രചന: ഗൗരിനന്ദ
"ചേച്ചി ഇതാരെ നോക്കുവാ...?? "
സംശയത്തോടെ ചോദിക്കുന്ന മേരിമോളെ കണ്ടപ്പോഴാണ് ശ്വാസം നേരെ വീണത്...സംശയം ഉള്ളിലടക്കി അവളെ കണ്ണടച്ച് കാണിച്ച് നടന്നു....
"എന്തെ മോളെ,,വയ്യേ നിനക്ക്...?? ആകെയൊരു ക്ഷീണം തോന്നുന്നല്ലോ..."
നെറ്റിയിലാകമാനം കയ്യൊടിച്ച് കൊണ്ടവർ ചോദിച്ചതും വേദനയോടെയവൾ അന്നമ്മച്ചിയുടെ തോളിലേക്ക് ചാഞ്ഞു...
"എന്താന്ന് അറിയില്ല അമ്മച്ചി,,,വയറ് വല്ലാതെ വേദനിക്കുന്നുണ്ട്...നടക്കാൻ കൂടി വയ്യാ...ശരീരം മുഴുവൻ തളരും പോലെ തോന്നുവാ നിക്ക്..."
അത്രയും പറഞ്ഞ് തീർത്തപ്പോഴേക്കും കണ്ണുകൾ മെല്ലെ അടഞ്ഞു വന്നിരുന്നു...അന്നമ്മയുടെ മാറിലേക്ക് തളർന്നു വീണതും അവരവളെ താങ്ങിയെടുത്ത് ഉച്ചത്തിൽ ധ്രുവനെ വിളിച്ചു...അന്നമ്മയുടെ കരച്ചിലോട് കൂടിയുള്ള നിലവിളിയിൽ ധ്രുവൻ ഞെട്ടലോടെ താഴേക്ക് പാഞ്ഞേത്തിയിരുന്നു...ബോധം മറഞ്ഞു കിടക്കുന്ന ദച്ചുവിനെ വാരിയെടുത്ത് വണ്ടിയിലേക്ക് കയറ്റിയതും അവൾക്കിരുവശത്തുമായി അന്നമ്മയും മേരിമോളും കയറി...അന്നമ്മയുടെ കണ്ണിൽ നിന്നടർന്ന് വീണ കണ്ണുനീർ മടിയിലായി കിടന്ന ദച്ചുവിന്റെ കവിളിൽ തട്ടി തെറിച്ചിരുന്നു...ധ്രുവന്റെ ഹൃദയമിടിപ്പ് വല്ലാതെ ഉയർന്നതും ശ്രദ്ധ പാളിപ്പോകാതെയിരിക്കാൻ അവൻ വല്ലാതെ വിയർപ്പ് മുട്ടിയിരുന്നു...ഹോസ്പിറ്റലിൽ എത്തിയതും അവളെ വാരിയെടുത്ത് കൊണ്ടവൻ അകത്തേക്ക് ഓടിയിരുന്നു....ICU വിന് പുറത്ത് നിൽക്കുമ്പോൾ വല്ലാത്തൊരു ഭാവത്തോടെ ധ്രുവൻ മുടിയിൽ കോർത്തു വലിച്ച് കൊണ്ടിരുന്നു...
"ധ്രുവാ,,,സോറിടോ...കുഞ്ഞ്,,,കുഞ്ഞ് അബോർഷനായി...പറയുന്നത് കേൾക്കണം,,,ക്രോമസോം സംബന്ധമായ പല പ്രശ്നങ്ങളും നോര്മലായി അബോര്ഷനു വഴിയൊരുക്കാറുണ്ട്...അണ്ഡവും ബീജവും സംയോജിച്ചാണ് ഭ്രൂണരൂപീകരണം നടക്കുന്നത്... അണ്ഡത്തിലോ ബീജത്തിലോ ക്രോമസോം തകരാറുകള് ഉണ്ടെങ്കില് ഇങ്ങനെ സംഭവിക്കാറുണ്ട്...ദക്ഷ മയക്കത്തിലാണ്...ആ കുട്ടിയേ പറഞ്ഞ് മനസിലാക്കണം..."
