെയ്ത് കളഞ്ഞ്..
"ഓഹ് ഇങ്ങനെയൊരു അൺറൊമാന്റിക് മൂരാച്ചിയെ ആണല്ലോ ഈശ്വരാ എനിക്കിഷ്ടപ്പെടാൻ തോന്ന്യേ.. ആറ്റു നോറ്റു കിട്ടിയ കോളായിരുന്നു.. അതും ഇങ്ങനായി.."
അവളുടെ നമ്പർ സേവ് ചെയ്യുന്നതിനിടയ്ക്ക് പരിതപിച്ചു..
"ഓഹ്.. എന്ത് പൊട്ടനാടാ നീ.... നിന്നോട് മിണ്ടീം പറഞ്ഞും ഇരിക്കാനാകില്ലേ ചെല്ലാൻ പറഞ്ഞത്... "
"ഈ...ശെരിയാണല്ലേ..."
"അപ്പൊ ഞാൻ പോയി റെഡി ആയി വരാം..."
"യെന്തിന്.. മര്യാദയ്ക്ക് ഇവിടെ ചക്കപ്പുഴുക്കും കഴിച്ചിരുന്നോണം.. മോനിപ്പോ തൽകാലമങ്ങ്
ബ്ലാക്ക് ആൻറ് ആകേണ്ടാ.. ഞാൻ പോയി റെഡി ആയി വരാമേ.."
പെട്ടെന്ന് ഡ്രെസ്സൊക്കെ മാറി ജിതനൊരു റ്റാറ്റയും കൊടുത്ത് വീട്ടീന്ന് ഇറങ്ങി.. പോകും വഴിക്ക് അവൾക്ക് എന്തേലും ഗിഫ്റ്റ് വാങ്ങിയാലോ.. വേണ്ടാ.. സമയം പോകും.. പെട്ടെന്ന് ചെല്ലാൻ പറഞ്ഞതല്ലേ.. ഒട്ടും അമാന്തിക്കാതെ നേരെ വിട്ടു..
കഫേയിൽ എത്തി അകത്തു കയറി അവളെ വിളിച്ചു.. നിമിഷങ്ങൾക്കുള്ളിൽ ആള് മുന്നിൽ.. ഫസ്റ്റ് ഡേറ്റ് പ്രതീക്ഷിച്ച് ചെന്ന എന്റെ മുന്നിൽ പെണ്ണതാ വൈറ്ററുടെ വേഷത്തിൽ..
"ഗൗതം വാ.."
എന്നെയും കൊണ്ട് ഒഴിഞ്ഞൊരു ടേബിളിനടുത്തേക്കാണ് പോയത്.. ഞങ്ങളവിടെ ഇരുന്നു..
"എന്തായി ഗൗതം കാര്യങ്ങളൊക്കെ..?"
"ശ്രമിക്കുന്നുണ്ട്.. ഓന്നുമങ്ങട് ശെരിയാകുന്നില്ല.."
പെണ്ണ് പുഞ്ചിരിയോടെ കേട്ട് നിൽക്കുവാണേ..
ടേബിളിനു മേലുള്ള എന്റെ വലതു കൈമേൽ മെല്ലെയവളുടെ വലതു കൈ ചേർത്തു..
"ഗൗതമിനു ഇവിടെ നിൽക്കാൻ പറ്റുവോ.. സിങ്ങറായി.. ഈവെനിംഗ് മാത്രം വന്നാൽ മതി..."