ഡോക്ടർ പറഞ്ഞതൊന്നും അവൻ കേട്ടിരുന്നില്ല,,,'കുഞ്ഞ് അബോർഷനായി' ഓരോനിമിഷവും ചെവിയിൽ അതലയടിച്ചു കൊണ്ടേയിരുന്നു...ശരീരം വല്ലാതെ ചൂടായി തുടങ്ങിയിരുന്നു...*പോയല്ലേ,,,ജനിക്കുന്നതിന് മുന്നേ അച്ഛനെ ഒറ്റയ്ക്കാക്കി അവൻ പോയല്ലേ...* മുന്നിലേക്ക് മുടി കോർത്ത് വലിച്ചുകൊണ്ടിരുന്നപ്പോഴും അവന്റെ ചുണ്ടുകൾ മന്ത്രിച്ചത് തന്റെ കുഞ്ഞിന് വേണ്ടിയാരുന്നു...
ശരീരമാകമാനം ഒരു നീറ്റൽ നിറഞ്ഞതും ഭാരിച്ച കണ്ണുകൾ ഏറെ പ്രസായപ്പെട്ടവൾ തുറന്നു...ഒരു കൈകൊണ്ട് ഉദരത്തിൽ ചേർത്ത് പിടിച്ചിരുന്നു...തളർന്ന മിഴികളോടെ ചുറ്റും നോക്കിയതും സൈഡിലെ കസേരയിൽ മേരിമോളെയും ചേർത്തിരിക്കുന്ന അന്നമ്മച്ചിയെ കണ്ടിരുന്നു...തന്റെ ചലനം അറിഞ്ഞതും അവർ പിടഞ്ഞെഴുന്നേൽക്കുന്നത് കണ്ടു...
"എന്റെ കുഞ്ഞ്...?? ഒന്നുല്ലാന്ന് അറിയാം,,,എന്നാലും എന്റെയൊരു ആശ്വാസത്തിനാ...എന്റെ വാവയ്ക്ക് കൊഴപ്പൊന്നുല്ലല്ലേ അമ്മച്ചി..."
ഒരുത്തരത്തിനായ് പ്രതീക്ഷയോടെ അവരുടെ മുഖത്തേക്കവൾ ഉറ്റുനോക്കി...എന്തൊക്കെയോ പറയാനവർ ശ്രമിക്കുന്നുണ്ട്...വാക്കുകൾ മുറിഞ്ഞ് കണ്ണുനീരും തേങ്ങലും മാത്രം പുറത്തേക്ക് വന്നതും ദച്ചുവിന്റെ കൈകൾ ഒരു ഭീതിയോടെ വയറിലേക്ക് പാഞ്ഞിരുന്നു....
"മനഃപൂർവം കൊന്നതാണോടീ നീയെന്റെ കുഞ്ഞിനെ...എന്നോടുള്ള വാശിക്ക് കൊന്നതാണോ...?? "
അടഞ്ഞിരുന്ന വാതിൽ ചവിട്ടി തുറന്ന് വന്ന ധ്രുവൻ കവിളിലേക്കാഞ്ഞടിച്ച് ചോദിച്ചതും കുഴഞ്ഞ് വീഴും പോലെ തോന്നിയിരുന്നവൾക്ക്...ഒരുനിമിഷം വേദനകൊണ്ടവൾ പുളഞ്ഞു പോയിരുന്നു...തലയിലേക്ക് വല്ലാത്തൊരു ഭാരം പാഞ്ഞു കയറുമ്പോഴും മനസ്സ് ധ്രുവൻ പറഞ്ഞ വാചകങ്ങളിൽ ഉടക്കി നിൽക്കുകയായിരുന്നു...
"ധ്രുവാ...എന്തായിത്...??? വാ...പുറത്തേക്ക് വരാൻ...?? "
ആരൊക്കെയോ ചേർന്നയാളുടെ കയ്യിൽ പിടിച്ചു വലിച്ചുപോകുമ്പോഴും തലയുയർത്തി ആ മുഖത്തേക്കൊന്ന് നോക്കിയില്ല...വാക്കുകൾ ഏൽപ്പിച്ച കടുത്ത പ്രാഹരത്തിൽ തറഞ്ഞു പോയിരുന്നു...ഓരോ നിമിഷവും കേട്ടത് ഉരുവിട്ട് നോക്കി...തന്റെ കുഞ്ഞിനിയില്ലെന്ന സത്യം ആ അമ്മ മനസിന് താങ്ങാവുന്നതിലപ്പുറവമായിരുന്നു...യാഥാർഥ്യത്തേ ഉൾക്കൊള്ളാനാവാതെ അലറികരഞ്ഞതും അന്നമ്മച്ചി അവളെ നെഞ്ചോടടക്കിയിരുന്നു...
"ഞാനല്ല....ഞാൻ കൊന്നതല്ലമ്മേ...എന്റെ കുഞ്ഞല്ലേ...എന്നെ ജീവിക്കാൻ പ്രേരിപ്പിച്ചത് എന്റെ വാവയല്ലേ...കൊല്ലുവോ ഞാനെന്റെ ജീവനെ...ഇല്ല,,,നുണ പറയാ നിങ്ങള്...എന്റെ വാവയ്ക്ക് ഒന്നും പറ്റിയിട്ടില്ല...ഉറങ്ങുവാ,,,ഉറങ്ങുവാ എന്റെ കുഞ്ഞ്...അമ്മേനെ വിട്ട് പോകാൻ എന്റെ വാവയ്ക്ക് കഴിയില്ല...പറ അമ്മേ,,,വെറുതെ പറഞ്ഞതാന്ന് പറ...കേൾക്കാൻ കൊതിയാവാ...പറ..."
ഉച്ചത്തിൽ പറഞ്ഞുകൊണ്ടവൾ കയ്യിലെ സ്റ്റിച് പൊട്ടിച്ചെഴുന്നേറ്റു...അന്നമ്മ അവളെ തടയാൻ ശ്രമിച്ചിരുന്നെങ്കിലും വല്ലാത്തൊരു ബലത്തോടെയവൾ അവളെ തള്ളിമാറ്റി പുറത്തേക്കോടി...ഉള്ളിലപ്പോഴും ധ്രുവൻ പറഞ്ഞ വാക്കുകളായിരുന്നു...കുഴഞ്ഞ് തുടങ്ങിയ ശരീരത്താലേ മുന്നോട്ടായുമ്പോഴേക്കും, പലപ്പോഴും വീണ് പോകാൻ തുടങ്ങിയിരുന്നപ്പോഴും സാരിത്തലപ്പ് കൊണ്ട് വയറിനെ കവചം പോലെയവൾ സംരക്ഷിച്ചിരുന്നു...ഹോസ്പിറ്റലിൽ നിന്ന് പാഞ്ഞിറങ്ങി പോകുന്ന ധ്രുവന്റെ കാറ് കണ്ടതും ചലനം നഷ്ടപ്പെട്ടവളെ പോലെ ഒരുനിമിഷം നോക്കിനിന്നു...ഒന്നുറക്കെ വിളിക്കണമെന്നുണ്ട്...തൊണ്ട വരണ്ടത് പോലെ ശബ്ദം പുറത്തേക്കുയർന്നില്ല...*വാവേ....* വിറയലോടെ വയറിൽ മെല്ലെ തലോടി വിളിച്ചതും കുഴഞ്ഞു കൊണ്ട് നിലത്തേക്കൂർന്ന് വീണിരുന്നു...
©©©©
"സുഖം തേടി നടക്കുന്നവളല്ലേ,,,ശരീരം ഉടയുന്നതിനോടൊക്കെ വെറുപ്പായിരിക്കുമെന്ന് ഞാനോർക്കണമായിരുന്നു..."