ദുഷ്ട.. ഇതിനാ ഇത്രേം സ്നേഹം കാണിച്ചത്.. ഒരു നിമിഷം ആലോചിച്ചു.. പ്രശ്നമെന്തില്ലേ... കുറച്ച് നേരം പാട്ടു പാടണം... അതെനിക്കിഷ്ടമുള്ള കാര്യമാ.. പിന്നെ ഇവളിവിടെ വർക്ക് ചെയ്യുന്നുമുണ്ട്.. എന്നുമൊരു ദർശന സുഖം ഉണ്ടാവേം ചെയ്യും.. കൂടുതൽ പരിചയപ്പെടുകയുമാവാം.. കണ്ണുമടച്ച് സമ്മതിച്ചു.. അവള് നേരെ മാനേജർ ഡേവിഡ് സാറിന്റെ അടുക്കലേക്ക് കൊണ്ടുപോയി.. പാട്ടൊക്കെ അവൾ നേരത്തെ കേൾപ്പിച്ചിട്ടുണ്ടെന്ന്.. പിന്നെ അത്യാവശ്യം ടിക്ടോക് ഫൈമും.. ആൾ ഡബിൾ ഓക്കേ..
ഈവെനിംഗ് തൊട്ട് തന്നെ ജോലിക്ക് കയറിത്തുടങ്ങി.. അവള് പറഞ്ഞത് പോലെ നമ്മൾ ആഗ്രഹിച്ചത് പോലൊരു ജോലി.. അതിനുള്ള മനഃസംതൃപ്തി അത് വേറെ തന്നെയാ..
🔥🔥🔥🔥🔥🔥🔥🔥🔥🔥
"ആഗ്ന..ഒത്തിരി ഹാപ്പിയാടീ ഞാനിപ്പോൾ .. താൻ പറഞ്ഞത് പോലെ ചെറിയ രീതിയിലായാലും സ്വന്തം കഴിവിനനുസരിച്ച് അധ്വാനിക്കുന്നത് ഒരു സുഖമുള്ള ഏർപ്പാട് തന്നെയാണേ.."
രണ്ട് മാസമായി ഇവിടെയിപ്പോൾ.. അച്ഛനുമമ്മയും മസ്കറ്റിലേക്ക് മടങ്ങി.. തിരികെ പോകാൻ വിളിച്ച് അച്ഛനിടയ്ക്ക് പ്രശ്നമുണ്ടാക്കുന്നതൊഴിച്ചാൽ സന്തോഷകരമായി തന്നെയാണ് ജീവിതം മുന്നോട്ട് പോകുന്നത്.. പിന്നെ എപ്പോഴുമവൾ കണ്മുന്നിൽ ഉണ്ടെന്നുള്ളതാണ് ഒരാശ്വാസവും..
"ഗൗതം.. നാളെ നല്ല പാട്ടുകൾ സെലക്ട് ചെയ്തോളൂ ട്ടോ.. ആർ.കെ ഗ്രൂപ്പ് ഡയറക്ടർ ദർശൻ സർ പാർട്ടി ഹാൾ ബുക്ക് ചെയ്തിട്ടുണ്ട്.. മകളുടെ ബർത്ഡേ ആണെന്ന്.. ഏതോ പ്രശസ്ത മ്യൂസിക് ബാന്റൊക്കെ അവര് റെഡിയാക്കിയിട്ടുണ്ട്.. അതിൽ പാടാനൊരു ചാൻസ് കിട്ടുവോന്ന് നോക്കാടോ.. ചിലപ്പോൾ ഭാഗ്യം തെളിഞ്ഞാലോ.."
ഡേവിഡ് സാർ വന്ന് പറഞ്ഞപ്പോൾ വല്ലാത്ത സന്തോഷം തോന്നി.. നാമൊന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചാൽ നമുക്ക് ചുറ്റിലുമുള്ളവർ പോലും അതിനായി പരിശ്രമിക്കുമെന്ന് പറയും പോലെയായി..
പാടാൻ ആൾ തന്നെയെനിക്ക് അവസരം ഒപ്പിച്ചു തന്നു.. പാർട്ടി ഹാളിൽ എന്റെ പാട്ടും ശ്രവിച്ച് വൈറ്ററുടെ വേഷത്തിലെന്റെ പെണ്ണുമുണ്ടായിരുന്നു.. അതെന്നിൽ ആത്മ വിശ്വാസം നിറച്ചതേയുള്ളൂ.. ആ പാർട്ടി തീരും വരെ ബാന്റിൽ ഒരാളായി ഞാനും ഉണ്ടായിരുന്നു.. അല്ലാ.. അതിനു ശേഷവും..
🔥🔥🔥🔥🔥🔥🔥🔥🔥
സ്റ്റേജ് ഷോകൾക്കൊക്കെ ബാന്റിന്റെ കൂടെ പോയിത്തുടങ്ങി.. ആയിടയ്ക്ക് കപ്പ ചാനലിൽ ബാന്റിനൊരു പ്രോഗ്രാം ലഭിച്ചു.. ക്ലിക്കായി.. സോഷ്യൽ മീഡിയയിലൊക്കെ വൈറലായി.. അതുകണ്ടാണ് മ്യൂസിക് ഡയറക്ടർ വേദ് സാർ സിനിമയിൽ പാടാൻ വിളിച്ചത്.. അങ്ങനെ കണ്ണടച്ച് തുറക്കും മുന്നേ എന്റെയാഗ്രഹം പൂവണിഞ്ഞു...
"പേടിയാകുന്നെടി..."
"പേടിച്ചോ.. പേടിച്ചോ.. ഇച്ചരെ പേടിക്കുന്നത് നല്ലതാ.."
കുരിപ്പ്.. ഒരാശ്വാസ വാക്ക് ഇവളുടെ വായെന്ന്.. ഏ..ഹെ..
ഞാൻ പാടിയ എന്റെ ആദ്യ സിനിമ റിലീസ് ആവുന്ന ദിനമാണ്.. തിയേറ്ററിൽ എന്റെ പെണ്ണോടൊപ്പം.. എന്റെ വിധി നിർണ്ണയത്തിനായി.. സിനിമയിലൊന്നും മനസ്സ് നിൽക്കുന്നില്ല.. പാട്ടിനായുള്ള കാത്തിരിപ്പിലാണ്.. അവളെന്റെ ഇടതു കൈയ്യിൽ അവളുടെ വലതു കൈ ചേർത്ത് പിടിച്ചു.. കാത്തു കാത്തു നിന്ന് പാട്ടെത്തി പൂർണ്ണ നിശബ്ദതയാണ് എങ്ങും.. പാട്ടുകഴിഞ്ഞതും കരഘോഷം മുഴങ്ങി..
കണ്ണ് നിറഞ്ഞിരുന്നു.. ഈ കൈയ്യടിയോളം വലിയ അംഗീകാരം നേടാനില്ലെന്ന് തോന്നി.. ഞങ്ങൾ രണ്ടാളും തീയേറ്ററിന്ന് വൈബിയിലേക്ക് വിട്ടു..
" എഫ് ബി യിലൊക്കെ സിനിമയെ കുറിച്ച് നല്ല റിവ്യൂസാ.. പ്രതേകിച്ച് പാട്ടിനെ കുറിച്ച്.. "
ഡേവിഡ് സാർ ആണേ.. ഞാൻ അഗ്നയുടെ മുഖത്തേക്ക് നോക്കി.. അതെ സമയം തന്നെയവളും.. നോട്ടം തമ്മിൽ കൊരുത്തപ്പോൾ അവൾ ഹൃദ്യമായി ചിരിച്ചു.. പെട്ടെന്നാണ് കോൾ വന്നത്.. വേദ് സാർ ആണ്.. പാട്ടു ഹിറ്റാണെന്.. നല്ല റിവ്യൂസ് ആണ് കിട്ടുന്നതെന്ന്.. പിറകെ സിനിമയുടെ ഡയറക്റ്ററും വിളിച്ചു..
"സാർ.. ഇന്നിനി ഇവളെയെനിക്ക് വേണം ട്ടോ.."