അവജ്ഞയോടുള്ള ധ്രുവന്റെ വാക്കുകളാണ് ഉറക്കത്തിൽ നിന്നുണർത്തിയത്...അല്ലെങ്കിലും കഴിഞ്ഞോരാഴ്ചയായി ഉറങ്ങിയിട്ടുണ്ടോ താൻ...?? കണ്ണടച്ചാൽ തനിക്ക് നേരെ തെറ്റുകാരിയെന്ന പോലെ നീളുന്ന വിരലുകൾ കാണാം,ജനിക്കുന്നതിന് മുന്നേ നഷ്ടപ്പെട്ട വാവയെ കാണാം...വീണ്ടും വീണ്ടും ധ്രുവന്റെ വാക്കുകൾ മുഴക്കം പോലെ ചെവിയിൽ അലയടിച് കൊണ്ടിരുന്നു...ചെവി പൊത്തി മൂലയിലേക്ക് പറ്റിച്ചേർന്നിരുന്നു...തന്നെ ആശ്വസിപ്പിക്കാനോ ചേർത്ത് പിടിച്ചൊന്ന് തലോടാനോ ധ്രുവൻ ശ്രമിച്ചിരുന്നില്ല...ഒരുപക്ഷേ ആ സാന്നിധ്യം ഒരുപാട് ആഗ്രഹിക്കുന്നത് കൊണ്ടാവാം ഈ അവഗണന സഹിക്കാൻ പറ്റുന്നില്ല,,,ഇരുട്ടടഞ്ഞ മുറിയിൽ ഏകാന്തതയെ കൂട്ട് പിടിച്ചിരിക്കുമ്പോ പുറത്ത് ധ്രുവനെ ആശ്വസിപ്പിക്കുന്ന തൻവി ഡോക്ടറെ കാണാം...അയാൾക്കവൾ ആരാണെന്നത് അപ്പോഴും ഒരു ചോദ്യചിഹ്നം മാത്രമായി ഒതുങ്ങിയിരുന്നു...നിലത്ത് പൊട്ടിക്കിടക്കുന്ന ദൈവവിഗ്രഹത്തിലേക്ക് നോക്കി വെറുപ്പോടെ മുഖം തിരിച്ചു,,,എന്തിനെന്നെ ഇത്രയും വേദനിപ്പിക്കുന്നു...?? കുഞ്ഞിനോടൊപ്പം അവന്റെ അമ്മയെയും വിളിച്ചൂടാരുന്നോ...?? ദൂരെ പഞ്ഞിക്കെട്ടുകൾക്കിടയിൽ കുഞ്ഞു നക്ഷത്രമായി കാണുന്നുണ്ടാകുവോ അവനമ്മയെ,,,??വേദനിച്ചിട്ടുണ്ടാകുമോ എന്റെ കുഞ്ഞിന്,,,ശ്വാസം മുട്ടിയാകുവോ മരിച്ചിട്ടുണ്ടാവുക...?? തെറ്റുകാരി താൻ തന്നെയാണോ...?? വെറുക്കപ്പെടേണ്ടവൾ താൻ തന്നെയാണോ...?? ചിന്തകൾ ഒന്നിന് പിറകെ ഒന്നായി വന്നതും പൊട്ടിക്കരഞ്ഞു പോയി...തലയ്ക്ക് അസഹ്യമായ വേദനയും ഭാരവും തോന്നുന്നുണ്ട്...തലയിലൊരു തലോടൽ അറിഞ്ഞതും പ്രതീക്ഷയോടെ കണ്ണുകൾ തുറന്ന് നോക്കി...മുന്നിൽ വേദനയോടെ തന്നെ നോക്കുന്ന അന്നമ്മച്ചിയുടെ മുഖം കണ്ടതും കണ്ണുതുടച്ചവൾ വരണ്ടൊരു പുഞ്ചിരി സമ്മാനിച്ചു...