ഡേവിഡ് സാറിനോടായി പറഞ്ഞ് മറുപടിക്ക് കാത്ത് നിൽക്കാതെ പെണ്ണിനെയും വണ്ടിയിലിരുത്തി നേരെ വിട്ടു.. തറവാട് മുറ്റത്ത് വണ്ടി നിർത്തിയതും ആശ്ചര്യത്തോടെ നോക്കുന്നുണ്ട്.. ഒന്നും മിണ്ടാതെ ഇറങ്ങി ഡോർ തുറന്നു കൊടുത്തു.. പെണ്ണിന്റെ കൈയും പിടിച്ച് നേരെ കുളപ്പടവിലേക്ക് വിട്ടു.. അവളെ പടവിലിരുത്തി കുളത്തിലേക്കിറങ്ങി.. ആമ്പൽ പൂക്കൾ പറിച്ചെടുത്തു അവളുടെ അരികിലേക്ക് വെച്ച് പിടിച്ചു.. നോക്കേണ്ടടാ ഉണ്ണീ.. അന്നത്തെ അതേ പ്രൊപോസൽ സീൻ തന്നെ...
"നിക്കറിയാ ആഗ്ന.. ഞാനിപ്പോ ന്റെ ലക്ഷ്യത്തിന്റെ തുടക്കത്തിൽ മാത്രമാണെന്ന്.. ഇനിയങ്ങോട്ട് ന്താവുമെന്ന് ഒരൂഹവുമില്ല.. ന്നാലും നിക്കിനി നീ വേണം.. നീയില്ലാതെ പറ്റില്ലെടി.. ന്റെ കൂടെ നീ ഉണ്ടെങ്കിൽ എന്തും നേടാമെന്നുള്ള വിശ്വാസമുണ്ടെനിക്ക്.. ഇനിയെങ്കിലും ന്റേതായിക്കൂടെ.. പറ്റില്ലെന്ന് പറയരുത് പ്ലീസ്..."
അവളുടെ അരികിലായിരുന്ന് ആമ്പൽ പൂക്കൾ അവൾക്ക് നേരെ നീട്ടിപിടിച്ചു പറഞ്ഞു.. ഒരു നിമിഷം എന്നെ നോക്കി കള്ളച്ചിരിയോടെ പൂക്കൾ വാങ്ങിച്ചു പെണ്ണ്.. വിത്ത് രണ്ട് കവിളിലും മാറിമാറി ഓരോ ഉമ്മയും.. എന്റെ ശിവനേ.. പകച്ച് പണ്ടാരടങ്ങിന്ന് പറഞ്ഞാൽ മതിയല്ലോ..
"എപ്പളെ ഇങ്ങളുടേത് ആയതാ കുഞ്ഞേട്ടാ.."
"ഏഹ്ഹ്.. എന്ത്.. കുഞ്ഞേട്ടാന്നോ..??!!"
"എന്തേ... വേണ്ടേ..? വേണ്ടെങ്കിൽ വേണ്ടാ..."
"യ്യോ.. വേണം... നീയൊന്ന് നുള്ളിക്കെ.."
കൈനീട്ടി പറഞ്ഞതും കുട്ടിപ്പിശാച് ഒറ്റക്കടി.. ഈശ്വരാ.. വേണ്ടേയിരുന്നു... വല്ല പട്ടീടേം ജനമാണോ ഇത്.. കടികൊണ്ട് ചാവാനാ എന്റെ വിധി..
"കുഞ്ഞേട്ടാ.."
"മ്മ്.."
"കുഞ്ഞേട്ടാ.."
"പറയെടി കുട്ടിപിശാചേ.."
"വേദനിച്ചോ...?"
"ഇല്ലെടി.. നല്ല സുഖമായിരുന്ന്..."
"എന്നെ അന്നും ശെരിക്കും ഇഷ്ടമായിരുന്നോ.."
ദേ.. പെണ്ണ് കൊഞ്ചിപ്പറയുന്നത് നോക്ക്.. ഈ പെണ്ണിനെയാ ഞാൻ അൺറൊമാന്റിക് മൂരാച്ചിയെന്ന് കരുതിയത്..