"എന്തിരിപ്പാ മോളെ..മതി സ്വയം കിടന്ന് നീറിയത്...എത്ര ദിവസമായി മര്യാദക്കൊന്ന് കഴിച്ചിട്ട്...എല്ലും തോലുമായി...ഈ ശരീരത്തിൽ ജീവനുണ്ടോന്ന് പോലും സംശയവാ...ഇനിയും ഇതൊക്കെ കണ്ടുനിന്നാൽ ഹൃദയം പൊട്ടി മരിച്ചു പോകും ഞാൻ...ഈ വെള്ളമെങ്കിലും കുടിക്ക്..."
ചോരപൊടിയുന്ന ഹൃദയം ആഴത്തിൽ മുറിവേൽക്കുന്നത് പോലെ...മുഖം പൊത്തി ഉച്ചത്തിൽ അലറി കരഞ്ഞു...ഉള്ളിലെ വേദന കരഞ്ഞു തീർക്കട്ടെയെന്ന് കരുതിയിട്ടാകും അന്നമ്മ നിശബ്ദമായി,വേദനയോടെയത് കണ്ടുനിന്നു...ദച്ചുവിന്റെ കരച്ചിലൊന്നടങ്ങിയതും അന്നമ്മ നിറബന്ധിച്ചവളെ അൽപം കഞ്ഞി കുടിപ്പിച്ചു...അതൊട്ടും ആഗ്രഹിക്കാത്തത് കൊണ്ടാവാം കഴിച്ചതൊക്കെ ഛർദിച്ചു കളഞ്ഞിരുന്നു...ഒന്നും പറയാതെ തിരിഞ്ഞു നടക്കാനാഞ്ഞ അന്നമ്മയുടെ കൈകളിൽ ദച്ചു വേദനയോടെ കയ്യമർത്തി...
"എനിക്കൊരു സ്ലീപ്പിങ് പിൽസ് തരാവോ...?? അത്രയ്ക്ക് വയ്യാഞ്ഞിട്ടാ...ഒന്നും അറിയാണ്ടൊന്ന് ഉറങ്ങണം...കൊതിയാവാ ഒന്നുറങ്ങാൻ..."
ചോദ്യത്തിലെ വേദന മനസിലായത് കൊണ്ടാവാം മറുത്തൊന്നും പറയാതെയൊരു ഗുളിക നീട്ടിയത്...
"ധ്രുവൻ...?? കൂടെയുള്ള ആ കുട്ടി ആരാ...?? "
അടുത്തിരുന്ന് തലയിൽ തലോടുന്ന അന്നമ്മച്ചിയെ നോക്കി ഒരുനിമിഷം ചോദിച്ചു...
"കുഞ്ഞ് പോയെന്നറിഞ്ഞപ്പോ ധ്രുവന് ഭ്രാന്ത് പിടിച്ചപോലെയായിരുന്നു മോളെ...കലങ്ങി മറിഞ്ഞ ആ മനസൊന്ന് നേരെയാക്കിയത് തൻവി മോളാണ്...ഇല്ലേൽ കള്ളുകുടിച്ച് നശിച്ചേനെ...ആ കുട്ടിക്ക് ധ്രുവനുമായി എന്താ ബന്ധമെന്ന് എനിക്കറിയില്ല കുഞ്ഞേ...എന്നാലും ഈ ലോകത്ത് അവനെ ശാസിക്കാനും അവന് മേൽ അധികാരം കാണിക്കാനും ആ കുട്ടിക്കല്ലാതെ മറ്റാർക്കും അവൻ അനുവാദം കൊടുത്തിട്ടില്ല..."
അന്നമ്മച്ചിയുടെ മറുപടിക്ക് വിളറിയൊരു പുഞ്ചിരി മാത്രം സമ്മാനിച്ച് മെല്ലെ കണ്ണുകളടച്ചു...അന്നമ്മച്ചിയുടെ കാലടികൾ അകന്ന് പോയതും അടഞ്ഞിരുന്ന കണ്ണുകളിലൂടെ മിഴിനീർ ഒലിച്ചിറങ്ങിയിരുന്നു...വെറുതെ കണ്ണടച്ച് കിടന്നെങ്കിലും ആകെ മനസ്സ് മടുത്തിരുന്നു...ധ്രുവനെ ഒന്ന് കാണണമെന്ന് തോന്നി...ഉള്ളം വല്ലാതെ തുടിച്ചതും മെല്ലെ എഴുന്നേറ്റ് സ്റ്റെപ്പുകൾ കയറി...മുറി ചാരിയിട്ടിട്ടെ ഉണ്ടായിരുന്നുള്ളൂ...കണ്ണിന് മീതെ കൈകൾ വെച്ച് ബെഡിലേക്ക് ചാരി കിടക്കുന്നുണ്ട്...മെല്ലെ ആ കാൽചുവട്ടിലേക്ക് ചേർന്നിരുന്നു...
"ഞാനല്ല ധ്രുവാ...എന്റെ കുഞ്ഞിനെ കൊല്ലാൻ എനിക്ക് പറ്റില്ല...ഒന്ന് വിശ്വസിക്ക്,,,വല്ലാണ്ട് നോവുന്നെനിക്ക്..."
ദച്ചുവിന്റെ കണ്ണുനീർ അവന്റെ പാദങ്ങളെ പൊള്ളാലേൽപ്പിക്കുന്നുണ്ടായിരുന്നു...അവളെ തട്ടിമാറ്റിയവൻ എഴുന്നേറ്റതും വേദനയോടെയവൾ അവന്റെ നെഞ്ചിലേക്ക് ചാരി...
"തിരിച്ചു തരുവോ...തിരിച്ചു തരുവോ എനിക്കെന്റെ കുഞ്ഞിനെ,,,തരൂന്ന് പറയോ...??"
ചുമലിലെ സാരി മാറ്റി ഭ്രാന്തമായി കരഞ്ഞു കൊണ്ടവൾ അവന്റെ ശരീരത്തിലൂടെ താഴേക്ക് ഊർന്നിരുന്ന് പോയി...അവനപ്പോഴും കരഞ്ഞില്ല,,,ഹൃദയവേദന ഉള്ളിലടക്കി ചുമലിൽ നിന്നൂർന്നിറങ്ങിയ ദച്ചുവിന്റെ സാരി നേരെ പിടിച്ചിട്ട് അവളെ എഴുന്നേൽപ്പിച്ചു...പിടയുന്ന കണ്ണുകളാലുള്ള ദച്ചുവിന്റെ നോട്ടം കണ്ണിന് ചുറ്റും കറുപ്പ് ബാധിച്ച അവന്റെ കണ്ണിലേക്ക് നീണ്ടതും ആ നോട്ടം തന്നെ കുത്തിനോവിക്കുന്നതായവന് തോന്നിയിരുന്നു...
"ന്നെ ഒന്ന് ചേർത്ത് പിടിക്കോ...?? ഇത്തിരി നേരം അടുത്തിരിക്കോ...?? വെറുതെ,,,ആരുവില്ലെന്ന് തോന്നാ...വല്ലാതെ ഒറ്റപ്പെടും പോലെ..."
ദയനീയമായവൾ പറഞ്ഞതും നിയന്ത്രണം നഷ്ടപ്പെട്ട് പോയിരുന്നവന്...
"ഭ്രാന്തായോ നിനക്ക്...?? ഒറ്റപ്പെട്ടത് നീയല്ല,,,ഞാനാ...ചെറുപ്പം മുതലുള്ള ഒറ്റപ്പെടലാ...ഇപ്പോഴും തുടർന്ന് കൊണ്ടിരിക്കുന്നു...പോ,,,ഇറങ്ങിപ്പോ ഇവിടുന്ന്..."
ദച്ചുവിനെ പുറത്തേക്ക് തള്ളിയവൻ വാതിൽ കൊട്ടിയടച്ചു...മരവിച്ചത് പോലെയവൾ അവന്റെ മുറിക്ക് പുറത്തെ ഭിത്തിയിലേക്ക് ചാരിയിരുന്നു...ഒരുപക്ഷേ തനിക്കായ് ഒരു തലോടൽ കരുതിയാലോ...??