"ഇഷ്ടമായിരുന്നൂ ഡി.. പക്ഷെ.. ഇതുപോലൊരു കടി കൊണ്ട് നീയത് മുളയിലേ നുള്ളിക്കളഞ്ഞില്ലേ... "
"പിന്നെ ഇഷ്ടം തോന്നീട്ടില്ലേ..?"
നിരാശയോടെ പെണ്ണ് ചോദിച്ചു..
" ഇഷ്ടമൊക്കെ ആയിരുന്നു.. പിന്നെപ്പോഴോ ഓർക്കാതെയായി.. പിന്നെ നിന്നെയന്ന് ന്റെ മുറിയിൽ കണ്ടപ്പോൾ ഇതാണെന്റെ പെണ്ണെന്ന് ഒരു സ്പാർക്ക് തോന്നിയിരുന്നു.. പക്ഷെ അമ്മ പറഞ്ഞപ്പോഴാ ആളാരാണെന്ന് പിടികിട്ടിയത്.. വല്ലാത്ത സന്തോഷമായിരുന്നു.."
കഥ കേട്ടിരിക്കും പോലെ ഇരിപ്പാണ് പെണ്ണ്..
"നെനക്കെപ്പൊഴാ ഇഷ്ടം തോന്ന്യേ.."
"അറിയില്ല.. കൗമാരകാലത്തെപ്പോഴോ.. ക്ലാസ്സിൽ പിള്ളേരൊക്കെ ലൈൻ വലിക്കുമ്പോ നിങ്ങളും നാട്ടിലായിരുന്നെങ്കിലെന്ന് ആലോചിക്കാറുണ്ട്.. കുഞ്ഞേട്ടന്റെ സ്ഥാനത്ത് വേറെയാരെയും ചിന്തിച്ചിട്ടില്ല.. വല്ലപ്പോഴും സാധു വിളിക്കാറുണ്ടായിരുന്നു.. അവൾ ആവേശത്തോടെ കുഞ്ഞേട്ടനെ കുറിച്ച് പറയുന്നത് കൊതിയോടെ കേട്ട് നിന്നിട്ടുണ്ട്.. കുഞ്ഞേട്ടന്റെ സ്വപ്നത്തെക്കുറിച്ചൊക്കെ അവള് പറഞ്ഞാ അറിയുന്നത്.. വാട്സാപ്പ് ഒക്കെ ആയപ്പോൾ അവളെനിക്ക് കുഞ്ഞേട്ടൻ പാടുന്ന വീഡിയോസ് ഒക്കെ അയച്ചു തരാറുണ്ട്.. ഈ പാട്ടുകളൊക്കെ എന്നെങ്കിലുമൊരിക്കൽ നിക്ക് സ്വന്തമാകണേയെന്ന് ആഗ്രഹിച്ചിട്ടുണ്ട്.."
"ന്നിട്ടാണോടി പെണ്ണെ.. ഞാൻ പ്രൊപ്പോസ് ചെയ്തപ്പോ ജാഡയിട്ടിരുന്നെ.."
"അത് കൊണ്ടെന്താ.. നാളത്തെ പ്രശസ്ത ഗായകനായില്ലേ ഇപ്പൊ..."
പൊട്ടിച്ചിരിച്ചും കൊണ്ട് പെണ്ണത് പറഞ്ഞതും ഞാനാ മടിയിൽ തലചായ്ച്ച് പടവിൽ കിടന്നു..
അവന്റെ സ്വപ്നങ്ങൾക്ക് നിറമേകിയ പെണ്ണോടൊപ്പം അവനിങ്ങനെ തല്ലിയും തലോടിയുമൊക്കെ ജീവിക്കട്ടെന്നേ.. നമുക്കങ്ങ് പോയേക്കാം..
(അവസാനിച്ചു...🔥)
കഥയെപ്പറ്റിയുള്ള വിലയേറിയ അഭിപ്രായങ്ങൾ കമന്റിൽ അറിയിക്കൂ, ഷെയർ ചെയ്യാൻ മടിക്കല്ലേ...