"മോളെ...എങ്ങോട്ടെങ്കിലും പൊക്കുടേ നിനക്ക്...?? ഇവിടെ നിന്നാൽ നീ ഇഞ്ചിഞ്ചായി മരിക്കുന്നത് ഞാൻ കാണേണ്ടി വരും...ക്രൂരനാ അവൻ...അവന്റെ മുന്നിലേക്ക് കരുതൽ യാചിച് നീ ചെല്ലേണ്ട കുട്ടി...അതങേനെ,,,ഒരു ദുഷിച്ചതിന്റെ ചോരയല്ലേ...??"
ദച്ചുവിന്റെ അടുത്തേക്ക് പടഞ്ഞിരുന്നുകൊണ്ടനമ്മ പറഞ്ഞതും വലത് കയ്യാലേ അവളവരുടെ വാ പൊത്തി നിഷേധാർദ്ധത്തിൽ തലയാട്ടി....
"ശപിക്കല്ലേ അന്നമ്മച്ചി...ഒരുപക്ഷേ എന്നെക്കാളേറെ വേദന സഹിക്കുന്നുണ്ടാവും...പുരുഷന്മാർ കരയരുതെന്നല്ലേ,,,അതോണ്ടാവും വേദന ഉള്ളിലടക്കുന്നത്...അന്നമ്മച്ചി പൊക്കോ...മുറിയിലേക്ക് ചെന്നാൽ എനിക്ക് ഭ്രാന്ത് വരും...ഇവിടെ ഇരുന്നോളാം ഞാൻ,,,"
മെല്ലെ കണ്ണുകളടച്ചു...മുന്നിലൊരു കുട്ടിച്ചെറുക്കന്റെ മുഖം തെളിഞ്ഞു...ദേഹമാസകലം അടികൊണ്ട പാടുകൾ...അവന്റെയടുത്തേക്ക് കരഞ്ഞു കൊണ്ടോടി ചെല്ലുന്നൊരു കൊച്ചു പെൺകുട്ടി...അവളടുത്ത് വരും തോറും പഞ്ഞിക്കെട്ടുകൾക്കിടയിലേക്കവൻ മറഞ്ഞു പൊയ്ക്കൊണ്ടിരുന്നു...കഴിച്ച ഗുളികയുടെ ആലസ്യത്തിൽ ഉറക്കത്തിലേക്ക് വഴുതി വീഴുമ്പോഴും അവന്റെ സാമിഭ്യമവൾ കൊതിച്ചിരുന്നു...
അൽപനേരങ്ങൾക്ക് ശേഷം സ്റ്റെപ്പുകൾ കയറി വന്നൊരു പെൺരൂപം തറയിൽ കിടക്കുന്ന ദച്ചുവിനെ അലിവോടെ നോക്കി...അടഞ്ഞിരുന്ന വാതിൽ തുറന്ന് കൊണ്ടവൾ അകത്തേക്ക് കയറി...വെറും നിലത്ത് തളർന്നിരിക്കുന്ന ധ്രുവനെ കണ്ടതും വേദനയോടെ അവന്റെ അടുത്തേക്ക് ചെന്നിരുന്നു...ധ്രുവൻ ചുവന്ന് കലങ്ങിയ കണ്ണുകളുയർത്തി നോക്കി...മുന്നിൽ നിൽക്കുന്ന രൂപത്തെ കണ്ടതും അവന്റെ കണ്ണിൽ നിന്നും ചുടുകണ്ണുനീർ ഒലിച്ചിറങ്ങിയിരുന്നു...അവൾക്ക് മുന്നിൽ മാത്രം...അവളുടെ മടിയിലേക്ക് കിടന്ന് കണ്ണടയ്ക്കുമ്പോഴും ഉള്ളിൽ തനിക്ക് മുന്നിൽ നിന്നപേക്ഷിക്കുന്ന ദച്ചുവിന്റെ മുഖമായിരുന്നു...!!!
രചന : ഗൗരിനന്ദ
